പാമ്പ്മേക്കാവും നാഗര്‍കോവിലും
ദാരിദ്യത്തിലായിരുന്ന
മേക്കാട്ട് നമ്പൂതിരി ദുരിതം മാറാനായി തിരുവഞ്ചിക്കുളം ക്ഷേത്രത്തില്‍
ഭജനമിരുന്നു. പന്ത്രണ്ട് വര്‍ഷം നീണ്ട ഭജന. ഒരു ദിവസം രാത്രി വൈകി
അമ്പലക്കുളത്തില്‍ വെള്ളമെടുക്കാന്‍ പോയ നമ്പൂതിരി അവിടെ ദിവ്യത്വമുള്ള ഒരു
വ്യക്തിയെ കണ്ടു. ആരെന്ന ചോദ്യത്തിന് മറുപടി കിട്ടിയില്ല. അയാളുടെ കൈയ്യിലെ
തിളങ്ങുന്ന കല്ല് കണ്ട് ഇതെന്താണ് എന്ന് നമ്പൂതിരി അടുത്ത ചോദ്യമെറിഞ്ഞു.
വൈരക്കല്ലെന്നായിരുന്നു മറുപടി. ഒന്നു നോക്കാന്‍ തരുമോ എന്ന് നമ്പൂതിരി ചോദിച്ചു.
തരാം പക്ഷെ വേഗം തിരികെ തരണം എന്നായി അപരിചിതന്‍. വൈരം കൈയ്യില്‍ വാങ്ങിയ
നമ്പൂതിരിക്ക് അത് കൊടുങ്ങല്ലൂര്‍ തമ്പുരാനെക്കൂടി
കാണിക്കണം എന്നായി മോഹം. വേഗം തിരികെയെത്താം എന്ന് നമ്പൂതിരി വാഗ്ദാനം ചെയ്തതിന്‍
പ്രകാരം വൈരവുമായി പോകാന്‍ അയാള്‍ സമ്മതിച്ചു. രാത്രിയില്‍ തന്നെ രാജസന്നിധിയില്‍
എത്തി വൈരം കാണിച്ചു. രാജാവിന് അത് സ്വന്തമാക്കാന്‍ മോഹമുണ്ടായെങ്കിലും നമ്പൂതിരി
അതനുവദിക്കാതെ തിരികെ വാങ്ങി. വേഗം കുളക്കടവിലെത്തി വൈരം കൈമാറി. അയാള്‍ ഉടന്‍
അപ്രത്യക്ഷനുമായി. നമ്പൂതിരി അമ്പലത്തിലെത്തി ഉറങ്ങാന്‍ കിടന്നെങ്കിലും ഉറക്കം
വന്നില്ല. ഒടുവില്‍ ചാന്ദ്രവെളിച്ചത്തില്‍ നേരം വെളുത്തു എന്നു കരുതി പുറത്തു വന്നു.
കുളിക്കാനായി വീണ്ടും പടവിലെത്തി.
അപ്പോഴും അപരിചിതന്‍ അവിടെയുണ്ട്. ആരാണ് നിങ്ങള്‍ എന്ന് വീണ്ടും നമ്പൂതിരി
ചോദിച്ചു.
അയാളുടെ
നിര്‍ബ്ബന്ധത്തിനു വഴങ്ങിയ അപരിചിതന്‍ താന്‍ സര്‍പ്പരാജാവായ വാസുകിയാണെന്ന്
വെളിപ്പെടുത്തി. വാസുകിയുടെ യഥാര്‍ത്ഥരൂപം കാണാനുള്ള ആഗ്രഹമായി നമ്പൂതിരിക്ക്.
വാസുകി അത് വിസമ്മതിച്ചു, കാരണം അത് കാണാനുള്ള കെല്‍പ്പ് നമ്പൂതിരിക്കുണ്ടാകില്ല
എന്ന് വാസുകിക്ക് അറിയാമായിരുന്നു. ഒരുപാട് നിര്‍ബ്ബന്ധിച്ചപ്പോള് ശിവന്‍റെ
വിരലിലെ മോതിരമായി കിടക്കുന്ന രൂപം കാട്ടിക്കൊടുത്തു. അപ്പോള്തന്നെ നമ്പൂതിരി
ബോധശൂന്യനായി. കുറെ കഴിഞ്ഞ് ബോധംവീണ നമ്പൂതിരിയോട് വാസുകി ചോദിച്ചു, എന്നില്‍
നിന്നും താങ്കള്‍ എന്തെങ്കിലും പ്രതിക്ഷിക്കുന്നുണ്ടോ?
എന്‍റെ വീട്ടില്‍ അങ്ങയുടെ സ്ഥിരസാന്നിദ്ധ്യം
വേണം എന്നായിരുന്നു നമ്പൂതിരി അഭ്യര്‍ത്ഥിച്ചത്. വാസുകി സമ്മതിച്ചു.രണ്ട് മൂന്നു
ദിവസത്തിനുള്ളില്‍ വൃതം നിര്‍ത്തി പോകണമെന്നും ശിവന്‍റെ അനുവാദം വാങ്ങി ആ
സമയത്തേക്ക് താനും വീട്ടിലെത്താമെന്നും വാസുകി ഉറപ്പു കൊടുത്തു. പറഞ്ഞപ്രകാരം നമ്പൂതിരി
വൃതം നിര്‍ത്തി ഇല്ലത്തേക്ക് മടങ്ങി. പനക്കുട
കിഴക്കേ വരാന്തയില് വച്ച് കുളി കഴിഞ്ഞു വന്നപ്പോള്‍ കണ്ടത് കുടയുടെ
മുകളിലിരിക്കുന്ന സര്‍പ്പത്തെയാണ്. നമ്പൂതിരിയെ കണ്ടപ്പോള്‍ വാസുകി തന്‍റെ
മനുഷ്യരൂപം കാട്ടുകയും വൈരം നമ്പൂതിരിക്ക് നല്കിയ ശേഷം സൂക്ഷിച്ചു വയ്ക്കാന്‍
ആവശ്യപ്പെടുകയും ചെയ്തു. ഒരു നാഗയക്ഷികൂടി കൂട്ടിനുണ്ടാകും ഭയപ്പെടേണ്ടതില്ല
എന്നും വാസുകി പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോള്‍ അന്തര്‍ജ്ജനം കുളി കഴിഞ്ഞു വന്നു.
അവരുടെ കുടയുടെ മുകളിലും ഒരു പാമ്പുണ്ടായിരുന്നു. രണ്ട് സര്‍പ്പങ്ങളേയും
കണ്ടയിടത്ത് നാഗരൂപങ്ങള് വച്ച് ആരാധിക്കണമെന്നും ധാരാളം സര്‍പ്പങ്ങള്‍ വീട്ടില്‍
വരും,ഭയക്കേണ്ടതില്ലെന്നും ഈ വീടും വസ്തുവും അവരുടെ വാസസ്ഥാനമാകുമെന്നും വാസുകി പറഞ്ഞു. പറമ്പ് കിളക്കരുതെന്നും വീടിനു
പുറത്ത് തീ കത്തിക്കരുതെന്നും നിര്‍ദ്ദേശിച്ചു. പാമ്പ് കടിയേറ്റ് വരുന്ന അന്യരെ
ചികിത്സിക്കരുതെന്നും എന്നാല്‍ സര്‍പ്പശാപമേറ്റവര്‍ക്ക് ചികിത്സ നല്കാമെന്നും
വാസുകി പറഞ്ഞു. നാഗവിഗ്രഹങ്ങള്‍ക്ക് കെടാവിളക്ക് വേണമെന്നും അതിലെ എണ്ണയും പുകയും
ത്വക്ക് രോഗത്തിന് ഗുണപ്രദമായ മരുന്നാകുമെന്നും അരുളിച്ചെയ്തു. നമ്പൂതിരി എല്ലാം
അനുസരിച്ചു. മേക്കാട്ട് ഇല്ലം പാമ്പുമേക്കാട്ടായി മാറി. അനേകമാളുകള്‍
ചികിത്സയ്ക്കും പൂജയ്ക്കുമായി വന്നു. ഇല്ലം പ്രസിദ്ധമായി.ഒരു പാണ്ഡ്യരാജാവിന്‍റെ
ത്വക്ക് രോഗം മാറ്റിക്കൊടുത്തതോടെ സമ്പത് സമൃദ്ധിയും വന്നുചേര്‍ന്നു.
ഒരിക്കല്‍
നമ്പൂതിരി പാണ്ഡ്യരാജാവിനെ കണ്ട് മടങ്ങവെ തെക്കന്‍ തിരുവിതാംകൂറില്‍ ഒരിടത്തുവച്ച്
ഒരു സ്ത്രീയുടെ നിലവിളി കേട്ടു.നോക്കുമ്പോള്‍ പുല്ലരിയുന്ന ഒരു സ്ത്രീയെയാണ് അവിടെ
കണ്ടത്. അവരുടെ കത്തികൊണ്ട് ചോരവന്ന അഞ്ചുതലയുള്ള നാഗവിഗ്രഹം കണ്ട് ഭയന്നിട്ടാണ് ആ
സ്ത്രീ കരയുന്നതെന്ന് നമ്പൂതിരി മനസ്സിലാക്കി. അവരെ ആശ്വസിപ്പിച്ച ശേഷം ഒരു
മന്ത്രം ജപിച്ച് വിഗ്രഹത്തിന്‍റെ ചോരയൊഴുക്ക് നിര്‍ത്തി. തുടര്‍ന്ന് നാട്ടുകാരുടെ
സഹായത്തോടെ ഒരു ചെറിയ ക്ഷേത്രമുണ്ടാക്കി നാഗത്തെ അവിടെ പ്രതിഷ്ഠിച്ചു. അതോടെ ആ ഇടം
നാഗര്‍കോവിലായി. തറ നിരപ്പില് നിന്നും അല്പ്പം താഴ്ത്തിയാണ് പ്രതിഷ്ഠ നടത്തിയത്. അവിടെ ചുവന്ന മണ്ണാണ്
ഉള്ളത്. ഈ മണ്ണ് ത്വക്ക് രോഗം ശമിപ്പിക്കും എന്ന് ആളുകള്‍ വിശ്വസിക്കാനും തുടങ്ങി.
ആളുകള്‍ എത്ര മണ്ണെടുത്താലും അത് കുറയുന്നില്ല എന്നും വിശ്വാസമുണ്ട്. ക്ഷേത്രം പുതുക്കുന്നത്
നാഗത്താനിഷ്ടമല്ല എന്നൊരു വിശ്വാസമുള്ളതിനാല്‍ അത് പഴയ നിലയില്‍ തുടരുകയാണ് എന്നത്
ചരിത്രം.
ഒരിക്കല്‍
പാമ്പുമേക്കാട്ട് ഒരാഘോഷത്തിന്‍റെ ഭാഗമായി പന്തലിട്ടു. അപ്പോള്‍ നാഗക്കൂടുകളും
മുട്ടകളും നശിച്ചു. നാഗങ്ങള്‍ പ്രതിഷേധിച്ച് ഇരമ്പി വന്നു. ഒടുവില്‍
ജ്യോതിഷപ്രകാരമുള്ള കര്‍മ്മങ്ങള്‍ നടത്തിയാണ് സര്‍പ്പങ്ങളെ അടക്കിയത്. മേക്കാവില്‍
നിന്നും ആര്‍ക്കും ഒന്നും മോഷ്ടിക്കാന്‍ കഴിയില്ല എന്ന് ഒരു വിശ്വാസവും
നിലവിലുണ്ട്. ഒരിക്കല്‍ കുപ്രസിദ്ധ മോഷ്ടാവ് ചേകണ്ണനും കൂട്ടരും മോഷണം നടത്താന്‍
എത്തി. മോഷ്ടിച്ച് ഇറങ്ങി വന്ന കള്ളന്മാരെ
സര്പ്പങ്ങള്‍ വഴിതടഞ്ഞു. നേരം വെളുക്കും വരെ ഒറ്റ നില്പ്പ് നില്ക്കേണ്ടി വന്നു
അവര്ക്ക്. രാവിലെ കാരണവരുടെ കാലില്‍ വീണ് ചേകണ്ണന്‍ മാപ്പുപറഞ്ഞ ശേഷമാണ് സര്‍പ്പങ്ങള്
പിരിഞ്ഞുപോയത്. ഇത്തരത്തില്‍ അനേകം രസകരങ്ങളായ കഥകളാണ് ഐതീഹ്യങ്ങളായി നമ്മള്‍ വായിക്കുന്നത്.
No comments:
Post a Comment