Friday, March 28, 2014

higher rate for electricity to small shops


ചെറുകിട കച്ചവടക്കാര്‍ അനുഭവിക്കുന്നത്.
തേയിലയും റേഡിയോ ബാറ്ററിയും വാങ്ങാനായാണ് പ്രൊവിഷണല്‍ സ്റ്റോറില്‍ കയറിയത്. ഉടമ മുറ്റത്ത് കസേരയിട്ട് ഇരിക്കയായിരുന്നു. കടയ്ക്കുള്ളില്‍ ഇരുട്ടും. അയാള്‍ കടയില്‍ കയറിയപ്പോള്‍ ഒരു ലോഹ്യം ചോദിപ്പാകട്ടെ എന്നു കരുതി ഞാന്‍.
എന്താ കറണ്ടില്ലെ
ഇല്ലാഞ്ഞിട്ടല്ല സാറെ.ലൈറ്റും ഫാനും ഇടാത്തതാ.എങ്ങിനെ ഇടും. യൂണിറ്റിന് ഏഴുരൂപ തൊണ്ണൂറു പൈസയല്ലെ വാങ്ങുന്നെ.വീട്ടാവശ്യത്തിന് യൂണിറ്റിന്  രണ്ടുരൂപ നാല്പ്പത് പൈസ വാങ്ങുമ്പോള്‍ ജീവിക്കാനായി സ്വയം തൊഴില്‍ കണ്ടെത്തുന്നവന്‍റെ നെഞ്ചിലാ കത്തിവയ്പ്പ്. ആരോട് പറയാനാ സാറെ ഇതൊക്കെ. ചിലപ്പോ തോന്നും ഇതൊക്കെ മതിയാക്കിയിട്ട് ഒരു മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ച് നമ്പരുമാറ്റി അതുമായിട്ടിറങ്ങി വഴിയെ പോകുന്ന പെണ്ണുങ്ങളുടെ സ്വര്‍ണ്ണമാല മോഷ്ടിക്കുന്നതാ ഇതിലും ഭേദമെന്ന്. പിടിച്ചാലും കഷ്ടപ്പാടൊന്നുമില്ലല്ലോ. ജയിലില് ചപ്പാത്തിയും ചിക്കന്‍ കറിയുമെല്ലാം കിട്ടുമല്ലൊ.

അദ്ദേഹത്തിന്‍റെ മുഴുവന്‍ പരിഭവവും ആ വാക്കുകളിലുണ്ടായിരുന്നു. പിന്നീട് അതുതന്നെ ഓര്‍ത്ത് നടക്കുമ്പോള്‍ വിഷമം തോന്നി. ശരിയല്ലെ അയാള്‍ പറയുന്നത്.ഇപ്പൊ മാളുകളുടെ സംസ്ക്കാരം വന്നതോടെ ഈ സ്വയം തൊഴിലുകാരുടെ നില പരുങ്ങലിലാണ്. കച്ചവടം നന്നെ കുറവാണ്.അതുകൊണ്ടു തന്നെ എയര്‍കണ്ടീഷന്‍ ചെയ്ത സ്ഥാപനങ്ങള്‍,മാളുകള്‍ തുടങ്ങിയവയ്ക്ക് കൂടിയ നിരക്ക് ഈടാക്കി , ഈ പാവങ്ങള്‍ക്ക് യൂണിറ്റിന് രണ്ട് രൂപ നാല്പ്പത് പൈസ നിരക്കില്‍ വൈദ്യൂതി നല്കിക്കൂടെ

Tuesday, March 25, 2014

Thodikkalam temple at kannur



തൊടീക്കളം ശിവക്ഷേത്രം.
കണ്ണൂരിലെ  കൂത്തുപറമ്പിന് സമീപമാണ് പുരാതനമായ തൊടീക്കളം ശിവക്ഷേത്രം. ആയിരം വര്‍ഷം പഴക്കമുണ്ടാകുമെന്ന് ക്ഷേത്രത്തിലെ ജീവനക്കാരന്‍ പറഞ്ഞു. വലിയ മാറ്റങ്ങളൊന്നുമില്ലാത്ത ക്ഷേത്രക്കുളവും ക്ഷേത്രവുമടങ്ങിയ  പറമ്പിലേക്ക് നമ്മളെ സ്വാഗതം ചെയ്യുന്ന ബോര്ഡില്‍ കേരള പുരാവസ്തു വകുപ്പ് സംരക്ഷിതം എന്നൊരു ബോര്‍ഡുണ്ട്. വളരെ പഴക്കമുള്ള ചുവര്‍ചിത്രങ്ങളാണ് ഇതിന്‍റെ ഭിത്തികളിലുള്ളത് എന്ന കണ്ടെത്തലോടെയാണ് ക്ഷേത്രത്തിലേക്ക് പുരാവസ്തു വകുപ്പിന്‍റെ ശ്രദ്ധ പതിഞ്ഞത്. അതിനെത്തുടര്‍ന്ന് അശ്രദ്ധമായി കിടന്ന,നശിച്ചുകൊണ്ടിരുന്ന ചുവര്‍ ചിത്രങ്ങള്‍ക്ക് ചില മിനുക്കുപണികളൊക്കെ നടത്തി. വികൃതികളായ കുട്ടികള്‍ നശിപ്പിച്ചതിന്‍റെ ബാക്കിയുണ്ടായിരുന്ന ഭാഗമാണ് സംരക്ഷണത്തിന് ശ്രമിച്ചത്. തുടര്‍ന്ന് സ്ഥിരമായ സംരക്ഷണത്തിന് ശ്രമമില്ലാത്തതിനാല്‍, മഴവെള്ളം വീഴാതിരിക്കാനായി പ്ലാസ്റ്റിക് ചാക്കുകൊണ്ട് ചായ്പ് ഉണ്ടാക്കിയിരിക്കയാണ്. മഴക്കാലത്ത് വെള്ളം കെട്ടി നിന്നിട്ട് അതിന്‍റെ ഈര്‍പ്പം കൊണ്ട് പായലും പിടിച്ചു തുടങ്ങിയിരിക്കുന്നു. പൈതൃക ടൂറിസം പദ്ധതി വഴി 40 ലക്ഷം രൂപ കിട്ടാനുള്ള സാദ്ധ്യത മുന്‍ സര്‍ക്കാരിന്‍റെ കാലത്തുണ്ടായിരുന്നെങ്കിലും പാര്‍ട്ടിക്കാര്‍  താത്പ്പര്യം കാട്ടിയില്ലെന്ന് ജീവനക്കാര്‍ പറയുന്നു. ചുറ്റുവട്ടത്തുള്ളവരെല്ലാം പാര്‍ട്ടിക്കാരാണെന്നും അവര്‍ക്ക് ക്ഷേത്രവിശ്വാസം കുറവാണെന്നും അവര്‍ തുടര്‍ന്ന് പറഞ്ഞു. ക്ഷേത്രക്കുളം നന്നാക്കാന്‍ പരിസ്ഥിതി സംരക്ഷണത്തിന്‍റെ പേരില്‍ 10 ലക്ഷം കിട്ടാനുള്ള ഒരു സാദ്ധ്യതയും പറഞ്ഞു കേട്ടിരുന്നു, പക്ഷെ പഞ്ചായത്ത് താത്പ്പര്യമെടുത്തില്ല എന്നാണ് കേള്‍ക്കുന്നത്.
ജനാധിപത്യത്തിന്‍റെ എല്ലാ നന്മകളും ഉള്‍ക്കൊണ്ടുകൊണ്ടു തന്നെ നമ്മള്‍ ഇതിനെ പരിശോധിക്കേണ്ടിയിരിക്കുന്നു, ഇവിടെ എന്താണ് വേണ്ടത്?

 എനിക്ക് തോന്നുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന് ക്ഷേത്രത്തോടും പരിസ്ഥിതിയോടും പുരാവസ്തു സംരക്ഷണത്തോടും താത്പ്പര്യമുള്ള ഒരു സമിതി പ്രാദേശികമായി ഉണ്ടാവണം. അവര്‍ വിദഗ്ധര്‍ക്കൊപ്പമിരുന്ന് ഒരു പദ്ധതി തയ്യാറാക്കണം, സര്‍ക്കാര്‍ സഹായത്തോടെ അത് നടപ്പിലാക്കണം. രണ്ട്- പുരാവസ്തു വകുപ്പിന് ഒരാളെ സ്ഥിരമായി അവിടെ നിയമിക്കാന് കഴിയില്ല എന്നതുകൊണ്ടുതന്നെ പ്രാദേശികമായി ഈ വിഷയത്തില്‍ താത്പ്പര്യമുള്ള ഒരാളെ കണ്ടെത്തി പരിശീലനം നല്കി സംരക്ഷണ ചുമതല നല്കുക. ഇയാള്‍ക്കുള്ള ശമ്പളം ദേവസ്വമോ പഞ്ചായത്തോ നല്കുക. ഒരു മാറ്റമുണ്ടാവുകയില്ലേ

Tuesday, March 18, 2014

ഒരു ട്രെയിന്‍ യാത്രയുടെ ഓര്‍മ്മ

ട്രെയിനിലെ  ഒരു  ദിനം
2.45ന് തൃശ്ശൂര്‍ സ്റ്റേഷനില്‍ എത്തേണ്ട ഏറനാട് എക്സ്പ്രസ്സ് അന്ന് 3.15നാണെത്തിയത്. ട്രെയിന്‍ നീങ്ങാന്‍ തുടങ്ങിയപ്പോഴാണ് ഒരു സ്ത്രീ രണ്ട് പ്ലാസ്റ്റിക് കവറുകള്‍ നിറയെ സാധനങ്ങളും പുറമെ ഒരു ബാഗുമായി ബോഗിയിലേക്ക്ചാടിക്കയറിയത്. ഉടന്‍ ഒരു ചെറുപ്പക്കാരന്‍ പുറത്തേക്കിറങ്ങി ഒരു കുട്ടിയേയും സാഹസികമായി വണ്ടിക്കുള്ളിലാക്കി. അത് അവരുടെ മൂന്നു വയസ്സുള്ള മകളായിരുന്നു. യ്യോ ,അമ്മ എന്നവര്‍ പറയുകയും സംഭവിക്കാമായിരുന്ന അപകടമോര്‍ത്ത് ഒന്നു വല്ലാതാവുകയും ചെയ്തു. അവര്‍ക്ക് ഇരിക്കാന്‍ ഇടം കൊടുത്ത് ഒരു യാത്രക്കാരന്‍ കാര്യമാരാഞ്ഞു. അവരോടൊപ്പമുണ്ടായിരുന്ന ഭര്‍ത്താവിനും സുഖമില്ലാത്ത അമ്മയ്ക്കും വണ്ടിയില്‍ കയറാന്‍ കഴിഞ്ഞില്ല എന്നവര്‍ പറഞ്ഞു. ഇനി എന്തു ചെയ്യും, ഒന്നുകില്‍ അടുത്ത സ്റ്റോപ്പിലിറങ്ങാം അല്ലെങ്കില്‍ അവര്‍ അടുത്ത വണ്ടിയില്‍ വരട്ടെ എന്നു നിശ്ചയിക്കാം. ഏതായാലും വിളിച്ചു  നോക്കൂ എന്നയാള്‍ പറഞ്ഞു. അപ്പോഴാണ് അവര്‍ പറയുന്നത്, മൊബൈലും ടിക്കറ്റും എല്ലാം ഭര്‍ത്താവിന്‍റെ കൈയ്യിലാണ്. യാത്രക്കാരന്‍റെ മൊബൈല്‍ ഉപയോഗിച്ച് അവര്‍ ഭര്‍ത്താവിനെ വിളിച്ചു. എറണാകുളത്ത് ഇറങ്ങി ശതാബ്ദി വരുന്ന പ്ലാറ്റ്ഫോം ചോദിച്ച് അവിടെ നില്ക്കുക. ഞങ്ങള്‍ ശതാബ്ദിയില്‍ വരാം,അയാള്‍ പറഞ്ഞു. അവര്‍ക്ക് ആശ്വാസമായി. കുറച്ചു കഴിഞ്ഞപ്പോള്‍ മോള്‍ക്ക് ദാഹിക്കുന്നു എന്നു പറഞ്ഞു. :വെള്ളം അവരുടെ ബാഗിലാ മോളെ സ്റ്റേഷനെത്തട്ടെ എന്നായി അവര്‍. ഞാന്‍ വെള്ളം കൊടുത്തു. എറണാകുളം എത്തും മുന്‍പെ എന്‍റെ ഫോണില്‍ നിന്നും ഒരിക്കല്‍ കൂടി വിളിച്ച് അവര്‍ ശതാബ്ദിയില് കയറി എന്നുറപ്പാക്കി. എറണാകുളം ജംഗ്ഷനില്‍ ഇറങ്ങുകയും ചെയ്തു.

ഈ സംഭവത്തിന്‍റെ ചില മറുവശങ്ങള്‍ തുടര്‍ യാത്രയില്‍ ഞാന്‍ ചിന്തിക്കുകയായിരുന്നു. ഓടിത്തുടങ്ങിയ വണ്ടിയില്‍ കയറാന്‍ ശ്രമിക്കുമ്പോള്‍ കൈവിട്ടു പോയാലുണ്ടാകാവുന്ന അവസ്ഥ, അമ്മ കയറിയത് കണ്ട് കുട്ടി ഓടിക്കയറാന്‍ ശ്രമിച്ചാലുണ്ടാകാവുന്ന ദുരന്തം, അതല്ലെങ്കില്‍ ഇവര്‍ കയറിയ സ്ഥിതിക്ക് എന്തായാലും കയറണം എന്ന മട്ടില്‍ സുഖമില്ലാത്ത അമ്മയെ വണ്ടിയില്‍ കയറ്റാന്‍ ശ്രമിച്ചാലുണ്ടാകാവുന്ന പ്രശ്നങ്ങള്‍. ഇവിടെ ഈ പറഞ്ഞവര്‍ക്കെല്ലാം ഒരു ഭാഗ്യത്തിന്‍റെ അംശമുള്ളതിനാല് ചെറിയ ചില പ്രശ്നങ്ങളില്‍ ഒതുങ്ങി പ്രശ്നം അവസാനിച്ചു. അവര്‍ ശതാബ്ദിയില് കയറി സന്തോഷത്തോടെ കൊല്ലത്ത് ഇറങ്ങിയിട്ടുണ്ടാവും. ഇത് നമ്മെ ഓര്‍മ്മിപ്പിക്കുന്ന പാഠമിതാണ്. ഒരു വണ്ടി പോയാല്‍ മറ്റൊന്നു വരും. തിരക്കിട്ട് സമയത്തെ രക്ഷിക്കാന്‍ ശ്രമിച്ചാല് ജീവിതകാലം മുഴുക്കെയും സമയത്തെ ശപിച്ചുകൊണ്ട് ജീവിക്കേണ്ടി വരും. 

Friday, January 17, 2014

IIFK 2012 film review

പതിനേഴാമത്  അന്താരാഷ്ട്ര ചലച്ചിത്രോത്സവം കേരള
2012 ഡിസംബര്‍ ഏഴിന് കൊടിയേറി ഏഴുദിന വിസ്മയങ്ങള്‍ ഒരുക്കി പതിനാലിന് കൊടിയിറങ്ങിയ മേള സംഘാടനത്തിലും സിനിമകളുടെ തെരഞ്ഞെടുപ്പിലും മികവു പുലര്‍ത്തി.


ഉദ്ഘാടന ചിത്രം ദ റിംഗ് പഴമയും നിശബ്ദതയും ഒപ്പം സംഗീതവും ഇഴചേര്‍ന്ന കറുപ്പിന്‍റെയും വെളുപ്പിന്‍റെയും വിരുന്നായി. 1927-ല്‍ ആല്‍ഫ്രഡ് ഹിച്ച്കോക്ക് എടുത്ത എഴുപത്തിരണ്ട് മിനിട്ടുള്ള ഈ നിശബ്ദ സിനിമ നഷ്ടപ്പെടലിന്‍റെ അവസ്ഥയില്‍ നിന്നും വീണ്ടെടുത്ത  ബിഎഫ്ഐ ദേളീയ ആര്‍ക്കൈവിനെയും പ്രവര്‍ത്തകരേയും അഭിനന്ദിക്കാതെ വയ്യ. ബോക്സിംഗ് റിംഗും ത്രികോണ പ്രണയവും പ്രണയ വളയും ചേരുന്ന ചിത്രത്തില്‍ ഇരുപത്തിയെട്ടുകാരനായ ഹിച്ച്കോക്കും കൂട്ടുകാരും ആ കാലത്ത് ഉപയോഗിച്ച ടെക്നിക്കുകള്‍ നമ്മെ ആഹ്ലാദചിത്തരാക്കും. അഭിനയവും സാങ്കേതികത്തികവും ഒത്തുചേര്‍ന്ന ചിത്രം തന്നെയാണ് ദ റിംഗ്. ജോണ്‍ മാക്സ്വെല്‍ നിര്‍മ്മിച്ച ചിത്രത്തിന് തിരക്കഥ എഴുതിയത് ഹിച്ച്കോക്കും അല്‍മ റെവില്ലെയും എലിയറ്റ് സ്റ്രനാര്‍ഡും ചേര്‍ന്നാണ്. ജായ്.ഇ.കോക്സാണ് ഛായഗ്രാഹകന്‍.കാള്‍ ബ്രസണ്‍,ലിലിയന്‍ ഹാള്‍ ഡേവിസ്,ഇയാന്‍ ഹണ്ടര്‍ തുടങ്ങിയവരാണ് രംഗത്ത്. സൊവെറ്റോ കിഞ്ച് എന്ന സാക്സഫോണിസ്റ്റിന്‍റെ നേതൃത്വത്തില്‍ ലൈവ് ഓര്‍ക്കസ്ട്ര ഒരുക്കിയതാണ് ഈ അനുഭവത്തെ കൂടുതല്‍ ദീപ്തമാക്കിയത്. അതും ഇംഗ്ലണ്ടിനു പുറത്ത് ആദ്യമായി.
 

പലവിധ തിരക്കുകള്‍ക്കിടയില്‍ ,മത്സര ചിത്രങ്ങള്‍ കാണാനാണ് കൂടുതലും ശ്രദ്ധ പതിപ്പിച്ചത്. എന്നിട്ടും മികച്ച ചിത്രമായി ജൂറി തെരഞ്ഞെടുത്ത സ്റ്റാ.നിന കാണാന്‍ കഴിഞ്ഞില്ല എന്ന സങ്കടം ബാക്കി.
യെമ
അള്‍ജീരിയന്‍ സംവിധായകന്‍  ജാമില സരോയ് സയ്യാറാക്കിയ അറബിക് ചിത്രമാണ് യെമ.മുസ്ലിം കലാപകാരികള്‍ കൊല ചെയ്ത മകനെ തനിച്ച് വണ്ടിയില്‍ കൊണ്ടുവന്ന് മറവു ചെയ്യുന്ന ഔര്‍ദിയ , ഊഷര ഭൂമിയില്‍ പച്ചപ്പിന്‍റെയും സമൃദ്ധിയുടെയും വിളവ് കൊയ്യുമ്പോള്‍ ,കലാപകാരികളുടെ മേല്‍നോട്ടത്തില്‍ തന്നെയാണ്. പരുക്കന്മാരായ കലാപകാരികളുടെ മനസ്സുപോലും അലിയുന്നവിധമാണ് ആ അമ്മയുടെ ദിനങ്ങള്‍. റാഫേല്‍ ഒ ബയണിന്‍റെ മികവുള്ള ക്യാമറയും കാതറീന്‍ ഗൌസിന്‍റെ എഡിറ്റിംഗും സെബാസ്റ്റ്യന്‍ ദെ മോങ്കിന്‍റെ ശബ്ദമിശ്രണവും ചിത്രത്തിന്‍റെ മികവ് കൂട്ടുന്നു. ജമീല സരോയി തന്നെ പ്രധാനവേഷം കൈയ്യാളുന്ന ചിത്രത്തിലെ മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങള്‍ അലി ഷറഫും സമീര്‍ യഹിയയുമാണ്. നിര്‍മ്മാണം അന്‍റോണിന്‍ ദൌവും മൌറാദ് സിദിയും ചേര്‍ന്ന് നിര്‍വ്വഹിച്ചിരിക്കുന്നു. സബ് ടൈറ്റിലുകള്‍ ഉണ്ടായിരുന്നില്ല എന്നത് കുറവായി അനുഭവപ്പെട്ടു. 

ഇവാന്‍സ് വുമണ്‍
ചിലിയിലെ ഫ്രാന്‍സിസ്ക സില്‍വ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച ഇവാന്സ് വുമണ്‍ ശ്രദ്ധേയമായ ഒരു പ്രമേയമാണ് അവതരിപ്പിച്ചത്. ബാല്യം മുതല്‍ വീട്ടുതടങ്കലില്‍ കഴിയാന്‍ വിധിക്കപ്പെട്ട നതാലിയ പ്രായപൂര്‍ത്തിയാകുന്നതോടെ അവളുടെ മേല്നോട്ടക്കാരന്‍ ഇവാനുണ്ടാകുന്ന കാമവും പ്രണയവുമാണ് മനഃശാസ്ത്രപരമായ ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. കടുത്ത സംഘര്‍ഷങ്ങളും വേദനയും ലൈംഗികതയും ചിത്രത്തില്‍ ഇടകലരുന്നു. അനസ് ജോര്‍ജ്–നാസിമെന്‍റേ നിര്‍മ്മിച്ച ചിത്രത്തിന്‍റെ ഛായാഗ്രഹണം ദാനിയല്‍ വിവാന്‍കോയും എഡിറ്റിംഗ് ഫെലിപ്പ് എലൂട്ടിയും സില്‍വയും ചേര്‍ന്നു നിര്‍വ്വഹിച്ചു. ശബ്ദം അല്‍വാരോ മോര്‍ഗനും സംഗീതം ആന്‍ജലോ സൊലാരിയും നിര്വ്വഹിച്ചു. മാര്സലോ അലോന്‍സോ,മരിയ ദെ ലോസ് ആന്‍ജലസ് ഗാര്‍സിയ , ജെയിം ലോര്‍ക,അല്‍ദോ പരോദി തുടങ്ങിയവര്‍ കഥാപാത്രങ്ങളായി. (88 മിനിട്ട്) 

ഫിലിമിസ്ഥാന്‍
സണ്ണി എന്ന സംവിധാന സഹായിയുടെ മോഹം നടനാവുകയാണ്. എന്നാല്‍ ഓഡിഷനപ്പുറം പോകാന്‍ കഴിയുന്നില്ല. ഈ സമയം രാജസ്ഥാനെക്കുറിച്ച് ഡോക്യൂമെന്‍ററി ചെയ്യുന്ന ഒരമേരിക്കന്‍ സംഘത്തോടൊപ്പം അയാള്‍ ജയ്സാല്‍മേറിലെ താര്‍ മരുഭൂമിയില്‍ എത്തുന്നു. അവിടെ നിന്നും അമേരിക്കക്കാരെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ട മുസ്ലിം തീവ്രവാദികളുടെ കൈയ്യില്‍ അകപ്പെടുന്നു. ഒരു ഗ്രാമത്തില്‍ ഇയാള്‍ പാര്‍പ്പിക്കപ്പെടുകയാണ്. ഇന്ത്യന്‍ സിനിമ സിഡികള്‍ ഒളിച്ചു കടത്തി ജനങ്ങളെ കാണിക്കുന്ന ഒരാളുടെ വീടാണത്. സണ്ണി ആ നാട്ടുകാരുടെ പ്രിയങ്കരനാകുന്നതും സണ്ണിയും വീട്ടുടമയും മനസ്സുകൊണ്ട് ഒന്നായി രക്ഷപെടാന്‍ നടത്തുന്ന ശ്രമവുമാണ് സിനിമ പറയുന്നത്. ഒരു നല്ല സന്ദേശം നല്കുന്ന ചിത്രം ഹാസ്യവും തീവ്രതയും ഫിലോസഫിയുമൊക്കെ ഇഴപാകി മനോഹരമായി ചെയ്തിരിക്കുന്നു നവാഗത സംവിധായകന്‍ നിതിന്‍ കക്കര്‍. സാറ്റലൈറ്റ് പിക്ച്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് നിര്‍മ്മിച്ച ചിത്രം സുബ്രാന്‍സു ദാസ് സിനിമാറ്റോഗ്രാഫി നിര്‍വ്വഹിച്ച് സചീന്ദ്ര വാട്സ് എഡിറ്റ് ചെയ്തിരിക്കുന്നു. അരുണ്‍ നമ്പ്യാരും ഫസില് മജീദും ശബ്ദം കൈകാര്യം ചെയ്തു.അരിജിത് ദത്തയാണ് സംഗീതം. ഷരീഫ് ഹസ്മി,ഇനാമുള്‍ ഹക്ക്,കുമുദ് മിശ്ര, ഗോപാല്‍ ദത്ത് തുടങ്ങിയവര്‍ അഭിനയിച്ചിരിക്കുന്നു. ശക്തരായ അഭിനേതാക്കളാണ് ചിത്രത്തിന് കൂടുതല്‍ ബലം നല്കുന്നത്. 

ഐഡി
അതി തീവ്രമായ ഒരു സംഭവമാണ് ഐഡി അവതരിപ്പിക്കുന്നത്. പെട്ടെന്ന് മരണത്തിലേക്ക് എടുത്തെറിയപ്പെടുന്ന ഒരുവന്‍റെ തിരിച്ചറിയല്‍ എത്ര അസാദ്ധ്യമാണെന്ന് സംവിധായകന്‍ കെ.എം.കമല്‍ നമ്മോട് പറയുന്നു. ഇത്തരം ഒരവസ്ഥയെ പലരും പലരീതിയിലാണ് കാണുക. പോലീസ്സില്‍ അറിയിച്ച് ആ ജോലി അവസാനിപ്പിക്കാം. എന്നാല്‍ ഇതിലെ നായിക അയാളുടെ കുടുംബത്തെ അന്വേഷിച്ചിറങ്ങുകയാണ്. മുംബയ് നഗരത്തില്‍ ഒരു സാധാരണ തൊഴിലാളി എവിടെ എങ്ങിനെ ജീവിക്കുന്നു എന്നും അവന്‍റെ ജീവന്‍റെ വില എന്തെന്നും ക്യാമറ കാണിച്ചു തരുന്നു. ചാരു എന്ന കഥാപാത്രത്തിന് ജീവന്‍ നല്കിയ ഗീതാഞ്ജലി താപ്പ അതിശക്തയായ ഒരു അഭിനേത്രിയാണ്. സിനിമയെ സ്നേഹിക്കുന്ന ഒരു സുഹൃത്ത് കൂട്ടായ്മയില്‍ ജന്മം കൊണ്ട മനോഹര ചിത്രമാണ് ഐഡി.മൊബൈല്‍ നഷ്ടപ്പെടുന്ന ചാരുവില്‍ ചിത്രം അവസാനിപ്പിക്കാമായിരുന്നു എന്നു തോന്നി. റസൂല് പൂക്കുട്ടിയും രാജീവ് രവിയും മധു നീലകണഠനും സുനില്‍ ബാബുവും ബി.അജിത് കുമാറും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തില്‍ മധു നീലകണഠനാണ് ക്യാമറ ചലിപ്പിച്ചത്. അജിത് എഡിറ്റിംഗും റസൂല്‍ ശബ്ദവും ജോണ്‍.പി.വര്‍ക്കി ,സുനില്‍ കുമാര്‍ എന്നിവര്‍ സംഗീതവും കൈകാര്യം ചെയ്തു. ഗീതാജ്ഞലിക്കൊപ്പം മുരാരി കുമാറും പ്രധാന കാഥാപാത്രത്തെ അവതരിപ്പിച്ചു

ഷട്ടര്‍
ജോയ് മാത്യു തിരക്കഥ സംവിധാനം നിര്‍വ്വഹിച്ച ഷട്ടര്‍ മനോഹരമായ ഒരു ചിത്രമാണ്. അവതരണത്തിലെ പുതുമയും അപ്രതീക്ഷിതമായ ജീവിത സമ്മര്‍ദ്ദങ്ങളും നന്മയുടെ വിജയവുമാണ് ചിത്രം പ്രതിപാദിക്കുന്നത്. സാങ്കേതികത്തികവില്ലെങ്കിലും ചിത്രത്തിന്‍റെ ക്രാഫ്റ്റ് അഭിനന്ദനാര്‍ഹം. ദുര്‍ബ്ബലരായ സാധാരണ മനുഷ്യരുടെ വികാര വിചാരങ്ങളിലൂടെ ഓടുന്ന സിനിമയില്‍ ആട്ടോറിക്ഷ ഡ്രൈവര്‍ സുരനായി അഭിനയിച്ച വിജയ് ഫോര്‍ട്ട് വലിയ സാദ്ധ്യതയുണര്‍ത്തുന്നു. ശ്രീനിവാസന്‍,ലാല്‍,സജിത മടത്തില്‍,പ്രേം കുമാര്‍,റിയ അഗസ്റ്റിന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സരിത ആന്‍ തോമസ് നിര്‍മ്മിച്ച ചിത്രത്തില്‍ ഹരി നായര്‍ ക്യാമറ,ബിജിത് ബാല എഡിറ്റിംഗ്,രംഗനാഥ് രവി ശബ്ദം,ജേക്കബ് പണിക്കര്‍ ,ബിബിന്‍ സാമുവല് എന്നിവര്‍ സംഗീതവും നിര്‍വ്വഹിച്ചു

ദ ലാസ്റ്റ് സ്റ്റെപ്പ്
അലി മൊസാഫയുടെ ഇറാനിയന്‍ ചിത്രമാണ് ദ ലാസ്റ്റ് സ്റ്റെപ്പ്. അങിനേത്രി ലൈലയുടെ ഭര്‍ത്താവ് കോസ്റോവിന്‍റെ അപകട മരണവുമായി ബന്ധപ്പെട്ടാണ് കഥ കയറിയും ഇറങ്ങിയും നീങ്ങുന്നത്. ജീവനും മരണവും വേര്‍തിരിയാതെ കിടക്കുന്ന ഇഴയടര്‍ന്ന കയറുപോലെയാണ് ചിത്രം നീങ്ങുന്നത്. മനോഹരമായ ക്രാഫ്റ്റാണ് ചിത്രത്തിന്‍റേത്. നിര്‍മ്മാണം,തിരക്കഥ,സംവിധാനം,അഭിനയം എന്നിവ അലി മൊസാഫ നിര്‍വ്വഹിക്കുന്നു. ഭാര്യ ലൈല ഹതാമി ,അലിറെസ ആഗഖാനി,ഹമീദ് ബെഹ്ദാദ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്നു. അലിറെസ ബാരസാന്ദേ ക്യാമറ,ഫര്‍ദീന്‍ സാഹബ് സമാനി എഡിറ്റിംഗ്. ജയിംസ് ജോയ്സിന്‍റെ ദ ഡെഡ് എന്ന കഥയോട് കടപ്പാട് രേഖപ്പെടുത്തുന്നുണ്ട് സംവിധായകന്‍

ടുഡേ
സെനഗല്‍ -ഫ്രാന്‍സ് സംയുക്ത സംരഭമാണ് ടുഡേ.ജീവിതത്തിന്‍റെ അവസാന ദിവസമാണ് ഇന്ന് എന്ന ബോദ്ധ്യത്തോടെ ഒരു ചെറുപ്പക്കാരന്‍ ആ ദിനം എങ്ങിനെ തള്ളിനീക്കുന്നു എന്നതാണ് ചിത്രം പറഞ്ഞുതരുന്നത്. അവന് അടുപ്പമുള്ള സുഹൃത്തുക്കള്‍,മാമന്‍,കാമുകി,ഇഷ്ടമുള്ള തെരുവുകള്‍,കാഴ്ചകള്‍,ഒടുവില്‍ വീട്,ഭാര്യ,മക്കള്‍. അവന്‍റെ ഓര്‍മ്മയില്‍ മുതിര്‍ന്ന കുട്ടികളുടെ ഒരു ദൃശ്യം കൂടി സമ്മാനിച്ചാണ് ചിത്രം അവസാനിക്കുന്നത്. ഇതിനിടയില്‍ സെനഗലിന്‍റെ സംസ്ക്കാരവും ജീവിതവും ജനങ്ങളും കാഴ്ചക്കാര്‍ക്ക് മുന്നില്‍ തുറക്കപ്പെടുന്നു. അലന്‍ ഗോമിസ് രചന സംവിധാനം നിര്‍വ്വഹിച്ച ചിത്രത്തിന്‍റെ നിര്‍മ്മാണം എറിക് ഇദ്രിസ് കനന്‍ഗോയും ഗില്ലെസ് സാന്സോസും നിര്‍വ്വഹിച്ചു. ക്യാമറ ക്രിസ്റ്റെല്ല ഫോര്‍ണിയര്‍,എഡിറ്റിംഗ് –ഫാബ്രസ് റൌഔദ്,ശബ്ദം-അലയോണ്‍ ബോ,ജീന്‍ പെറേ ലാഫോഴ്സ്,അഭിനേതാക്കള്‍-സാള്‍ വില്ല്യംസ്,ജൊലോപ്പ് എംബംഗ്,അനിസിയ ഉസേമാന്‍, ഐസ മെയ്ഗ, മാരിക്കോ അരാം,അലക്സാണ്ടര്‍ ഗോമിസ്,അനറ്റെ ഡേര്‍വില്ലെക,ഹെലന്‍ ഗോമിസ്,ചാര്‍ലറ്റ് മെന്‍ഡി തുടങ്ങിയവരാണ്. 

Saturday, December 7, 2013

Chennai St.Thomas Church


സെന്‍റ് തോമസ്സ് പള്ളി.
ചെന്നൈ വിമാനത്താവളത്തിനടുത്താണ് സെന്‍റ് തോമസ്സ് പള്ളി. സെന്‍റ് തോമസ്സ് കൊലചെയ്യപ്പെട്ട ഇടം എന്ന് വിശ്വസിക്കുന്ന പ്രദേശമാണിത്. 135 പടികള്‍ കയറിയാണ് വിശ്വാസികള്‍ പള്ളിയില്‍ എത്തുക. സമുദ്രനിരപ്പില്‍ നിന്നും 300 അടി ഉയരെയാണിത്. സെന്‍റ് തോമസ്സിന്‍റെ അസ്ഥി സൂക്ഷിച്ചിരിക്കുന്നു എന്നും വിശ്വാസം. പള്ളി പണിയുമ്പോള്‍ കിട്ടിയ കുരിശ്ശില്‍ നിന്നും 1551 മുതല്‍ 1704 വരെ രക്തം വരുമായിരുന്നു എന്ന് വിശ്വസിക്കുന്നവരുമുണ്ട്. സെന്‍റ് ലൂക്കാ വരച്ചതെന്ന് വിശ്വസിക്കുന്ന ഒരു പെയിന്‍റിഗും ഇവിടെയുണ്ട്. ഇവിടെനിന്നുള്ള  നഗരക്കാഴ്ചയും മനോഹരമാണ്




Friday, November 29, 2013

Chennai Museum Complex

ഫോട്ടോസ്-- ബിജു, വീഡിയോ  എഡിറ്റര്‍ , കേരള  പ്രസ്സ്  അക്കാദമി 

എഗ്മൂര്‍  മ്യൂസിയം കോംപ്ലക്സ്


ചെന്നൈ നഗരഹൃദയത്തിലെ ജീവവായുവാണ് എഗ്മൂറിലെ സര്‍ക്കാര്‍ മ്യൂസിയം കോംപ്ലക്സും കണ്ണിമേര ലൈബ്രറിയും. 1851-ല്‍ സ്ഥാപിച്ച ഈ കോംപ്ലക്സില്‍ ആറ് കെട്ടിടങ്ങളും 46 ഗാലറികളും ഉള്‍പ്പെടുന്നു. 16.25 ഏക്കര്‍ വരുന്ന ഈ ഹരിത ഭൂവില്‍ അനേകം വൃക്ഷങ്ങള്‍ നല്കുന്ന തണുപ്പ് പ്രധാനമാണ്. മ്യൂസിയത്തിന്‍റെ പുറത്ത് 1762-ല്‍ മനിലയില്‍ ഉപയോഗിച്ച പീരങ്കി നല്കുന്ന കാഴ്ചയില്‍ നിന്നാണ് യാത്ര ആരംഭിക്കുക. 1851-59 ല്‍ ആദ്യ ചുമതലക്കാരനായിരുന്ന സര്‍ജന്‍ ജനറല്‍ ഇ.ജി.ബാല്‍ഫോറിന്‍റെ ഛായാചിത്രം ഓഫീസ് ഹാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. തഞ്ചാവൂര്‍,കുംഭകോണം തുടങ്ങി പലയിടങ്ങളില്‍ നിന്നും ലഭിച്ച പ്രതിമകളുടെ പ്രദര്‍ശനമാണ് ഇവിടെ പ്രധാനം. ദ്വാരപാലകന്‍,ശ്രീദേവി,പാര്‍വ്വതി,സുബ്രഹ്മണ്യന്‍,വിഷ്ണു,സൂര്യന്‍,നാഗം,നാഗിന്‍,ശിവന്‍,ഗണപതി തുടങ്ങി അനേകം  പ്രതിമകള്‍ ഇവിടെ കാണാം. ബുദ്ധ പ്രതിമകളും ധാരാളമുണ്ട്. ശ്രീദേവിയുടെ പ്രതിമകളില്‍ മാറ് മറയ്ക്കുമ്പോള്‍ മറ്റു സ്ത്രീ പ്രതിമകളില്‍ ഈ മറവില്ല എന്നത് ശ്രദ്ധേയമാണ്. രണ്ട് കാലഘട്ടത്തിന്‍റെ ചരിത്രം ഇതില്‍ അടങ്ങുന്നുണ്ടാകാം. മാറു മറയ്ക്കും മുന്‍പുള്ള സ്ത്രീക്ക് പുരുഷന് തുല്യമായ അംഗീകാരം കിട്ടിയിരുന്നു എന്ന്  തോന്നുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ പഠനം ആവശ്യമാണ്.നാഗരി ലിപി, കാനറീസ് തെലുഗ്, ഗ്രന്ഥ തമിള്‍ തുടങ്ങി പല ഭാഷകളുടേയും കൊത്തുകല്ലുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മൌര്യകാലഘട്ടത്തിലെ പ്രതിമകളും ധാരാളം.
നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ പല രാജ്യങ്ങളിലെ ജീവികളുടെ സ്റ്റഫ് ചെയ്ത രൂപങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വെങ്കല പ്രതിമകളുടെ മ്യൂസിയം ഏറെ ആകര്‍ഷകമാണ്. ആദ്യകാല വെങ്കല പ്രതിമകള്‍ക്ക് ഉരുണ്ട മൂക്കും പിന്നീട് നിര്‍മ്മിച്ചവയ്ക്ക് നീണ്ട മൂക്കുമാണുള്ളത്. ഇത് ദ്രാവിഡ-ആര്യ കാലഘട്ടത്തിന്‍റെ പ്രതീകങ്ങളാകാം. തിരുഗണ സംബ്ബന്ധര്‍,അയ്യനാര്‍,അപ്പര്‍,മാണിക്യവാചക തുടങ്ങി അപൂര്‍വ്വങ്ങളായ അനേകം പ്രതിമകള്‍ പ്രദര്‍ശനത്തിലുണ്ട്. നാണയങ്ങളുടെയും മെഡലുകളുടെയും ശേഖരവും കാണാം.
സര്‍ക്കാര്‍ സംവിധാനമായതിനാല്‍ അതിന്‍റേതായ കുഴപ്പങ്ങളും ഇവിടെയുണ്ട്. വേണ്ടത്ര മെയിന്‍റനന്‍സ് ഇല്ല എന്നതും ജീവനക്കാരുടെ അശ്രദ്ധയും എടുത്തു പറയേണ്ടതാണ്.
1886- 1890 ല് മദ്രാസ്സ് ഗവര്‍ണ്ണറായിരുന്ന കണ്ണിമേറ പ്രഭുവിന്‍റെ പേരിലുള്ള ലൈബ്രറി ഇന്ത്യയിലെ പ്രധാനപ്പെട്ട നാല് ഡെപ്പോസിറ്ററി ലൈബ്രറികളില്‍ ഒന്നാണ്. രാജ്യത്ത് പ്രസിദ്ധീകരിക്കുന്ന എല്ലാ പുസ്തകങ്ങളുടെയും ഒരു കോപ്പി ഇവിടെ നല്കണമെന്നാണ് നിയമം. ഇത് എത്രമാത്രം പാലിക്കപ്പെടുന്നുണ്ട് എന്നറിയില്ല. മോശമായ മെയിന്‍റനന്‍സും സംവിധാനങ്ങളുമാണ് അവിടെയുള്ളത്. സിവില്‍ സര്‍വ്വീസിന് പഠിക്കുന്നവര്‍ക്കുള്ള സിവില്‍ സര്‍വ്വീസ് സ്റ്റഡി സര്‍ക്കിളാണ് എടുത്തു പറയേണ്ട സവിശേഷത. നൂറു കണക്കിന് കുട്ടികള്‍ അവിടെയിരുന്ന് പഠിക്കുന്നുണ്ടായിരുന്നു. ഈ മാതൃക കേരളത്തിലും വേണ്ടതാണ്.
ഓരോ നിലയിലായി പീരിയോഡിക്കല്‍ സെക്ഷന്‍,റഫറന്‍സ്,ലാംഗ്വേജ്,ലിറ്ററേച്ചര്‍, ടെക്സ്റ്റ് ബുക്ക് എന്നിങ്ങനെ ഡിവിഷനുകള്‍ ഉണ്ട്.









Thursday, October 17, 2013

ആര്യങ്കാവ്  ജംഗ്ഷനിലെ  വനം

മണിയും  നാരായണ സിങ്കവും

പാവൂര്‍ സത്രത്തിലെ  പച്ചക്കറി   ഹോള്‍സെയില്  കേന്ദ്രം 


സമൃദ്ധിയുടെ  കാഴ്ചകള്‍



സന്തോഷിന്‍റെ  സൈലോയില്‍  നിന്നൊരു കാഴ്ച

കാരയര്‍

താമ്രപര്‍ണ്ണി

പാപനാശം  നദി

അംബാസമുദ്രം  -  കാരയാര്‍  ഡാം
മണിമുത്താര്‍  പോകണമെന്നായിരുന്നു തീരുമാനം.പക്ഷെ അവിടെ എത്തിച്ചേര്‍ന്നില്ല.യാത്രകളുടെ ഇത്തരം ആകസ്മിതകളാണ് അവയെ ആകര്‍ഷകമാക്കുന്നത്. രാവിലെ 5ന് പുറപ്പെടാനാണ് തീരുമാനിച്ചത്. സന്തോഷും ഞാനും അതനുസരിച്ച് തയ്യാറായി. രാജീവിനെ വിളിച്ചു.മൊബൈല്‍ സ്വിച്ച് ഓഫ്. വീടറിയില്ല.കുടപ്പനക്കുന്നില്‍ നില്ക്കാമെന്നായിരുന്നു വാഗ്ദാനം. രാധാകൃഷ്ണനെ വിളിച്ചു, രാധാകൃഷ്ണന്‍ സതിയെ കോണ്‍ടാക്റ്റ് ചെയ്തു.ഒടുവില്‍ ലഭ്യമായ ഒരാശയം വച്ച് വീടു കണ്ടുപിടിച്ചു. അപ്പോഴേക്കും ഒരു മണിക്കൂറിലേറെ വൈകി. നേരെ ചടയമംഗലത്തിന്. രാധാകൃഷ്ണന്‍റെ വീട്ടില്‍ നിന്നും ചായ കുടിച്ച് കുട്ടികളോടല്പ്പം തമാശയൊക്കെ പറഞ്ഞ് ഇറങ്ങി. തെന്മല തെങ്കാശി റോഡ് കേരള സൈഡില്‍ ഹൊറിബിള്‍!! കഴുതുരുട്ടിയില്‍ നിന്നും മണികൂടി കയറി. ആര്യങ്കാവില്‍ നിന്നും  പ്രാതല്‍ കഴിച്ചു. ദോശ-ചമ്മന്തി-കടല.അവിടെനിന്നു തന്നെ മലബാര്‍ ഇടിയിറച്ചി ചൂടാക്കി വാങ്ങി.ഇടുക്കിയില്‍ നിന്നും വരുന്ന പോത്തിറച്ചിയാണ്.ആഹ്ലാദാവസരങ്ങള്‍ക്ക്  അത്യുത്തമം എന്നാണ് പരസ്യം. മലയാളിയുടെ ആഹ്ലാദം എന്തിലാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
തമിഴ്നാട് എത്തിയപ്പോള്‍ അറിയാനുണ്ട്. നല്ല റോഡ്,സുഖ യാത്ര. എന്‍ എച്ച് 208 ല്‍ കേശവ പുരം,ചെങ്കോട്ട,ഇലഞ്ഞി,തെങ്കാശി വഴി മണിയുടെ സഹോദന്‍റെ വീട്ടിലും അരിമില്ലിലും കയറി.പിന്നെ പാവൂര്‍സത്രത്തിലും.അവിടെയാണ് പച്ചക്കറിയുടെ മൊത്തക്കച്ചവടം. , പ്രത്യേകിച്ചും കൊല്ലം ഭാഗത്തേക്കുള്ളത്. കൃഷിക്കാര്‍ വൈകുന്നേരം പച്ചഖ്കറികള്‍ അവിടെ കൊണ്ടുവരും. ലേലം ചെയ്ത് വാങ്ങി അപ്പോള്‍ തന്നെ കൊല്ലത്തേക്ക് അയയ്ക്കും. കെ.നാരായണ സിങ്കത്തിന്‍റെ കടയില്‍  കുറച്ചു സമയം ചിലവഴിച്ചു. ചുടുകട്ടകളുടെ കേന്ദ്രമായ  മാതാപുരം,മുദലിയാര്‍ പട്ടി,ആള്‍വാര്‍ കുറിച്ചി,വിക്രമ സിംഗ പുരം വഴി അംബാസമുദ്രത്തിലെത്തി. ചെറിയൊരു റയില്‍വേ സ്റ്റേഷനുമുണ്ട് അവിടെ.
താമ്രപര്‍ണ്ണി നദിയുടെ വടക്കേ കരയാണ് അംബാസമുദ്രം. പശ്ചിമ ഘട്ടത്തിന്‍റെ താഴ്വാരത്തിലെ ശാന്തമായ ഒരിടം. നല്ല കൃഷിയിടങ്ങള്‍. ക്ഷേത്രങ്ങളുടെ നാട് എന്ന നിലയില്‍ അംബയും ജലസമൃദ്ധിയുള്ളതിനാല്‍ സമുന്ദര്‍ എന്നും ചേര്‍ത്ത് അംബാസമുദ്രമായതല്ലാതെ  സമുദ്രവുമായോ കടലുമായോ പ്രദേശത്തിന് ഒരു ബന്ധവുമില്ല. വനമേഘലയില്‍ പരിചയമുള്ള മണിയുടെ സുഹൃത്ത് അരുള്‍ ആനന്ദ് ഒപ്പം ചേര്‍ന്നു. മെഡിക്കല്‍-കൊമേഴ്സ്യല്‍ ഗ്യാസ് സിലിണ്ടര്‍,വെയ് ബ്രിഡ്ജ്,വീല്‍ അലൈന്‍മെന്‍റ്,വാട്ടര്‍ സര്‍വ്വീസ് തുടങ്ങി വിവിധ ബിസ്സിനസ്സുകളുള്ള ചെറുപ്പക്കാരന്‍. കുറേ നാളുകള്‍ക്കു മുന്‍പ് ഒരു കമ്പനിയില്‍ പങ്കെടുത്ത് രാത്രിയില്‍ മദ്യപിച്ച് വരവെ അപകടത്തില് പെട്ട്  വഴിയില് കിടന്നുപോയി. വൈകിയാണ് ആസ്പത്രിയില്‍ എത്തിയത്.രക്ഷപെടില്ലെന്ന് എല്ലാവരും കരുതി. എന്നാല്‍ കുട്ടികളുടെ ഭാഗ്യം. റിക്കവര്‍ ചെയ്തു. പക്ഷെ പഴയപോലെ ആക്ടീവാകാന്‍ കഴിയുന്നില്ല. ഗന്ധം തിരിച്ചറിയില്ല. സ്വാദ് അന്‍പത് ശതമാനം മാത്രം. ഒരു പെഗ് കഴിക്കാം എന്നു പറഞ്ഞപ്പോഴാണ് ഈ കഥ പറഞ്ഞത്. ഇനി ഒരിക്കലും കഴിക്കേണ്ടതില്ല എന്ന് ഞങ്ങള്‍ പറഞ്ഞു പോയി.
പാപനാശം ഡാം,കരൈയാര്‍ ഡാം,കലക്കാട് മുണ്ടന്‍ തുറൈ ടൈഗര്‍ റിസര്‍വ്വ് എന്നിവ കണ്ടു. ഈ മലയുടെ എതിര്‍ വശത്തുത്തുള്ള ഒഴുക്കില്‍ നിന്നാണ് തൃപ്പരപ്പില്‍ ജലമെത്തുന്നത്. മൃഗങ്ങളെ ഒന്നും കണ്ടില്ല. മയില്‍ ഒഴികെ. കൃഷിയുടെ സമൃദ്ധിയാണ് മനം നിറയ്ക്കുക. മടക്കയാത്രയില്‍  അടുത്തകാലത്തെങ്ങും കാണാത്ത മഴയായിരുന്നു,വെഞ്ഞാറമൂട് വരെ. മൊത്തം യാത്രയിലും സാരഥിയായത് സന്തോഷായിരുന്നു, ആഘോഷങ്ങളില്‍ പങ്കാളിയാകാതെ സാത്വികഭാവത്തോടെ. 

മാഞ്ചോലൈ കുന്നുകള്