ഭൂമിശാസ്ത്രപരമായി ബര്‍മ്മയോടും ഇന്തോനേഷ്യയോടും ബന്ധപ്പെട്ടു കിടക്കുന്ന ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ ഭാരതത്തിന്‍റെ ഒരുകേന്ദ്രഭരണ പ്രദേശമാണ്. ഏകദേശം നൂറ്റമ്പത്ദശലക്ഷം സംവത്സരങ്ങള്‍ക്ക് മുന്‍പ് ബര്‍മ്മയിലെ അരാക്കന്‍ പര്‍വ്വതശ്രൃംഘല അവസാനിക്കുന്ന നെഗ്രായിസ് മുനമ്പിനെയും ഇന്തോനേഷ്യയിലെ സുമാത്രയുടെ വടക്കേയറ്റമായ അച്ചിന്‍ ഹെഡ്ഡിനേയും പരസ്പ്പരം ബന്ധിച്ച ഒരുഗിരിനിര ഉണ്ടായിരുന്നിരിക്കണമെന്നും ശക്തമായ ഭൂചലനങ്ങള്‍,കാലക്രമേണയുള്ള പരിണാമപ്രക്രിയകള്‍ക്കും ഭൂഗര്‍ഭത്തിലെ നിരന്തര സംഘര്‍ഷങ്ങള്‍ക്കും വിധേയമായി ഈപര്‍വ്വതനിരകള്‍ സമുദ്രാന്തര്‍ ഭാഗത്തേക്ക് താണപ്പോള്‍ ജലനിരപ്പിനുമേല്‍ തള്ളിനിന്ന പര്‍വ്വതശിഖരങ്ങളും ഉയര്‍ന്ന തലങ്ങളുമാണ് അന്തമാന്‍ നിക്കോബാര്‍ ദ്വീപുകളെന്നാണ് ഭൂശാസ്ത്രജ്ഞരുടെ നിഗമനം. അന്തമാന് നിക്കോബാര് സമൂഹത്തിലെ ഏറ്റവും വടക്കുള്ള ദ്വീപായ ലാന്ഡ്ഫാളില് നിന്നും നെഗ്രായിസ് മുനമ്പിലേക്കുള്ള ദൂരം 193 കിലോമീറ്ററും തെക്കേമുനമ്പായ ഇന്ദിരാപോയിന്റില് നിന്നും സുമാത്രയിലേക്കുള്ള അകലം 146 കിലോമീറ്ററുമാണ്. എന്നാല് ഇന്ത്യ ഉപഭൂഖണ്ഡത്തിന്റെ ഏറ്റവും അടുത്തഭാഗമായ ഹൂഗ്ളി നദീമുഖത്തേക്ക് ദ്വീപുകളില് നിന്നും 901 കിലോമീറ്റര് അകലമുണ്ട്.
ഭൂമദ്ധ്യരേഖയ്ക്കിടക്ക് ഉത്തരഅക്ഷാംശം 6ഡിഗ്രി 45’ നും 13 ഡിഗ്രി 41’ നും പൂര്വ്വരേഖാംശം 92 ഡിഗ്രി 12’ നും 93 ഡിഗ്രി 57’ നും ഇടയിലാണ് ദ്വീപുകളുടെ സ്ഥാനം. ബംഗാള് ഉള്ക്കടലിന്റെ വടക്കുകിഴക്ക് ഭാഗത്തുനിന്നു തുടങ്ങി തെക്കുകിഴക്കേ കോണിലേക്ക് നീണ്ട്മഴവില്ല് ആകൃതിയിലാണ് ദ്വീപുകള് കിടക്കുന്നത്. വടക്കുഭാഗത്തുള്ളത് ആന്തമാന്ദ്വീപുകളും തെക്കുഭാഗത്തുള്ളത് നിക്കോബാര്ദ്വീപുകളുമാണ്. ഇവയെ വേര്തിരിക്കുന്നത് പത്താംഡിഗ്രിചാനലാണ്. നാമകരണംചെയ്യപ്പെട്ട 188 ദ്വീപുകള്ഉള്പ്പെടെ മുന്നൂറില്പ്പരം ദ്വീപുകളും തുരുത്തുകളും 260-ല്പരം പാറക്കെട്ടുകളും നിറഞ്ഞ ഈ ഭൂവിഭാഗത്തിന്റെ മൊത്തം വിസ്തൃതി 8249 ചതുരശ്രകിലോമീറ്ററാണ്. ജനവാസമുള്ള ദ്വീപുകള് താരതമ്യേന കുറവാണ്. ശുദ്ധജലദൌര്ലഭ്യമാണ് ഇതിനു കാരണം.
കൂട്ടംചേര്ന്നാണ് അന്തമാന് സമൂഹത്തിലെ ദ്വീപുകള് കിടക്കുന്നത്. ഏറ്റവുംവലിയ ദ്വീപായ ഗ്രെയ്റ്റ്അന്തമാന് അഞ്ച്ദ്വീപുകളുടെ ഒരു ശ്രംഖലയാണ്. ഉത്തര ആന്തമാന്‍, മധ്യ ആന്തമാന്‍, ദക്ഷിണ ആന്തമാന്‍, ബാരടാംഗ് , റത്ലാന്റ് എന്നിവയാണ് ആ ദ്വീപുകള്‍. വീതികുറഞ്ഞകടലിടുക്കുകള് ഇവയെ വേര്തിരിക്കുന്നു. ഉത്തരമദ്ധ്യഅന്തമാനുകള്ക്കിടയില് ഓസ്റ്റിന്കടലിടുക്കും മധ്യഅന്തമാനെ ദക്ഷിണഅന്തമാനില് നിന്നും ബാരടാംഗില് നിന്നും വേര്തിരിക്കുന്ന ഹംഫ്രികടലിടുക്കും മധ്യഅന്തമാനും ബാരടാംഗിനും ഇടയിലുള്ള മിഡില്കടലിടുക്കും ദക്ഷിണഅന്തമാനെയും റത്ലാന്റിനേയും വേര്തിരിക്കുന്ന മാക്ഫേഴ്സണ് കടലിടുക്കുമാണ് പ്രധാനപ്പെട്ടവ. അന്തമാന് സമൂഹത്തിലെ മറ്റ് പ്രധാനദ്വീപുകള് ലിറ്റില് അന്തമാന് ,റിച്ചീസ് ദ്വീപസമൂഹം, നാര്കോണ്ടം, ബാരണ്‍,ചാഥം,നോര്ത്ത് സെന്റിനല്, സൌത്ത്സെന്റിനല് , റോസ് എന്നിവയാണ്.
നാര്കോണ്ടവും ബാരണും അഗ്നിപര്വ്വതങ്ങളുള്ള ദ്വീപുകളാണ്. 1803-ലെ സ്ഫോടനത്തിനു ശേഷം ഗാഢനിദ്രയിലായിരുന്ന ബാരണ് പിന്നീടുണര്ന്നത് 188 വര്ഷങ്ങള്ക്കു ശേഷം 1991 ഏപ്രില് ഒടുവിലാണ്.അന്തമാന് നിക്കോബാറിന്റെ തലസ്ഥാനമായ പോര്ട്ട്ബ്ളയറില് നിന്നും 114 കിലോമീറ്റര് വടക്കുകിഴക്കായിട്ടാണ് ബാരണ്ദ്വീപ് സ്ഥിതിചെയ്യുന്നത്. നാര്ക്കോണ്ടം ഉത്തരഅന്തമാനില് നിന്നും 114 കിലോമീറ്റര് കിഴക്കായി സ്ഥിതിചെയ്യുന്നു. സമുദ്രനിരപ്പില്നിന്നും 2330 അടിഉയരത്തില് സ്ഥിതിചെയ്യുന്ന ഈ അഗ്നിപര്വ്വതം മൃതാവസ്ഥയിലാണ്.
കുന്നുകളും താഴ്വരകളും മലയിടുക്കുകളും ഉള്ക്കടലുകളും ക്രീക്കുകളും നിറഞ്ഞതാണ് അന്തമാന്ദ്വീപസമൂഹം. വിശാലമായ സമതലങ്ങള് താരതമ്യേന കുറവാണ്. ദ്വീപുകളുടെ പൂര്വ്വഭാഗത്താണ് പൊതുവേ കുന്നുകള് ഉള്ളത്. ഉത്തര അന്തമാനിലെ സാഡില് കൊടുമുടിയാണ് ഏറ്റവും ഉയര്ന്നഭാഗം. ഇതിന് 732 മീറ്റര് ഉയരമുണ്ട്. ഉത്തരഅന്തമാനിലെ കല്പോംഗും മധ്യഅന്തമാനിലെ ബേട്ടാപ്പൂര് പുഴയും മാത്രമാണ് നാമമാത്രമായെങ്കിലും നദികളുടെ പട്ടികയില് ഉള്പ്പെടുത്താന് കഴിയൂ. നിക്കോബാര് ദ്വീപുകളെയും ഉത്തരദക്ഷിണമധ്യഭാഗങ്ങളായി തിരിക്കാന് കഴിയും. ഇവയിലെ കേന്ദ്രദ്വീപ് കാര്നിക്കോബാറാണ്. ഏറ്റവുംവലുത് ഗ്രേയ്റ്റ്നിക്കോബാറും. ഗ്രേയ്റ്റ്നിക്കോബാറിന്റെ തെക്കെഅറ്റമാണ് ഇന്ദിരപോയിന്റ്. കന്യാകുമാരിയില് നിന്നുംഏകദേശം 145 കിലോമീറ്റര് തെക്കായുള്ള ഇന്ദിരപോയിന്റാണ് യഥാര്ത്ഥത്തില് ഇന്ത്യയുടെതെക്കേയറ്റം. ഈസമൂഹത്തില് പെട്ട കച്ചാല് ദ്വീപാണ് ഈനൂറ്റാണ്ടിലെ പ്രഥമസൂര്യോദയത്തിന് സാക്ഷൃംവഹിച്ചത്. 2000 ജനുവരി ഒന്നിന് വിവിധലോകരാഷ്ട്രങ്ങളില് നിന്നുള്ള ജ്യോതിശാസ്ത്രജ്ഞന്മാരും മാധ്യമപ്രവര്ത്തകരും വിനോദസഞ്ചാരികളും ഈദ്വീപില് നിന്ന് സൂര്യോദയം ദര്ശിച്ചു.പ്രകൃതി കനിഞ്ഞു നല്കിയ സ്വാഭാവിക തുറമുഖങ്ങള് അന്തമാന് നിക്കോബാറിന്റെ പ്രത്യേകതയാണ്. ലോകത്തിലെ തന്നെ പ്രകൃതിദത്തവും ഏറ്റവും സുരക്ഷിതവുമായ തുറമുഖങ്ങളില് ഒന്നാണ് നകൌറി ഹാര്ബര്. പോര്ട്ട്ബ്ളയറും ശ്രദ്ധേയമായ തുറമുഖമാണ്.
ഉഷ്ണമേഖലപ്രദേശമായതിനാല് അന്തമാനില് അത്യുഷ്ണമോ അതിശൈത്യമോ അനുഭവപ്പെടാറില്ല.സമൃദ്ധമായ വനങ്ങളും സമുദ്രവും ശീതോഷ്ണങ്ങളെ നിയന്ത്രിക്കുന്നു. ഏപ്രില്‍-മെയ് മാസങ്ങളിലാണ് ഉയര്ന്ന ചൂടുള്ളത്. ഒക്ടോബര്‍ -നവംബറില് താണചൂടും. 18ഡിഗ്രി സെല്ഷൃസിനും 34ഡിഗ്രി സെല്ഷ്യസിനും ഇടയിലാണ് ചൂട്.വര്ഷത്തില് മിക്കവാറും എല്ലാമാസങ്ങളിലും ദ്വീപുകളില് മഴയുണ്ടാകും. 3180 മില്ലിമീറ്ററാണ് ശരാശരിമഴ. ഇരുമണ്സൂണുകളും അന്തമാന് നിക്കോബാര് ദ്വീപുകളില് സമൃദ്ധമാണ്.
എഡി രണ്ടാംശതകത്തില്‍ ടോളമി രൂപം നല്കിയ ഭൂപടത്തിലാണ് ആന്ഡമാന് നിക്കോബാറിനെക്കുറിച്ച് ആദ്യ പരാമര്ശമുള്ളത്. നരഭോജികളുടെ ദ്വീപ് എന്നായിരുന്നു വിശേഷണം. പിന്നീട് ആന്തമാനെക്കുറിച്ചുള്ള ലിഖിതം കാണുന്നത് എഡി 671-ല് ഒരുപേര്ഷ്യന് കപ്പലില് ഇന്ത്യയിലേക്ക് യാത്ര നടത്തിയ ഇത്സിങ്ങ് എന്ന ചൈനീസ്ബുദ്ധസന്യാസിയുടെ ഹിസ്റ്ററി ഓഫ് താങ്ഡിനാസ്റ്റി എന്ന ചൈനീസ് ഗ്രന്ഥത്തിലാണ്. ദ്വീപുകള് രാക്ഷസരുടെ നാടാണെന്നും ജനങ്ങള് നഗ്നരാണെന്നും അതില് പറയുന്നു. 1260-ല് ചൈനയിലേക്ക് യാത്ര ചെയ്ത മാര്ക്കോപോളോ നാട്ടുകാരെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. അവര് ക്രൂരരും നായ്ക്കളുടെപോലെ തലയുംകണ്ണുംപല്ലുമുള്ളവരും അന്യവംശജരെ കൊന്നുതിന്നുന്നവരുമാണ്. അര്ദ്ധസത്യങ്ങളും അത്യുക്തികളും നിറഞ്ഞ ഈ പരാമര്ശങ്ങള്ക്കിടയില് എവിടെയോ ആയിരുന്നു സത്യം. അത് ഇതാണ്. കപ്പല് അപകടത്തില് പെട്ട് കരയില് നീന്തി എത്തുന്നവരേയും ശുദ്ധജലം തേടി ദ്വീപില് ഇറങ്ങുന്നവരേയും ദ്വീപുവാസികള് ആക്രമിച്ച്കൊലപ്പെടുത്തിയിരുന്നു.
ഹാന്ഡുമാന് എന്നമലയന് പദത്തില് നിന്നാണ് ആന്ഡമാന് ഉത്ഭവിച്ചതെന്ന് വിശ്വസിക്കുന്നു. മലയന് ഭാഷയില് ഹാന്ഡുമാന് എന്നാല് ഹനുമാന് എന്നാണര്ത്ഥം. രാമായണത്തില് പരാമര്ശിക്കുന്ന വാനരമാനവര് ഇവിടെ വസിച്ചിരുന്നു എന്ന വിശ്വാസത്തില് നിന്നാണ് ഈ പേര് വന്നത്. ടോളമി അക്മാതെ എന്നും ഇത്സിങ്ങ് ആന്ഡബാന് എന്നും മാര്ക്കോപോളോ ആന്ഗമാനിയന് എന്നും നിക്കോളോ കോണ്ടി ആന്ഡെമാനിയ എന്നും പിന്നീട് പലരും ആന്ഡമാന് എന്നും വിളിപ്പേരിട്ടു. ഇത്സിങ്ങ് നിക്കോബാറിനെ ലേജെന് കുവോ എന്നാണ് വിളിച്ചത്. നഗ്നരുടെ നാട് എന്നര്ത്ഥം. തഞ്ചാവൂര് ശിലാലിഖിതങ്ങളില് നക്കാവരം എന്നും തിമൈതീവ് എന്നും പരാമര്ശിച്ചു കാണുന്നു. നക്കാവരം രൂപപരിണാമം സംഭവിച്ചാകാം നിക്കോബാറായത്. ബ്രിട്ടീഷുകാര് വന്നതോടെ ചെറിയ ദ്വീപുകള്‍ക്ക് യൂറോപ്യന്‍ പേരുകള് വന്നു. അങ്ങിനെ അറ്റ്ലാന്റാ പോയിന്റും അബര്ഡീനും ഫിനിക്സ്ബേയും ചാഥവുമുണ്ടായി. ബംഗാള് ഉള്ക്കടല് സര്വ്വേ ചെയ്ത ജോണ് റിച്ചിയുടെ പേരിലാണ് റിച്ചിദ്വീപുകള് അറിയപ്പെടുന്നത്. ബ്രിട്ടീഷ് മേല്ക്കോയ്മക്കാലത്ത് ദ്വീപുകളില് വിവിധ തുറകളില് സേവനമനുഷ്ടിച്ച ഉന്നത ഉദ്യോഗസ്ഥരുടെ പേരുകളില് നിന്നാണ് പോര്ട്ട്ബ്ളയറും ഫെറാര് ഗഞ്ചും വിംബര് ലിഗഞ്ചും കമ്പല് ബേയും മൌണ്ട്ഹാരിയറ്റും കാര്ബിന്സ്കോവും പോര്ട്ട്കോണ്വാലീസും കേഡല് ഗഞ്ചും സ്റ്റിവാര്ട്ട്ഗഞ്ചും ഡന്ഡസ്പോയിന്റും ജന്മമെടുത്തത്. വൈപ്പര് ദ്വീപിന് ആ പേരുകിട്ടിയത് ഒരു കപ്പലിന്റെ നാമത്തില് നിന്നാണ്. മലയാളികള് താമസമാക്കിയ ഇടങ്ങളാണ് കാലിക്കറ്റ്, മലപ്പുറം, വണ്ടൂര്‍, മണ്ണാര്ക്കാട്, തിരൂര്‍, മഞ്ചേരി, കേരളപുരം തുടങ്ങിയ പ്രദേശങ്ങള്‍.
1771-ല് ബംഗാള് ഉള്ക്കടല് സര്വ്വെ ചെയ്യാന് നിയുക്തനായ ജോണ് റിച്ചിയാണ് ദ്വീപുകളെ ആദ്യമായി ഈസ്റ്റിന്ത്യാ കമ്പനിയുടെ ശ്രദ്ധയില് കൊണ്ടുവന്നത്.1783-ല് ക്യാപ്റ്റന് തോമസ്സ്ഫെറാര് ആദിവാസികളുമായി സൌഹൃദം സ്ഥാപിച്ചു.ഏറെ കഴിയും മുന്പ് ക്യാപ്റ്റന് ബച്നനും അന്തമാനെപ്പറ്റി അധികൃതര്ക്ക് റിപ്പോര്ട്ട്നല്കി. ഈ റിപ്പോര്ട്ടുകള് അപര്യാപ്തമാണെന്ന് തോന്നിയ ഗവര്ണ്ണര് ജനറല് കോണ്വാലീസ് പ്രഭു 1788 ഡിസംബര്‍ 19 ന് നേവിയിലെ സമുദ്രപഠനവിദഗ്ധനായ ക്യാപ്റ്റന് ആര്ച്ചിബാള്ഡ് ബ്ലയറിനെ ദ്വീപുകള് വിശദമായി സര്വ്വെ ചെയ്യാന് ചുമതലപ്പെടുത്തി. എലിസബത്ത്,വൈപ്പര് എന്നീ കപ്പലുകളില് പഠനോപകരണങ്ങളും ഭക്ഷണവുമായി സര്വ്വേ സംഘം 1788 ഡിസംബര്‍ 29ന് കല്ക്കട്ടയില് നിന്നുംപുറപ്പെട്ടു. ഇന്റര്ഹ്യൂ,റത്ലാന്റ്, ബാരടാംഗ് , ബാരണ്‍,പ്രിന്സ് ഓഫ് വെയില്സ് എന്നീ ദ്വീപുകള് സന്ദര്ശിച്ച ശേഷം സംഘം സുമാത്രയിലെ അച്ചിന് തുറമുഖംവഴി കല്ക്കത്തയ്ക്ക് മടങ്ങി. ബാരണ് അഗ്നിപര്വ്വതം ആ കാലത്ത് വിസ്ഫോടനാവസ്ഥയിലായിരുന്നു. അതില് നിന്നുംസമൃദ്ധമായ കറുത്ത പുക വമിച്ചിരുന്നു. ഇടക്കിടെ ചുട്ടുപഴുത്തകൂറ്റന് പാറക്കഷണങ്ങള് പുറത്തേക്ക് ചിതറിതെറിച്ചിരുന്നതായും ബ്ലയര് റിപ്പോര്ട്ട്ചെയ്തിരുന്നു. ഇതില് ചിലതിന് 3-4 ടണ് വരെതൂക്കമുണ്ടായിരുന്നുഎന്നും ബ്ലയര് റിപ്പോര്ട്ട്ചെയ്തു.
ദക്ഷിണആന്തമാനിലെ കുന്നിന് നിരകളാല് വലയംചെയ്യപ്പെട്ടതും കരയില് വളരെ ഏറെ ഉള്ളിലേക്ക് കയറിയിരിക്കുന്ന ഉള്ക്കടലും ഉള്ള തുറമുഖമാണ് കോളനി രൂപീകരിക്കാന് അനുയോജ്യമെന്ന് ബ്ലയര് റിപ്പോര്ട്ട്നല്കി. തുറമുഖത്തിന് പോര്ട്ട്കോണ്വാലീസ് എന്ന് പേരുമിട്ടു.ഇവിടേക്കുള്ള ആദ്യകുടിയേറ്റ സംഘം 1789 സെപ്തംബര്‍ 17 ന്കല്ക്കട്ടയില് നിന്നുംപുറപ്പെട്ടു. ഉദ്യോഗസ്ഥരും പട്ടാളക്കാരും വിവിധ കുറ്റങ്ങള്ക്ക് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട തടവുകാരും ഈ സംഘത്തിലുണ്ടായിരുന്നു. റെയ്ഞ്ചര് എന്ന കപ്പലില് പുറപ്പെട്ട സംഘം 1789 സെപ്തംബര്‍ 28ന് പോര്ട്ട്കോണ്വാലീസിലെ ചാഥം ദ്വീപിലെത്തി. കാടുവെട്ടിതെളിച്ച് പ്രഥമസങ്കേതം അവിടെ സ്ഥാപിച്ചു. പച്ചക്കറികളും ഫലവൃക്ഷങ്ങളും നട്ടുപിടിപ്പിച്ചു. നൂറില്പരം ആളുകള്ക്ക് താമസിക്കാന് കെട്ടിടവും ഒരാശുപത്രിയും നിര്മ്മിച്ചു. ചാഥം ദ്വീപില് കപ്പലുകള്ക്ക് അടുക്കാന് ഒരു ജെട്ടിയും ഫിനിക്സ് ബേ വഴി നേവിബേയിലേക്ക് ഒരു പാതയും പണിതു. ഫിനിക്സ്ബേയില് ബോട്ട്നിര്മ്മാണവും ആരംഭിച്ചു. ഈ സമയം ക്യാപ്റ്റന് ബ്ലയറിന് ഗവര്ണ്ണര് ജനറല് മറ്റൊരു ജോലി നല്കി. ആന്തമാന് ദ്വീപുകളുടെ പൂര്വ്വതീരം പഠനവിധേയമാക്കുകയായിരുന്നു ആ ഉത്തരവാദിത്വം.
1790 ഏപ്രില്‍ 13ന് ബ്ലയര് പഠനറിപ്പോര്ട്ട് സമര്പ്പിച്ചു.ഉത്തര ആന്തമാനിലെ പൂര്വ്വതീരത്ത് കുന്നിന് നിരകളാലും കൊച്ചുതുരുത്തുകളാലും വലയം ചെയ്യപ്പെട്ട ഒരു തുറമുഖം പോര്ട്ട്കോണ്വാലീസിനേക്കാളും മികച്ചതും യുദ്ധതന്ത്രപരമായി വളരെ പ്രാധാന്യമേറിയതുമാണെന്നായിരുന്നു റിപ്പോര്ട്ട്. ഈ റിപ്പോര്ട്ട് അംഗീകരിച്ച് കോളനി അവിടേക്ക്മാറ്റാന്‍ 1792 ഒക്ടോബര്‍ 16ന് ഗവര്ണ്ണര് ജനറല് ഉത്തരവിറക്കി. ക്യാപ്റ്റന് അലക്സാണ്ടര് കൈഡിന്റെ നേതൃത്വത്തില് കോളനി മാറ്റി സ്ഥാപിച്ചു. എന്നാല് അധികം വൈകുംമുന്പ് പോര്ട്ട്കോണ്വാലിസ് ആവാസയോഗ്യമല്ലാതായി. രോഗങ്ങള് ഓരോരുത്തരെയായി തളര്ത്താന് തുടങ്ങി. കുറേപേര് മരിച്ചു. കോളനിയിലെ ഡോക്ടര് സര്ജന് റാഡിച്ച് കൂടിമരിച്ചതോടെ 1796 ഫെബ്രുവരി 8ന് കോളനി നിര്ത്തലാക്കി. പിന്നീട്ഏറെക്കാലംആന്തമാന് വിസ്മൃതിയിലായിരുന്നു.
1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിനുശേഷം കുഴപ്പക്കാരായ ഇന്ത്യക്കാരെ ദൂരെ എവിടെയെങ്കിലും മാറ്റിപ്പാര്പ്പിക്കണം എന്ന് ഈസ്റ്റിന്ത്യ കമ്പനി ആലോചിച്ചു. ബംഗാള് ആര്മി സര്ജന് ഡോ.ഫ്രെഡറിക്ക്ജോണ് മോവട്ടിന്റെ നേതൃത്വത്തില് സ്ഥലം കണ്ടെത്താനായി അവര് കമ്മറ്റിയും ഉണ്ടാക്കി. ഇന്ത്യന് നേവിയിലെ ഡോക്ടര് ജോര്ജ്ജ് ആര് പ്ളേഫെയര്‍ , ലെഫ്റ്റനന്‍റ് ജെ.എഹീത്ത്കോട്ട് എന്നിവരായിരുന്നു കമ്മറ്റിഅംഗങ്ങള്‍. ബ്ളയര് കണ്ടെത്തിയ ആദ്യ തുറമുഖമാണ് ഉചിതം എന്നവര് കണ്ടെത്തി. ബ്ലയറിന്റെ ആദരസൂചകമായി പോര്ട്ട്ബ്ലയര് എന്ന് നാമകരണവും ചെയ്തു. മൌള് മെയിനിലെ എക്സിക്യൂട്ടീവ് എന്ജിനീയറും തടവുപുള്ളികളുടെ സൂപ്രണ്ടുമായ ക്യാപ്റ്റന് ഹെന്റിമാന് പോര്ട്ട്ബ്ലയറില് തടങ്കല് മേഖല സ്ഥാപിക്കാന് നിയുക്തനായി. 1858 ജനുവരി 22 ന് പോര്ട്ട്ബ്ലയറില് ബ്രിട്ടീഷ് പതാക ഉയര്ത്തി.ജയില് സൂപ്രണ്ടായി ഡോക്ടര് ജെ പി വാക്കര് നിയമിതനായി. സൈനിക ലഹളയില് പങ്കെടുത്ത് ശിക്ഷിക്കപ്പെട്ട മധുമല്ലിക്ക്, ഷെയ്ഖി, എഫ് അലി, സിരിനാരായണ്‍, ഗരവ്ദാസ് പട്ടേല്‍, മൌലവി സെയ്ദി അലൂദിന്‍, ബഹദൂര് സിംഗ് ,ദൂതനാഥ് തിവാരി , മിര് ജാഫര് അലി, താനേശ്വരി തുടങ്ങിയ ഇരുനൂറു തടവുകാര്‍, ഒരുഇന്ത്യന് ഓവര്സിയര്, രണ്ട് ഇന്ത്യന് ഡോക്ടര്മാര്, അന്പത് നാവികര് എന്നിവരടങ്ങിയ ആദ്യസംഘം ഡോക്ടര് വാക്കറുടെ നേതൃത്വത്തില്‍ 1858 മാര്ച്ച് 4ന് സെമീറാമിസ് എന്ന കപ്പലില് കല്ക്കട്ടയില് നിന്നും യാത്ര തിരിച്ചു. കുറ്റവാളികളായി കണക്കാക്കിയവരുടെ കൈകാലുകള് ഇരുമ്പുചങ്ങലകളാല് ബന്ധിച്ചിരുന്നു. പത്താം തീയതി ചാഥം ദ്വീപില് കപ്പലടുത്തു. ആന്തമാന് നാടുകടത്തപ്പെട്ടവരുടെ കാലാപാനിയായ കഥ ഇവിടെയാണ് ആരംഭിക്കുന്നത്. കാലാപാനി എന്നാല് കറുത്തജലം. ദ്വീപുകള്ക്ക് ചുറ്റുമുള്ള ആഴക്കടല് കാരണമാകാം നാടുകടത്തുക എന്ന അര്ത്ഥത്തില് കാലാപാനി കടത്തുക എന്നശൈലിയുണ്ടായത്. 1858 ഏപ്രില് മാസം രണ്ടാമത്തെ സംഘം തടവുകാര് എത്തി.171 പഞ്ചാബി കലാപകാരികളായിരുന്നു ആ സംഘത്തില് ഉണ്ടായിരുന്നത്.ജൂണ്മാസത്തോടെ നാടുകടത്തപ്പെട്ടവരുടെ സംഖ്യ 773 ആയി.
തടവുകാരെ ചാഥം, റോസ് എന്നീ ദ്വീപുകളിലെയും ഹാഡോ, അറ്റ് ലാന്‍റാ പോയിന്റ് എന്നീ തുറമുഖപ്രദേശങ്ങളിലെയും കാട് വെട്ടാന് നിയോഗിച്ചു. പോര്ട്ട്ബ്ലയറിന്റെപ്രവേശനകവാടത്തിലെ ചെറുദ്വീപായ റോസിനെ വാക്കര് സ്വന്തം ആസ്ഥാനമായും തെരഞ്ഞെടുത്തു. മലമ്പനി,ആദിവാസികളുടെആക്രമം,വനാന്തരങ്ങളിലെഇഴജന്തുക്കള് എന്നിവ നാടുകടത്തപ്പെട്ടവരെ വിഷമിപ്പിച്ചു. അസൌകര്യങ്ങള് നിറഞ്ഞ പാര്പ്പിടങ്ങളും വസ്ത്രം,മരുന്ന്,ഭക്ഷണംഎന്നിവയുടെ ദൌര്ലഭ്യവും അവരുടെ ആരോഗ്യത്തെ ചോര്ത്തി. യൂറോപ്യന് അധികൃതരുടെ മനുഷ്യത്വരഹിതമായ പെരുമാറ്റം അവരുടെ മനസ്സിനെയും ശരീരത്തെയും കൂടുതല് തളര്ത്തി. ജീവപര്യന്തം തടവിന് വിധിക്കപ്പെട്ട അവരെ മരണം ഒരു നിഴല് പോലെ പിന്തുടര്ന്നു.
അനാരോഗ്യകരമായ ചുറ്റുപാടും അധികാരികളുടെ പീഢനവും സഹിക്കാന് കഴിയാതെ പലരും കടലില് ചാടിരക്ഷപെടാന് ശ്രമിച്ചിരുന്നു. അങ്ങിനെ ശ്രമം നടത്തിയ ബീഹാറുകാരന് സിരിനാരായണനെ ബ്രിട്ടീഷുകാര് പിടികൂടി വധിച്ചു. തുടര്ന്ന് പലപ്പോഴായി ഇത്തരം ശ്രമങ്ങള് ആവര്ത്തിക്കപ്പെട്ടു. ഇങ്ങനെ രക്ഷപെടാന് ശ്രമിച്ച 87 പേരെ ഒറ്റദിവസം തൂക്കിക്കൊന്നകഥയും ആന്ഡമാന് പറയാനുണ്ട്. ഡോ.വാക്കര് വളരെ കര്ക്കശസ്വഭാവിയും അമിതാധികാരം കൈയ്യാളിയ സൂപ്രണ്ടുമായിരുന്നു. തടവുകാരെക്കൊണ്ട് കഠിനജോലികള് ചെയ്യിക്കുന്നത് അയാള്ക്കൊരു വിനോദമായിരുന്നു. 1859 ഒക്ടോബര്‍ 3ന് ക്യാപ്റ്റന്‍ ജെ.ഡി.ഹോട്ടണ് വാക്കര്ക്ക് പകരമായി എത്തിയത് തടവുകാര്ക്ക് ആശ്വാസമായി. അദ്ദേഹം എല്ലാവരോടും കനിവോടെ പെരുമാറി. തുടര്ന്ന് 1862ല് നിയമിതനായ ലെഫ്റ്റനന്റ്കേണല് ആര്‍.സി.ടൈറ്റ്ലറും അയവുള്ള സമീപനമാണ് കൈക്കൊണ്ടത്. ബ്രിട്ടീഷ് മേലധികാരികളുടെ വേനല്ക്കാല വിശ്രമസങ്കേതമായി മാറിയ മൌണ്ട്ഹാരിയറ്റ്മല വെട്ടിത്തെളിച്ചത് ടൈറ്റ്ലറുടെകാലത്താണ്. അദ്ദേഹത്തിന്റെ പത്നിയുടെപേരിലാണ് മൌണ്ട്ഹാരിയറ്റ് അറിയപ്പെടുന്നത്. ഈ കാലത്ത് കാലാപാനി കടത്തപ്പെട്ടവരുടെ എണ്ണം വര്ദ്ധിച്ചു വന്നു,ഒപ്പംമരണവും .1864 ഫെബ്രുവരി 15ന് പുതിയ സൂപ്രണ്ട് മേജര് ബര്നറ്റ് ഫോര്ഡ് ചാര്ജ്ജെടുത്തു. ബര്നറ്റിന്റെ ഭരണകാലത്താണ് വൈപ്പര് ദ്വീപില് ജയിലും കൊലയറയും നിര്മ്മിച്ചത്. തടങ്കല് സങ്കേതത്തിലെ എല്ലാ കുറ്റവാളികള്ക്കും കാണാന് പാകത്തില്‍ , പേടിപ്പെടുത്തുന്ന ഒരു സൂചനപോലെ കുന്നിന് മുകളിലാണ് കൊലയറ പണിതത്. ഏറ്റവും ആപല്ക്കാരികളായ കുറ്റവാളികളെ മാത്രം വൈപ്പറില് തടവിലാക്കി. ഇവര് കടുത്ത ശിക്ഷാമുറകള്ക്കും ഇരയായി. ഇവരുടെ കൈകാലുകള് ചങ്ങല കൊണ്ട് ബന്ധിക്കുകയും നീണ്ട ചങ്ങലയില് പരസ്പ്പരം കോര്ക്കുകയും ചെയ്തു. ഇവരെ ചങ്ങലക്കുറ്റവാളികള് എന്നാണ് വിളിച്ചിരുന്നത്. ജോലിചെയ്യുന്നതും ആഹാരംകഴിക്കുന്നതും ഉറക്കവുമെല്ലാം തന്നെ ഈ ചങ്ങലമാലയില് കിടന്നുവേണമായിരുന്നു. ചെറിയ സ്വതന്ത്ര ചലനം പോലും നിഷേധിക്കപ്പെട്ടു.
1871 മാര്ച്ച് 16ന് സര് ഡൊണാള്ഡ് സ്റ്റിവാര്ട്ട് ആന്തമാനില് സൂപ്രണ്ടായി ചാര്ജ്ജെടുത്തു.അക്കാലത്ത് മേയോപ്രഭുവായിരുന്നു ബ്രിട്ടീഷ് ഇന്ത്യയുടെ വൈസ്രോയി. അദ്ദേഹത്തിന്റെ താത്പ്പര്യപ്രകാരം തടങ്കല് സങ്കേതം കുറേക്കൂടി വിപുലീകരിച്ചു. കര്ഷകര്ക്ക് കൃഷിപ്പണിക്ക് പുറമെ കന്നുകാലി വളര്ത്തലിനും പ്രോത്സാഹനം നല്കി. 1872 ഫെബ്രുവരി 8ന് വൈസ്രോയിയും ഭാര്യയും ആന്തമാന് സന്ദര്ശിച്ചു.റോസ്ദ്വീപും വൈപ്പര് ദ്വീപും സന്ദര്ശിച്ച ശേഷം അദ്ദേഹം മൌണ്ട്ഹാരിയറ്റ് സന്ദര്ശിക്കാന് തീരുമാനിച്ചു. ഹാരിയറ്റിന്റെ ഉച്ചിയില് നിന്നു കൊണ്ട് സൂര്യാസ്തമയം കാണാനായിരുന്നു ആഗ്രഹം. അവിടെ ക്ഷയരോഗികള്ക്കായി ഒരു സാനിറ്റോറിയം പണിയുവാനും മേയോപ്രഭു പദ്ധതിയിട്ടിരുന്നു. മൌണ്ട്ഹാരിയറ്റ് സന്ദര്ശനം കഴിഞ്ഞ് രാ ത്രിയില് ഹോപ്ടൌണ് ജട്ടിയിലെത്തിയ മേയോപ്രഭുവിനെ ഷേര്അലി എന്ന പത്താന്കോട്ടുകാരന് കൊലപ്പെടുത്തി.സ്വഗ്രാമത്തില് വച്ച് തന്റെ കുടുംബശത്രുവിനെ വധിച്ചതിന് വധശിക്ഷ വിധിക്കപ്പെട്ട വ്യക്തിയായിരുന്നു ഷേര്അലി. മേല്കോടതി ശിക്ഷഇളവ് ചെയ്ത് ജീവപര്യന്തമാക്കി ആന്തമാനിലേക്ക് നാടുകടത്തിയതായിരുന്നു. ശിക്ഷകഴിഞ്ഞിട്ടും നാട്ടിലേക്ക് മടങ്ങാതെ ഹോപ്ടൌണില് ക്ഷുരക ജോലി സ്വീകരിച്ച് കഴിയുകയായിരുന്നു. നാടുകടത്തിയ ബ്രിട്ടീഷുകാരോട് പ്രതികാരം തീര്ക്കാന് അവസരം നോക്കിയിരിക്കയായിരുന്നു ഷേര് അലി. കൊലചെയ്തതില് പശ്ചാത്താപമോ കുറ്റബോധമോ ഷേര്അലിക്കുണ്ടായിരുന്നില്ല. കുറ്റംചെയ്തത് എന്തിനാണ് എന്ന ചോദ്യത്തിന് ഖുദാനെഹുക്കുംദിയാ എന്നായിരുന്നുമറുപടി. ദൈവമാണ് കല്പ്പിച്ചതെന്ന്. 1872 മാര്ച്ച് 12ന് വൈപ്പര് ദ്വീപിലെ കൊലമരത്തില് അയാളുടെ ജീവനൊടുങ്ങി.
വൈസ്രോയിയുടെ വധം ഭരണകൂടത്തെ തെല്ലൊന്നുമല്ല ഉലച്ചത്. ദ്വീപിലെ ഭരണം ക്രമീകരിക്കുവാനും കുറ്റവാളികളോടുള്ള സമീപനത്തില് മാറ്റംവരുത്താനും ഇത് കാരണമായി. ദ്വീപുകള്ക്ക് മാത്രമായി ഒരു ചീഫ് കമ്മീഷണറെ നിയമിക്കാന് തീരുമാനിക്കുകയും സൂപ്രണ്ട് സ്റ്റിവര്ട്ടിനെ പ്രഥമ ചീഫ് കമ്മീഷണറായി നിയമിക്കുകയും ചെയ്തു. സര് സ്റ്റിവര്ട്ടിന് ശേഷം മേജര് ജനറല് സി.എ.ബാര്‍വെല്ലും കേണല് ടി.കേഡലും ചീഫ് കമ്മീഷണര് പദവി അലങ്കരിച്ചു.
ഈ കാലത്ത് സ്വാതന്ത്രൃസമരം കൂടുതല് തീഷ്ണമായി. നാടുകടത്തപ്പെട്ടവരുടെ എണ്ണം വര്ദ്ധിച്ചു. 1901-ല്‍ 18,138 തടവുകാരുണ്ടായിരുന്നു ആന്തമാനില്‍. സ്വാതന്ത്രൃസമരത്തില് പങ്കെടുക്കുന്നവരുടെ വീര്യം കെടുത്താനായി തടങ്കല് പാളയത്തില് ശിക്ഷകള് തീവ്രമാക്കാന് നടപടികളും ആരംഭിച്ചു. നാടുകടത്തപ്പെട്ട വിപ്ലവകാരികളെ ആദ്യത്തെ ആറുമാസമെങ്കിലും ഏകാന്തതടവില് അടയ്ക്കാനും തീരുമാനിച്ചു. അതോടെ ഇന്ത്യന് സ്വാതന്ത്ര്യസമരചരിത്രത്തില് ഭീതിയുടെയും ബീഭല്സതയുടെയും കറുത്തഅദ്ധ്യായം എഴുതിചേര്ത്ത സെല്ലുലാര്‍ ജയിലിന്റെ ജനനമായി. പോര്ട്ട്ബ്ലയറിന്റെ വടക്ക്കിഴക്കേമൂലയായ അറ്റ്ലാന്റാ പോയിന്റാണ് ജയില് നിര്മ്മാണത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. 1893 സെപ്തംബര്‍ 13ന് അന്നത്തെ ചീഫ്കമ്മീഷണറായിരുന്ന കേണല് എന് എം ടി ഹോഴ്സ്ഫോഡാണ് ജയില് നിര്മ്മിതിക്കുള്ള കല്പ്പന പുറപ്പെടുവിച്ചത്. എന്ജിനീയര് എം.സി.ക്വയില്‍ ,ഓവര്സിയര് ഡോബ്സന് എന്നിവര് ഇതിനായി നിയമിതരായി. 1893 നവംബറില് പണിആരംഭിച്ചു.ഇതിനിടെ ഒരു തടവുകാരന്റെ ആക്രമണത്തില് മരണത്തെ മുഖാമുഖംകണ്ട ഹോണ്സ്ഫോഡ് തിരികെപോവുകയും 1894 ആഗസ്റ്റ് 3ന്കേണല് സര് റിച്ചാര്ഡ് ടെംപ്ള് ഭരണസാരഥ്യം ഏല്ക്കുകയും ചെയ്തു. 1896 ഒക്ടോബറില് തടവറയുടെ പണി ആരംഭിച്ചു.തടവുകാര് അവര്ക്കുള്ള തടവറകള് പണിയുന്നതിന് നിയുക്തരായി. അധികൃതരുടെ ഭീഷണമായചാട്ടവാറുകള്ക്കു കീഴില് അവര് പകലന്തിയോളം പണിയെടുത്തു. കരിങ്കല് ക്വാറികളിലും ഇഷ്ടികച്ചൂളകളിലും അവരുടെ വിപ്ലവവീര്യം കിടന്നു നീറി. സാമ്രാജ്യത്വത്തിന്റെ തകര്ച്ചയും സ്വാതന്ത്യത്തിന്റെ പുലരിയും സ്വപ്നം കാണാന്പോലും അവര്ക്കായില്ല.
അപര്യാപ്തവും ദുര്ഗന്ധപൂരിതവുമായ ആഹാരവും ,മജ്ജയും മാംസവും ഉരുക്കുന്ന ജോലികളും ചെയ്ത് അനേകം പേര് മൃതിയടഞ്ഞു. നിശ്ഛയിച്ച വേലകള് പൂര്ത്തിയാക്കാന് കഴിയാതെവന്ന അനാരോഗ്യര്ക്ക് മൃഗീയശിക്ഷകള് അനുഭവിക്കേണ്ടി വന്നു. സ്വാതന്ത്യസമരസേനാനികളുടെ വിയര്പ്പില് ജയില് കെട്ടിടം ഉയര്ന്നു വന്നു. കാലുകള് നാനാദിക്കിലേക്കും നീട്ടിയ ഒരു ഭീമന് കിനാവള്ളിപോലെയായിരുന്നു ജയില്‍. 450 തടവുകാരെ കെട്ടിടനിര്മ്മാണത്തിന് ഉയോഗിച്ചപ്പോള്‍ 690 പേരെ ഇഷ്ടികച്ചൂളകളില് പണിയെടുപ്പിച്ചു.ഒരുദിവസം 72000 ഇഷ്ടികകള് വരെ ചുട്ടെടുത്തിരുന്നു. ആകെ മൂന്നുകോടിയിലേറെചുടുകട്ടകളാണ് ജയില്കെട്ടാന് ഉപയോഗിച്ചത്.
ആറ് ഭുജങ്ങളുള്ള കേന്ദ്രഗോപുരത്തില് നിന്നും ആരംഭിക്കുന്ന ഏഴ്ശാഖകളോട് കൂടിയ കൂറ്റന് മൂന്നു നിലക്കെട്ടിടമായിരുന്നു സെല്ലുലാര് ജയില്‍. ഓരോ ശാഖയ്ക്കും 28 അടിവീതിയും 40 അടി ഉയരവും ഉണ്ടായിരുന്നു. വീതിയും ഉയരവും ഒരുപോലെയാണെങ്കിലും നീളവും അറയുടെ എണ്ണവും വ്യത്യാസപ്പെട്ടിരുന്നു. ഒന്നാമത്തെയും രണ്ടാമത്തെയും ശാഖകള്ക്ക് 358 അടിവീതം നീളമുണ്ടായിരുന്നു. ഓരോന്നിലും 105 അറകളും. 522 അടിനീളമുള്ള മൂന്നാംശാഖയില്‍ 156 അറകളും 231 അടിനീളമുള്ള നാലാംശാഖയില്‍ 66 അറകളുമാണ് ഉണ്ടായിരുന്നത്.270 അടിനീളംവരുന്ന അഞ്ചാംശാഖയില്‍ 78 അറകളും 212 അടിനീളമുള്ള ആറാംശാഖയില്‍ 60 അറകളും 425 അടിനീളം വരുന്ന ഏഴാംശാഖയില്‍ 126 അറകളുമുണ്ടായിരുന്നു. തറയിലെ ഭിത്തിയുടെ കനം രണ്ടരഅടിയും ഒന്നാംനിലയുടേത് രണ്ടടിയും രണ്ടാംനിലയുടേത് ഒന്നരയടിയുമാണ്. തറനിരയിലെ അറകള്ക്ക് പതിമൂന്നരയടിനീളവും ഏഴടിവീതിയും ഒന്പതേകാല് അടി ഉയരവുമുണ്ടായിരുന്നു. ഒന്നാംനിലയില് ഇത്പതിനാലടി ഏഴടിയും രണ്ടാംനിലയില്‍ പതിനാലരയടി എട്ടടിയുമാണ്. അറയുടെ മുന്വശത്ത് ആറടിഉയരവും രണ്ടടിവീതിയുമുള്ള ഒരു കനത്ത ഇരുമ്പഴിവാതിലുണ്ട്. വാതില് താഴിട്ട്പൂട്ടാന് ചുമരില് ഒരുകുഴിയുണ്ട്. വാതിലിന്റെ ഓടാമ്പല് ഭിത്തിയിലെ ഒരു ദ്വാരത്തിലൂടെ കടന്ന് കുഴിയിലെത്തി അവിടെ താഴിട്ട് ബന്ധിക്കപ്പെടുന്നു. മുറിയിലടയ്ക്കപ്പെട്ട വ്യക്തിക്ക് വാതിലഴികള്ക്കിടയിലൂടെ കൈനീട്ടിയാല് എത്താത്തവിധത്തിലാണ് കുഴിയും താഴും . പിന്ചുമരില് മുകളിലായി മൂന്നടിനീളവും ഒരടിവീതിയുമുള്ള ഒരു വെന്റിലേറ്ററുണ്ട്. ഓരോ നിലയിലെയും നിരനിരയായുള്ള സെല്ലുകള് തുറക്കുന്നത് നാലടിവീതിയുള്ള ഇടനാഴിയിലേക്കാണ്. ഇടനാഴിക്ക് കനത്ത ചുമരുണ്ട്. ഓരോ അറയുടെയും നേരെ മുന്നില് ചുമരിലായി കനത്ത ഇരുമ്പഴികളിട്ട തുറന്ന ഭാഗം കാണാം. മുറിയില് അടയ്ക്കപ്പെട്ട ഒരു തടവുകാരന് വാതിലിന്റെയും മുന് ചുമരിലെ തുറന്നഭാഗത്തിന്റെയും ഇരുമ്പഴികളിലൂടെ നോക്കിയാല് കാണുന്നത് അടുത്തശാഖയുടെ പിന്വശം മാത്രമായിരുന്നു. ഏകാന്തതടവിന് ശിക്ഷിക്കപ്പെട്ട കുറ്റവാളികള് ഒരു തരത്തിലും പരസ്പ്പരം കാണാന്പോലും അനുവദിക്കാത്തതരത്തിലാണ് ശാഖകളും അറകളും പണിതിട്ടുള്ളത്. എല്ലാ നിലയങ്ങള്ക്കും കൂടി 21 ഇടനാഴികള് ഉണ്ടായിരുന്നു. ഇടനാഴിയില് നിന്നും കേന്ദ്രഗോപുരത്തിലേക്ക് മാത്രമേ പ്രവേശനകവാടമുള്ളു. ഓരോ അറയിലേയും തടവുകാരന് ആദ്യം ഇടനാഴിയിലേക്കും പിന്നെ കേന്ദ്ര ഗോപുരത്തിലേക്കും മാത്രമേ പ്രവേശിക്കാന് കവാടമുള്ളു. ഓരോ ശാഖയ്ക്കും ഒരാള് എന്നനിലയില്‍ 21 പാറാവുകാര് ഒരേ സമയം ഡ്യൂട്ടിയില് ഉണ്ടായിരുന്നു. തടവറകളെ പരസ്പ്പരം ബന്ധിപ്പിച്ചുകൊണ്ട് പുറമെ കനത്തൊരുമതിലുണ്ടായിരുന്നു. ഒന്നാം നിലയോളം ഉയരമുള്ള മതില്‍.
തടവുകാരെക്കൊണ്ട് കഠിനജോലികള് ചെയ്യിക്കാനുള്ള പണിപ്പുരകള്‍, ജയില് വാര്ഡന്റെ ക്വാര്ട്ടേഴ്സ്, തടവുകാര്ക്കുള്ള കുളിമുറി, കക്കൂസ്,ഗാരേജ് എന്നിവയും സജ്ജമാക്കിയിരുന്നു. ഒന്നാം ശാഖയോട് ചേര്‍ന്നായിരുന്നു ജയില് ആശുപത്രി. ഏഴാംശാഖയോട് ചേര്ന്ന് ഒരുതൂക്കറയുംപണിതിരുന്നു. ഒരേ സമയം മൂന്നുപേരെ തൂക്കിക്കൊല്ലാന് സംവിധാനമുണ്ടായിരുന്നു. ഏഴാംശാഖയുടെ തറനിലയുടെ അവസാനത്തെനാലറകള് തൂക്കിക്കൊല്ലാന് വിധിക്കപ്പെട്ടവര്ക്കുള്ളതായിരുന്നു. അതിന് പ്രത്യേകം ഇടനാഴിയും തൊടുടടുത്തുള്ള തൂക്കുപുരയിലേക്ക് തടവുകാരെകൊണ്ടുപോകാന് പ്രത്യേക വാതിലും ഘടിപ്പിച്ചിരുന്നു. കേന്ദ്രഗോപുരത്തിന്മുകളില് അടിയന്തിരവേളകളില് അടിക്കാന് വലിയൊരു മണി കെട്ടിത്തൂക്കിയിരുന്നു. കപ്പലുകള്ക്ക് വഴികാട്ടിയായി ഒരു വിളക്കും അവിടെ സ്ഥാപിച്ചിരുന്നു.
1906 ല്‍ 696 അറകളോടെജയില് നിര്മ്മാണം പൂര്ത്തിയായി .ധാരാളം അറകളുള്ള തടവറ എന്ന നിലയിലാണ് ഈ ജയിലിന് സെല്ലുലാര് ജയില് എന്ന് പേര് സിദ്ധിച്ചത്. ഇന്ത്യയിലെ ബാസ്റ്റില് എന്ന് ചരിത്രത്താളുകളില് രേഖപ്പെടുത്തപ്പെട്ടചസെല്ലുലാര് ജയില് വിപ്ലവകാരികളായചസ്വാതന്ത്രൃസമരഭടന്മാരെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുവാനുള്ള കേന്ദ്രമായി മാറി. സ്വാതന്ത്ര്യസമരസേനാനികള്ക്ക് അന്തമാന് ദ്വീപുകളും സെല്ലുലാര് ജയിലും ഒരു പേടിസ്വപ്നമായി മാറി.
ജാലിയന് വാലാബാഗ്കൂട്ടക്കൊലയും മഹാത്മഗാന്ധിയുടെ നേതൃത്വത്തില് നടന്ന നിസ്സഹകരണ പ്രസ്ഥാനവും ഇന്ത്യന് മനസ്സുകളില് ആളിക്കത്തിച്ച വിദേശിവിരോധം സമരാഗ്നിയായ് ആളിപ്പടര്ന്നു. നൂറുകണക്കിന് സമരയോദ്ധാക്കള് അറസ്റ്റിലായി. അവരില് സിംഹഭാഗത്തേയും ജീവപര്യന്തം തടവുവിധിച്ച് അന്തമാനില് കൊണ്ടുവന്നു.
1908 ലെ ആലിപ്പൂര് ബോംബ്കേസ് പ്രതികളായിരുന്ന ബാരീന്ദ്രകുമാര് ഘോഷ്, ഉപേന്ദ്രനാഥ്ബാനര്ജി,ഉലസ്കര് ദത്ത,ഇന്ദുഭൂഷണ് റോയ്, നാസിക്ഗൂഢാലോചനക്കേസിനോടനുബന്ധിച്ച് വിനായക്ദാമോദര് സവര്ക്കര്,ഗണേശ്സവര്ക്കര് എന്നീ സവര്ക്കര് സഹോദരന്മാര്‍, ജാക്സന് കൊലക്കേസ് പ്രതി വാമന് റാവുജോഷി, ബനാറിസ്ഗൂഢാലോചനക്കേസിലെ പ്രതിയായ സജീന്ദ്രനാഥ്സന്യാല്‍, ലാഹോര് ഗൂഢാലോചനക്കേസിനോടനുബന്ധിച്ച് ബാബാസോഹന് സിംഗ് തുടങ്ങിയവരെ ഏകാന്തതടവില് തളച്ചു. പഞ്ചാബില് നിന്നുള്ള ഭായിപരമാനന്ദ്, പ്രിഥുസിങ്ങ് ആസാദ്,കേദാര് നാഥ്ശുക്ല,ലതാറാം, ബംഗാളില് നിന്നുള്ള അഷുതോഷ് ലാഹിരി എന്നീ പ്രമുഖതീവ്രവാദികളും അന്തമാന് ജയിലറയില് എത്തപ്പെട്ടു.
മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത ജയിലധികൃതരാണ് തടവുകാരെ കാത്തിരുന്നത്. തങ്ങളുടെ അധികാരാധീശത്വത്തെ പിഴുതെറിയാന് ഇറങ്ങിപുറപ്പെട്ടവരെ അധികൃതര് നികൃഷ്ടജീവികളെപോലെയാണ് കരുതിയത്. എല്ല്നുറുങ്ങുന്ന കഠിനവേലകളും മനുഷ്യമന:സ്സാക്ഷിയെ നടുക്കുന്ന കൊടുംമര്ദ്ദനങ്ങളുംകൊണ്ട് അവര് തടവുകാരെ ക്രൂരമായി പീഡിപ്പിച്ചു. അന്തമാന് ജയിലിലെ രാഷ്ട്രീയതടവുകാരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് ബോംബെയിലെ നാഷണല് യൂണിയന് എഴുപതിനായിരംപേര് ഒപ്പിട്ട ഭീമഹര്ജി സര്ക്കാരിന് നല്കി. ഇതിന്റെ അടിസ്ഥാനത്തില് സ്ഥിതിഗതികള് പഠിക്കാന് ഒരുകമ്മറ്റിയെ നിയോഗിച്ചു. ജയില് ഭരണരീതിയില് കമ്മറ്റി അസംതൃപ്തി രേഖപ്പെടുത്തുകയും തുടര്ന്ന് രാഷ്ട്രീയത്തടവുകാരെ പൊതുമാപ്പു നല്കിവിട്ടയയ്ക്കുകയും ചെയ്തു. ഏതാനും വര്ഷത്തേക്ക് രാഷ്ട്രീയത്തടവുകാരെ അന്തമാനിലേക്ക് കൊണ്ടുവന്നതുമില്ല. എന്നാല്‍ 1921 ലെ മലബാര് ലഹളയെ തുടര്ന്ന് 1800 ലേറെ ഏറനാടന് മുസ്ലീങ്ങളെ അന്തമാനിലേക്ക് നാടുകടത്തി.
സൈമണ് കമ്മീഷനെതിരെ ലാലാലജ്പത്റായിയുടെ നേതൃത്വത്തില്‍ ലാഹോറില് നടന്ന പ്രതിഷേധപ്രകടനത്തില് പരുക്കേറ്റ അദ്ദേഹം 1928 നവംബര്‍ 17ന് മൃതിയടഞ്ഞു. അദ്ദേഹത്തെ ക്രൂരമായി മര്ദ്ദിച്ച സീനിയര് സൂപ്രണ്ട് ജെ.എസ്സ്.കോട്ടിനെ ഡിസംബര്‍ 17ന് ഭഗത്സിംഗും ചന്ദ്രശേഖര് ആസാദും രാജ്ഗുരുവും ചേര്ന്ന് വെടിവച്ചുകൊന്നു. 1929 ഏപ്രില്‍ 18ന് ഭഗത്സിംഗും ബടുകേശ്വര് ദത്തും അസംബ്ലിയില് ബോംബെറിഞ്ഞു.ഇന്ക്വിലാബ് സിന്ദാബാദ് വിളികളോടെ അവര് പോലീസ്സിന് കീഴടങ്ങി. വിചാരണനടന്നു. മറ്റു കേസ്സുകളിലും പ്രതിചേര്ത്ത് ഭഗത്സിംഗ്,രാജ്ഗുരു,സുഖ്ദേവ്എന്നിവരെ 1931 മാര്ച്ച് 23ന് ലാഹോര് ജയിലില് തൂക്കിക്കൊന്നു. ബടുകേശ്വര് ദത്ത്,കേദാര് നാഥ്ശുക്ല തുടങ്ങി ഏഴുപേരെ അന്തമാനിലേക്ക് നാടുകടത്തി.
വന് കരയില് നിറഞ്ഞ ജയിലുകളും പുതിയ ജയിലുകള് ഉണ്ടാക്കാനുള്ള സമയ-സാമ്പത്തിക ബാധ്യതകളും കണക്കിലെടുത്ത് അന്തമാനിലേക്ക് വന്തോതില് നാടുകടത്തല് പുന:രാരംഭിച്ചത് 1932ലാണ്. ബംഗാള്‍,ബീഹാര്‍,ഐക്യപ്രവിശ്യകള്‍,അസം,പഞ്ചാബ്,ഡല്ഹി,മദ്രാസ് എന്നിവിടങ്ങളില് നിന്നായിരുന്നു പ്രധാനമായും നാടുകടത്തല് നടന്നത്. ലോകനാഥ്ബാല്‍,ശംഭുനാഥ്ആസാദ്,മഹാവീര് സിംഗ് ,മൊഹിത്മോഹന് മെയ്ത്ര, മോഹന് കിഷോര് എന്നിവരായിരുന്നു ഇവരില് പ്രമുഖര്‍. ബര്മ്മയിലെ തര്വാഡി കലാപത്തില് പങ്കെടുത്ത 535 ബര്മ്മക്കാര്,ചിറ്റഗോംഗ് ആയുധകവര്ച്ചക്കേസിലെ പ്രതികള്‍, ആന്ധ്രയിലെ റാംപവിപ്ലവകാരികള് എന്നിവരും ഏകാന്തവാസത്തിന് വിധിക്കപ്പെട്ടവരില് ഉള്പ്പെട്ടിരുന്നു.
സെല്ലുലാര് ജയിലിലെ ജീവിതം നരകതുല്യമായിരുന്നു. കടുത്ത ഏകാന്തതയും ഭീതിനിറഞ്ഞ രാത്രികളും മരണം മണക്കുന്ന കാറ്റുമുള്ള സെല്ലുലാര് ജയില്‍. തടവുകാരുടെ ഓരോ വേദനയും അധികാരികളില് സന്തോഷമായി. അവര് ക്രൂരമായ പെരുമാറ്റം ആഘോഷമാക്കിമാറ്റി. സ്വാതന്ത്ര്യസമരപോരാളികളെ കൂടുതല് വിപത്ക്കാരികളായി പരിഗണിക്കണമെന്നും അവര്ക്ക് സ്വന്തം സംഘത്തിലേയോ സംസ്ഥാനത്തിലെയോ മറ്റുതടവുകാരുമായി സഹവര്ത്തിത്വം പുലരാന് ഇടനല്കരുതെന്നും ജയിലധികൃതര്ക്ക് പ്രത്യേകനിര്ദ്ദേശമുണ്ടായിരുന്നു. കഠിനജോലികള് ചെയ്യാന് വിസമ്മതിക്കുന്നവര്ക്ക് ക്രൂരമായശിക്ഷകള് നല്കാനും നിഷ്ക്കര്ഷിച്ചിരുന്നു. അടിച്ചേല്പ്പിക്കപ്പെടുന്ന കുറ്റങ്ങളുടേയും വിധിക്കപ്പെടുന്ന ശിക്ഷകളുടേയും രീതികള്ക്കനുസൃതമായാണ് ഓരോതടവുകാരനും പണിയെടുക്കേണ്ടിയിരുന്നത്. എന്നാല് ചിലപ്രത്യേക പണികള് എല്ലാവരും ചെയ്യാന് നിര്ബ്ബന്ധിതരായിരുന്നു. പ്രഭാതം മുതല് പ്രദോഷം വരെ അതിഭാരമുള്ള ഇരുമ്പ്ചക്ക് വൃത്താകൃതിയില് നടന്നുവലിച്ച് എണ്ണയാട്ടുകയായിരുന്നു ഇതില് പ്രധാനം. ഒരുദിവസം 30 പൌണ്ട് വെളിച്ചെണ്ണയും 20 പൌണ്ട് കടുകെണ്ണയും ഒരാള് ആട്ടണം എന്ന് നിയമമുണ്ടായിരുന്നു. വിറക് കീറുക,നാളീകേരം പൊതിക്കുക, ചകിരിതല്ലി കയര് പിരിക്കുക മുതലായ ജോലികളും അവര് ചെയ്യേണ്ടിവന്നു. ജോലിചെയ്യാന് വിസമ്മതിച്ചാല് കഠിനശിക്ഷകള് നല്കിയിരുന്നു.
നിഷേധികളെ നഗ്നതമാത്രം മറച്ച നിലയില് മുക്കാലിയില് ഉറപ്പിച്ച A ആകൃതിയിലുള്ള ഇരുമ്പ്ചട്ടക്കൂടിന്മേല് കമഴ്ത്തിക്കിടത്തി കാലുകള് താഴെ ഒരു മരപ്പലകയിലെ ദ്വാരത്തില് കുടുക്കി , കൈകളും ഉദരഭാഗവും യഥാക്രമം ചട്ടക്കൂടിന്റെ ഇരുവശങ്ങളോടും മധ്യഭാഗത്തോടും ചേര്ത്തുബന്ധിച്ച് തീര്ത്തും നിശ്ചലനാക്കിയ ശേഷം മൃഗീയമാം വിധം ചമ്മട്ടി പ്രഹരത്തിന് ഇരയാക്കി. ശരീരത്തില് ശീല്ക്കാരങ്ങളോടെ തലങ്ങുംവിലങ്ങും ആഞ്ഞാഞ്ഞിറങ്ങിയ ചാട്ട പച്ചമാംസവും ചുടുരക്തവും ചുറ്റും തെറിപ്പിച്ചു. പ്രാണന് പറിയുന്ന വേദനയോടെ ,ഒന്നനങ്ങാന് പോലുമാകാതെ , തടവുപുള്ളികള് ചട്ടക്കൂടിന്റെ നിര്ജ്ജീവതയോട് പറ്റിക്കിടന്ന് പല്ലുകള് കടിച്ചമര്ത്തി എല്ലാപ്രഹരങ്ങളും തന്റെ അര്ദ്ധനഗ്നതയില് ഏറ്റുവാങ്ങി. കാല്വെള്ളകളിലെ ചൂരല്പ്രയോഗങ്ങളും നഖങ്ങള്ക്കിടയില് മൊട്ടുസൂചികയറ്റി അഗ്രം ചൂടുപിടിപ്പിക്കുന്നതും സാധാരണ ശിക്ഷകളായിരുന്നു.
പിറന്നവീടും നാടുംവിട്ട് , കുടുംബാംഗങ്ങളുടെ സ്നേഹവും നഷ്ടപ്പെട്ട് അവര് കൊടുംവേദനയും മൃഗീയപീഢനവും ഏറ്റുവാങ്ങി. മതൃരാജ്യത്തിന്റെ മോചനത്തിനായി ഇറങ്ങിത്തിരിച്ച് ,ബ്രിട്ടീഷ്തോക്കിനു മുന്നില് നെഞ്ചുവിരിച്ചുനിന്ന അവര് പീഡനങ്ങള് സഹിക്കാനാവാതെ മനോരോഗികളായിമാറി. ചിലര് ആത്മത്യാഗം ചെയ്തു. മറ്റുചിലര് രക്തസാക്ഷികളായി. രാഷ്ട്രീയത്തരവുകാരെ നാടുകടത്താനുള്ള ആശയം ജന്മംകൊണ്ടത് ഐക്യപ്രവിശ്യയിലെ ഗവര്ണ്ണര് സര് ജെ.പി.ഹെവറ്റിന്റെ ബുദ്ധിയിലാണ്. അലഹബാദില് നിന്നും പ്രസിദ്ധീകരിച്ച സ്വരാജ്യപത്രത്തിന്റെ പത്രാധിപന്മാരായിരുന്ന ഹോട്ടിലാല്‍, ബാബുറാംഹരി എന്നിവരെ രാജ്യദ്രോഹപരമായ ലേഖനങ്ങള് പ്രസിദ്ധീകരിച്ച കുറ്റത്തിന് നാടുകടത്താന് അനുമതിതേടിയത് ഹെവറ്റാണ്. ഈ നൂതനാശയം സര്ക്കാര് സ്വീകരിക്കുകയും രാഷ്ട്രീയക്കാരെ കാലാപാനികടത്തല് ഒരുശിക്ഷയായി മാറ്റുകയും ചെയ്തു.
ബ്രിട്ടീഷ്സര്ക്കാരിന് വലിയതലവേദന സൃഷ്ടിച്ചവരെയാണ് സെല്ലുലാര് ജയിലില് അടച്ചിരുന്നത്. നരകജീവിതം വിധിക്കപ്പെട്ട ഈ ഹതഭാഗ്യര്ക്ക്ദു ര്ഗന്ധംനിറഞ്ഞ ഭക്ഷണമാണ് നല്കിയിരുന്നത്. രാവിലെ ഉപ്പിടാതെ ഒരു കയില് കഞ്ഞി. അടിയില് നാലഞ്ച് വറ്റ്. കഞ്ഞിയില് സുലഭമായിപുഴുക്കളുംപ്രാണികളും. ഓരോ തടവുപുള്ളിക്കും ഒരുദിവസം ഒരുനുള്ള് ഉപ്പാണ് അനുവദിച്ചിരുന്നത്. അത് ചോറിനോടൊപ്പം നല്കുന്ന പരിപ്പുകറിയ്ക്കായി കരുതി വയ്ക്കണമായിരുന്നു. അതിനാല് കഞ്ഞിയില് ഉപ്പുചേര്ത്തിരുന്നില്ല. വായോടടുപ്പിക്കുമ്പോള് മൂക്കില് തുളഞ്ഞു കയറിയ ദുര്ഗന്ധം മനംപുരട്ടലുണ്ടാക്കി. എങ്കിലും വയറ്റിലെ കാളല് ശമിപ്പിക്കാന് മറ്റൊന്നും ഇല്ലല്ലോ എന്ന ദു:ഖചിന്ത കഞ്ഞി അപ്പാടെ മോന്തിവിഴുങ്ങാന്‍ അവരെ പ്രേരിപ്പിച്ചു.
പ്രാതലിനു ശേഷം കര്ക്കശക്കാരനായ നിരീക്ഷകന്റെ സൂക്ഷ്മദൃഷ്ടികള്ക്കു കീഴില് കഠിനജോലികള് ചെയ്തു. അനുവദിച്ച സമയത്തിനുള്ളില് ജോലി ചെയ്ത് തീര്ത്തില്ലെങ്കില് തെറിയും ചാട്ടപ്രയോഗവുമായിരുന്നു ഫലം. വൈകിട്ട് അഞ്ചുമണിക്ക് ഓരോരുത്തരേയും അവരവരുടെ സെല്ലില് അടച്ചുപൂട്ടി. കല്ലും പുഴുക്കളും നിറഞ്ഞ് ദുര്ഗന്ധംവമിക്കുന്ന ഒരു പിടിചോറായിരുന്നു മുഖ്യാഹാരം. അതിന്മേല് കുറച്ച് പരിപ്പുകറി. ഏതോ ഇലകള് കഴുകിയ മറ്റൊരിനം കൂടിയുണ്ടാകും .ഉറങ്ങാന് പഴകിക്കീറിയ, അഴുക്കുപിടിച്ച ഒരു കമ്പിളിയായിരുന്നു നല്കിയിരുന്നത്. പകല് നേരത്തെ കഠിനാദ്ധ്വാനവും പീഢനവും നിമിത്തം മനസ്സും ശരീരവും അങ്ങേയറ്റം തളര്ന്ന് കണ്ണുകള് താനേ അടയുമ്പോള് ആയിരിക്കും കുമ്മായം തേയ്ക്കാത്ത ചുമരിലെ ദ്വാരങ്ങളില് നിന്ന് തേളും പഴുതാരയും മറ്റും ഇറങ്ങിവന്ന് അലോസരപ്പെടുത്തുക. ഉറക്കച്ചടവോടെ അവയെ ആട്ടിയകറ്റി വീണ്ടും ഒന്നുമയങ്ങാന് ശ്രമിക്കുമ്പോള് വരുന്നത് കാവല്ക്കാരന്റെ വിളിയായിരിക്കും . ഓരോ വിളിക്കും അറയിലെ അന്ധകാരത്തില് കിടന്ന് മറുപടി കൊടുക്കണം. സ്വസ്ഥമായ നിദ്ര തടവുകാര്ക്കെന്നും വിളിപ്പുറത്തിനും അകലെയായിരുന്നു.
വളരെ പരിമിതമായിരുന്നു മലമൂത്രവിസര്ജ്ജനത്തിനുള്ള സൌകര്യങ്ങള്‍. തടവുകാര്ക്ക് പ്രകൃതിയുടെ വിളി മണിക്കൂറകളോളം നിയന്ത്രിക്കേണ്ടി വന്നു. രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും അല്പ്പനേരത്തേക്ക് മാത്രം അവരെ ശൌച്യനിര്വ്വഹണത്തിന് അനുവദിച്ചു. നിശ്ചയിക്കപ്പെട്ട സമയത്തല്ലാതെ ജമേദാരോട് പുറത്തുവിടാന് ആവശ്യപ്പെട്ടാല് അത് കൈദിയുടെ ധിക്കാരമായി കണക്കാക്കും. വൈകുന്നേരം നാലോഅഞ്ചോമണിക്ക് അറയില് അടച്ചിട്ടാല് അതു പിന്നെ തുറക്കുന്നത് അടുത്തദിവസം കാലത്ത് ആറുമണിക്ക്ശേഷമായിരിക്കും.
രാത്രിനേരത്ത് മൂത്രവിസര്ജ്ജനത്തിന് ഒരു ചെറിയ മണ്പാത്രം ഓരോ മുറിയിലും ഉണ്ടായിരുന്നു. അത് ഒരു പ്രാവശ്യത്തെ ഉപയോഗത്തിനു പോലും തികഞ്ഞിരുന്നില്ല. സ്വാദില്ലാത്ത ചോറും പരിപ്പുകറിയും കഴിച്ചാല് വയറുവേദനയും വയറുകടിയും സാധാരണമായിരുന്നു. വയറ് വല്ലാതെ ശല്യം ചെയ്യുമ്പോള് കക്കൂസില്‍ പോകാന് വാതില് തുറന്നു കൊടുക്കണമെന്ന് ജമേദാരുടെ മുന്നില് മുട്ടുകുത്തി അപേക്ഷിച്ചാലും അയാള് കനിയില്ല. തടവുകാരോട് തെല്ലെങ്കിലും കനിവ് പ്രകടിപ്പിച്ചാല് മേലാളന്മാരുടെ അപ്രീതിയും കടുത്തശിക്ഷയുമായിരിക്കും അയാള്ക്ക് ലഭിക്കുക. തടവുകാരന്റെ ആവശ്യം സത്യസന്ധമാണെന്നും സ്ഥിതിശോചനീയമാണെന്നും കാവല്ക്കാരന് ബോദ്ധ്യപ്പെട്ടാല് അയാള് വാര്ഡനെ വിവരമറിയിക്കും. എന്നാല് തന്നെ അസമയത്ത് വിളിച്ചുണര്ത്തി സുഖനിദ്രയ്ക്ക് ഭംഗം വരുത്തിയതിനുള്ള അമര്ഷം വാര്ഡന് പ്രകടിപ്പിക്കുന്നത് അതിന് കാരണക്കാരനായ ജയില്പ്പുള്ളിയോടായിരിക്കും. ചിലപ്പോള് വാര്ഡന് ആവശ്യപ്പെടുന്നതനുസരിച്ച ഡോക്ടര് വന്ന് രോഗിയെ പരിശോധിച്ചാല് തന്നെയും ചീഫ് വാര്ഡന് അയയ്ക്കുന്ന റിപ്പോര്ട്ട ശ്രദ്ധിക്കപ്പെടുകയില്ല. ചീഫ് വാര്ഡന്റെ അനുവാദമില്ലാതെ പുറത്തിറക്കാന് കാവല്ക്കാര്ക്ക് കഴിയുകയുമില്ല. ഇതിനിടെ താറടിച്ചു കറുപ്പിച്ച മണ്കുടം തപ്പേണ്ട അവസ്ഥയും സംജാതമാകും. ഇത്തരത്തില് ജയിലറകള് മലീമസമാകുമായിരുന്നു.
സെല്ലുലാര് ജയിലില് നിയമിക്കപ്പെട്ട ചീഫ് വാര്ഡന്മാരില് ഏറ്റവും ക്രൂരനായിരുന്നു ഐറിഷുകാരന് ഡേവിഡ്ബേരി. തടവുകാരെ കേവലം അടിമകളായാണ് അയാള് കണ്ടത്. അയാളുടെ വാക്കുകളിലും പ്രവര്ത്തികളിലും അഹങ്കാരം മുന്നിട്ടു നിന്നിരുന്നു. അതിസാഹസികരായ സ്വാതന്ത്ര്യസമരസേനാനികളുടെ ഊര്ജ്ജവും യുവത്വവും ചോര്ത്തിയെടുക്കാന് അയാള് ആവുന്നതെല്ലാം ചെയ്തു. മനുഷ്യത്വം എന്നൊന്ന് അയാള്ക്കില്ലായിരുന്നു. പ്രമുഖരായ പല തടവുകാരും അയാളോട് പലപ്പോഴും ഇടഞ്ഞു കൊണ്ടിരുന്നു. അത് അയാളിലെ ക്രൂരനെ വര്ദ്ധിതവീര്യവാനാക്കി. ഒരിക്കല് തടവുകാരോട് അയാള് പറഞ്ഞു, "തടവുകാരെ,കേട്ടോളൂ, ലോകത്തില് ഒരു ദൈവമുണ്ട്.ആ ദൈവം അങ്ങ്മുകളില് സ്വര്ഗ്ഗത്തിലാണ്. എന്നാല് ഇവിടെ രണ്ട്ദൈവങ്ങളുണ്ട്.ഒന്ന സ്വര്ഗ്ഗത്തിലെ ദൈവവും മറ്റൊന്ന് ഭൂമിയിലേതും. ഭൂമിയിലെ ദൈവം തീര്ച്ചയായും പോര്ട്ട്ബ്ലയറിലാണ്. അതാകട്ടെ ഞാനും. സ്വര്ഗ്ഗത്തിലെ ദൈവം സമ്മാനങ്ങള് തരുന്നത് നിങ്ങള് അവിടെ ചെന്നതിന്ശേഷമായിരിക്കും. എന്നാല് പോര്ട്ട്ബ്ലയറിലെദൈവം ഇവിടെവച്ച് ഇപ്പോള്ത്തന്നെ സമ്മാനങ്ങള് തരും. അതുകൊണ്ട് തടവുകാരെ,നന്നായി പെരുമാറാന് പഠിക്കൂ"
വെള്ളക്കാരന്റെ തീയുണ്ടകള് പോലും നെഞ്ചില് ഏറ്റുവാങ്ങാന് തയ്യാറായി ,സമരത്തില് ഭാഗഭാക്കായ ബംഗാളില് നിന്നുള്ള ഇന്ദുഭൂഷണ് റോയ് സ്വന്തം വസ്ത്രം കീറി ജയിലറയില്‍ കെട്ടിത്തൂക്കി ആത്മഹത്യ ചെയ്തു. അത്രമാത്രം നീചവും ക്രൂരവുമായിരുന്നു ജയില്‍ ജീവിതം. 1912 മേയിലായിരുന്നു അത്. തൊഴില്‍ ചെയ്ത് തളര്‍ന്നു വീണ പഞ്ചാബുകാരന്‍ ഉലാസ്കര്‍ ദത്തിനെ ഉന്മേഷവാനാക്കാന്‍ ഷോക്ക് ട്രീറ്റ്മെന്‍റ് നല്കി. ഷോക്കേറ്റ അദ്ദേഹം മൂന്നുദിവസം അബോധാവസ്ഥയില്‍ കിടന്നു. ഒടുവില്‍ ബോധം വീണ്ടുകിട്ടിയപ്പോള്‍ മനസ്സിന്‍റെ താളം നഷ്ടപ്പെട്ടിരുന്നു. ബര്‍മ്മയില്‍ സായുധവിപ്ളവം നടത്താന്‍ സൈനികര്‍ക്കിടയില്‍ പ്രചരണം നടത്തിയതിനാണ് പഞ്ചാബി ബ്രാഹ്മണന്‍ രാം രഘ അന്തമാനിലെത്തിയത്. ജയിലറയില്‍ വച്ച് പൂണൂല്‍ അഴിച്ചുമാറ്റാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. മതപരമായ ഒരനുഷ്ടാനമായാണ് പൂണൂല്‍ ധരിച്ചതെന്നും ഇതഴിച്ചുമാറ്റാന്‍ ആവില്ലെന്നും അയാള്‍ ശഠിച്ചു. ഉദ്യോഗസ്ഥര്‍ ഇത് ധിക്കാരമായി കാണുകയും ബലം പ്രയോഗിച്ച് പൂണൂല്‍ പൊട്ടിച്ചെറിയുകയും ചെയ്തു. രാം രഘയും വിട്ടുകൊടുത്തില്ല. പൂണൂല്‍ അണിയാന്‍ അനുവദിക്കും വരെ നിരാഹാരം ആരംഭിച്ചു. അധികാരികള്‍ ബലം പ്രയോഗിച്ച് ഭക്ഷണം കൊടുക്കാന്‍ ശ്രമിച്ചു. ബലപ്രയോഗം അയാളെ അവശനാക്കി. രോഗഗ്രസ്തനായി രണ്ടുമാസത്തിനുള്ളില്‍ മരിച്ചു. ഈ സമയത്താണ് ലാഹോര്‍ ഗൂഢാലോചനക്കേസിലെ പ്രതിയായ സര്‍ദാര്‍ ബാന്‍സിംഗ് അധികാരികളുടെ ഭീകര മര്‍ദ്ദനങ്ങള്‍ കാരണം മൃതിയടഞ്ഞത്.
ഭായി പരമാനന്ദ് , ബേരിയുമായി നിരന്തരം വഴക്കടിച്ചിരുന്നു. ബേരി പരമാനന്ദിനെ പീഡിപ്പിക്കുകയും ചീത്തപറയുകയും ചെയ്തുവന്നു. ഒരിക്കല്‍ സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ പരമാനന്ദും അശുതോഷ് ലഹിരിയും ചേര്‍ന്ന് ബേരിയെ പൊക്കിയെടുത്ത് നിലത്തെറിഞ്ഞു. ബേരിയുടെ അഹന്തയുടെ പത്തിക്കേറ്റ കനത്ത പ്രഹരമായിരുന്നു അത്. മുക്കാലിയില്‍ കെട്ടി 20 വീതം ചാട്ടവാറടിയായിരുന്നു ഇരുവര്‍ക്കും ശിക്ഷ. ഇരുമ്പുചട്ടക്കൂടിനോടു ചേര്‍ത്തുബന്ധിച്ച് ഇരുവരെയും ചമ്മട്ടികൊണ്ട് ആഞ്ഞാഞ്ഞു പ്രഹരിച്ചു. അര്‍ദ്ധനഗ്നമായ ശരീരത്തില്‍ ആഴത്തില്‍ പതിഞ്ഞ പോറലുകളില്‍ നിന്നും രക്തം ഒഴുകി. വേദന പുറത്തുകാട്ടാതെ മനോധൈര്യത്തോടെ അവരത് സഹിച്ചു. ജീവിതം ഒരിക്കലും തിരിച്ചുകിട്ടില്ലെന്ന അറിവ് ജയില്‍വാസികളെ തളര്‍ത്തിയില്ല. ഇന്ത്യയില്‍ ഒരിടത്തും ഇത്രയേറെ പീഢനം സ്വാതന്ത്യസമര സേനാനികള്‍ക്ക് അനുഭവിക്കേണ്ടി വന്നിട്ടുമില്ല. മനുഷ്യത്വഹീനമായ പെരുമാറ്റങ്ങള്‍ക്കെതിരായും നിഷേധിക്കപ്പെട്ട പ്രാഥമികാവശ്യങ്ങള്‍ തിരിച്ചുകിട്ടാനുമായി അവര്‍ ഉപവാസം തുടങ്ങി. 1933 ജനുവരിയിലായിരുന്നു ഇത്. തടവുകാരുടെ ആവശ്യങ്ങള്‍ നീതിപൂര്‍വ്വം പരിഗണിക്കുമെന്ന് ചീഫ് കമ്മീഷണര്‍ ഉറപ്പുനല്കിയെങ്കിലും ഒന്നും സംഭവിച്ചില്ല.
എഴുതുവാനോ വായിക്കുവാനോ ഉള്ള സൌകര്യങ്ങള്‍ തടവുകാര്‍ക്ക് നിഷേധിച്ചിരുന്നു. നാട്ടിലേക്ക് വര്‍ഷത്തില്‍ ഒരു കത്തയയ്ക്കാനുള്ള അനുവാദമാണ് അവര്‍ക്ക് നല്‍കിയത്. അവര്‍ക്കുവന്ന കത്തുകളും പത്രങ്ങളും സൂക്ഷ്മമായ സെന്‍സറിംഗിനും വിധേയമാക്കിയിരുന്നു. പല വാര്‍ത്താവിശേഷങ്ങളും കരിമഷി പുരണ്ട് വികൃതമായാണ് അവര്‍ക്കുമുന്നിലെത്തിയത്. ക്രൂരതകള്‍ക്കും നിഷേധങ്ങള്‍ക്കുമെതിരായി തടവുകാര്‍ 1933 മെയ് 12ന് വീണ്ടും കൂട്ടഉപവാസം തുടങ്ങി. ഇത് 46 ദിവസം നീണ്ടുനിന്നു. ആഹാരം കഴിപ്പിക്കാനുള്ള അധികൃതരുടെ നീക്കം മൂന്ന് ധീരവിപ്ലവകാരികളുടെ ജീവനെടുത്തു. ലാഹോറിലെ പഞ്ചാബ് നാഷണല്‍ ബാങ്ക് കൊള്ള, സ്ക്കോട്ടിനെ വധിക്കാനുള്ള ഗൂഢാലോചന എന്നിവയില്‍ ശിക്ഷിക്കപ്പെട്ട മഹാവീര്‍ സിങ്ങിന് ഭക്ഷണം നല്കാന്‍ മൂക്കിലൂടെ കുഴല്‍ കടത്തി. ശ്വാസകോശം തകര്‍ന്ന് അദ്ദേഹം മെയ് 17ന് അന്തരിച്ചു. മൊഹിത് മോഹന്‍ മൊയ്ത്ര, മോഹന്‍ കിഷോര്‍ എന്നിവര്‍ക്ക് കുഴല്‍ വഴി പാല്‍ കൊടുക്കാന്‍ ശ്രമിച്ചത് ശ്വാസകോശത്തില്‍ പെട്ട് ന്യുമോണ്യ ബാധിച്ചു. അന്ത്യനിമിഷം വരെയും ഒരു തുള്ളി മരുന്നുപോലും കഴിക്കാന്‍ ഈ വീരന്മാര്‍ കൂട്ടാക്കിയില്ല.
തളര്‍ന്ന് അവശരായിട്ടും സമരം പിന്‍വലിച്ചില്ല. ആ മനക്കരുത്തിനു മുന്നില്‍ വെള്ളക്കാര്‍ തലകുനിച്ചു. ബെഡ്ഷീറ്റ്, കൊതുകുവല, തലയിണ,പത്രങ്ങള്‍ എന്നിവ രാഷ്ട്രീയതടവുകാര്‍ക്ക് അനുവദിച്ചു. ആഹാരം മെച്ചപ്പെടുത്തി. ജോലിസമയങ്ങളില്‍ ഇളവ് അനുവദിച്ചു. ജൂണ്‍26ന് ഉപവാസം പിന്‍വലിച്ചു.
ഇന്ത്യന്‍ ജനതയ്ക്ക് അധികാരം കൈമാറാനുള്ള ചില പ്രാഥമിക നടപടികള്‍ 1935ല്‍ ആരംഭിച്ചിരുന്നു. ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ ആക്ടും നിലവില്‍ വന്നു. തുടര്‍ന്ന് വിവിധ പ്രവിശ്യാ നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളില്‍ ഏഴ് പ്രവിശ്യകളില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് അധികാരത്തിലേറി. 1937ല്‍ നടന്ന അധികാരകൈമാറ്റം സെല്ലുലാര്‍ ജയിലിലെ രാഷ്ട്രീയ തടവുകാരിലും പ്രതീക്ഷയുണര്‍ത്തി. അവര്‍ 1937 ജൂലായ് 9ന് ഇന്ത്യാ ഗവണ്‍മെന്‍റിന് ഒരു നിവേദനം അയച്ചു. അന്തമാന്‍ ജയിലിലെ എല്ലാ രാഷ്ട്രീയ തടവുകാരെയും ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കുക, ഇനി ആരെയും അന്തമാനിലേക്ക് നാടുകടത്താതിരിക്കുക എന്നിവയായിരുന്നു പ്രധാന ആവശ്യങ്ങള്‍. എന്നാല്‍ ആവശ്യങ്ങള്‍ നിരാകരിച്ചുകൊണ്ട് ജൂലായ് 23ന് മറുപടി വന്നു. അവര്‍ അനിശ്ഛിതകാല നിരാഹാര സത്യാഗ്രഹം ആരംഭിച്ചു. തുടക്കത്തില്‍ 177 പേരുണ്ടായിരുന്ന സമരത്തില്‍ ആഗസറ്റ് ആയപ്പോഴേക്കും 225 പേരായി.
അന്തമാന്‍ ജയിലിലെ സംഭവ വികാസങ്ങള്‍ കടല്‍ കടന്ന് ഇന്ത്യയില്‍ എത്താതിരിക്കാന്‍ അധികൃതര്‍ അതീവ ജാഗ്രത പാലിച്ചു. എന്നാല്‍ ആ കഴുകന്‍ കണ്ണുകള്‍ കാണാതെ ഒരു കത്ത് കല്‍ക്കത്തയിലെ ബംഗാളി വാരികയിലെത്തി. സ്വരാജ്യയുടെ പത്രാധിപര്‍ ഹോട്ടിലാലായിരുന്നു ഇതിന്‍റെ സൂത്രധാരന്‍. സെല്ലുലാര്‍ ജയിലിലെ തടവുകാരുടെ ദുരവസ്ഥ വിവരിച്ചുകൊണ്ട് ബംഗാളിയുടെ ലക്കം ഇറങ്ങി. മറ്റു ഭാഷകളിലും ഇതിന്‍റെ വിവര്‍ത്തനം വന്നു. ഇതോടെ കലുഷമായിരുന്ന രാഷ്ട്രീയ അന്തരീക്ഷം കുറേക്കൂടി പ്രക്ഷുബ്ധമായി. അന്തമാന്‍ സത്യാഗ്രഹികള്‍ക്ക് പിന്‍തുണ പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യന്‍ ജയിലുകളിലെ തടവുകാരും ഉപവാസം തുടങ്ങി. കേന്ദ്ര ലജിസ്ലേറ്റീവ് അസംബ്ലിയിലും ചൂടുപിടിച്ച ചര്‍ച്ച നടന്നു. കോണ്‍ഗ്രസ്സ് നേതാക്കളായ ഭൂലാബായ് ദേശായിയും എസ്സ്.സത്യമൂര്‍ത്തിയും തടവുകാരെ അടിയന്തിരമായി വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചു. മുഹമ്മദലി ജിന്നയും പിന്‍താങ്ങി. ലെജിസ്ലേറ്റീവ് അസംബ്ലി പ്രമേയം പാസ്സാക്കി. ടാഗോര്‍,നെഹ്റു എന്നിവര്‍ക്കുവേണ്ടിയും കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതിക്കുവേണ്ടിയും ഗാന്ധിജി കമ്പിസന്ദേശമയച്ചു. അങ്ങിനെ 56 ദിവസം നീണ്ട സമരം അവസാനിച്ചു.
രാഷ്ട്രീയത്തടവുകാരെ മൂന്ന് സംഘങ്ങളായി തിരിച്ചയച്ചു. സെപ്തംബറില്‍ 72 പേരുടെ ആദ്യസംഘം പുറപ്പെട്ടു. 1938 ജനുവരി 18ന് മൂന്നാമത്തേതും അവസാനത്തേതുമായ സംഘവും കടല്‍ മുറിച്ച് ജന്മ നാട്ടിലെത്തി.
സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് തനതായ വ്യക്തിപ്രഭാവം കെട്ടിപ്പടുത്ത തീവ്രവിപ്ലവകാരിയായിരുന്നു വിനായക ദാമോദര്‍ സവര്‍ക്കര്‍. മാതൃരാജ്യത്തിന്‍റെ വിമോചനത്തിനായി ഇംപീരിയലിസത്തിനെതിരെ അദ്ദേഹം അക്ഷീണം പോരാടി. സെല്ലുലാര്‍ ജയിലിന്‍റെ ഇരുണ്ട അറകളില്‍ യുവത്വവും ഊര്‍ജ്ജസ്വലതയും ഹോമിച്ച സമര യോദ്ധാക്കളില്‍ പ്രധാനിയായിരുന്നു സവര്‍ക്കര്‍. 1909 നവംബറില്‍ വൈസ്രോയി മിന്‍റോ പ്രഭുവിന്‍റെ കാറിന് ബോബെറിഞ്ഞ കേസിലും അതേ വര്‍ഷം ഡിസംബര്‍ 21ന് നാസിക്കിലെ ജില്ലാ മജിസ്ട്രേറ്റ് ജാകസണെ കൊലപ്പെടുത്തിയ കേസ്സിലും പ്രധാന പ്രതികളില്‍ ഒരാള്‍ സവര്‍ക്കറായിരുന്നു. ജാക്സണെ വധിക്കാന്‍ അഭിനവ് ഭാരത് സംഘാംഗങ്ങള്‍ക്ക് തോക്ക് അയച്ചുകൊടുത്തത് സവര്‍ക്കറായിരുന്നു. ഇതിനു പുറമെ ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യാന്‍ മാരകായുധങ്ങള്‍ ശേഖരിക്കുക, രാജ്യദ്രോഹപരവും പ്രകോപനപരവുമായ പ്രസംഗങ്ങള്‍ ചെയ്യുക, ബ്രിട്ടീഷ് കിരീടത്തിന്‍റെ പരമാധികാരത്തിനെതിരെ ഗൂഢാലോചന നടത്തുക തുടങ്ങി അനേകം കുറ്റങ്ങള്‍ സവര്‍ക്കര്‍ക്കെതിരെ ഉണ്ടായിരുന്നു. കുറ്റവിചാരണ നടക്കുമ്പോള്‍ സവര്‍ക്കര്‍ ഇംഗ്ലണ്ടിലായിരുന്നു. 1910 മാര്‍ച്ച് 14ന് അദ്ദേഹത്തെ അറസ്റ്റുചെയ്ത് ബ്രിക്സറ്റണിലെ ജയിലില്‍ അടച്ചു. ജൂലൈ 1ന് ഇന്ത്യയിലേക്ക് കപ്പല്‍ കയറ്റി. സ്കോട്ട്ലന്‍റ് യാര്‍ഡ് പോലീസ് ഇന്‍സ്പെക്ടര്‍ ജോണ്‍ പാര്‍ക്കറുടെ നേതൃത്വത്തില്‍ വലിയൊരു പോലീസ് സംഘം ഒപ്പമുണ്ടായിരുന്നു. യാത്രാമദ്ധ്യേ യന്ത്രത്തകരാറുമൂലം കപ്പല്‍ ഫ്രാന്‍സിലെ മാഴ്സെയില്‍സ് തുറമുഖത്ത് അടുത്തു. അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനിടയില്‍ ഒരു ദിവസം രാവിലെ കക്കൂസില്‍ കയറിയ സവര്‍ക്കര്‍ കപ്പലിന്‍റെ ഒരു വശത്തുള്ള പോര്‍ട്ട് ഹോളിലൂടെ കടലിലേക്ക് എടുത്തു ചാടി നീന്തി ഒരു വിധം കരയ്ക്കെത്തി. പക്ഷെ പോലീസുകാര്‍ പിന്‍തുടര്‍ന്ന് അറസറ്റ് ചെയ്തു. ഫ്രാന്‍സിന്‍റെ മണ്ണില്‍ വച്ച് ബ്രിട്ടീഷ് പോലീസിന് തന്നെ അറസ്റ്റ് ചെയ്യാന്‍ അധികാരമില്ലെന്ന് അദ്ദേഹം വാദിച്ചു. എന്നാല്‍ തങ്ങള്‍ക്ക് കടുത്ത തലവേദനയായി മാറിക്കഴിഞ്ഞ ശത്രുവിനെ വിട്ടുപോകാന്‍ പോലീസ് തയ്യാറായില്ല. പ്രശ്നം ഹേഗിലെ അന്താരാഷ്ട്ര ട്രിബ്യൂണലിനു മുന്നില്‍ വന്നു. ട്രിബ്യൂണല്‍ വിധി സവര്‍ക്കര്‍ക്ക് എതിരായിരുന്നു.
1910 ഡിസംബര്‍ 23ന് വൈസ്രോയി വധ ശ്രമത്തിന്‍റെയും 1911 ജനുവരി 30ന് നാസിക് ഗൂഢാലോചനയുടെയും വിധി വന്നു. 25 വര്‍ഷക്കാലം വീതം ജീവപര്യന്തത്തിന് അന്തമാനിലേക്ക് നാടുകടത്താനായിരുന്നു വിധി. വിധി പ്രഖ്യാപനം കേട്ട് പുഛ്ചത്തോടെ സവര്‍ക്കര്‍ ചോദിച്ചു,” അമ്പത് വര്‍ഷങ്ങളോ?അത്രയും കാലം ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ ഉണ്ടാകുമോ?”. 1911 മാര്‍ച്ച് 22ന് അന്തമാനില്‍ എത്തുമ്പോള്‍ സവര്‍ക്കര്‍ക്ക് 28 വയസ്സായിരുന്നു. അതിനും ഒരു വര്‍ഷം മുന്‍പ് മൂത്ത സഹോദരന്‍ ഗണേശ് സവര്‍ക്കറും അന്തമാനിലേക്ക് നാടുകടത്തപ്പെട്ടിരുന്നു. എന്നാല്‍ ഇവര്‍ പരസ്പ്പരം അറിയുന്നത് ഏകദേശം ഒരു വര്‍ഷം കഴിഞ്ഞാണ് .
ഡേവിഡ് ബേറിയായിരുന്നു അന്ന് ജയില്‍ മേധാവി. തനിക്ക് കൈവന്ന ഏറ്റവും വലിയ ഇരയെന്ന നിലയിലായിരുന്നു സവര്‍ക്കറോട് ബേറി പെരുമാറിയത്. എണ്ണച്ചക്ക് വലിക്കാനുള്ള ശ്രമത്തിന് ആദ്യം സവര്‍ക്കര്‍ വഴങ്ങിയില്ല. അതിന്‍റെ ശിക്ഷയായി 1911 ആഗസ്റ്റ് 30 മുതല്‍ 1912 ജനുവരി 15 വരെ സൂര്യവെളിച്ചം പോലും നിഷേധിക്കപ്പെട്ട ഇരുട്ടറയില്‍ അദ്ദേഹത്തെ അടച്ചു. മറ്റൊരിക്കല്‍ കയര്‍ പിരിക്കാനുള്ള ആജ്ഞയും സവര്‍ക്കര്‍ അവഗണിച്ചു. അതിന് ഒരാഴ്ചക്കാലം കാലുമടക്കി ഇരിക്കാന്‍ കഴിയാത്തവിധം വിലങ്ങുകളിട്ട് നിര്‍ത്തി. ഒടുവില്‍ ജയില്‍ നിയമങ്ങള്‍ സവര്‍ക്കര്‍ക്കും പാലിക്കേണ്ടി വന്നു. കനത്ത എണ്ണച്ചക്ക് ദിവസങ്ങളോളം വലിച്ചു. അദ്ദേഹത്തിന്‍റെ ശ്വാസകോശങ്ങളില്‍ ക്ഷയരോഗാണുക്കള്‍ കൂടുകെട്ടി. കയര്‍ പിരിച്ച് ഉള്ളംകൈ പൊട്ടിയൊഴുകി. എന്നാല്‍ ആ മെലിഞ്ഞ ചെറിയ മനുഷ്യന്‍റെ ഇടനെഞ്ചില്‍ ജ്വലിച്ചുകൊണ്ടിരുന്ന ആത്മവീര്യത്തെയും ദൃഢചിത്തതയേയും തരിമ്പെങ്കിലും തളര്‍ത്താന്‍ ബേരിക്കായില്ല. നിഷേധങ്ങളുടെയും ധിക്കാരങ്ങളുടെയും പീഢനങ്ങളുടെയും ഒടുവില്‍ 1937 ലാണ് സവര്‍ക്കര്‍ ജയില്‍ മോചിതനായത്.
മലബാര്‍ കലാപകാരികളെ സെല്ലുലാര്‍ ജയിലിലേക്ക് കൊണ്ടുവരാന്‍ തുടങ്ങിയത് 1922 ല്‍ ആയിരുന്നു. ടി എസ്സ് എസ്സ് മഹാരാജ എന്ന കപ്പലിലായിരുന്നു ആദ്യ സംഘം എത്തിയത്. രണ്ടായിരത്തോളം കലാപകാരികള്‍. ഇവര്‍ ആദ്യമാദ്യം എല്ലാം സഹിച്ചു. ജയില്‍ നിയമങ്ങള്‍ അനുസരിച്ചു. കാട്ടിലെ ഭീമന്‍ മരങ്ങള്‍ വെട്ടിയിട്ടു. റോഡ് പണിതു. ഭൂമി ഉഴുത് മറിച്ചു. ചതുപ്പുകള്‍ തൂര്‍ത്തു. നാളുകള്‍ ചെല്ലുംതോറും മേധാവികളുടെ മര്‍ദ്ദനമുറകള്‍ ഏറി വന്നപ്പോള്‍ ശിക്ഷാവിധി കഴിയും മുന്‍പ് മരണമുണ്ടാകുമെന്ന് അവര്‍ മനസ്സിലാക്കി. അതുകൊണ്ടുതന്നെ അധികൃതരുടെ അതിരുകവിഞ്ഞ ആജ്ഞകളെ ധിക്കരിക്കാനും മൃഗീയമര്‍ദ്ദനങ്ങളെ എതിരിടാനും അവര്‍ തീരുമാനിച്ചു. എന്നാല്‍ അവരുടെ വികാരങ്ങള്‍ മനസ്സിലാക്കി അധികൃതര്‍ അനുനയ സമീപനം കൈക്കൊണ്ടു. കോഴിക്കോട് മുസ്ലീം തടവുകാരെ കൈകാര്യം ചെയ്ത് പരിചയമുള്ള മലബാറിലെ ഡപ്യൂട്ടി കളക്ടര്‍ കുഞ്ഞിരാമന്‍ നായരെ അധികൃതര്‍ അന്തമാനിലേക്ക് വരുത്തി. മുസ്ലിം തടവുകാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടുകയായിരുന്നു ലക്ഷ്യം. തടവുകാര്‍ ആഗ്രഹിക്കുന്ന പക്ഷം അവരുടെ ജയില്‍വാസം കഴിഞ്ഞാല്‍ നട്ടില്‍ നിന്നും കുടുംബാംഗങ്ങളെ കൊണ്ടുവരാന്‍ അനുവദിക്കണമെന്ന് നായര്‍ ശുപാര്‍ശ ചെയ്തു. ഇത് ഉദ്ദേശിച്ച ഫലം ചെയ്തു.എല്ലാ പ്രത്യാശകളും നശിച്ച് മരണത്തിന്‍റെ കറുത്ത മുഖം മാത്രം മുന്നില്‍ കണ്ടുകൊണ്ടിരുന്ന തടവുകാരില്‍ പുതിയ പ്രതീക്ഷകള്‍ വിടര്‍ന്നു. 1932 ല്‍ എല്ലാ തടവുകാരും മോചിതരായി. കുറേപ്പേര്‍ നാട്ടിലേക്ക് മടങ്ങി. മറ്റുള്ളവര്‍ കുടുംബക്കാരെ വരുത്തി ആന്തമാനില്‍ സ്ഥിരവാസമാക്കി. നാട്ടിലേക്ക് മടങ്ങിയവര്‍ പലരും കുടുംബസമേതം ആന്തമാനിലെത്തി പോര്‍ട്ട് ബ്ലയര്‍ പരിസരത്ത് സ്ഥിരവാസമാക്കി.
ആന്തമാനിലേക്ക് നാടുകടത്തപ്പെട്ട ജീവപര്യന്തം തടവുകാര്‍ക്ക് ആദ്യത്തെ ആറുമാസം സെല്ലുലാര്‍ ജയില്‍ ജീവിതം നിര്‍ബന്ധമായിരുന്നു. കഠിനമായ അച്ചടക്കനിയമങ്ങള്‍ക്ക് വിധേയരായി, കര്‍ക്കശരായ ജയില്‍ മേധാവികള്‍ക്ക് കീഴില്‍ അനുസരണയുള്ളവരായി കഴിഞ്ഞവരെ ജയിലില്‍ നിന്നും മാറ്റി പാര്‍പ്പിച്ചു. 1907ല്‍ ചീഫ് കമ്മീഷണറായിരുന്ന ലെഫ്റ്റണന്‍റ് കേണല്‍ എച്ച് എ ബ്രൌണിംഗ് തടവുകാരുടെ നിയമ വിധേയത്വം അളക്കാന്‍ മാര്ക്കിടുന്ന സമ്പ്രദായം കൊണ്ടുവന്നു. ഒരു ദിവസം രണ്ട് മാര്‍ക്കാണ് ഒരു തടവുപുള്ളി നേടേണ്ടിയിരുന്നത് ഇങ്ങനെ അയാള്‍ ആറുമാസത്തിനുള്ളില്‍ 365 മാര്‍ക്ക് നേടിയാല്‍ ജയിലില്‍ നിന്നും മാറ്റി പാര്‍പ്പിക്കും. ഇത്രയും മാര്‍ക്ക് ലഭിച്ചില്ലെങ്കില്‍ അതുവരെ ലഭിച്ചതെല്ലാം നഷ്ടപ്പെടുകയും വീണ്ടും രണ്ടുമുതല്‍ ഓരോ ദിവസവും കൂട്ടി തുടങ്ങുകയും ചെയ്യും. ക്രൂരമായ പല വിനോദങ്ങളില്‍ ഒന്നു മാത്രമായിരുന്നു ഇത്. തടവുകാരന്‍ മരം കൊണ്ടുള്ള ഒരു ടിക്കറ്റ് അണിയണമായിരുന്നു. കഴുത്തിലണിഞ്ഞ ഇരുമ്പു വളയത്തിലാണ് ടിക്കറ്റ് ഘടിപ്പിച്ചിരുന്നത്. അതില്‍ അയാളുടെ നമ്പര്‍,ഏത് വകുപ്പു പ്രകാരം ശിക്ഷിക്കപ്പെട്ടു, ശിക്ഷ തുടങ്ങുന്നതും അവസാനിക്കുന്നതുമായ തീയതികള്‍ എന്നിവ രേഖപ്പെടുത്തിയിരുന്നു. ഇന്ത്യയിലാകമാനം നോട്ടപ്പുള്ളികളായ തടവുകാരില്‍ ഒരാളാണെങ്കില്‍ ഒരു നക്ഷത്രം, സംശയാസ്പ്പദമായ സ്വഭാവമുള്ള വ്യക്തിയാണെങ്കില്‍ “D” , ആജീവനാന്ത തടവുകാരനാണെങ്കില്‍ ‘L’എന്നീ അടയാളങ്ങളും പതിച്ചിരുന്നു.
ആറുമാസത്തെ സെല്ലുലാര്‍ ജീവിതം കഴിഞ്ഞാല്‍ , അര്‍ഹത നേടിയ തടവുകാരനെ , തടങ്കല്‍ കോളനിയിലെ ഏതെങ്കിലും ബാരക്കിലേക്ക് മാറ്റും. ഇവിടെയും കഠിന ജോലികള്‍ തന്നെ തുടരും . പൊരി വെയിലത്തും പെരുമഴയത്തും പണിയെടുക്കണം. നാലര വര്‍ഷക്കാലമാണ് ഇതിന്‍റെ കാലാവധി. മേലധികാരികളുടെ സന്തോഷത്തിനും സംതൃപ്തിക്കും പാത്രമായി തീര്‍ന്നാല്‍ അടുത്ത അഞ്ചു വര്‍ഷം ജോലികള്‍ സാമാന്യം ലഘൂവായിരിക്കും. ചിലപ്പോള്‍ മറ്റ് തടവുകാരുടെ മേല്‍നോട്ടക്കാരനായി നിയോഗിക്കപ്പെട്ടേക്കാം. ഇങ്ങനെ പത്ത് വര്‍ഷം പൂര്‍ത്തിയാക്കുന്ന തടവുകാരനെ സ്വാശ്രയന്‍ വിഭാഗത്തില്‍പെടുത്തി വിടുതല്‍ ടിക്കറ്റ് നല്കും. ഈ ഘട്ടത്തില്‍ തടവുകാരന് ഏതെങ്കിലും ഗ്രാമത്തില്‍ അയാള്‍ക്ക് ഇഷ്ടമുള്ള ജോലിചെയ്ത് ജീവിക്കാമായിരുന്നു. വിവാഹം കഴിക്കുന്നതിനും തടസ്സമുണ്ടായിരുന്നില്ല. കുടുംബം നാട്ടിലാണെങ്കില്‍ അവരെ കൊണ്ടുവരാനും അനുമതിയുണ്ടായിരുന്നു. അതിനുള്ള ചിലവും സര്‍ക്കാര്‍ വഹിച്ചു. എന്നാല്‍ പോര്‍ട്ട് ബ്ലയര്‍ വിട്ടുപോകാനോ സിവില്‍ അവകാശങ്ങള്‍ക്കോ അര്‍ഹതയുണ്ടായിരുന്നില്ല. ഇരുപത്തിയഞ്ച് വര്‍ഷം ഇങ്ങനെ ആന്തമാനില്‍ നിയമങ്ങളെ അണുപോലും തെറ്റിക്കാതെ അനുസരിച്ചാല്‍ അയാള്‍ക്ക് പരിപൂര്‍ണ്ണ സ്വാതന്ത്ര്യം നല്കിയിരുന്നു. വനിത തടവുകാര്‍ക്കുള്ള ശിക്ഷ കുറേക്കൂടി ലളിയമായിരുന്നു. അവര് പകല്‍വേളകളില്‍ ഉന്നതാധികാരികളുടെ വീടുകളില്‍ വേല ചെയ്തു. രാത്രികാലങ്ങളില്‍ അവര്‍ക്കായുള്ള പ്രത്യേക ജയിലില്‍ കഴിഞ്ഞു. സ്ത്രീകള്‍ക്ക് 5 വര്‍ഷം കഴിഞ്ഞാല്‍ വിവാഹിതയാകാമായിരുന്നു. 15 വര്‍ഷമായാല്‍ പരിപൂര്‍ണ്ണ സ്വാതന്ത്രൃവും. കുറ്റവാളികള്‍ തമ്മിലുള്ള വിവാഹത്തിന് അധികൃതര്‍ പ്രത്യേക ശ്രദ്ധയും താത്പ്പര്യവും നല്കി. നിയമാനുസൃതമല്ലാത്തതോ ചേര്‍ച്ചയില്ലാത്തതോ ആയ വിവാഹത്തെ ഇവര്‍ ഒരിക്കലും പ്രോത്സാഹിപ്പിച്ചില്ല. സ്ത്രീ പുരുഷന്മാര്‍ക്ക് അവര്‍ക്കിഷ്ടമുള്ള ഇണയെ തെരഞ്ഞടുക്കാമായിരുന്നു. അവിടെ ജാതിയോ മതമോ ദേശമോ ഭാഷയോ വിലങ്ങുതടിയായില്ല.
1939 സെപ്തംബര്‍ 3നാണ് രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചത്. ദക്ഷിണ പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളെ ബ്രിട്ടന്‍റെ കോളനി വാഴ്ചയില്‍ നിന്നും മോചിപ്പിച്ചുകൊണ്ട് ജപ്പാന്‍ മുന്നേറി. 1942 മേയ് മാസത്തോടെ മലേഷ്യ,ഇന്തോനേഷ്യ, ബര്‍മ്മ എന്നീ രാഷ്ട്രങ്ങള്‍ ജപ്പാന്‍റെ കൊടിക്കീഴിലായി. എല്ലാ രാജ്യക്കാരും ജപ്പാനെ സ്വാഗതം ചെയ്തു.വിജിഗീഷുവായ ജപ്പാന്‍ സൈന്യം അന്തമാന്‍ നിക്കോബാര്‍ ദ്വീപുകളിലും കടന്നുവന്നു. ഈ സമയം അന്തമാനില്‍ ബ്രിട്ടീഷ് പട്ടാളം നാമമാത്രമായെ ഉണ്ടായിരുന്നുള്ളു. 1942 മാര്‍ച്ച് മധ്യത്തില്‍ മൂന്ന് ജപ്പാന്‍ ബോംബര്‍ വിമാനങ്ങള്‍ പോര്‍ട്ട് ബ്ലയറില്‍ ബോംബിട്ടു. ചില്ലറ നാശനഷ്ടമുണ്ടായി. എന്നാല്‍ ആളപായമുണ്ടായില്ല. ജപ്പാന്‍ വിതറിയ മൈന്‍ തട്ടി ബ്രിട്ടീഷ് നേവിയുടെ സോഫീ മേരി എന്ന കപ്പല്‍ മുങ്ങി. ബ്രിട്ടന്‍ റോസ് ദ്വീപില്‍ നിന്നും അബര്‍ദീനിലേക്ക് തങ്ങളുടെ ആസ്ഥാനം മാറ്റി. അവിടെ നിന്നും കഴിയുന്നത്ര ആളുകളെ ഇന്ത്യ വന്‍കരയിലേക്കും മാറ്റി. ചീഫ് കമ്മീഷണര്‍ വാട്ടര്‍ ഫാളും സെക്രട്ടറി എ ജി ബേഡും ഔദ്യോഗിക ഡോക്ടര്‍ ദിവാന്‍ സിംഗും ഒഴികെ മറ്റ് പ്രധാനപ്പെട്ടവരെല്ലാം രക്ഷപെട്ടു. മദ്രാസില്‍ നിന്നും തിരികെ വരികയായിരുന്ന ഒരു കപ്പലിനെയും ജപ്പാന്‍കാര്‍ തകര്‍ത്തു. മാര്‍ച്ച് 22ന് രാത്രിയില്‍ സൌത്ത് പോയിന്‍റിലെ വയര്‍ലെസ് സ്റ്റേഷന്‍ ഡൈനമൈറ്റ് വച്ചാണ് തകര്‍ത്തത്. അതോടെ പോര്‍ട്ട് ബ്ലയറും പുറം ലോകവുമായുള്ള ബന്ധം ഇല്ലാതായി. അടുത്ത ദിവസം ജപ്പാന്‍ ഗണ്‍ബോട്ടുകള്‍ അന്തമാന്‍ തീരത്തെത്തി. നാല് സൈനികവ്യൂഹങ്ങളില്‍ ഒന്ന് റോസ് ദ്വീപിലിറങ്ങി. ടെലിഫോണ്‍ സ്റ്റേഷനും പോലീസ് ഔട്ട് പോസ്റ്റും കയ്യടക്കി. ചീഫ് കമ്മീഷണറുടെ കാര്‍ തടഞ്ഞു നിര്‍ത്തി യൂണിയന്‍ ജാക്ക് സൈനികര്‍ വലിച്ചെടുത്ത് തുണ്ടം തുണ്ടമാക്കി നിലത്തിട്ട് ചവുട്ടിയരച്ചു. യൂറോപ്യന്മാരെയും ആംഗ്ലോ-ഇന്ത്യക്കാരെയും അറസ്റ്റുചെയ്തു. തുടര്‍ന്ന് സപ്ലൈ ലൈനിലെ മിലിറ്ററി പോലീസ് ക്യാമ്പ് കീഴടക്കി. ധാന്യപ്പുരയും സ്വന്തമാക്കി. രണ്ടാമത്തെ സേനാവിഭാഗം സൌത്ത് പോയിന്‍റിലെ വയര്‍ലെസ് സ്റ്റേഷനിലേക്കാണ് പോയത്. റേഡിയോ ഓഫീസര്‍മാരെ അവര്‍ അറസ്റ്റു ചെയ്തു. മൂന്നാം വിഭാഗം സെല്ലുലാര്‍ ജയില്‍ തുറന്ന് തടവുകാരെ പുറക്കേക്കു വിട്ടു. പകരം ജയിലധികാരികളെ ഓരോ അറയിലും അടച്ചിട്ടു. പിന്നീട് ഓഫീസില്‍ കയറി രേഖകളും രജിസ്റ്ററുകളും വാരിവലിച്ചിട്ട് അഗ്നിക്കിരയാക്കി. പിന്നീട് ഫിനിക്സ് ബേയിലേക്ക് മാര്‍ച്ചുചെയ്തു. മറീന്‍ ഡോക്ക് യാര്‍ഡിലും വര്‍ക്ക് ഷോപ്പിലും അധികാരം സ്ഥാപിച്ച ശേഷം അബര്‍ഡീനിലേക്ക് മടങ്ങി.
സിംഗപ്പൂരില്‍ വച്ച് ജപ്പാന് കീഴടങ്ങിയ നൂറോളം ഇന്ത്യന്‍ യോദ്ധാക്കളും ജപ്പാന്‍ സൈന്യത്തോടൊപ്പമുണ്ടായിരുന്നു. ഒരു തുള്ളി രക്തം പോലും ചിന്താതെയും യുദ്ധം ചെയ്യാതെയും പന്ത്രണ്ട് മണിക്കൂറുകള്‍ക്കുള്ളില്‍ ജപ്പാന്‍ അന്തമാന്‍ കീഴടക്കി. അബര്‍ദീനില്‍ നാവികസേനയുടെയും ഹാഡോയില്‍ കരസേനയുടെയും ആസ്ഥാനങ്ങള്‍ സ്ഥാപിച്ചു. കേണല്‍ ബുച്ചോവിനെ സിവില്‍ ഗവര്‍ണ്ണറായി നിയമിച്ചു. സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സിലെയും ലേബര്‍ ബാരക്കുകളിലെയും അന്തേവാസികളെ ഇറക്കിവിട്ട് ജപ്പാന്‍ ഓഫീസര്‍മാരും സേനാംഗങ്ങളും അവിടെ വാസമുറപ്പിച്ചു.
ജപ്പാന്‍ സൈനികര്‍ വിജയോന്മത്തരായിരുന്നു. അവര്‍ വീടുകള്‍ കൊള്ളയടിച്ചു. ജനങ്ങളെ ഭയപ്പെടുത്തി. തങ്ങളുടെ രക്ഷകര്‍ എന്നു കരുതിയ ജപ്പാന്‍കാരുടെ ഈ സമീപനം ആളുകളെ വീണ്ടും ദു:ഖാര്‍ത്തരാക്കി. പക്ഷെ ആരും പ്രതികരിച്ചില്ല. അബര്‍ദീന്‍ നിവാസിയായ സുള്‍ഫിക്കര്‍ അലിയുടെ വളര്‍ത്തുമൃഗങ്ങളേയും കൌതുക വസ്തുക്കളേയും കവരുന്ന ജപ്പാന്‍കാര്‍ക്കെതിരെ അയാള്‍ തോക്കെടുത്തു. ജപ്പാന്‍ സൈനിക ഓഫീസര്‍ക്ക് പരിക്കുപറ്റി. കലികയറിയ ജപ്പാന്‍ സേന അലിയുടെയും പരിസരവാസികളുടെയും വീടുകള്‍ അഗ്നിക്കിരയാക്കി. പോര്‍ട്ട് ബ്ലയര്‍ ബോംബിടാന്‍ പദ്ധതി ഒരുക്കി. ഒടുവില്‍ നാരായണ്‍ റാവു എന്ന മുന്‍ സിവില്‍ പോലീസ് ഓഫീസര്‍ അലിയെ പിടിച്ചു നല്കാം എന്ന കരാറില്‍ ജപ്പാന്‍കാരെ അടക്കിനിര്‍ത്തി. അലിയെ പിടിച്ച് കൊടുക്കുകയും ചെയ്തു. അവര്‍ അലിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്നു. മാര്‍ച്ച് 25ന് ബസ്തിയിലെ മൈതാനിയില്‍ കാലത്ത് 9മണിക്ക് തടിച്ചുകൂടിയ ജനാവലിയുടെ മുന്നില്‍ വച്ച് സുള്‍ഫിക്കറിന്‍റെ മുഖത്തും തലയിലും മുഷ്ടി ചുരുട്ടി ഇടിച്ചും നിലത്തിട്ട് ബൂട്ടുകൊണ്ട് തൊഴിച്ചും വേദനിപ്പിച്ചു. ഒടുവില്‍ മൃതപ്രയനായ അയാളെ മൈതാനിയുടെ വടക്കുഭാഗത്ത് മുഖം തിരിച്ചു നിര്‍ത്തി പന്ത്രണ്ട് സൈനികര്‍ ഒന്നിച്ച് നിറയൊഴിച്ചു. അലിയുടെ ശരീരം കീറിത്തുളഞ്ഞ് രക്തത്തില്‍ കുളിച്ച് നിലം പതിച്ചു. ജഡം അവിടെത്തന്നെ മറവുചെയ്തു. അതോടെ ബ്രിട്ടീഷുകാരേക്കാള്‍ ക്രൂരരാണ് തങ്ങള്‍ എന്ന് ജപ്പാന്‍കാര്‍ തെളിയിച്ചു.
1942 മാര്‍ച്ച് 27ന് കമാന്‍ഡര്‍ ഇങ്ങനെ പ്രഖ്യാപിച്ചു,”അന്തമാനില്‍ ആകാശത്തിനു കീഴെയുള്ള എല്ലാ സ്ഥാവരജംഗമ സ്വത്തുക്കളും ജപ്പാന്‍ ഇംപീരിയല്‍ സര്‍ക്കാരിന് അവകാശപ്പെട്ടതാണ്. സ്വകാര്യആയുധങ്ങള്‍, വാഹനങ്ങള്‍,റേഡിയോ തുടങ്ങിയ വസ്തുക്കള്‍ ഉടന്‍ സൈനികര്‍ക്ക് മുന്നില്‍ സമര്‍പ്പിക്കണം.” ജപ്പാന്‍കാര്‍ ഉപയോഗിക്കാതിരിക്കാനായി വയര്‍ലസ്സ് സ്റ്റേഷന്‍ തകര്‍ത്ത ഉദ്യോഗസ്ഥരേയും ഭീകരമായി പീഡിപ്പിച്ചു കൊന്നു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഈര്‍ച്ചമില്ലാണ് ചാഥം ദ്വീപിലേത്. ഇത് തകര്‍ക്കാന്‍ ജപ്പാന്‍ ബോംബ് വച്ചിരുന്നു. ആയിരക്കണക്കിന് ആളുകളുടെ തൊഴില്‍ നഷ്ടപ്പെടാവുന്ന ഈ നിക്കം പരാജയപ്പെടുത്തിയത് ചീഫ് ഫോറസ്റ്റ് ഓഫീസര്‍ ദുര്‍ഗ്ഗാ പ്രസാദിന്‍റെ സമയോചിതമായ ഇടപെടലാണ്.
അന്തമാന്‍ ദ്വീപുകളുടെ സൈനിക പ്രാധാന്യം മനസ്സിലാക്കിയ ജപ്പാന്‍ പല പ്രധാന ഭാഗങ്ങളിലും താവളങ്ങള്‍ ഉറപ്പിച്ചു. ശത്രു വിമാനങ്ങളെയും പടക്കപ്പലുകളെയും പതിയിരുന്ന് ആക്രമിക്കാന്‍ ഉതകിയ കടല്‍ത്തീരങ്ങളിലും കുന്നിന്‍ പള്ളകളിലും കോണ്‍ക്രീറ്റില്‍ ശക്തിയുള്ള ബങ്കറുകള്‍ നിര്‍മ്മിച്ചു. ആകാശാക്രമണ പ്രതിരോധം ലാക്കാക്കി പീരങ്കികള്‍ സ്ഥാപിച്ചു. തുരങ്കങ്ങള്‍ പണിത് അവയില്‍ ആയുധങ്ങളും വെടിക്കോപ്പുകളും സംഭരിച്ചു വച്ചു.
ഡോക്ടര്‍ ദിവാന്‍ സിംഗിനെയാണ് ജപ്പാന്‍ ചീഫ് മെഡിക്കല്‍ ഓഫീസറായി വച്ചത്. അദ്ദേഹം അതിനകം തന്‍റെ നിസ്വാര്‍ത്ഥസേവനങ്ങളാല്‍ നാട്ടുകാര്‍ക്കിടയില്‍ ഗണനീയ സ്ഥാനം നേടിയിരുന്നു. തന്ത്രപ്രധാനമായ പല ചുമതലകളും ജപ്പാന്‍ അദ്ദേഹത്തിനു നല്കി. വിവിധ സാംസ്ക്കാരിക സമാധാന കമ്മിറ്റികളിലെ ഉന്നതസ്ഥാനങ്ങളും അദ്ദേഹം വഹിച്ചു.
ഈ സമയം ബ്രിട്ടന്‍ ശക്തമായ പ്രതിരോധമാണ് നടത്തിയത്. ജപ്പാന്‍കാര്‍ക്ക് ആയുധവും ഭക്ഷണവുമായി വന്ന കപ്പലുകള്‍ പലതും ബ്രിട്ടന്‍റെ മുങ്ങിക്കപ്പലുകള്‍ മുക്കി. അന്തര്‍വാഹിനി വഴി ഡെനിസ് മക്കാര്‍ത്തിയെന്ന ബ്രിട്ടീഷ് പോലീസ് ഓഫീസറും അന്തമാന്‍ ആര്‍മിയില്‍ ജോലി നോക്കിയിരുന്ന 5 പേരും ചാരന്മാരായി അന്തമാനില്‍ ഇറങ്ങി. അവര്‍ രഹസ്യങ്ങള്‍ ചോര്‍ത്തി ബ്രിട്ടന് കൈമാറി. ബ്രിട്ടീഷ് ഉപരോധവും ആക്രമണവും ജപ്പാന്‍ അധികൃതരെ അസഹിഷ്ണുക്കളാക്കി. അവര്‍ക്ക് വെള്ളക്കാരോടുള്ള പക വര്‍ദ്ധിച്ചു. അത് ദ്വീപുവാസികളോടുള്ള സമീപനത്തിലുമുണ്ടായി. ഭീകരമര്‍ദ്ദനമാണ് അവര്‍ അഴിച്ചുവിട്ടത്. ദിവാന്‍ സിംഗ് അതിനെ എതിര്‍ത്തു. അതോടെ അദ്ദേഹത്തെ ശത്രുവായി കാണാന്‍ തുടങ്ങി. മുന്‍ ചീഫ് കമ്മീഷണര്‍ വാട്ടര്‍ ഫാളിന്‍റെ സെക്രട്ടറി ബേഡ് ഈ സമയം വീട്ടുതടങ്കലിലായിരുന്നു. വീട്ടുതടങ്കലില്‍ നിന്നും രക്ഷപെടാന്‍ ശ്രമിക്കുക, ബ്രിട്ടീഷ് ഉന്നതാധികാരികള്‍ക്ക് സന്ദേശങ്ങള്‍ അയയ്ക്കുക, ബ്രിട്ടീഷുകാര്‍ അന്തമാന്‍ പിടിക്കുമെന്ന് കുപ്രചരണം നടത്തുക എന്നീ കുറ്റങ്ങള്‍ ചുമത്തി ബേഡിനെ പരസ്യവിചാരണ ചെയ്തു. ബേഡിന്‍റെ തോളെല്ലുകള്‍ അടിച്ചു തകര്‍ക്കുകയും നെരിയാണി ഒടിയും വരെ കാലുകള്‍ പിടിച്ചു തിരിച്ചു. മുഷ്ടി ചുരുട്ടി വയറ്റത്ത് അഞ്ഞിടിച്ചു. അവശനായി ജലം ആവശ്യപ്പെട്ടപ്പോള്‍ കൊണ്ടുവന്ന ജലം കൊണ്ട് കമാന്‍ഡര്‍ തന്‍റെ വാള്‍ കഴുകി. ആ വാളുകൊണ്ട് ബേഡിന്‍റെ കഴുത്തരിഞ്ഞു. ചുരുക്കത്തില്‍ ബ്രിട്ടീഷുകാരുടെയും ജപ്പാന്‍കാരുടെയും ക്രൂരതകളില്‍ ബലിയര്‍പ്പിക്കപ്പെട്ട ധീരദേശാഭിമാനികളുടെ ശ്മശാനമാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹം.
2 comments:
Informative
Thanks for reading it
Post a Comment