Thursday, April 5, 2012

മുല്ലപ്പെരിയാര്‍ അണക്കെട്ട്



മുല്ലപ്പെരിയാര്‍ അണക്കെട്ടും കേരളവും

------------------------------------------------------വി.ആര്‍.അജിത് കുമാര്‍

1886 ഒക്ടോബര്‍ 29ന് ബ്രിട്ടീഷുകാരുടെ സമ്മര്‍ദ്ദത്തിനുവഴങ്ങി മുല്ലപ്പെരിയാര്‍ ഉടമ്പടി ഒപ്പിടുമ്പോള്‍ ശ്രീമൂലം തിരുനാള്‍ മഹാരാജാവ് പറഞ്ഞു, എന്‍റെ ഹൃദയ രക്തം കൊണ്ടാണ് ഞാനീ കരാറില്‍ ഒപ്പു വയ്ക്കുന്നത്. തമിഴ് നാട്ടിലെ വൈഗാ പ്രദേശത്ത് സമൃദ്ധമായ കൃഷി നടത്താനായി കരാര്‍ ഉണ്ടാക്കിയപ്പോള് തികച്ചും ഏകപക്ഷീയമായി കരാര്‍ തയ്യാറാക്കിയതിലുള്ള വേദനയാണ് മഹാരാജാവ് ജനങ്ങളുമായി പങ്കുവച്ചത്. അതേ വേദന തന്നെയാണ് ഇന്നും ഭരണാധികാരികള്ക്കും കേരള ജനതയ്ക്കുമുള്ളത്. പെരിയാര്‍ പാട്ടക്കരാറിലെ എല്ലാ വ്യവസ്ഥകളും അന്നത്തെ മദ്രാസ് സര്‍ക്കാരിനനുകൂലമായിരുന്നു. 999 കൊല്ലത്തേക്കുള്ള പാട്ടക്കരാണ് ഒപ്പിടേണ്ടി വന്നത്. 8000 ഏക്കര്‍ പ്രദേശവും 136 അടി ജലം നില്ക്കുന്ന അണക്കെട്ടുമാണ് പാട്ടത്തിന് നല്കിയത്. തമിഴ് നാട്ടിലെ അഞ്ച് ജില്ലകളിലെ ആയിരക്കണക്കിന് ഏക്കര്‍ കൃഷി സ്ഥലങ്ങള്‍ കൃഷിക്ക് ഉപയുക്തമാക്കാന്‍ ഇതോടെ കഴിഞ്ഞു. പെരിയാറിന് കുറുകെ അണകെട്ടി മുല്ലയാറിലെയും പെരിയാറിലെയും വെള്ളം തടുത്തു നിര്‍ത്തി കിഴക്കോട്ടൊഴുക്കിയാണ് തേനി,മധുര,രാമനാഥപുരം, ദിണ്ടിഗല്‍,ശിവഗംഗ എന്നീ പ്രദേശങ്ങളെ ജല സമ്പുഷ്ടമാക്കിയത്.

മേജര്‍ ജോണ്‍ പെനിക്യുക്ക് എന്ന എന്‍ജിനീയറുടെ നേതൃത്വത്തിലാണ് അണകെട്ടിയത്. മുല്ലയാറിന്‍റെയും പേരിയാറിന്‍റെയും സംഗമ ഭൂമിയില്‍ അണകെട്ടാന്‍ ബ്രിട്ടീഷ് പട്ടാളവും പോര്‍ച്ചുഗീസുകാരും നാട്ടുകാരും പണിയെടുത്തു. 80,000 ടണ്‍ ചുണ്ണാമ്പുകല്ലാണ് ഗൂഡല്ലൂര്‍ മലയില്‍ നിന്നും തേക്കടിയെ റോപ് വേയില്‍ കൂട്ടിയിണക്കി അതിലൂടെ കൊണ്ടു വന്നത്. 1895 ഒക്ടോബറില്‍ ലോര്‍ഡ് വെന്‍ലോക് എന്ന ബ്രിട്ടീഷ് പ്രതിനിധിയാണ് ഡാം കമ്മീഷന്‍ ചെയ്തത്. കാട്ടിലൂടെ കാളവണ്ടികളിലാണ് നിര്‍മ്മാണ സ്ഥലത്ത് എത്തിച്ചത്. പെരിയാറില്‍ ഒഴുകിയെത്തുന്ന മുല്ലപഞ്ചാന്‍ പുഴയില്‍ ബണ്ടുകെട്ടി തോണി ഉപയോഗിച്ചും സാധനങ്ങള്‍ കൊണ്ടുവന്നിരുന്നു. പണിക്കിടെ 183 പേര്‍ മരണപ്പെട്ടതായി കണക്കുകള്‍ കാണിക്കുന്നു.മഴക്കാലത്ത് നിര്‍മ്മാണം പൂര്‍ത്തിയായ ഭാഗം ഒഴുകിപ്പോകാതെ മനുഷ്യഭിത്തി തീര്‍ത്ത് ഒഴുക്ക് തടഞ്ഞതായി ഒരു കഥയും കേള്‍ക്കുന്നുണ്ട്. ഒരു ഘട്ടത്തില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ പദ്ധതിയില്‍ നിന്നും പിന്‍മാറിയെങ്കിലും പെനിക്യുക്ക് ഉപേക്ഷിക്കാന്‍ തയ്യാറായില്ല. ഭാര്യയുടെ ആഭരണം വിറ്റ പണം പോലും അപയോഗിച്ചാണ് മേജര്‍ ജോണ്‍ ഡാമിന്‍റെ പണി തീര്‍ത്തത്. ലോകത്തിലെ ആദ്യ സ്റ്റോറേജ് ഡാമാണ് മുല്ലപ്പെരിയാര്‍. 50 ലക്ഷം രൂപയായിരുന്നു പദ്ധതി ചിലവ്. 176 അടി( 54 മീറ്റര് )ഉയരമുള്ള ഭാരാശ്രിത മേസണറി അണക്കെട്ടാണിത് . ഇടതു വശം 243 അടി(75 മീറ്റര് )നീളവും 56 അടി (17 മീറ്റര് )ഉയരവുമുള്ള മണ്അണക്കെട്ടും തുടര്‍ന്ന് 240 അടി നീളവും 56 അടി ഉയരവുമുള്ള ഭാരാശ്രിത മേസണറിയില്‍ തീര്‍ത്ത ബേബി ഡാമും പ്രധാന അണക്കെട്ടിന് വലത് ഭാഗം 36 അടി നീളം 16 അടി ഉയരമുള്ള 10 വെന്‍റുകളുള്ള സ്പില്‍വെ എന്നിവയും അണക്കെട്ടിന്‍റെ ഭാഗമായുണ്ട്. അണക്കെട്ടില്‍ നിന്നും ഏകദേശം രണ്ട് കിലോമീറ്റര്‍ അകലെ ജലാശയത്തില്‍ നിന്നാരംഭിക്കുന്ന 96 ചതുരശ്ര അടി (9 ചതുരശ്ര മീറ്റര്‍ ) വിസ്തീര്‍ണ്ണവും 6300 അടി (1932.5 മീറ്റര്‍) നീളവുമുള്ള കോണ്ക്രീറ്റ് ലൈനിംഗ് ഇല്ലാത്ത തുരങ്കവും തുരങ്കത്തിലൂടെയുള്ള ജല ഒഴുക്ക് നിയന്ത്രിക്കുന്ന രണ്ട് ഗേറ്റുകളും അണക്കെട്ടിന്‍റെ ഭാഗമായുണ്ട്. അണക്കെട്ടിന്‍റെ മുന്‍ഭാഗവും പിന്‍ഭാഗവും അണ്‍കോഴ്സസ് മേസണറി കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. 8000 ഏക്കര്‍ തടാകത്തിലെ ഏറ്റവും ആഴമുള്ളിടത്താണ് അണകെട്ടിയത്. ചുണ്ണാമ്പും സുര്‍ക്കിയും കോണ്‍ക്രീറ്റായി തീര്‍ത്ത ഉള്‍ഭാഗവും പുറമെ റബിളിന്‍റെ മേസനറിയുമാണ് ഡാമിനുള്ളത്. 3.125 ഭാഗം കല്ലും ഒരു ഭാഗം ചാന്തുമാണ് കോണ്‍ക്രീറ്റിലുള്ളത്. ചാന്തിന്‍റെ രണ്ട് ഭാഗം ചുണ്ണാമ്പും ഒരു ഭാഗം സുര്‍ക്കിയും മൂന്നുഭാഗം മണലുമാണ്. ഒരിഞ്ച് കനവും നാലിഞ്ച് വശങ്ങളുമുള്ള മണ്ണുകൊണ്ട് വാര്‍ത്തെടുത്ത ഓടുകള്‍ ഭാഗികമായി ചൂളകളില്‍ വച്ച് ചുട്ടശേഷം പൊടിച്ചെടുക്കുന്നതാണ് സുര്‍ക്കി. ഇവിടെ സംഭരിക്കുന്ന 155 അടി ഉയരത്തിലുള്ള ജലം മുഴുവന്‍ പാട്ടക്കാരന് സ്വന്തമാകും വിധമായിരുന്നു കരാര്‍. ആ പ്രദേശത്തെ എല്ലാ ജൈവ-അജൈവ വസ്തുക്കളുടെയും അവകാശിയും പാട്ടക്കാരനാണ്. പുറമെ അണകെട്ടാനുള്ള കല്ലും കുമ്മായവും ശര്‍ക്കരയും ചേര്‍ത്തുണ്ടാക്കുന്ന സുര്‍ക്കി സൂക്ഷിക്കാന്‍ നൂറേക്കറും ജോലിക്കാര്‍ക്ക് വരാന്‍ വഴിയും കരാറില്‍ പറഞ്ഞിരുന്നു. 40,000 രൂപയായിരുന്നു വാര്‍ഷിക പാട്ടം. ഒരേക്കറിന് അഞ്ചു രൂപ എന്നതായിരുന്നു നിരക്ക്. കൃഷിക്കുപയോഗിക്കുന്ന വെള്ളം പെന്‍സ്റ്റോക്കിലൂടെ ചാടിച്ച് ലോവര്‍ ക്യാമ്പില്‍ 136 മെഗാവാട്ട് വൈദ്യുതി ഉത്പ്പാദിപ്പിക്കാനും തമിഴ് നാടിന് കഴിയുന്നു.1958 നും 1965 നും ഇടയില് 35 മെഗാവാട്ട് വീതം സ്ഥാപിത ശേഷിയുള്ള നാല് വൈദ്യുതിഉത്പ്പാദന കേന്ദ്രങ്ങള് സ്ഥാപിച്ച് പ്രതിദിനം 500 ദശലക്ഷത്തിലേറെ യൂണിറ്റ് വൈദ്യുതി ഉത്പ്പാദിപ്പിച്ച് കോടിക്കണക്കിന് രൂപയാണ് തമിഴ് നാട് നേടുന്നത്. 1896 ല് 60450 ഏക്കര് കൃഷിയുപയുക്തമാക്കാന് മുല്ലപ്പെരിയാര്ജലം ഉപകരിച്ചു. 1979 -80 ല്1,71,.307 ഏക്കറായി വര്‍ദ്ധിച്ചു. 94-95 ല് ഇത് 2,29,718-ം 2011 ല് 2,50,000 ം ആയി മാറി. ഏകദേശം 725 കോടിയുടെ ആസ്തി ഇതിലൂടെ തമിഴ് നാടിന് ലഭിക്കുന്നു. പകരം കേരളത്തിന് നല്കേണ്ടി വരുന്നത് പാട്ടം ഇനത്തില്2,43,000 രൂപയും വൈദ്യുതി വഴി 7,87,000 രൂപയുമാണ്. ആകെ 10.30 ലക്ഷം രൂപ മാത്രം.

1930 കളില്‍ തന്നെ അണക്കെട്ടിന് ബലക്ഷയം അനുഭവപ്പെട്ടു തുടങ്ങിയിരുന്നു.30 ലും 32 ലും 35 ലും ചോര്ച്ച തടയാന്‍ ഗ്രൌട്ടിംഗ് നടത്തിയിരുന്നു. ഇന്ത്യ സ്വതന്ത്രയായപ്പോള്‍ മദ്രാസ് സര്‍ക്കാരും തിരുവിതാംകൂറും ഇല്ലാതായി. ബ്രിട്ടീഷുകാരും അപ്രത്യക്ഷമായി. എന്നാല്‍ കരാറ്‍ അതേപടി നിലനിന്നു. 1890ല്‍ പണിത വിക്റ്റോറിയ ഡാം അടക്കം ഇന്ത്യയില്‍ നേരത്തേ പണിത ഡാമുകളില്‍ 50 വയസ്സ് കഴിഞ്ഞതെല്ലാം മാറ്റിപ്പണിതു. എന്നാല്‍ 115 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ ഡാം മാത്രം തര്‍ക്കവിഷയമായി നിലനില്ക്കുകയാണ്. 1970 മേയ് 29 നാണ് കാരാറ്‍ പുതുക്കിയത്. പാട്ടത്തുക ഏക്കറിന് 5 രൂപ എന്നത് 30 രൂപ ആക്കി എന്നതല്ലാതെ നിലവിലുള്ള കാരാറില്‍ വലിയമാറ്റങ്ങള്‍ വരുത്തിയില്ലെന്ന് മാത്രമല്ല,യൂണിറ്റിന് 13 പൈസ ചുങ്കത്തിന് വൈദ്യുതിയുണ്ടാക്കാനും പുതിയകരാറില്‍ അനുമതി നല്കി.അങ്ങിനെ ഉത്പ്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി വന്‍ വിലകൊടുത്ത് കേരളം വാങ്ങുകയും ചെയ്യുന്നു എന്നത് വിരോധാഭാസം. അണക്കെട്ടിന്‍റെ ഉറപ്പിനെ കുറിച്ച് ആശങ്കയുണ്ടായതോടെ 1978 ല്‍ ഭൂഗര്‍ഭത്തില്‍ കമ്പികെട്ടിയുറപ്പിക്കുന്ന കേബിള്‍ ആങ്കറിംഗ് അടക്കമുള്ള റിപ്പയറിംഗ് പണികള്‍ ആരംഭിച്ചു. എന്നിട്ടും പ്ലാസ്റ്റര്‍ അടര്‍ന്നുകൊണ്ടേയിരുന്നു. വിള്ളലുകള്‍ വലുതായി. ജലചോര്‍ച്ച കൂടി. ടണ്‍ കണക്കിന് സുര്‍ക്കിയാണ് ചോര്‍ന്നുപോയത്. തദ്ദേശീയരുടെ നിരന്തര സമ്മര്‍ദ്ദങ്ങള്ക്ക് വഴങ്ങി 1979 ല് കേരളം കേന്ദ്രത്തിന് പരാതി നല്കി. അതിനെ തുടര്‍ന്ന് ജലക്കമ്മീഷന് അദ്ധ്യക്ഷന് കെ.സി.തോമസ്സിന്‍റെ നേതൃത്വത്തില് കേന്ദ്ര സര്‍ക്കാര്‍ ഒരു സമിതിയുണ്ടാക്കി പരിശോധനകള് ആരംഭിച്ചത്. അതിനെ തുടര്‍ന്ന് സ്പില്‍വേ തുറക്കാനും ജലം 136 അടിയായി നിജപ്പെടുത്താനും തീരുമാനിച്ചു. ആര്.സി.സി ക്യാപ്പിംഗും അണക്കെട്ടിന്റെ എതിര്ഭാഗം കോണ്ക്രീറ്റ് പിന്ബലം കൊടുക്കാനും കേബിള് ആങ്കറിംഗിനും കമ്മിറ്റി ശുപാര്ശ ചെയ്തു. രണ്ട് ഡ്രയിനേജ് ഗാലറികളും ശുപാര്ശയിലുണ്ടായിരുന്നു. പുതിയ അണക്കെട്ടിന്റെ നിര്ദ്ദേശവും കമ്മറ്റി മുന്നോട്ടു വച്ചു. സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെ നിരന്തര നിരീക്ഷണം നടത്തണമെന്നും കമ്മറ്റി ശുപാര്ശ ചെയ്തു.നിരന്തര ഭൂചലനങ്ങള്നടക്കുന്ന പ്രദേശമായതിനാല്ജലശാസ്ത്ര പ്രകാരവും ഭൌമചലന ശാസ്ത്ര പ്രകാരവും ഘടനാപരമായും ഡാം സുരക്ഷിതമല്ലെന്ന് റൂര്‍കി ഐഐടിയിലെ വിദഗ്ധര് വിലയിരുത്തിയ ഡാമാണ് മുല്ലപ്പെരിയാര് . ഭൂചലന സാധ്യത പഠനം നടത്തിയ ഐഐടി മൂന്നാം ഭൂചലന മേഖലയിലാണ് മുല്ലപ്പെരിയാര്എന്ന് കണ്ടെത്തി. ഇവിടെ റിച്ചര്സ്കെയിലില് 7 വരെ എത്താവുന്ന ഭൂകമ്പങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ട്. 1909,10,11,24 വര്ഷങ്ങളിലില് ജലനിരപ്പ് 152 അടിയാവുകയും സ്പില് വേ വഴി പാഞ്ഞജലം അന്ന് വന്‍ നഷ്ടമുണ്ടാക്കുകയും ചെയ്തു. ഈ യാഥാര്‍ത്ഥ്യങ്ങള്‍ നിലനില്ക്കെയാണ് 2006 ഫെബ്രുവരിയില്‍ സുപ്രീംകോടതി ജലനിരപ്പ് 142 അടി വരെ ഉയര്‍ത്താമെന്നും വേണ്ടിവന്നാല്‍ 152 അടി വരെയാക്കാമെന്നും വിധിച്ചത്. കേരളം ഏറെ ശ്രമപ്പെട്ട ശേഷമാണ് 142 അടി എന്ന് ഉയര്‍ന്ന അളവ് കോടതി നിജപ്പെടുത്തിയത്. ലോക പ്രശസ്തനായ ഡോ. ഗോസൈന്‍റെ നേതൃത്വത്തില്‍ റൂര്‍ക്കി ഐ.ഐ.ടി നടത്തിയ പഠനം അണക്കെട്ട് കവിഞ്ഞ് പ്രളയ ജലം ഒഴുകാനുള്ള സാധ്യത കണ്ടെത്തിയിട്ടുണ്ട്. അത് ഡാമിനെ തകര്‍ക്കുമെന്നും ശാസ്ത്രീയ പഠനം വെളിപ്പെടുത്തുന്നു. ഡല്‍ഹി ഐ ഐ ടിയുടെ ഭുചലന സാധ്യത പഠനം റിച്ചര്‍ സ്കെയിലില്‍ 5 ല്‍ കൂടുന്ന ചലനം ഡാമിനെ തകര്‍ക്കുമെന്ന് വിലയിരുത്തുന്നുണ്ട്. റിപ്പോര്‍ട്ടുകളെല്ലാം കേരളത്തിന്‍റെ വാദത്തിനനുകൂലമായതിനാലാണ് വിഷയം അഞ്ചംഗ ഭരണ ഘടന ബഞ്ചിന് വിട്ടത്. ജസ്റ്റീസ്.ബാലകൃഷ്ണന്‍ ചീഫ് ജസ്റ്റീസ് ആയപ്പോള്‍ ഇഷ്യൂസ് ഫ്രെയിം ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയും പുതിയ ബഞ്ച് രൂപീകരിക്കുകയും ചെയ്തു. ഡാമിന്‍റെ സുരക്ഷിതത്വം, കരാറിന്‍റെ നിയമ സാധുത എന്നിങ്ങനെ പ്രധാന വിഷയങ്ങള്‍ വീണ്ടും ചര്‍ച്ച ചെയ്യപ്പെട്ടു. പാട്ടക്കരാര്‍ നിലനില്ക്കുന്നതല്ല എന്ന് ബോധ്യപ്പെടുത്താനായിരുന്നു കേരളത്തിന്‍റെ ശ്രമം. തുടര്‍ന്ന് നിയമ സാങ്കേതിക വിദഗ്ധര് ഉള്‍പ്പെട്ട സമിതിയെ കോടതി നിയമിച്ചു. ആറു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട സമര്‍പ്പിക്കാനും ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാര്‍ പ്രദേശത്ത് തുടര്‍ച്ചയായുണ്ടായ ഭൂചലനങ്ങളാണ് ഇപ്പോള്‍ കാര്യങ്ങളെല്ലാം മാറ്റി മറിച്ചത്. ഭീതിയിലായ ലക്ഷക്കണക്കിന് ജനങ്ങളുടെ വികാരം സര്‍ക്കാര്‍ പ്രകടിപ്പിച്ചു കഴിഞ്ഞു. കേരളത്തിന് സുരക്ഷ,തമിഴ് നാടിന് ജലം എന്ന ആരുകേട്ടാലും അംഗീകരിക്കുന്ന വാദഗതിയാണ് കേരള സര്‍ക്കാര്‍ മുന്നോട്ടുവച്ചിരിക്കുന്നത്. എന്നാല്‍ തമിഴ് നാട് രാഷ്ട്രീയ നേതൃത്വം ഈ സത്യം മനസ്സിലാക്കിയെങ്കിലും അജ്ഞത നടിക്കുകയാണ്. പുതിയ അണക്കെട്ട് പണിയാന്‍ കേരളത്തിന് അധികാരമുണ്ടെങ്കിലും സമവായത്തിന് ശ്രമിക്കുകയാണ് നാമിപ്പോള്‍. മുല്ലപ്പെരിയാര്‍ കരാര്‍ റദ്ദാക്കി അണക്കെട്ട് ഏറ്റെടുക്കാന്‍ കേരള നിയമ സഭയ്ക്ക് ബില്‍ പാസ്സാക്കാം, പുതിയ അണക്കെട്ടിനായി നിയമം പാസ്സാക്കാന്‍ കേന്ദ്രത്തോട് നിയമസഭയിലൂടെ കേരളത്തിന് ആവശ്യപ്പെടാം. എന്നാല്‍ ഏകപക്ഷീയമായ തീരുമാനങ്ങള്‍ക്ക് പകരം സമവായത്തിന്‍റെ ശ്രമങ്ങള്‍ക്കാണ് കേരളം പ്രാമുഖ്യം നല്കുന്നത്. എന്നാല്‍ സമവായത്തിനുള്ള കാത്തിരിപ്പ് വള്ളക്കടവ്, മ്ലാമല,വണ്ടിപ്പെരിയാര്‍,കരിന്തളം ചപ്പാത്ത്, ഉപ്പുതറ അയ്യപ്പന്‍ കോവില്‍ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളെ അതീവ ആശങ്കയിലും കേരള ജനതയെ ഒന്നടങ്കം ആശങ്കയിലുമാക്കിയിരിക്കയാണ്. 1986 ല്‍ മുല്ലപ്പെരിയാറില്‍ നിന്നും ഒരടി വെള്ളം തുറന്നുവിട്ടപ്പോള്‍ വള്ളക്കടവില്‍ വന്‍നാശമുണ്ടായതിന്‍റെ ഓര്‍മ്മ വള്ളക്കടവുകാരില്‍ ഓരോ ദിവസവും ഞടുക്കമുണ്ടാക്കുന്നു. മുല്ലപ്പെരിയാര്‍ മുതല്‍ ഇടുക്കിവരെ ആയിരക്കണക്കിന് കുടുംബങ്ങളാണ് പെരിയാര്‍ തീരത്ത് താമസിക്കുന്നത്.

മുല്ലപ്പെരിയാറിന് പ്രോപ്പര്‍ സ്പില്‍വേ ഡിസ്ചാര്‍ജില്ല എന്നത് ആപത്ത് വര്‍ദ്ധിപ്പിക്കുന്ന ഘടകമാണ്. സ്പില്‍വേ ഉണ്ടെങ്കില്‍ മാത്രമേ ഒരു സ്റ്റോറേജ് ഡാമില്‍ എത്ര അടി വെള്ളമുണ്ടെന്നും ഒരു സെക്കന്‍റില്‍ എത്ര വെള്ളം എത്ര അളവില്‍ പുറത്തുവിടുന്നു എന്ന് കണക്കാക്കാനാവുകയുള്ളു. പ്രധാന ഡാമിന് സ്പില്‍വേ ഇല്ലാത്തതിനാല്‍ ഈ കണക്കുകള്‍ ലഭ്യമാകുന്നില്ല. ഉയരം കൂടും തോറും ഡാമിന്‍റെ മര്‍ദ്ദം കൂടും എന്ന ശാസ്ത്ര സത്യം അടിസ്ഥാനമാക്കി ചിന്തിക്കുമ്പോള്‍ നാശതീവ്രതയും കൂടും. 60.93 മീറ്ററാണ് ഡാമിന്‍റെ ഉയരം. 2100 മീറ്റര്‍ ഉയരമുള്ള മലനാട്ടിലാണ് ഡാം സ്ഥിതിചെയ്യുന്നത് എന്നതും കേരളത്തിന്‍റെ ശരാശരി വീതി 70 കിലോമീറ്റര്‍ ആണെന്നുള്ളതും ആശങ്കകള്‍ വര്‍ദ്ധിപ്പിക്കുന്നു. എത്ര ജലം എത്തിച്ചേരുന്നു എന്നറിയാനുള്ള റയിന്‍ഗേജോ കാലാവസ്ഥ നിരീക്ഷണ സംവിധാനമോ മുല്ലപ്പെരിയാറിലില്ല എന്നതും സങ്കടകരമാണ്. അണക്കെട്ട് ദുര്‍ബ്ബലമായ സമയം നടത്തിയ ബലപ്പെടുത്തലുകള്‍ അവിടെ സ്ഥാപിച്ചിരുന്ന സ്ട്രെസ് മീറ്റര്‍, സ്ട്രെയിന്‍ ഗേജുകള്‍, ജോയിന്‍റ് മീറ്റര്‍, ആര്‍ടിസി തെര്‍മോമീറ്റര്‍, അപ് ലിഫ്റ്റ് പ്രഷര്‍ സെല്‍ എന്നിവയുടെ നാശത്തിലാണ് കലാശിച്ചത്. അതുകൊണ്ടു തന്നെ ശ്സ്ത്രീയമായ പല അളവുകോലുകളും നമുക്ക് നഷ്ടപ്പെട്ടു.

ഒരു വര്‍ഷം ശരാശരി 30 ടണ്‍ ചുണ്ണാമ്പ് അണക്കെട്ടില്‍ നിന്നും നഷ്ടപ്പെടുന്നു എന്നാണ് കണക്ക്. ഇത് മനസ്സിലാക്കി 1930 ല്‍ 40 ടണ്‍ സിമന്‍റിന്‍റെ ഗ്രൌട്ടിംഗ് നടത്തുകയുണ്ടായി. 60-65 കാലത്ത് വീണ്ടും ഗ്രൌട്ടിംഗ് നടത്താന്‍ 503 ടണ്‍ സിമന്‍റ് വേണ്ടിവന്നു. ഇതെല്ലാം നടത്തിയിട്ടും ഡാം സുരക്ഷിതമല്ല എന്ന സത്യം നിലനില്ക്കുന്നു. അതുകൊണ്ടാണ് കേരളം 2006 മാര്ച്ച് 13-14 തീയതികളില്‍ പ്രത്യേക നിയമ സഭാ സമ്മേളനം ചേര്‍ന്ന് കേരള ജലസേചന ജല സംരക്ഷണ നിയമം ഭേദഗതി ചെയ്തത്. തുടര്‍ന്ന് അണക്കെട്ടുകളുടെ പരമാവധി ജലനിരപ്പ് നിശ്ചയിച്ചു. മുല്ലപ്പെരിയാറിലേത് 136 അടി എന്ന് നിജപ്പെടുത്തുകയും ചെയ്തു. തമിഴ് നാട് എതിര്‍ പെറ്റീഷന്‍ നല്കിയപ്പോള്‍ കേരളം പ്രഗത്ഭ വക്കീല്‍ ഹരീഷ് സാല്‍ വെയെയെ കൊണ്ടു വന്ന് വാദിച്ചു. എം.കെ .പരമേശ്വരന്‍ നായരുടെ നേതൃത്വത്തില്‍ മുല്ലപ്പെരിയാര്‍ സെല്ലുമുണ്ടാക്കി. പുറമെ അന്തര്‍ സംസ്ഥാന നദീജല ഉപദേശക സമിതിയും രൂപീകരിച്ചു. 2006 ഒക്ടോബര്‍ 23 ന് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ രണ്ടു കൂട്ടരോടും ആവശ്യപ്പെട്ടു. പല തലത്തില്‍ ചര്‍ച്ചകള്‍ നടന്നു. ഈ സമയത്തായിരുന്നു ഭൂമി കുലുക്കവും ജലനിരപ്പ് 146 അടി എത്തിയ സാഹചര്യവും ഉണ്ടായത്. മഴയും വെള്ളപ്പൊക്കവും കനത്തു. ഇറച്ചിപ്പാലം തകര്‍ന്നു. ജനങ്ങള്‍ ആശങ്കയിലായ്. പുതിയ അണക്കെട്ടിനായി ഇനി നോക്കിയിരിക്കാന്‍ വയ്യ എന്ന നിലയില്‍ സര്‍വ്വ കക്ഷി സംഘം പ്രധാനമന്ത്രിയെ കണ്ടു. മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയാല്‍ ആ ജലം ഇടുക്കി ഡാം അപകടം കൂടാതെ സ്വീകരിക്കും എന്ന നിഗമനം ശരിയല്ല എന്ന് കേരളം വിശ്വസിക്കുന്നു. എന്ന് മാത്രമല്ല ഇടുക്കിക്കും മുല്ലപ്പെരിയാറിനുമിടയിലുള്ള 35 കിലോമീറ്റര്‍ ദൂര പ്രദേശത്ത് താമസിക്കുന്ന 70,000 ജനങ്ങളെ മറന്നുകൊണ്ടുള്ള ഒരു നടപടിയിലും കേരളത്തിന് താത്പ്പര്യവുമില്ല എന്ന് അധികാര കേന്ദ്രങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്തു. പുതിയ ഡാം പുതിയ കരാര്‍, കേരളത്തിന് സുരക്ഷ, തമിഴ് നാടിന് ജലം എന്ന കേരളത്തിന്‍റെ സമീപനം മനസ്സാക്ഷിയുള്ള ഒരാള്‍ക്കും എതിര്‍ക്കാന്‍ കഴിയാത്ത ഒന്നാണ് . അതിലേക്ക് എത്തിച്ചേരാനുള്ള ദൂരം കുറയ്ക്കുക എന്നതാണ് രണ്ട് സംസ്ഥാനങ്ങളിലെയും നേതാക്കള്‍ ജനങ്ങള്‍ക്കു വേണ്ടി ചെയ്യേണ്ടത്. മലയുടെ അപ്പുറമിപ്പുറം താമസിക്കുന്നവര്‍ തമിഴരും മലയാളികളുമല്ല മനുഷ്യരാണ് എന്ന പച്ചയായ യാഥാര്‍ത്ഥ്യം എല്ലാവരും തിരിച്ചറിയണം.


No comments: