തളിയിലെ പണ്ഡിത സദസ്സും കാക്കശ്ശേരി ഭട്ടതിരിയും
മാനവിക്രമന്‍
കോഴിക്കോട് ഭരിക്കുന്ന കാലം. എല്ലാ വര്‍ഷവും തളിക്ഷേത്രത്തില്‍ അദ്ദേഹം പണ്ഡിത
സദസ്സ് സംഘടിപ്പിക്കുമായിരുന്നു. മത്സര വിജയിക്ക് 108 സമ്മാനങ്ങളും മുതിര്‍ന്ന
പണ്ഡിതന് പ്രത്യേക സമ്മാനവും നല്കി വന്നു. ആദ്യമൊക്കെ പ്രാദേശിക ബ്രാഹ്മണരാണ്
വിജയികളായിരുന്നത്. എന്നാല്‍ കാലം കടന്നുപോകെ അന്യദേശക്കാര്‍ നേട്ടം കൈവരിക്കാന്‍
തുടങ്ങി. അത്തരത്തില്‍ നാട്ടിലെത്തിയ ഉദ്ദണ്ഡന്‍ എന്ന പണ്ഡിതന്‍ അസാമാന്യ ബുദ്ധി
പ്രദര്‍ശിപ്പിച്ചു. സംതൃപ്നായ രാജാവ് അയാളെ കൊട്ടാരത്തില്‍ താമസിപ്പിച്ചു. തുടര്‍ന്ന്
അനേക വര്‍ഷം ഇയാള് തന്നെയായിരുന്നു വിജയി.
പ്രദേശിക
ബ്രാഹ്മണര്‍ക്ക് ഇത് സഹിക്കാന്‍ കഴിയാതെയായി. അവര്‍ ഒരിക്കല്‍ ഗുരുവായൂര്‍
ക്ഷേത്രത്തില്‍ കൂടി ഇതിനൊരു പരിഹാരം കാണണമെന്ന് ചിന്തിച്ചു. അവിടെ ഉണ്ടായ
അഭിപ്രായ സമന്വയത്തിന്‍റെ ഭാഗമായി അപ്പേള്‍ ഗര്‍ഭിണിയായിരുന്ന ഒരു അന്തര്‍ജനത്തിന്
നിത്യവും മന്ത്രം ജപിച്ച വെണ്ണ നല്കാനും ആ കുട്ടിയുടെ ബുദ്ധി വികാസത്തിനായി
നിത്യവും ഗുരുവായൂരപ്പനെ പ്രാര്‍ത്ഥിക്കാനും തീരുമാനിച്ചു. ഇത് നടപ്പാക്കുകയും
ചെയ്തു. തുടര്‍ന്ന് ഒരു കുമാരന്‍ ജനിച്ചു. അവന്‍ മിടുക്കനായി വളര്‍ന്നു. നല്ല
പഠനവും അവന് ഏര്‍പ്പാടാക്കി. അവന് മൂന്നു വയസ്സുള്ളപ്പോള് അച്ഛന്‍ മരിച്ചു. തുടര്‍ന്നുള്ള
കര്‍മ്മങ്ങള്‍ അനുഷ്ടിച്ചത് അവന്‍ തന്നെയായിരുന്നു. ഓരോ ദിവസവും ബലിച്ചോറുണ്ണാന്‍
വരുന്ന കാക്കകളെ വേര്‍തിരിച്ചറിയാനുള്ള കഴിവ് അവന്‍ പ്രദര്‍ശിപ്പിച്ചു.
മറ്റുള്ളവര്‍ക്ക് അതൊരത്ഭുതമായി തോന്നി. അങ്ങിനെ ആളുകള്‍ അദ്ദേഹത്തെ കാക്കശ്ശേരി
ഭട്ടതിരി എന്നു വിളിക്കാന്‍ തുടങ്ങി. സാധാരണ നിലയില്‍ ഉപനയനം എട്ടുവയസ്സിലാണ് നടക്കാറുള്ളത്. എന്നാല്‍
ഭട്ടതിരിയുടെ ഉപനയനം അഞ്ചര വയസ്സുള്ളപ്പോള്‍ നടന്നു. അതിനും മുന്‍പെ തന്നെ പഠനം
തുടങ്ങിയിരുന്നു. അസാമാന്യ ബുദ്ധി പ്രദര്‍ശിപ്പിച്ച ഭട്ടതിരി ചെറുപ്പത്തില്‍ തന്നെ
ഉദ്ദണ്ഡനുമായി മത്സരിക്കാന്‍ പ്രാപ്തനായി.
ഉദ്ദണ്ഡന്‍
മത്സരത്തിനു വരുമ്പോള്‍ ഒരു തത്തയെ കൊണ്ടുവരുകയും മത്സരത്തിന് കൂട്ടായി
ഉപയോഗിക്കുകയും ചെയ്തിരുന്നു. ഇതറിയാവുന്ന ഭട്ടതിരി ഒരു പൂച്ചയുമായാണ് മത്സരത്തിന്
പോയത്. ഉദ്ദണ്ഡന് ബാലനെ കളിയാക്കാന്‍ ശ്രമിച്ചപ്പോള്‍ അയാളും കുറിക്കുകൊള്ളുന്ന
മറുപടി നല്കി. ഉദ്ദണ്ഡന്‍ തത്തയെ മുന്നോട്ടു നിര്‍ത്തിയപ്പോള്‍ ഭട്ടതിരി പൂച്ചയെ
നീക്കി നിര്‍ത്തി. തത്ത ഭയന്ന് പിന്മാറി. വാഗ്വാദത്തില്‍ ഏര്‍പ്പെട്ട അവര്‍
ഇഞ്ചോടിഞ്ച് പോരാടി,ഒടുവില്‍ ഭട്ടതിരി മേല്ക്കൈ നേടി. തുടര്‍ന്ന് രാജാവ് ഇടപെട്ടു.
രഘുവംശത്തിലെ ആദ്യവരികള്‍ക്ക് പരമാവധി വിശദീകരണം നല്കുന്നവര്‍ വിജയിയാവുമെന്ന്
രാജാവ് പ്രഖ്യാപിച്ചു. ഉദ്ദണ്ഡന്‍ നാല് വിശദീകരണം നല്കിയപ്പോള്‍ ഭട്ടതിരി എട്ട്
വിശദീകരണം നല്കി. അതോടെ ഉദ്ദണ്ഡന്‍ അടിയറവ് പറഞ്ഞു. ഭട്ടതിരി 108 സമ്മാനങ്ങളും
നേടി. മുതിര്‍ന്നയാള്‍ക്കുള്ള നൂറ്റയൊന്‍പതാമത് സമ്മാനം ഉദ്ദണ്ഡന് നല്കാനുള്ള
രാജാവിന്‍റെ തീരുമാനത്തെയും ഭട്ടതിരി എതിര്‍ത്തു. പ്രായത്തില്‍ മൂത്തയാളിനാണ്
നല്കുന്നതെങ്കില്‍ തന്നോടൊപ്പം വന്ന വേലക്കാരന് നല്കണം,അദ്ദേഹത്തിന് എണ്‍പത്തിരണ്ട്
വയസ്സുണ്ട് എന്നായി ഭട്ടതിരി. അതല്ല,അറിവിന്‍റെ പൂര്‍ണ്ണതയാണ്
ഉദ്ദേശിക്കുന്നതെങ്കില്‍ ആ സമ്മാനവും തനിക്ക് തന്നെ വേണമെന്നും ശഠിച്ചു. രാജാവിന്
വഴങ്ങേണ്ടി വന്നു.തുടര്‍ന്ന് അനേകകാലം ആ ബഹുമതി ഭട്ടതിരിക്ക് സ്വന്തമായിരുന്നു.
ഭട്ടതിരിയുടെ
ഗ്രഹണശക്തി തെളിയിക്കുന്ന ഒരു സംഭവം ഇങ്ങനെ. അദ്ദേഹം ഒരിക്കല്‍ ഒരന്യനാട്ടില്‍
എത്തി. അവിടെ രണ്ടു കൂട്ടര്‍ തമ്മിലൊരു കലഹം നടന്നു. വ്യത്യസ്ത ഭാഷക്കാരായിരുന്നു
അവര്‍.തര്‍ക്കം തീര്‍ക്കാന്‍ രാജാവിന് മുന്നിലെത്തിയപ്പോള്‍ രണ്ടു കൂട്ടരുടെയും
വാദം കേട്ടശേഷം രാജാവ് സാക്ഷിയായിരുന്ന ഭട്ടതിരിയെ വിളിപ്പിച്ചു. ഭാഷ
അറിയില്ലെങ്കിലും അവര്‍ തമ്മില്‍ പറഞ്ഞ കാര്യങ്ങള്‍ അണുവിട തെറ്റാതെ ഭട്ടതിരി
രാജാവിനു മുന്നില്‍ അവതരിപ്പിച്ചു എന്നാണ് ഐതീഹ്യം. ജാതി മത ഭേദങ്ങള്‍ക്ക്
അതീതനായിരുന്നു ഭട്ടതിരി. അതുകൊണ്ടു തന്നെ നമ്പൂതിരിമാര്‍ ഒടുവില്‍ അദ്ദേഹത്തെ
ജാതിഭ്രഷ്ടനാക്കി. അതോടെ അദ്ദേഹം നാടുവിട്ടു പോയി എന്നാണ് വിശ്വാസം.
No comments:
Post a Comment