Monday, September 29, 2014

youth festival

യുവജനോത്സവത്തിന്‍റെ മനഃശാസ്ത്രം
കല്ലിനെ ആയുധമാക്കിയ ആദ്യകാലം മുതലെ മനുഷ്യന്‍ കലയുടെ ഉപാസകനായിരുന്നു.പ്രകൃതിയുടെ ഓരോ അത്ഭുതക്കാഴ്ചകളും ശബ്ദങ്ങളും അവനിലുണ്ടാക്കിയ അനുരണനങ്ങളില്‍ നിന്നാണ് കലയുണ്ടായത്.ഒരു പക്ഷെ തിരക്കേറിയ ആധുനിക മനുഷ്യനേക്കാള്‍ എത്രയോ മടങ്ങായിരുന്നിരിക്കാം അവന്‍റെ ആസ്വാദനതലം.ശാസ്ത്രം കലയാണോ കല ശാസ്ത്രമാണോ എന്ന തര്‍ക്കം നിലനില്ക്കെ തന്നെ ജീവിതവുമായി ബന്ധപ്പെട്ട ഒന്നിനേയും പ്രത്യേകമായി വേര്‍തിരിച്ചു നിര്‍ത്താന്‍ കഴിയില്ലെന്നും നാം മനസ്സിലാക്കുന്നു.പുരാതന മനുഷ്യന് സ്വപ്നം കാണാന്‍ കഴിവുണ്ടായിരുന്നോ, അവര്‍ എന്ത് സ്വപ്നമായിരിക്കാം കണ്ടത് എന്നതൊക്കെ പഠനവിധേയമാകുമ്പോള്‍ നാമിന്നുകാണുന്ന പുരോഗതിയൊക്കെ ആ സ്വപ്നങ്ങളുടെ ബാക്കിപത്രമാണെന്ന് കാണാന്‍ കഴിഞ്ഞേക്കാം.
ഗുഹാഭിത്തികളില്‍ കോറിയിട്ട വരകളില്‍ അത്ഭുത ലോകങ്ങള്‍ ചമച്ച കലാകാരന്മാരായ ആദിഗുരുക്കളില്‍ നിന്നും പ്രേരണയുള്‍ക്കൊണ്ട് കലയുടെ അനേകം പടവുകള്‍ കയറിയാണ് നാമിന്ന് ഉന്നതങ്ങളില്‍ എത്തിനില്ക്കുന്നത്.എല്ലാറ്റിന്‍റെയും മൂല്യമളക്കുന്നത് പണവും അതിന്‍റെ വിനിമയവുമായി മാറിയ ആധുനിക കലം കലാകാരന്മാര്‍ക്ക് തിരിച്ചടിയായിക്കൊണ്ടിരിക്കുന്ന ഒരു യുഗത്തിലാണ് നമ്മള്‍ എത്തിനില്ക്കുന്നത്.കലാകാരന്‍റെ സ്ഥാനം യന്ത്രങ്ങള്‍ കൈയ്യേറുകയാണ്.നൂറുകണക്കിന് കലാകാരന്മാര്‍ ഒന്നിച്ചു ചേര്‍ന്ന് സൃഷ്ടിക്കുന്ന സര്‍ഗ്ഗവസന്തങ്ങള്‍ക്ക് ഇന്നിപ്പോള്‍ ഒരുപകരണം മതി എന്നാവുകയാണ്.സംഗീതരംഗത്താണ് ഈ പ്രവണത തീഷ്ണമായിക്കൊണ്ടിരിക്കുന്നത്.പാടുന്നയാളിന്‍റെ ബലഹീനതകള്‍ തീര്‍ക്കുന്ന എന്‍ജിനീയറന്മാര്‍ രംഗത്തെത്തിയിരിക്കുന്നു.വര്‍ഷങ്ങളോളം കഠിനാദ്ധ്വാനം ചെയ്ത് സ്വരമൂര്‍ച്ചയുണ്ടാക്കേണ്ട കാലം കഴിഞ്ഞു. നെയ്ത്തുകാരന്‍റെ കരവിരുത് യന്ത്രങ്ങള്‍ കവര്‍ന്നപോലെ, സംഗീതജ്ഞന്‍റെ സ്വരവിരുതിനെയും യന്ത്രം കവരുകയാണ്.എല്ലാ മേഖലകളിലും യന്ത്രം കടന്നുകയറ്റം നടത്തുന്നത് മുതലാളിത്ത സംവിധാനത്തിന്‍റെ ലാഭനഷ്ടക്കണക്കെടുപ്പ് രീതിശാസ്ത്രത്തിന്‍റെ ഭാഗമാണ്. അവിടെ കലയും കച്ചവടവും സമന്വയിക്കുകയാണ്.
ഈ ഒരന്തരീക്ഷത്തില്‍ നിന്നുകൊണ്ടുവേണം നമ്മള്‍ യുവജനോത്സവത്തെ സമീപിക്കാന്‍. കേരളത്തിലെ സ്കൂള്‍ യുവജനോത്സവം ആരംഭിച്ചിട്ട് അരനൂറ്റാണ്ട് കഴിയുന്നു.1957 ല്‍ ഇരുനൂറുപേര്‍ പങ്കെടുത്ത ഒറ്റ ദിന പരിപാടിയില്‍ നിന്നും ഒരാഴ്ച നീളുന്ന കാലാമാമാങ്കമായി അത് മാറിയിരിക്കുന്നു.പതിനായിരം യുവകലാകാരന്മാരും ലക്ഷത്തോളം കാഴ്ചക്കാരുമായി ഓരോ വര്‍ഷവും ഇടങ്ങള്‍ മാറി വരുന്ന കലയുടെ പൂരമെന്ന് നമുക്കിതിനെ വിശേഷിപ്പിക്കാം.ജനങ്ങളുടെ നികുതിപ്പണമുപയോഗിച്ച് ഇത്തരം ആഘോഷങ്ങള്‍ നടത്തുമ്പോള്‍ അനേകം പേര്‍ പട്ടിണിയിലും ദുരിതത്തിലുമാണെന്ന് സര്‍ക്കാര്‍ കാണുന്നില്ല എന്ന നിലയിലൊക്കെ ആക്ഷേപങ്ങള്‍ ഉയരാറുണ്ടെങ്കിലും യുവജനോത്സവത്തിന്‍റെ മനഃശാസ്ത്രവും അതിന്‍റെ ആത്മീയ-ഭൌതിക തലങ്ങളും അത് സമൂഹത്തിന് നല്കുന്ന സന്ദേശവും പഠിക്കേണ്ടതു തന്നെയാണ്. ന്യൂനതകള്‍ ഉണ്ടാകാമെങ്കിലും നേട്ടങ്ങള്‍ ആ ന്യൂനതകളെ മറയ്ക്കും എന്നതില്‍ സംശയമില്ല.
കേരളത്തിലെ  സ്കൂള്‍-കോളേജ് തലത്തില്‍ നടക്കുന്ന കലോത്സവങ്ങളും ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുന്ന കേരളോത്സവും മറുനാടന്‍ -പ്രവാസി സംഘടനകള്‍ നേതൃത്വം നല്കുന്ന സര്‍ഗ്ഗോത്സവങ്ങളുമെല്ലാം നമ്മുടെ പൈതൃക സംരക്ഷണത്തിനായുള്ള സാംസ്ക്കാരിക ഇടപെടലാണ് എന്നത് ഒരു സത്യം മാത്രമാണ്. അന്യം നിന്നു പോകാമായിരുന്ന അനേകം കാലാരൂപങ്ങള്‍ ഇന്നും ജനമനസ്സില്‍ ഗൃഹാതുരത്ത്വത്തോടെ നിലനില്ക്കുന്നുണ്ടെങ്കില്‍ അതിനുകാരണമായത് ഈ കലോത്സവങ്ങളാണ്. ആധുനികവും യന്ത്രവത്കൃതവുമായ കലാരൂപങ്ങളുടെ വര്‍ണ്ണപ്രഭയില്‍ നിറം മങ്ങിയ കാലാരൂപങ്ങളും ഭയന്നുമാറിയ തനതുകലകളുടെ ഉപാസകരും ഇവയെ അടുത്ത തലമുറയ്ക്ക് കൈമാറിയത് അതല്ലെങ്കില്‍ അടുത്ത തലമുറ കൈയ്യേറ്റത് ഇത്തരം ഉത്സവങ്ങളില്‍ ഈ ഇനങ്ങള്‍ ഉള്‍പ്പെട്ടതുകൊണ്ടുമാത്രമാണ് എന്നു കാണാന്‍ കഴിയും.
കലാരൂപങ്ങളുടെ മത്സരം,അതില്‍ വിജയം നേടാനുള്ള കുത്സിത ശ്രമങ്ങള്‍,മാതാപിതാക്കളുടെ അസൂയ,ദുര,അവതരണത്തിന് ലഭിക്കുന്ന ഗ്രേസ്സ് മാര്‍ക്ക് തുടങ്ങി പലതിന്‍റെയും ശരിതെറ്റുകള്‍ ഇന്നും ചര്‍ച്ചചെയ്യപ്പെടുകയാണ്. മൂല്യചോര്‍ച്ചയുണ്ടാകുന്നില്ല എന്നു പറയാന്‍ കഴിയില്ലെങ്കിലും മനഃശാസ്ത്രപരമായി ഇവയെ സമീപിക്കുമ്പോള്‍ ഇതെല്ലാം മനുഷ്യമനസ്സിന്‍റെ താത്ക്കാലിക വിഹ്വലതകളാണ് എന്ന് തിരിച്ചറിയാന്‍ കഴിയും. യഥാര്‍ത്ഥ നാണയങ്ങള്‍ക്കേ നിലനില്പ്പുള്ളുവെന്നും മറ്റുള്ളവ നിറംമങ്ങി വലിച്ചെറിയപ്പെടുമെന്നുമുള്ളതിന് കാലം സാക്ഷിയാണ്.

മത്സരത്തിനു വേണ്ടി മാത്രം കലകള്‍ പഠിക്കുകയും തുടര്‍പഠനമുണ്ടാകാതിരിക്കുകയും ചെയ്യുന്നതിനെക്കുറിച്ചും വിമര്‍ശനമുണ്ട്.അതിനെ ഗൌരവമായി കാണാന്‍ കഴിയുന്നതല്ല. കലകള്‍ അഭ്യസിക്കുന്നവരെല്ലാം സജീവമായി കലാരംഗത്ത് നിന്നാല്‍ പട്ടിണികിടന്ന് മരിക്കേണ്ടിവരും എന്നതാണ് യാഥാര്‍ത്ഥ്യം. മജ്ജയിലും മാംസത്തിലും സിരകളിലും തലച്ചോറിലും കല ഒരു ലഹരിയായി പടരുന്നവര്‍ മാത്രമെ അതിനെ ഉപാസിക്കേണ്ടതുള്ളു. മറ്റുള്ളവര്‍ ഡോക്ടറും എന്‍ജിനീയറും ഭരണകര്‍ത്താക്കളുമൊക്കെയായി മാറുമ്പോഴും കുറച്ചുകാലമെങ്കിലും അവര്‍ പഠിച്ച കലാരൂപങ്ങളെ ആസ്വദിക്കാനും കലാകാരനെ അംഗീകരിക്കാനും അവര്‍ക്ക് കഴിയും.അവരുടെ മനസ്സില്‍ നൈര്‍മ്മല്യമുണ്ടാവും.അതുകൊണ്ടാണല്ലൊ,നമ്മുടെ ഗുരുകുല വിദ്യാഭ്യാസരീതിയില്‍ കലകള്‍ക്ക് മതിയായ പ്രാധാന്യം നല്കിയിരുന്നതും മഹാനായ ടാഗോര്‍ തന്‍റെ ശാന്തിനികേതനില്‍ ഈ തത്വം നടപ്പിലാക്കിയതും.സ്കൂളില്‍ കുട്ടികള്‍ക്ക് അധികമായി ഒരു സാങ്കേതിക മികവുകൂടി നല്കാന്‍ പരിശ്രമം നടക്കുന്ന ഈ കാലത്ത് അതോടൊപ്പം ഒരു കലാരൂപമെങ്കിലും ആസ്വദിക്കാനും മനസ്സിലാക്കാനുമുള്ള അവസരം കൂടി ഒരുക്കി നല്കേണ്ട കടമ നമുക്കുണ്ട്.   

2 comments:

ചന്തു നായർ said...

പല യൂത്ത് ഫെസ്റ്റുകളിലും ജഡ്ജായിരുന്നൂ,ഞാൻ....അനുഭവങ്ങൾ ഏറെയുണ്ട്... പറയാൻ ഒരുപാടുണ്ട്.... കലയെ വില്പന ചരക്കാക്കാതിരിക്കുക

pravaahiny said...

ഇപ്പോള്‍ കലയും , യുവജനോത്സവങ്ങളും ഒക്കെ ഒരു തരം പ്രഹസനങ്ങള്‍ ആയിട്ടുണ്ട്‌ സ്നേഹത്തോടെ പ്രവാഹിനി