Tuesday, September 30, 2014

Short Story

കഥ
പ്രായശ്ചിത്തം
കാത്തിരിപ്പ് പോലെ നൊമ്പരമുണര്‍ത്തുന്ന കാര്യങ്ങള്‍ ജീവിതത്തില്‍ കുറവാണെന്ന് ജോര്‍ജ്ജ് ഓര്‍ത്തു. നിമിഷങ്ങള്‍ക്ക് മണിക്കൂറുകളുടെ ദൈര്‍ഘ്യം തോന്നുന്ന അവസ്ഥ. ദൂരെനിന്ന് ആരവം പോലെയുള്ള മുഴക്കം കേള്‍ക്കാന്‍ കഴിയുന്നുണ്ട്. പാളങ്ങളിലെ കിരുകിരുപ്പും പാറക്കഷണങ്ങളുടെ കുലുക്കവും മനസ്സിലാവുന്നുണ്ട്. എല്ലാംകൂടി ഒന്നാകുന്ന ആ നിമിഷത്തിനായി ഇനിയും ഏറെനേരം കാത്തിരിക്കേണ്ടതില്ല. എല്ലാറ്റില്‍ നിന്നും,പ്രത്യേകിച്ചും ഓര്‍മ്മകളില്‍ നിന്നും മോചനം നേടുന്ന നിമിഷം.
ആ ദുരന്ത ചിന്തയ്ക്ക് എന്തായിരുന്നു പ്രചോദനം.
മദ്യം ഇളക്കിവിട്ട കാമാന്ധത എന്നൊക്കെ പറയുന്നത് ശരിയാകില്ല.അതൊരു ഒഴിഞ്ഞുമാറലാണ്. അതിനും അപ്പുറത്ത് അതിഗൂഢമായ ഒരു വികാരമുണ്ടായിരുന്നിരിക്കാം.
അങ്ങിനെ സംശയത്തിന് വിട്ടിട്ട് കാര്യമില്ലല്ലോ; ഒരു വികാരമുണ്ടായിരുന്നു എന്നുതന്നെ പറയണം.
പിറവിയുടെ ആദ്യനാള്‍ ആസ്പത്രി വരാന്തയില്‍ കാത്തുനില്ക്കുമ്പോഴും ഇതുപോലെതന്നെയായിരുന്നു മനസ്സ്.
കര്‍ത്താവെ,രണ്ട് പ്രാണനും കേടില്ലാതെ വേര്പെടുത്തിത്തരേണമേ  എന്നായിരുന്നു പ്രാര്‍ത്ഥന. പ്രാര്‍ത്ഥന ദൈവം കേട്ടതുകൊണ്ടോ പ്രകൃതിയുടെ നിയോഗം കൊണ്ടോ അന്നയും കുഞ്ഞും പൊക്കിള്‍ക്കൊടി മുറിഞ്ഞ് വേര്‍പെട്ടു. നഴ്സ് വന്ന് പെണ്‍കുട്ടിയാണെന്നറിയിച്ചപ്പോള്‍ സന്തോഷം ഇരട്ടിച്ചു. തന്‍റെ ആഗ്രഹം അതായിരുന്നല്ലോ; അന്നയുടേയും.
കുഞ്ഞിനെ കാണാനുള്ള കൊതിയും ആകാംഷയുമായിരുന്നു തുടര്‍ന്നുള്ള നിമിഷങ്ങളെ ചിറകേറ്റിയത്. അവളുടെ നിറം എന്താകും; ആരുടെ ലക്ഷണമാകും അവള്‍ക്ക് കിട്ടിയിട്ടുണ്ടാവുക. ഇങ്ങനെ ചിന്തകള്‍ ചുറ്റിയടിക്കവെ കുട്ടിയെ കാണാന്‍ സിസ്റ്റര്‍ വിളിച്ചു. മോളെ കണ്ടപ്പോള്‍ സന്തോഷമായി. അന്നയുടെ നിറവും സൌന്ദര്യവുമുള്ള കുട്ടി. ദൈവമേ, നല്ലബുദ്ധികൂടി കൊടുക്കണേ എന്നായിരുന്നു തുടര്‍ന്ന് മനസ്സില്‍ വന്നത്.
അവളുടെ കൈവളര്,കാല്‍ വളര് എന്നു താലോലിച്ച് കടന്നുപോയ ദിനങ്ങള്‍. മോണകാട്ടിയുള്ള ചിരിയിലും അവ്യക്തമായ വാക്കുകളിലും ലോകം പൂര്‍ണ്ണമായെന്നു തോന്നിയ നാളുകള്‍. ജീവിതം മറ്റൊരു വിധത്തില്‍ വഴിതിരിയുകയായിരുന്നു.
രജിസ്ട്രേഷന്‍ വകുപ്പിലെ ഉദ്യോഗസ്ഥനായ തനിക്ക് ശമ്പളത്തിനുപരിയായി കിട്ടുന്ന കിമ്പളം ആഘോഷങ്ങള്‍ക്കുള്ളവയായിരുന്നു. അതുകൊണ്ടുതന്നെ സുഹൃത്തുക്കളേയും ധാരാളമായി കിട്ടി. മദ്യപാനവും ആഘോഷവും ഉത്സവപ്പറമ്പുകളുമായി നടന്ന ജീവിതത്തിന് അന്ന വന്നതോടെ ചെറിയ മാറ്റമുണ്ടായെങ്കിലും പൂര്‍ണ്ണമായും മാറിയത് റൂബിമോളുടെ വരവോടെയായിരുന്നു.
ഞങ്ങള്‍ക്കും മക്കളൊക്കെയുണ്ടെടാ കൂവേ, നിന്‍റെ മട്ടു കണ്ടാല്‍ തോന്നും ഭൂമിയിലാദ്യായിട്ടാ കുഞ്ഞ് ജനിക്കുന്നേന്ന്, വറീതേട്ടന്‍റെ വാക്കുകളെ ചിരിച്ചു തള്ളാമായിരുന്നെങ്കിലും  ഞാനത് ചെയ്തില്ല.
ഭൂമിയിലാദ്യായിട്ടല്ലേലും എനിക്കിതാദ്യത്തേതാ വറീതേട്ടാ.എനിക്ക് കളിച്ചു നില്ക്കാന്‍ സമയമില്ല, - ന്‍റെ മോള്‍ടടുത്തെത്തണം, ഞാന്‍ നടന്നു.
എത്രയെത്ര കളിപ്പാട്ടങ്ങള്‍, പുത്തനുടുപ്പുകള്‍,വളകള്‍,മാലകള്‍.പിച്ചവയ്ക്കുന്ന കാലമായിരുന്നു ഏറ്റവും രസകരം. ഓരോ ചുവടും ശ്രദ്ധിച്ച് ശ്രദ്ധിച്ച്
എന്നിട്ടും----
മാമോദീസയുടെ ഓര്‍മ്മകള്‍, പിറന്നാളുകള്‍.
എല്ലാ പിറന്നാളിനും അയല്‍ക്കാര്‍ക്ക് സദ്യ കൊടുക്കുമായിരുന്നു, വല്ല്യ സദ്യ; താറാവിറച്ചി സ്പെഷ്യലോടെ.
---മ്മടെ റൂബിമോള്‍ടെ പിറന്നാളായില്ല്യോടാ ജോര്‍ജ്ജേ, -- ച്ചി താറാവെറച്ചി തിന്നാന്‍ കൊതിയാവുന്നെടാ, വേലുമ്മാവന്‍ ഇടയ്ക്കിടെ തിരക്കും.
ആവുമ്പോ വിളിക്കാം മാമാ, മറക്കത്തില്ല , ഞാന്‍ ചിരിച്ചുകൊണ്ട് മറുപടി പറയുമായിരുന്നു.
ന്‍റെ കുഞ്ഞ്, അവള്‍ക്ക് മൂന്നു വയസ്സുള്ളപ്പോഴാ ടൈഫോയ്ഡ് വന്നെ.ഊണും ഉറക്കവുമില്ലാണ്ട് ഒറ്റയിരുപ്പായിരുന്നു ഞാന്‍. അന്നയ്ക്കുള്ളത്ര സമാധാനം പോലും എനിക്കില്ലായിരുന്നു. അവള്‍ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുമ്പൊ ഞാന്‍ വിങ്ങിക്കരയുമായിരുന്നു. ഡോക്ടര്‍ ഈയിടെ കണ്ടപ്പോഴും പറഞ്ഞു,ജോര്‍ജ്ജിന്‍റെ പ്രാര്‍ത്ഥനേടെ ഫലം കൂടിയാ കുട്ടിയെ രക്ഷിച്ചതെന്ന്. അതു കേള്‍ക്കുമ്പോ മനസ്സിനൊരു സുഖായിരുന്നു.
എന്നിട്ട്  അതേ മനസ്സുതന്നെ---------
സ്കൂളില്‍ പോകാന്‍ തുടങ്ങിയ കാലം ഓര്‍ക്കാന്‍ കുറേക്കൂടി രസം തോന്നുന്നുണ്ട്. മോളെ സൈക്കിളില്‍ ഇരുത്തി ബാഗും പിറകില്‍ വച്ചുകെട്ടിയുള്ള യാത്ര. യാത്രക്കിടയില്‍ നൂറുകൂട്ടം കഥകള്‍. കൂട്ടുകാരെക്കുറിച്ചും ടീച്ചര്‍മാരെക്കുറിച്ചുമുള്ള വിവരണങ്ങള്‍. എല്ലാ ടീച്ചര്‍മാര്‍ക്കും പ്രിയങ്കരിയായിരുന്നു റൂബി.ഇപ്പോഴും അങ്ങിനെതന്നെയാണു താനും.
ഇവള് വല്ല്യ മിടുക്കിയാവും ജോര്‍ജ്ജേ. ഏത് വിഷയമെടുത്താലും ഇവളതില്‍ ഒന്നാമതെത്തും, സിസ്റ്റര്‍ മേരി അത് പറയുമ്പോള്‍ എവിടെയോ ഒരഹങ്കാരം നിറയുന്നുണ്ടായിരുന്നു.
എല്ലാ ക്ലാസ്സുകളിലും സ്കോളര്‍ഷിപ്പുള്ള കുട്ടിയായി അവള്‍ മാറി. അഞ്ചാം ക്ലാസ്സിലെത്തിയതോടെയാണ് മോളെ പുതിയ സ്കൂളിലാക്കിയത്. കുറച്ചു ദൂരെയുള്ള സ്കൂള്. അതുകൊണ്ടുതന്നെ യാത്ര സ്കൂള്‍ ബസ്സിലായി. തന്‍റെ ഉത്തരവാദിത്തങ്ങള്‍ കുറഞ്ഞുവന്നു. മോള്‍ക്ക് കളിച്ചു നടക്കാനും കൊച്ചുവര്‍ത്തമാനം പറയാനും നേരമില്ലാതായി. എപ്പോഴും പഠിത്തമാണ്. അതോടെയാണ് ഞാന്‍ പഴയ ജീവിതത്തിലേക്ക് സാവധാനം തിരിച്ചുപോയത്. അന്ന വിലക്കിയതുമില്ല. വൈകിട്ട് സുഹൃത്ത് സദസ്സുകള്‍ക്കും ആഘോഷങ്ങള്‍ക്കും ശേഷം വീട്ടിലെത്തി മിണ്ടാതെ കിടന്നുറങ്ങുന്നവനായിരുന്നു   ഞാന്‍. അതുകൊണ്ടു തന്നെ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഒരലോസരവുമുണ്ടായില്ല. ശമ്പളത്തില്‍ തൊട്ടുള്ള കളീമുണ്ടായില്ല.
പെണ്ണ് വളര്‍ന്നു വരികയാ; പൊന്നും പണവുമൊക്കെ കരുതേണ്ട കാലായീന്ന് ഒരിക്കല്‍ അന്ന ഓര്‍മ്മിപ്പിച്ചു. അപ്പൊ ഞാന്‍ പറഞ്ഞു, നീ എന്താ പറയണേ- പ്രോവിഡന്‍റ് ഫണ്ടീ നല്ല കാശുണ്ട് അന്നേ. പിന്നെ ചിട്ടികള്‍ എത്രാന്നാ നിന്‍റെ വിചാരം.ഭൂമി നമുക്ക് രണ്ടാള്‍ക്കുമില്ലെ;പിന്നെ വീട്.പുതിയതൊന്നുമല്ലെങ്കിലും നമ്മുടെ വീടിനെന്താ കുഴപ്പം. അവള്‍ പിന്നൊന്നും പറഞ്ഞില്ല.
റൂബി എട്ടിലായപ്പോഴാ അന്ന ആധിയോടെ ഒരു കാര്യം പറഞ്ഞത്. നമ്മടെ മോള് വലുതായി, - പ്പൊഴേ വലുതായി. കാലം മോശാണ് ഇച്ചായാ. ട്യൂഷനൊക്കെ കഴിഞ്ഞ് വൈകിട്ട് തനിച്ച് വരുന്നത് ശരിയല്ല. ഇച്ചായന്‍ ഈ കൂട്ടൊക്കെ നിര്‍ത്തി കുട്ടീനെക്കൂടി ശ്രദ്ധിക്കണം.
അന്ന അത് പറഞ്ഞശേഷാ ഞാനെന്‍റെ കുഞ്ഞിനെ ശ്രദ്ധിച്ചേ. അവള് പറഞ്ഞത് നേരാ.റൂബി,-ന്‍റെ മോള് ഒരു മുട്ടത്തിയായിരിക്കുന്നു. എനിക്കു തന്നെ നേരെ നോക്കാന്‍ മടി തോന്നും വിധം അവള് വളര്‍ന്നിരിക്കുന്നു. ഞാന്‍ വീണ്ടും പഴയപോലായി. കൂട്ടുകെട്ടുകള്‍ കുറച്ചു. കുഞ്ഞിനെ ട്യൂഷനുകൊണ്ടാക്കലും വിളിച്ചുവരവുമൊക്കെയായി ജീവിതം മാറി.അതു പക്ഷെ--- കൊടുത്ത ജീവനെ കൊത്തണ മാതിരിയാവൂന്ന് നിരീച്ചില്ല.
മദ്യത്തിന്‍റെ പുറത്ത്-----
--ച്ഛെ------
വീണ്ടും ഒരു ന്യായീകരണം.
ഇച്ചായാ---- ന്താന്നറീല്ല; കുഞ്ഞിന് ഈയിടെയായൊരു മൌനം.പഠിത്തത്തിലും ശ്രദ്ധ തീരെയില്ല. എന്ത് ചോദിച്ചാലും ദേഷ്യാ.------ ന്‍റെ കുഞ്ഞിന് എന്തു പറ്റിയതാണോ ന്തോ---.സ്കൂളിലെന്തെങ്കിലും പ്രശ്നമുണ്ടോ എന്നറിയില്ല. ഇച്ചായന്‍ സ്കൂളി പോയൊന്നന്വേഷിക്കണം, അന്ന പറഞ്ഞു. ഞാന്‍ മൂളി.ആ മൂളല്‍ ഒരാധിയായി വളര്‍ന്ന് ശരീരമാകെ പടര്‍ന്നു. ശരീരം വിയര്‍ത്തു. നെഞ്ചിന്‍റെ മിടിപ്പ് ഒറ്റയടിക്ക് നിന്നിരുന്നെങ്കില്‍  എന്നു തോന്നിയ നേരം.
ഒരാഴ്ച കടന്നുപോയത് ഒരായിരം വര്‍ഷം പോലെയായിരുന്നു. റൂബിമോളോട് ഞാന്‍ സംസാരിച്ചതേയില്ല. അന്നയോട് വെറുതെ കലഹിക്കുകയും ചെയ്തു. സ്കൂളില്‍പോയോ എന്ന ചോദ്യം അവള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഞാന്‍ മറുപടി പറഞ്ഞില്ല. എപ്പോഴെങ്കിലും പൊട്ടിത്തെറിക്കാവുന്ന അഗ്നിപര്‍വ്വതത്തിന്‍റെ ചൂട് അതിനുമാത്രമെ അറിയൂ എന്ന മട്ടിലായിരുന്നു ഞാന്‍.
ഇന്ന് ഉച്ചനേരത്താണ് അന്ന വിളിച്ചത്. ഇച്ചായാ,സ്കൂളീന്ന് ഹെഡ്മിസ്ട്രസ് വിളിച്ചിരുന്നു. ഒന്നവിടം വരെ ചെല്ലാന്‍ പറഞ്ഞു.എനിക്കാകെ പേടിയാവുന്നു ഇച്ചായാ.അച്ഛന്‍ വരണ്ട,കുട്ടീടമ്മ മാത്രം വന്നാ മതീന്നാ പറഞ്ഞേ.
ഞാന്‍ ഒന്നും പറഞ്ഞില്ല.
ഇച്ചായനെന്താ മിണ്ടാത്തെ
ഞാന്‍ ശബ്ദമുണ്ടാക്കിയെടുത്തു. നീ പോയിട്ടുവാ. ഞാന്‍ പിറകെ വരാം. വീടിന്‍റെ താക്കോല്‍ ജനാലപ്പടിയില്‍ വച്ചേക്ക്.
ഞാന്‍ ഫോണ്‍ കട്ടു ചെയ്ത് കുറേനേരം തളര്‍ന്നിരുന്നു. കരച്ചില്‍ വന്നില്ല. കരയേണ്ടവന്‍ ഞാനല്ലല്ലോ. ഓഫീസില്‍ നിന്നും ഉടനെ ഇറങ്ങി. അപ്പച്ചന്‍ പറഞ്ഞ ഒരു വാചകം മനസ്സിലുണ്ടായിരുന്നു. എടാ,മരിക്കുമ്പോ അന്തസ്സായി മരിക്കണം. എന്‍റെ മോഹം കസേരയില്‍ ഇരുന്നു മരിക്കണമെന്നാ.
അപ്പച്ചന്‍റെ മോഹം നടന്നില്ല. ഒരു വര്‍ഷം ഒരേ കിടപ്പു കിടന്നാ അപ്പച്ചന്‍ മരിച്ചത്. അങ്ങേരുടെ നടക്കാതെപോയ മോഹം ഈ ജോര്‍ജ്ജ്കുട്ടിക്കെങ്കിലും സാധിക്കട്ടെ.
മനസ്സില്‍ നിന്നും എല്ലാ പാപബോധവും ഇറങ്ങിപ്പോയിരുന്നു.
ഇതെങ്ങിനെ സംഭവിച്ചു എന്നറിയില്ല. ഏറ്റവും ദുര്‍ബ്ബലനാവുമ്പോള്‍ ലഭിക്കുന്നൊരു കരുത്തുണ്ടല്ലോ, അതാകാം.
സ്കൂട്ടറില്‍ വീട്ടിലെത്തി മുറി തുറന്ന് ഒരു കസാലയെടുത്തു. അത് കയര്‍കൊണ്ട് സ്കൂട്ടറിനു പിറകില്‍ കെട്ടിവച്ചു. മുറിപൂട്ടി താക്കോല്‍ വീണ്ടും ജനാലപ്പടിയില്‍ വച്ചശേഷം യാത്ര ആരംഭിച്ചു. അത് ഇവിടെയാണ് അവസാനിച്ചത്.
ഈ വിജനമായ ഇടത്ത്, സമാന്തരമായി പോകുന്ന രണ്ട് പാളങ്ങള്‍ക്ക് നടുവില്‍ കസേരയിട്ട് ഞാന്‍ കാതോര്‍ത്തിരിക്കയാണ്.
പാളങ്ങള്‍ ഏറ്റുവാങ്ങുന്ന ----------
പാറക്കഷണങ്ങള്‍ ഏറ്റുവാങ്ങുന്ന ആ കുലുക്കം ഞാനറിയുന്നു.
ഒന്ന്,രണ്ട് എന്ന് എണ്ണിത്തുടങ്ങിയാല്‍ നൂറിനപ്പുറം പോവില്ല.
അതിനുമുന്‍പ് -----------
അന്ന എല്ലാം അറിയുന്നതിനു മുന്‍പ്---------
അവളുടെ ശാപ വാക്കുകള്‍ അന്തരീക്ഷത്തില്‍ നിറയുന്നതിനു മുന്‍പ്
അമ്മയും മകളും പരസ്പ്പരം പുണര്‍ന്ന് കണ്ണീരില്‍ മുങ്ങുന്നതിനു മുന്‍പ്---
ഇരമ്പം അടുത്തു വരുന്നു.
ഞാന്‍ കണ്ണടച്ചിരുന്ന് എണ്ണാന്‍  തുടങ്ങി.
ഒന്ന്
രണ്ട്---

മൂന്ന്--------------------

No comments: