ലേഖനം
ക്ഷേത്രാചാരവും പുരുഷ
പീഡനവും
n
വി.ആര്‍.അജിത് കുമാര്‍
ഭാരതത്തിന്‍റെ ഭരണ ഘടന എല്ലാ പൌരന്മാര്‍ക്കും അന്തസില്‍ തുല്യതയും
മാന്യതയും ഉറപ്പു നല്കുന്നുണ്ടെങ്കിലും കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും
പുരുഷന്മാരുടെ മാന്യതയും അന്തസ്സും ഇടിച്ചു താഴ്ത്തുന്ന ഒരു സമീപനമാണ് കണ്ടു
വരുന്നത്. പ്രധാനപ്പെട്ട പല ക്ഷേത്രങ്ങളിലും അര്‍ദ്ധ നഗ്നരായി മാത്രമെ പുരുഷന്മാരെ
പ്രവേശിപ്പിക്കാറുള്ളു. വിശ്വാസത്തിനും ആചാരത്തിനും പൂര്‍ണ്ണ സ്വാതന്ത്യം
നല്കിയിട്ടുള്ള ഒരു ഭരണഘടന
നടപ്പിലാക്കിയിട്ടുള്ള നാട്ടില്‍ സ്വാതന്ത്യം കിട്ടി അറുപത്തിയേഴ് വര്‍ഷമായിട്ടും
സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും രണ്ട് നീതി അനുശാസിക്കുന്നത് വളരെ ക്രൂരമായ
സമീപനമാണ്. ക്ഷേത്രത്തില് കയറുന്ന വിശ്വാസിയായ പുരുഷനും പോലീസ്സ് ലോക്കപ്പിലാകുന്ന
കുറ്റാരോപിതനായ പുരുഷനുമാണ് കേരളത്തില്‍ വസ്ത്രം അഴിച്ചുമാറ്റേണ്ടി വരുന്നത്
എന്നതും ശ്രദ്ധേയമാണ്. ഉടുപ്പും അടിയുടുപ്പും അഴിപ്പിക്കുന്നതിലൂടെ
ക്ഷേത്രഭരണാധികാരികള്‍ എന്ത് സംതൃപ്തിയാണ് കൈവരിക്കുന്നതെന്ന് മനശാസ്ത്രപരമായി
വിശകലനം ചെയ്യേണ്ടതുണ്ട്. ഒരു പക്ഷേ ഇതൊരു ചാക്രിക ചരിത്ര നീതിയാണോ എന്നും
സംശയിച്ചു പോകുന്നു. ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യകാലം വരെയും മാറുമറയ്ക്കാതെ
നടന്ന സ്ത്രീകള്‍ ശരീരമാകെ മറയ്ക്കുന്ന ഈ കാലത്ത് അന്ന് അതിന് കാരണക്കാരായ
പുരുഷന്മാരുടെ വസ്ത്രം അഴിപ്പിക്കുക നീതിയുടെ അനിവാര്യമായ തിരിച്ചടിയാകാം.
എങ്കിലും ഈ അനീതിക്കെതിരെ ശബ്ദമുയര്‍ത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. എല്ലാ
മാറ്റങ്ങള്‍ക്കും നേതൃത്വം നല്കിയിരുന്നത് സാമുദായിക സാമൂഹിക പരിഷ്ക്കാര്‍ത്താക്കളായിരുന്നു
എന്നതുകൊണ്ടുതന്നെ ഈ രംഗത്തെ പ്രമുഖരുടെ നേതൃത്വം ഇതിനുണ്ടാകേണ്ടതുണ്ട്. മുണ്ട്
ഉടുക്കുന്നവരുടെ എണ്ണം തീരെ കുറഞ്ഞിരിക്കുന്ന ഈ കാലത്തും ക്ഷേത്രങ്ങള്‍ മലയാളിയുടെ
പൊതുവസ്ത്രമായ പാന്‍റ്സിന് വിലക്കേര്‍പ്പെടുത്തുന്നതും വിരോധാഭാസമാണ്. നിയമങ്ങള്‍
മാറ്റത്തിന് വിധേയമാണ് എന്ന സത്യം ഉള്‍ക്കൊണ്ട് കാലഘട്ടത്തിനനുസരിച്ചുള്ള
മാറ്റങ്ങള്‍ ആചാരങ്ങളില്‍ വരുത്തേണ്ടതാണ്. അതല്ലെങ്കില്‍ പത്മനാഭ സ്വാമി ക്ഷേത്രത്തിലും മറ്റും
ചെയ്യുന്നപോലെ ,ദൈവത്തെ കബളിപ്പിക്കാന്‍ പാന്‍റ്സിനു മുകളില്‍ മുണ്ടുചുറ്റുന്ന
വികല സമ്പ്രദായങ്ങള്‍ തുടരുക തന്നെ ചെയ്യും. അത് കച്ചവടമാക്കി മാറ്റാം എന്നു
കരുതുന്നവരുടെ കൈകളില് നിന്നും ഈ സമ്പ്രദായങ്ങളെ പൊട്ടിച്ചെറിയേണ്ടതുണ്ട്.
-2-
വസ്ത്രധാരണത്തിന്‍റെ ചരിത്രം
ഇന്ന് പൊതുവായി നഗ്നതാ പ്രദര്‍ശനം വലിയ മാര്‍ക്കറ്റുള്ള ഒരിനമായി
മാറിയിട്ടുണ്ട്. സിനിമയിലും പരസ്യമേഖലയിലും സ്ത്രീയുടെയും പുരുഷന്‍റെയും നഗ്നത
കച്ചവട താത്പ്പര്യത്തോടെ പരമാവധി വിനിയോഗിക്കപ്പെടുന്നു. ഇത് നല്കുന്ന ദര്‍ശന സുഖം
മാര്‍ഗ്ഗം ഉപയോഗിച്ചവരുടെ ലക്ഷ്യ സാക്ഷാത്ക്കാരമാകുന്നു. ക്ഷേത്രങ്ങളില്‍
നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഇത്തരം ശില്പ്പങ്ങള്‍ കൊത്തിവച്ച ശില്പ്പികള്‍ക്കും
അതിന് പണം മുടക്കിയ ഉടമകള്‍ക്കും ഈ ദര്‍ശന സുഖത്തിന്‍റെ മനശാസ്ത്രരീതികള്‍
മനസ്സിലുണ്ടായിരുന്നിരിക്കണം. ഖജുരാഹോ പോലുള്ള ക്ഷേത്രങ്ങള്‍ ഈ വിഷയത്തിന് ഉത്തമ
ഉദാഹരണമാകുമ്പോള്‍ മറ്റു പലയിടത്തും ഒരളവുവരെ നഗ്നശില്പ്പങ്ങള്‍ക്ക് പ്രാധാന്യം
കൈവരുന്നത് കാണാം.
ഇത് ഓര്‍മ്മയില്‍ സൂക്ഷിച്ചുകൊണ്ടുതന്നെ നമുക്ക് ഇരുപതാം നൂറ്റാണ്ടിന്‍റെ
ആദ്യ ദശകങ്ങളിലേക്കും അതിന് പിറകിലോട്ടുള്ള നൂറ്റാണ്ടുകളിലേക്കും ഒന്നു
കണ്ണോടിക്കാം. ബ്രിട്ടീഷ് ഭരണം വരുന്നതിന് മുന്‍പ് ഭാരതീയര്‍ ഭൂരിഭാഗവും അര്‍ദ്ധനഗ്നരായാണ്
നടന്നിരുന്നത് എന്ന വാസ്തവക്കാഴ്ചയാണ് നാം അവിടെ കാണുക. അടിമയുടമ സമ്പ്രദായം
നിലനിന്ന കാലം അടിമകള്‍ക്ക് നാമമാത്രമായ വസ്ത്രമാണുണ്ടായിരുന്നത്. തുടര്‍ന്ന് വലിയ
പ്രക്ഷോഭങ്ങളിലൂടെയാണ് വസ്ത്രത്തിന്‍റെ തോത് ഉയര്‍ത്താന്‍ കഴിഞ്ഞതെന്നത് ചരിത്രം.
പുരാതന കാലത്ത് കൃഷിപ്പണി ആരംഭിച്ചതോടെയാണ് പലവിധ സാങ്കേതിക പുരോഗതികളും
മനുഷ്യരാശിക്കുണ്ടായത്. അതില്‍ ഒരു ശാഖയായിരുന്നു നെയ്ത്ത്. രോമവും ചെടികളുടെ
നാരുമാണ് നെയ്ത്ത് കണ്ടുപിടിക്കാന്‍ കാരണമായത്. ഇന്ത്യയില്‍ സൈന്ധവകാലത്താണ്
നെയ്ത്ത് തുടങ്ങിയതെന്ന് കരുതപ്പെടുന്നു. പരുത്തിത്തുണിയുടെ
ജന്മനാടാണല്ലോ ഭാരതം. കേരളത്തില്‍ പരുത്തികൃഷി ഇല്ലാതിരുന്നതിനാല്‍ ഇലകളും മൃഗചര്‍മ്മവുമാകാം
നഗ്നത മറയ്ക്കാന്‍ ആദ്യം ഉപയോഗിച്ചിരുന്നത്. ഇലകൊണ്ട് നഗ്നത മറയ്ക്കുന്നവര്‍
ഗിരിവര്‍ഗ്ഗക്കാര്‍ക്കിടയില്‍ ഈ അടുത്തകാലം വരെയും ഉണ്ടായിരുന്നു എന്നത് ഒരു
സൂചകമായി കരുതാവുന്നതാണ്. കേരളീയരുടെ ആദ്യകാല വസ്ത്രരീതികള്‍ സംബ്ബന്ധിച്ച്
ഊഹാപോഹങ്ങള്‍ മാത്രമെയുള്ളു. ഇലയും മൃഗത്തോലും കടന്ന് ഏതോ കാലത്ത് അത്
പരുത്തിത്തുണിയില്‍ എത്തിച്ചേര്‍ന്നു എന്നു കരുതാം. കോണകമുടുത്ത മലയാളിയുടെ
പത്തൊന്‍പതാം നൂറ്റാണ്ടിലെ ചിത്രങ്ങള്‍ നമുക്ക് ലഭ്യമാണ്.
വിവാഹത്തിനുമുന്‍പ് പെണ്‍കുട്ടികളെ ,ഒരു ചടങ്ങെന്ന നിലയില്‍,
താലികെട്ടിക്കുന്ന രീതി നാട്ടില്‍ നിലനിന്നിരുന്നു. ഈ ചടങ്ങില്‍ പങ്കെടുക്കുന്ന
പുരുഷനും ബാലികയും തമ്മില്‍ ഭാര്യാഭര്‍തൃ ബന്ധത്തില്‍ ഏര്‍പ്പെടാറില്ലായിരുന്നു
എങ്കിലും മിക്ക സമുദായങ്ങളും ഈ ആചാരം
-3-
തുടര്‍ന്നുവന്നു. താലികെട്ട് കഴിയുന്നതുവരെ പെണ്‍കുട്ടികള്‍ സ്വര്‍ണ്ണം,
വെള്ളി ആഭരണങ്ങള്‍ ധരിക്കാനോ മാറുമറച്ച് വസ്ത്രം ധരിക്കാനോ പാടില്ലെന്നായിരുന്നു
നാട്ടുനടപ്പ്.
ജനതയുടെ വികാസം പരസ്പ്പരമുള്ള കൊടുക്കല്‍ വാങ്ങലുകളില്‍ നിന്നാണെന്ന
സത്യം ഉള്‍ക്കൊണ്ടാല്‍, ബിസിയില്‍ ഗ്രീക്ക്,അറേബ്യ,ഈജിപ്ത് തുടങ്ങിയ നാടുകളുമായി
സുഗന്ധ വ്യഞ്ജനങ്ങളും ചന്ദനവും ഈട്ടിയും കച്ചവടം നടത്തിയിരുന്ന കേരള ജനത
സ്വാഭാവികമായും അവരില്‍ നിന്നും വസ്ത്രങ്ങളും ഇറക്കുമതി ചെയ്തിട്ടുണ്ടാവണം.
പെരിപ്ലസ് മുസിരിസിനെ കുറിച്ച് എഴുതുമ്പോള്‍ അവിടെ ഇറക്കുമതി ചെയ്തിരുന്ന വസ്തുക്കളില്‍
തുണിയും പൂക്കള്‍ തുന്നിപ്പിടിച്ച വസ്ത്രങ്ങളും ഉള്‍പ്പെട്ടിരുന്നതായി
പറയുന്നുണ്ട്. സമ്പന്നരായ സമൂഹം ആ കാലത്ത് മോടിയുള്ള വസ്ത്രങ്ങള്‍ ധരിച്ചിരുന്നതായി
ഇതില്നിന്നും അനുമാനിക്കാം.
സംഘകാലത്ത് പെണ്‍കുട്ടികള്‍ തഴയുട ധരിച്ചിരുന്നതായി സംഘംകൃതികള്‍
രേഖപ്പെടുത്തുന്നുണ്ട്. നൊച്ചിപ്പൂക്കളും ആമ്പല്‍പ്പൂക്കളും കോര്‍ത്തിണക്കി അരയില്‍
ധരിച്ചിരുന്ന ഒരുതരം പൂവാടയായിരുന്നു ഇത്. വിവാഹം കഴിഞ്ഞ സ്ത്രീകള്‍ പരുത്തികൊണ്ടോ
പട്ടുകൊണ്ടോ ഉള്ള വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. മനോഹരവും മൃദുലവുമായ പട്ട് മുറുകെ
ചുറ്റിയ അരക്കെട്ടും ചിത്രത്തിലെഴുതപ്പെട്ടപോലെയുള്ള ഇളംമുലകളുമുള്ള
സുന്ദരികളെപ്പറ്റി പതിറ്റുപ്പത്തില്‍ കവികള്‍ വര്‍ണ്ണിക്കുന്നതില്‍ നിന്നും
അരയ്ക്ക് മീതെ സ്ത്രീകള്‍ വസ്ത്രം ഉപയോഗിച്ചിരുന്നില്ല എന്നനുമാനിക്കാം.
പുരുഷന്മാരും പരുത്തികൊണ്ടും പട്ടുകൊണ്ടുമുള്ള വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്.
പട്ടുവസ്ത്രങ്ങള്‍ പരുന്തിന്‍റെ ചിറകുപോലെ നേര്‍മ്മയും മിനുസവുമുള്ളവയായിരുന്നു.
ദിവസവും വെള്ളത്തില്‍ നനച്ചു വെളുപ്പിച്ച ശുഭ്രവസ്ത്രം ധരിക്കുന്നതില്‍ അവര്‍
ശ്രദ്ധാലുക്കാളായിരുന്നു. യുദ്ധവീരന്മാര്‍ നീലനിറമുള്ള കച്ചയും പൂവേല ചെയ്ത
ആടയുമായിരുന്നു ധരിച്ചിരുന്നത്.
നമ്പൂതിരി മേധാവിത്തത്തിന്‍റെ കാലത്ത് വസ്ത്രധാരണത്തില്‍ രണ്ട് നീതിയാണ്
നിലനിന്നിരുന്നത് എന്നു കാണാന്‍ കഴിയും. നമ്പൂതിരി സ്ത്രീയുടെ ചാരിത്രം പരപുരുഷ ദര്‍ശനത്തില്‍
പോലും കളങ്കപ്പെടാതെ സൂക്ഷിക്കാന്‍ അവര്‍ ശ്രമിച്ചിരുന്നു. ക്ഷേത്രത്തില്‍
പോകുമ്പോള്‍ പോലും തുണിയില്‍ കെട്ടിപ്പൊതിഞ്ഞ് വട്ടക്കുടകൊണ്ട് മറച്ച് മുന്നില്‍
അകമ്പടിയായി ഒരു നായര്‍ സ്ത്രീയേയും നടത്തിയായിരുന്നു അവര്‍ക്ക് പുറത്തുപോകാന്‍
അനുവാദം നല്കിയിരുന്നത്. എന്നാല്‍ മറ്റു ജാതികളിലെ സ്ത്രീകള്‍ക്ക് മേല്‍മുണ്ടുപോലും
നിഷേധിച്ചിരുന്നുതാനും. താണജാതിക്കാര്‍ക്കാണെങ്കില്‍ അരയ്ക്കുമീതെയുള്ള വസ്ത്രധാരണം വിലക്കിയിരുന്നു.
ചെരുപ്പ്,കുട,വിശേഷ വസ്ത്രം,വിലപിടിച്ച ആഭരണങ്ങള്‍ എന്നിവയും വിലക്കിയിരുന്നു.
ഉയര്‍ന്ന ജാതിക്കാരോട് ബഹുമാനം കാണിക്കാനായി സ്ത്രീകള്‍ മാറുമറയ്ക്കുന്ന വസ്ത്രം
എടുത്തുമാറ്റണമായിരുന്നു. എന്നാല്‍ അയിത്തജാതിക്കാര്‍ മുസ്ലിം-
-4-
ക്രൈസ്തവ സമുദായങ്ങളിലേക്ക് മതം മാറുന്നതോടെ അവര്‍ക്ക് നേരെയുള്ള
അതിക്രമവും കുറഞ്ഞു വന്നിരുന്നു. ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത
തിരുവിതാംകൂറിലെ ചാന്നാര്‍ സ്ത്രീകള്‍ ഉയര്‍ന്ന ജാതിയിലെ സ്ത്രീകളെപോലെ ജാക്കറ്റും
മേല്‍മുണ്ടും ധരിച്ചിരുന്നു. സവര്‍ണ്ണര്‍ക്ക് ഇത് സഹിച്ചില്ല. തുടര്‍ന്ന് 1829ല്‍
തെക്കന്‍ തിരുവിതാംകൂറില്‍ ലഹളകള്‍ പൊട്ടിപ്പുറപ്പെട്ടു. ഒടുവില്‍ കേണല്‍ മണ്‍റോ
ഇടപെടുകയും പ്രശ്നം അവസാനിപ്പിക്കുകയും ചെയ്തു. ക്രിസ്ത്യന്‍ സ്ത്രീകള്‍ക്ക്
കുപ്പായം ധരിക്കാമെന്നും മേല്‍മുണ്ട് ധരിച്ചുകൂടെന്നുമായിരുന്നു തീരുമാനം. അധികം
വൈകാതെ ക്രിസ്ത്യാനികളായ ചാന്നാര്‍ സ്ത്രീകളും ഹിന്ദു ചാന്നാര്‍ സ്ത്രീകളും മേല്‍മുണ്ട്
ധരിക്കാനുള്ള അവകാശത്തിനായി സമരം ചെയ്തു. 1859ല്‍ ഇത് മറ്റൊരു ലഹളയ്ക്ക് കാരണമായി.
ഒടുവില്‍ ചാന്നാര്‍ സ്ത്രീകള്‍ക്ക് ജാക്കറ്റ് ധരിക്കാമെന്നും മുക്കുവത്തികളെപോലെ
പരുപരുത്ത മേല്‍മുണ്ട് ഉപയോഗിക്കാമെന്നും ധാരണയായി. എന്നാല്‍ അത് ഉയര്‍ന്ന
ജാതിക്കാര് ധരിക്കും വിധമാകരുത് എന്നായിരുന്നു ഉത്തരവ്. ഇത്തരത്തില്‍
വസ്ത്രധാരണത്തില് ഉണ്ടായിരുന്ന വേര്തിരിവുകളില്‍ നിന്നെല്ലാം മോചനം നേടി സാരിയും
ചുരിദാറുമുള്‍പ്പെടെ വസ്ത്രങ്ങളുടെ വൈവിദ്ധ്യങ്ങളിലേക്ക് മാറിയ മലയാളികളായ ഹിന്ദു
വിശ്വാസി സ്ത്രീകള്‍ക്ക് ആവശ്യമായ ഇളവുകള്‍ അനുവദിച്ച ക്ഷേത്രാധികാരികള്‍
എന്തിനാണ് പുരുഷന്മാരോട് അനീതി കാട്ടുന്നത് എന്ന് മനസ്സിലാവുന്നില്ല.പൂജാരിയും
ഇതിനനുസരിച്ച് വേഷം മാറുമോ എന്ന ഭീതിയാകാം ഒരു കാരണം. ജീന്‍സും ടീ ഷര്‍ട്ടുമിട്ട്
പൂജ ചെയ്യുന്ന പൂജാരിയെ ഉള്‍ക്കൊള്ളാന്‍ എളുപ്പമാവില്ല തന്നെ. തൊഴിലുമായി
ബന്ധപ്പെട്ട ഒരു യൂണിഫോം എന്ന നിലയില്‍ പൂജാരിമാര്‍ക്ക് ഡ്രസ്സ് കോഡ്
നിശ്ചയിക്കുന്നതില്‍ തെറ്റില്ല. നമ്മുടെ കാലാവസ്ഥയ്ക്ക് അനുഗുണമായി അത്
നിശ്ചയിക്കുകയും ചെയ്യാം. തണുപ്പുകാലത്ത് ഡല്‍ഹിയിലും മറ്റുമുള്ള കേരളീയ
ക്ഷേത്രങ്ങളിലെ മലയാളികളായ പൂജാരിമാര്‍ കമ്പിളി വസ്ത്രങ്ങള്‍ ധരിച്ചാണ് പൂജ ചെയ്യുന്നതെന്ന
കാര്യവും ഓര്‍ക്കേണ്ടതുണ്ട്. ശരീര സംരക്ഷണത്തിന് ചിലപ്പോള്‍ ദൈവം പോലും തുണയാവില്ല
എന്ന തിരിച്ചറിവ് അവര്‍ക്കുണ്ട്.
നമ്പൂതിരി മതവും ക്ഷേത്രങ്ങളും അധികാരങ്ങളും
കേരള ദേശത്തെ കുറിച്ച് പരാമര്‍ശിക്കുന്ന ആദികാല ഗ്രന്ഥങ്ങളായ
ചിലപ്പതികാരത്തിലും മണിമേഖലയിലും സാമ്പത്തിക പുരോഗതി കൈവരിച്ച ഒരു
സമൂഹത്തെക്കുറിച്ചാണ് പരാമര്‍ശിച്ചിട്ടുള്ളത്. വര്‍ഷം തോറും ക്ഷേത്രങ്ങളും
തെരുവുകളും അടിച്ചു വൃത്തിയാക്കി, വര്‍ണ്ണപ്പകിട്ടോടെ അലങ്കരിച്ച് , നൃത്തവും
പാട്ടുമായി ജനങ്ങള് ആഘോഷങ്ങള് കൊണ്ടാടിയിരുന്നു. ഈ സന്ദര്ഭങ്ങളില്‍ വ്യത്യസ്ത
മതങ്ങളുടെ ആചാര്യന്മാര്‍ തങ്ങളുടെ മതത്തിന്‍റെ ആദര്‍ശങ്ങള്‍ ജനതാ മധ്യത്തില്
പ്രഭാഷണം നടത്തിയിരുന്നു. ജനങ്ങള്‍ അവരെ ആദരിച്ചു. ലോകായതം അഥവ ഭൌതികവാദം, സാഖ്യം,ന്യായം,വൈശേഷികം,പൂര്‍വ്വമീമാംസ,ബൌദ്ധം
-5-
എന്നിവയായിരുന്നു അന്നത്തെ
ഷഡ്ദര്‍ശനങ്ങള്‍. ബ്രാഹ്മണ മതത്തിന്‍റെ ഇടപെടലുകള് വളരെ പരിമിതമായിരുന്നു. മതപരമായ
സഹിഷ്ണുതയും നിലനിന്നിരുന്നു. വേട്ടുവര് കൊറ്റവൈയെയും ആയര്‍ കണ്ണനെയും കുറവര്‍
മുരുകനെയും ആരാധിച്ചുവന്നു. സരസ്വതീ ക്ഷേത്രവും നിലനിന്നിരുന്നു.
ബൌദ്ധകേന്ദ്രങ്ങളും ഇക്കാലത്ത് ധാരാളമുണ്ടായിരുന്നു. എല്ലാ മതാചാരക്കാരും
സഹിഷ്ണുതയോടെ ജിവിച്ചിരുന്ന കാലമായിരുന്നു അത്.
സംഘകാലത്ത് ദക്ഷിണേന്ത്യയില്‍ ബ്രാഹ്മണ മതം പ്രാബല്യം
പ്രാപിച്ചിരുന്നില്ല. എങ്കിലും ക്രമേണ ശൈവമത വിശ്വാസികളായ ബ്രാഹ്മണര്‍ അവരുടെ
വിദ്വത്തം കൊണ്ടും യുക്തിവിചാര പാടവം കൊണ്ടും പല രാജാക്കന്മാരെയും സ്വാധീനിച്ച്
മതപരിവര്‍ത്തനം നടത്തിയെങ്കിലും മേല്‍ക്കൈ നേടാന്‍ കഴിഞ്ഞില്ല. എഡി നാലാം
നൂറ്റാണ്ടിലാണ് ബ്രാഹ്മണരുടെ എണ്ണം ദക്ഷിണേന്ത്യയില്‍ വര്‍ദ്ധിക്കുന്നത്.
അറബിക്കടല്‍ തീരത്തും നര്‍മ്മദാ നദിക്കരയിലും താമസമാക്കിയ ഇവര്‍ക്ക് അധികാരികളില്‍
നിന്നും നല്ല സ്വാഗതമാണ് ലഭിച്ചതെങ്കിലും ക്രമേണ അവഗണിക്കപ്പെട്ടു.
കേരളത്തില്‍ മുപ്പത്തിരണ്ട് ഗ്രാമങ്ങളിലായാണ് ബ്രാഹ്മണര്‍ താമസിച്ചത്.
കേരളത്തിലെത്തിയ ഈ പ്രവാസികള്‍ പ്രാദേശിക ജനങ്ങളില്‍ ചിലര്‍ക്ക് യജ്ഞോപവീതം നല്കി
അവരെ ബ്രാഹ്മണരാക്കിയെന്ന് ഒരൈതീഹ്യമുണ്ട്. സ്കന്ദപുരാണം സഹ്യാദ്രി ഖണ്ഡത്തിന്‍റെ
ഉത്തരാര്‍ദ്ധം ഏഴാം അധ്യായത്തില്‍ പറയുന്നത് ഇപ്രകാരമാണ്.” ബ്രാഹ്മണരില്ലാതിരുന്ന ആ ദേശത്ത് പരശുരാമന്‍ ചില കൈവര്‍ത്തന്മാരെക്കൊണ്ട്
അവരുടെ ചൂണ്ടല്‍ മുറിച്ചു കളഞ്ഞ ശേഷം അതിന്‍റെ ചരടിനെ പൂണുനൂലാക്കി കഴിത്തിലണിഞ്ഞ്
അവരെ ബ്രാഹ്മണരാക്കി വാഴിക്കുകയും ക്ഷാമം വരികയില്ലെന്ന് വരം കൊടുത്ത്
വിചാരിക്കുമ്പോള്‍ വരാമെന്നു പറഞ്ഞ് പോകുകയും ചെയ്തു.” ഓത്തന്മാരെന്നും ഓത്തില്ലാത്തവരെന്നും നമ്പൂതിരിമാരില്‍ വിഭജനം
കാണുന്നതുകൊണ്ടും പല നമ്പൂതിരിമാരുടെയും ആകൃതിയും പ്രകൃതിയും ഇവിടത്തെ ദ്രാവിഡരില്‍
നിന്നും വ്യത്യസ്തമല്ലാത്തിനാലും പ്രാദേശിക ജനങ്ങളില്‍ ചിലരെ ബ്രാഹ്മണരാക്കിത്തീര്‍ത്തു
എന്ന ഐതീഹ്യം ശരിയായിരിക്കാം എന്ന് കേരളത്തിന്‍റെ സാംസ്ക്കാരിക ചരിത്രം എഴുതിയ
പി.കെ.ഗോപാലകൃഷ്ണന്‍ അനുമാനിക്കുന്നുണ്ട്. നമ്പൂതിരി എന്ന പദത്തിനു തന്നെ പുതിയ
വിശ്വാസം സ്വീകരിച്ച മാന്യന്മാര്‍ എന്നര്‍ത്ഥമുള്ളതായും വ്യാഖ്യാനമുണ്ട്.
കേരളത്തില്‍ ക്ഷേത്രങ്ങള്‍ക്ക് എല്ലാ കാലത്തും പരമ
പ്രാധാന്യമുണ്ടായിരുന്നു. എട്ടാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ കേരളം
ഭരിച്ചിരുന്ന ചേരമാന്‍ പെരുമാള്‍ കേരളത്തെ പതിനേഴ് നാടുകളായി പങ്കിട്ട് നല്കുകയും
കോയിലധികാരി അഥവാ ക്ഷേത്രഭരണത്തിന്‍റെ മേലധികാരി സ്ഥാനം നിലനിര്‍ത്തുകയും
ചെയ്തതായി രേഖകളില്‍ കാണുന്നു. രാജ്യരക്ഷക്ക് ഭടന്മാരെ നിര്‍ത്താനുള്ള അധികാരം
പോലും പ്രാദേശികമായി നല്കിക്കൊണ്ടാണ് ഈ അവകാശം
-6-
നിലനിര്‍ത്തിയത് എന്നത് പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു. മുപ്പത്തിരണ്ട്
ഗ്രാമങ്ങളിലെ നമ്പൂതിരിമാര് നാല് കഴകങ്ങളായി തിരിഞ്ഞ് അവരുടെ ആഭ്യന്തരകാര്യങ്ങള്‍
ചിട്ടയോടെ നടത്തിവന്നു. പന്തീരാണ്ട് കാലം കൂടുമ്പോള്‍ ഗ്രാമങ്ങളുടെ പൊതുസഭ ചേര്‍ന്ന്
എല്ലാ സമുദായ കാര്യങ്ങളും പര്യാലോചിച്ചുവന്നു. ജൈന-ബൌദ്ധപ്രഭവകാലത്ത് അവരുടെ
രാഷ്ട്രീയാഭിപ്രായങ്ങള്‍ക്ക് വേണ്ടത്ര ഗൌരവം കിട്ടിയിരുന്നില്ല. എങ്കിലും അവരുടെ
അഭിപ്രായം സംഘടിതമായിരുന്നു. പന്തീരാണ്ട് കാലം കൂടുമ്പോഴുള്ള പൊതുസഭയുടെ
അഭിപ്രായത്തിന് ക്രമേണ മതിപ്പുണ്ടായി വന്നു.
ശൈവ-വൈഷ്ണവ ഭക്തിപ്രസ്ഥാനങ്ങളുടെ കാലമായപ്പോള്‍ നമ്പൂതിരിമാരുടെ
പന്തീരാണ്ട് സഭയ്ക്ക് ശക്തിവര്‍ദ്ധിച്ചു. അവര്‍ രാജഭരണത്തെക്കുറിച്ച് അഭിപ്രായം
പറയുകയും രാജാവിന്‍റെ പേരില്‍ വിശ്വാസമോ അവിശ്വാസമോ രേഖപ്പെടുത്തുകയും ചെയ്യുന്ന
സ്ഥിതി വന്നു. ചേരന്മാരുടെ കേന്ദ്രഭരണം ദുര്‍ബ്ബലമായതോടെയാണ് നമ്പൂതിരി സ്വാധീനം
വര്‍ദ്ധിച്ചത്. പന്തീരാണ്ട് സഭ പാസ്സാക്കുന്ന അഭിപ്രായങ്ങള്‍ക്ക് നിര്‍ണ്ണായക
സ്വാധീനം തന്നെ കൈവന്നു. എട്ടാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധത്തില്‍
പള്ളിവാണപ്പെരുമാളെ സ്ഥാനഭ്രഷ്ടനാക്കുന്ന നിലയില്‍ അതെത്തി എന്നതാണ് ചരിത്രം.
കുലശേഖര രാജാക്കന്മാരാണ് ഭരണം കുറേക്കൂടി വ്യവസ്ഥാപിതമാക്കിയത്.
പന്തീരാണ്ട് സഭയ്ക്ക് പുറമെ ആഭ്യന്തര കാര്യങ്ങളില്‍ സ്വയംഭരണമുള്ള നാടുവാഴികളും
രാഷ്ട്രീയത്തില്‍ സ്വാധീനം ചെലുത്തുവാന്‍ തുടങ്ങിയിരുന്നു.ഇവരെല്ലാവരുമായി
കാര്യങ്ങള്‍ കൂട്ടായി ആലോചിച്ച് പൊതുനയം രൂപീകരിക്കാന്‍ കുലശേഖര രാജാക്കന്മാര്‍
തീരുമാനിച്ചു. ഇതില്‍ നമ്പൂതിരി ഗ്രാമങ്ങളുടെ അധിപതികളായ ഗ്രാമണിമാരും പതിനെട്ട്
നാടുകളിലെയും നാടുവാഴികളും മറ്റു പൌരമുഖ്യന്മാരും അഞ്ചുവണ്ണം,മണിഗ്രാമം തുടങ്ങിയ
വാണിജ്യസംഘടനാ പ്രതിനിധികളും നമ്പൂതിരി കഴകങ്ങളുടെ നേതാക്കളായ തളിയാതിരിമാരും
പങ്കെടുത്തു. ഭാരതപ്പുഴയുടെ തീരത്ത് തിരുനാവായിലായിരുന്നു സമ്മേളനം. ആഡംബരം നിറഞ്ഞ
ഈ യോഗത്തില്‍ ഭരണകാര്യങ്ങളില്‍ പൊതുനയം രൂപീകരിച്ചുവന്നു. ആഘോഷാവസാനം രാജാവില്‍
വിശ്വാസമര്‍പ്പിച്ച് ഏതാനും ചാവേറുകള്‍ ആത്മാഹൂതിയും നടത്തിവന്നു.ഇത് മഹാമഘം അഥവാ
മാമാങ്കം എന്നറിയപ്പെടാന്‍ തുടങ്ങി.ഇത് നമ്പൂതിരിമാര്‍ക്ക് ആദ്യം
സ്വീകാര്യമായില്ലെങ്കിലും ശങ്കരാചാര്യരുടെ നിര്‍ദ്ദേശ പ്രകാരം അവര്‍ ഈ സമ്പ്രദായം
അംഗീകരിച്ചു.
കുലശേഖരന്മാരുടെ ശക്തി ക്ഷയിക്കുകയും ചേര-ചോള യുദ്ധത്തെത്തുടര്‍ന്ന്
നാട്ടില്‍ അരാജകാവസ്ഥ ഉണ്ടാവുകയും ചെയ്തപ്പോള്‍ നമ്പൂതിരിമാരുടെ പ്രാബല്യം വീണ്ടും
ഉയര്‍ന്നു. നമ്പൂതിരി ഗ്രാമങ്ങള്‍ വളര്‍ന്നു വന്നത്
-7-
ക്ഷേത്രങ്ങള്‍ക്ക് ചുറ്റിലുമായിരുന്നു. ക്രമത്തില്‍ ഓരോ ഗ്രാമത്തിലും ഓരോ
ക്ഷേത്രമുണ്ടായി. പതിനൊന്നാം നൂറ്റാണ്ടിലെത്തുമ്പോള്‍ നമ്പൂതിരിമാരുടെ നാല് തളികള്‍
ഭരണത്തിന്‍റെ അവിഭാജ്യ ഘടകങ്ങളായി മാറി. ഏഴാം നൂറ്റാണ്ടിലാണ് ബുദ്ധവിഹാരങ്ങള്‍
നശിക്കാന്‍ തുടങ്ങുന്നത്. ഭോഗലാലസരായി തീര്‍ന്ന ഭിക്ഷുക്കളില്‍ ജനങ്ങള്ക്ക്
പ്രീതിയും വിശ്വസവും ഇല്ലാതായി.അവര്‍ മറ്റ് മതങ്ങളില്‍ വിശ്വസിക്കാന്‍
തുടങ്ങി.തമിഴകത്ത് ശൈവ-വൈഷ്ണവ ഭക്തിപ്രസ്ഥാനങ്ങള്‍ ശക്തിയാര്‍ജ്ജിച്ചതും
ഇക്കാലത്താണ്. കേരളത്തില്‍ വൈഷ്ണവ മതത്തിനാണ് കൂടുതല്‍ പ്രാധാന്യം ലഭിച്ചത്.
രാജകീയാധികാരം മതപ്രചാരണത്തിന് ഉപയോഗിച്ചിരുന്നു. ബുദ്ധമതത്തില് നിന്നും
കുലശേഖരാഴ്വാര്‍ വൈഷ്ണവ മതത്തിലേക്ക് മാറിയതാകാം ഇതിന്‍റെ തുടക്കമെന്നു കരുതാം.
എങ്കിലും ജൈന-ബുദ്ധമതങ്ങള്‍ കുറേക്കാലം കൂടി കേരളത്തില്‍ പിടിച്ചുനിന്നു.എട്ടാം
നൂറ്റാണ്ടിന്‍റെ ഉത്താരാര്‍ദ്ധത്തില്‍ ജീവിച്ചിരുന്ന പള്ളിവാണര്‍ ഒരു ബുദ്ധവിഹാരം
സ്ഥാപിച്ചത് ഇതിന് ഉദാഹരണമാണ്. അത് പിന്നീട് ചേരമാന്‍ പള്ളിയായി മാറി. ഈ മാറ്റം
ബുദ്ധമതം ക്ഷയിച്ച ശേഷമുണ്ടായതാകാം. പള്ളിവാണപ്പെരുമാളുടെ കാലത്ത് ബൌദ്ധമതത്തെ
കേരളത്തില്‍ നിന്നും ഓടിക്കാന്‍ വേണ്ടി രാജസന്നിധിയില്‍ വാദപ്രതിവാദം
നടത്തിയിരുന്നു. ഒരിക്കല്‍ ബൌദ്ധരും ബ്രാഹ്മണരും തമ്മില്‍ നടന്ന വാദപ്രതിവാദത്തില്‍
ആര്‍ക്കും വിജയം സിദ്ധിച്ചതായി രാജാവിന് തോന്നിയില്ല. ഒടുവില്‍ ഫണികുംഭ പരീക്ഷ നടത്തി
വിജയിയെ നിശ്ചയിക്കാന്‍ രാജാവ് തീരുമാനിച്ചു. ബൌദ്ധന്‍ കുടത്തിനുള്ളില്‍ പാമ്പാണെന്ന് പറഞ്ഞപ്പോള്‍
ബ്രാഹ്മണന്‍ താമരയാണെന്ന് മറുപടി പറഞ്ഞു. കുടം തല്ലിപ്പൊളിച്ചപ്പോള്‍ താമരയാണ്
കണ്ടത് എന്നാണ് കഥ. ബ്രാഹ്മണര്‍ ജയഭേരി മുഴക്കിയെങ്കിലും രാജാവിന് ബൌദ്ധരിലുള്ള
വിശ്വാസം നശിച്ചില്ല. ഇതിനെത്തുടര്‍ന്ന് പള്ളിവാണരെ നമ്പൂതിരിമാര്‍
സ്ഥാഭ്രഷ്ടനാക്കി എന്നും പറയപ്പെടുന്നു.
ബുദ്ധമതത്തിന്‍റെ ആദ്യഘട്ടത്തില്‍ ഉദയം ചെയ്ത താന്ത്രിക ബുദ്ധമതം
ശൈവ-വൈഷ്ണവ-ശാക്തേയ മതങ്ങളിലെ താന്ത്രികമതങ്ങളില്‍ നിന്നും വളരെയൊന്നും
വ്യത്യസ്ഥമായിരുന്നില്ല.അതിനാല്‍ താന്ത്രിക മതപ്രകാരം ആരാധന നടത്തിയിരുന്ന
ബൌദ്ധവിഹാരങ്ങളെ ഹൈന്ദവ ക്ഷേത്രങ്ങളായി രൂപാന്തരപ്പെടുത്താന്‍ എളുപ്പമായിരുന്നു.പല
കാളീക്ഷേത്രങ്ങളും ഇങ്ങനെ രൂപാന്തരപ്പെട്ടവയാണ്. കൊടുങ്ങല്ലൂര്‍ ക്ഷേത്രം
ഇക്കൂട്ടത്തില്‍ പ്രധാനപ്പെട്ട ക്ഷേത്രമായി കണക്കാക്കുന്നു.ജൈനരുടെ പത്മാവതീ
ദേവിയും ബൌദ്ധരുടെ പ്രജ്ഞാപരമിതയും പില്ക്കാലത്ത് ഹിന്ദുഭഗവതിമാരായി മാറിയെന്ന്
അനുമാനിക്കുന്നതില്‍ തെറ്റില്ല. ക്ഷേത്രങ്ങളിലെ
കുതിരകെട്ട്,രഥോത്സവം,ശാലയോട്ടം,താലപ്പൊലി,കുത്തിയോട്ടം,അന്നംകെട്ട് തുടങ്ങിയവ
ബൌദ്ധാചാരങ്ങളുടെ അവശിഷ്ടങ്ങളാണ്.
ശ്രീശങ്കരന്‍റെ അദ്വൈതദര്‍ശനമാണ് ബുദ്ധമതത്തെ ഇന്ത്യയില്‍ നിന്നും
നിഷ്കാസനം ചെയ്തത്. ഭാരതത്തില്‍ അന്ന് പ്രചാരത്തിലിരുന്ന
-8-
ഉത്കൃഷ്ടമായ എല്ലാ ചിന്താപദ്ധതികളെയും സമന്വയിപ്പിച്ചാണ് ശങ്കരന്‍
അദ്വൈതവാദമുണ്ടാക്കിയത്. അതുകൊണ്ടുതന്നെ അന്നുനിലനിന്ന ബുദ്ധ-ജൈന മതങ്ങള്‍,മീമാംസാമതം,കാപാലിക
മതം,ശൈവമതം,ശാക്തേയമതം,വൈഷ്ണവമതം തുടങ്ങിയവയെ തകര്‍ക്കാന്‍ ശങ്കരന് കഴിഞ്ഞതും.ഇത്
രാജ്യത്തിന്‍റെ ആത്മീയ ഏകീകരണത്തിന് വഴിവച്ചു. എന്നാല്‍ അതോടൊപ്പം മനുസ്മൃതിയിലെ
ജാതിവ്യവസ്ഥയ്ക്കും അയിത്താചാരത്തിനും ശങ്കരന്‍ അംഗീകാരം നല്കി. ബ്രഹ്മസൂത്രത്തിലെ
അപശൂദ്രാധികരണത്തിനെ ശങ്കരന്‍ ന്യായീകരിക്കുകയും ചെയ്തു. ശൂദ്രര്‍ക്ക് വേദാഭ്യാസം
പാടില്ലെന്നാണ് ഇതില്‍ പറയുന്നത്. ബ്രാഹ്മണ മതത്തിന്‍റെ ഹീനമായ സമീപനങ്ങള്‍ക്ക്
തുടക്കമിടുക എന്ന പാതകമാണ് ഇതുവഴി ശങ്കരന്‍ ചെയ്തത്.
ഇന്ത്യ ഹിന്ദുരാഷ്ട്രമായി മാറണമെന്നും എല്ലാ ജാതിയില്‍പെട്ടവരും ശങ്കരദര്‍ശനം
അനുസരിച്ച് ജീവിക്കണമെന്നുമുള്ള
സമീപനമായിരുന്നു ബ്രാഹ്മണരുടേത്. കേരളത്തില്‍ സംഘടിത ബ്രാഹ്മണര്‍ തങ്ങള്‍
ഇച്ഛിക്കുംവിധം നിയമങ്ങളുണ്ടാക്കി ബ്രാഹ്മണമതത്തെ കൂടുതല്‍ ശക്തമാക്കി.
ക്ഷേത്രങ്ങള്‍ വര്‍ദ്ധിക്കുകയും അവയുടെ മേല്‍നോട്ടത്തിന് കോയിലധികാരികള്‍ വരുകയും
ചെയ്തതോടെ അവരുടെ ശക്തിയും സമ്പത്തും വര്ദ്ധിച്ചു. സാമൂഹിക ജീവിതത്തിന്‍റെ
കേന്ദ്രബിന്ദുവായി ക്ഷേത്രങ്ങള്‍ മാറി. രാജാക്കന്മാരും പ്രഭുക്കളും ക്ഷേത്രങ്ങള്‍ക്ക്
ഭൂമിദാനം ചെയ്യാന്‍ തുടങ്ങിയതോടെ സമ്പത്തും വര്ദ്ധിച്ചു. ക്ഷേത്രത്തിന് നല്കുന്ന
ഭൂമിക്ക് രാജഭോഗം നല്കേണ്ടതില്ല എന്നതിനാല്‍ ദൈവപ്രീതിക്കായി പലരും ഭൂമി
ക്ഷേത്രങ്ങള്ക്ക് നല്കുന്ന രീതി
അവലംബിച്ചു. രാജഭോഗം ക്ഷേത്രത്തിന് നല്കിയാല്‍ മതി എന്നത് അവരെ സംബ്ബന്ധിച്ച്
പുണ്യകര്‍മ്മമായി.
ഇങ്ങനെ സ്വത്തിന്‍റെ അധിപതികളായി തീര്‍ന്ന ബ്രാഹ്മണര്‍ക്കൊപ്പം ചേര്‍ന്ന
ശൈവന്മാര്‍ നായര്‍ എന്ന ശൂദ്രവിഭാഗമായി അംഗീകരിക്കപ്പെട്ടു. പിന്നീട്
ഹിന്ദുമത്തില്‍ ചേര്‍ന്നവര്‍ പല ഘടകങ്ങളുടെയും അടിസ്ഥാനത്തില്‍ ഈഴവരും പുലയരും
കുറവരുമൊക്കെയായി മാറുകയായിരുന്നു. ശൂദ്രരായ നായന്മാരൊഴികെ മറ്റുള്ളവരെ
ക്ഷേത്രങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തി. എന്നാല്‍ ഹിന്ദുമതവിശ്വാസികളായിതീര്‍ന്ന
ജനവിഭാഗങ്ങളുടെ ജീവിതം ക്ഷേത്രങ്ങളെ ചുറ്റിപ്പറ്റിയുള്ളതായി തീരുകയും ചെയ്തു.
അവരുടെ കലാവിനോദങ്ങളായ കൂത്ത്,കൂടിയാട്ടം,വാര്‍ഷികോത്സവങ്ങള്‍,ദിനംപ്രതിയുള്ള
ദൈവാരാധന,വിദ്യാഭ്യാസം തുടങ്ങി എല്ലാം തന്നെ ക്ഷേത്രവുമായി ബന്ധപ്പെട്ടിരുന്നു.
ക്ഷേത്രപൂജാരിയും ഭരണാധികാരിയും നമ്പൂതിരിയായിരുന്നു. ദൈവപ്രീതി നേടിത്തരുന്ന
ഇടനിലക്കാരന്‍ എന്ന നിലയിലും വേദം വശമായവന്‍ എന്നനിലയിലും അവരെ ജനങ്ങള്‍
ആരാധിച്ചു. ഈ ക്ഷേത്രസംസ്ക്കാരത്തില്‍ നിന്നാണ് അയിത്താചാരം ഉത്ഭവിച്ചത്. ഹിന്ദുമത
വിശ്വാസികളല്ലാത്തവരെ ക്ഷേത്രത്തില് നിന്നും അകറ്റി നിര്‍ത്തി, എന്നു മാത്രമല്ല
നായന്മാര്‍ക്ക് ശേഷം ഹിന്ദുക്കളായവരെ
-9-
അവര്‍ണ്ണരാക്കി അയിത്തം കല്പ്പിച്ച് അകറ്റി നിര്‍ത്തുകയും ചെയ്തു. ഈ
തിയോക്രറ്റിക് ഭരണത്തിന്‍റെ ഉച്ചകോടിയായിലാണ് 1749ല്‍ തിരുവിതാംകൂറിനെ മാര്ത്താണ്ഡവര്‍മ്മ ശ്രീപത്മനാഭസ്വാമിക്ക് സമര്‍പ്പിച്ചത്.
ഭദ്രദീപം,മുറജപം തുടങ്ങിയ ആഘോഷങ്ങള്‍,ബ്രാഹ്മണര്‍ക്ക് നിത്യഭോജനത്തിന് ഊട്ടുപുരകള്‍,അവര്‍ക്കുള്ള
ദാനകര്‍മ്മങ്ങളുടെ അതിപ്രസരം എന്നിവയായിരുന്നു തുടര്‍ന്നുണ്ടായത്.
ക്ഷേത്രത്തിന്‍റെ അധികാരസീമയില്‍ പെട്ട സ്ഥലമായിരുന്നു സങ്കേതം.
ഇതിനുള്ളില്‍ വച്ച് ചെയ്യുന്ന കുറ്റങ്ങള്‍ക്ക് രാജാവിനെപോലും ശിക്ഷിക്കാന്‍
ക്ഷേത്രയോഗത്തിന് അധികാരമുണ്ടായിരുന്നു. ചുരുക്കത്തില്‍ രാഷ്ട്രത്തിനുള്ളില്‍
മറ്റൊരു രാഷ്ട്രമായിരുന്നു ക്ഷേത്രസങ്കേതങ്ങള്‍. കലയും കാമിനിയും തൃക്കോവിലില്‍
വിടുപണി ചെയ്തകാലം. ഇതിന്‍റെ പാരമ്യമായിരുന്നു കാര്‍ത്തികപ്പള്ളിയിലെ ‘ബെട്ടിമന ‘ നാടുവാഴിയുടെ
വിളംബരം.അതിങ്ങനെയായിരുന്നു. “ നമ്മുടെ രാജ്യത്ത് സ്വജാതിയിലോ ഉയര്ന്ന ജാതിയിലോ
പെട്ട പുരുഷന് വശംവദയാകാത്ത സന്മാര്‍ഗഹീനകളായ സ്ത്രീകള്‍ ഉണ്ടെങ്കില്‍ അവരെ ഉടന്‍
വധിക്കേണ്ടതാകുന്നു. “
ഭക്തിപ്രസ്ഥാനവും പുരോഗമന കാലവും
എഴുത്തച്ഛന്‍റെ ഭക്തിപ്രസ്ഥാനം വന്നില്ലായിരുന്നെങ്കില്‍ നാട്ടിലെ അവര്‍ണ്ണര്‍
മുഴുവനും ഇസ്ലാം മതമോ ക്രിസ്തുമതമോ സ്വീകരിച്ചേനെ എന്നതില്‍ സംശയമില്ല.
എഴുത്തച്ഛനും ശിഷ്യരും ഗുരുമഠങ്ങള്‍ സ്ഥാപിച്ച് നായന്മാര്‍ക്ക് വിദ്യാഭ്യാസം
നല്കി. ജനങ്ങളെ ഒരു പുതിയ ലോകത്തിലേക്ക് ഉയര്‍ത്തുവാനും അവരില്‍ കര്‍മ്മചൈതന്യം
പകരുവാനും അതിന് കഴിഞ്ഞു. ജാതിവ്യവസ്ഥയേയും ഫ്യൂഡലിസത്തിന്‍റെ മതാധിപത്യത്തേയും
അത് ബലഹീനമാക്കി. ഫ്യൂഡല്‍ വിരുദ്ധ സമരങ്ങള്‍ക്ക് പ്രചോദനവും നല്കി. എങ്കിലും
സാമൂഹിക സാമ്പത്തിക വ്യവസ്ഥിതിയിലെ പൊരുത്തക്കേടുകളുടെ യഥാര്‍ത്ഥ കാരണങ്ങള്‍
കണ്ടെത്താനോ മനുഷ്യയാതനകള്‍ക്ക് മൌലികമായ പരിഹാരം നിര്ദ്ദേശിക്കാനോ അതിന്
കഴിഞ്ഞില്ല.എങ്കിലും ബ്രാഹ്മണമേധാവിത്വത്തില്‍ നിന്നും സമൂഹത്തെ സവര്‍ണ്ണമേധാവിത്വത്തിലെത്തിക്കാന്‍
അതിന് കഴിഞ്ഞു. നായര്‍ സമുദായത്തില്‍ നിന്നും നാടുവാഴികള്‍ ഉദയം ചെയ്തു.
ഗ്രാമങ്ങള്‍ ഇവരുടെ അധീനതയിലായി. എന്നിട്ടും നമ്പൂതിരിമാരുടെ കുത്തഴിഞ്ഞ
ലൈംഗികജീവിതത്തിന് അമ്പലവാസികളും മറ്റ് നായര്‍ സ്ത്രീകളും വിധേയരായി.
മിഷനറി പ്രവര്‍ത്തനങ്ങള്‍ സജീവമായ കാലത്ത് മതംമാറ്റവും വേഗത്തിലായി.
അഹിന്ദുക്കള്‍ക്ക് പൊതുനിരത്തിലും ക്ഷേത്രപരിസരത്തും പൊതുഇടങ്ങളിലും
നിരോധനമില്ലാതിരുന്നതിനാല്‍ അയിത്തജാതിക്കാര്‍ കൂട്ടമായി ക്രിസ്ത്യാനികളായി മാറി.
ഇതിന് തടയിടുന്നവിധം
-10-
വിപ്ലവകരമായ മാറ്റമുണ്ടായത് നാണുഗുരു അരുവിപ്പുറത്ത് ശിവലിംഗപ്രതിഷ്ഠ
നടത്തിയതോടെയാണ്. ഏഴാം നൂറ്റാണ്ടില്‍ തുടങ്ങിയ ബ്രാഹ്മണപൌരോഹിത്യത്തെ പൂര്‍ണ്ണമായും
ഇല്ലായ്മ ചെയ്യാന്‍ ഗുരുവിന്‍റെ പ്രവര്‍ത്തനം ഉപകരിച്ചു. തുടര്‍ന്ന്
നിദ്രാവസ്ഥയിലായിരുന്ന അവശ സമുദായങ്ങള്‍ സ്വന്തം സംഘടന,വിദ്യാഭ്യാസ
സ്ഥാപനം,ക്ഷേത്രം,വായനശാല,വ്യവസായം,ആചാരപരിഷ്ക്കാരങ്ങള്‍ എന്നിവയുമായി ഒരു
മുന്നേറ്റം തന്നെ നടത്തി.
ചാത്തന്‍,ചാമുണ്ഡി,മാടന്‍,പൂതത്താന്‍,ചുടലമാടന്‍ തുടങ്ങിയ ദുര്‍മൂര്‍ത്തികളെ
ആരാധിച്ചിരുന്ന അവശവര്‍ഗ്ഗങ്ങള്‍ സദൈവങ്ങളെ ആരാധിക്കാന്‍ തുടങ്ങി. കള്ളും ചാരായവും
ബലിയും നല്കിയുള്ള ആരാധന ഒഴിവാക്കി. നൂറിലേറെ ക്ഷേത്രങ്ങളാണ് ഗുരു സ്ഥാപിച്ചത്.
നായര്‍ സമുദായത്തില്‍ ജനിച്ച ചട്ടമ്പി സ്വാമികള്‍ ഗുരുവിന് അകമഴിഞ്ഞ പിന്‍തുണ
നല്കി. അനേകം നായന്മാര്‍ ശ്രീനാരായണ ശിഷ്യരായി.ഗുരുവിന്‍റെ ക്ഷേത്രനിര്‍മ്മാണ
പദ്ധതിയുടെ പ്രേരണയില്‍ നായന്മാരും സ്വന്തമായി ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ച്
മണിയടിച്ച് പ്രാര്ത്ഥിക്കുവാനുള്ള അവകാശം നേടി.
അജ്ഞതകളും അനാചാരങ്ങളും നിലനിന്നിരുന്ന ക്ഷേത്രങ്ങളില്‍ വിശ്വാസികളെ
രണ്ടായി തിരിച്ചിരുന്നു. ക്ഷേത്രമതിലിനുള്ളില്‍ കടക്കാവുന്നവരും അകലെ
നില്ക്കേണ്ടവരും. അകത്ത് കടക്കുന്നവര്‍ക്ക് ജാതിക്രമമനുസരിച്ചാണ് സ്ഥലം
അനുവദിച്ചിരുന്നത്. അതില്‍ അവസാന ജാതി നായരായിരുന്നു. പുറത്തുനില്ക്കുന്നവരില്‍
പ്രാമാണികര്‍ ഈഴവരായിരുന്നു. അവരുടെ സ്ഥാനം ക്ഷേത്രത്തില്‍ നിന്നും പന്ത്രണ്ടടി
ദൂരെയായിരുന്നു. ഏറ്റവും അകലെ നിന്നവര്‍ ഗിരിജനങ്ങളും. അവര്‍ക്ക് അറുപത്തിനാലടി
ദൂരമാണ് വിധിച്ചിരുന്നത്. ഇതിനിടയില്‍ രണ്ട് മൂന്നടി വ്യത്യാസത്തില്‍ മറ്റു
ജാതികളും ഇടം പിടിച്ചു. ഈ ഗണനയില്‍ അവര്‍ തൃപ്തരുമായിരുന്നു. ക്ഷേത്രത്തിന് വളരെ
അകലെ സര്‍ക്കാര്‍ തന്നെ തീണ്ടല്‍ പലകളും സ്ഥാപിച്ചിരുന്നു. തീണ്ടല്‍ ജാതിക്കാര്‍ ഈ വഴിയെ സഞ്ചരിച്ചുകൂടാ എന്നായിരുന്നു പലകയില്‍
രേഖപ്പെടുത്തിയിരുന്നത്. മറ്റു ജാതിക്കാര്‍ക്ക് തടസ്സമുണ്ടായിരുന്നുമില്ല.
മനുഷ്യരെല്ലാം ഒരു ജാതിയാണെന്ന ശാസ്ത്രീയസിദ്ധാന്തം അവതരിപ്പിക്കുകയും
അത് നടപ്പില് വരുത്തുവാനുമായി മനുഷ്യന്‍റെ മതം,വേഷം,ഭാഷ എന്നിവ എങ്ങനെയായാലും അന്യോന്യം
വിവാഹവും പന്തിഭോജനവും ആകാമെന്നും മാര്‍ഗ്ഗനിര്‍ദ്ദേശം നല്കിയത് ഗുരുദേവനാണ്. അത്
സമൂഹത്തില്‍ പലരും വിപ്ലവകരമായ നിലയില്‍ നടപ്പിലാക്കുകയും ചെയ്തു. അവര്‍ണ്ണര്‍ക്ക്
ക്ഷേത്രപ്രവേശനം അനുവദിക്കാനുള്ള ശക്തമായ സമരങ്ങള്‍ക്ക് പ്രചോദനമായ പല പുരോഗമന
ചിന്തകളും അക്കാലത്ത് ഉടലെടുത്തു. ഇരുപത് മാസം നീണ്ട വൈക്കം സത്യാഗ്രഹവും പത്ത്
മാസം നീണ്ട ഗുരുവായൂര്‍ സത്യാഗ്രഹവും ഇതിന്‍റെ ഭാഗമായിരുന്നു. തുടര്‍ന്ന്
-11-
1936ല്‍ സി.പി.രാമസ്വാമി ദിവാനായപ്പോള്‍ തിരുവിതാംകൂറിലെ എല്ലാ
ക്ഷേത്രങ്ങളിലും അവര്‍ണ്ണര്‍ക്ക് പ്രവേശനം നല്കി മഹാരാജാവിന്‍റെ വിളംബരം ഇറക്കിച്ചു.
രാജ്യമൊട്ടുക്കും ദേശാഭിമാനികള്‍ ഈ ധീരമായ നടപടിയെ സ്വാഗതം ചെയ്തു.
അനിവാര്യമായ മാറ്റം
ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് പലവിധ മാറ്റങ്ങളും തുടര്‍ന്നുണ്ടായി.
പൂജചെയ്യാനുള്ള അവകാശമുള്‍പ്പെടെ തൊഴിലുകള് ജനാധിപത്യപരമായി. ക്ഷേത്രചാരങ്ങള്‍
ഒന്നും തന്നെ അവസാനവാക്കല്ല എന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു. അനാചാരങ്ങളില്‍
പലതിനും മാറ്റം വരുത്താന്‍ പ്രക്ഷോഭങ്ങളിലൂടെ വിശ്വാസികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
ഇനിയുമേറെ മാറാനുണ്ട്. അതിലൊന്നാണ് പുരുഷന്മാരോടുള്ള വേറിട്ട സമീപനം. ഉഷ്ണമേഖലയില്‍പെട്ട
കേരളത്തില്‍ ഉയര്‍ന്ന താപനിലയും ഈര്‍പ്പവും നിലനില്ക്കുമ്പോള്‍ , തിരക്കുള്ള
ക്ഷേത്രങ്ങളില്‍ ,വിയര്‍ത്തു കുളിച്ച മനുഷ്യര്‍ പരസ്പ്പരം ശരീരം ചേര്‍ന്ന്
,ദൈവത്തെ കാണാന്‍ നില്ക്കുമ്പോള്‍,തീര്‍ച്ചയായും ഭക്തിയേക്കാള്‍ കൂടുതലായി ,ഈ
അഴുക്കുകളില്‍ നിന്നും പുറത്തുചാടാന്‍ കഴിയണേ എന്ന ചിന്തയാകും മുന്നിട്ടുനില്ക്കുക.
വ്യത്യസ്തങ്ങളായ വിയര്‍പ്പുഗന്ധങ്ങളും ത്വക്ക് രോഗങ്ങളുമൊക്കെയായി പരസ്പ്പരം
അറിയാത്ത മനുഷ്യര്‍ ഒന്നിച്ചു നില്ക്കേണ്ടി വരുന്ന അവസ്ഥ ദയനീയമാണ്. സ്വന്തം ശരീരം
മറ്റുള്ളവര്‍ നഗ്നമായി കാണണമോ വേണ്ടയോ എന്നത് ഓരോ വ്യക്തിയുടെയും താത്പ്പര്യത്തിന്
അനുസരിച്ചായതിനാല്‍ ,ക്ഷേത്രത്തില്‍ കയറുമ്പോള്‍
മേല്‍വസ്ത്രം ധരിക്കണമോ വേണ്ടയോ എന്നത് തീരുമാനിക്കാനുള്ള അവകാശവും അവനവനു തന്നെ വിട്ടുനല്കാനുള്ള നടപടി
അധികൃതര്‍ സ്വീകരിക്കേണ്ടതുണ്ട്. പുരുഷന്മാര്‍ക്ക് മാത്രം അയിത്തം കല്പ്പിക്കുന്ന
വ്യവസ്ഥിതി ശരിയാണോ എന്ന് പുരോഗമനേച്ഛുക്കളായ വിശ്വാസികളും ചിന്തിക്കേണ്ടതുണ്ട്.
No comments:
Post a Comment