Friday, July 18, 2014

Harassment to men at kerala temples

ലേഖനം

ക്ഷേത്രാചാരവും  പുരുഷ പീഡനവും
n   വി.ആര്‍.അജിത് കുമാര്‍
ഭാരതത്തിന്‍റെ ഭരണ ഘടന എല്ലാ പൌരന്മാര്‍ക്കും അന്തസില്‍ തുല്യതയും മാന്യതയും ഉറപ്പു നല്കുന്നുണ്ടെങ്കിലും കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും പുരുഷന്മാരുടെ മാന്യതയും അന്തസ്സും ഇടിച്ചു താഴ്ത്തുന്ന ഒരു സമീപനമാണ് കണ്ടു വരുന്നത്. പ്രധാനപ്പെട്ട പല ക്ഷേത്രങ്ങളിലും അര്‍ദ്ധ നഗ്നരായി മാത്രമെ പുരുഷന്മാരെ പ്രവേശിപ്പിക്കാറുള്ളു. വിശ്വാസത്തിനും ആചാരത്തിനും പൂര്‍ണ്ണ സ്വാതന്ത്യം നല്കിയിട്ടുള്ള ഒരു ഭരണഘടന  നടപ്പിലാക്കിയിട്ടുള്ള നാട്ടില്‍ സ്വാതന്ത്യം കിട്ടി അറുപത്തിയേഴ് വര്‍ഷമായിട്ടും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും രണ്ട് നീതി അനുശാസിക്കുന്നത് വളരെ ക്രൂരമായ സമീപനമാണ്. ക്ഷേത്രത്തില് കയറുന്ന വിശ്വാസിയായ പുരുഷനും പോലീസ്സ് ലോക്കപ്പിലാകുന്ന കുറ്റാരോപിതനായ പുരുഷനുമാണ് കേരളത്തില്‍ വസ്ത്രം അഴിച്ചുമാറ്റേണ്ടി വരുന്നത് എന്നതും ശ്രദ്ധേയമാണ്. ഉടുപ്പും അടിയുടുപ്പും അഴിപ്പിക്കുന്നതിലൂടെ ക്ഷേത്രഭരണാധികാരികള്‍ എന്ത് സംതൃപ്തിയാണ് കൈവരിക്കുന്നതെന്ന് മനശാസ്ത്രപരമായി വിശകലനം ചെയ്യേണ്ടതുണ്ട്. ഒരു പക്ഷേ ഇതൊരു ചാക്രിക ചരിത്ര നീതിയാണോ എന്നും സംശയിച്ചു പോകുന്നു. ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യകാലം വരെയും മാറുമറയ്ക്കാതെ നടന്ന സ്ത്രീകള്‍ ശരീരമാകെ മറയ്ക്കുന്ന ഈ കാലത്ത് അന്ന് അതിന് കാരണക്കാരായ പുരുഷന്മാരുടെ വസ്ത്രം അഴിപ്പിക്കുക നീതിയുടെ അനിവാര്യമായ തിരിച്ചടിയാകാം. എങ്കിലും ഈ അനീതിക്കെതിരെ ശബ്ദമുയര്‍ത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. എല്ലാ മാറ്റങ്ങള്‍ക്കും നേതൃത്വം നല്കിയിരുന്നത് സാമുദായിക സാമൂഹിക പരിഷ്ക്കാര്‍ത്താക്കളായിരുന്നു എന്നതുകൊണ്ടുതന്നെ ഈ രംഗത്തെ പ്രമുഖരുടെ നേതൃത്വം ഇതിനുണ്ടാകേണ്ടതുണ്ട്. മുണ്ട് ഉടുക്കുന്നവരുടെ എണ്ണം തീരെ കുറഞ്ഞിരിക്കുന്ന ഈ കാലത്തും ക്ഷേത്രങ്ങള്‍ മലയാളിയുടെ പൊതുവസ്ത്രമായ പാന്‍റ്സിന് വിലക്കേര്‍പ്പെടുത്തുന്നതും വിരോധാഭാസമാണ്. നിയമങ്ങള്‍ മാറ്റത്തിന് വിധേയമാണ് എന്ന സത്യം ഉള്‍ക്കൊണ്ട് കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ ആചാരങ്ങളില്‍ വരുത്തേണ്ടതാണ്. അതല്ലെങ്കില്‍  പത്മനാഭ സ്വാമി ക്ഷേത്രത്തിലും മറ്റും ചെയ്യുന്നപോലെ ,ദൈവത്തെ കബളിപ്പിക്കാന്‍ പാന്‍റ്സിനു മുകളില്‍ മുണ്ടുചുറ്റുന്ന വികല സമ്പ്രദായങ്ങള്‍ തുടരുക തന്നെ ചെയ്യും. അത് കച്ചവടമാക്കി മാറ്റാം എന്നു കരുതുന്നവരുടെ കൈകളില് നിന്നും ഈ സമ്പ്രദായങ്ങളെ പൊട്ടിച്ചെറിയേണ്ടതുണ്ട്.
                           -2-
വസ്ത്രധാരണത്തിന്‍റെ  ചരിത്രം
ഇന്ന് പൊതുവായി നഗ്നതാ പ്രദര്‍ശനം വലിയ മാര്‍ക്കറ്റുള്ള ഒരിനമായി മാറിയിട്ടുണ്ട്. സിനിമയിലും പരസ്യമേഖലയിലും സ്ത്രീയുടെയും പുരുഷന്‍റെയും നഗ്നത കച്ചവട താത്പ്പര്യത്തോടെ പരമാവധി വിനിയോഗിക്കപ്പെടുന്നു. ഇത് നല്കുന്ന ദര്‍ശന സുഖം മാര്‍ഗ്ഗം ഉപയോഗിച്ചവരുടെ ലക്ഷ്യ സാക്ഷാത്ക്കാരമാകുന്നു. ക്ഷേത്രങ്ങളില്‍ നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഇത്തരം ശില്പ്പങ്ങള്‍ കൊത്തിവച്ച ശില്പ്പികള്‍ക്കും അതിന് പണം മുടക്കിയ ഉടമകള്‍ക്കും ഈ ദര്‍ശന സുഖത്തിന്‍റെ മനശാസ്ത്രരീതികള്‍ മനസ്സിലുണ്ടായിരുന്നിരിക്കണം. ഖജുരാഹോ പോലുള്ള ക്ഷേത്രങ്ങള്‍ ഈ വിഷയത്തിന് ഉത്തമ ഉദാഹരണമാകുമ്പോള്‍ മറ്റു പലയിടത്തും ഒരളവുവരെ നഗ്നശില്പ്പങ്ങള്‍ക്ക് പ്രാധാന്യം കൈവരുന്നത് കാണാം.
ഇത് ഓര്‍മ്മയില്‍ സൂക്ഷിച്ചുകൊണ്ടുതന്നെ നമുക്ക് ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യ ദശകങ്ങളിലേക്കും അതിന് പിറകിലോട്ടുള്ള നൂറ്റാണ്ടുകളിലേക്കും ഒന്നു കണ്ണോടിക്കാം. ബ്രിട്ടീഷ് ഭരണം വരുന്നതിന് മുന്‍പ് ഭാരതീയര്‍ ഭൂരിഭാഗവും അര്‍ദ്ധനഗ്നരായാണ് നടന്നിരുന്നത് എന്ന വാസ്തവക്കാഴ്ചയാണ് നാം അവിടെ കാണുക. അടിമയുടമ സമ്പ്രദായം നിലനിന്ന കാലം അടിമകള്‍ക്ക് നാമമാത്രമായ വസ്ത്രമാണുണ്ടായിരുന്നത്. തുടര്‍ന്ന് വലിയ പ്രക്ഷോഭങ്ങളിലൂടെയാണ് വസ്ത്രത്തിന്‍റെ തോത് ഉയര്‍ത്താന്‍ കഴിഞ്ഞതെന്നത് ചരിത്രം.
പുരാതന കാലത്ത് കൃഷിപ്പണി ആരംഭിച്ചതോടെയാണ് പലവിധ സാങ്കേതിക പുരോഗതികളും മനുഷ്യരാശിക്കുണ്ടായത്. അതില്‍ ഒരു ശാഖയായിരുന്നു നെയ്ത്ത്. രോമവും ചെടികളുടെ നാരുമാണ് നെയ്ത്ത് കണ്ടുപിടിക്കാന്‍ കാരണമായത്. ഇന്ത്യയില്‍ സൈന്ധവകാലത്താണ് നെയ്ത്ത് തുടങ്ങിയതെന്ന് കരുതപ്പെടുന്നു.  പരുത്തിത്തുണിയുടെ ജന്മനാടാണല്ലോ ഭാരതം. കേരളത്തില്‍ പരുത്തികൃഷി ഇല്ലാതിരുന്നതിനാല്‍ ഇലകളും മൃഗചര്‍മ്മവുമാകാം നഗ്നത മറയ്ക്കാന്‍ ആദ്യം ഉപയോഗിച്ചിരുന്നത്. ഇലകൊണ്ട് നഗ്നത മറയ്ക്കുന്നവര്‍ ഗിരിവര്‍ഗ്ഗക്കാര്‍ക്കിടയില്‍ ഈ അടുത്തകാലം വരെയും ഉണ്ടായിരുന്നു എന്നത് ഒരു സൂചകമായി കരുതാവുന്നതാണ്. കേരളീയരുടെ ആദ്യകാല വസ്ത്രരീതികള്‍ സംബ്ബന്ധിച്ച് ഊഹാപോഹങ്ങള്‍ മാത്രമെയുള്ളു. ഇലയും മൃഗത്തോലും കടന്ന് ഏതോ കാലത്ത് അത് പരുത്തിത്തുണിയില്‍ എത്തിച്ചേര്‍ന്നു എന്നു കരുതാം. കോണകമുടുത്ത മലയാളിയുടെ പത്തൊന്‍പതാം നൂറ്റാണ്ടിലെ ചിത്രങ്ങള്‍ നമുക്ക് ലഭ്യമാണ്.
വിവാഹത്തിനുമുന്‍പ് പെണ്‍കുട്ടികളെ ,ഒരു ചടങ്ങെന്ന നിലയില്‍, താലികെട്ടിക്കുന്ന രീതി നാട്ടില്‍ നിലനിന്നിരുന്നു. ഈ ചടങ്ങില്‍ പങ്കെടുക്കുന്ന പുരുഷനും ബാലികയും തമ്മില്‍ ഭാര്യാഭര്‍തൃ ബന്ധത്തില്‍ ഏര്‍പ്പെടാറില്ലായിരുന്നു എങ്കിലും മിക്ക സമുദായങ്ങളും ഈ ആചാരം
                            -3-
തുടര്‍ന്നുവന്നു. താലികെട്ട് കഴിയുന്നതുവരെ പെണ്‍കുട്ടികള്‍ സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങള്‍ ധരിക്കാനോ മാറുമറച്ച് വസ്ത്രം ധരിക്കാനോ പാടില്ലെന്നായിരുന്നു നാട്ടുനടപ്പ്.
ജനതയുടെ വികാസം പരസ്പ്പരമുള്ള കൊടുക്കല്‍ വാങ്ങലുകളില്‍ നിന്നാണെന്ന സത്യം ഉള്‍ക്കൊണ്ടാല്‍, ബിസിയില്‍ ഗ്രീക്ക്,അറേബ്യ,ഈജിപ്ത് തുടങ്ങിയ നാടുകളുമായി സുഗന്ധ വ്യഞ്ജനങ്ങളും ചന്ദനവും ഈട്ടിയും കച്ചവടം നടത്തിയിരുന്ന കേരള ജനത സ്വാഭാവികമായും അവരില്‍ നിന്നും വസ്ത്രങ്ങളും ഇറക്കുമതി ചെയ്തിട്ടുണ്ടാവണം. പെരിപ്ലസ് മുസിരിസിനെ കുറിച്ച് എഴുതുമ്പോള്‍ അവിടെ ഇറക്കുമതി ചെയ്തിരുന്ന വസ്തുക്കളില്‍ തുണിയും പൂക്കള്‍ തുന്നിപ്പിടിച്ച വസ്ത്രങ്ങളും ഉള്‍പ്പെട്ടിരുന്നതായി പറയുന്നുണ്ട്. സമ്പന്നരായ സമൂഹം ആ കാലത്ത് മോടിയുള്ള വസ്ത്രങ്ങള്‍ ധരിച്ചിരുന്നതായി ഇതില്നിന്നും അനുമാനിക്കാം.
സംഘകാലത്ത് പെണ്‍കുട്ടികള്‍ തഴയുട ധരിച്ചിരുന്നതായി സംഘംകൃതികള്‍ രേഖപ്പെടുത്തുന്നുണ്ട്. നൊച്ചിപ്പൂക്കളും ആമ്പല്‍പ്പൂക്കളും കോര്‍ത്തിണക്കി അരയില്‍ ധരിച്ചിരുന്ന ഒരുതരം പൂവാടയായിരുന്നു ഇത്. വിവാഹം കഴിഞ്ഞ സ്ത്രീകള്‍ പരുത്തികൊണ്ടോ പട്ടുകൊണ്ടോ ഉള്ള വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. മനോഹരവും മൃദുലവുമായ പട്ട് മുറുകെ ചുറ്റിയ അരക്കെട്ടും ചിത്രത്തിലെഴുതപ്പെട്ടപോലെയുള്ള ഇളംമുലകളുമുള്ള സുന്ദരികളെപ്പറ്റി പതിറ്റുപ്പത്തില്‍ കവികള്‍ വര്‍ണ്ണിക്കുന്നതില്‍ നിന്നും അരയ്ക്ക് മീതെ സ്ത്രീകള്‍ വസ്ത്രം ഉപയോഗിച്ചിരുന്നില്ല എന്നനുമാനിക്കാം. പുരുഷന്മാരും പരുത്തികൊണ്ടും പട്ടുകൊണ്ടുമുള്ള വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. പട്ടുവസ്ത്രങ്ങള്‍ പരുന്തിന്‍റെ ചിറകുപോലെ നേര്‍മ്മയും മിനുസവുമുള്ളവയായിരുന്നു. ദിവസവും വെള്ളത്തില്‍ നനച്ചു വെളുപ്പിച്ച ശുഭ്രവസ്ത്രം ധരിക്കുന്നതില്‍ അവര്‍ ശ്രദ്ധാലുക്കാളായിരുന്നു. യുദ്ധവീരന്മാര്‍ നീലനിറമുള്ള കച്ചയും പൂവേല ചെയ്ത ആടയുമായിരുന്നു ധരിച്ചിരുന്നത്.
നമ്പൂതിരി മേധാവിത്തത്തിന്‍റെ കാലത്ത് വസ്ത്രധാരണത്തില്‍ രണ്ട് നീതിയാണ് നിലനിന്നിരുന്നത് എന്നു കാണാന്‍ കഴിയും. നമ്പൂതിരി സ്ത്രീയുടെ ചാരിത്രം പരപുരുഷ ദര്‍ശനത്തില്‍ പോലും കളങ്കപ്പെടാതെ സൂക്ഷിക്കാന്‍ അവര്‍ ശ്രമിച്ചിരുന്നു. ക്ഷേത്രത്തില്‍ പോകുമ്പോള്‍ പോലും തുണിയില്‍ കെട്ടിപ്പൊതിഞ്ഞ് വട്ടക്കുടകൊണ്ട് മറച്ച് മുന്നില്‍ അകമ്പടിയായി ഒരു നായര്‍ സ്ത്രീയേയും നടത്തിയായിരുന്നു അവര്‍ക്ക് പുറത്തുപോകാന്‍ അനുവാദം നല്കിയിരുന്നത്. എന്നാല്‍ മറ്റു ജാതികളിലെ സ്ത്രീകള്‍ക്ക് മേല്‍മുണ്ടുപോലും നിഷേധിച്ചിരുന്നുതാനും. താണജാതിക്കാര്‍ക്കാണെങ്കില്‍  അരയ്ക്കുമീതെയുള്ള വസ്ത്രധാരണം വിലക്കിയിരുന്നു. ചെരുപ്പ്,കുട,വിശേഷ വസ്ത്രം,വിലപിടിച്ച ആഭരണങ്ങള്‍ എന്നിവയും വിലക്കിയിരുന്നു. ഉയര്‍ന്ന ജാതിക്കാരോട് ബഹുമാനം കാണിക്കാനായി സ്ത്രീകള്‍ മാറുമറയ്ക്കുന്ന വസ്ത്രം എടുത്തുമാറ്റണമായിരുന്നു. എന്നാല്‍ അയിത്തജാതിക്കാര്‍ മുസ്ലിം-
                        -4-
ക്രൈസ്തവ സമുദായങ്ങളിലേക്ക് മതം മാറുന്നതോടെ അവര്‍ക്ക് നേരെയുള്ള അതിക്രമവും കുറഞ്ഞു വന്നിരുന്നു. ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത തിരുവിതാംകൂറിലെ ചാന്നാര്‍ സ്ത്രീകള്‍ ഉയര്‍ന്ന ജാതിയിലെ സ്ത്രീകളെപോലെ ജാക്കറ്റും മേല്‍മുണ്ടും ധരിച്ചിരുന്നു. സവര്‍ണ്ണര്‍ക്ക് ഇത് സഹിച്ചില്ല. തുടര്‍ന്ന് 1829ല്‍ തെക്കന്‍ തിരുവിതാംകൂറില്‍ ലഹളകള്‍ പൊട്ടിപ്പുറപ്പെട്ടു. ഒടുവില്‍ കേണല്‍ മണ്‍റോ ഇടപെടുകയും പ്രശ്നം അവസാനിപ്പിക്കുകയും ചെയ്തു. ക്രിസ്ത്യന്‍ സ്ത്രീകള്‍ക്ക് കുപ്പായം ധരിക്കാമെന്നും മേല്‍മുണ്ട് ധരിച്ചുകൂടെന്നുമായിരുന്നു തീരുമാനം. അധികം വൈകാതെ ക്രിസ്ത്യാനികളായ ചാന്നാര്‍ സ്ത്രീകളും ഹിന്ദു ചാന്നാര്‍ സ്ത്രീകളും മേല്‍മുണ്ട് ധരിക്കാനുള്ള അവകാശത്തിനായി സമരം ചെയ്തു. 1859ല്‍ ഇത് മറ്റൊരു ലഹളയ്ക്ക് കാരണമായി. ഒടുവില്‍ ചാന്നാര്‍ സ്ത്രീകള്‍ക്ക് ജാക്കറ്റ് ധരിക്കാമെന്നും മുക്കുവത്തികളെപോലെ പരുപരുത്ത മേല്‍മുണ്ട് ഉപയോഗിക്കാമെന്നും ധാരണയായി. എന്നാല്‍ അത് ഉയര്‍ന്ന ജാതിക്കാര് ധരിക്കും വിധമാകരുത് എന്നായിരുന്നു ഉത്തരവ്. ഇത്തരത്തില്‍ വസ്ത്രധാരണത്തില് ഉണ്ടായിരുന്ന വേര്തിരിവുകളില്‍ നിന്നെല്ലാം മോചനം നേടി സാരിയും ചുരിദാറുമുള്‍പ്പെടെ വസ്ത്രങ്ങളുടെ വൈവിദ്ധ്യങ്ങളിലേക്ക് മാറിയ മലയാളികളായ ഹിന്ദു വിശ്വാസി സ്ത്രീകള്‍ക്ക് ആവശ്യമായ ഇളവുകള്‍ അനുവദിച്ച ക്ഷേത്രാധികാരികള്‍ എന്തിനാണ് പുരുഷന്മാരോട് അനീതി കാട്ടുന്നത് എന്ന് മനസ്സിലാവുന്നില്ല.പൂജാരിയും ഇതിനനുസരിച്ച് വേഷം മാറുമോ എന്ന ഭീതിയാകാം ഒരു കാരണം. ജീന്‍സും ടീ ഷര്‍ട്ടുമിട്ട് പൂജ ചെയ്യുന്ന പൂജാരിയെ ഉള്‍ക്കൊള്ളാന്‍ എളുപ്പമാവില്ല തന്നെ. തൊഴിലുമായി ബന്ധപ്പെട്ട ഒരു യൂണിഫോം എന്ന നിലയില്‍ പൂജാരിമാര്‍ക്ക് ഡ്രസ്സ് കോഡ് നിശ്ചയിക്കുന്നതില്‍ തെറ്റില്ല. നമ്മുടെ കാലാവസ്ഥയ്ക്ക് അനുഗുണമായി അത് നിശ്ചയിക്കുകയും ചെയ്യാം. തണുപ്പുകാലത്ത് ഡല്‍ഹിയിലും മറ്റുമുള്ള കേരളീയ ക്ഷേത്രങ്ങളിലെ മലയാളികളായ പൂജാരിമാര്‍ കമ്പിളി വസ്ത്രങ്ങള്‍ ധരിച്ചാണ് പൂജ ചെയ്യുന്നതെന്ന കാര്യവും ഓര്‍ക്കേണ്ടതുണ്ട്. ശരീര സംരക്ഷണത്തിന് ചിലപ്പോള്‍ ദൈവം പോലും തുണയാവില്ല എന്ന തിരിച്ചറിവ് അവര്‍ക്കുണ്ട്.
നമ്പൂതിരി മതവും ക്ഷേത്രങ്ങളും അധികാരങ്ങളും
കേരള ദേശത്തെ കുറിച്ച് പരാമര്‍ശിക്കുന്ന ആദികാല ഗ്രന്ഥങ്ങളായ ചിലപ്പതികാരത്തിലും മണിമേഖലയിലും സാമ്പത്തിക പുരോഗതി കൈവരിച്ച ഒരു സമൂഹത്തെക്കുറിച്ചാണ് പരാമര്‍ശിച്ചിട്ടുള്ളത്. വര്‍ഷം തോറും ക്ഷേത്രങ്ങളും തെരുവുകളും അടിച്ചു വൃത്തിയാക്കി, വര്‍ണ്ണപ്പകിട്ടോടെ അലങ്കരിച്ച് , നൃത്തവും പാട്ടുമായി ജനങ്ങള് ആഘോഷങ്ങള് കൊണ്ടാടിയിരുന്നു. ഈ സന്ദര്ഭങ്ങളില്‍ വ്യത്യസ്ത മതങ്ങളുടെ ആചാര്യന്മാര്‍ തങ്ങളുടെ മതത്തിന്‍റെ ആദര്‍ശങ്ങള്‍ ജനതാ മധ്യത്തില് പ്രഭാഷണം നടത്തിയിരുന്നു. ജനങ്ങള്‍ അവരെ ആദരിച്ചു. ലോകായതം  അഥവ ഭൌതികവാദം, സാഖ്യം,ന്യായം,വൈശേഷികം,പൂര്‍വ്വമീമാംസ,ബൌദ്ധം
                       -5-
 എന്നിവയായിരുന്നു അന്നത്തെ ഷഡ്ദര്‍ശനങ്ങള്‍. ബ്രാഹ്മണ മതത്തിന്‍റെ ഇടപെടലുകള് വളരെ പരിമിതമായിരുന്നു. മതപരമായ സഹിഷ്ണുതയും നിലനിന്നിരുന്നു. വേട്ടുവര് കൊറ്റവൈയെയും ആയര്‍ കണ്ണനെയും കുറവര്‍ മുരുകനെയും ആരാധിച്ചുവന്നു. സരസ്വതീ ക്ഷേത്രവും നിലനിന്നിരുന്നു. ബൌദ്ധകേന്ദ്രങ്ങളും ഇക്കാലത്ത് ധാരാളമുണ്ടായിരുന്നു. എല്ലാ മതാചാരക്കാരും സഹിഷ്ണുതയോടെ ജിവിച്ചിരുന്ന കാലമായിരുന്നു അത്.
സംഘകാലത്ത് ദക്ഷിണേന്ത്യയില്‍ ബ്രാഹ്മണ മതം പ്രാബല്യം പ്രാപിച്ചിരുന്നില്ല. എങ്കിലും ക്രമേണ ശൈവമത വിശ്വാസികളായ ബ്രാഹ്മണര്‍ അവരുടെ വിദ്വത്തം കൊണ്ടും യുക്തിവിചാര പാടവം കൊണ്ടും പല രാജാക്കന്മാരെയും സ്വാധീനിച്ച് മതപരിവര്‍ത്തനം നടത്തിയെങ്കിലും മേല്‍ക്കൈ നേടാന്‍ കഴിഞ്ഞില്ല. എഡി നാലാം നൂറ്റാണ്ടിലാണ് ബ്രാഹ്മണരുടെ എണ്ണം ദക്ഷിണേന്ത്യയില്‍ വര്‍ദ്ധിക്കുന്നത്. അറബിക്കടല്‍ തീരത്തും നര്‍മ്മദാ നദിക്കരയിലും താമസമാക്കിയ ഇവര്‍ക്ക് അധികാരികളില്‍ നിന്നും നല്ല സ്വാഗതമാണ് ലഭിച്ചതെങ്കിലും ക്രമേണ അവഗണിക്കപ്പെട്ടു.
കേരളത്തില്‍ മുപ്പത്തിരണ്ട് ഗ്രാമങ്ങളിലായാണ് ബ്രാഹ്മണര്‍ താമസിച്ചത്. കേരളത്തിലെത്തിയ ഈ പ്രവാസികള്‍ പ്രാദേശിക ജനങ്ങളില്‍ ചിലര്‍ക്ക് യജ്ഞോപവീതം നല്കി അവരെ ബ്രാഹ്മണരാക്കിയെന്ന് ഒരൈതീഹ്യമുണ്ട്. സ്കന്ദപുരാണം സഹ്യാദ്രി ഖണ്ഡത്തിന്‍റെ ഉത്തരാര്‍ദ്ധം ഏഴാം അധ്യായത്തില്‍ പറയുന്നത് ഇപ്രകാരമാണ്.ബ്രാഹ്മണരില്ലാതിരുന്ന ആ ദേശത്ത് പരശുരാമന്‍ ചില കൈവര്‍ത്തന്മാരെക്കൊണ്ട് അവരുടെ ചൂണ്ടല്‍ മുറിച്ചു കളഞ്ഞ ശേഷം അതിന്‍റെ ചരടിനെ പൂണുനൂലാക്കി കഴിത്തിലണിഞ്ഞ് അവരെ ബ്രാഹ്മണരാക്കി വാഴിക്കുകയും ക്ഷാമം വരികയില്ലെന്ന് വരം കൊടുത്ത് വിചാരിക്കുമ്പോള്‍ വരാമെന്നു പറഞ്ഞ് പോകുകയും ചെയ്തു.ഓത്തന്മാരെന്നും ഓത്തില്ലാത്തവരെന്നും നമ്പൂതിരിമാരില്‍ വിഭജനം കാണുന്നതുകൊണ്ടും പല നമ്പൂതിരിമാരുടെയും ആകൃതിയും പ്രകൃതിയും ഇവിടത്തെ ദ്രാവിഡരില്‍ നിന്നും വ്യത്യസ്തമല്ലാത്തിനാലും പ്രാദേശിക ജനങ്ങളില്‍ ചിലരെ ബ്രാഹ്മണരാക്കിത്തീര്‍ത്തു എന്ന ഐതീഹ്യം ശരിയായിരിക്കാം എന്ന് കേരളത്തിന്‍റെ സാംസ്ക്കാരിക ചരിത്രം എഴുതിയ പി.കെ.ഗോപാലകൃഷ്ണന്‍ അനുമാനിക്കുന്നുണ്ട്. നമ്പൂതിരി എന്ന പദത്തിനു തന്നെ പുതിയ വിശ്വാസം സ്വീകരിച്ച മാന്യന്മാര്‍ എന്നര്‍ത്ഥമുള്ളതായും വ്യാഖ്യാനമുണ്ട്.
കേരളത്തില്‍ ക്ഷേത്രങ്ങള്‍ക്ക് എല്ലാ കാലത്തും പരമ പ്രാധാന്യമുണ്ടായിരുന്നു. എട്ടാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ കേരളം ഭരിച്ചിരുന്ന ചേരമാന്‍ പെരുമാള്‍ കേരളത്തെ പതിനേഴ് നാടുകളായി പങ്കിട്ട് നല്കുകയും കോയിലധികാരി അഥവാ ക്ഷേത്രഭരണത്തിന്‍റെ മേലധികാരി സ്ഥാനം നിലനിര്‍ത്തുകയും ചെയ്തതായി രേഖകളില്‍ കാണുന്നു. രാജ്യരക്ഷക്ക് ഭടന്മാരെ നിര്‍ത്താനുള്ള അധികാരം പോലും പ്രാദേശികമായി നല്കിക്കൊണ്ടാണ് ഈ അവകാശം
                       -6-
നിലനിര്‍ത്തിയത് എന്നത് പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു. മുപ്പത്തിരണ്ട് ഗ്രാമങ്ങളിലെ നമ്പൂതിരിമാര് നാല് കഴകങ്ങളായി തിരിഞ്ഞ് അവരുടെ ആഭ്യന്തരകാര്യങ്ങള്‍ ചിട്ടയോടെ നടത്തിവന്നു. പന്തീരാണ്ട് കാലം കൂടുമ്പോള്‍ ഗ്രാമങ്ങളുടെ പൊതുസഭ ചേര്‍ന്ന് എല്ലാ സമുദായ കാര്യങ്ങളും പര്യാലോചിച്ചുവന്നു. ജൈന-ബൌദ്ധപ്രഭവകാലത്ത് അവരുടെ രാഷ്ട്രീയാഭിപ്രായങ്ങള്‍ക്ക് വേണ്ടത്ര ഗൌരവം കിട്ടിയിരുന്നില്ല. എങ്കിലും അവരുടെ അഭിപ്രായം സംഘടിതമായിരുന്നു. പന്തീരാണ്ട് കാലം കൂടുമ്പോഴുള്ള പൊതുസഭയുടെ അഭിപ്രായത്തിന് ക്രമേണ മതിപ്പുണ്ടായി വന്നു.
ശൈവ-വൈഷ്ണവ ഭക്തിപ്രസ്ഥാനങ്ങളുടെ കാലമായപ്പോള്‍ നമ്പൂതിരിമാരുടെ പന്തീരാണ്ട് സഭയ്ക്ക് ശക്തിവര്‍ദ്ധിച്ചു. അവര്‍ രാജഭരണത്തെക്കുറിച്ച് അഭിപ്രായം പറയുകയും രാജാവിന്‍റെ പേരില്‍ വിശ്വാസമോ അവിശ്വാസമോ രേഖപ്പെടുത്തുകയും ചെയ്യുന്ന സ്ഥിതി വന്നു. ചേരന്മാരുടെ കേന്ദ്രഭരണം ദുര്‍ബ്ബലമായതോടെയാണ് നമ്പൂതിരി സ്വാധീനം വര്‍ദ്ധിച്ചത്. പന്തീരാണ്ട് സഭ പാസ്സാക്കുന്ന അഭിപ്രായങ്ങള്‍ക്ക് നിര്‍ണ്ണായക സ്വാധീനം തന്നെ കൈവന്നു. എട്ടാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധത്തില്‍ പള്ളിവാണപ്പെരുമാളെ സ്ഥാനഭ്രഷ്ടനാക്കുന്ന നിലയില്‍ അതെത്തി എന്നതാണ് ചരിത്രം.
കുലശേഖര രാജാക്കന്മാരാണ് ഭരണം കുറേക്കൂടി വ്യവസ്ഥാപിതമാക്കിയത്. പന്തീരാണ്ട് സഭയ്ക്ക് പുറമെ ആഭ്യന്തര കാര്യങ്ങളില്‍ സ്വയംഭരണമുള്ള നാടുവാഴികളും രാഷ്ട്രീയത്തില്‍ സ്വാധീനം ചെലുത്തുവാന്‍ തുടങ്ങിയിരുന്നു.ഇവരെല്ലാവരുമായി കാര്യങ്ങള്‍ കൂട്ടായി ആലോചിച്ച് പൊതുനയം രൂപീകരിക്കാന്‍ കുലശേഖര രാജാക്കന്മാര്‍ തീരുമാനിച്ചു. ഇതില്‍ നമ്പൂതിരി ഗ്രാമങ്ങളുടെ അധിപതികളായ ഗ്രാമണിമാരും പതിനെട്ട് നാടുകളിലെയും നാടുവാഴികളും മറ്റു പൌരമുഖ്യന്മാരും അഞ്ചുവണ്ണം,മണിഗ്രാമം തുടങ്ങിയ വാണിജ്യസംഘടനാ പ്രതിനിധികളും നമ്പൂതിരി കഴകങ്ങളുടെ നേതാക്കളായ തളിയാതിരിമാരും പങ്കെടുത്തു. ഭാരതപ്പുഴയുടെ തീരത്ത് തിരുനാവായിലായിരുന്നു സമ്മേളനം. ആഡംബരം നിറഞ്ഞ ഈ യോഗത്തില്‍ ഭരണകാര്യങ്ങളില്‍ പൊതുനയം രൂപീകരിച്ചുവന്നു. ആഘോഷാവസാനം രാജാവില്‍ വിശ്വാസമര്‍പ്പിച്ച് ഏതാനും ചാവേറുകള്‍ ആത്മാഹൂതിയും നടത്തിവന്നു.ഇത് മഹാമഘം അഥവാ മാമാങ്കം എന്നറിയപ്പെടാന്‍ തുടങ്ങി.ഇത് നമ്പൂതിരിമാര്‍ക്ക് ആദ്യം സ്വീകാര്യമായില്ലെങ്കിലും ശങ്കരാചാര്യരുടെ നിര്‍ദ്ദേശ പ്രകാരം അവര്‍ ഈ സമ്പ്രദായം അംഗീകരിച്ചു.
കുലശേഖരന്മാരുടെ ശക്തി ക്ഷയിക്കുകയും ചേര-ചോള യുദ്ധത്തെത്തുടര്‍ന്ന് നാട്ടില്‍ അരാജകാവസ്ഥ ഉണ്ടാവുകയും ചെയ്തപ്പോള്‍ നമ്പൂതിരിമാരുടെ പ്രാബല്യം വീണ്ടും ഉയര്‍ന്നു. നമ്പൂതിരി ഗ്രാമങ്ങള്‍ വളര്‍ന്നു വന്നത്
                      -7-
ക്ഷേത്രങ്ങള്‍ക്ക് ചുറ്റിലുമായിരുന്നു. ക്രമത്തില്‍ ഓരോ ഗ്രാമത്തിലും ഓരോ ക്ഷേത്രമുണ്ടായി. പതിനൊന്നാം നൂറ്റാണ്ടിലെത്തുമ്പോള്‍ നമ്പൂതിരിമാരുടെ നാല് തളികള്‍ ഭരണത്തിന്‍റെ അവിഭാജ്യ ഘടകങ്ങളായി മാറി. ഏഴാം നൂറ്റാണ്ടിലാണ് ബുദ്ധവിഹാരങ്ങള്‍ നശിക്കാന്‍ തുടങ്ങുന്നത്. ഭോഗലാലസരായി തീര്‍ന്ന ഭിക്ഷുക്കളില്‍ ജനങ്ങള്ക്ക് പ്രീതിയും വിശ്വസവും ഇല്ലാതായി.അവര്‍ മറ്റ് മതങ്ങളില്‍ വിശ്വസിക്കാന്‍ തുടങ്ങി.തമിഴകത്ത് ശൈവ-വൈഷ്ണവ ഭക്തിപ്രസ്ഥാനങ്ങള്‍ ശക്തിയാര്‍ജ്ജിച്ചതും ഇക്കാലത്താണ്. കേരളത്തില്‍ വൈഷ്ണവ മതത്തിനാണ് കൂടുതല്‍ പ്രാധാന്യം ലഭിച്ചത്. രാജകീയാധികാരം മതപ്രചാരണത്തിന് ഉപയോഗിച്ചിരുന്നു. ബുദ്ധമതത്തില് നിന്നും കുലശേഖരാഴ്വാര്‍ വൈഷ്ണവ മതത്തിലേക്ക് മാറിയതാകാം ഇതിന്‍റെ തുടക്കമെന്നു കരുതാം. എങ്കിലും ജൈന-ബുദ്ധമതങ്ങള്‍ കുറേക്കാലം കൂടി കേരളത്തില്‍ പിടിച്ചുനിന്നു.എട്ടാം നൂറ്റാണ്ടിന്‍റെ ഉത്താരാര്‍ദ്ധത്തില്‍ ജീവിച്ചിരുന്ന പള്ളിവാണര്‍ ഒരു ബുദ്ധവിഹാരം സ്ഥാപിച്ചത് ഇതിന് ഉദാഹരണമാണ്. അത് പിന്നീട് ചേരമാന്‍ പള്ളിയായി മാറി. ഈ മാറ്റം ബുദ്ധമതം ക്ഷയിച്ച ശേഷമുണ്ടായതാകാം. പള്ളിവാണപ്പെരുമാളുടെ കാലത്ത് ബൌദ്ധമതത്തെ കേരളത്തില്‍ നിന്നും ഓടിക്കാന്‍ വേണ്ടി രാജസന്നിധിയില്‍ വാദപ്രതിവാദം നടത്തിയിരുന്നു. ഒരിക്കല്‍ ബൌദ്ധരും ബ്രാഹ്മണരും തമ്മില്‍ നടന്ന വാദപ്രതിവാദത്തില്‍ ആര്‍ക്കും വിജയം സിദ്ധിച്ചതായി രാജാവിന് തോന്നിയില്ല. ഒടുവില്‍ ഫണികുംഭ പരീക്ഷ നടത്തി വിജയിയെ നിശ്ചയിക്കാന്‍ രാജാവ് തീരുമാനിച്ചു. ബൌദ്ധന്‍  കുടത്തിനുള്ളില്‍ പാമ്പാണെന്ന് പറഞ്ഞപ്പോള്‍ ബ്രാഹ്മണന്‍ താമരയാണെന്ന് മറുപടി പറഞ്ഞു. കുടം തല്ലിപ്പൊളിച്ചപ്പോള്‍ താമരയാണ് കണ്ടത് എന്നാണ് കഥ. ബ്രാഹ്മണര്‍ ജയഭേരി മുഴക്കിയെങ്കിലും രാജാവിന് ബൌദ്ധരിലുള്ള വിശ്വാസം നശിച്ചില്ല. ഇതിനെത്തുടര്‍ന്ന് പള്ളിവാണരെ നമ്പൂതിരിമാര്‍ സ്ഥാഭ്രഷ്ടനാക്കി എന്നും പറയപ്പെടുന്നു.
ബുദ്ധമതത്തിന്‍റെ ആദ്യഘട്ടത്തില്‍ ഉദയം ചെയ്ത താന്ത്രിക ബുദ്ധമതം ശൈവ-വൈഷ്ണവ-ശാക്തേയ മതങ്ങളിലെ താന്ത്രികമതങ്ങളില്‍ നിന്നും വളരെയൊന്നും വ്യത്യസ്ഥമായിരുന്നില്ല.അതിനാല്‍ താന്ത്രിക മതപ്രകാരം ആരാധന നടത്തിയിരുന്ന ബൌദ്ധവിഹാരങ്ങളെ ഹൈന്ദവ ക്ഷേത്രങ്ങളായി രൂപാന്തരപ്പെടുത്താന്‍ എളുപ്പമായിരുന്നു.പല കാളീക്ഷേത്രങ്ങളും ഇങ്ങനെ രൂപാന്തരപ്പെട്ടവയാണ്. കൊടുങ്ങല്ലൂര്‍ ക്ഷേത്രം ഇക്കൂട്ടത്തില്‍ പ്രധാനപ്പെട്ട ക്ഷേത്രമായി കണക്കാക്കുന്നു.ജൈനരുടെ പത്മാവതീ ദേവിയും ബൌദ്ധരുടെ പ്രജ്ഞാപരമിതയും പില്ക്കാലത്ത് ഹിന്ദുഭഗവതിമാരായി മാറിയെന്ന് അനുമാനിക്കുന്നതില്‍ തെറ്റില്ല. ക്ഷേത്രങ്ങളിലെ കുതിരകെട്ട്,രഥോത്സവം,ശാലയോട്ടം,താലപ്പൊലി,കുത്തിയോട്ടം,അന്നംകെട്ട് തുടങ്ങിയവ ബൌദ്ധാചാരങ്ങളുടെ അവശിഷ്ടങ്ങളാണ്.
ശ്രീശങ്കരന്‍റെ അദ്വൈതദര്‍ശനമാണ് ബുദ്ധമതത്തെ ഇന്ത്യയില്‍ നിന്നും നിഷ്കാസനം ചെയ്തത്. ഭാരതത്തില്‍ അന്ന് പ്രചാരത്തിലിരുന്ന
                       -8-
ഉത്കൃഷ്ടമായ എല്ലാ ചിന്താപദ്ധതികളെയും സമന്വയിപ്പിച്ചാണ് ശങ്കരന്‍ അദ്വൈതവാദമുണ്ടാക്കിയത്. അതുകൊണ്ടുതന്നെ അന്നുനിലനിന്ന ബുദ്ധ-ജൈന മതങ്ങള്‍,മീമാംസാമതം,കാപാലിക മതം,ശൈവമതം,ശാക്തേയമതം,വൈഷ്ണവമതം തുടങ്ങിയവയെ തകര്‍ക്കാന്‍ ശങ്കരന് കഴിഞ്ഞതും.ഇത് രാജ്യത്തിന്‍റെ ആത്മീയ ഏകീകരണത്തിന് വഴിവച്ചു. എന്നാല്‍ അതോടൊപ്പം മനുസ്മൃതിയിലെ ജാതിവ്യവസ്ഥയ്ക്കും അയിത്താചാരത്തിനും ശങ്കരന്‍  അംഗീകാരം നല്കി. ബ്രഹ്മസൂത്രത്തിലെ അപശൂദ്രാധികരണത്തിനെ ശങ്കരന്‍ ന്യായീകരിക്കുകയും ചെയ്തു. ശൂദ്രര്‍ക്ക് വേദാഭ്യാസം പാടില്ലെന്നാണ് ഇതില്‍ പറയുന്നത്. ബ്രാഹ്മണ മതത്തിന്‍റെ ഹീനമായ സമീപനങ്ങള്‍ക്ക് തുടക്കമിടുക എന്ന പാതകമാണ് ഇതുവഴി ശങ്കരന്‍ ചെയ്തത്.
ഇന്ത്യ ഹിന്ദുരാഷ്ട്രമായി മാറണമെന്നും എല്ലാ ജാതിയില്‍പെട്ടവരും ശങ്കരദര്‍ശനം അനുസരിച്ച് ജീവിക്കണമെന്നുമുള്ള  സമീപനമായിരുന്നു ബ്രാഹ്മണരുടേത്. കേരളത്തില്‍ സംഘടിത ബ്രാഹ്മണര്‍ തങ്ങള്‍ ഇച്ഛിക്കുംവിധം നിയമങ്ങളുണ്ടാക്കി ബ്രാഹ്മണമതത്തെ കൂടുതല്‍ ശക്തമാക്കി. ക്ഷേത്രങ്ങള്‍ വര്‍ദ്ധിക്കുകയും അവയുടെ മേല്‍നോട്ടത്തിന് കോയിലധികാരികള്‍ വരുകയും ചെയ്തതോടെ അവരുടെ ശക്തിയും സമ്പത്തും വര്ദ്ധിച്ചു. സാമൂഹിക ജീവിതത്തിന്‍റെ കേന്ദ്രബിന്ദുവായി ക്ഷേത്രങ്ങള്‍ മാറി. രാജാക്കന്മാരും പ്രഭുക്കളും ക്ഷേത്രങ്ങള്‍ക്ക് ഭൂമിദാനം ചെയ്യാന്‍ തുടങ്ങിയതോടെ സമ്പത്തും വര്ദ്ധിച്ചു. ക്ഷേത്രത്തിന് നല്കുന്ന ഭൂമിക്ക് രാജഭോഗം നല്കേണ്ടതില്ല എന്നതിനാല്‍ ദൈവപ്രീതിക്കായി പലരും ഭൂമി ക്ഷേത്രങ്ങള്ക്ക്  നല്കുന്ന രീതി അവലംബിച്ചു. രാജഭോഗം ക്ഷേത്രത്തിന് നല്കിയാല്‍ മതി എന്നത് അവരെ സംബ്ബന്ധിച്ച് പുണ്യകര്‍മ്മമായി.
ഇങ്ങനെ സ്വത്തിന്‍റെ അധിപതികളായി തീര്‍ന്ന ബ്രാഹ്മണര്‍ക്കൊപ്പം ചേര്‍ന്ന ശൈവന്മാര്‍ നായര്‍ എന്ന ശൂദ്രവിഭാഗമായി അംഗീകരിക്കപ്പെട്ടു. പിന്നീട് ഹിന്ദുമത്തില്‍ ചേര്‍ന്നവര്‍ പല ഘടകങ്ങളുടെയും അടിസ്ഥാനത്തില്‍ ഈഴവരും പുലയരും കുറവരുമൊക്കെയായി മാറുകയായിരുന്നു. ശൂദ്രരായ നായന്മാരൊഴികെ മറ്റുള്ളവരെ ക്ഷേത്രങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തി. എന്നാല്‍ ഹിന്ദുമതവിശ്വാസികളായിതീര്‍ന്ന ജനവിഭാഗങ്ങളുടെ ജീവിതം ക്ഷേത്രങ്ങളെ ചുറ്റിപ്പറ്റിയുള്ളതായി തീരുകയും ചെയ്തു. അവരുടെ കലാവിനോദങ്ങളായ കൂത്ത്,കൂടിയാട്ടം,വാര്‍ഷികോത്സവങ്ങള്‍,ദിനംപ്രതിയുള്ള ദൈവാരാധന,വിദ്യാഭ്യാസം തുടങ്ങി എല്ലാം തന്നെ ക്ഷേത്രവുമായി ബന്ധപ്പെട്ടിരുന്നു. ക്ഷേത്രപൂജാരിയും ഭരണാധികാരിയും നമ്പൂതിരിയായിരുന്നു. ദൈവപ്രീതി നേടിത്തരുന്ന ഇടനിലക്കാരന്‍ എന്ന നിലയിലും വേദം വശമായവന്‍ എന്നനിലയിലും അവരെ ജനങ്ങള്‍ ആരാധിച്ചു. ഈ ക്ഷേത്രസംസ്ക്കാരത്തില്‍ നിന്നാണ് അയിത്താചാരം ഉത്ഭവിച്ചത്. ഹിന്ദുമത വിശ്വാസികളല്ലാത്തവരെ ക്ഷേത്രത്തില് നിന്നും അകറ്റി നിര്‍ത്തി, എന്നു മാത്രമല്ല നായന്മാര്‍ക്ക് ശേഷം ഹിന്ദുക്കളായവരെ
                    -9-
അവര്‍ണ്ണരാക്കി അയിത്തം കല്പ്പിച്ച് അകറ്റി നിര്‍ത്തുകയും ചെയ്തു. ഈ തിയോക്രറ്റിക് ഭരണത്തിന്‍റെ ഉച്ചകോടിയായിലാണ് 1749ല്‍ തിരുവിതാംകൂറിനെ  മാര്ത്താണ്ഡവര്‍മ്മ  ശ്രീപത്മനാഭസ്വാമിക്ക് സമര്‍പ്പിച്ചത്. ഭദ്രദീപം,മുറജപം തുടങ്ങിയ ആഘോഷങ്ങള്‍,ബ്രാഹ്മണര്‍ക്ക് നിത്യഭോജനത്തിന് ഊട്ടുപുരകള്‍,അവര്‍ക്കുള്ള ദാനകര്‍മ്മങ്ങളുടെ അതിപ്രസരം എന്നിവയായിരുന്നു തുടര്‍ന്നുണ്ടായത്.
ക്ഷേത്രത്തിന്‍റെ അധികാരസീമയില്‍ പെട്ട സ്ഥലമായിരുന്നു സങ്കേതം. ഇതിനുള്ളില്‍ വച്ച് ചെയ്യുന്ന കുറ്റങ്ങള്‍ക്ക് രാജാവിനെപോലും ശിക്ഷിക്കാന്‍ ക്ഷേത്രയോഗത്തിന് അധികാരമുണ്ടായിരുന്നു. ചുരുക്കത്തില്‍ രാഷ്ട്രത്തിനുള്ളില്‍ മറ്റൊരു രാഷ്ട്രമായിരുന്നു ക്ഷേത്രസങ്കേതങ്ങള്‍. കലയും കാമിനിയും തൃക്കോവിലില്‍ വിടുപണി ചെയ്തകാലം. ഇതിന്‍റെ പാരമ്യമായിരുന്നു കാര്‍ത്തികപ്പള്ളിയിലെ ബെട്ടിമന   ‘ നാടുവാഴിയുടെ വിളംബരം.അതിങ്ങനെയായിരുന്നു. “  നമ്മുടെ രാജ്യത്ത് സ്വജാതിയിലോ ഉയര്ന്ന ജാതിയിലോ പെട്ട പുരുഷന് വശംവദയാകാത്ത സന്മാര്‍ഗഹീനകളായ സ്ത്രീകള്‍ ഉണ്ടെങ്കില്‍ അവരെ ഉടന്‍ വധിക്കേണ്ടതാകുന്നു.    “
ഭക്തിപ്രസ്ഥാനവും പുരോഗമന കാലവും
എഴുത്തച്ഛന്‍റെ ഭക്തിപ്രസ്ഥാനം വന്നില്ലായിരുന്നെങ്കില്‍ നാട്ടിലെ അവര്‍ണ്ണര്‍ മുഴുവനും ഇസ്ലാം മതമോ ക്രിസ്തുമതമോ സ്വീകരിച്ചേനെ എന്നതില്‍ സംശയമില്ല. എഴുത്തച്ഛനും ശിഷ്യരും ഗുരുമഠങ്ങള്‍ സ്ഥാപിച്ച് നായന്മാര്‍ക്ക് വിദ്യാഭ്യാസം നല്കി. ജനങ്ങളെ ഒരു പുതിയ ലോകത്തിലേക്ക് ഉയര്‍ത്തുവാനും അവരില്‍ കര്‍മ്മചൈതന്യം പകരുവാനും അതിന് കഴിഞ്ഞു. ജാതിവ്യവസ്ഥയേയും ഫ്യൂഡലിസത്തിന്‍റെ മതാധിപത്യത്തേയും അത് ബലഹീനമാക്കി. ഫ്യൂഡല്‍ വിരുദ്ധ സമരങ്ങള്‍ക്ക് പ്രചോദനവും നല്കി. എങ്കിലും സാമൂഹിക സാമ്പത്തിക വ്യവസ്ഥിതിയിലെ പൊരുത്തക്കേടുകളുടെ യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടെത്താനോ മനുഷ്യയാതനകള്‍ക്ക് മൌലികമായ പരിഹാരം നിര്ദ്ദേശിക്കാനോ അതിന് കഴിഞ്ഞില്ല.എങ്കിലും ബ്രാഹ്മണമേധാവിത്വത്തില്‍ നിന്നും സമൂഹത്തെ സവര്‍ണ്ണമേധാവിത്വത്തിലെത്തിക്കാന്‍ അതിന് കഴിഞ്ഞു. നായര്‍ സമുദായത്തില്‍ നിന്നും നാടുവാഴികള്‍ ഉദയം ചെയ്തു. ഗ്രാമങ്ങള്‍ ഇവരുടെ അധീനതയിലായി. എന്നിട്ടും നമ്പൂതിരിമാരുടെ കുത്തഴിഞ്ഞ ലൈംഗികജീവിതത്തിന് അമ്പലവാസികളും മറ്റ് നായര്‍ സ്ത്രീകളും വിധേയരായി.
മിഷനറി പ്രവര്‍ത്തനങ്ങള്‍ സജീവമായ കാലത്ത് മതംമാറ്റവും വേഗത്തിലായി. അഹിന്ദുക്കള്‍ക്ക് പൊതുനിരത്തിലും ക്ഷേത്രപരിസരത്തും പൊതുഇടങ്ങളിലും നിരോധനമില്ലാതിരുന്നതിനാല്‍ അയിത്തജാതിക്കാര്‍ കൂട്ടമായി ക്രിസ്ത്യാനികളായി മാറി. ഇതിന് തടയിടുന്നവിധം
                      -10-
വിപ്ലവകരമായ മാറ്റമുണ്ടായത് നാണുഗുരു അരുവിപ്പുറത്ത് ശിവലിംഗപ്രതിഷ്ഠ നടത്തിയതോടെയാണ്. ഏഴാം നൂറ്റാണ്ടില്‍ തുടങ്ങിയ ബ്രാഹ്മണപൌരോഹിത്യത്തെ പൂര്‍ണ്ണമായും ഇല്ലായ്മ ചെയ്യാന്‍ ഗുരുവിന്‍റെ പ്രവര്‍ത്തനം ഉപകരിച്ചു. തുടര്‍ന്ന് നിദ്രാവസ്ഥയിലായിരുന്ന അവശ സമുദായങ്ങള്‍ സ്വന്തം സംഘടന,വിദ്യാഭ്യാസ സ്ഥാപനം,ക്ഷേത്രം,വായനശാല,വ്യവസായം,ആചാരപരിഷ്ക്കാരങ്ങള്‍ എന്നിവയുമായി ഒരു മുന്നേറ്റം തന്നെ നടത്തി.
ചാത്തന്‍,ചാമുണ്ഡി,മാടന്‍,പൂതത്താന്‍,ചുടലമാടന്‍ തുടങ്ങിയ ദുര്‍മൂര്‍ത്തികളെ ആരാധിച്ചിരുന്ന അവശവര്‍ഗ്ഗങ്ങള്‍ സദൈവങ്ങളെ ആരാധിക്കാന്‍ തുടങ്ങി. കള്ളും ചാരായവും ബലിയും നല്കിയുള്ള ആരാധന ഒഴിവാക്കി. നൂറിലേറെ ക്ഷേത്രങ്ങളാണ് ഗുരു സ്ഥാപിച്ചത്. നായര്‍ സമുദായത്തില്‍ ജനിച്ച ചട്ടമ്പി സ്വാമികള്‍ ഗുരുവിന് അകമഴിഞ്ഞ പിന്‍തുണ നല്കി. അനേകം നായന്മാര്‍ ശ്രീനാരായണ ശിഷ്യരായി.ഗുരുവിന്‍റെ ക്ഷേത്രനിര്‍മ്മാണ പദ്ധതിയുടെ പ്രേരണയില്‍ നായന്മാരും സ്വന്തമായി ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ച് മണിയടിച്ച് പ്രാര്ത്ഥിക്കുവാനുള്ള അവകാശം നേടി.
അജ്ഞതകളും അനാചാരങ്ങളും നിലനിന്നിരുന്ന ക്ഷേത്രങ്ങളില്‍ വിശ്വാസികളെ രണ്ടായി തിരിച്ചിരുന്നു. ക്ഷേത്രമതിലിനുള്ളില്‍ കടക്കാവുന്നവരും അകലെ നില്ക്കേണ്ടവരും. അകത്ത് കടക്കുന്നവര്‍ക്ക് ജാതിക്രമമനുസരിച്ചാണ് സ്ഥലം അനുവദിച്ചിരുന്നത്. അതില്‍ അവസാന ജാതി നായരായിരുന്നു. പുറത്തുനില്ക്കുന്നവരില്‍ പ്രാമാണികര്‍ ഈഴവരായിരുന്നു. അവരുടെ സ്ഥാനം ക്ഷേത്രത്തില്‍ നിന്നും പന്ത്രണ്ടടി ദൂരെയായിരുന്നു. ഏറ്റവും അകലെ നിന്നവര്‍ ഗിരിജനങ്ങളും. അവര്‍ക്ക് അറുപത്തിനാലടി ദൂരമാണ് വിധിച്ചിരുന്നത്. ഇതിനിടയില്‍ രണ്ട് മൂന്നടി വ്യത്യാസത്തില്‍ മറ്റു ജാതികളും ഇടം പിടിച്ചു. ഈ ഗണനയില്‍ അവര്‍ തൃപ്തരുമായിരുന്നു. ക്ഷേത്രത്തിന് വളരെ അകലെ സര്‍ക്കാര്‍ തന്നെ തീണ്ടല്‍ പലകളും സ്ഥാപിച്ചിരുന്നു. തീണ്ടല്‍ ജാതിക്കാര്‍  ഈ വഴിയെ സഞ്ചരിച്ചുകൂടാ എന്നായിരുന്നു പലകയില്‍ രേഖപ്പെടുത്തിയിരുന്നത്. മറ്റു ജാതിക്കാര്‍ക്ക് തടസ്സമുണ്ടായിരുന്നുമില്ല.
മനുഷ്യരെല്ലാം ഒരു ജാതിയാണെന്ന ശാസ്ത്രീയസിദ്ധാന്തം അവതരിപ്പിക്കുകയും അത് നടപ്പില് വരുത്തുവാനുമായി മനുഷ്യന്‍റെ മതം,വേഷം,ഭാഷ എന്നിവ എങ്ങനെയായാലും അന്യോന്യം വിവാഹവും പന്തിഭോജനവും ആകാമെന്നും മാര്‍ഗ്ഗനിര്‍ദ്ദേശം നല്കിയത് ഗുരുദേവനാണ്. അത് സമൂഹത്തില്‍ പലരും വിപ്ലവകരമായ നിലയില്‍ നടപ്പിലാക്കുകയും ചെയ്തു. അവര്‍ണ്ണര്‍ക്ക് ക്ഷേത്രപ്രവേശനം അനുവദിക്കാനുള്ള ശക്തമായ സമരങ്ങള്‍ക്ക് പ്രചോദനമായ പല പുരോഗമന ചിന്തകളും അക്കാലത്ത് ഉടലെടുത്തു. ഇരുപത് മാസം നീണ്ട വൈക്കം സത്യാഗ്രഹവും പത്ത് മാസം നീണ്ട ഗുരുവായൂര്‍ സത്യാഗ്രഹവും ഇതിന്‍റെ ഭാഗമായിരുന്നു. തുടര്‍ന്ന്
                       -11-
1936ല്‍ സി.പി.രാമസ്വാമി ദിവാനായപ്പോള്‍ തിരുവിതാംകൂറിലെ എല്ലാ ക്ഷേത്രങ്ങളിലും അവര്‍ണ്ണര്‍ക്ക് പ്രവേശനം നല്കി മഹാരാജാവിന്‍റെ വിളംബരം ഇറക്കിച്ചു. രാജ്യമൊട്ടുക്കും ദേശാഭിമാനികള്‍ ഈ ധീരമായ നടപടിയെ സ്വാഗതം ചെയ്തു.
അനിവാര്യമായ മാറ്റം
ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് പലവിധ മാറ്റങ്ങളും തുടര്‍ന്നുണ്ടായി. പൂജചെയ്യാനുള്ള അവകാശമുള്‍പ്പെടെ തൊഴിലുകള് ജനാധിപത്യപരമായി. ക്ഷേത്രചാരങ്ങള്‍ ഒന്നും തന്നെ അവസാനവാക്കല്ല എന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു. അനാചാരങ്ങളില്‍ പലതിനും മാറ്റം വരുത്താന്‍ പ്രക്ഷോഭങ്ങളിലൂടെ വിശ്വാസികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഇനിയുമേറെ മാറാനുണ്ട്. അതിലൊന്നാണ് പുരുഷന്മാരോടുള്ള വേറിട്ട സമീപനം. ഉഷ്ണമേഖലയില്‍പെട്ട കേരളത്തില്‍ ഉയര്‍ന്ന താപനിലയും ഈര്‍പ്പവും നിലനില്ക്കുമ്പോള്‍ , തിരക്കുള്ള ക്ഷേത്രങ്ങളില്‍ ,വിയര്‍ത്തു കുളിച്ച മനുഷ്യര്‍ പരസ്പ്പരം ശരീരം ചേര്‍ന്ന് ,ദൈവത്തെ കാണാന്‍ നില്ക്കുമ്പോള്‍,തീര്‍ച്ചയായും ഭക്തിയേക്കാള്‍ കൂടുതലായി ,ഈ അഴുക്കുകളില്‍ നിന്നും പുറത്തുചാടാന്‍ കഴിയണേ എന്ന ചിന്തയാകും മുന്നിട്ടുനില്ക്കുക. വ്യത്യസ്തങ്ങളായ വിയര്‍പ്പുഗന്ധങ്ങളും ത്വക്ക് രോഗങ്ങളുമൊക്കെയായി പരസ്പ്പരം അറിയാത്ത മനുഷ്യര്‍ ഒന്നിച്ചു നില്ക്കേണ്ടി വരുന്ന അവസ്ഥ ദയനീയമാണ്. സ്വന്തം ശരീരം മറ്റുള്ളവര്‍ നഗ്നമായി കാണണമോ വേണ്ടയോ എന്നത് ഓരോ വ്യക്തിയുടെയും താത്പ്പര്യത്തിന് അനുസരിച്ചായതിനാല്‍ ,ക്ഷേത്രത്തില്‍ കയറുമ്പോള്‍  മേല്‍വസ്ത്രം ധരിക്കണമോ വേണ്ടയോ എന്നത് തീരുമാനിക്കാനുള്ള  അവകാശവും അവനവനു തന്നെ വിട്ടുനല്കാനുള്ള നടപടി അധികൃതര്‍ സ്വീകരിക്കേണ്ടതുണ്ട്. പുരുഷന്മാര്‍ക്ക് മാത്രം അയിത്തം കല്പ്പിക്കുന്ന വ്യവസ്ഥിതി ശരിയാണോ എന്ന് പുരോഗമനേച്ഛുക്കളായ വിശ്വാസികളും ചിന്തിക്കേണ്ടതുണ്ട്.


Friday, May 16, 2014

Kallanthattil Gurukkal and Marthanda Varma

കല്ലന്താട്ടില്‍  ഗുരുക്കള്‍

കോഴിക്കോട് കളരിയില്‍ പയറ്റ് പഠിക്കാന്‍ ചേര്‍ന്ന ഒരു ബ്രാഹ്മണനോട് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഗുരു ചോദിച്ചു, ഇപ്പോള്‍ എത്രപേരെ നേരിടാന്‍ കഴിയും. പതിനായിരം എന്നായിരുന്നു ശിഷ്യന്‍റെ മറുപടി.പോരാ,ഇനിയുമേറെ പഠിക്കാനുണ്ട് എന്നായി ഗുരു. അയാള്‍ പഠനം തുടര്‍ന്നു.അടുത്ത വര്‍ഷം അതായിരമായി. അതിനടുത്ത വര്‍ഷം നൂറും തുടര്‍ന്നുള്ള വര്‍ഷം അന്‍പതുമായി ചുരുങ്ങി. ഇത്തരത്തില്‍ പഠനം തുടര്‍ന്ന് പന്ത്രണ്ട് വര്‍ഷമായപ്പോള്‍, ഒരു പയറ്റുകാരന്‍ വന്നാല്‍ നേരിടാമെന്ന വിശ്വാസം എനിക്കുണ്ട് ഗുരോ എന്ന് പറയത്തക്കവിധം അയാള്‍ പക്വതയാര്‍ന്നു. എന്നിട്ടും പഠനം അവസാനിപ്പിച്ചില്ല. ഒടുവില്‍ ശരീരം തന്നെ കണ്ണായി മാറുന്ന നിലയിലെത്തി. ഒരു ദിവസം എണ്ണതേച്ച് കുളിക്കാന്‍ പോയ നമ്പൂതിരിയെ രണ്ട് പട്ടാളക്കാര് കുന്തവുമായി ആക്രമിച്ചു. അതിനെ പ്രതിരോധിച്ചതോടെ പഠനം പൂര്‍ണ്ണമായതായി ഗുരു പ്രഖ്യാപിച്ചു. തുടര്‍ന്ന് കായംകുളത്തെത്തിയ അയാള്‍ അവിടെ കുറേപേര്‍ക്ക് പരിശീലനം നല്കി. അതിനുശേഷം പത്മനാഭപുരത്തെത്തി. മാര്‍ത്താണ്ഡ വര്‍മ്മയെ മുഖം കാണിക്കാന്‍ സമയം ചോദിച്ചു. നാളെ ഉച്ചയ്ക്ക് മതിലകത്ത് കാണാം എന്നായിരുന്നു മറുപടി. അയാള്‍ അടുത്ത ദിവസം വാളും പരിചയുമായി കൊട്ടാരത്തില്‍ എത്തിയപ്പോള്‍, നാല് ഗേറ്റും അടച്ചിട്ടിരിക്കുന്നതായി കണ്ടു. രാജാവിന്‍റെ പരീക്ഷണമാണ് ഇതെന്ന് അയാള്‍ക്ക് മനസ്സിലായി. അയാള്‍ ഒരു പറന്നുചാട്ടം നടത്തി മതിലിനു മുകളിലെത്തി. അപ്പോഴാണ് ഉള്‍ഭാഗത്ത് കന്തങ്ങള്‍ കുത്തി നിര്‍ത്തിയിരിക്കുന്നത് കണ്ടത്. ഉടന്‍ പരിചയുടെ സഹായത്തോടെ കുന്തത്തിന്‍ മുകളില്‍ താത്ക്കാലികമായെത്തി വീണ്ടും മറിഞ്ഞ് മതിലില്‍ തിരിച്ചെത്തി മടങ്ങാന്‍ തീരുമാനിച്ചു. അപ്പോള്‍ ഈ കാഴ്ചകള്‍ കണ്ട് ഒളിച്ചിരുന്ന രാജാവ് മുന്നോട്ടുവന്ന് അദ്ദേഹത്തെ അഭിനന്ദിച്ചു. മരുമകന്‍ രാമവര്‍മ്മയുടെ  ഗുരുവാക്കുകയും ചെയ്തു. പ്രശസ്തനായ ഈ ഗുരുവാണ് കല്ലന്താട്ടില്‍ ഗുരുക്കള്‍. 

Thursday, May 15, 2014

Kakkasseri Bhattathiri

 തളിയിലെ പണ്ഡിത സദസ്സും   കാക്കശ്ശേരി ഭട്ടതിരിയും
മാനവിക്രമന്‍ കോഴിക്കോട് ഭരിക്കുന്ന കാലം. എല്ലാ വര്‍ഷവും തളിക്ഷേത്രത്തില്‍ അദ്ദേഹം പണ്ഡിത സദസ്സ് സംഘടിപ്പിക്കുമായിരുന്നു. മത്സര വിജയിക്ക് 108 സമ്മാനങ്ങളും മുതിര്‍ന്ന പണ്ഡിതന് പ്രത്യേക സമ്മാനവും നല്കി വന്നു. ആദ്യമൊക്കെ പ്രാദേശിക ബ്രാഹ്മണരാണ് വിജയികളായിരുന്നത്. എന്നാല്‍ കാലം കടന്നുപോകെ അന്യദേശക്കാര്‍ നേട്ടം കൈവരിക്കാന്‍ തുടങ്ങി. അത്തരത്തില്‍ നാട്ടിലെത്തിയ ഉദ്ദണ്ഡന്‍ എന്ന പണ്ഡിതന്‍ അസാമാന്യ ബുദ്ധി പ്രദര്‍ശിപ്പിച്ചു. സംതൃപ്നായ രാജാവ് അയാളെ കൊട്ടാരത്തില്‍ താമസിപ്പിച്ചു. തുടര്‍ന്ന് അനേക വര്‍ഷം ഇയാള് തന്നെയായിരുന്നു വിജയി.
പ്രദേശിക ബ്രാഹ്മണര്‍ക്ക് ഇത് സഹിക്കാന്‍ കഴിയാതെയായി. അവര്‍ ഒരിക്കല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കൂടി ഇതിനൊരു പരിഹാരം കാണണമെന്ന് ചിന്തിച്ചു. അവിടെ ഉണ്ടായ അഭിപ്രായ സമന്വയത്തിന്‍റെ ഭാഗമായി അപ്പേള്‍ ഗര്‍ഭിണിയായിരുന്ന ഒരു അന്തര്‍ജനത്തിന് നിത്യവും മന്ത്രം ജപിച്ച വെണ്ണ നല്കാനും ആ കുട്ടിയുടെ ബുദ്ധി വികാസത്തിനായി നിത്യവും ഗുരുവായൂരപ്പനെ പ്രാര്‍ത്ഥിക്കാനും തീരുമാനിച്ചു. ഇത് നടപ്പാക്കുകയും ചെയ്തു. തുടര്‍ന്ന് ഒരു കുമാരന്‍ ജനിച്ചു. അവന്‍ മിടുക്കനായി വളര്‍ന്നു. നല്ല പഠനവും അവന് ഏര്‍പ്പാടാക്കി. അവന് മൂന്നു വയസ്സുള്ളപ്പോള് അച്ഛന്‍ മരിച്ചു. തുടര്‍ന്നുള്ള കര്‍മ്മങ്ങള്‍ അനുഷ്ടിച്ചത് അവന്‍ തന്നെയായിരുന്നു. ഓരോ ദിവസവും ബലിച്ചോറുണ്ണാന്‍ വരുന്ന കാക്കകളെ വേര്‍തിരിച്ചറിയാനുള്ള കഴിവ് അവന്‍ പ്രദര്‍ശിപ്പിച്ചു. മറ്റുള്ളവര്‍ക്ക് അതൊരത്ഭുതമായി തോന്നി. അങ്ങിനെ ആളുകള്‍ അദ്ദേഹത്തെ കാക്കശ്ശേരി ഭട്ടതിരി എന്നു വിളിക്കാന്‍ തുടങ്ങി. സാധാരണ നിലയില്‍  ഉപനയനം എട്ടുവയസ്സിലാണ് നടക്കാറുള്ളത്. എന്നാല്‍ ഭട്ടതിരിയുടെ ഉപനയനം അഞ്ചര വയസ്സുള്ളപ്പോള്‍ നടന്നു. അതിനും മുന്‍പെ തന്നെ പഠനം തുടങ്ങിയിരുന്നു. അസാമാന്യ ബുദ്ധി പ്രദര്‍ശിപ്പിച്ച ഭട്ടതിരി ചെറുപ്പത്തില്‍ തന്നെ ഉദ്ദണ്ഡനുമായി മത്സരിക്കാന്‍ പ്രാപ്തനായി.
ഉദ്ദണ്ഡന്‍ മത്സരത്തിനു വരുമ്പോള്‍ ഒരു തത്തയെ കൊണ്ടുവരുകയും മത്സരത്തിന് കൂട്ടായി ഉപയോഗിക്കുകയും ചെയ്തിരുന്നു. ഇതറിയാവുന്ന ഭട്ടതിരി ഒരു പൂച്ചയുമായാണ് മത്സരത്തിന് പോയത്. ഉദ്ദണ്ഡന് ബാലനെ കളിയാക്കാന്‍ ശ്രമിച്ചപ്പോള്‍ അയാളും കുറിക്കുകൊള്ളുന്ന മറുപടി നല്കി. ഉദ്ദണ്ഡന്‍ തത്തയെ മുന്നോട്ടു നിര്‍ത്തിയപ്പോള്‍ ഭട്ടതിരി പൂച്ചയെ നീക്കി നിര്‍ത്തി. തത്ത ഭയന്ന് പിന്മാറി. വാഗ്വാദത്തില്‍ ഏര്‍പ്പെട്ട അവര്‍ ഇഞ്ചോടിഞ്ച് പോരാടി,ഒടുവില്‍ ഭട്ടതിരി മേല്ക്കൈ നേടി. തുടര്‍ന്ന് രാജാവ് ഇടപെട്ടു. രഘുവംശത്തിലെ ആദ്യവരികള്‍ക്ക് പരമാവധി വിശദീകരണം നല്കുന്നവര്‍ വിജയിയാവുമെന്ന് രാജാവ് പ്രഖ്യാപിച്ചു. ഉദ്ദണ്ഡന്‍ നാല് വിശദീകരണം നല്കിയപ്പോള്‍ ഭട്ടതിരി എട്ട് വിശദീകരണം നല്കി. അതോടെ ഉദ്ദണ്ഡന്‍ അടിയറവ് പറഞ്ഞു. ഭട്ടതിരി 108 സമ്മാനങ്ങളും നേടി. മുതിര്‍ന്നയാള്‍ക്കുള്ള നൂറ്റയൊന്‍പതാമത് സമ്മാനം ഉദ്ദണ്ഡന് നല്കാനുള്ള രാജാവിന്‍റെ തീരുമാനത്തെയും ഭട്ടതിരി എതിര്‍ത്തു. പ്രായത്തില്‍ മൂത്തയാളിനാണ് നല്കുന്നതെങ്കില്‍ തന്നോടൊപ്പം വന്ന വേലക്കാരന് നല്കണം,അദ്ദേഹത്തിന് എണ്‍പത്തിരണ്ട് വയസ്സുണ്ട് എന്നായി ഭട്ടതിരി. അതല്ല,അറിവിന്‍റെ പൂര്‍ണ്ണതയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ആ സമ്മാനവും തനിക്ക് തന്നെ വേണമെന്നും ശഠിച്ചു. രാജാവിന് വഴങ്ങേണ്ടി വന്നു.തുടര്‍ന്ന് അനേകകാലം ആ ബഹുമതി ഭട്ടതിരിക്ക് സ്വന്തമായിരുന്നു.

ഭട്ടതിരിയുടെ ഗ്രഹണശക്തി തെളിയിക്കുന്ന ഒരു സംഭവം ഇങ്ങനെ. അദ്ദേഹം ഒരിക്കല്‍ ഒരന്യനാട്ടില്‍ എത്തി. അവിടെ രണ്ടു കൂട്ടര്‍ തമ്മിലൊരു കലഹം നടന്നു. വ്യത്യസ്ത ഭാഷക്കാരായിരുന്നു അവര്‍.തര്‍ക്കം തീര്‍ക്കാന്‍ രാജാവിന് മുന്നിലെത്തിയപ്പോള്‍ രണ്ടു കൂട്ടരുടെയും വാദം കേട്ടശേഷം രാജാവ് സാക്ഷിയായിരുന്ന ഭട്ടതിരിയെ വിളിപ്പിച്ചു. ഭാഷ അറിയില്ലെങ്കിലും അവര്‍ തമ്മില്‍ പറഞ്ഞ കാര്യങ്ങള്‍ അണുവിട തെറ്റാതെ ഭട്ടതിരി രാജാവിനു മുന്നില്‍ അവതരിപ്പിച്ചു എന്നാണ് ഐതീഹ്യം. ജാതി മത ഭേദങ്ങള്‍ക്ക് അതീതനായിരുന്നു ഭട്ടതിരി. അതുകൊണ്ടു തന്നെ നമ്പൂതിരിമാര്‍ ഒടുവില്‍ അദ്ദേഹത്തെ ജാതിഭ്രഷ്ടനാക്കി. അതോടെ അദ്ദേഹം നാടുവിട്ടു പോയി എന്നാണ് വിശ്വാസം. 

Wednesday, May 14, 2014

Serpant Illam and nagarcovil temple

പാമ്പ്മേക്കാവും  നാഗര്‍കോവിലും
ദാരിദ്യത്തിലായിരുന്ന മേക്കാട്ട് നമ്പൂതിരി ദുരിതം മാറാനായി തിരുവഞ്ചിക്കുളം ക്ഷേത്രത്തില്‍ ഭജനമിരുന്നു. പന്ത്രണ്ട് വര്‍ഷം നീണ്ട ഭജന. ഒരു ദിവസം രാത്രി വൈകി അമ്പലക്കുളത്തില്‍ വെള്ളമെടുക്കാന്‍ പോയ നമ്പൂതിരി അവിടെ ദിവ്യത്വമുള്ള ഒരു വ്യക്തിയെ കണ്ടു. ആരെന്ന ചോദ്യത്തിന് മറുപടി കിട്ടിയില്ല. അയാളുടെ കൈയ്യിലെ തിളങ്ങുന്ന കല്ല് കണ്ട് ഇതെന്താണ് എന്ന് നമ്പൂതിരി അടുത്ത ചോദ്യമെറിഞ്ഞു. വൈരക്കല്ലെന്നായിരുന്നു മറുപടി. ഒന്നു നോക്കാന്‍ തരുമോ എന്ന് നമ്പൂതിരി ചോദിച്ചു. തരാം പക്ഷെ വേഗം തിരികെ തരണം എന്നായി അപരിചിതന്‍. വൈരം കൈയ്യില്‍ വാങ്ങിയ നമ്പൂതിരിക്ക് അത് കൊടുങ്ങല്ലൂര്‍  തമ്പുരാനെക്കൂടി കാണിക്കണം എന്നായി മോഹം. വേഗം തിരികെയെത്താം എന്ന് നമ്പൂതിരി വാഗ്ദാനം ചെയ്തതിന്‍ പ്രകാരം വൈരവുമായി പോകാന്‍ അയാള്‍ സമ്മതിച്ചു. രാത്രിയില്‍ തന്നെ രാജസന്നിധിയില്‍ എത്തി വൈരം കാണിച്ചു. രാജാവിന് അത് സ്വന്തമാക്കാന്‍ മോഹമുണ്ടായെങ്കിലും നമ്പൂതിരി അതനുവദിക്കാതെ തിരികെ വാങ്ങി. വേഗം കുളക്കടവിലെത്തി വൈരം കൈമാറി. അയാള്‍ ഉടന്‍ അപ്രത്യക്ഷനുമായി. നമ്പൂതിരി അമ്പലത്തിലെത്തി ഉറങ്ങാന്‍ കിടന്നെങ്കിലും ഉറക്കം വന്നില്ല. ഒടുവില്‍ ചാന്ദ്രവെളിച്ചത്തില്‍ നേരം വെളുത്തു എന്നു കരുതി പുറത്തു വന്നു.  കുളിക്കാനായി വീണ്ടും പടവിലെത്തി. അപ്പോഴും അപരിചിതന്‍ അവിടെയുണ്ട്. ആരാണ് നിങ്ങള്‍ എന്ന് വീണ്ടും നമ്പൂതിരി ചോദിച്ചു.
അയാളുടെ നിര്‍ബ്ബന്ധത്തിനു വഴങ്ങിയ അപരിചിതന്‍ താന്‍ സര്‍പ്പരാജാവായ വാസുകിയാണെന്ന് വെളിപ്പെടുത്തി. വാസുകിയുടെ യഥാര്‍ത്ഥരൂപം കാണാനുള്ള ആഗ്രഹമായി നമ്പൂതിരിക്ക്. വാസുകി അത് വിസമ്മതിച്ചു, കാരണം അത് കാണാനുള്ള കെല്‍പ്പ് നമ്പൂതിരിക്കുണ്ടാകില്ല എന്ന് വാസുകിക്ക് അറിയാമായിരുന്നു. ഒരുപാട് നിര്‍ബ്ബന്ധിച്ചപ്പോള് ശിവന്‍റെ വിരലിലെ മോതിരമായി കിടക്കുന്ന രൂപം കാട്ടിക്കൊടുത്തു. അപ്പോള്തന്നെ നമ്പൂതിരി ബോധശൂന്യനായി. കുറെ കഴിഞ്ഞ് ബോധംവീണ നമ്പൂതിരിയോട് വാസുകി ചോദിച്ചു, എന്നില്‍ നിന്നും താങ്കള്‍ എന്തെങ്കിലും പ്രതിക്ഷിക്കുന്നുണ്ടോ?
 എന്‍റെ വീട്ടില്‍ അങ്ങയുടെ സ്ഥിരസാന്നിദ്ധ്യം വേണം എന്നായിരുന്നു നമ്പൂതിരി അഭ്യര്‍ത്ഥിച്ചത്. വാസുകി സമ്മതിച്ചു.രണ്ട് മൂന്നു ദിവസത്തിനുള്ളില്‍ വൃതം നിര്‍ത്തി പോകണമെന്നും ശിവന്‍റെ അനുവാദം വാങ്ങി ആ സമയത്തേക്ക് താനും വീട്ടിലെത്താമെന്നും വാസുകി ഉറപ്പു കൊടുത്തു. പറഞ്ഞപ്രകാരം നമ്പൂതിരി വൃതം നിര്‍ത്തി ഇല്ലത്തേക്ക്  മടങ്ങി. പനക്കുട കിഴക്കേ വരാന്തയില് വച്ച് കുളി കഴിഞ്ഞു വന്നപ്പോള്‍ കണ്ടത് കുടയുടെ മുകളിലിരിക്കുന്ന സര്‍പ്പത്തെയാണ്. നമ്പൂതിരിയെ കണ്ടപ്പോള്‍ വാസുകി തന്‍റെ മനുഷ്യരൂപം കാട്ടുകയും വൈരം നമ്പൂതിരിക്ക് നല്കിയ ശേഷം സൂക്ഷിച്ചു വയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഒരു നാഗയക്ഷികൂടി കൂട്ടിനുണ്ടാകും ഭയപ്പെടേണ്ടതില്ല എന്നും വാസുകി പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോള്‍ അന്തര്‍ജ്ജനം കുളി കഴിഞ്ഞു വന്നു. അവരുടെ കുടയുടെ മുകളിലും ഒരു പാമ്പുണ്ടായിരുന്നു. രണ്ട് സര്‍പ്പങ്ങളേയും കണ്ടയിടത്ത് നാഗരൂപങ്ങള് വച്ച് ആരാധിക്കണമെന്നും ധാരാളം സര്‍പ്പങ്ങള്‍ വീട്ടില്‍ വരും,ഭയക്കേണ്ടതില്ലെന്നും ഈ വീടും വസ്തുവും അവരുടെ വാസസ്ഥാനമാകുമെന്നും  വാസുകി പറഞ്ഞു. പറമ്പ് കിളക്കരുതെന്നും വീടിനു പുറത്ത് തീ കത്തിക്കരുതെന്നും നിര്‍ദ്ദേശിച്ചു. പാമ്പ് കടിയേറ്റ് വരുന്ന അന്യരെ ചികിത്സിക്കരുതെന്നും എന്നാല്‍ സര്‍പ്പശാപമേറ്റവര്‍ക്ക് ചികിത്സ നല്കാമെന്നും വാസുകി പറഞ്ഞു. നാഗവിഗ്രഹങ്ങള്‍ക്ക് കെടാവിളക്ക് വേണമെന്നും അതിലെ എണ്ണയും പുകയും ത്വക്ക് രോഗത്തിന് ഗുണപ്രദമായ മരുന്നാകുമെന്നും അരുളിച്ചെയ്തു. നമ്പൂതിരി എല്ലാം അനുസരിച്ചു. മേക്കാട്ട് ഇല്ലം പാമ്പുമേക്കാട്ടായി മാറി. അനേകമാളുകള്‍ ചികിത്സയ്ക്കും പൂജയ്ക്കുമായി വന്നു. ഇല്ലം പ്രസിദ്ധമായി.ഒരു പാണ്ഡ്യരാജാവിന്‍റെ ത്വക്ക് രോഗം മാറ്റിക്കൊടുത്തതോടെ സമ്പത് സമൃദ്ധിയും വന്നുചേര്‍ന്നു.
ഒരിക്കല്‍ നമ്പൂതിരി പാണ്ഡ്യരാജാവിനെ കണ്ട് മടങ്ങവെ തെക്കന്‍ തിരുവിതാംകൂറില്‍ ഒരിടത്തുവച്ച് ഒരു സ്ത്രീയുടെ നിലവിളി കേട്ടു.നോക്കുമ്പോള്‍ പുല്ലരിയുന്ന ഒരു സ്ത്രീയെയാണ് അവിടെ കണ്ടത്. അവരുടെ കത്തികൊണ്ട് ചോരവന്ന അഞ്ചുതലയുള്ള നാഗവിഗ്രഹം കണ്ട് ഭയന്നിട്ടാണ് ആ സ്ത്രീ കരയുന്നതെന്ന് നമ്പൂതിരി മനസ്സിലാക്കി. അവരെ ആശ്വസിപ്പിച്ച ശേഷം ഒരു മന്ത്രം ജപിച്ച് വിഗ്രഹത്തിന്‍റെ ചോരയൊഴുക്ക് നിര്‍ത്തി. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ ഒരു ചെറിയ ക്ഷേത്രമുണ്ടാക്കി നാഗത്തെ അവിടെ പ്രതിഷ്ഠിച്ചു. അതോടെ ആ ഇടം നാഗര്‍കോവിലായി. തറ നിരപ്പില് നിന്നും അല്പ്പം താഴ്ത്തിയാണ്  പ്രതിഷ്ഠ നടത്തിയത്. അവിടെ ചുവന്ന മണ്ണാണ് ഉള്ളത്. ഈ മണ്ണ് ത്വക്ക് രോഗം ശമിപ്പിക്കും എന്ന് ആളുകള്‍ വിശ്വസിക്കാനും തുടങ്ങി. ആളുകള്‍ എത്ര മണ്ണെടുത്താലും അത് കുറയുന്നില്ല എന്നും വിശ്വാസമുണ്ട്. ക്ഷേത്രം പുതുക്കുന്നത് നാഗത്താനിഷ്ടമല്ല എന്നൊരു വിശ്വാസമുള്ളതിനാല്‍ അത് പഴയ നിലയില്‍ തുടരുകയാണ് എന്നത് ചരിത്രം.

ഒരിക്കല്‍ പാമ്പുമേക്കാട്ട് ഒരാഘോഷത്തിന്‍റെ ഭാഗമായി പന്തലിട്ടു. അപ്പോള്‍ നാഗക്കൂടുകളും മുട്ടകളും നശിച്ചു. നാഗങ്ങള്‍ പ്രതിഷേധിച്ച് ഇരമ്പി വന്നു. ഒടുവില്‍ ജ്യോതിഷപ്രകാരമുള്ള കര്‍മ്മങ്ങള്‍ നടത്തിയാണ് സര്‍പ്പങ്ങളെ അടക്കിയത്. മേക്കാവില്‍ നിന്നും ആര്‍ക്കും ഒന്നും മോഷ്ടിക്കാന്‍ കഴിയില്ല എന്ന് ഒരു വിശ്വാസവും നിലവിലുണ്ട്. ഒരിക്കല്‍ കുപ്രസിദ്ധ മോഷ്ടാവ് ചേകണ്ണനും കൂട്ടരും മോഷണം നടത്താന്‍ എത്തി. മോഷ്ടിച്ച് ഇറങ്ങി വന്ന  കള്ളന്മാരെ സര്പ്പങ്ങള്‍ വഴിതടഞ്ഞു. നേരം വെളുക്കും വരെ ഒറ്റ നില്പ്പ് നില്ക്കേണ്ടി വന്നു അവര്ക്ക്. രാവിലെ കാരണവരുടെ കാലില്‍ വീണ് ചേകണ്ണന്‍ മാപ്പുപറഞ്ഞ ശേഷമാണ് സര്‍പ്പങ്ങള് പിരിഞ്ഞുപോയത്. ഇത്തരത്തില്‍ അനേകം രസകരങ്ങളായ കഥകളാണ് ഐതീഹ്യങ്ങളായി നമ്മള്‍  വായിക്കുന്നത്. 

Monday, May 12, 2014

Chempakasseri raja

ചെമ്പകശ്ശേരി രാജ

കുമാരനല്ലൂരിലായിരുന്നു ചെമ്പകശ്ശേരി നമ്പൂതിരിമാര് താമസിച്ചിരുന്നത്. കാലം കഴികെ നശിച്ച ആ ഇല്ലത്ത് ദാരിദ്ര്യത്തില്‍  കഴിയുന്ന ഒരു വിധവയും മകനും മാത്രമായി. ആ കാലത്ത് യുദ്ധം തോറ്റ് പിന്‍തിരിഞ്ഞ കൊച്ചി രാജാവിന്‍റെ അഞ്ഞൂറു പട്ടാളക്കാര്‍ കുമാരനല്ലൂരിലെത്തി.അവര്‍ക്ക് നല്ല വിശപ്പുണ്ടായിരുന്നു. അവര്‍ അവിടെ കണ്ട കുട്ടികളോട് എവിടെയെങ്കിലും ഭക്ഷണം കിട്ടുമോ എന്നാരാഞ്ഞു. അവരില്‍ ചിലര്‍ ചെമ്പകശ്ശേരിയിലെ കുമാരനെ കളിയാക്കാനായി അവനെ ചൂണ്ടിക്കൊണ്ടു പറഞ്ഞു, ദേ,അവന്‍ വലിയ പണക്കാരനാണ്,നിങ്ങളെ സഹായിക്കാന്‍ കഴിയും. അവര്‍ അത് വിശ്വസിച്ച് അവനെ സമീപിക്കുകയും സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. കുട്ടികള്‍ കളിയാക്കിയതാണെന്ന് മനസ്സിലാക്കിയ കുമാരന്‍, തന്‍റെ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണ്ണ മാല  അവര്‍ക്ക് കൊടുത്തിട്ട് ഇത് വിറ്റ് ഭക്ഷണം കഴിച്ചോളിന്‍ എന്നു പറഞ്ഞു. അവര്‍ സന്തോഷത്തോടെ പോയി ഭക്ഷണം കഴിച്ചു വന്നു. തിരികെ വന്ന് വീട് കണ്ടപ്പോഴാണ് അവര്‍ക്ക് കുമാരനോട് ഏറെ ബഹുമാനം തോന്നിയത്. പട്ടിണി കിട്ടക്കുന്നൊരാള്‍ വിശക്കുന്നവര്‍ക്കു വേണ്ടി തന്‍റെ കൈയ്യിലുള്ള വിലപിടിച്ച മാല നല്കിയതിലെ വലുപ്പം കണ്ട് അവര്‍ അമ്പരന്നു. അങ്ങ് ഞങ്ങളുടെ നേതാവാണ്,ഇനി അങ്ങ് പറയുന്നതെന്തും ഞങ്ങള്‍ ചെയ്യും എന്നായി അവര്‍. നമുക്ക് വരും ദിവസങ്ങളിലും ഭക്ഷണം വേണം,ആ കുരുത്തംകെട്ടവരെ ഒരു പാഠവും പഠിപ്പിക്കണം  എന്ന് കുമാരന്‍ പറഞ്ഞു. അവര്‍ ആ ബ്രാഹ്മണക്കുട്ടികളുടെ വീട്ടില്‍ നിന്നും നെല്ലും മറ്റ് വിഭവങ്ങളും എടുത്തുകൊണ്ടു പോരുന്നു. അതിനു ശേഷം ഒരു ദിനം തെക്കുംകൂര്‍ രാജാവിനെ മുഖം കാണിച്ച് കൃഷി ചെയ്യാന്‍ കുറച്ചു ഭൂമി ചോദിച്ചു. ഒരു ദിവസം കൊണ്ട് അളക്കാവുന്ന ഭൂമി എടുത്തുകൊള്ളു എന്ന് രാജാവ് പറഞ്ഞു. പട്ടാളക്കാരുടെ സഹായത്തോടെ ഒരു വലിയ പ്രദേശം കുമാരന്‍ അളന്നെടുത്തു. കുമാരനല്ലൂരിന്‍റെ പടിഞ്ഞാറുഭാഗം മുഴുവനും കുമാരന് സ്വന്തമായി. തുടര്‍ന്ന് അവിടൊരു കോട്ടയുണ്ടാക്കി ചെമ്പകശ്ശേരി രാജയായി. ക്രമേണ അമ്പലപ്പുഴയുടെ ഒരു ഭാഗം കീഴടക്കി.  അസൂയാലുക്കളായ നമ്പൂതിരിമാര്‍ ക്ഷേത്രത്തില് കയറുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ശിക്ഷകള്‍ വിധിക്കുകയും ചെയ്തു. മതത്തിന്‍റെ കോടതിക്ക് കീഴടങ്ങിയ രാജ മാപ്പപേക്ഷിക്കുകയും ക്ഷേത്രത്തിനു പുറത്ത് ഒരാനയെയും തന്‍റെ സ്വര്‍ണ്ണ തലപ്പാവിനെയും കാഴ്ച വയ്ക്കുകയും ചെയ്തു എന്നാണ് ഐതീഹ്യം.   

Friday, May 9, 2014

Myth behind Thiruvalla

തിരുവല്ല
അനേകം ധനവാന്മാരായ ബ്രാഹ്മണര്‍ താമസിച്ചിരുന്ന മല്ലിക വനമാണ് ഇന്നത്തെ തിരുവല്ല പ്രദേശം. അവിടെ ശങ്കരമംഗലത്ത് നാരായണ ഭട്ടതിരിയും ഭാര്യ ശ്രീദേവിയും ജോലിക്കാരിയായ മറ്റൊരു ശ്രീദേവിയും ജോലിക്കാരിയുടെ മകന്‍ മുകുന്ദനും താമസിച്ചിരുന്നു. ഭട്ടതിരി ശ്രീദേവി ദമ്പതികള്‍ക്ക് കുട്ടികളുണ്ടായിരുന്നില്ല. കടുത്ത വിഷ്ണു ഭക്തരായിരുന്ന അവര്‍ വെളുത്ത വാവിന്‍റെ പത്താം നാളില്‍ ദശമി ദിനത്തില്‍ ഒരിക്കലൂണും പതിനൊന്നിന് ഏകാദശി നാളില്‍ ഊണും ഉറക്കവുമില്ലാത്ത പ്രാര്‍ത്ഥനയും പന്ത്രണ്ടിന് ദ്വാദശിയില്‍ അവിവാഹിതരായ ബ്രാഹ്മണര്‍ക്ക് ഊണുനല്കിയ  ശേഷം ഒരിക്കലൂണുമായി കഴിഞ്ഞുവന്നു. ഭട്ടതിരി മരിച്ച ശേഷവും ശ്രീദേവി ഈ രീതി തുടര്‍ന്നു . അവര്‍ക്ക് വേണ്ടത്ര വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാതിരുന്നതിനാല്‍ ഓരോ മാസത്തെയും ക്രമമായ തീയതികള്‍ ഗണിച്ചറിയാന്‍ കഴിയുമായിരുന്നില്ല. അതിനാല്‍  അവര്‍ സ്വയം ഒരു രീതിയുണ്ടാക്കി. മാസത്തിന്‍റെ പതിനൊന്നാം നാളില്‍ ഒരു പാത്രത്തില്‍ ഒരു കല്ലിട്ടു. തുടര്‍ന്ന്  ഓരോ ദിവസവും ഓരോ കല്ലുകള് വീതം ഇട്ട് പതിനഞ്ച് കല്ലാകുമ്പോള്‍ ആ ദിനം ഏകാദശിയായി കുരുതും. ഇത് ചിലപ്പോഴൊക്കെ തെറ്റുമായിരുന്നെങ്കിലും അവരത് കാര്യമാക്കിയില്ല. ഒടുവില്‍ നാട്ടുകാരും അത് അംഗീകരിച്ചു കൊടുത്തു. ഇന്ന് ചക്രോത്തമ്മയുടെ ഏകാദശിയാണ് എന്ന് ആളുകള്‍ പറയുമായിരുന്നു.
ഒരു ദിവസം രണ്ട് ബ്രാഹ്മണര്‍ വീട്ടില്‍ ഭക്ഷണമാവശ്യപ്പെട്ട് എത്തി. അമ്മയുടെ കണക്കില് അന്ന് ഏകാദശിയായിരുന്നു. അതിനാല്‍ ഭക്ഷണമില്ല എന്നവര്‍ പറഞ്ഞു. ബ്രാഹ്മണര്‍ പറഞ്ഞു,ഏകാദശി അടുത്ത ദിവസമാണെന്ന്. അമ്മ തര്‍ക്കിച്ചു. ഒടുവില്‍ കവിടി നിരത്തി നോക്കുമ്പോള്‍ അമ്മ പറഞ്ഞത് ശരിയാണെന്നു കണ്ടു. അവര്‍ അവിടെ നിന്നിറങ്ങി മറ്റൊരു വീട്ടില് പോയി. അവിടെ നിന്നും ഭക്ഷണം കിട്ടി. അവിടെ വച്ച് ഒരിക്കല്‍ കൂടി കവിടി നിരത്തിയപ്പോള്‍ ഏകാദശി അടുത്ത ദിവസമാണെന്നു കണ്ടു. വീണ്ടും അമ്മയുടെ അടുത്തെത്തി പരീക്ഷണം ആവര്‍ത്തിച്ചപ്പോള്‍ അമ്മയാണ് നേരെന്ന് വീണ്ടും മനസ്സിലാക്കി അവര്‍ മിണ്ടാതെ മടങ്ങി.
നാളുകള്‍ കഴിഞ്ഞു. നാട്ടുകാര്‍ക്ക് അമ്മ പറയുന്ന ദിനം ഏകാദശിയായി മാറി. അങ്ങിനെയിരിക്കെ തോകലന്‍ എന്നൊരു ചട്ടമ്പിയും കൂട്ടുകാരും നാട്ടിലെത്തി ആളുകളെ ഭീഷണിപ്പെടുത്താനും സ്വത്തു തട്ടിയെടുക്കാനും തുടങ്ങി. മിക്ക ഗ്രാമക്കാരും ഒഴിഞ്ഞുപോയി. ചക്രോത്തമമ  പോയില്ല. അന്യദേശക്കാര് പോലും ആ വഴി വരാതായി. ദ്വാദശി ദിനമായി. അവിവാഹിതരായ ബ്രാഹ്മണര്ക്ക് ഭക്ഷണം കൊടുത്തേ ചക്രോത്തമ്മയ്ക്ക് ഒരിക്കലൂണ് പറ്റുകയുള്ളു. ഒരാളും വരാത്ത ദുഃഖത്തില്‍ അമ്മ ദൈവനാമം ചൊല്ലിയിരിക്കെ പുറത്തൊരു ശബ്ദം കേട്ടു. വാതില്‍ തുറന്നപ്പോള്‍ ഒരു ബ്രാഹ്മണ യുവാവ് ഭക്ഷണമാവശ്യപ്പെട്ട് നില്ക്കുന്നു. അവര് സന്തോഷത്തോടെ യുവാവിനെ വീട്ടിലേക്ക് ക്ഷണിച്ചു. ഞാന്‍ കുളിച്ചു വരാം എന്നായി കുമാരന്‍. തോകലന്‍റെ ശല്യമുണ്ടാകും എന്ന് അമ്മ പറഞ്ഞെങ്കിലും അയാള്‍ കുളിക്കാനായി കുളക്കടവിലേക്ക് പോയി. വഴിയില് വച്ച് തോകലന്‍ തടഞ്ഞു നിര്‍ത്തി ശല്യം ചെയ്തു. അത് ഏറ്റുമുട്ടലായി. കുമാരന്‍ കൈയ്യിലിരുന്ന വടി ചുഴറ്റി. അത് സുദര്‍ശന ചക്രമായി തോകലന്‍റെ തലയറുത്തു. ഓടി വന്ന തോകല സുഹൃത്തുക്കളെയും ചക്രം വധിച്ചു. കുമാരന്‍ വരാന്‍ താമസിച്ചപ്പോള്‍ ചക്രോത്തമ്മ വിഷമിച്ചു. കുമാരന് അപകടം പറ്റിയുട്ടുണ്ടാവും എന്നു കരുതി. പക്ഷെ കുമാരന്‍ അഞ്ച് സുഹൃത്തുക്കളുമായാണ് ഊണിനെത്തിയത്. വിവരമറിഞ്ഞ് ആളുകള്‍ ഓടിക്കൂടി. എല്ലാവര്‍ക്കും സുദര്‍ശന ചക്രം കാണണം. അദ്ദേഹം വടിയെ സുദര്‍ശന ചക്രമാക്കി അവരെ കാണിച്ചു. അവിടെ ഒരു വിഷ്ണുക്ഷേത്രമുണ്ടാക്കണം എന്ന് കല്പ്പിച്ച് തന്‍റെ സ്വത്തുക്കള്‍ നാട്ടുകാരെ ഏല്പ്പിച്ച് ചക്രോത്തമ്മ വിഷ്ണുവിനൊപ്പം കൂടി .എല്ലാവരും കണ്ണടച്ച് പ്രാര്ത്ഥിച്ചു നില്ക്കെ ചക്രോത്തമ്മയെയും വേലക്കാരിയെയും ഒപ്പം കൂട്ടി വിഷ്ണു അപ്രത്യക്ഷനായി. ആ പ്രദേശം പിന്നീട് ചക്രപുര എന്നറിയപ്പെട്ടു. ശ്രീ വല്ലഭക്ഷേത്രം വന്നതോടെ ശ്രീവല്ലഭ പുരമായി മാറിയ ചക്രപുര ക്രമേണ തിരുവല്ലയായി മാറി.


Saturday, May 3, 2014

Arakkal beevi

അറക്കല്‍  ബീവി

കണ്ണൂരിലെ ചിറക്കല്‍ താലൂക്കില്‍ കോലത്തിരി കുടുംബാംഗമായിരുന്നു അറക്കല് ബീവി. കോലത്തിരിയുടെ തലസ്ഥാനം എഴിമലക്കോട്ടയിലായിരുന്നു.പതിമൂന്നാം നൂറ്റാണ്ടില്‍ ഭരണം നടത്തിയിരുന്ന കോലത്തിരിക്ക് എട്ട് അകത്തളങ്ങളുള്ള വലിയ കൊട്ടാരവും ചുറ്റിലും ബ്രാഹ്മണരുടെ വീടുകളും 500 നായര്‍ പടയാളികളും മുസ്ലീം കച്ചവടക്കാരുടെ താമസസ്ഥലവും ഉണ്ടായിരുന്നു. ഒരു ദിവസം കൊട്ടാരത്തിലെ രണ്ട് കുമാരിമാര്‍ അവര്‍ക്കായി ഒരുക്കിയിട്ടുള്ള നദിക്കടവില്‍ കുളിക്കാന്‍ പോയി. ഒരാള്‍ ഒഴുക്കില്‍ പെട്ടു. കരയിലുണ്ടായിരുന്ന കുമാരി നിലവിളിച്ച് ബഹളമുണ്ടാക്കി. ഒരു മുസ്ലിം ചെറുപ്പക്കാരന് ഇത് കേട്ടു. അയാള്‍ പുഴയില്‍ ചാടി അവളെ രക്ഷപെടുത്തി. കരയോടടുത്തപ്പോള്‍ അവള്‍ കയറാന്‍ മടിച്ചു. വസ്ത്രം നഷ്ടപ്പെട്ടെന്ന് മനസ്സിലാക്കിയ അവന്‍ അവള്ക്ക് വസ്ത്രം നല്കി. അപ്പോഴേക്കും വേലക്കാരികള്‍ ഓടിയെത്തി കുമാരിയെ കൂട്ടിക്കൊണ്ടു പോയി. രാജാവ് വിവരമറിഞ്ഞ് കുമാരി രക്ഷപെട്ടതിലുള്ള സന്തോഷം അറിയിച്ചു. രാജാവിന്‍റെ പട്ടാളക്കാരനായിരുന്ന ആ മുസല്‍മാനെ വിളിച്ചു വരുത്തി സമ്മാനങ്ങള്‍ നല്കുകയും ഉദ്യോഗക്കയറ്റം കൊടുക്കുകയും ചെയ്തു. രാജകുമാരി പക്ഷെ കൊട്ടാരത്തില്‍ കയറാന്‍ കൂട്ടാക്കിയില്ല. അവള്‍ ഔട്ട്ഹൌസില്‍ താമസമാക്കി. മുതിര്‍ന്നവര്‍ എത്ര നിര്‍ബ്ബന്ധിച്ചിട്ടും അവള്‍ കൂട്ടാക്കിയില്ല. വിവാഹച്ചടങ്ങിന്‍റെ ഭാഗമായുള്ള കര്‍മ്മങ്ങളായ കൈകോര്‍ക്കലും വസ്ത്രം നല്കലും കഴിഞ്ഞതിനാല്‍ അവള്‍ ഭ്രഷ്ടയാണ് എന്നു സ്വയം പ്രഖ്യാപിച്ചു.ആചാരപരമായ ചടങ്ങുകള്‍ നടത്തി അവളെ ശുദ്ധീകരിക്കാന്‍ രാജാവ് പരമാവധി ശ്രമിച്ചു. എന്നാല്‍ കുമാരി വഴങ്ങിയില്ല. ഒടുവില്‍ അവള്‍ക്കായി ഒരു കൊട്ടാരം പണിതു.അവളെ രക്ഷിച്ച മുസ്ലിം ചെറുപ്പക്കാരന് വിവാഹവും ചെയ്തു കൊടുത്തു. അറക്കല്‍ ബീവിയെന്നും അറയ്ക്കല്‍ രാജാ എന്നും രണ്ടുപേര്‍ക്കും വിളിപ്പേരും നല്കി. അറയ്ക്കല്‍ ചിറക്കലിന്‍റെ പാതി എന്നറിയപ്പെട്ടു.
കൊല്ലവര്‍ഷം ഏഴില്‍ കോലത്തിരിയുടെ പ്രധാനമന്ത്രി അരയന്‍കുളങ്ങര നായര്‍ ഇസ്ലാം മതം സ്വീകരിച്ച് മുഹമ്മദാലിയായി. അറയ്ക്കല്‍ കുടുംബത്തില്‍ നിന്നും വിവാഹവും കഴിച്ചു. അദ്ദേഹത്തിന്‍റെ മകന്‍ അലി മൂസ മാലിദ്വീപ് കീഴടക്കി രാജാവിന് സമ്മാനിച്ചു. രാജാവ് മൂസയ്ക്ക് 18,000 പണം നല്കി, കണ്ണൂരില്‍ ഒരു കോട്ടയും രണ്ട് ഗ്രാമങ്ങളും നല്കി. തുടര്‍ന്ന് അലിമൂസ്സ കണ്ണൂരിലേക്ക് മാറി. തുടര്‍ന്ന് ലക്ഷദ്വീപ് പിടിച്ചു. അവിടെനിന്നും വര്‍ഷം 6000 പണം നികുതിയായി അറയ്ക്കല്‍ ബീവിക്ക് ലഭിക്കാനും ഏര്‍പ്പാടാക്കി. അലിമൂസ ക്രമേണ ആഴിരാജ എന്നറിയപ്പെട്ടു. പ്രായേണ അത് അലിരാജയായി