തിരുവല്ല
അനേകം
ധനവാന്മാരായ ബ്രാഹ്മണര്‍ താമസിച്ചിരുന്ന മല്ലിക വനമാണ് ഇന്നത്തെ തിരുവല്ല പ്രദേശം.
അവിടെ ശങ്കരമംഗലത്ത് നാരായണ ഭട്ടതിരിയും ഭാര്യ ശ്രീദേവിയും ജോലിക്കാരിയായ മറ്റൊരു
ശ്രീദേവിയും ജോലിക്കാരിയുടെ മകന്‍ മുകുന്ദനും താമസിച്ചിരുന്നു. ഭട്ടതിരി ശ്രീദേവി
ദമ്പതികള്‍ക്ക് കുട്ടികളുണ്ടായിരുന്നില്ല. കടുത്ത വിഷ്ണു ഭക്തരായിരുന്ന അവര്‍
വെളുത്ത വാവിന്‍റെ പത്താം നാളില്‍ ദശമി ദിനത്തില്‍ ഒരിക്കലൂണും പതിനൊന്നിന് ഏകാദശി
നാളില്‍ ഊണും ഉറക്കവുമില്ലാത്ത പ്രാര്‍ത്ഥനയും പന്ത്രണ്ടിന് ദ്വാദശിയില്‍
അവിവാഹിതരായ ബ്രാഹ്മണര്‍ക്ക് ഊണുനല്കിയ
ശേഷം ഒരിക്കലൂണുമായി കഴിഞ്ഞുവന്നു. ഭട്ടതിരി മരിച്ച ശേഷവും ശ്രീദേവി ഈ രീതി
തുടര്‍ന്നു . അവര്‍ക്ക് വേണ്ടത്ര വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാതിരുന്നതിനാല്‍ ഓരോ
മാസത്തെയും ക്രമമായ തീയതികള്‍ ഗണിച്ചറിയാന്‍ കഴിയുമായിരുന്നില്ല. അതിനാല്‍ അവര്‍ സ്വയം ഒരു രീതിയുണ്ടാക്കി. മാസത്തിന്‍റെ
പതിനൊന്നാം നാളില്‍ ഒരു പാത്രത്തില്‍ ഒരു കല്ലിട്ടു. തുടര്‍ന്ന് ഓരോ ദിവസവും ഓരോ കല്ലുകള് വീതം ഇട്ട് പതിനഞ്ച്
കല്ലാകുമ്പോള്‍ ആ ദിനം ഏകാദശിയായി കുരുതും. ഇത് ചിലപ്പോഴൊക്കെ
തെറ്റുമായിരുന്നെങ്കിലും അവരത് കാര്യമാക്കിയില്ല. ഒടുവില്‍ നാട്ടുകാരും അത്
അംഗീകരിച്ചു കൊടുത്തു. ഇന്ന് ചക്രോത്തമ്മയുടെ ഏകാദശിയാണ് എന്ന് ആളുകള്‍
പറയുമായിരുന്നു.
ഒരു
ദിവസം രണ്ട് ബ്രാഹ്മണര്‍ വീട്ടില്‍ ഭക്ഷണമാവശ്യപ്പെട്ട് എത്തി. അമ്മയുടെ കണക്കില്
അന്ന് ഏകാദശിയായിരുന്നു. അതിനാല്‍ ഭക്ഷണമില്ല എന്നവര്‍ പറഞ്ഞു. ബ്രാഹ്മണര്‍
പറഞ്ഞു,ഏകാദശി അടുത്ത ദിവസമാണെന്ന്. അമ്മ തര്‍ക്കിച്ചു. ഒടുവില്‍ കവിടി നിരത്തി
നോക്കുമ്പോള്‍ അമ്മ പറഞ്ഞത് ശരിയാണെന്നു കണ്ടു. അവര്‍ അവിടെ നിന്നിറങ്ങി മറ്റൊരു
വീട്ടില് പോയി. അവിടെ നിന്നും ഭക്ഷണം കിട്ടി. അവിടെ വച്ച് ഒരിക്കല്‍ കൂടി കവിടി
നിരത്തിയപ്പോള്‍ ഏകാദശി അടുത്ത ദിവസമാണെന്നു കണ്ടു. വീണ്ടും അമ്മയുടെ അടുത്തെത്തി
പരീക്ഷണം ആവര്‍ത്തിച്ചപ്പോള്‍ അമ്മയാണ് നേരെന്ന് വീണ്ടും മനസ്സിലാക്കി അവര്‍
മിണ്ടാതെ മടങ്ങി.
നാളുകള്‍
കഴിഞ്ഞു. നാട്ടുകാര്‍ക്ക് അമ്മ പറയുന്ന ദിനം ഏകാദശിയായി മാറി. അങ്ങിനെയിരിക്കെ
തോകലന്‍ എന്നൊരു ചട്ടമ്പിയും കൂട്ടുകാരും നാട്ടിലെത്തി ആളുകളെ ഭീഷണിപ്പെടുത്താനും
സ്വത്തു തട്ടിയെടുക്കാനും തുടങ്ങി. മിക്ക ഗ്രാമക്കാരും ഒഴിഞ്ഞുപോയി.
ചക്രോത്തമമ പോയില്ല. അന്യദേശക്കാര് പോലും
ആ വഴി വരാതായി. ദ്വാദശി ദിനമായി. അവിവാഹിതരായ ബ്രാഹ്മണര്ക്ക് ഭക്ഷണം കൊടുത്തേ
ചക്രോത്തമ്മയ്ക്ക് ഒരിക്കലൂണ് പറ്റുകയുള്ളു. ഒരാളും വരാത്ത ദുഃഖത്തില്‍ അമ്മ
ദൈവനാമം ചൊല്ലിയിരിക്കെ പുറത്തൊരു ശബ്ദം കേട്ടു. വാതില്‍ തുറന്നപ്പോള്‍ ഒരു
ബ്രാഹ്മണ യുവാവ് ഭക്ഷണമാവശ്യപ്പെട്ട് നില്ക്കുന്നു. അവര് സന്തോഷത്തോടെ യുവാവിനെ
വീട്ടിലേക്ക് ക്ഷണിച്ചു. ഞാന്‍ കുളിച്ചു വരാം എന്നായി കുമാരന്‍. തോകലന്‍റെ
ശല്യമുണ്ടാകും എന്ന് അമ്മ പറഞ്ഞെങ്കിലും അയാള്‍ കുളിക്കാനായി കുളക്കടവിലേക്ക്
പോയി. വഴിയില് വച്ച് തോകലന്‍ തടഞ്ഞു നിര്‍ത്തി ശല്യം ചെയ്തു. അത് ഏറ്റുമുട്ടലായി.
കുമാരന്‍ കൈയ്യിലിരുന്ന വടി ചുഴറ്റി. അത് സുദര്‍ശന ചക്രമായി തോകലന്‍റെ തലയറുത്തു.
ഓടി വന്ന തോകല സുഹൃത്തുക്കളെയും ചക്രം വധിച്ചു. കുമാരന്‍ വരാന്‍ താമസിച്ചപ്പോള്‍
ചക്രോത്തമ്മ വിഷമിച്ചു. കുമാരന് അപകടം പറ്റിയുട്ടുണ്ടാവും എന്നു കരുതി. പക്ഷെ
കുമാരന്‍ അഞ്ച് സുഹൃത്തുക്കളുമായാണ് ഊണിനെത്തിയത്. വിവരമറിഞ്ഞ് ആളുകള്‍ ഓടിക്കൂടി.
എല്ലാവര്‍ക്കും സുദര്‍ശന ചക്രം കാണണം. അദ്ദേഹം വടിയെ സുദര്‍ശന ചക്രമാക്കി അവരെ
കാണിച്ചു. അവിടെ ഒരു വിഷ്ണുക്ഷേത്രമുണ്ടാക്കണം എന്ന് കല്പ്പിച്ച് തന്‍റെ
സ്വത്തുക്കള്‍ നാട്ടുകാരെ ഏല്പ്പിച്ച് ചക്രോത്തമ്മ വിഷ്ണുവിനൊപ്പം കൂടി .എല്ലാവരും
കണ്ണടച്ച് പ്രാര്ത്ഥിച്ചു നില്ക്കെ ചക്രോത്തമ്മയെയും വേലക്കാരിയെയും ഒപ്പം കൂട്ടി
വിഷ്ണു അപ്രത്യക്ഷനായി. ആ പ്രദേശം പിന്നീട് ചക്രപുര എന്നറിയപ്പെട്ടു. ശ്രീ
വല്ലഭക്ഷേത്രം വന്നതോടെ ശ്രീവല്ലഭ പുരമായി മാറിയ ചക്രപുര ക്രമേണ തിരുവല്ലയായി
മാറി.
No comments:
Post a Comment