Friday, November 29, 2013

Chennai Museum Complex

ഫോട്ടോസ്-- ബിജു, വീഡിയോ  എഡിറ്റര്‍ , കേരള  പ്രസ്സ്  അക്കാദമി 

എഗ്മൂര്‍  മ്യൂസിയം കോംപ്ലക്സ്


ചെന്നൈ നഗരഹൃദയത്തിലെ ജീവവായുവാണ് എഗ്മൂറിലെ സര്‍ക്കാര്‍ മ്യൂസിയം കോംപ്ലക്സും കണ്ണിമേര ലൈബ്രറിയും. 1851-ല്‍ സ്ഥാപിച്ച ഈ കോംപ്ലക്സില്‍ ആറ് കെട്ടിടങ്ങളും 46 ഗാലറികളും ഉള്‍പ്പെടുന്നു. 16.25 ഏക്കര്‍ വരുന്ന ഈ ഹരിത ഭൂവില്‍ അനേകം വൃക്ഷങ്ങള്‍ നല്കുന്ന തണുപ്പ് പ്രധാനമാണ്. മ്യൂസിയത്തിന്‍റെ പുറത്ത് 1762-ല്‍ മനിലയില്‍ ഉപയോഗിച്ച പീരങ്കി നല്കുന്ന കാഴ്ചയില്‍ നിന്നാണ് യാത്ര ആരംഭിക്കുക. 1851-59 ല്‍ ആദ്യ ചുമതലക്കാരനായിരുന്ന സര്‍ജന്‍ ജനറല്‍ ഇ.ജി.ബാല്‍ഫോറിന്‍റെ ഛായാചിത്രം ഓഫീസ് ഹാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. തഞ്ചാവൂര്‍,കുംഭകോണം തുടങ്ങി പലയിടങ്ങളില്‍ നിന്നും ലഭിച്ച പ്രതിമകളുടെ പ്രദര്‍ശനമാണ് ഇവിടെ പ്രധാനം. ദ്വാരപാലകന്‍,ശ്രീദേവി,പാര്‍വ്വതി,സുബ്രഹ്മണ്യന്‍,വിഷ്ണു,സൂര്യന്‍,നാഗം,നാഗിന്‍,ശിവന്‍,ഗണപതി തുടങ്ങി അനേകം  പ്രതിമകള്‍ ഇവിടെ കാണാം. ബുദ്ധ പ്രതിമകളും ധാരാളമുണ്ട്. ശ്രീദേവിയുടെ പ്രതിമകളില്‍ മാറ് മറയ്ക്കുമ്പോള്‍ മറ്റു സ്ത്രീ പ്രതിമകളില്‍ ഈ മറവില്ല എന്നത് ശ്രദ്ധേയമാണ്. രണ്ട് കാലഘട്ടത്തിന്‍റെ ചരിത്രം ഇതില്‍ അടങ്ങുന്നുണ്ടാകാം. മാറു മറയ്ക്കും മുന്‍പുള്ള സ്ത്രീക്ക് പുരുഷന് തുല്യമായ അംഗീകാരം കിട്ടിയിരുന്നു എന്ന്  തോന്നുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ പഠനം ആവശ്യമാണ്.നാഗരി ലിപി, കാനറീസ് തെലുഗ്, ഗ്രന്ഥ തമിള്‍ തുടങ്ങി പല ഭാഷകളുടേയും കൊത്തുകല്ലുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മൌര്യകാലഘട്ടത്തിലെ പ്രതിമകളും ധാരാളം.
നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ പല രാജ്യങ്ങളിലെ ജീവികളുടെ സ്റ്റഫ് ചെയ്ത രൂപങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വെങ്കല പ്രതിമകളുടെ മ്യൂസിയം ഏറെ ആകര്‍ഷകമാണ്. ആദ്യകാല വെങ്കല പ്രതിമകള്‍ക്ക് ഉരുണ്ട മൂക്കും പിന്നീട് നിര്‍മ്മിച്ചവയ്ക്ക് നീണ്ട മൂക്കുമാണുള്ളത്. ഇത് ദ്രാവിഡ-ആര്യ കാലഘട്ടത്തിന്‍റെ പ്രതീകങ്ങളാകാം. തിരുഗണ സംബ്ബന്ധര്‍,അയ്യനാര്‍,അപ്പര്‍,മാണിക്യവാചക തുടങ്ങി അപൂര്‍വ്വങ്ങളായ അനേകം പ്രതിമകള്‍ പ്രദര്‍ശനത്തിലുണ്ട്. നാണയങ്ങളുടെയും മെഡലുകളുടെയും ശേഖരവും കാണാം.
സര്‍ക്കാര്‍ സംവിധാനമായതിനാല്‍ അതിന്‍റേതായ കുഴപ്പങ്ങളും ഇവിടെയുണ്ട്. വേണ്ടത്ര മെയിന്‍റനന്‍സ് ഇല്ല എന്നതും ജീവനക്കാരുടെ അശ്രദ്ധയും എടുത്തു പറയേണ്ടതാണ്.
1886- 1890 ല് മദ്രാസ്സ് ഗവര്‍ണ്ണറായിരുന്ന കണ്ണിമേറ പ്രഭുവിന്‍റെ പേരിലുള്ള ലൈബ്രറി ഇന്ത്യയിലെ പ്രധാനപ്പെട്ട നാല് ഡെപ്പോസിറ്ററി ലൈബ്രറികളില്‍ ഒന്നാണ്. രാജ്യത്ത് പ്രസിദ്ധീകരിക്കുന്ന എല്ലാ പുസ്തകങ്ങളുടെയും ഒരു കോപ്പി ഇവിടെ നല്കണമെന്നാണ് നിയമം. ഇത് എത്രമാത്രം പാലിക്കപ്പെടുന്നുണ്ട് എന്നറിയില്ല. മോശമായ മെയിന്‍റനന്‍സും സംവിധാനങ്ങളുമാണ് അവിടെയുള്ളത്. സിവില്‍ സര്‍വ്വീസിന് പഠിക്കുന്നവര്‍ക്കുള്ള സിവില്‍ സര്‍വ്വീസ് സ്റ്റഡി സര്‍ക്കിളാണ് എടുത്തു പറയേണ്ട സവിശേഷത. നൂറു കണക്കിന് കുട്ടികള്‍ അവിടെയിരുന്ന് പഠിക്കുന്നുണ്ടായിരുന്നു. ഈ മാതൃക കേരളത്തിലും വേണ്ടതാണ്.
ഓരോ നിലയിലായി പീരിയോഡിക്കല്‍ സെക്ഷന്‍,റഫറന്‍സ്,ലാംഗ്വേജ്,ലിറ്ററേച്ചര്‍, ടെക്സ്റ്റ് ബുക്ക് എന്നിങ്ങനെ ഡിവിഷനുകള്‍ ഉണ്ട്.









No comments: