|
ആര്യങ്കാവ് ജംഗ്ഷനിലെ വനം |
|
മണിയും നാരായണ സിങ്കവും |
|
പാവൂര്‍ സത്രത്തിലെ പച്ചക്കറി ഹോള്‍സെയില് കേന്ദ്രം |
|
സമൃദ്ധിയുടെ കാഴ്ചകള്‍ |
|
സന്തോഷിന്‍റെ സൈലോയില്‍ നിന്നൊരു കാഴ്ച |
|
കാരയര്‍ |
|
താമ്രപര്‍ണ്ണി |
|
പാപനാശം നദി |
അംബാസമുദ്രം - കാരയാര്‍
ഡാം
മണിമുത്താര്‍ പോകണമെന്നായിരുന്നു തീരുമാനം.പക്ഷെ അവിടെ
എത്തിച്ചേര്‍ന്നില്ല.യാത്രകളുടെ ഇത്തരം ആകസ്മിതകളാണ് അവയെ ആകര്‍ഷകമാക്കുന്നത്.
രാവിലെ 5ന് പുറപ്പെടാനാണ് തീരുമാനിച്ചത്. സന്തോഷും ഞാനും അതനുസരിച്ച് തയ്യാറായി.
രാജീവിനെ വിളിച്ചു.മൊബൈല്‍ സ്വിച്ച് ഓഫ്. വീടറിയില്ല.കുടപ്പനക്കുന്നില്‍
നില്ക്കാമെന്നായിരുന്നു വാഗ്ദാനം. രാധാകൃഷ്ണനെ വിളിച്ചു, രാധാകൃഷ്ണന്‍ സതിയെ കോണ്‍ടാക്റ്റ്
ചെയ്തു.ഒടുവില്‍ ലഭ്യമായ ഒരാശയം വച്ച് വീടു കണ്ടുപിടിച്ചു. അപ്പോഴേക്കും ഒരു
മണിക്കൂറിലേറെ വൈകി. നേരെ ചടയമംഗലത്തിന്. രാധാകൃഷ്ണന്‍റെ വീട്ടില്‍ നിന്നും ചായ
കുടിച്ച് കുട്ടികളോടല്പ്പം തമാശയൊക്കെ പറഞ്ഞ് ഇറങ്ങി. തെന്മല തെങ്കാശി റോഡ് കേരള
സൈഡില്‍ ഹൊറിബിള്‍!! കഴുതുരുട്ടിയില്‍
നിന്നും മണികൂടി കയറി. ആര്യങ്കാവില്‍ നിന്നും
പ്രാതല്‍ കഴിച്ചു. ദോശ-ചമ്മന്തി-കടല.അവിടെനിന്നു തന്നെ മലബാര്‍ ഇടിയിറച്ചി
ചൂടാക്കി വാങ്ങി.ഇടുക്കിയില്‍ നിന്നും വരുന്ന പോത്തിറച്ചിയാണ്.ആഹ്ലാദാവസരങ്ങള്‍ക്ക് അത്യുത്തമം എന്നാണ് പരസ്യം. മലയാളിയുടെ ആഹ്ലാദം
എന്തിലാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
തമിഴ്നാട്
എത്തിയപ്പോള്‍ അറിയാനുണ്ട്. നല്ല റോഡ്,സുഖ യാത്ര. എന്‍ എച്ച് 208 ല്‍ കേശവ
പുരം,ചെങ്കോട്ട,ഇലഞ്ഞി,തെങ്കാശി വഴി മണിയുടെ സഹോദന്‍റെ വീട്ടിലും അരിമില്ലിലും കയറി.പിന്നെ
പാവൂര്‍സത്രത്തിലും.അവിടെയാണ് പച്ചക്കറിയുടെ മൊത്തക്കച്ചവടം. , പ്രത്യേകിച്ചും
കൊല്ലം ഭാഗത്തേക്കുള്ളത്. കൃഷിക്കാര്‍ വൈകുന്നേരം പച്ചഖ്കറികള്‍ അവിടെ കൊണ്ടുവരും.
ലേലം ചെയ്ത് വാങ്ങി അപ്പോള്‍ തന്നെ കൊല്ലത്തേക്ക് അയയ്ക്കും. കെ.നാരായണ
സിങ്കത്തിന്‍റെ കടയില്‍ കുറച്ചു സമയം
ചിലവഴിച്ചു. ചുടുകട്ടകളുടെ കേന്ദ്രമായ
മാതാപുരം,മുദലിയാര്‍ പട്ടി,ആള്‍വാര്‍ കുറിച്ചി,വിക്രമ സിംഗ പുരം വഴി
അംബാസമുദ്രത്തിലെത്തി. ചെറിയൊരു റയില്‍വേ സ്റ്റേഷനുമുണ്ട് അവിടെ.
താമ്രപര്‍ണ്ണി
നദിയുടെ വടക്കേ കരയാണ് അംബാസമുദ്രം. പശ്ചിമ ഘട്ടത്തിന്‍റെ താഴ്വാരത്തിലെ ശാന്തമായ
ഒരിടം. നല്ല കൃഷിയിടങ്ങള്‍. ക്ഷേത്രങ്ങളുടെ നാട് എന്ന നിലയില്‍ അംബയും
ജലസമൃദ്ധിയുള്ളതിനാല്‍ സമുന്ദര്‍ എന്നും ചേര്‍ത്ത് അംബാസമുദ്രമായതല്ലാതെ സമുദ്രവുമായോ കടലുമായോ പ്രദേശത്തിന് ഒരു ബന്ധവുമില്ല.
വനമേഘലയില്‍ പരിചയമുള്ള മണിയുടെ സുഹൃത്ത് അരുള്‍ ആനന്ദ് ഒപ്പം ചേര്‍ന്നു.
മെഡിക്കല്‍-കൊമേഴ്സ്യല്‍ ഗ്യാസ് സിലിണ്ടര്‍,വെയ് ബ്രിഡ്ജ്,വീല്‍ അലൈന്‍മെന്‍റ്,വാട്ടര്‍
സര്‍വ്വീസ് തുടങ്ങി വിവിധ ബിസ്സിനസ്സുകളുള്ള ചെറുപ്പക്കാരന്‍. കുറേ നാളുകള്‍ക്കു
മുന്‍പ് ഒരു കമ്പനിയില്‍ പങ്കെടുത്ത് രാത്രിയില്‍ മദ്യപിച്ച് വരവെ അപകടത്തില് പെട്ട് വഴിയില് കിടന്നുപോയി. വൈകിയാണ് ആസ്പത്രിയില്‍
എത്തിയത്.രക്ഷപെടില്ലെന്ന് എല്ലാവരും കരുതി. എന്നാല്‍ കുട്ടികളുടെ ഭാഗ്യം. റിക്കവര്‍
ചെയ്തു. പക്ഷെ പഴയപോലെ ആക്ടീവാകാന്‍ കഴിയുന്നില്ല. ഗന്ധം തിരിച്ചറിയില്ല. സ്വാദ് അന്‍പത്
ശതമാനം മാത്രം. ഒരു പെഗ് കഴിക്കാം എന്നു പറഞ്ഞപ്പോഴാണ് ഈ കഥ പറഞ്ഞത്. ഇനി
ഒരിക്കലും കഴിക്കേണ്ടതില്ല എന്ന് ഞങ്ങള്‍ പറഞ്ഞു പോയി.
പാപനാശം
ഡാം,കരൈയാര്‍ ഡാം,കലക്കാട് മുണ്ടന്‍ തുറൈ ടൈഗര്‍ റിസര്‍വ്വ് എന്നിവ കണ്ടു. ഈ
മലയുടെ എതിര്‍ വശത്തുത്തുള്ള ഒഴുക്കില്‍ നിന്നാണ് തൃപ്പരപ്പില്‍ ജലമെത്തുന്നത്.
മൃഗങ്ങളെ ഒന്നും കണ്ടില്ല. മയില്‍ ഒഴികെ. കൃഷിയുടെ സമൃദ്ധിയാണ് മനം നിറയ്ക്കുക.
മടക്കയാത്രയില്‍ അടുത്തകാലത്തെങ്ങും
കാണാത്ത മഴയായിരുന്നു,വെഞ്ഞാറമൂട് വരെ. മൊത്തം യാത്രയിലും സാരഥിയായത്
സന്തോഷായിരുന്നു, ആഘോഷങ്ങളില്‍ പങ്കാളിയാകാതെ സാത്വികഭാവത്തോടെ.
|
മാഞ്ചോലൈ കുന്നുകള് |
No comments:
Post a Comment