വിദ്യാഭ്യാസ
രംഗത്തെ പരീക്ഷണങ്ങള്‍ കുട്ടികളുടെ ഗുണമേന്മ ഉയര്‍ത്തിയോ ?
ഇന്ത്യയൊട്ടാകെയും
പ്രത്യേകിച്ച് കേരളത്തിലും ഏറെ പരീക്ഷണങ്ങള്‍ക്ക് വിധേയമായ ഒരു രംഗമാണ്
വിദ്യാഭ്യാസം. അതിന്‍റെ ശരിതെറ്റുകളെക്കുറിച്ച് വിശകലനം ചെയ്യാനോ ശാസ്ത്രീയമായി
അപഗ്രഥിക്കാനോ കഴിവുള്ള ഒരു ശാസ്ത്രജ്ഞനോ വിചക്ഷണനോ അല്ല ഞാന്‍.എങ്കിലും ഒരു
സാധാരണക്കാരനായ യാഥാസ്ഥിതികന്‍ എന്ന നിലയില്‍ ഇന്നത്തെ അവസ്ഥയെ നോക്കിക്കാണുമ്പോള്‍
ഒരു തിരിച്ചുപോക്കിന് സമയമായി എന്നു തോന്നുന്നു.
എന്തിനായിരുന്നു ഈ
പരീക്ഷണങ്ങള്‍ ? ആര്‍ക്കുവേണ്ടി ? അതിലൂടെ കുട്ടികള്‍ എന്തുനേടി ? സമൂഹത്തില്‍ എന്ത്
മാറ്റമുണ്ടാക്കി ?
തര്‍ക്കിക്കാന്‍ വേണ്ടി
പുറപ്പെടുന്ന പലരും സ്വന്തം കുട്ടികളെ ഈ പരീക്ഷണങ്ങള്‍ക്ക് അപ്പുറത്ത് നിര്‍ത്തിയിട്ടാണ്
ഗിനിപ്പന്നികളിലോ എലികളിലോ പരീക്ഷണം നടത്തിയത് എന്നു കാണാന്‍ കഴിയും. ഞാന്‍ ഉള്‍പ്പെട്ട
തലമുറ സ്കൂള്‍ വിദ്യാഭ്യാസം നടത്തുമ്പോള്‍ ഗ്രാമങ്ങളിലെ സ്കൂളുകളില്‍ മൂന്നാം
ക്ലാസ്സുവരെ പൂര്‍ണ്ണമായും മാതൃഭാഷയിലായിരുന്നു പഠനം.നാലില്‍ ഇംഗ്ലീഷ് പഠനം
ആരംഭിക്കും. അഞ്ചു മുതല്‍ ഇംഗ്ലീഷും ഹിന്ദിയും മലയാളവും പഠിക്കുന്നതിനു പുറമെ സയന്‍സും
കണക്കും സാമൂഹ്യപാഠംവും വിഷയങ്ങളായി പഠിച്ചിരുന്നു.ഇതേ സമയം സമാന്തരമായി
പട്ടണങ്ങളില്‍ ഇംഗ്ലീഷ് മീഡിയം സ്കൂളുകളും ഉണ്ടായിരുന്നു. അവിടെ ഉപരിവര്‍ഗ്ഗ സമൂഹം
പഠനം നടത്തി വന്നു.ഇന്ന് മാതൃഭാഷയുടെ പുരോഗതിക്കായി രാവും പകലും പ്രാര്‍ത്ഥിക്കുന്ന
പല സാംസ്ക്കാരിക നായകരുടെയും മക്കള്‍ അന്ന് അത്തരം സ്കൂളുകളില്‍ പഠിച്ച്
ഉന്നതസ്ഥാനങ്ങളില്‍ എത്തി സുരക്ഷിതരായി. അന്ന് ശരാശരി കുട്ടികള്‍ക്ക് ഭയം
ജനിപ്പിക്കുന്ന ഒരു കേന്ദ്രമായിരുന്നു സ്കൂളുകള്‍. അധ്യാപകന്‍ എന്നാല്‍ ഒരു
വ്യക്തിയേക്കാള്‍ അധികം അയാളോട് ചേര്‍ന്നുവരുന്ന ചൂരലിന്‍റെ വേദനിപ്പിക്കുന്ന ഊര്‍ജ്ജമായിരുന്നു
ഓര്‍മ്മകളില്‍. മാതൃഭൂമിയിലെ സ്കൂള്‍ ഓര്‍മ്മകളുടെ ഒരു പംക്തിപോലും മധുരച്ചൂരല്‍
എന്നാണറിയപ്പെടുന്നത്. ഈ ഭയത്തിന്‍റെ അന്തരീക്ഷത്തിലെ പഠനം ശരിയായിരുന്നോ എന്നു
ചോദിച്ചാല്‍ അല്ല എന്നേ പറയാന്‍ കഴിയൂ. എന്നാല്‍ അക്ഷരങ്ങള്‍ കൂട്ടിവായിക്കാനും
കണക്കിന്‍റെ ബാലപാഠംങ്ങള്‍ പഠിക്കാനും ഓര്‍മ്മയുടെ മസ്തിഷ്കം തുറക്കാനുമൊക്കെ
അധ്യാപകര്‍ കണ്ടെത്തിയ ഒരെളുപ്പ വിദ്യയായിരുന്നു ഈ ആയുധം. ഏത് കാലഘട്ടത്തിലാണ്
ചൂരല്‍ വിദ്യാഭ്യാസത്തിന്‍റെ ആയുധമായത് എന്നകാര്യത്തില്‍ പഠനം നടന്നിട്ടുണ്ടോ
എന്നറിയില്ല.
ഏതായാലും കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട
വിഷയങ്ങളും ഇഷ്ടമില്ലാത്ത വിഷയങ്ങളും ഒരുപോലെ പഠിക്കേണ്ടിവന്ന കാലമായിരുന്നു അത്.
പത്താം ക്ലാസ്സുവരെയും അവന് ഇതല്ലാതെ മറ്റൊരു സാധ്യതയുമുണ്ടായിരുന്നില്ല. ഈ
സമ്പ്രദായം ശരിയായ ദിശയിലായിരുന്നില്ല എന്നതില്‍ സംശയമില്ല. കണക്കില്‍ വളരെ
മിടുക്കനായ കുട്ടിക്ക് ഇംഗ്ലീഷില്‍ വിജയിക്കാന്‍ കഴിയാത്തതിനാല്‍ പല ക്ലാസ്സുകളില്‍
തോല്ക്കുകയും ഹിന്ദി അറിയാത്തതിനാല്‍ തോല്‍വി സംഭവിക്കുകയുമൊക്കെയുണ്ടായി. ഇങ്ങനെ
ഏഴിലും എട്ടിലുമൊക്കെ പഠനം നിര്‍ത്തിയ കുട്ടികള്‍ അക്കാലത്ത് ധാരാളമുണ്ടായിരുന്നു.
ഇംഗ്ലീഷിനും മലയാളത്തിനും നൂറില്‍ നാല്പ്പത് മാര്‍ക്കും മറ്റു വിഷയങ്ങള്‍ക്ക്
മുപ്പത്തിയഞ്ച് മാര്‍ക്കും ലഭിക്കാതെ അടുത്ത ക്ലാസ്സിലേക്ക് കടക്കാന്‍
കഴിയില്ലായിരുന്നു. പരീക്ഷയ്ക്ക് മാര്‍ക്കിടല്‍ പിശുക്കന്‍റെ പണപ്പെട്ടി
പോലെയായിരുന്ന കാലം.ചില അധ്യാപകര്‍ക്ക് ചില കുട്ടികളോടുള്ള ഇഷ്ടക്കേടുപോലും മാര്‍ക്കിടലില്‍
പ്രതിഫലിച്ചു. സര്‍ക്കാര്‍ സ്കൂളുകളില്‍ രാഷ്ട്രീയാതിപ്രസരമുള്ള കാലവുമായിരുന്നു
അത്. മിക്ക ദിവസങ്ങളിലും സമരമാണ്.ഏത് വിഷയമായാലും കുട്ടികളെ തെരുവിലിറക്കി
കളിക്കുന്ന ഒരു രീതി അന്ന് നിലനിന്നിരുന്നു. എങ്കിലും അധ്യാപകര്‍ കഴിയുന്നതും
പാഠ്യപദ്ധതി പ്രകാരമുള്ള ക്ലാസ്സുകള്‍ എക്സ്ട്രാ ക്ലാസ്സുകള്‍ വച്ചും പഠിപ്പിച്ചു
തീര്‍ക്കാന്‍ ശ്രമിച്ചിരുന്നു. ഇന്നത്തെ പോലെ തന്നെ അന്നും മിടുക്കന്മാരായ
അധ്യാപകരും മോശക്കാരായ അധ്യാപകരുമുണ്ടായിരുന്നു.ഓരോ ക്ലാസ്സിലും
തിങ്ങിഞെരുങ്ങിയിരിക്കുന്ന നാല്പ്പതിലേറെ കുട്ടികളില്‍ കുറച്ചു മിടുക്കന്മാരും
കുറെ ശരാശരിക്കാരും തീരെ മോശക്കാരുമുണ്ടായിരുന്നു. ഇവരെ മൊത്തമായി കണ്ട് പഠിപ്പിക്കുന്ന
ശ്രമകരമായ രീതി ഇന്ന് ഓര്‍ക്കാന്‍ കഴിയാത്ത ഒന്നാണ്.ഒരു പക്ഷെ മധുരച്ചൂരല്‍
കരുതിയതിന്‍റെ കാരണവും അതാകാം. അന്ന് സ്കൂളുകളിലെ സമരബഹളങ്ങള്‍ക്കിടയില്‍ പഠനം
തുടര്‍ച്ചയാകുന്നത് ട്യൂട്ടോറിയലുകളിലായിരുന്നു. ചില സ്കൂളുകളില്‍ രാവിലെ പത്തു
മുതല്‍ നാലുവരെ പഠനമെങ്കില്‍ മറ്റു ചിലയിടങ്ങളില്‍ ഷിഫ്റ്റായിരുന്നു. രാവിലെ എട്ടു
മുതല്‍ ഒന്നു വരെയും ഉച്ച കഴിഞ്ഞ് ഒന്നു മുപ്പതു മുതല്‍ അഞ്ച് മുപ്പതു വരെയും. ഈ
കുട്ടികള്‍ ഭൂരിപക്ഷവും ട്യൂട്ടോറിയലുകളില് പോയിരുന്നു. അപ്പോള്‍ പഠനമെന്നത്
സ്കൂള്‍,ട്യൂട്ടോറിയല്‍,വീട് എന്ന നിലയില്‍ ഒരു ദീര്‍ഘമായ വേളയായി മാറി.
പുസ്തകത്തിന് അപ്പുറത്തേക്ക് പോകാതെയുള്ള പഠനമായിരുന്നു എന്നതുകൊണ്ട് ഒരേ കാര്യം
ക്ലാസ്സിലും ട്യൂട്ടോറിയലിലും കേട്ട് ,ചൂരലിനെ ഭയന്ന്,വീട്ടിലെത്തി വീണ്ടും
വായിച്ച് കാണാപ്പാഠം പഠിക്കുന്ന രീതിയായിരുന്നു അത്. ഇന്നത്തെപോലെ കാണാപ്പാഠം പഠിക്കുന്നത്
ഒരു പാപമാണെന്ന് അന്നാരും കരുതിയിരുന്നില്ല. അതുകൊണ്ടു തന്നെ ഓര്‍മ്മയുടെ കോശങ്ങള്‍
വളര്‍ന്നു വികസിച്ചിരുന്നു. കഥയും കവിതയും കണക്കുകളും ചരിത്രവും ശാസ്ത്രവുമെല്ലാം പരിമിതമായ നിലയിലാണ്
പഠിച്ചതെങ്കിലും ഒരു കംപ്യൂട്ടറിന്‍റെയോ കാല്‍ക്കുലേറ്ററിന്‍റെയോ മൊബൈല്‍ ഫോണിന്‍റെയോ
സഹായമില്ലാതെ കണക്കുകള്‍ ചെയ്യാനും
കാര്യങ്ങള്‍ ഓര്‍ത്തെടുക്കാനും കഴിഞ്ഞിരുന്നു. ഇന്നിപ്പോള്‍ നൂറും നൂറും
എത്രയെന്ന് കാല്‍ക്കുലേറ്ററില്‍ കണക്ക് കൂട്ടുന്ന കുട്ടികളുടെ കാലമാണ്. ഇത്
നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്‍റെ തകരാണ് എന്നു ഞാന്‍ പറയും. അപ്പോള്‍ കുറെ
വിദഗ്ധന്മാരുടെ പേരും ഉദ്ധരണികളും ഉപയോഗിച്ചതിനെ ഖണ്ഡിക്കാന്‍ വിചക്ഷണന്മാര്‍ക്ക്
കഴിയുമായിരിക്കും,പക്ഷെ ഇതാണ് സത്യമന്നെ ഞാന്‍ വിശ്വസിക്കൂ. അന്ന് ഫിസിക്കല്‍
എഡ്യൂക്കേഷന്‍ എന്നാല്‍ ഗ്രൌണ്ടിലെ ഗുസ്തിമറിയലും കിളിത്തട്ടുകളിയും
കബഡിയുമൊക്കെയായിരുന്നു. അപൂര്‍വ്വം സ്കൂളുകളില്‍ ഫുട്ബാളും കളിപ്പിച്ചിരുന്നു.
പഠ്യേതര വിഷയം പാട്ടും ചിത്രരചനയുമായിരുന്നു. രണ്ടിലും താത്പ്പര്യമില്ലാത്ത
കുട്ടിയും അതില്‍ പങ്കെടുക്കേണ്ടിയിരുന്നു എന്നത് വിചിത്രമായ കാര്യം. ഈ
സമ്പ്രദായത്തില്‍ ന്യൂനതകള്‍ ഏറെയുണ്ടായിരുന്നു.
അവയില്‍ പ്രധാനം ചൂരല്‍
എന്ന ആയുധം തന്നെയായിരുന്നു. ഇംപോസിഷന്‍ എന്ന രീതിയില്‍ നൂറുവട്ടമൊക്കെ ഒരു കാര്യം
എഴുതിക്കുന്ന രീതി, ക്ലാസ്സിലെ പരിമിതികള്‍,കുട്ടികളുടെ എണ്ണത്തിലെ വര്‍ദ്ധന,മിടുക്കര്‍ക്കൊപ്പം
മറ്റുള്ളവരെ എത്തിക്കാന്‍ കഴിയാതിരുന്ന അവസ്ഥ,സമരങ്ങള്‍,ഇഷ്ടമില്ലാത്ത വിഷയങ്ങള്‍
പത്ത് വരെ പഠിക്കേണ്ടി വരുന്ന ഗതികേട് എന്നിവയും ശ്രദ്ധയങ്ങളാണ്.
കാണാതെ പഠിച്ച
കാര്യങ്ങള്‍ പരീക്ഷയ്ക്ക് എഴുതിയാല്‍ മാത്രം വിജയിക്കുന്ന അന്നത്തെ കാലത്ത് പത്താം
തരം വിജയശതമാനം മുപ്പത്തിയഞ്ച് നാല്പ്പത് ശതമാനമായിരുന്നു. ചെറിയ മോഡറേഷനുകളോടെ
അത് അന്‍പതിനടുത്തെത്തിയിരുന്നു. ഞാനോര്‍ക്കുന്നു,എന്‍റെ ക്ലാസ്സിലെ
നാല്പ്പത്തിനാല് കുട്ടികളില്‍ ഞാന്‍ മാത്രമായിരുന്നു അന്ന് പത്ത് ജയിച്ചത്.
സ്കൂളിലെ മികച്ച ഡിവിഷനുകളായ എയിലും ബിയിലുമൊഴികെ മറ്റെല്ലായിടവും നാമമാത്ര വിജയം.
ഇന്ന് തൊണ്ണൂറിനു മുകളില്‍ വിജയമുണ്ടാകുന്നത്
പുതിയ തലമുറയുടെ ബുദ്ധി വികസിച്ചതുകൊണ്ടോ വിദ്യാഭ്യാസ സമ്പ്രദായത്തിന്‍റെ
മികവുകൊണ്ടോ അല്ല എന്ന് ജയിച്ച കുട്ടികളുടെ അറിവും ജ്ഞാനവും പരിശോധിക്കുമ്പോള്‍
മനസ്സിലാകും. പരീക്ഷയ്ക്ക് മാര്‍ക്കിടുന്ന രീതിയില്‍ വന്ന മാറ്റമാണ് ഇതിനെല്ലാം
കാരണം. യഥാര്‍ത്ഥത്തില്‍ ജയിക്കാന്‍ കഴിയുന്ന സമര്‍ത്ഥന്മാരുടെ എണ്ണം തുലോം
കുറഞ്ഞിരിക്കുന്നു. വഴിയില്‍ പലയിടത്തും വഴിമാറി പോകേണ്ടിയിരുന്ന കുട്ടികളെ ഒരേ
പാതയിലൂടെ തെളിച്ചുകൊണ്ടുവന്ന് പ്ലസ്സ് ടു കടത്തിവിടുകയാണ്. അതുവരെ മലയാളത്തില്‍
വിഷയങ്ങള്‍ പഠിച്ചവന്‍ ഡിഗ്രിക്കും പ്രൊഫഷണല്‍ കോഴ്സിനും ഇംഗ്ലീഷിന്‍റെ
ലോകത്തേക്ക് എടുത്തെറിയപ്പെടുകയാണ്.അവന്‍റെ അങ്കലാപ്പ് ആരും മനസ്സിലാക്കുന്നില്ല.
അത്യാവശ്യം നന്നായി ഒരു ഖണ്ഡിക ഇംഗ്ലീഷിലോ മലയാളത്തിലോ എഴുതാന്‍ കഴിയാത്തവനായി
ഭൂരിപക്ഷം പ്ലസ്സ് ടു വിദ്യാര്‍ത്ഥികളും മാറുന്നു. എന്നിട്ടും അവന് പ്രൊഫഷണല്‍
കോഴ്സുകളിലും കോളേജുകളിലും പ്രവേശനം കിട്ടുന്നു.അവിടെ അവന്‍റെ ജീവിതം
അവസാനിക്കുകയാണ്. ഏത് കാലത്തും മിടുക്കന്മാര്‍ കയറി പോകും,മറ്റുള്ളവരുടെ
സ്ഥിതിയാണ് പരിതാപകരം.
പത്ത് വര്‍ഷമായിട്ടും
എന്‍ജിനീയറിംഗ് പൂര്‍ത്തിയാകാത്ത അനേകായിരം കുട്ടികള്‍ കേരളത്തിലുണ്ട്. അവര്‍
തന്നെ അടുത്ത തലമുറയ്ക്ക് ക്ലാസ്സെടുക്കുന്ന ദുരന്തവും സ്വകാര്യ കോളേജുകളില്‍
അരങ്ങേറുന്നു. പഠിച്ചിറങ്ങുന്നവര്‍ക്ക് അതിനനുസരിച്ചുള്ള തൊഴിലുമില്ല.അവര്‍
സൂപ്പര്‍ മാര്‍ക്കറ്റുകളിലും മാളുകളിലും ജോലിക്കാരാകുന്നു.ന്യൂ ജനറേഷന്‍
ഹോട്ടലുകളില്‍ പണി ചെയ്യുന്നു. അതിലേറെ പണവും സ്വൈരജീവിതവും ലഭിക്കാവുന്ന സ്കില്‍ഡ്
ജോലികളില്‍ അന്യസംസ്ഥാനക്കാര്‍ വിരാജിക്കുമ്പോള്‍ , അതിനേക്കാള്‍ മോശം ജോലികള്‍
നാട്ടിലേതിനേക്കാള്‍ കുറഞ്ഞ ശമ്പളത്തില്‍ ചെയ്യാന്‍ അഭിമാനിയായ മലയാളി ട്രെയിനും
വിമാനവും കയറുന്നു.നമുക്ക് എവിടെയാണ് തെറ്റിയത് . പരിമിത ചിന്തയില്‍ തോന്നുന്ന ചില
കാര്യങ്ങള്‍ കുറിക്കട്ടെ.
ഓരോ തൊഴിലിനും
നമുക്കാവശ്യമായ തൊഴിലാളികളുടെ എണ്ണത്തെക്കുറിച്ച് നാം ബോധവാന്മാരല്ല എന്നത് ഒരു
കാരണമാണ്. കുട്ടികളുടെ കഴിവ് പരിശോധിച്ച് ദിശാബോധം നല്കാന്‍ നമുക്ക് കഴിയുന്നില്ല,
പകരം മാനേജ്മെന്‍റുകളെ സഹായിക്കുന്ന സമീപനമാണ് കച്ചവടമായി കാണുന്ന
വിദ്യാഭ്യാസത്തില്‍ നടക്കുന്നത്. തൊഴിലിന്‍റെ അന്തസ്സിനെക്കുറിച്ച് കാര്യമായ ബോധം
കുട്ടികളില്‍ ജനിപ്പിക്കുന്നില്ല. ഐടിഐയിലും പോളിടെക്നിക്കിലും പോകേണ്ട കുട്ടികള്‍
പോലും അവരുടെ ബുദ്ധിപരവും സാങ്കേതികവുമായ മികവ് പരിശോധിക്കപ്പെടാതെ എന്‍ജിനീയറിംഗിലേക്ക്
എത്തിപ്പെടുന്നു. മെഡിക്കല്‍ രംഗത്തുള്‍പ്പെടെ ഈ പ്രവണതയുണ്ടാകുമ്പോള്‍ നല്ല
ശാസ്ത്രജ്ഞന്മാരും നല്ല അധ്യാപകരും ഇല്ലാതാകുന്നു. അപ്പോഴും നമുക്ക്
പിഴവുപറ്റിയിട്ടില്ല എന്നാണ് ആണയിടുന്നതെങ്കില്‍ അതിന്‍റെ സംശുദ്ധി ചോദ്യം
ചെയ്യപ്പെടേണ്ടതാണ്.
ചില യാഥാസ്ഥിതിക പരിഹാര
ചിന്തകള്‍ മനസ്സില്‍ വരുകയാണ്. ആരെങ്കിലും ചര്‍ച്ച ചെയ്യുകയെങ്കിലും ചെയ്താല്‍
അത്രയും നന്ന്. ഞാന്‍ തിരുത്തേണ്ടതുണ്ടെങ്കില്‍ അതിനും സന്തോഷമേയുള്ളു.
എല്‍കെജി മുതല്‍
പന്ത്രണ്ടു വരെയും മാതൃഭാഷയും ഇംഗ്ലീഷും നിര്‍ബന്ധമായും പഠിപ്പിക്കുക.സംസാര
ഭാഷയ്ക്ക് പ്രാധാന്യം നല്കണം. അഞ്ചു മുതല്‍ പത്തു വരെ ക്ലാസ്സുകളില്‍ ഹിന്ദിഭാഷ
ലളിതമായ രീതിയില്‍ സ്പോക്കണ്‍ ഹിന്ദിക്ക് പ്രാധാന്യം നല്കി പഠിപ്പിക്കുക.മറ്റു
വിഷയങ്ങളുടെ പഠനം നിര്‍ബ്ബന്ധമായും ഇംഗ്ലീഷിലായിരിക്കണം. അടിസ്ഥാന സയന്‍സും
സാമൂഹ്യപാഠംവും കണക്കും ഏഴാം ക്ലാസ്സുവരെ നിര്‍ബ്ബന്ധമായും പഠിപ്പിക്കുക.എട്ടു
മുതല്‍ താത്പ്പര്യമുള്ള വിഷയങ്ങള്‍ മാത്രം എടുത്ത് പഠിക്കാന്‍ അനുവദിക്കുക.
കംപ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ച് പഠനം
നടത്തുമ്പോഴും കുട്ടിയുടെ തലച്ചോറിന്‍റെ ഓര്‍മ്മ,ചിന്ത,ഭാവന തുടങ്ങിയ മേഖലകള്‍
വളരാന്‍ അനുവദിക്കും വിധമാകണം പഠനം .പരീക്ഷകള്‍ വഴിപാടാക്കാതെ നിശ്ചയിച്ച
ഗ്രേഡുകളില്‍ അവനെ എത്തിക്കാനുള്ള ശ്രമം സ്കൂളിലുണ്ടാകണം. നാല്പ്പത്
ശതമാനമെങ്കിലും മാര്‍ക്ക് നേടാന്‍ കഴിയാത്ത കുട്ടിക്ക് പ്രത്യേക പരിശീലനം നല്കി
അതിലേക്ക് എത്തിക്കണം. വേഗത്തില്‍ നടക്കാന്‍ കഴിയാത്ത കുട്ടിയെ നടക്കാന്‍
സഹായിക്കയാണ് വേണ്ടത്. പകരം ചുമലിലെടുത്ത് കൊണ്ടുപോയാല്‍ പിന്നീടവന് ഈ താണ്ടിയ
പാതയുടെ സുഖവും ദുഃഖവും അറിയാന്‍ കഴിയാതെ വരും.ഇഷ്ടമുള്ള ഒരു അഡീഷണല്‍ സ്കില്ലും ,
അത് പ്ലബിംഗ്,തയ്യല്‍,ഇലക്ട്രിക്കല്‍ തുടങ്ങി ഏതുമാകാം, ഇഷ്ടമുള്ള ഒരു കലയും നിര്‍ബ്ബന്ധമായും
പഠിപ്പിക്കുക.ഒരു ക്ലാസ്സില്‍ നിന്നും അടുത്ത ക്ലാസ്സിലേക്ക് ഒരു വര്‍ഷം കൊണ്ട്
കയറിപോകാന്‍ കഴിയാത്ത കുട്ടിക്ക് ഒരവസരം കൂടി നല്കി അവനെ അടുത്ത വര്‍ഷം അവിടെ
എത്തിക്കുന്നതാകും ഉചിതം. പത്ത് കഴിയുമ്പോള്‍ അവന്‍രെ കഴിവുകള്‍ പരിശോധിച്ച് അവനെ
ഐടിഐ,കാര്‍ഷികം,കരകൌശലം തുടങ്ങിയ മേഖലകളിലേക്കോ പ്ലസ്സ് ടു വിനോ വിടാന്‍ കഴിയണം.
പ്ലസ്സ് ടു വിഷയ നിര്‍ണ്ണയത്തിലും ഈ സമീപനം വേണം. അതിന് കഴിയുന്ന സമിതികള്‍
ഉണ്ടാവണം.അധ്യാപകരും മനശാസ്ത്രജ്ഞരും വിദഗ്ധരും ഉള്‍പ്പെടുന്ന സമിതികളാവണം അത്.
തുടര്‍ന്ന് പ്ലസ്സ് ടു പഠനം കഴിയുമ്പോള്‍ പെളിടെക്നിക്,എന്‍ജിനീയറിംഗ്,മെഡിസിന്‍,അടിസ്ഥാന
വിഷയങ്ങള്‍, ശാസ്ത്രം, അധ്യാപനം,മാധ്യമ മേഖല തുടങ്ങി ശാഖ തിരിക്കാനും മൂന്ന്
ഓപ്ഷനുകള്‍ നിര്‍ണ്ണയിക്കാനും കഴിയണം. മത്സര പരീക്ഷയിലൂടെ കുട്ടികള്‍ അവരുടെ മേഖല
കണ്ടെത്തണം. അധ്യാപകരുടെ മേന്മയളക്കാനും സംവിധാനമുണ്ടാകണം. ഈ അസ്സസ്സ്മെന്‍റില്‍
കുട്ടികളെയും പങ്കാളികളാക്കണം. മിടുക്കര്‍ക്ക് മാത്രമെ ഇന്‍ക്രിമെന്‍റ്
അനുവദിക്കാവൂ.
ഇത്തരമൊരു
സമീപനം ഗൌരവമായി എടുക്കണമെന്നും കേരളമെങ്കിലും ഇതിനായി മുന്നോട്ടു വരണമെന്നും ഞാന്‍
ആഗ്രഹിക്കുന്നു.ചര്‍ച്ചകളിലൂടെ ഇതിനെ പരുവപ്പെടുത്തി എടുക്കാവുന്നതാണ്.
കമ്പോളത്തിന് ആവശ്യമായ തലമുറയെ വാര്‍ത്തെടുക്കുകയല്ല വേണ്ടത് കഴിവുകളെ കണ്ടെത്തി
മികവുറ്റ ജനതയെ വാര്‍ത്തെടുക്കയാണ് ആവശ്യം എന്ന തിരിച്ചറിവ് നമുക്കുണ്ടാവണം
No comments:
Post a Comment