Sunday, December 25, 2011

ഓംചേരി എന്‍ എന്‍ പിള്ള


പ്രൊഫ. ഓംചേരി എന്‍.എന്‍.പിള്ള

ഡല്‍ഹി, മലയാള സാഹിത്യത്തിനു നല്കിയ സംഭാവനകള്‍ നിരവധിയാണ്. ഒ.വി.വിജയന്‍,വി.കെ.എന്‍, ആനന്ദ്,മുകുന്ദന്‍,കാക്കനാടന്‍,സേതു, സച്ചിദാനന്ദന്‍,സക്കറിയ എന്നിങ്ങനെ നീളുന്നു ആ പട്ടിക. നാടക രംഗത്ത് മികച്ച സംഭാവനകള്‍ നല്കിക്കൊണ്ടിരിക്കുകയും മറുനാടന്‍ മലയാളികള്‍ക്ക് സാംസ്ക്കാരിക നേതൃത്വം നല്കിക്കൊണ്ടിരിക്കുകയും ചെയ്യുന്ന മികച്ച വ്യക്തിത്വമാണ് ഓംചേരി. മലയാളം മിഷന്‍റെ ഡല്‍ഹി നേതൃത്വവും ഓംചേരിക്കാണ്. 1924 ല്‍ വൈക്കം ഓംചേരി വീട്ടില്‍ നാരായണ പിള്ളയുടെയും പാപ്പിക്കുട്ടിയമ്മയുടെയും മകനായി ജനിച്ച് തിരുവന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ പഠനം പൂര്‍ത്തിയാക്കി. ആദ്യകാലത്ത് കവിതകളാണ് എഴുതിയത്. പിന്നീട് നാടകത്തിലേക്ക് തിരിയുകയും സ്വന്തം കളരി കണ്ടെത്തുകയും ചെയ്തു. 1951-ല്‍ ഡല്‍ഹി ആകാശവാണിയില്‍ മലയാളം വാര്‍ത്താ വിഭാഗത്തില്‍ ജീവനക്കാരനായി ഡല്‍ഹിയില്‍ എത്തി. പിന്നീട് പ്രസിദ്ധീകരണ വിഭാഗം എഡിറ്റര്‍, പ്രചരണ വിഭാഗം ഉദ്യോഗസ്ഥന്‍ എന്നീ ചുമതലകള്‍ വഹിച്ചു. അമേരിക്കയിലെ പെന്‍സില്‍ വേനിയ യൂണിവേഴ്സിറ്റി, മെക്സിക്കന്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റി , വാട്ടന്‍ സ്കൂള്‍ എന്നിവിടങ്ങളില്‍ മാസ്സ് കമ്മ്യൂണിക്കേഷന്‍സില്‍ ഉന്നത പഠനം നടത്തി. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യൂണ്ക്കേഷന്സില്‍ അദ്ധ്യാപകനായിരുന്നു. ലോക്സഭയില്‍ പ്രതിപക്ഷ നേതാവായിരുന്ന ഏകെജിയുടെ പ്രേരണയിലാണ് ആദ്യ നാടകം രചിച്ചത്. ഈ വെളിച്ചം നിങ്ങളുടേതാകുന്നു എന്ന നാടകത്തില്‍ അഭിനയിച്ചത് എംപിമാരായിരുന്ന കെ.സി.ജോര്‍ജ്ജ്, പി.ടി.പുന്നൂസ്, ഇമ്പിച്ചി ബാവ, വി.പി.നായര്‍ തുടങ്ങിയവരാണ്.

പ്രളയം, തേവരുടെ ആന, കള്ളന്‍ കയറിയ വീട്, ദൈവം വീണ്ടും തെറ്റിദ്ധരിക്കപ്പെടുന്നു തുടങ്ങി അനേകം നോവലുകള്‍ ഇതിന്‍റെ തുടര്‍ച്ചയായുണ്ടായി. 1963-ല്‍ എക്സിപിരിമെന്‍റല്‍ തീയറ്റര്‍ രൂപീകരിച്ചു. തുടര്‍ന്ന് തിരനോട്ടവും. ചെരിപ്പു കടിക്കില്ല എന്ന നാടകത്തില്‍ നടന്‍ മധുവും അഭിനയിച്ചിട്ടുണ്ട്. 1975 ല്‍ സാഹിത്യ അക്കാദമി പുരസ്ക്കാരവും സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പുരസ്ക്കാരവും ലഭിച്ചു. 2010 ലാണ് സമഗ്ര സംഭാവനയ്ക്കുള്ള സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ചത്. 9 മുഴുനീള നാടകങ്ങളും 80 ഏകാങ്കങ്ങളും ഓംചേരി കൈരളിക്ക് സമ്മാനിച്ചു. ഇതില്‍ നിന്നും തെരഞ്ഞെടുത്ത 26 നാടകങ്ങളുടെ സമാഹാരം ഡിസി ബുക്സ് 2011 നവംബര്‍ 27ന് ഡല്‍ഹിയില്‍ പ്രകാശിപ്പിച്ചു. എഴുത്തിനും സാംസ്ക്കാരിക പ്രവര്‍ത്തനങ്ങള്‍ക്കും പുറമെ ഡല്‍ഹി ഭാരതീയ വിദ്യാഭവനില്‍ കമ്മ്യൂണിക്കേഷന്‍ മാനേജ്മെന്‍റ് കോളേജിന്‍റെ പ്രിന്‍സിപ്പാള്‍ എന്നീ നിലകളില്‍ കര്‍മ്മനിരതനാണ് ഓംചേരി.

Sunday, October 9, 2011

ഒരു കോഴിക്കോടന്‍ യാത്ര





ഒരു കോഴിക്കോടന്‍ യാത്രയുടെ സ്മരണകള്‍

ഡല്‍ഹി ഇന്‍ഫര്‍മേഷന്‍ ഓഫീസറായിരിക്കുകയും ഇപ്പോള്‍ വയനാട്ടില്‍ നിയമിതനാവുകയും ചെയ്ത പ്രിയ സുഹൃത്ത് സജീവിന്‍റെ വീടുകാണാനും കോഴിക്കോട് ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ പോകാനും നിശ്ചയിച്ചായിരുന്നു കുടുംബ സമേതമുള്ള യാത്ര. അംഗങ്ങള്‍ താഴെ പറയുന്നവര്‍. അജിത്,സജീവ് കുമാര്‍,ജയശ്രീ,വിജയശ്രീ,ആഷ,വൈശാഖ്,ശ്രീക്കുട്ടന്‍,വൈഷ്ണവ്. 2011 ഒക്ടോബര്‍ നാലിന് രാത്രി 8.40നുള്ള മംഗലാപുരം എക്സ്പ്രസ്സില്‍ പുറപ്പെട്ട് രാവിലെ ആറുമണിക്ക് കോഴിക്കോട്ടെത്തി. സജീവും സാരഥി സമ്പത്തും കാത്തുനില്പ്പുണ്ടായിരുന്നു. യാത്രയുടെ തുടക്കമേ അറിവിന്‍റെയും കാഴ്ച്ചകളുടേതുമായി. ബീച്ച് റോഡിലൂടെ യാത്ര. ചെന്നിറങ്ങിയത് ഫിഷിംഗ് ഹാര്‍ബറില്‍. മത്സ്യബോട്ടുകളുടെയും മീന്‍ കച്ചവടത്തിന്‍റെയും തിരക്കുകള്‍ കണ്ടശേഷം വീട്ടിലേക്ക് പോയി. സുനാമി റിഹാബിലിറ്റേഷന്‍ ഫണ്ടുപയോഗിച്ച് മനോഹരമാക്കിയിട്ടുള്ള ബീച്ചില്‍ പ്രഭാത സവാരിക്കാര്‍ ഏറെയുണ്ട്.

പുതിയങ്ങാടിയിലെ മനോഹരമായ വീട്ടിലെത്തി. ചതുരവും ദീര്‍ഘചതുരവും ഇടകലരുന്ന മാതൃകയാണ് വീട്. സമൃദ്ധമായി വായു സഞ്ചാരമുള്ള , ചൂട് അധികമേല്ക്കാത്ത വിധമുള്ള ഡിസൈന്‍. ലൈറ്റുകള്‍ ഉള്‍പ്പെടെ എല്ലാം ചതുരങ്ങളാണ്. മനോഹരമായ ഇന്‍റീരിയര്‍. സുഹൃത്തായ ആര്‍ക്കിടെക്ട് രാജീവിന്‍റെ കൈപ്പുണ്യം.

ആദ്യം തന്നെ പോയത് പ്രധാന മത്സ്യമാര്‍ക്കറ്റിലേക്കാണ്. രണ്ട് നെയ്മീനുകളുമായി മടക്കം. മറീന്‍ അക്വേറിയം, പുരാതനമായ മിഷ്കാല്‍ പള്ളി എന്നിവ കണ്ടശേഷം ബേപ്പൂരേക്ക് പോയി.പള്ളിക്ക് മുന്നിലാണ് കുറ്റിച്ചിറ .അതിനുചുറ്റിലുമായി പുരാതനമായ അനേകം മുസ്ലിം കുടുംബങ്ങള്‍ താമസിക്കുന്നു. പള്ളിയുടെ പുതുക്കിപ്പണി നടക്കുന്നു. എങ്കിലും കയറി കാണാന്‍ അധികാരി സമ്മതിച്ചു. ആ നല്ല മനസ്സിന് നന്ദി. പുലിമുട്ടും കപ്പലുകളും കണ്ടശേഷം കടലുണ്ടിപ്പുഴയില്‍ ജങ്കാറില്‍ ഒരു യാത്ര . ജങ്കാറില് എത്ര വാഹനങ്ങളും ആളുകളുമാണ് കയറുന്നത് ! വന്‍ ഇന്ധനലാഭം. ജങ്കാര്‍ നടത്തുന്നവര്‍ക്ക് വലിയ കൊയ്ത്തും. മടങ്ങിവരവെ ഉരുവിന്‍റെ ഒരു മാതൃക കൂടി വാങ്ങിച്ചു.

ഉച്ചയ്ക്ക് നെയ്മീന്‍ കറിയും വറുത്തതും ചേര്‍ത്ത് ഗംഭീര സദ്യ. സജീവിന്‍റെ അമ്മയുടെയും റീനയുടെയും അനുജത്തിമാരുടെയും കൈപ്പുണ്യം. ഉച്ചകഴിഞ്ഞ് കാപ്പാട് ബീച്ചിലേക്ക്. തിരയില്ലാത്ത കടല്‍. അവിടവിടെ ചെങ്കല്ലുപാറകള്‍. മലബാറിന്‍റെ മൈത്രി തകര്‍ത്ത വാസ്കോഡഗാമ വന്നിറങ്ങിയ ഇടം. അനേകം ദേശവാസികളെ കശാപ്പുചെയ്യുകയും വാണിജ്യസംവിധാനങ്ങള്‍ താറുമാറാക്കുകയും ചെയ്ത പോര്‍ച്ചുഗീസുകാരുടെ വരവിന്‍റെ തുടക്കം കണ്ട ദേശം. കുറച്ചുസമയം ബീച്ചില്‍ കഴിഞ്ഞശേഷം ലോകനാര്‍കാവിലേക്ക് പുറപ്പെട്ടു. ദേശീയപാത 17 താറുമാറായി കിടക്കുകയുമാണ്. അതിനാല്‍ സംസ്ഥാന പാതയിലൂടെയാക്കി യാത്ര. സമൃദ്ധമായ പച്ചപ്പ്. അടയ്ക്കാമരങ്ങളുടെയും തെങ്ങിന്‍റെയും പുഴകളുടെയും തോടുകളുടെയും ഇടകലര്‍ന്ന പകിട്ട്.

നവരാത്രി പൂജകളുടെ നാളുകളായതിനാല്‍ വൈകിട്ട് ലോകനാര്‍കാവിലെത്തുമ്പോള്‍ ചുറ്റുവിളക്കുകളുടെ നക്ഷത്രാലങ്കാരം. വടക്കന്‍പാട്ടുകളില്‍ കേട്ടു പരിചയിച്ച് മിത്തായി വളര്‍ന്ന ക്ഷേത്രം. വിശാലമായ പറമ്പ്. ദേവീക്ഷേത്രത്തിനുപുറമെ ശിവക്ഷേത്രവും വിഷ്ണുക്ഷേത്രവുമുണ്ട്. ഷര്‍ട്ട്,ബനിയന്‍,പാന്‍റ്സ് എന്നിവ ക്ഷേത്ര നിഷിദ്ധം. പണ്ട് സായിപ്പുമാത്രം ഇതൊക്കെ ധരിച്ചിരുന്ന കാലത്ത് അവരെ ക്ഷേത്രത്തില്‍ നിന്നകറ്റി നിര്‍ത്താന്‍ ബ്രാഹ്മണന്‍ കണ്ടെത്തിയ വിദ്യയാണ്. ഇന്നിപ്പോള്‍ നൂറുശതമാനം മലയാളിയും പാന്‍റ്സും ഷര്‍ട്ടും ധരിക്കാന്‍ തുടങ്ങിയിട്ടും എങ്ങും നിയമങ്ങള്‍ക്ക് മാറ്റമില്ല. ഒരു കാവിമുണ്ട് വാങ്ങി പാന്‍റ്സിനുമുകളില്‍ ചുറ്റി എല്ലാ പുരുഷന്മാരും മാറി മാറി ക്ഷേത്രദര്‍ശനം നടത്തി. രാത്രിയില്‍ മടങ്ങിയെത്തി ജീരകകഞ്ഞിയും പയറും ചമ്മന്തിയും കൂട്ടി അത്താഴം. സുഖമായ ഉറക്കം.

ആറാം തീയതി ഉച്ചയോടെയാണ് കക്കയം ഡാമിലേക്ക് പുറപ്പെട്ടത്. മലബാറിന്‍റെ ഊട്ടി എന്നാണ് കക്കയം അറിയപ്പെടുന്നത്. ബാലുശ്ശേരി നക്ഷത്രയില്‍ നിന്നും ബിരിയാണി പാഴ്സല്‍ വാങ്ങി. ഡാമിലേക്കുള്ള യാത്ര മനോഹരമാണ്. കുന്നുകയറുമ്പോള്‍ അനേകം മലമടക്കുകളുടെ സൌന്ദര്യം. ദൂരെ ഡാമിലെ ജലത്തിന്‍റെ വെള്ളിത്തിളക്കം. റബ്ബര്‍കാടുകളാണ് എവിടെയും. മലമുകളില്‍ വരെ തെങ്ങുകള്‍. ഡാം ഇലക്ട്രിസിറ്റി ബോര്‍ഡിന്‍റെ അധീനതയിലാണ്. ഉരക്കുഴി ജലപാതത്തിന്‍റെ അഗാധത അത്ഭുതകരം. രുചികരമായ ശുദ്ധജലം കൈക്കുമ്പിളില്‍ എടുത്ത് കുടിക്കുമ്പോള്‍ യാത്രയുടെ ക്ഷീണം അകലുന്നു. ഡാമിന്‍റെ കാഴ്ചകളില്‍ നിന്നും മടങ്ങുമ്പോള്‍ അടിയന്തിരാവസ്ഥക്കാലത്ത് കക്കയം ഡാം പരിസരത്ത് മരണമടഞ്ഞ രാജനെയും പീഡനമേറ്റ മറ്റനേകം പേരെയും ഓര്‍മ്മ വന്നു. ഒരു ചുവപ്പന്‍ വിപ്ലവത്തിന്‍റെ ഓര്‍മ്മപത്രം. താഴെ നദി ഒഴുകുന്നു. മഞ്ഞുപോലെ തണുത്ത ജലം. തേഞ്ഞുരുണ്ട മനോഹരമായ കല്ലുകള്‍. അവിടെ ഒരു കുളി കഴിഞ്ഞതോടെ ദീര്‍ഘമായ യാത്രയുടെ ക്ഷീണമൊക്കെ നാടുകടന്നു. തിരിച്ചുള്ള യാത്രയില്‍ ശുദ്ധമായ തെങ്ങിന്‍ കള്ള്കൂടി ലഭിച്ചപ്പോള്‍ ആ ദിവസവും ധന്യമായി. രാത്രി ചിക്കന്‍ സ്റ്റൂവും അപ്പവും ചേര്‍ന്ന ഗംഭീരഭക്ഷണം,മീന്‍കറി കൂട്ടിനും.

ഏഴാം തീയതി പുത്തൂര്‍ ദേവീക്ഷേത്രത്തില്‍ പോയി. ഗാമയെ പല്ലക്കിലേറ്റി സാമൂതിരിയുടെ കൊട്ടാരത്തിലേക്ക് കൊണ്ടുവന്നപ്പോള്‍ പള്ളിയാണെന്നു കരുതി മുട്ടുകുത്തി പ്രാര്‍ത്ഥിച്ച ഇടം. കവാടത്തിന്‍റെ ഇരുവശവും ദംഷ്ട്രകളുള്ള ദ്വാരപാലകരൂപങ്ങള്‍ കണ്ട് സംശയിച്ച സുഹൃത്തുക്കള്‍ക്കൊപ്പം ഗാമ പറഞ്ഞു, ഇത് യേശു ദേവാലയമെങ്കില്‍ ഈ പ്രര്‍ത്ഥന അങ്ങ് സ്വീകരിക്കണം, അതല്ല പിശാചിന്‍റെ ആലയമെങ്കില്‍ ഇത് പ്രാര്‍ത്ഥനയല്ല. പഴയൊരു ബുദ്ധവിഹാരത്തിന്‍റെ ലക്ഷണം ഇവിടെ കാണുന്നുണ്ട്. തിരികെ വന്ന ശേഷം ഫിഷിംഗ് ഹാര്‍ബറിലെ പുലിമുട്ടിലേക്ക് പോയി. കുറേ ദൂരം നടന്നു. തീരത്താകെ മീന്‍പിടുത്തക്കാര്‍ വലിച്ചെറിഞ്ഞ കടല്‍പാമ്പുകള്‍ ചീയുന്നു. പുലിമുട്ടില്‍ വന്നടിക്കുന്ന ചെറിയ തിരകള്‍. ചൂണ്ടലിട്ട് മീന്‍പിടിക്കുന്നവരെയും അവിടെ കാണാന്‍ കഴിഞ്ഞു. തുടര്‍ന്ന് പഴശ്ശി മ്യൂസിയവും വി.കെ.കൃഷ്ണമെനോന്‍ ആര്‍ട്ട് ഗാലറിയും കണ്ടു. മ്യൂസിയം നില്ക്കുന്ന വെസ്റ്റ് ഹില്‍ ബ്രിട്ടീഷ് ഭരണ സിരാകേന്ദ്രമായിരുന്നു. മുകളില്‍ കോടതിയും താഴെ ജയിലുമായിരുന്നു.

പ്രസിദ്ധമായ പാരഗണില്‍ നിന്നും ഭക്ഷണം വാങ്ങി. ഉച്ചകഴിഞ്ഞ് മിഠായിത്തെരുവും മറ്റ് മാര്‍ക്കറ്റുകളും കണ്ടു. തുഷാരഗിരിയും മാനഞ്ചിറ,തളി ക്ഷേത്രം തുടങ്ങിയ നഗരക്കാഴ്ചകളും ബാക്കിയാക്കി രാത്രിയില്‍ മടങ്ങി. ചപ്പാത്തിയും കല്ലുമ്മേല്‍കായും കൊഞ്ചും അടങ്ങിയ അത്താഴത്തിന്‍റെ രുചിയും മിടുക്കന്മാരും മിടുക്കികളുമായ അച്ചു,ഇബ്നൂസ്,കണ്ണന്‍,ലക്ഷ്മി, അമ്മു, പാറു,അഞ്ജു എന്നിവരുടെ കളിതമാശകളും ഒപ്പമുണ്ടായിരുന്നു. ആതിഥ്യത്തിന്‍റെ സുഖസ്മരണകളും.

യാത്ര പുറപ്പെടുമ്പോള്‍ സുഹൃത്തുക്കള്‍ ചോദിച്ചു, കോഴിക്കോട് എന്തു കാണാനാ ? വയനാടും ചേര്‍ത്ത് പോകുന്നതാ നല്ലത്. എന്നാല്‍ കോഴിക്കോട്ട് കണ്ടാലും കണ്ടാലും തീരാത്ത കാഴ്ചകളും വിശേഷങ്ങളുമുണ്ടെന്ന് ഞാനവരോടു പറഞ്ഞു. ടൂറിസം അധികം മലിനമാക്കാത്ത കോഴിക്കോട് നിങ്ങള്‍ക്കായി കാത്തിരിക്കുന്നു, സൌരഭ്യം ഉള്ളിലൊതുക്കിയ ഒരു താമരമൊട്ടു പോലെ .

Saturday, July 30, 2011

vavu bali


വാവു ബലി

2011 ജൂലൈ 30.ശനി.ഇന്ന് വാവുബലിയാണ്. മരിച്ചുപോയ മനുഷ്യര്‍ക്കു വേണ്ടിയാണ് ഈ ചടങ്ങ് നടത്തുന്നത്. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ അവധിയും നല്കുന്നു. എന്താണ് വാവുബലി. ദക്ഷിണായനത്തിന്‍റെ തുടക്കമായ കര്‍ക്കിടക മാസത്തിലാണ് വാവുബലി. ഭൂമിക്ക് മുകളിലുള്ള ഭുവര്‍ ലോകത്ത് പിതൃക്കള്‍ വസിക്കുന്നു എന്നാണ് വിശ്വാസം. 14 ലോകങ്ങളില്‍ ഭൂമിയുടെ സ്ഥാനം മധ്യത്തിലും അതിന് മുകളില്‍ ഭുവര്‍ ലോകവും അതിനും മുകളില്‍ സ്വര്‍ഗ്ഗ ലോകവുമെന്നാണ് വിശ്വാസം. പഞ്ചഭൂതങ്ങളില്‍ ഭൂമിക്ക് മുകളില്‍ ജല സാന്നിധ്യമാണെന്നും അതാണ് ഭുവര്‍ ലോകമെന്നും വിശ്വസിക്കുന്നു. അതിനാല്‍ ഭുവര്‍ ലോക വാസികള്‍ക്ക് ജലതര്‍പ്പണം നടത്തണം. ജലത്തിലൂടെ മാത്രമേ അവര്‍ക്ക് ഭക്ഷണം കഴിക്കാനാവുകയുള്ളു. ഭൂമിയിലെ ഒരു മാസം ഭുവര്‍ ലോകത്തെ ഒരു ദിവസമാണ് .പിതൃക്കള്‍ക്ക് 12 ദിവസത്തിലൊരിക്കല്ഭക്ഷണമെത്തിച്ചു കൊടുക്കണം.ആ ദിവസമാണ് വാവുബലി ദിനം. ഇത്രയും ഇന്ന് നിലനില്ക്കുന്ന വിശ്വാസത്തിന്‍റെ അവസ്ഥ. ഇനി ഇതിന്‍റ യുക്തിയെക്കറിച്ച് ചിന്തിക്കാം. ഭുവര്‍ ലോകം എന്നൊന്നുണ്ടോ ? ഭൂമിയില്‍ നിന്നുകൊണ്ട് മാത്രം ആകാശം കാണുകയും അതിന്‍റെ മാറ്റങ്ങളും ഭാവങ്ങളും കണ്ട് അത്ഭുതം കൂറുകയും ചെയ്ത ഭാവനാശാലികള്‍ സങ്കല്പ്പിച്ചെടുത്തതാണ് ഭുവര്‍ ലോകവും സ്വര്‍ഗ്ഗ ലോകവുമെന്ന് ഇന്നു നമുക്കറിയാം. വായു സാന്നിധ്യമുള്ള ഒരു സോണിനപ്പുറം എന്തൊക്കെയാണ് നടക്കുന്നതെന്ന അറിവും നാം നേടിക്കഴിഞ്ഞു. ആകാശത്തു നിന്നും മഴ പെയ്യുന്നു എന്നതിനാലാണ് ഭുവര്‍ ലോക സങ്കല്പ്പമുണ്ടായത്. എന്നാല്‍ ഭൂമിയില്‍ നിന്നും ആവിയായി മുകളിലേക്കു പോയ ജലമാണ് മഴയായി പെയ്യുന്നതെന്ന തിരിച്ചറിവ് നമുക്കുണ്ട്. ആ അറിവ് നേടിയതോടെ തന്നെ ബലിയിടല്‍ നമ്മള്‍ അവസാനിപ്പിക്കേണ്ടതായിരുന്നു. എന്നാല്‍ ഒരു വശത്ത് ശാസ്ത്ര സത്യങ്ങള്‍ പഠിക്കുകയും മറുവശത്ത് അന്ധവിശ്വാസങ്ങളെ നെഞ്ചേറ്റുകയും ചെയ്യുകയാണ് വിചിത്ര മാനസ്സരായ മനുഷ്യര്‍.

ചിലരൊക്കെ ബലിയിടാന്‍ പോകുന്നത് എല്ലാവരും ചെയ്യുന്നു അതുകൊണ്ട് ഞാനും എന്ന നിലയിലാണ്. നാട്ടുകാര്‍ എന്തു വിചാരിക്കും എന്ന ചിന്തയില്‍ നിന്നാണ് വേറേ ചിലരുടെ ബലിയിടല്‍. ബലിയിടാന്‍ പോകാത്തവനെ സംശയ ദൃഷ്ടിയോടെ നോക്കുന്നവരാണ് ഇന്ന് കൂടുതലും.ജീവിച്ചിരുന്ന കാലം മാതാപിതാക്കള്‍ക്ക് സമാധാനം കൊടുക്കാതിരുന്നവര്‍,നല്ല ഭക്ഷണം കൊടുക്കാതിരുന്നവര്‍ , സ്നേഹം കൊടുക്കാതിരുന്നവര്‍ ഒക്കെ വാവുബലിയിടാനായി പോകാറുണ്ട്. ജീവിച്ചിരിക്കുമ്പോള്‍ നല്കുന്ന സഹായവും സ്നേഹവുമാണ് മഹത്തായത്. മരണശേഷം നടത്തുന്ന ഇത്തരം ചടങ്ങുകള്‍ തികഞ്ഞ വിഡ്ഢിത്തമായി മാത്രമേ കരുതാന്‍ കഴിയൂ. പഴയ തലമുറയെ കുറ്റം പറയാന്‍ കഴിയില്ല. അവരുടെ അറിവിന്‍റെ പരിമിതി മൂലമാണ് ഇതൊക്കെ ചെയ്തത്. എന്നാല്‍ പുതുതലമുറ ഗൌരവമായി തന്നെ ഇതിനെ നോക്കി കാണണം. ഈ ചടങ്ങിനെയും ഇതുയര്‍ത്തുന്ന പരിസ്ഥിതി പ്രശ്നങ്ങളെയും യുക്തിപൂര്‍വ്വം സമീപിക്കുകയും ചര്‍ച്ച ചെയ്യുകയും വേണം .

Monday, July 25, 2011

ഹോമിയോപ്പതിയെക്കുറിച്ച് ചിലത്


ചില ഹോമിയോ ചിന്തകള്‍

ഏതാണ്ട് ഇരുപത് വര്‍ഷമായി ഹോമിയോ മരുന്ന് ഉപയോഗിക്കുന്ന കുടുംബമാണ് എന്‍റേത്. വളരെ അപൂര്‍്വം സന്ദര്‍ഭങ്ങളില്‍ മാത്രമാണ് അലോപ്പതി അല്ലെങ്കില്‍ ആയുര്‍വ്വേദ മരുന്നുകള്‍ ഉപയോഗിച്ചിട്ടുള്ളത്. ഓ,ഹോമിയോ,അത് കൊച്ചുങ്ങള്‍ക്കുള്ളതല്ലേ എന്നു ചോദിക്കുന്നവര്‍ ഇന്നും കുറവല്ല. കടുത്ത പാര്‍ശ്വഫലങ്ങള്‍ക്കിടയാക്കുന്നതും വിലകൂടിയതുമായ അലോപ്പതി മരുന്നുകള്‍ കഴിക്കുകയും ഹോമിയോ മരുന്നുകള്‍ സ്റ്റെറോയിഡുകളാണ് , സ്ഥിരമായി കഴിക്കാന്‍ പാടില്ല എന്നു പറയുന്നവരുമുണ്ട്.. പലതും അര്‍ധഅറിവില്‍ നിന്നോ അറിവില്ലായ്മയില്‍ നിന്നോ ഉണ്ടാകുന്നതാണ് എന്നതില്‍ സംശയമില്ല. ഏതായാലും രണ്ട് കുട്ടികളും രണ്ട് മുതിര്‍ന്നവരും ഉള്ള ഞങ്ങളുടെ കുടുംബത്തില്‍ നാലുപേര്‍ക്കും ഗുണകരമാകുന്ന ഈ ചികിത്സ ഏതായാലും കുട്ടികള്‍ക്ക് മാത്രമുള്ളതല്ല എന്നതില്‍ സംശയമില്ല. ഒരു പക്ഷേ , മധുരമുള്ള ഗുളികകളില്‍ മരുന്നുചേര്‍ത്ത് നല്കുന്നതുകൊണ്ടാകാം ഈ ഒരു ചിന്ത ഉടലെടുത്തത്.

സുഗന്ധ ദ്രവ്യങ്ങള്‍, സുഗന്ധ വ്യജ്ഞനങ്ങള്‍, കാപ്പി,ചായ തുടങ്ങി ഒരുപാട് വസ്തുക്കള്‍ ഹോമിയോ മരുന്ന് കഴിക്കുമ്പോള്‍ വര്‍ജ്ജിക്കേണ്ടതുണ്ട് എന്ന് ശാസ്ത്രം പറയുന്നുണ്ടെങ്കിലും അതൊന്നും വര്‍ജ്ജിക്കാതെ തന്നെ മരുന്ന് ഗുണം ചെയ്യുന്നു എന്നതാണ് സത്യം. ഒരു പക്ഷേ, ഇതൊക്കെ വര്‍ജ്ജിച്ചാല്‍ ഗുണമേന്മ കൂടും എന്നതില്‍ സംശയമില്ല.

ജലദോഷം,പനി എന്നിവയില്‍ തുടങ്ങി കാന്‍സര്‍ വരെ മാറ്റാന്‍ കഴിയുന്ന ഒരു ചികിത്സാരീതിയാണ് ഹോമിയോ എന്ന് ഇപ്പോള്‍ മലയാളികള്‍ തിരിച്ചറിഞ്ഞുതുടങ്ങിയിട്ടുണ്ട്. ഇന്ത്യയില്‍ തന്നെ ഓരോ വര്‍ഷവും കോടിക്കണക്കിനാളുകള്‍ പുതുതായി ഈ വൈദ്യശാഖയെ ആശ്രയിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

എന്റെ സുഹൃത്തായ ഡോക്ടര്‍ ഈയിടെ പറഞ്ഞ ചില കാര്യങ്ങള്‍ രസകരമായി തോന്നി. അലോപ്പതി ഡോക്ടര്‍മാര്‍ രാത്രി വൈകി മരുന്നു വാങ്ങാന്‍ വരുന്നത് ഇതില്‍ ഒരു കാര്യം. മറ്റ് രോഗികള്‍ വരുമ്പോള്‍ അവരുടെ മുന്നില്‍ വച്ച് മരുന്ന് വാങ്ങാന്‍ അവര്‍ മടിക്കുന്നു.

മറ്റൊന്ന് ക്യാന്‍സര്‍ രോഗികള്‍ക്ക് നല്കുന്ന ചികിത്സയാണ്. രോഗം കണ്ടെത്തിയ ഉടന്‍ ഹോമിയോ ചികിത്സ ആരംഭിക്കുന്നവരുടെ രോഗം നിശ്ശേഷം മാറുന്നു എന്നതാണ് പ്രത്യേകത. ക്യാന്‍സര്‍ കേന്ദ്രത്തിലെ ഡോക്ടര്‍മാരെ ഇത് അത്ഭുതപ്പെടുത്തുന്നു. കീമോതെറാപ്പി തുടങ്ങാന്‍ തീരുമാനിച്ച കേസുകളില്‍ അത് വേണ്ടെന്ന് വയ്ക്കത്തക്ക വിധമുള്ള രോഗശമനവും ഹോമിയോ നല്കുന്നു. പൂര്‍ണ്ണമായും മാറാത്ത കേസ്സുകളില്‍ വേദനയില്ലാത്ത മരണം രോഗിക്ക് സമ്മാനിക്കാനും ഹോമിയോയ്ക്ക് കഴിയുന്നു. ഇത് മനസ്സിലാക്കിയതിന്‍റെ ഭാഗമായാണ് സംസ്ഥാന സര്‍ക്കാര്‍ ഹോമിയോ പാലിയേറ്റീവ് കെയര്‍ കേന്ദ്രം മലപ്പുറത്ത് തുടങ്ങാന്‍ തീരുമാനിച്ചത്.

രോഗത്തിന് ചികിത്സ എന്നതില്‍ നിന്നും രോഗിയെ ചികിത്സിക്കുന്ന രീതിയാണല്ലോ ഹോമിയോയില്‍. സ്ഥിരമായി പല്ലില്‍ ഇത്തിള്‍ ബാധിക്കുന്ന ഒരു വ്യക്തി ദന്തഡോക്ടറെ സമീപിക്കുന്നു. ഇത്തിള്‍ നീക്കുന്നു. വീണ്ടും ഒരു മാസത്തിനുള്ളില്‍ ഇത് ബാധിക്കുന്നു. വര്‍ഷത്തില്‍ ഒരു പ്രാവശ്യമെ ക്ലീനിംഗ് പാടുള്ളു എങ്കിലും വീണ്ടും ഇത് ചെയ്യേണ്ടിവരുന്നു. എന്നിട്ടും ഇത്തിള്‍ മാറുന്നില്ല. ഈ വ്യക്തി യാദൃശ്ഛികമായി മറ്റൊരു രോഗവുമായി ഹോമിയോ ഡോക്ടറെ സമീപിക്കുന്നു. അദ്ദേഹം രോഗിയുടെ സ്വഭാവ രീതികള്‍ മനസ്സിലാക്കി മരുന്ന് നല്കി. അടുത്തയാഴ്ച ഇതേ വ്യക്തി ദന്തഡോക്ടറുടെയടുത്തെത്തുമ്പോള്‍ പല്ലിലെ ഇത്തിള്‍ തനിയെ പോയതായി കണ്ട് അത്ഭുതപ്പെടുന്നു. ഇടയ്ക്ക് എന്തുമരുന്നു കഴിച്ചു എന്ന അന്വേഷണത്തില്‍ നിന്നും സുഹൃത്തായ ഹോമിയോ ഡോക്ടറെ കണ്ട വിവരം പറയുന്നു. ഉടന്‍ ദന്തഡോക്ടര്‍ സുഹൃത്തിനെ വിളിച്ച് മരുന്ന് ഏതെന്നന്വേഷിക്കുന്നു. അയാള്‍ കേസ്സ് ഷീറ്റ് പരിശോധിച്ച് മരുന്നുകണ്ടെത്തി അതിന്‍റെ ഗുണവശങ്ങള്‍ പരിശോധിക്കുമ്പോള്‍ പല്ലിലെ ഇത്തിള്‍ പോകാനും ഇത് സഹായിക്കും എന്ന് കാണുന്നു. അത് അറിയിച്ചപ്പോള്‍ കുറച്ച് എനിക്കും തന്നേക്കൂ,ഇവിടെ വരുന്നവര്‍ക്ക് ചെറിയ ഡോസ് ഞാനും നല്കാം എന്നായി അയാള്‍.

ഹോമിയോ ഡോക്ടറുടെ സ്വന്തം അനുഭവ കഥ കൂടി പറഞ്ഞ് ഇതവസാനിപ്പിക്കാം. വായുടെ ഉള്‍ഭാഗത്തെ അണപ്പല്ല് ഒരു ദന്തഡോക്ടറെക്കൊണ്ട് എടുപ്പിച്ചു. കേടുവന്നതുകൊണ്ടു തന്നെ. മരവിപ്പിച്ചതിനാല്‍ വായതുറക്കാന്‍ സമയമെടുക്കുമല്ലോ. ഒടുവില്‍ വായതുറക്കാന്‍ ശ്രമിക്കുമ്പോള്‍ സാധിക്കുന്നില്ല. താടിയെല്ലുകള്‍ ജാമായിരിക്കുന്നു. ഡോക്ടറെ കണ്ടു. വലിച്ചുതുറക്കുക മാത്രമേ മാര്‍ഗ്ഗമുള്ളു. അയാള്‍ കുറേ ശ്രമിച്ചു. പറ്റിയില്ല. ഇനി ഞങ്ങള്‍ക്ക് സര്‍ജറിയെ മാര്‍ഗ്ഗമുള്ളു, നിങ്ങള്‍ക്ക് വല്ല മരുന്നുമുണ്ടോ എന്ന് ദന്തഡോക്ടര്‍ ചോദിച്ചു. അപ്പോഴാണ് ഇതുവരെ രോഗിയായിരുന്ന ഹോമിയോ ഡോക്ടറിലെ ഡോക്ടര്‍ ഉണര്‍ന്നത്. മരുന്നുണ്ടല്ലോ എന്ന് ഓര്‍ക്കുകയും ക്ലിനിക്കിലേക്ക് വരുകയും ചെയ്തു. അപ്പോള്‍ മരുന്ന് സ്റ്റോക്കില്ല. ജീവനക്കാരനെ വിട്ട് ആ മരുന്ന് വാങ്ങി രണ്ടുതുള്ളി നാവില്‍ ഇറ്റിച്ചു. പിന്നെ ടിവിയും കണ്ടിരിപ്പായി. ഊണിന് സമയമായപ്പോള്‍ ഭക്ഷണത്തിനിരുന്നു. സാധാരണപോലെ ഭക്ഷണം കഴിക്കുന്ന കണ്ട് ഭാര്യയാണ് ചോദിച്ചത്, ഇതെപ്പോള്‍ ശരിയായെന്ന്. തുറക്കാതിരുന്ന വായ് ഹോമിയോ മരുന്നിന്‍റെ വീര്യത്തില്‍ തുറന്നകാര്യം ഡോക്ടറും അപ്പോഴാണ് അറിയുന്നത്.

സാമുവല്‍ ഹനിമാന്‍ എന്ന മഹാന് പ്രണാമം.

Thursday, June 30, 2011

തൃശ്ശൂര്‍ പൂരം


പാടിപ്പതിഞ്ഞ ഈ ഗാനത്തില്‍ ഇനിയും പലതും കൂട്ടിച്ചേര്‍ക്കാന്‍ കഴിയും .

കാന്താ ഞാനും പോരാം, തൃശ്ശൂര്‍ പൂരം കാണാന്‍(കാന്താ..)

പൂരം എനിക്കൊന്നു കാണണം കാന്താ

പൂരപ്പറമ്പില്‍ പോകണം കാന്താ(കാന്താ..)

പൂരത്തറയില് പോകണം കാന്താ

തറമേലെനിക്കൊന്നിരിക്കണം കാന്താ( കാന്താ..)

കൊടിമരം എനിക്കൊന്ന് കാണണം കാന്താ

കൊടിമരത്തേലൊന്ന് കേറണം കാന്താ(കാന്താ..)

മദ്ദളം എനിക്കൊന്ന് കാണണം കാന്താ

മദ്ദളത്തേലൊന്ന് തട്ടണം കാന്താ(കാന്താ.. )

ചെണ്ടക്കോലൊന്ന് പിടിക്കണം കാന്താ

ചെണ്ടേമ്മേലൊന്ന് കൊട്ടണം കാന്താ(കാന്താ...)

കൊമ്പുമ്മേലൊന്ന് പിടിക്കണം കാന്താ

കൊമ്പെടുത്തൊന്നൂതണം കാന്താ(കാന്താ...)

ആനയെ എനിക്കൊന്ന് കാണണം കാന്താ

ആനപ്പുറത്തൊന്ന് കേറണം കാന്താ( കാന്താ...)

ആനേടെ വാലൊന്ന് കാണണം കാന്താ

ആനവാല്‍ മോതിരം വാങ്ങണം കാന്താ ( കാന്താ..)

തുമ്പി ക്കൈയ്യില്‍ പിടിക്കണം കാന്താ

തുമ്പിയെപ്പോലൊന്നാടണം കാന്താ(കാന്താ..)

പപ്പടക്കടേലൊന്ന് പോകണം കാന്താ

ഒരുകെട്ട് പപ്പടം വാങ്ങണം കാന്താ(കാന്താ..)

ആനപപ്പടം വാങ്ങണം കാന്താ

പപ്പടം എനിക്കൊന്ന് കാച്ചണം കാന്താ ( കാന്താ..)

പൂരത്തിന്‍ സദ്യക്ക് പോകണം കാന്താ

പപ്പടം എനിക്കൊന്ന് പൊടിക്കണം കാന്താ ( കാന്താ..)

Sunday, June 12, 2011

Remembering the earth quake at Bhuj


ഓര്‍മ്മ
2001 ലെ ജനുവരി 26. റിപ്പബ്ലിക്ക് ദിനം. കേരളത്തിന്‍റെ ടാബ്ലോ തൃശൂര്‍ പൂരമായിരുന്നു.തലേദിവസം രാത്രിയില്‍ ക്യാമ്പില്‍ നിന്ന് അവസാനമിനുക്കുപണികളും നടത്തിച്ച് മടങ്ങി വരുമ്പോള്‍ അടുത്ത ദിവസം ഇത്രയേറെ അസ്വസ്ഥതയുളവാക്കുന്ന ഒരു വാര്‍ത്ത കേള്‍ക്കേണ്ടി വരും എന്നു കരുതിയില്ല.
ഗുജറാത്തില്‍ ഭൂമികുലുക്കത്തില്‍ ആയിരക്കണക്കിനാളുകള്‍ മരിച്ചു എന്നതായിരുന്നു ആ വാര്‍ത്ത. അടുത്ത ദിവസമായപ്പോള്‍ മരണ സംഖ്യ 20,000 കവിഞ്ഞു എന്ന റിപ്പോര്‍ട്ട് വന്നു. ഔദ്യോഗിക ദു:ഖാചരണവും പ്രഖ്യാപിച്ചു. ഗുജറാത്തില്‍ നിന്നുള്ള ദുരന്തവാര്‍ത്തകളേ എവിടെയും കേള്‍ക്കാനുള്ളു. എന്തെങ്കിലും തങ്ങളാലാവുന്നത് ചെയ്യണം എന്ന് ഞങ്ങളും ചിന്തിച്ചു തുടങ്ങി.വിവിധ മലയാളി സംഘടനകളുടെയും പ്രമുഖരുടേയും സഹായത്തോടെ 5 ലോറികള്‍ നിറയെ ഭക്ഷണവസ്തുക്കളും മറ്റ് അത്യാവശ്യവസ്തുക്കളും സംഘടിപ്പിച്ച് ഭുജിലേക്ക് പോകാന്‍ കഴിഞ്ഞത് അങ്ങിനെയാണ്.
ജസ്റ്റീസ് കെ.ടി.തോമസ്സ് ഫ്ളാഗ് ഓഫ് ചെയ്തതോടെ വാഹനങ്ങള്‍ പുറപ്പെട്ടു. ശ്രീദേവന്‍,കൃഷ്ണചന്ദ്രന്‍,ജിമ്മി ജോര്‍ജ്ജ്,അജയന്‍,വല്‍സമ്മ,മനോരമ ഫോട്ടോഗ്രാഫര്‍ ജയചന്ദ്രന്‍,റിപ്പോര്‍ട്ടര്‍ തോമസ് ഡൊമിനിക് ,സോളമന്‍ പയസ്സ് എന്നിവരായിരുന്നു ടീം അംഗങ്ങള്‍. രാത്രിയില്‍ ഉദയ്പ്പൂരില്‍ എത്തി. അടുത്ത ദിവസം ഹിമ്മത്ത് നഗര്‍ വഴി യാത്ര തുടര്‍ന്നു. അവിടെ ബോംബെ ഹോട്ടലില്‍ നിന്നായിരുന്നു ഭക്ഷണം. ഉമ്മര്‍ ഭായ് ആണ് ഉടമ. അവിടത്തെ പ്രത്യേകാകര്‍ഷണം അനേകരാജ്യങ്ങളില്‍ നിന്നും കൊണ്ടുവന്ന് വളര്‍ത്തുന്ന കിളികളാണ്.
ഞങ്ങള്‍ രാത്രിയില്‍ ഗാന്ധിധാമിലെത്തി. ഫാദര്‍ ഐസക്കിന്‍റെ പള്ളിയില്‍ താമസം. ബ്രഡും മുട്ടക്കറിയും കഴിച്ചു. മലയാളി സംഘടന പ്രതിനിധികള്‍ വന്നു.
അടുത്ത ദിവസം ഗാന്ധിധാമിലെ ശ്രീകുമാറിനൊപ്പം തകര്‍ന്നടിഞ്ഞ നാടിന്‍റെ ദുരന്തഭൂമിയിലൂടെ ഒരു യാത്ര. കോണ്‍ക്രീറ്റുകള്‍ക്കിടയില്‍ നിന്നും ശവമെടുക്കുന്നവര്‍,ഉറ്റവരുടെ ശരീരം കാത്തിരിക്കുന്നവര്‍,ഭക്ഷണത്തിനായി ഇരക്കുന്നവര്‍.അങ്ങിനെ വേദന നിറഞ്ഞ അനേകം ദൃശ്യങ്ങള്‍. നിമിഷങ്ങള്‍ക്കുള്ളില്‍ തകര്‍ന്നടിഞ്ഞ മനുഷ്യസ്വപ്നങ്ങളുടെ ശ്മശാനഭൂമിയായ ഭുജ്,ബചാവോ,അന്‍ജാറ. അന്ന് വൈകിട്ട് കൊണ്ടുവന്ന സാധനങ്ങള്‍ സമാജത്തിന് കൈമാറി.
കാലം എല്ലാം മറക്കാന്‍ പഠിപ്പിക്കുന്നു. തകര്‍ന്നടിഞ്ഞ പ്രദേശങ്ങളിലെ മനുഷ്യര്‍ അവരുടെ നഷ്ടങ്ങളെ ഓര്‍ത്ത് വിലപിക്കുന്നത് അവസാനിപ്പിച്ച് കര്‍മ്മ നിരതരായിട്ടുണ്ടാകാം. നഷ്ടപ്പെട്ട മനുഷ്യജീവനൊഴികെ ബാക്കിയെല്ലാം തിരിച്ചു പിടിച്ചിട്ടുണ്ടാകാം. ആ ഒരു ത്വരയാണല്ലോ മനുഷ്യവര്‍ഗ്ഗത്തെ മുന്നോട്ട് നയിക്കുന്നതും. 

Thursday, June 9, 2011

പുതിയ സ്കൂളുകള്‍ അനുവദിക്കുന്നത്



പുതിയ സ്കൂളുകള്‍ അനുവദിക്കുന്നത്

കേരളത്തില്‍ പുതിയ സിബിഎസ്ഇ,ഐസിഎസ്ഇ സ്കൂളുകള്‍ അനുവദിക്കുന്നതിനെതിരെ പ്രക്ഷോഭത്തിന്‍റെ സ്വരത്തില്‍ ഭരണ -പ്രതിപക്ഷ അധ്യാപക -വിദ്യാര്‍ത്ഥി സംഘടനകള്‍ സംസാരിച്ചു കഴിഞ്ഞു. ഈ കാപട്യ വര്‍ത്തമാനത്തിനിടയില്‍ മറക്കാന്‍ ശ്രമിക്കുന്ന ചില യാഥാര്‍ത്ഥ്യങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിക്കുന്നു.
കേരളത്തെ സംബ്ബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട രണ്ട് വ്യവസായങ്ങളാണ് വിദ്യാഭ്യാസവും ആരോഗ്യവും. ഈ രണ്ട് മേഖലകളിലും സ്വകാര്യമേഖല തഴച്ചു വളര്‍ന്നിട്ടുണ്ട്. ഗുണകരവും ദോഷകരവുമായ സ്വാധീനങ്ങള്‍ ഇവ സമൂഹത്തില്‍ ചെലുത്തുന്നുമുണ്ട്. ദേശീയ സിലബസിലും സംസ്ഥാന സിലബസിലും സ്വകാര്യ മേഖലയിലുള്ള സ്കൂളുകള്‍ വിദ്യാത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുന്നു. സര്‍ക്കാരിന് അധികബാധ്യതയുണ്ടാക്കാതെ കൂടുതല്‍ തൊഴിലവസരങ്ങളും ഒരുക്കുന്നു. ഉയര്‍ന്ന ഫീസ് നല്കാന്‍ കഴിവുള്ളവര്‍ കുട്ടികളെ ഇത്തരം സ്കൂളുകളില്‍ അയയ്ക്കുന്നു. സര്‍ക്കാര്‍ സ്കൂളുകളിലെ അധ്യാപകരേക്കാള്‍ കുറഞ്ഞ യോഗ്യതയുള്ള ഈ അധ്യാപകരില്‍ രക്ഷകര്‍ത്താക്കള്‍ കൂടുതല്‍ വിശ്വാസമര്‍പ്പിക്കുന്നു. ഈ രക്ഷകര്‍ത്താക്കളില്‍ സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരും ഉള്‍പ്പെടുന്നു എന്നത് ഇവരുടെ കാപട്യത്തിന്‍റെ കാഠിന്യം വെളിപ്പെടുത്തുന്നു. ഒരിക്കല്‍ മുന്‍മന്ത്രി ശ്രീ.മാത്യു.ടി.തോമസ്സ് പറഞ്ഞത് ഈ സമയം ഓര്‍ത്തു പോവുകയാണ് . അദ്ദേഹത്തെ കണ്ട് സങ്കടമുണര്‍ത്തിക്കാന്‍ കുറെ പ്രൊട്ടക്ടഡ് അധ്യാപകര്‍ വന്നു. എയിഡഡ് സ്കൂളുകളില്‍ കുട്ടികള്‍ കുറയുന്നതായിരുന്നു പ്രശ്നം. എല്ലാവരും സിബിഎസ്ഇയിലേക്ക് പോകുന്നു എന്നതായിരുന്നു അവരുടെ സങ്കടം. അദ്ദേഹം ചോദിച്ചു, നിങ്ങളുടെ കുട്ടികള്‍ എവിടെയാണ് പഠിക്കുന്നത്. തികഞ്ഞ മൌനം.ഒടുവില്‍ നിര്‍ബന്ധിച്ചപ്പോള്‍ പറഞ്ഞു, എല്ലാവരും സിബിഎസ്ഇയിലാണ്. ആദ്യം നമ്മള്‍ കുട്ടികളെ നമ്മുടെ സ്കൂളില്‍ ചേര്‍ക്കുക,എന്നിട്ട് മറ്റുള്ലവരോട് ആവശ്യപ്പെടുക,അപ്പോള്‍ അതിനൊരാര്‍ജ്ജവമുണ്ടാകും,അദ്ദേഹം പറഞ്ഞു. ഇവിടെയും ഈ ചോദ്യം പ്രസക്തമാണ്. എന്നുമാത്രമല്ല, ഡിവിഷന്‍ ഫാള്‍ ഒഴിവാക്കാന്‍ അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം കുറച്ചാല്‍ മതിയല്ലോ. ഉള്ള കുട്ടികള്‍ നന്നായി പഠിക്കട്ടെ.

ലോകത്തൊരിടത്തുമില്ലാത്ത ഒരു വിദ്യാഭ്യാസ രീതി പിന്‍തുടരുന്ന സംസ്ഥാനമാണല്ലോ നമ്മുടേത്. സ്വകാര്യ മാനേജ്മെന്‍റ് പണം വാങ്ങി യോഗ്യത കുറഞ്ഞ അധ്യാപകരെ നിയമിക്കുകയും അവര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്കുകയും ചെയ്യുന്ന വിചിത്രമായ അവസ്ഥ. ഈ നിയമനം പിഎസ്സിക്ക് വിടണം എന്നാവശ്യപ്പെട്ടും അണ്‍ എയിഡഡ് സ്കൂളുകളിലെ അധ്യാപകരുടെ മിനിമം യോഗ്യതയും ശംമ്പളവും നിശ്ചയിക്കണമെന്നുമൊക്കെ ആവശ്യപ്പെട്ട് കുറേക്കൂടി ക്രിയാത്മകമായ സമരങ്ങള്‍ ആയിക്കുടെ കുഞ്ഞുങ്ങളെ എന്നാണ് എന്‍റെ എളിയ ചോദ്യം.