Sunday, December 25, 2011

ഓംചേരി എന്‍ എന്‍ പിള്ള


പ്രൊഫ. ഓംചേരി എന്‍.എന്‍.പിള്ള

ഡല്‍ഹി, മലയാള സാഹിത്യത്തിനു നല്കിയ സംഭാവനകള്‍ നിരവധിയാണ്. ഒ.വി.വിജയന്‍,വി.കെ.എന്‍, ആനന്ദ്,മുകുന്ദന്‍,കാക്കനാടന്‍,സേതു, സച്ചിദാനന്ദന്‍,സക്കറിയ എന്നിങ്ങനെ നീളുന്നു ആ പട്ടിക. നാടക രംഗത്ത് മികച്ച സംഭാവനകള്‍ നല്കിക്കൊണ്ടിരിക്കുകയും മറുനാടന്‍ മലയാളികള്‍ക്ക് സാംസ്ക്കാരിക നേതൃത്വം നല്കിക്കൊണ്ടിരിക്കുകയും ചെയ്യുന്ന മികച്ച വ്യക്തിത്വമാണ് ഓംചേരി. മലയാളം മിഷന്‍റെ ഡല്‍ഹി നേതൃത്വവും ഓംചേരിക്കാണ്. 1924 ല്‍ വൈക്കം ഓംചേരി വീട്ടില്‍ നാരായണ പിള്ളയുടെയും പാപ്പിക്കുട്ടിയമ്മയുടെയും മകനായി ജനിച്ച് തിരുവന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ പഠനം പൂര്‍ത്തിയാക്കി. ആദ്യകാലത്ത് കവിതകളാണ് എഴുതിയത്. പിന്നീട് നാടകത്തിലേക്ക് തിരിയുകയും സ്വന്തം കളരി കണ്ടെത്തുകയും ചെയ്തു. 1951-ല്‍ ഡല്‍ഹി ആകാശവാണിയില്‍ മലയാളം വാര്‍ത്താ വിഭാഗത്തില്‍ ജീവനക്കാരനായി ഡല്‍ഹിയില്‍ എത്തി. പിന്നീട് പ്രസിദ്ധീകരണ വിഭാഗം എഡിറ്റര്‍, പ്രചരണ വിഭാഗം ഉദ്യോഗസ്ഥന്‍ എന്നീ ചുമതലകള്‍ വഹിച്ചു. അമേരിക്കയിലെ പെന്‍സില്‍ വേനിയ യൂണിവേഴ്സിറ്റി, മെക്സിക്കന്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റി , വാട്ടന്‍ സ്കൂള്‍ എന്നിവിടങ്ങളില്‍ മാസ്സ് കമ്മ്യൂണിക്കേഷന്‍സില്‍ ഉന്നത പഠനം നടത്തി. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യൂണ്ക്കേഷന്സില്‍ അദ്ധ്യാപകനായിരുന്നു. ലോക്സഭയില്‍ പ്രതിപക്ഷ നേതാവായിരുന്ന ഏകെജിയുടെ പ്രേരണയിലാണ് ആദ്യ നാടകം രചിച്ചത്. ഈ വെളിച്ചം നിങ്ങളുടേതാകുന്നു എന്ന നാടകത്തില്‍ അഭിനയിച്ചത് എംപിമാരായിരുന്ന കെ.സി.ജോര്‍ജ്ജ്, പി.ടി.പുന്നൂസ്, ഇമ്പിച്ചി ബാവ, വി.പി.നായര്‍ തുടങ്ങിയവരാണ്.

പ്രളയം, തേവരുടെ ആന, കള്ളന്‍ കയറിയ വീട്, ദൈവം വീണ്ടും തെറ്റിദ്ധരിക്കപ്പെടുന്നു തുടങ്ങി അനേകം നോവലുകള്‍ ഇതിന്‍റെ തുടര്‍ച്ചയായുണ്ടായി. 1963-ല്‍ എക്സിപിരിമെന്‍റല്‍ തീയറ്റര്‍ രൂപീകരിച്ചു. തുടര്‍ന്ന് തിരനോട്ടവും. ചെരിപ്പു കടിക്കില്ല എന്ന നാടകത്തില്‍ നടന്‍ മധുവും അഭിനയിച്ചിട്ടുണ്ട്. 1975 ല്‍ സാഹിത്യ അക്കാദമി പുരസ്ക്കാരവും സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പുരസ്ക്കാരവും ലഭിച്ചു. 2010 ലാണ് സമഗ്ര സംഭാവനയ്ക്കുള്ള സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ചത്. 9 മുഴുനീള നാടകങ്ങളും 80 ഏകാങ്കങ്ങളും ഓംചേരി കൈരളിക്ക് സമ്മാനിച്ചു. ഇതില്‍ നിന്നും തെരഞ്ഞെടുത്ത 26 നാടകങ്ങളുടെ സമാഹാരം ഡിസി ബുക്സ് 2011 നവംബര്‍ 27ന് ഡല്‍ഹിയില്‍ പ്രകാശിപ്പിച്ചു. എഴുത്തിനും സാംസ്ക്കാരിക പ്രവര്‍ത്തനങ്ങള്‍ക്കും പുറമെ ഡല്‍ഹി ഭാരതീയ വിദ്യാഭവനില്‍ കമ്മ്യൂണിക്കേഷന്‍ മാനേജ്മെന്‍റ് കോളേജിന്‍റെ പ്രിന്‍സിപ്പാള്‍ എന്നീ നിലകളില്‍ കര്‍മ്മനിരതനാണ് ഓംചേരി.