Wednesday, June 26, 2013

താര്‍ മരുഭൂമിയിലെ ഹേമന്തരാത്രികള്‍
നവംബറിലെ താര്‍ മരുഭൂമി ഉരുകിത്തിളയ്ക്കുകയായിരുന്നില്ല. തണുപ്പിന്‍റെ പ്രഭാതവും രാവും സമ്മാനിച്ച് ഇളംചൂടിലെ പകലും പൊടിക്കാറ്റുമായി അവള്‍ സന്ദര്‍ശകരെ സ്വീകരിക്കാന്‍ ഒരുങ്ങി നില്ക്കുകയാണ്. സായാഹ്നത്തില്‍ നൂറുകണക്കിന് ഒട്ടകങ്ങള്‍ സവാരിക്ക് തയ്യാറായി നില്ക്കുന്ന കാഴ്ച മനോഹരം. സ്വദേശികളും വിദേശികളുമായ നൂറുകണക്കിന് സന്ദര്‍ശകര്‍ മരുഭൂമിയിലെ അസ്തമയ സൂര്യനെ കാണാന്‍ ഒട്ടകമേറുന്നു. കുന്നും തടവും കയറിയിറങ്ങി കുലുങ്ങിയുള്ള യാത്ര അവസാനിക്കുന്നിടത്ത് ,വലിയ നെറ്റിത്തടത്തിലെ ചുവന്ന പൊട്ട് വേഗത്തില്‍ താണുതാണ് ഇല്ലാതാകുമ്പോഴും വെളിച്ചം അവസാനിക്കുന്നില്ല. കാഴ്ചയുടെ തുടര്‍ച്ചയെന്നവിധം അടുത്ത പ്രഭാതത്തില്‍ അഞ്ചു കിലോമീറ്റര്‍ നടന്ന് ഉദയ സൂര്യനെ കാണാനും അനേകം പേര്‍ എത്തിയിരുന്നു സാന്‍ഡ് ഡ്യൂണ്‍സിലേക്ക്.










ഒട്ടകച്ചാണകം ഭക്ഷണമാക്കുന്ന വണ്ടുകളുടെ രാത്രിയാത്രയുടെ അടയാളങ്ങളാണ് എവിടെയും. അവര്‍ വരച്ചിട്ട ചിത്രങ്ങള്‍ക്ക് മാറ്റുകൂട്ടുന്ന വരകളും വര്‍ണ്ണങ്ങളും തീര്‍ത്ത് മരുക്കാറ്റും ഒപ്പമുണ്ടായിരുന്നു. ഒട്ടകസവാരിയേക്കാള്‍ അനുഭവസമ്പന്നമാണ് ജീപ്പുയാത്ര. ജീപ്പ് ഡ്രൈവര്‍ ഷറീഫ് അതിര്‍ത്തി ജില്ലയില്‍ നിന്നുള്ള ആളാണ്. നല്ല സംസാരപ്രിയന്‍. അതിര്‍ത്തിയിലെ മണലില്‍ പച്ചക്കറികള്‍ ഒന്നും തന്നെ ഉണ്ടാകില്ല. കാലിവളര്‍ത്തി ജീവിക്കുന്ന മനുഷ്യര്‍. ഒരു പക്ഷെ ജലത്തേക്കാള്‍ സമൃദ്ധം പാലാണെന്നു പറയാം. ആടുകളും പശുക്കളും സ്വതന്ത്രമായി മേയുന്ന നാട്. തൈരും പാലുല്പ്പന്നങ്ങളും മാത്രമുള്ള അവിടെ പുറംലോകം കാണുന്ന അപൂര്‍വ്വം ആളുകളില്‍ ഒരുവനാണ് ഷറീഫ്. അയാള്‍ പച്ചക്കറികള്‍ ആദ്യമായി വീട്ടില്‍ കൊണ്ടുവന്നപ്പോള്‍ ആത് കാണാനും കറിവച്ചപ്പോള്‍ രുചിക്കാനും ഗ്രാമം ഒന്നാകെ വന്ന കഥ അയാള്‍ സരസമായി പറഞ്ഞു കേള്‍പ്പിച്ചു. മരുഭൂമിയില്‍ യാത്ര ചെയ്യുമ്പോള്‍ വണ്ടിയുടെ ടയറില്‍ കാറ്റ് കുറവായിരിക്കണം. ഷെറീഫ് ജീപ്പിന്‍റെ കാറ്റ് പാകമാക്കി. മണല്‍കൂനകളിലൂടെയും ഇറക്കങ്ങളിലൂടെയും വേഗത്തില്‍ വാഹനം ഓടിക്കുന്നതിന് പ്രത്യേക വൈദഗ്ധ്യം തന്നെ വേണം. കിലോമീറ്ററുകള്‍ മണലിലൂടെയുള്ള യാത്ര. ഞങ്ങള്‍ മണലില്‍ ഇറങ്ങിയും കുന്നുകള്‍ ചാടിയും മറിഞ്ഞും കുട്ടികളായ നിമിഷങ്ങള്‍. ജലാശയത്തിന് കുവ എന്നാണ് പറയുക. മരുഭൂമിയിലൂടെ ജലം തേടിപ്പോകുന്ന ഒരു കുടുംബത്തിലെ പെണ്‍കുട്ടി ഞങ്ങളോട് അവരുടെ ഭാഷയില്‍ ചോദിച്ചതെന്തെന്ന് മനസ്സിലാക്കാന്‍ ഏറെ ബുദ്ധിമുട്ടി.അത്  പേനയാണെന്ന് മനസ്സിലാക്കിയപ്പോള്‍ സന്തോഷത്തോടെ ഹരീന്ദ്രന്‍ പേന നീട്ടി.അവളത് വാങ്ങാന്‍ തുടങ്ങുമ്പോള്‍ അമ്മ വിലക്കി. ഒടുവില്‍ അവളുടെ സഹോദരന്‍ വന്ന് പേന വാങ്ങിപോയി.അവള്‍ തിരിഞ്ഞുനോക്കി ചിരിച്ചു. പാവം കുട്ടി,അവളത് ഉപയോഗിക്കുന്നുണ്ടാകുമോ? അവള്‍ സ്കൂളില്‍ പോകുന്നുണ്ടോ? ആര്‍ക്കറിയാം അവിടെ എന്താണ് സംഭവിക്കുന്നതെന്ന്. ആ കുട്ടിയുടെ മുഖം മനസ്സില്‍ മായാതെ നില്ക്കുന്നു.


തുടര്‍ന്നുള്ള യാത്ര റഫ്യൂജി സിനിമ ഷൂട്ടുചെയ്ത ലൂണ ഗാവ് വഴിയായിരുന്നു. അവിടത്തെ സ്ത്രീകളുടെ ചിത്രം ആരോ ഇന്‍റര്‍നെറ്റില്‍ കൊടുത്തത് കാരണം നാട്ടുകാര്‍ ക്യാമറ വിലക്കിയിരിക്കയാണ് എന്ന് ഷറീഫ് പറഞ്ഞു. മരുഭൂമിവാസികളുടെ ഭാഷ മാര്‍വാടിയാണ്. എങ്കിലും ടൂറിസ്റ്റുകളില്‍ നിന്നും അവര്‍ ഹിന്ദി മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു. മുസ്ലീങ്ങളാണ് ഭൂരിപക്ഷമെങ്കിലും ഹിന്ദു-മുസ്ലിം ഐക്യം വളരെ മെച്ചപ്പെട്ടതാണ്. രാഷ്ട്രീയക്കാരും മതമേലധ്യക്ഷന്മാരും അത് നശിപ്പിക്കാന്‍ ശ്രമിക്കാറുണ്ടെങ്കിലും ഞങ്ങള്‍ അതിന് ഇടകൊടുക്കില്ല എന്നാണ് ഷറീഫ് പറഞ്ഞത്. മദ്യഷാപ്പുകള്‍ക്ക് യാതൊരു ക്ഷാമവുമില്ലാത്ത ഗ്രാമങ്ങളില്‍ ചില ഹിന്ദുസഹോദരന്മാര്‍ മദ്യപിച്ച് പ്രശ്നമുണ്ടാക്കുകയും മുസ്ലീങ്ങളെ അധിക്ഷേപിക്കുകയുമൊക്കെ ചെയ്യുമെങ്കിലും അവര്‍ അത് കേട്ടില്ലെന്ന് നടിക്കും. അവനല്ലല്ലോ ഉള്ളില്‍ കിടക്കുന്ന വിഷമല്ലെ സംസാരിക്കുന്നത് എന്ന സമീപനമാണ് ഞങ്ങള്‍ക്ക് എന്ന് ഷറീഫ് പറയുന്നു. 


വിദ്യാഭ്യാസം ചെയ്യാന്‍ അഞ്ചാം ക്ലാസ്സ് വരെയുള്ള ഒരു സ്കൂളും സം വില്ലേജില്‍ പന്ത്രണ്ട് വരെയുള്ള സ്കൂളുമുണ്ട്. എങ്കിലും ഭൂരിഭാഗവും അഞ്ചാം ക്ലാസ്സില്‍ പഠനം ഉപേക്ഷിക്കുന്നു. പഠനം കൊണ്ട് ഉപജീവനമാകില്ലല്ലോ എന്നതാണ് സമീപനം.
സമാ ഫക്കീറിന്‍റെ നാമത്തിലാണ് സം വില്ലേജ് അറിയപ്പെടുന്നത്.സമാ ഫക്കീര്‍ ഒരിക്കല്‍ ഗ്രാമത്തില്‍ വന്ന് കുതിരയ്ക്കും തനിക്കും ജലം ആവശ്യപ്പെട്ടെന്നും ഗ്രാമമുഖ്യന്‍ തന്‍റെ കുതിര ഉള്‍പ്പെടെ എല്ലാവര്‍ക്കും ജലം നല്കിയശേഷമെ സമാ ഫക്കീറിനെ ശ്രദ്ധിച്ചുള്ളുവെന്നും ഒരു കഥയുണ്ട്. ഒടുവില്‍ ഫക്കീര്‍ നടന്നുപോകുമ്പോള്‍ അവിടെ ജലം വറ്റി. നാട്ടുപ്രമാണി ഫക്കീറിനെ ചെന്നുകണ്ട് മാപ്പപേക്ഷിച്ചു. ശേഷം ഫക്കീര്‍ നിര്‍ദ്ദേശിച്ച ഇടത്ത് കിണര്‍ കുഴിച്ച് ജലമെടുത്തു. ഇന്നും അവിടെനിന്നു ലഭിക്കുന്ന ജലമാണ് നാട്ടുകാര്‍ക്കുള്ള കുടിവെള്ളം. ഒരിക്കലും ജലസേചനത്തിന് ഉപയോഗിക്കുകയോ പമ്പ് ചെയ്തെടുക്കുകയോ ചെയ്യാന്‍ പാടില്ലെന്നാണ് നിയമം. ഒരു കിണറില്‍ നിന്നും പമ്പുവച്ച് വെള്ളമെടുത്തതിനാല്‍ അത് വറ്റിപ്പോയി. ഇപ്പോള്‍ മുബാറക് കോരി വീടുകളില്‍ എത്തിക്കുന്ന ജലമാണ് നാട്ടുകാരുടെ പാനീയം.ഗ്രാമത്തിലെ ജല അതോറിറ്റിയാണ് മുബാറക്. നിറഞ്ഞ പുഞ്ചിരിയുമായി അഗാധതയില്‍ നിന്നും ഊറിവരുന്ന ജലം കോരിയെടുക്കുകയാണ് അയാള്‍. ജലത്തിന്‍റെ  സ്വാദ് ഞങ്ങളും പരിശോധിച്ചു.ശുദ്ധം, രുചികരം. അറുപതടി താഴ്ചയുണ്ട് കിണറിന്, അതുപോലെ ആഴമുള്ള മനസ്സാണ് മുബാറക്കിന്‍റെയും. 






രാംഗഡില്‍ നിന്നും അറുപത് കിലോമീറ്റര്‍ അകലെയാണ് അതിര്‍ത്തി പ്രദേശമായ ലോംഗെവാല. രാംഗഡില്‍ ചായകുടിക്കാന്‍ കയറിയപ്പോഴാണ് മല്‍ദു കാ റാമിന്‍റെ ചിത്രമെടുത്തത്. അനേകം ചുളിവുകള്‍ വീണ മുഖവും വര്‍ണ്ണാഭയാര്‍ന്ന തലപ്പാവും ചിരിയുമായി മല്‍ദു കാ റാം ചിത്രത്തിന് പോസുചെയ്തു. പ്ലാക്റ്റിക് കവറില്‍ ചായ വാങ്ങിപ്പോകുന്ന കാഴ്ചയും പുതുമയുള്ളതായി. ലോംഗവാലയിലേക്ക് യാത്ര ചെയ്യുമ്പോള്‍ അനന്തമായ പ്രപഞ്ചത്തിന്‍റെ അകത്തേക്കാണ് പോകുന്നതെന്നുതോന്നും. കടലിന്‍റെ നടുക്കെത്തിയ കപ്പലിലെ അതേ അനുഭവമായിരുന്നു  ബിഎസ്സ്എഫിലെ ഹെഡ്കോണ്‍സ്റ്റബിള്‍ രാജു ഓടിക്കുന്ന ഇന്നോവയില്‍ ഞങ്ങള്‍ക്കും അനുഭവപ്പെട്ടത്. ഇരുവശവും കുറ്റിച്ചെടികള്‍ മാത്രമുള്ള പരന്ന ഭൂതലം.വേഗത്തിലോടുന്ന വാഹനങ്ങള്‍ കൊന്നിട്ട ജീവികള്‍ സ്ഥിരകാഴ്ച. ഒരിക്കല്‍ ഒരു ചൂടുകാലത്ത് ഈ റോഡിലൂടെ പോയ വാഹനം ടയര്‍പൊട്ടി വഴിയിലായി. കൈയ്യിലുണ്ടായിരുന്ന ജലവും തീര്‍ന്നു, ബന്ധപ്പെടാന്‍ മാര്‍ഗ്ഗവുമില്ല.മൊബൈലും സിഗ്നല്‍ ടവറുകളും വരുന്നതിനുമുന്‍പുള്ള കാലം. ദാഹത്തിന്‍റെ തീവ്രമായ വേദനയില്‍ ഉരുകിയുരുകി അവര്‍ മരണപ്പെട്ട കഥ രാജു വിവരിച്ചപ്പോള്‍ ഞങ്ങള്‍ അറിയാതെ ഞെട്ടി, ആ ഓര്‍മ്മയില്‍ നിശബ്ദരായി.

         1971 ഡിസംബര്‍ നാലിന് തുടങ്ങി പതിനേഴിന് അവസാനിച്ച ഇന്ത്യ-പാക് യുദ്ധത്തില്‍ പാകിസ്ഥാന്‍ സേന അതിക്രമിച്ച് എത്തിയ ഇടമാണ് ലോംഗെവാല. ജയ്സാല്‍മേര്‍ ഒരുരുള പോലെ പാകിസ്ഥാന്‍റെ വായില്‍ തിരുകി വച്ചിരിക്കുന്ന ഇടമായതിനാല്‍ മൂന്നുവശത്തുനിന്നുമായിരുന്നു ആക്രമം. അതിര്‍ത്തിക്കല്ല് ഇളക്കി മുപ്പത്തിയഞ്ച് കിലോമീറ്ററോളം കയറി ലോംഗെവാലെയില്‍ സ്ഥാപിച്ചു അവര്‍. നൂറു പട്ടാളക്കാരുമായി ബ്രിഗേഡിയര്‍ ബി.പി.എസ്സ്.ഖടിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിരോധത്തിനൊടുവില്‍ പാകിസ്ഥാന്‍ ടാങ്കുകള്‍ ഉപേക്ഷിച്ച് തിരിച്ചോടി. ഉപേക്ഷിച്ച ടാങ്കുകള്‍ ഓര്‍മ്മയുടെ ബാക്കിപത്രം പോലെ ഇന്ത്യന്‍ പട്ടാളം സംരക്ഷിക്കുന്നു.ആ ടാങ്കുകളില്‍ കയറി നിന്നപ്പോള്‍ ഉജ്ജ്വലമായ ഒരു പോരാട്ടത്തിന്‍റെ മുഴക്കം ഞങ്ങള്‍ക്ക് അനുഭവപ്പെട്ടു. അന്ന് നാടിനുവേണ്ടി ബലിയര്‍പ്പിക്കപ്പെട്ടത് നാല്പ്പത്തിയഞ്ച് ദേശാഭിമാനികളെയായിരുന്നു.അവിടെനിന്നും ഗംനേവാല വഴി തനോജിലേക്ക്. തനോജില്‍ നിന്നും വീണ്ടും വിജനപാതയിലൂടെ യാത്രചെയ്താലെ 609 ബബ്ലിയന്‍ പോസ്റ്റിലെത്തു. അവിടെ നമ്മുടെ അതിര്‍ത്തി അവസാനിക്കുന്നു. കമ്പിവേലിക്കപ്പുറം അപായമേഖല. ഇന്ത്യക്കാരനായാലും  പാകിസ്ഥാന്‍കാരനായാലും അവിടേക്ക് മുന്‍കൂര്‍ അനുമതിയില്ലാതെ പോയാല്‍ മരണം ഉറപ്പ്. ദൂരെ ഒരു പില്ലര്‍.അത് പാകിസ്താന്‍റെ അതിര്‍ത്തി.അവര്‍ വേലിയൊന്നും കെട്ടിയിട്ടില്ല. നമ്മുടെ അതിര്‍ത്തി കാക്കുന്നതിന് അപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്നത് ഒരു മലയാളിയും ഒരു ഒറീസ്സക്കാരനും. അവിടെ ഏകാന്തതയില്‍ ആറുമണിക്കൂര്‍ വീതം ,ഒന്നര വയസ്സ് പ്രായമുള്ള മകളെയും ഭാര്യയെയും ഓര്‍ത്ത് നെടുവീര്‍പ്പിട്ട് കഴിഞ്ഞുകൂടുന്ന ചെറുപ്പക്കാരന്‍റെ മുഖത്ത് പ്രതീക്ഷകളേക്കാള്‍ നിര്‍വ്വികാരതയാണ് ഞങ്ങള്‍ കണ്ടത്.

              മാതേശ്വരി ശ്രീ തനോജ് റായ് മന്ദിര്‍ പുതുക്കി പണിതിട്ട് അധികമായില്ല. രമണ്‍ ശ്രീ വാസ്തവ ബിഎസ്സ്എഫ് തലവനായിരുന്ന കാലത്താണ് നടന്നത്. ക്ഷേത്രത്തിനുള്ളിലും പാക് ആക്രമണകാലത്ത് പൊട്ടാതെ വീണ മിസൈലുകളുടെ കഷണങ്ങള്‍ സൂക്ഷിച്ചുവച്ചിരിക്കുന്നു.ഓര്‍മ്മകള്‍ മായാതിരിക്കാന്‍ ,അതിനെ രാകി പുതുക്കാനുള്ള ഒരു രീതി. പാക് ആക്രമണത്തില്‍ ക്ഷേത്രം തകര്‍ന്നെങ്കിലും വിഗ്രഹം നശിച്ചില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. അവിടെനിന്നും മടങ്ങും വഴി മനുഷ്യര്‍ ഉപേക്ഷിച്ച ഒരു ഗ്രാമം കണ്ടു. ഇവിടെയാണ് ഖണ്ഡിയാലി മാതാ മന്ദിര്‍. ഈ ക്ഷേത്രം ആക്രമിച്ച പാകിസ്ഥാന്‍ പട്ടാളക്കാര്‍ അന്ധരായി മാറി എന്ന് നാട്ടുകാര്‍ വിശ്വസിക്കുന്നു.
മരുഭൂമിക്ക് ഒരു വലം വച്ച് ഞങ്ങള്‍ വീണ്ടും രാംഗഡിലെത്തി.അവിടത്തെ ദൂരദര്‍ശന്‍ ഹൈപവര്‍ ട്രാന്‍സ്മിറ്റര്‍ സ്റ്റേഷന്‍ കോണ്‍ക്രീറ്റില്‍ തീര്‍ത്ത കുത്തബ്മിനാര്‍ പോലെ ഉയര്‍ന്നു നില്ക്കുന്നത് ഞങ്ങളെ അട്ഭുതപ്പെടുത്തി. ജയ്സാല്‍മീറില്‍ മടങ്ങിയെത്തുമ്പോള്‍ ഇരുട്ട് വീണുതുടങ്ങിയിരുന്നു. പടുകൂറ്റന്‍ കോട്ട രണ്ടുദിവസമായി കാഴ്ചയിലുണ്ടായിരുന്നെങ്കിലും കയറിയത് അപ്പോഴാണ്.പക്ഷെ,കോട്ട ഞങ്ങളെ നിരാശപ്പെടുത്തി. ഒരു ജനവാസ കേന്ദ്രം. കോട്ടയ്ക്കുള്ളില്‍ കടകള്‍,ഹോട്ടലുകള്‍,വീടുകള്‍, ഇടവും വലവും പായുന്ന വാഹനങ്ങള്‍. കഷ്ടം,ആര്‍ക്കയോളജി വകുപ്പ് ഇങ്ങനെയും കോട്ടകള്‍ സംരക്ഷിക്കാറുണ്ട് എന്ന അവസ്ഥ സങ്കടകരം. 



തലേരാത്രിയില്‍ മരുഭൂമിയിലെ താര്‍ റിസോര്‍ട്ടിലെ ടെന്‍റിലെ താമസവും പാനവും തീറ്റയും രാത്രിയിലെ ഫോക്ക് സംഗീതവും നൃത്തവുമൊക്കെ ഒരു സ്വപ്നമായിരുന്നുവോ എന്ന തോന്നലുണ്ടായിരുന്നു. രണ്ട് പെഗ് വോഡ്കയും കൊതിയൂറുന്ന മട്ടണ്‍ കറിയും കഴിച്ച് ബിഎസ്സഎഫ് ഗസ്റ്റ്ഹൌസില്‍ സുഖമായുറങ്ങുമ്പോള്‍ ലൌദ്രവപൂരിലെ ജൈനക്ഷേത്രത്തിലെ ശില്പ്പങ്ങള്‍ ഓര്‍മ്മയിലേക്ക് വന്നു. മുഹമ്മദ് ഗോറിയുടെ ആക്രമണത്തെ അതിജീവിച്ച ക്ഷേത്രമാണത്. ജൈനന് പുറമെ ഭൈരവനും നാഗവും കുടിയിരിക്കുന്നിടം. അഞ്ഞൂറുവര്‍ഷം പഴക്കമുള്ള ക്ഷേത്രത്തിലെ പ്രതിമ സാളഗ്രാമത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. സ്വര്‍ണ്ണം ഉരച്ചു നോക്കുന്ന കല്ലാണ് സാളഗ്രാമമെന്ന് പൂജാരി പറഞ്ഞുതന്നു. കല്പ്പവൃക്ഷം കുടിയിരിക്കുന്ന ഒരു മകുടവും ക്ഷേത്രത്തിനുണ്ട്. ഗുജറാത്തില്‍ നിന്നും കൊണ്ടുവന്ന ഒരു രഥവും അവിടെ സൂക്ഷിച്ചിരിക്കുന്നു


. ജയ്സാല്‍മീറില്‍ നിന്നും തീവണ്ടിയില്‍ മടങ്ങുമ്പോള്‍ പൊക്രാനിലിറങ്ങി ആ മണ്ണിലൊന്നു തൊട്ടു. ആണവ പരീക്ഷണങ്ങളുടെ ഈ കേന്ദ്രങ്ങളിലൂടെയൊക്കെ ഒരു യാത്രയുണ്ടാകും എന്നു കരുതിയിരുന്നില്ല. മരുഭൂമിയിലെ പൊടിയണിഞ്ഞ തീവണ്ടിയില്‍ മടങ്ങുമ്പോഴും ഒട്ടകങ്ങളുടെ ഒരു നീണ്ടനിര കണ്ണിനുമുന്നിലുണ്ടായിരുന്നു.
(യാത്രയിലെ പങ്കാളികള്‍-- രാജീവ്, ആര്‍ക്കിടെക്ട്,ഹരീന്ദ്രന്‍,ഡപ്യൂട്ടി സെക്രട്ടറി,വി.ആര്‍.പ്രമോദ്,സെക്ഷന്‍ ഓഫീസര്‍, ഫോട്ടോ- പ്രമോദ്—രാജീവ്)
      

1 comment:

Pramod.V.R said...

Fantastic tour with fond memories..... Nice write up sir.. Thank u...