Thursday, October 30, 2014

Kautilya and Arthasasthra

കൌടില്ല്യനും  അര്‍ത്ഥശാസ്ത്രവും
  ബിസി അറുനൂറ്റി അന്‍പതില്‍ ജീവിച്ചിരുന്നു എന്നു വിശ്വസിക്കുന്ന വിഷ്ണുഗുപ്തനാണ് അര്‍ത്ഥശ്സ്ത്ര രചയിതാവായി അറിയപ്പെടുന്നത്. ചണകന്‍റെ മകനായിരുന്നതിനാല്‍ ചാണക്യനെന്നും കുടിലഗോത്രത്തില്‍ പിറന്നതിനാല്‍ കൌടില്ല്യനെന്നും ഇരട്ടപ്പേര്. ഇദ്ദേഹത്തിന്‍റെ ജന്മകഥകള്‍ പല വിധത്തില്‍ പ്രചാരത്തിലുണ്ട്.ബുദ്ധിമാനും എന്നാല്‍ അസുന്ദരനുമായ കേരള ബ്രാഹ്മണനായിരുന്നു എന്നാണ് ഒരു കഥ. തക്ഷശിലയില്‍ പഠിച്ച വടക്കേയിന്ത്യന്‍ ബ്രാഹ്മണനാണെന്നും ചിലര്‍ പറയുന്നു. പിറന്നപ്പോള്‍ വിഷ്ണുഗുപ്തന് മുഴുവന്‍ പല്ലുകളും ഉണ്ടായിരുന്നു എന്ന് ഒരൈതീഹ്യവുമുണ്ട്. ഇത് രാജലക്ഷണമായിരുന്നതിനാല്‍ കൊട്ടാരത്തിലറിഞ്ഞാല്‍ മകനെ കൊന്നുകളയുമെന്നു ഭയന്ന് മാതാപിതാക്കള്‍ പല്ലുകള്‍ പറിച്ച് മകനെ വിരൂപനാക്കിയെന്നും വേറൊരൈതീഹ്യം. ഏതായാലും രാജാവായില്ലെങ്കിലും രാജാവിനെ നിര്‍മ്മിച്ചവനായി കൌടില്ല്യന്‍.
നന്ദവംശത്തിലെ രാജ്ഞിയുമായി പ്രണയത്തിലായ ഒരു ക്ഷുരകന്‍ രാജാവിനെ വധിക്കുകയും രാജകുമാരന്മാരെ മരണത്തിനുവിട്ട് അധികാരമേല്ക്കുകയും ചെയ്തു. ധനന്ദനന്‍ എന്ന പേരില്‍ മഗധ ഭരിച്ച ഈ രാജാവിന്‍റെ സദസ്സില്‍ തന്‍റെ അറിവ് പ്രകടിപ്പിക്കാന്‍ എത്തിയ കൌടില്യനെ ഭക്ഷണത്തിനു മുന്നില്‍ നിന്നും രാജാവ് എഴുന്നേല്പ്പിച്ച് വിട്ടു. അപമാനിതനായ കൌടില്യന്‍ നന്ദവംശം നശിക്കാതെ തന്‍റെ കുടുമ കെട്ടില്ലെന്ന് ശപഥം ചെയ്തു. തുടര്‍ന്ന് രാജാവാകാന്‍ യോഗ്യനായ ഒരു കുട്ടിയെ തേടിയലഞ്ഞു. ആ യാത്രയിലാണ് അധികാരത്തിന്‍റെയും ആജ്ഞാശക്തിയുടെയും തീപ്പൊരികളുള്ള ചന്ദ്രഗുപ്തനെ ലഭിച്ചത്. കുട്ടിയെ തക്ഷശിലയില്‍ പഠിപ്പിച്ചു. തുടര്‍ന്ന് അവന്‍റെ നേതൃത്വത്തില്‍ സേനയുണ്ടാക്കി അയല്‍രാജ്യത്തിന്‍റെ സഹായത്തോടെ മഗധ ആക്രമിച്ച് കീഴടക്കി നന്ദനെ വധിച്ചുവെന്നും ചരിത്രം എഴുതുന്നു. തുടര്‍ന്നാണ് രാജഭരണത്തിനുള്ള നീതിവ്യവസ്ഥ കൌടില്യന്‍ എഴുതിയുണ്ടാക്കിയത്. അതാണ് അര്‍ത്ഥശാസ്ത്രം.
മനുഷ്യന്‍റെ ജീവസന്ധാരണ പ്രക്രിയയാണ് അവന്‍റെ സ്വത്തെന്ന് അര്‍ത്ഥശാസ്ത്രത്തില്‍ കൌടില്യന്‍ പറയുന്നു. ഭരണശാസ്ത്രം മാത്രമല്ല ധനശാസ്ത്രം കൂടിയാണ് കൌടില്യന്‍ എഴുതിയുണ്ടാക്കിയത്. വ്യവസായങ്ങള്‍,നികുതി,റവന്യൂശേഖരണം,ബജറ്റ് ,കണക്കുകള്‍ എല്ലാം അര്‍ത്ഥശാസ്ത്രം വിശദീകരിക്കുന്നുണ്ട്. ശക്തമായ ഖജനാവില്ലാത്ത രാജാവ് ജനങ്ങളെ കൊള്ളയടിക്കുമെന്ന് കൌടില്യന്‍ പറയുന്നു. ജനക്ഷേമവും നികുതി പിരിവും തമ്മിലൊരു സമതുലിതം നിലനിര്‍ത്തണമെന്നും അര്‍ത്ഥശാസ്ത്രകാരന്‍  എഴുതി. ശക്തമായ നീതിവ്യവസ്ഥയും ഭരണസംവിധാനവും ഒരു നാടിന് അനിവാര്യമാണ്. നീതിന്യായസംവിധാനം കുറ്റവാളികളെ അടക്കി നിര്‍ത്താന്‍ മാത്രമല്ലെന്നും ഭാര്യഭര്‍തൃബന്ധം,സ്വത്ത് കൈമാറ്റം,സ്ത്രീകളുടെ അവകാശം,ജോലിക്കാര്‍,അടിമകള്‍,കരാറുകാര്‍ എന്നിവരുടെ പ്രശ്നങ്ങള്‍, പൊതു പ്രശ്നങ്ങള്‍ എന്നിവയില്‍ നീതിപൂര്‍വ്വകമായ ഇടപെടല്‍ നടത്തേണ്ട സംവിധാനം കൂടിയായിരിക്കണമെന്നും അര്‍ത്ഥശാസ്ത്രം പറയുന്നു.
ഖജനാവിലേക്ക് പണം കൃത്യമായി എത്താന്‍ സംവിധാനം വേണമെന്നും ജീവനക്കാര്‍ കൃത്യത പാലിക്കുന്നത് ഉറപ്പാക്കണമെന്നും അധികാര ദുരുപയോഗം തടയണമെന്നും കൌടില്യന്‍ എഴുതുന്നു. അര്‍ഹിക്കുന്ന ശിക്ഷകള്‍ നല്കുന്ന രാജാവിനെ ഏവരും ആദരിക്കുമെന്നും പുതിയ ഇടങ്ങള്‍ വെട്ടിപ്പിടിക്കുന്നതിലൂടെയാണ് രാജ്യപുരോഗതി ഉണ്ടാവുകയെന്നും അര്‍ത്ഥശാസ്ത്രം വ്യക്തമാക്കുന്നു. രാജാവ് മരിച്ചാല്‍ പകരം സംവിധാനം ഉണ്ടായിട്ടേ വിവരം പുറത്തറിയാവൂ എന്നും അര്‍ത്ഥശാസ്ത്രം പറയുന്നുണ്ട്.
ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ അര്‍ത്ഥശാസ്ത്രം പഠനവിധേയമാക്കുമ്പോള്‍ , ജനങ്ങളുടെ അടിസ്ഥാന സ്വഭാവവും ഭരണത്തിന്‍റെ അടിസ്ഥാന രീതികളും മാറുന്നില്ല എന്നുകാണാന്‍ കഴിയും. അടിയന്തിര ഘട്ടങ്ങളില്‍ പണം സ്വരുക്കൂട്ടാന്‍ ജനങ്ങളില്‍ നിന്നും സംഭാവന പിരിക്കുന്നരീതിയും അന്ന് നിലനിന്നിരുന്നു.
ചാതുര്‍വര്‍ണ്ണ്യം ശക്തമായിരുന്ന കൌടില്യന്‍റെ കാലത്ത് ബ്രാഹ്മണര്‍ക്ക് എവിടെയും മുന്തിയ പരിഗണന ലഭിച്ചിരുന്നു. ക്ഷത്രിയരും വൈശ്യരും ശൂദ്രരും അവരുടെ സ്ഥാനങ്ങള്‍ക്കനുസരിച്ചുള്ള ആദരവെ നേടിയിരുന്നുള്ളു. ഒരേ തെറ്റിനുതന്നെ രണ്ടുതരം ശിക്ഷ നിലനിന്നിരുന്നു. ബ്രാഹ്മണര്‍ക്ക് താരതമ്യേന ലഘുവായ ശിക്ഷകളാണ് വിധിച്ചിരുന്നത്. ശൂദ്രന് താഴെ വരുന്ന സാധാരണ തൊഴിലാഴികളും അടിമകളും കാട്ടില്‍ വസിക്കുന്നവരും നിയമവ്യവസ്ഥകള്‍ക്ക് പുറത്തായിരുന്നു. അവര്‍ക്ക് നീതി നിഷേധിക്കപ്പെട്ടിരുന്നതായി കരുതാം.
പണ്ഡിതനെ മറ്റാരെക്കാളും ബഹുമാനിക്കണമെന്ന് അര്‍ത്ഥശാസ്ത്രം. രാജാവ് രാജകുമാരനോട് നീതി പുലര്‍ത്തിയില്ലെങ്കില്‍ കുമാരന് ക്ഷേത്രസ്വത്ത്പോലും മോഷ്ടിക്കാം,പക്ഷെ പണ്ഡിതന്‍റെ സ്വത്ത് എടുക്കാന്‍ പാടില്ല. ബ്രാഹ്മണന്‍റെ പ്രശ്നങ്ങളില്‍ പരാതി ലഭിച്ചില്ലെങ്കില്‍ പോലും സ്വമേധയ കോടതി ഇടപെടണം എന്നതായിരുന്നു അന്നത്തെ നീതി. ബ്രാഹ്മണന് ശൂദ്രസ്ത്രീയില്‍ ജനിക്കുന്ന പുത്രന് അയാളുടെ മൂന്നിലൊന്ന് സ്വത്തിനുമാത്രമെ അവകാശമുള്ളെന്നും ബാക്കി സ്വത്ത് ബ്രാഹ്മണ കുടുംബത്തിനാണെന്നും അര്‍ത്ഥശാസ്ത്രം പറയുന്നു. ബ്രാഹ്മണനെ ഉപദ്രവിക്കുന്നവര്‍ക്ക് കടുത്തശിക്ഷ നല്കിയിരുന്നു. എന്നാല്‍ ശൂദ്രന് മരണശിക്ഷ വിധിക്കുന്ന അതേ കുറ്റം ബ്രാഹ്മണന്‍ ചെയ്താല്‍ അയാളെ അന്ധനാക്കാന്‍ മാത്രമെ നിയമം അനുശാസിച്ചിരുന്നുള്ളു. ബ്രാഹ്മണന്‍റെ അടുക്കളയില്‍ കയറുന്ന ശൂദ്രന്‍റെ നാവ് പിഴുത് കളയുമായിരുന്നു. ശൂദ്രന്‍ ബ്രാഹ്മണ വേഷമിട്ടു നടന്നാല്‍ അയാളെ അന്ധനാക്കിയിരുന്നു.
ക്ഷത്രിയനും പ്രത്യേക അവകാശങ്ങളുണ്ടായിരുന്നു. ക്ഷത്രിയന്‍ ദുര്‍ബ്ബലനാണെങ്കിലും അവനെ ബഹുമാനിക്കണമെന്ന് നിയമമുണ്ടായിരുന്നു. രാജാവിന് എതിരാകുന്ന രാജകുമാരനെ കൊല്ലാന്‍ പാടില്ല,നാട് കടത്തുകയെയുള്ളു. പുത്രനില്ലാത്ത രാജാവ് ,കുടുംബത്തിലെ ഒരംഗത്തിനെയോ അയല്‍രാജ്യത്തെ രാജാവിനെയോ രാജ്ഞിയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ അനുവദിക്കണമെന്നും അതുവഴി പുത്രന്‍ ജനിക്കാന്‍ നടപടി സ്വീകരിക്കണമെന്നും കൌടില്യന്‍ എഴുതുന്നു. ഒറ്റ മകനാണുള്ളതെങ്കില്‍ യുദ്ധം തോറ്റാല്‍ മകനെ രക്ഷിച്ച് അച്ഛന്‍ കീഴടങ്ങണം അല്ലെങ്കില്‍ മകളെ ശത്രുവിന് കാഴ്ച വച്ച് മകനെ രക്ഷിക്കണം. രാജവിന്‍റെ ജാരപുത്രന്‍ മികവുള്ളവനും ഭാര്യാപുത്രന്‍ ശക്തികുറഞ്ഞവനുമായാലും ഭരണത്തില്‍ ഭാര്യാപുത്രന് മുന്‍ഗണന നല്കണം ,കാരണം അയാള്‍ ജനങ്ങളോട് കൂടുതല്‍ വിശ്വസ്ഥത പുലര്‍ത്തും എന്ന് ചാണക്യനീതി.
സദാചാര കാര്യങ്ങളും അര്‍ത്ഥശാസ്ത്രം രേഖപ്പെടുത്തുന്നു. വിദ്യാര്‍ത്ഥി ബ്രഹ്മചാരിയായിരിക്കണമെന്നും ഗുരുവിന്‍റെ ഭാര്യയെ പ്രാപിക്കുന്നവര്‍ക്ക് കടുത്തശിക്ഷ നല്കണമെന്നും അതില്‍ പറയുന്നു. പ്രാപിക്കുന്നവന്‍റെ വരിയുടയ്ക്കുകയും തുടര്‍ന്ന് മരണ ശിക്ഷ നല്കുകയും ചെയ്തിരുന്നു. അമ്മാവന്‍റെ ഭാര്യയെ പ്രാപിക്കുന്നവനും കനത്ത ശിക്ഷ നല്കിവന്നു.
സമ്പന്നരും പാവങ്ങളും തമ്മില്‍ വലിയ അന്തരം അന്നും നിലനിന്നിരുന്നു. നാല്പ്പത്തിയെണ്ണായിരം പണം വാര്‍ഷിക ശമ്പളമുള്ള ഉന്നതനും അറുപത് പണം മാത്രം ലഭിക്കുന്ന കുറഞ്ഞ ശമ്പളക്കാരനുമുണ്ടായിരുന്നു. ഇതിനും താഴെയായിരുന്നു അനാര്യന്മാരുടെ നില. സ്വകാര്യ വാഹനങ്ങള്‍ തീരെ കുറവായിരുന്ന ആ കാലത്ത് റോഡ് അഴുക്കാക്കുന്നവര്‍ക്ക് എട്ടിലൊന്ന് പണം ഫൈന്‍ ചുമത്തിയിരുന്നു. രാജകല്പ്പന അനുസരിക്കാത്ത സഭാവാസിക്ക് ഫൈന്‍ അഞ്ഞൂറ് പണമായിരുന്നു. നഗരത്തിലെ കെട്ടിടനിര്‍മ്മാണത്തില്‍ സാനിറ്റേഷന്‍,ശുചിത്വം എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യം നല്കിയിരുന്നു. അയല്‍ക്കാരന് ശല്യമാകുന്ന പ്രവര്‍ത്തി ചെയ്താല്‍ നാല്പ്പത്തിയെട്ട് പണം സര്‍ക്കാര്‍ ഈടാക്കിയിരുന്നു. അലക്ക്,വീട് വൃത്തിയാക്കല്‍ തുടങ്ങി ഓരോ ജോലിക്കും സര്‍ക്കാര്‍ ഫീസ് നിശ്ചയിച്ചിരുന്നു.
നഗരത്തിന്‍റെ നേതൃത്വം ഗവര്‍ണ്ണര്‍ ജനറലിനായിരുന്നു. ക്രമസമാധാനം,ലോഡ്ജിംഗ് നിയന്ത്രണം,കര്‍ഫ്യൂ,യാത്രാനിയന്ത്രണം,കുറ്റകൃത്യം തടയല്‍ എന്നിവ ഗവര്‍ണ്ണര്‍ ജനറലിന്‍റെ ഉത്തരവാദിത്തങ്ങളായിരുന്നു. സഹായിക്കാന്‍ നാല് ഡിവിഷണല്‍ ഓഫീസര്‍മാരും ഉണ്ടായിരുന്നു. അവര്‍ ഓരോ സെക്ഷനിലും താമസിക്കുന്നവരെകുറിച്ചുള്ള റെക്കോര്‍ഡുകള്‍ സൂക്ഷിച്ചിരുന്നു. ജനങ്ങളുടെ വരുമാനം,ചിലവ് തുടങ്ങിയവ സൂക്ഷ്മമായി വിലയിരുത്തി അഴിമതിക്കാരെ കണ്ടെത്തുക എന്ന ലക്ഷ്യം ഇതിനുണ്ടായിരുന്നു.
ക്ഷേത്രങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്കിയിരുന്നു. രാജാവും അധികാരികളും ഗ്രാമമുഖ്യന്മാരും ക്ഷേത്രപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം നല്‍കി. ക്ഷേത്രസ്വത്ത്, ക്ഷേത്രത്തിലെ ജീവജാലങ്ങള്‍ എന്നിവയ്ക്കും വലിയ പ്രാമുഖ്യമുണ്ടായിരുന്നു. ഉത്സവങ്ങള്‍ക്കുള്ള ചിലവ് ജനങ്ങള്‍ പങ്കിട്ടെടുക്കുകയായിരുന്നു. ഉത്സവത്തിന്‍റെ മറവില്‍ ആയുധകച്ചവടവും ശത്രുസംഹാരവുമൊക്കെ പതിവായിരുന്നു.ക്ഷേത്രമേല്‍നോട്ടം ചീഫ് സൂപ്രണ്ട് ഓഫ് ടെമ്പിള്‍സിനായിരുന്നു.
ഗ്രാമങ്ങളെ നിയന്ത്രിച്ചിരുന്നത് ചാന്‍സലറായിരുന്നു. അദ്ദേഹത്തിന്‍റെ കീഴില്‍ ഗവര്‍ണ്ണര്‍മാര്‍,റെക്കോര്‍ഡ് സൂക്ഷിപ്പുകാര്‍,ചാരന്മാര്‍ എന്നിവരുമുണ്ടായിരുന്നു. ഗ്രാമത്തലവനും മുതിര്‍ന്ന പൌരന്മാര്‍ക്കും ഉത്തരവാദിത്തങ്ങള്‍ നല്‍കിയിരുന്നു. ക്ഷേത്രഭരണം,അനാഥരായ കുട്ടികളുടെ സ്വത്ത് സംരക്ഷണം ,വസ്തുതര്‍ക്ക പരിഹാരം,വസ്തുകച്ചവട മേല്‍നോട്ടം തുടങ്ങിയവ മുതിര്‍ന്ന പൌരന്മാരാണ് നോക്കി നടത്തിയിരുന്നത്. ഗ്രാമത്തലവനാണ് ഗ്രാമാതിര്‍ത്തി സംരക്ഷണവും പുല്ലുമേയുന്ന കന്നുകാലികളുടെ നികുതി ഈടാക്കലും മോശക്കാരായ മനുഷ്യരെ നാടുകടത്തലും അനാഥസ്ത്രീകളുടെ സംരക്ഷണവുമൊക്കെ ഏറ്റെടുത്ത് നടത്തിയിരുന്നത്. പൊതുവായ വികസനത്തിന് എല്ലാ പൌരന്മാരില്‍ നിന്നും പണം പിരിച്ചിരുന്നു. അയല്‍ക്കാരനെ അത്യാവശ്യഘട്ടത്തില്‍ സഹായിക്കാതിരുന്നാലും അനാവശ്യമായി അയാളുടെ പ്രശ്നങ്ങളില്‍ ഇടപെട്ടാലും നൂറുപണം ശിക്ഷയുണ്ടായിരുന്നു.
ഭക്ഷണവസ്തുക്കള്‍ റേഷനായി നല്കിയിരുന്നു. ഒരു പുരുഷആര്യന് ഒരു കിലോ അരി,കാല്‍ ലിറ്റര്‍ സൂപ്പ് ,പതിനാറില്‍ ഒന്ന് ലിറ്റര്‍ വെണ്ണ അല്ലെങ്കില്‍ എണ്ണ,ഒരു നുള്ള് ഉപ്പ് എന്നിവ സൌജന്യമായി നല്കിയിരുന്നു.ഒരു വര്‍ഷത്തേക്ക് ഏറ്റവും കുറഞ്ഞ സര്‍ക്കാര്‍ ശമ്പളമായിരുന്ന അറുപത് പണം ലഭിക്കുന്നയാളിന് നാല്നേരം ഭക്ഷണത്തിനുള്ള തുക എന്ന നിലയിലാണ് ഇതിനെ കണക്കാക്കിയിരുന്നത്. ആര്യവര്‍ഗ്ഗത്തിലുള്ള പുരുഷന് നല്കുന്നതില്‍ കുറഞ്ഞ റേഷനായിരുന്നു താണവര്‍ഗ്ഗത്തിലുള്ള പുരുഷന്മാര്‍ക്ക് നല്കിയിരുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അതിലും കുറവായിരുന്നു റേഷന്‍.
ചൂതാട്ടവും വാതുവയ്പ്പും ചതിയാണെന്ന് ചാണക്യന്‍.എങ്കിലും പകിടകളി,കോഴിപ്പോര് തുടങ്ങിയ ഇനങ്ങള്‍ പ്രത്യേകം നിശ്ചയിച്ച ഇടങ്ങളില്‍ അനുവദിച്ചിരുന്നു. അനുവദിച്ച സ്ഥലത്തിന് പുറത്ത് പോരുകള്‍ നടത്തിയാല്‍ പന്ത്രണ്ട് പണം ശിക്ഷയുണ്ടായിരുന്നു. ചൂതാട്ടത്തിനും ഫീസ് ഈടാക്കിയിരുന്നു. ചൂതിന് നേതൃത്വം കൊടുക്കുന്നയാള്‍ സത്യസന്ധനായിരിക്കണമെന്ന് നിയമം നിഷ്ക്കര്‍ഷിച്ചിരുന്നു. വിജയി അഞ്ച് ശതമാനം നികുതി സര്‍ക്കാരിന് നല്കണമായിരുന്നു. ചതിചെയ്യുന്ന ഗാബ്ലിംഗ് മാസ്റ്റര്‍ക്ക് ചെറിയ ശിക്ഷയെ ഉണ്ടായിരുന്നുള്ളു,എന്നാല്‍ ഗാംബ്ലര്‍ ചതി ചെയ്താല്‍ കൈവെട്ടുമായിരുന്നു. അതൊഴിവാക്കണമെങ്കില്‍ നാനൂറ് പണം അടയ്ക്കേണ്ടിയിരുന്നു. ചീഫ് കണ്‍ട്രോളര്‍ ഓഫ് ഗാംബ്ലിംഗ് ആന്‍റ് ബെറ്റിംഗ് ആണ് ചൂതാട്ട കേന്ദ്രങ്ങള്‍ നിയന്ത്രിച്ചിരുന്നത്.
മദ്യത്തിന്‍റെ നിര്‍മ്മാണവും വില്പ്പനയും പൂര്‍ണ്ണമായും സര്‍ക്കാരാണ് നിര്‍വ്വഹിച്ചിരുന്നത്. വില്പ്പനകേന്ദ്രങ്ങള്‍ വളരെ വിപുലമായ സൌകര്യങ്ങള്‍ ഉള്ളവയായിരുന്നു. വലിയ മുറികളും കിടക്കകളും ഇരിപ്പിടങ്ങളുമുള്ള ബാറുകള്‍, പെര്‍ഫ്യൂം,പൂക്കള്‍ എന്നിവകൊണ്ട് മോടിപിടിപ്പിച്ചിരുന്നു. ശുദ്ധജലവും ലഭ്യമാക്കിയിരുന്നു. സുന്ദരികളായ സ്ത്രീകളാണ് മദ്യം വിളമ്പിയിരുന്നത്. മദ്യം പുറത്ത് കൊണ്ടുപോകാനോ മദ്യപിച്ചവര്‍ യാത്രചെയ്യാനോ അനുവദിച്ചിരുന്നില്ല. വളരെ മാന്യമായ പെരുമാറ്റമുള്ളവര്‍ക്ക് മാത്രം കുറഞ്ഞ അളവില്‍ മദ്യം വാങ്ങിക്കൊണ്ടുപോകാന്‍ അനുമതിയുണ്ടായിരുന്നു, മറ്റുള്ളവര്‍ ബാറിലിരുന്നുതന്നെ മദ്യം കഴിക്കണം. ചീഫ് കണ്‍ട്രോളര്‍ ഓഫ് ആള്‍ക്കഹോളിക് ബിവറേജസിനായിരുന്നു മേല്‍നോട്ടചുമതല.
സര്‍ക്കാര്‍ നേരിട്ട് നടത്തിയ മറ്റൊരു സ്ഥാപനം വേശ്യാലയമായിരുന്നു. വേശ്യാലയം ആരംഭിക്കാനും ആഭരണങ്ങള്‍ വാങ്ങാനുമൊക്കെയായി മുഖ്യഗണികയ്ക്ക് ആയിരം പണവും ഉപഗണികയ്ക്ക് അഞ്ഞൂറുപണവും സര്‍ക്കാര്‍  ഗ്രാന്‍റ് നല്കിയിരുന്നു. എന്നാല്‍ വേശ്യാലയത്തിലെ വരുമാനം സര്‍ക്കാരിലേക്ക് അടയ്ക്കണമെന്നായിരുന്നു നിയമം.ഗണികമാരുടെ ധൂര്‍ത്ത് ഒഴിവാക്കാന്‍ ചീഫ് കണ്‍ട്രോളര്‍ ഓഫ് എന്‍ടര്‍ടെയിന്‍മെന്‍റ് ശ്രദ്ധിച്ചിരുന്നു. യുദ്ധകാലത്ത് ഗണികകള്‍ സൈന്യത്തിനൊപ്പം പോവുകയും പട്ടാളക്കാരെ യുദ്ധം ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. വേശ്യാവൃത്തിയിലേക്ക് വരുന്ന സ്ത്രീക്ക് നൃത്തം,സംഗീതം,അഭിനയം,സാഹിത്യം,ചിത്രരചന,പെര്‍ഫ്യൂം നിര്‍മ്മാണം,ജ്യോതിഷം,മാല നിര്‍മ്മാണം,ഷാംപൂ നിര്‍മ്മാണം തുടങ്ങിയവയില്‍ ഇഷ്ടവിഷയങ്ങളില്‍ പരിശീലനം നല്കിയിരുന്നു. സുന്ദരിയായ ഏത് സ്ത്രീയെയും തലൈവിയായി നിയമിക്കാന്‍ രാജാവിന് അധികാരമുണ്ടായിരുന്നു. തലൈവിയുടെ സൌന്ദര്യത്തില്‍ ഭ്രമിച്ച് അവളെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നയാളിന് മോഹം നടക്കണമെങ്കില്‍ ഇരുപത്തി നാലായിരം പണം സര്‍ക്കാരിന് നല്കേണ്ടിയിരുന്നു. ഇത് ചെറിയ തുകയായിരുന്നില്ല.രാജാവിന്‍റെ അംഗരക്ഷകരുടെ മേധാവി,ചാന്‍സലര്‍,ട്രഷറര്‍ എന്നിവരുടെ ഒരു വര്‍ഷത്തെ  ശമ്പളത്തിന് തുല്യമായിരുന്നു ഈ തുക. തലൈവിക്ക് രാജാവിന്‍റെ പരിചാരികയായും നിയമനം ലഭിച്ചിരുന്നു. സൌന്ദര്യം,കഴിവ് എന്നിവ മാനദണ്ഡമാക്കി  ആയിരം മുതല്‍ മൂവായിരം പണം വരെയായിരുന്നു തലൈവിയുടെ ശമ്പളം. ഡോക്ടര്‍ക്കും ഉപദേശകനും ആസ്ഥാന കവിക്കും ജ്യോതിഷിക്കും ലഭിക്കുന്ന ശമ്പളത്തിന് തുല്യമായിരുന്നു ഈ തുക. തലൈവി സ്ഥാനമൊഴിയുമ്പോള്‍ അധികാരം മകള്‍ക്കോ സഹോദരിക്കോ ഉപതലൈവിക്കോ നല്കാം എന്നായിരുന്നു നിയമം. വേശ്യകള്‍ പുരുഷന്മാരോട് മോശമായി പെരുമാറാന്‍ പാടില്ലെന്നും പുരുഷനും ആ നിയമം പാലിക്കണമെന്നും അര്‍ത്ഥശാസ്ത്രം അനുശാസിക്കുന്നു. നിയമം ലംഘിക്കുന്ന കൂട്ടര്‍ക്ക് കടുത്ത ശിക്ഷകള്‍ നല്കിയിരുന്നു. എതിരാളികളെ കൊല്ലാനും ചാരപ്രവര്‍ത്തനത്തിനുമൊക്കെ വേശ്യസ്ത്രീകളെ ഉപയോഗിച്ചിരുന്നു.
സ്ത്രീകളുടെ അടിസ്ഥാനകര്‍മ്മം ആണ്‍കുട്ടികളെ ജനിപ്പിക്കുകയാണ് എന്ന് വിശ്വസിച്ചിരുന്നു.  പന്ത്രണ്ട് വര്‍ഷം ഒരാള്‍ക്ക് ഭാര്യയില്‍ പുത്രന്‍ ജനിക്കാതിരുന്നാല്‍ സ്ത്രീധനം മടക്കി നല്കാതെയും നഷ്ടപരിഹാരം നല്കാതെയും രണ്ടാം വിവാഹം കഴിക്കാമായിരുന്നു. ഒന്നില്‍ കൂടുതല്‍ ഭാര്യമാരുണ്ടെങ്കില്‍ കൂടുതല്‍ ആണ്‍മക്കളെ നല്കിയ ഭാര്യക്കായിരുന്നു സമൂഹത്തില്‍ മുന്‍ഗണന ലഭിച്ചിരുന്നത്. വിധവ പുനര്‍വിവാഹത്തിന് തീരുമാനിച്ചാല്‍ വിവാഹത്തിനുമുന്‍പ് സ്വത്ത് ആണ്‍മക്കള്‍ക്ക് നല്കണമെന്നായിരുന്നു തീരുമാനം.
സദാചാരനിയമങ്ങളും ശ്രദ്ധേയങ്ങളാണ്. വിവാഹ സമയം സ്ത്രീ കന്യകയായിരിക്കണം, അല്ലെങ്കില്‍ അന്‍പത്തിനാല് പണം സര്‍ക്കാരിലേക്കടയ്ക്കണമെന്നും വ്യവസ്ഥ ചെയ്തിരുന്നു. കന്യകയെന്നു നടിച്ച് ആദ്യരാത്രിയില്‍ മറ്റുവിധത്തില്‍ കിടക്കയില്‍ രക്തം പ്രദര്‍ശിപ്പിച്ചാല്‍ ഇരുനൂറ് പണമായിരുന്നു ശിക്ഷ. വധു കന്യകയല്ലെന്ന് പുരുഷന്‍ പ്രഖ്യാപിച്ചാല്‍ അത് തെളിയിക്കേണ്ടതുണ്ട്. തെറ്റാണെന്ന് തെളിഞ്ഞാല്‍ അയാളും പിഴയടക്കണം. പെണ്‍മക്കളോടും മരുമകളോടും അപമര്യാദയായി പെരുമാറുക,അമ്മ,സഹോദരി,അമ്മാവന്‍റെ ഭാര്യ,ഗുരുവിന്‍റെ ഭാര്യ എന്നിവരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുക തുടങ്ങിയവയ്ക്ക് മരണശിക്ഷ വിധിച്ചിരുന്നു. രാജ്ഞി,ബ്രാഹ്മണ സ്ത്രീ,സന്ന്യാസിനി എന്നിവരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചാലും മരണം ഉറപ്പായിരുന്നു. അടിമകളുമായും മറ്റ് താണജാതി പുരുഷന്മാരുമായും ബന്ധം സ്ഥാപിക്കുന്ന സ്ത്രീകള്‍ക്കും മരണം തന്നെയാണ് വിധിച്ചിരുന്നത്. സ്ത്രീ ദുര്‍ന്നടത്തക്കാരിയാണെങ്കില്‍  മൂക്കും ചെവിയും അരിഞ്ഞുകളയുമായിരുന്നു. എന്നാല്‍ വേശ്യയെ ബലാല്‍ക്കാരം ചെയ്താല്‍ പന്ത്രണ്ട് പണവും കൂട്ടബലാല്‍സംഗമാണെങ്കില്‍ ഇരുപത്തിനാല് പണവും പിഴയടച്ചാല്‍ മതിയായിരുന്നു. മറ്റ് ജോലികള്‍ ചെയ്ത് ജീവിക്കുന്ന സ്ത്രീയെ ബലാല്‍സംഗം ചെയ്താല്‍ നൂറുപണമായിരുന്നു പിഴ. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുന്ന പുരുഷന്‍റെ ചൂണ്ടുവിരലും നടുവിരലും മുറിച്ചുകളഞ്ഞിരുന്നു. പന്ത്രണ്ടില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടിയെ ഉപദ്രവിച്ചാല്‍ പുരുഷന്‍റെ കൈ മുറിച്ചു മാററിയിരുന്നു, കുട്ടി മരിച്ചുപോയാല്‍ മരണശിക്ഷ ഉറപ്പായിരുന്നു. നിയമപാലകര്‍ അടിമസ്ത്രീയെ ബലാല്‍സംഗം ചെയ്താല്‍ ചെറിയ ശിക്ഷയും ഉന്നതകുലജാതയെങ്കില്‍ മരണ ശിക്ഷയും നല്കിയിരുന്നു.
ഗര്‍ഭഛിദ്രം ശിക്ഷാര്‍ഹമായിരുന്നു. ഗര്‍ഭിണികള്‍ക്കും പ്രസവം കഴിഞ്ഞ സ്ത്രീക്കും പ്രത്യേക പരിഗണന നല്കിയിരുന്നു. ഫെറിയില്‍ സൌജന്യ യാത്രയും അനുവദിച്ചിരുന്നു. സ്ത്രീകളുടെ പ്രധാന തൊഴില്‍ മേഖല തുണിനിര്‍മ്മാണമായിരുന്നു. ചീഫ് ടെക്സ്റ്റയില്‍ കമ്മീഷണര്‍ അതിന് നേതൃത്വം നല്കി. ജോലിസ്ഥലത്ത് പുരുഷന്മാര്‍  സ്ത്രീകളെ നോക്കുകയോ ജോലി സംബ്ബന്ധിച്ചുള്ളതല്ലാത്ത കാര്യങ്ങള്‍ സംസാരിക്കുകയോ ചെയ്യാന്‍ പാടില്ലായിരുന്നു. വീട്ടിലിരുന്ന് തുണി നിര്‍മ്മാണം നടത്താനും അനുവദിച്ചിരുന്നു. എന്നാല്‍ ജോലിയില്‍ കളവുചെയ്യുന്നവരുടെ തള്ളവിരലും ചൂണ്ടുവിരലും മുറിച്ചുമാറ്റിയിരുന്നു. ചുരുക്കത്തില്‍ സ്ത്രീ രണ്ടാംതരം പൌരന്മാരായിരുന്നു, ക്രമേണ മനുസ്മൃതിയുടെ കാലമാകുമ്പോഴേക്കും അത് കുറേക്കൂടി അധഃപതിച്ചുവെന്നുപറയാം.
കണക്കുകള്‍ സൂക്ഷിക്കാനും പരിശോധന നടത്താനും ഉദ്യോഗസ്ഥരുടെ ചതികള്‍ കണ്ടെത്താനും ചീഫ് കണ്‍ട്രോളര്‍ ആന്‍റ് ഓഡിറ്റര്‍ അന്നുമുണ്ടായിരുന്നു. ശേഖരിക്കുന്നതില്‍ പകുതിഭാഗം ഭക്ഷ്യവസ്തുക്കള്‍ മോശകാലത്തേക്ക് കരുതലായി സൂക്ഷിക്കാന്‍ ചീഫ് സൂപ്രണ്ട് ഓഫ് വെയര്‍ഹൌസും ലാഭകരമായി കച്ചവടം നടക്കുന്നു എന്നുറപ്പാക്കാന്‍ ചീഫ് കണ്‍ട്രോളര്‍ ഓഫ് സ്റ്റേറ്റ് ട്രേഡിംഗും കള്ളനാണയം കണ്ടെത്താന്‍ കോയിന്‍ എക്സാമിനറും സര്‍ക്കാരിന്‍റെ ഭാഗമായുണ്ടായിരുന്നു. കള്ളനാണയം പ്രചരിപ്പിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്കിയിരുന്നു.
ഭൂമി കൂടുതലും സര്‍ക്കാര്‍ വശമായിരുന്നു. അതിന്‍റെ വില്പ്പന,വാങ്ങല്‍ തുടങ്ങിയവയുടെ മേല്‍നോട്ടം ചീഫ് സൂപ്രണ്ട് ഓഫ് ക്രൌണ്‍ ലാന്‍റിനായിരുന്നു. ത്രാസിലും തൂക്കത്തിലുമൊക്കെ കള്ളം ചെയ്യുന്നവരെ കണ്ടെത്താന്‍ ചീഫ് കണ്‍ട്രോളര്‍ ഓഫ് പ്രൈവറ്റ് ട്രേഡിംഗും ഉണ്ടായിരുന്നു. കൃഷിഭൂമി വെറുതെ ഇടുന്ന ഉടമയ്ക്കും പിഴ ഒടുക്കണമായിരുന്നു.
ഭരണാധികാരി പിതാവിനെപ്പോലെയാകണമെന്ന് അര്‍ത്ഥശാസ്ത്രം പറയുന്നു. അധര്‍മ്മം മുന്‍തൂക്കം നേടിയാല്‍ രാജാവ് നശിക്കും. അതിനാല്‍ പ്രജകളെ മക്കളെപോലെ നോക്കിനടത്തണമെന്നും ഉപദേശിച്ച് നന്നാക്കണമെന്നും കൌടില്യന്‍ അഭിപ്രായപ്പെടുന്നു. ആരെല്ലാം അഴിമതിക്കാരായി മാറാം എന്നും അര്‍ത്ഥശാസ്ത്രം പറയുന്നുണ്ട്. ഗ്രാമ ഓഫീസര്‍മാര്‍,വകുപ്പുമേധാവികള്‍,ജഡ്ജി,മജിസ്ട്രേറ്റ്,കള്ളസത്യം ചെയ്യുന്നവന്‍,അതിന് പ്രേരിപ്പിക്കുന്നവന്‍ ,അനധികൃത കൈയ്യേറ്റക്കാര്‍,മാന്ത്രികന്മാര്‍,ആഭിചാരക്രിയകള്‍ ചെയ്യുന്നവര്‍,ജയില്‍ അധികാരികള്‍,മരുന്നു വില്പ്പനക്കാര്‍,കള്ളനോട്ടുണ്ടാക്കുന്നവര്‍,വിലപിടിച്ച കല്ലുകളുടെ പകര്‍പ്പുകള്‍ ഉണ്ടാക്കുന്നവര്‍ എന്നിവരായിരുന്നു അന്ന് പട്ടികയില്‍ സ്ഥാനം പിടിച്ചവര്‍.
സര്‍ക്കാരിനുള്ള ബാധ്യതകളും ചാണക്യന്‍ നിശ്ചയിച്ചിരുന്നു. മദ്യക്കച്ചവടം നിയന്ത്രിക്കുക,ധൂര്‍ത്തന്മാരെ നിരീക്ഷിച്ച് ധൂര്‍ത്തിന്‍റെ ഉറവിടം കണ്ടെത്തി ശിക്ഷിക്കുക,മോഷ്ടാക്കളെ കണ്ടെത്തുക, കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ നഷ്ടപ്പെട്ടയാളിന് നഷ്ടപരിഹാരം നല്‍കുക,അനധികൃതമായി ആരെങ്കിലും സ്വത്ത് തട്ടിയെടുത്താല്‍ പ്രശ്നം പരിഹരിക്കുക,അതിന് കഴിയുന്നില്ലെങ്കില്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുക എന്നിങ്ങനെ നീളുന്നു ആ പട്ടിക. ഉദ്യോഗസ്ഥര്‍ എന്നും സംശയത്തിന്‍റെ നിഴലിലായിരുന്നെങ്കിലും മിടുക്കര്‍ക്ക് സ്ഥിരനിയമനവും സ്ഥാനക്കയറ്റവും നല്‍കിയിരുന്നു. ജോലിയിലിരിക്കെ മരിച്ചാല്‍ അയാളുടെ കുടുംബത്തിന്‍റെ സംരക്ഷണവും രാജാവ് നിര്‍വ്വഹിച്ചിരുന്നു. ജയില്‍വാസികള്‍ക്കും ഭേദപ്പെട്ട സൌകര്യങ്ങള്‍ ഒരുക്കണമെന്ന് അര്‍ത്ഥശാസ്ത്രം നിര്ദ്ദേശിച്ചിരുന്നു.
ഇതൊക്കെ നടപ്പിലാക്കിയിരുന്നൊ അതോ ചാണക്യന്‍ ഉപദേശരൂപേണ രാജാവിന് നല്‍കിയിരുന്ന നിര്‍ദ്ദശങ്ങളാണോ അര്‍ത്ഥശാസ്ത്രത്തിലുള്ളത് എന്നു വ്യക്തമല്ല. ഏതായാലും ഭരണഘടന വിഭാവന ചെയ്യുന്ന സുന്ദരലോകം നമുക്ക് ലഭിക്കാതെ പോകുന്നപോലെ ചാണക്യന്‍ അര്‍ത്ഥശാസ്ത്രത്തില്‍ പറയുന്ന ശരിതെറ്റുകളുടെ ലോകം രണ്ടായിരം വര്‍ഷം മുന്‍പുള്ള ജനതയ്ക്കും ലഭിച്ചിരിക്കാന്‍ സാദ്ധ്യത കുറവാണ്. എങ്കിലും അടിസ്ഥാനപരമായി ഒന്നുണ്ട്, ഏത് വ്യവസ്ഥിതിയിലും ഒരു ന്യൂനപക്ഷത്തിനാണ് ഭരണത്തിന്‍റെ ഗുണങ്ങള്‍ ലഭ്യമാവുക, ഭൂരിപക്ഷം അമ്പരന്നു നില്ക്കുന്ന കാഴ്ചക്കാര്‍ മാത്രം.

                                                                                                                                                 

Saturday, October 25, 2014

Deodar,mist and Dalailama

ദേവദാരുവും മഞ്ഞും ദലൈലാമയും
ദേവദാരുവിന്‍റെയും മഞ്ഞിന്‍റെയും നാടായ ഹിമാചല്‍.ഉയരങ്ങളില്‍ നിന്നും ഉയരങ്ങളിലേക്ക് നമ്മെ ഒരാവേശത്തോടെ വലിച്ചുകൊണ്ടുപോകുന്ന ആകര്‍ഷണ ഭൂമി. ആടിനെ മേയ്ച്ച് ജീവിക്കുന്ന പര്‍വ്വത പുത്രന്മാരും പുത്രികളും. വിനോദസഞ്ചാരം വികസിച്ച നിരവധി കേന്ദ്രങ്ങള്‍. സൌമ്യരും സത്യസന്ധരുമായ മനുഷ്യര്‍.ശാന്തമായ പ്രകൃതി. രാഷ്ട്രീയ വേലിയേറ്റങ്ങളില്ലാതെ ,രവിയും ബിയാസും ഒഴുകുന്ന നാട്.ദേവീക്ഷേത്രങ്ങള്‍ക്ക് പ്രാധാന്യമുള്ള ഹിമാചലില്‍ സ്ത്രീകള്‍ പൊതുവെ സുരക്ഷിതര്‍.
സിംലയും മണാലിയും സഞ്ചാരികള്‍ക്ക് പ്രിയതരം. എന്നാല്‍ ധരംശാലയും ഡല്‍ഹൌസിയും ബര്‍മോറും ഉള്‍പ്പെടുന്ന ഒരു വിനോദസഞ്ചാര ശൃംഖല സാഹസികര്‍ക്ക് പ്രിയമാകും.പൈന്‍മരങ്ങളുടെ സമൃദ്ധികൊണ്ടും ഈ മേഖല അന്താരാഷ്ട്ര പ്രശസ്തം. കംഗ്ര ജില്ലയുടെ ആസ്ഥാനമായ ധരംശാലയുടെ മൂന്നുവശവും മഞ്ഞുമലകളും എതിര്‍വശം മനോഹരമായ താഴ്വാരവുമാണ്. സമുദ്രനിരപ്പില്‍ നിന്നും നാലായിരത്തിയഞ്ഞൂറ് അടി ഉയരത്തിലുള്ള ധരംശാലയില്‍ ആയിരത്തിത്തൊള്ളായിരത്തി അഞ്ചില്‍ ഉണ്ടായ ഭൂമികുലുക്കം പലമലകളെയും പിടിച്ചുലയ്ക്കുകയുണ്ടായി. വളരെ പഴക്കം ചെന്ന ഭാഗ്സുനാഥ് ക്ഷേത്രത്തിനു പിന്നിലുള്ള ഭാഗ്സുനാഥ് വെള്ളച്ചാട്ടമാണ് പ്രധാന ആകര്ഷണം. ഉയരത്തില്‍ നിന്നും മഞ്ഞുരുകിയെത്തുന്ന ഈ ജലത്തിലെ കുളി എല്ലാ ക്ഷീണവും മാറ്റും എന്നതില്‍ സംശയമില്ല. ആയിരത്തി എണ്ണൂറ്റി അന്‍പത്തിരണ്ടില്‍ സ്ഥാപിതമായ സെന്‍റ് ജോണ്‍സ് പള്ളി മറ്റൊരാകര്‍ഷണമാണ്. പാറയും തടിയും കൊണ്ടു നിര്‍മ്മിച്ചിട്ടുള്ള ഈ പള്ളിയോടുചേര്‍ന്നാണ് ആയിരത്തി എണ്ണൂറ്റി അറുപത്തിമൂന്നില്‍ മരണപ്പെട്ട വൈസ്രോയി എല്‍ജിന്‍ പ്രഭുവിന്‍റെ ശവകുടീരം.
ദാല്‍ തടാകം അഴുക്ക് നിറഞ്ഞ് മോശമായി കിടക്കുകയാണ്.മത്സ്യങ്ങള്‍ ഓക്സിജന്‍ കിട്ടാതെ മരിക്കുന്നു.എന്നാല്‍ കുറെകൂടി ഉയരത്തിലുള്ള നഡ്ഡിയില്‍ നിന്നുള്ള കാഴ്ചകള്‍ മനോഹരം. ദലൈലാമയുടെ ആശ്രമത്തില്‍ തിബത്തന്‍ നിര്‍മ്മാണരീതികളൊന്നും ദൃശ്യമല്ല. തിബത്തിന്‍റെ ചെറുത്തു നില്പ്പിന്‍റെ കഥ പറയുന്ന കാഴ്ചബംഗ്ലാവ്,ബുദ്ധക്ഷേത്രം ,അവലോകിതേശ്വര മന്ത്രങ്ങള്‍ അടങ്ങിയ ലോഹഉരുളുകള്‍,പഞ്ചവാദ്യ സാമ്യമുള്ള താളങ്ങള്‍,പൂരപ്പറമ്പിലെ ആനകളുടെ ലക്ഷണമുള്ള രൂപങ്ങള്‍ എന്നിവ അവിടെ കണ്ടു. ബുദ്ധനുള്ള വഴിപാടില്‍ കൈതച്ചക്കയും ബിസ്ക്കിറ്റും പെപ്സിയും വരെ ഉള്‍പ്പെട്ടിരുന്നു.
താഴ്വാരത്തിലെ ശ്രീചാമുണ്ഡി നന്ദികേശ്വര്‍ ക്ഷേത്രത്തില്‍ നല്ല ഭക്തജനത്തിരക്കുണ്ടായിരുന്നു. ചേര്‍ന്നൊഴുകുന്ന പുഴയാണ് ഒരാകര്‍ഷണം. കാംഗ്രയില്‍ നിന്നും മുപ്പത് കിലോമീറ്റര്‍ അകലെയുള്ള ജ്വാലാമുഖി ക്ഷേത്രത്തില്‍ ഒരേ അളവില്‍ സ്ഥിരമായി പ്രകൃതിവാതകം പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്നു.വിശ്വാസികള്‍ക്ക് അത് ജ്വാലാമുഖി ദേവി. അവിടെത്തന്നെ താരാദേവി,ഭൈരവന്‍,ടേഡ എന്നിവരുടെ ക്ഷേത്രവുമുണ്ട്.
ഡല്‍ഹൌസി ബ്രിട്ടീഷുകാര്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന സുഖവാസകേന്ദ്രമാണ്. ധരംശാലയില്‍ നിന്ന് വീണ്ടും ഉയരങ്ങളിലേക്ക്. ഷാഹ്പൂര്‍,ഹാത്ത്ലി,സിഹുണ്ടു തുടങ്ങി മലകളും മഞ്ഞുമലകളും നോക്കെത്താ ദൂരം താഴ്വരകളും താണ്ടി ഡല്‍ഹൌസിയിലെത്തുമ്പോള്‍ പായലുകളും അടിക്കാടുകളും സമൃദ്ധമാക്കിയ വനസ്ഥലിയുടെ തണുപ്പ്. മഞ്ഞില്‍ ഒരല്പ്പനേരം കളിതമാശ.ദേവദാരുവിന്‍റെ ഈ നാട്ടിലാണ് ഖജ്ജിയാര്‍ വന്യമൃഗസംരക്ഷണകേന്ദ്രം. അവിടെനിന്നും ഇറങ്ങിയെത്തുന്നിടം ചമ്പ.ചമ്പയില്‍ നിന്നും ഇന്ത്യയുടെ സ്വിറ്റ്സര്‍ലാന്‍റ് എന്നറിയപ്പെടുന്ന ബര്‍മോറിലേക്കുള്ള യാത്ര സാഹസികം.ഇടുങ്ങിയ പാത, ഒരു വശം കുത്തിയൊഴുകുന്ന രവി നദിയും മറുവശം അപകടനിലയില്‍ ചരിഞ്ഞുനില്ക്കുന്ന പാറമലകളും.
ചമേര ജലവൈദ്യുതി പദ്ധതിയുടെ പണി നടക്കുന്നതിനാല്‍ റോഡിന്‍റെ സ്ഥിതി ദയനീയം. ലൂണ,ദുര്‍ഗഠി,ഘട്മുഖ്,ഓരോ ചെറുഗ്രാമങ്ങളും താണ്ടുമ്പോള്‍ സൂര്യന്‍ പിറകോട്ട് വലിയുകയായിരുന്നു. എന്നാല്‍ പൂര്‍ണ്ണചന്ദ്രന്‍ സഹായിയായി ഒപ്പമെത്തി. ബര്‍മോറിലെത്തുമ്പോള്‍ രാത്രി എട്ടുമണി.
തൊള്ളായിരത്തി ഇരുപത് മുതല്‍ നാനൂറുവര്‍ഷം ചമ്പയുടെ അധികാരകേന്ദ്രമായിരുന്നു ബര്‍മോര്‍. സ്തൂപികാഗ്രിത മരങ്ങളുടെ ചുറ്റാകെ മഞ്ഞുമൂടിക്കിടക്കുന്ന മലകള്‍. ലക്ഷ്മണാദേവിയുടെയും നരസിംഹാവതാരത്തിന്‍റെയും ക്ഷേത്രങ്ങള്‍ക്ക് ആയിരത്തി മൂന്നൂറു വര്‍ഷം പഴക്കം. തടിയില്‍ മനോഹര ശില്പ്പങ്ങള്‍ കൊത്തിയ ക്ഷേത്രങ്ങള്‍ക്ക് അപൂര്‍വ്വ ചാരുത. മണിമഹേഷ് ക്ഷേത്രത്തിലെ ശിവലിംഗവും നന്ദിയുടെ കൂറ്റന്‍ പ്രതിമയും ക്ഷേത്രസമുച്ചയത്തിന് മാറ്റുകൂട്ടുന്നു.

ബര്‍മോറില്‍ നിന്നും പതിനഞ്ച് കിലോമീറ്റര്‍ മാറി ഹട്സറില്‍ വരെ വാഹനങ്ങള്‍ പോകും.അവിടെനിന്നും പതിമൂന്ന് കിലോമീറ്ററ്‍ മലകയറിയാല്‍ മണിമഹേഷിലെത്താം. ഇവിടെയുള്ള തടാകത്തിലേക്ക് ഓരോ വര്‍ഷവും ലക്ഷക്കണക്കിനാളുകള്‍ തീര്‍ത്ഥാടനം നടത്തുന്നുണ്ട്. ഈ ഇടം സമുദ്ര നിരപ്പില്‍ നിന്നും പതിമൂവായിരത്തി അഞ്ഞൂറടി ഉയരെയാണ്. ആഗസ്റ്റ് സെപ്തംബര‍്‍ മാസങ്ങളില്‍ നടക്കുന്ന തീര്‍ത്ഥാടനത്തില്‍ മണിമഹേഷിലെത്തുന്നവര്‍ക്ക് കൈലാസം ദര്‍ശിച്ച് സായൂജ്യമടയാം എന്നു ഭക്തര്‍ പറയുന്നു. ഏതായാലും പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഇടം തന്നെയാണ് ബര്‍മോര്‍ എന്നതില്‍ സംശയമില്ല.എന്നാല്‍ മിക്ക സമയവും മഞ്ഞുമൂടിക്കിടക്കുന്ന ഈ പ്രദേശത്തെ ജനങ്ങള്‍ അര്‍ദ്ധ പട്ടിണിക്കാരാണ് എന്നത് സങ്കടകരമായ ഒരു സത്യമാണ്.  

Wednesday, October 22, 2014

Portuguese advancement in Kerala and its impact

പറങ്കികളുടെ മുന്നേറ്റം കേരള ജനതയിലുണ്ടാക്കിയ മാറ്റങ്ങള്‍
റേഡിയോയും ടെലിവിഷനും മൊബൈല്‍ ഫോണും ഇന്‍റര്‍നെറ്റും വരുന്നതിന് അനേക ശതാബ്ദങ്ങള്‍ക്കുമുന്‍പുതന്നെ കേരളം യൂറോപ്പുമായും മദ്ധേഷ്യന്‍ രാജ്യങ്ങളുമായും ചൈനയുമായും ബന്ധം സ്ഥാപിച്ചിരുന്നു എന്ന അറിവ് ഇന്ന് ചിന്തിക്കുമ്പോള്‍ ഒരത്ഭുതം തന്നെയാണ് എന്നു പറയാതെവയ്യ. റോമാസാമ്രാജ്യത്തിന്‍റെ പതനത്തോടെ യവന സൌഹൃദം ഏതാണ്ടവസാനിച്ചെങ്കിലും യൂറോപ്പില്‍ രൂപപ്പെട്ട ദേശരാഷ്ട്രങ്ങളുമായി വളരെവേഗം ബന്ധം സ്ഥാപിക്കാന്‍ കേരളത്തിന് കഴിഞ്ഞിരുന്നു. അതിന് കാരണമായത് മണ്‍സൂണും കുരുമുളകും മറ്റ് സുഗന്ധവ്യഞ്ജനങ്ങളുമാണ് എന്ന സത്യം കാണാതിരിക്കാന്‍ കഴിയില്ല. ഈ കാലത്ത് യൂറോപ്പിലൊട്ടാകെ ഔദ്യോഗിക മതം ക്രിസ്തുമതമായി മാറിയിരുന്നു. ക്രൈസ്തവ സഭയുടെ സ്വാധീനവും അധികാരവും അപ്രതിരോധ്യമായിരുന്നു.
 1498ന് ശേഷം ഒരു നൂറുവര്‍ഷം പ്രൊട്ടസ്റ്റന്‍റ് പ്രസ്ഥാനം വളരെ ശക്തിപ്പെട്ടു.എന്നാല്‍ റോമിലെ പോപ്പിന്‍റെ കത്തോലിക്കാചേരിയിലെ പോര്‍ച്ചുഗല്‍ കിഴക്കന്‍ ദേശത്തും സ്പെയിന്‍കാര്‍ അമേരിക്കന്‍ ഭൂഖണ്ഡത്തിലും ചുവടുറപ്പിച്ചു.രണ്ടുകൂട്ടരുടെയും ലക്ഷ്യങ്ങള്‍ക്ക് സമാനതകളുണ്ടായിരുന്നു.കച്ചവടത്തിലൂടെ ലാഭം നേടുക, ക്രിസ്തുമതവും സംസ്ക്കാരവും അടിച്ചേല്പ്പിക്കുക എന്നിവയായിരുന്നു ലക്ഷ്യം.അസംസ്കൃത വസ്തുക്കളുടെ കയറ്റുമതിയിലേക്ക് ഇവരുടെ ശ്രദ്ധ വന്നത് വ്യവസായ വിപ്ലവത്തിന് ശേഷമായിരുന്നു. ഇന്ത്യന്‍ സമൂഹത്തിന്‍റെ വ്യവസായ വത്ക്കരണം തുടങ്ങുന്നത് റെയില്‍വേയുടെയും ടെലഗ്രാഫിന്‍റെയും ഇറക്കുമതിയിലൂടെയാണ് എന്നു കാണാന്‍ കഴിയും.എന്നാല്‍ ഈ സവിശേഷതകള്‍ക്കെല്ലാം അപ്പുറത്തുള്ള ഒരു ജനസഞ്ചയമായിരുന്നു കേരളത്തിലേത്.ബ്രാഹ്മണമതം ഉണ്ടാക്കിത്തീര്‍ത്ത കടുത്ത അനീതികള്‍ നിറഞ്ഞ ജനവേര്‍തിരിവുകളും, മലകളും പുഴകളും വേര്‍പെടുത്തിയ ചെറുനാടുകളും ചേര്‍ന്ന് ഭാരതത്തിന്‍റെ മറ്റിടങ്ങളില്‍ നിന്നും കേരളത്തെ സാമൂഹികവും സാംസ്ക്കാരികവുമായി വേറിട്ടുനിര്‍ത്തിയിരുന്നു. ഈ വേര്‍തിരിവ് സാമ്പത്തികമായും ഉണ്ടായിരുന്നു.കുരുമുളകും സുഗന്ധവ്യഞ്ജനങ്ങളും തേടി നൂറ്റാണ്ടുകളായി വന്നുകൊണ്ടിരുന്ന സാഹസികരായ മനഷ്യരുടെ കൂട്ടായ്മകള്‍ ദ്രാവിഡരില്‍ നിന്നും വ്യത്യസ്തരായ ഒരു സമൂഹത്തെ തീരദേശങ്ങളില്‍ വളര്‍ത്തി വലുതാക്കിയിരുന്നു. കാലവര്‍ഷത്തിന്‍റെ ഗതിക്കൊത്തു നീങ്ങിയ കപ്പലുകളില്‍ വന്നുചേര്‍ന്നവര്‍ പശ്ചിമേഷ്യയേയും യൂറോപ്പിനേയും കേരളത്തിന്‍റെ അയല്ക്കാരാക്കി മാറ്റി. ചുരുക്കത്തില് ഭാരതത്തിന്‍റെ വ്യക്തിത്വത്തില്‍ നിന്നും വ്യത്യസ്തമായി  യഹൂദരും നസ്രാണികളും അറബികളും ചൈനക്കാരും പിന്നീട് യൂറോപ്യന്‍ രാജ്യക്കാരും ചേര്ന്ന് ഒരു ബഹുമുഖ വ്യക്തിത്വമാണ് കേരളീയ സമൂഹത്തിനുണ്ടായത്. 

തണുപ്പുകാലത്ത് രക്തത്തെ ചൂടുപിടിപ്പിക്കുന്ന കുരുമുളകിനുവേണ്ടി ആര്‍ത്തിയോടെ വന്നടുക്കുന്ന കപ്പലുകളുടെ കാഴ്ചകളായിരുന്നു അറബിക്കടലിന് പറയാനുണ്ടായിരുന്നത്. ഈ സമയം വടക്കുനിന്നും കടല്‍ക്കരയിലൂടെ ബ്രാഹ്മണസമൂഹവും കുടിയേറ്റം നടത്തുകയായിരുന്നു. അവര്‍ അവിടവിടെ ബ്രാഹ്മണഗ്രാമങ്ങള്‍ തന്നെ തീര്‍ത്തു. വാഗ്സാമര്‍ത്ഥ്യവും കുശാഗ്രബുദ്ധിയും ഉപയോഗിച്ച് അവര്‍ നാട്ടുകാരെയും പ്രമാണികളെയും വരുതിയില്‍ നിര്‍ത്തി.
യവനര്‍ക്കും യഹൂദര്‍ക്കും അറബികള്‍ക്കുമില്ലാത്ത ഒരു ആക്രമവാസന യൂറോപ്പുകാര്‍ക്കുണ്ടായിരുന്നു. അവര്‍ ആളുകളെ മതംമാറ്റുക മാത്രമല്ല വഴക്കുണ്ടാക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. ആദികാലത്ത് ക്രിസ്തീയമതം സ്വീകരിച്ചവരെ തള്ളിപ്പറയാനും അവരോട് കലഹിക്കാനും 1599ലെ ഉദയംപേരൂര്‍ സുനഹദോസിനെ പറങ്കികള്‍ ഉപയോഗിച്ചു. നസ്രാണികളില്‍ ഒരു ഭാഗം അവര്‍ക്കൊപ്പം കൂടി. മറ്റൊരു വിഭാഗം കൂനന്‍ കുരിശ് സത്യത്തിലൂടെ അവരുമായി കലഹിച്ചു. കടല്‍ക്കരയിലുള്ള ആയിരക്കണക്കിന് മീന്‍പിടുത്തക്കാരായ മുക്കുവരെയും അരയരെയും പറങ്കികള്‍ നിര്‍ബ്ബന്ധിതമായി മതം മാറ്റി. ഇത് പലവിധ സാമൂഹിക പ്രശ്നങ്ങള്‍ക്കും കാരണമാവുകയും ചെയ്തു.പറങ്കികളുടെ ഇടപെടല് സമത്വം സ്ഥാപിക്കാനോ പാവങ്ങളെ സഹായിക്കാനോ ആയിരുന്നില്ല. അത് രാഷ്ട്രീയവും സൈനികവുമായ താത്പ്പര്യങ്ങളില്‍ അധിഷ്ഠിതമായിരുന്നു. പോര്‍ച്ചുഗീസ്സുകാരുടെ ആക്രമസ്വഭാവം എന്നാല്‍ അറബികളില്‍ ഒരിക്കലുമുണ്ടായിരുന്നില്ല. നിര്‍ബ്ബന്ധിത മതപരിവര്‍ത്തനമോ വ്യാപാരബന്ധത്തിലെ അനാവശ്യ ഇടപെടലുകളോ നടത്താന്‍ അവര്‍ ശ്രമിച്ചിരുന്നില്ല. പോര്‍ച്ചുഗീസുകാരുടെ അഹങ്കാരവും തോന്ന്യാസവും നാടുവാഴികളെയും നാട്ടുകാരെയും വെറുപ്പിക്കാന്‍ മാത്രമെ ഇടയാക്കിയുള്ളു. ഇവരുടെ നീചസമീപനങ്ങളെ എതിര്‍ത്ത നസ്രാണികളും ജോനകരും കൂടുതലായി കേരളീയതയിലേക്ക് അടുക്കുകയാണുണ്ടായത്.അവരുടെ ഉത്ഭവത്തിലുള്ള വൈദേശികത്വം പരമാവധി കുറച്ചുകൊണ്ടുവരുവാനുള്ള ശ്രമങ്ങളാണ് അവര്‍ തുടര്‍ന്ന് നടത്തിയത്. വശ്വാസത്തിലുള്ള വ്യക്തിത്വത്തില് ഉറച്ചു നില്ക്കുകയും സമൂഹത്തിന്‍റെ പൊതുതാത്പ്പര്യങ്ങളില്‍ കൂട്ടായ്മയുണ്ടാവുകയും ചെയ്തു.

വിദേശികളുടെ,പ്രത്യേകിച്ചും പോര്‍ച്ചുഗീസ്സുകാരുടെ മോശമായ സമീപനങ്ങള്‍ ഉണ്ടായിട്ടും നാടുവാഴികള്‍ അവരുടെ കുടിപ്പക തീര്‍ക്കാന്‍ ഇക്കൂട്ടരെ ഉപയോഗിച്ചത് വഴി ജാതി വര്‍ഗ്ഗ സൌഹൃദങ്ങളില്‍ വിള്ളലുകള്‍‍ വീഴുകയും ഹിന്ദു-മുസ്ലിം സൌഹൃദത്തിന് ഉടവുതട്ടുകയുമുണ്ടായി. വ്യാപാരമേല്ക്കോയ്മയുണ്ടായിരുന്ന മുസ്ലീങ്ങള്‍ പാപ്പരാവുകയും നസ്രാണികള്‍ ആ സ്ഥാനം പിടിച്ചടക്കുകയും ചെയ്യുന്ന കാഴ്ച നമുക്ക് കാണാന്‍ കഴിയും. നമ്പൂതിരി ഗ്രാമങ്ങളിലും നാടുവാഴികളുടെ പിന്‍തുണ കുറഞ്ഞതോടെ തകര്‍ച്ചയുണ്ടായി. പടനായകന്മാര്‍ പ്രമാണിമാരായി. മലബാറില്‍ പടവെട്ടിയിരുന്ന ചേകോന്മാര്‍ക്ക് പ്രാമുഖ്യം കിട്ടി. നമ്പൂതിരിമാരുടെ സഹായികളായിനിന്ന നായന്മാര്‍ ധനവും സ്ഥാനമാനങ്ങളും നേടി സമൂഹത്തില് മേല്ക്കൈ നേടി.

ഈ കാലത്തുതന്നെയാണ് എഴുത്തിനും വായനയ്ക്കും ഭക്തിക്കും പ്രാധാന്യം കൂടിവന്നത്. ഹിന്ദു ആത്മീയമായി ഉയിര്‍ത്തെഴുന്നേറ്റ കാലമെന്നു പറയാം. തുഞ്ചത്തെഴുത്തച്ഛന്‍റെ ഇതിഹാസ പുരാണ തര്‍ജ്ജമകള്‍ സാധാരണക്കാരിലേക്ക് ഇറങ്ങിച്ചെന്നു. സംസ്കൃതത്തിന്‍റെ ആഢ്യലോകം മാത്രമറിഞ്ഞിരുന്ന കാര്യങ്ങള്‍ ഒരത്ഭുതം പോലെ അവരിലെത്തി. ധാര്‍മ്മികമായ അധഃപതനവും അത്യാര്‍ത്തിയും അധികാരക്കൊതിയുമൊക്കെ അന്നുമുണ്ടായിരുന്നു. പൂന്താനം ജ്ഞാനപ്പാനയിലൂടെ ഇത് സാധാരണക്കാരുടെ ചിന്താമണ്ഡലത്തില്‍ എത്തിച്ചു. അവര്‍ ജീവിതത്തിലെ ഭൌതികസുഖങ്ങളുടെ അര്‍ത്ഥരാഹിത്യം മനസ്സിലാക്കി. പൂന്താനത്തിന്‍റെ ഭക്തിയും എഴുത്തച്ഛന്‍റെ ഭക്തിയും രണ്ടുതരത്തില്‍ സമൂഹത്തെ സ്വാധീനിച്ചു. ഒരു സമൂഹം എങ്ങിനെയായിരിക്കണം,ഭരണാധികാരിയുടെ സമീപനം എന്താകണം എന്നൊക്കെ ഇതിഹാസ വിവര്‍ത്തനത്തിലൂടെ എഴുത്തച്ഛന്‍ പഠിപ്പിച്ചപ്പോള്‍, ഏതൊരുവിധത്തില്‍ പുരോഗമിക്കാന്‍ മനുഷ്യന്‍ ശ്രമിച്ചാലും അന്തിമമായി ഒക്കെയും വ്യര്‍ത്ഥമാണെന്നും എല്ലാം  ഭഗവാനില്‍ അര്‍പ്പിക്കുന്നവനേ  ആത്മശാന്തിയുള്ളുവെന്നുമുള്ള സമീപനമായിരുന്നു പൂന്താനത്തിന്‍റേത്.

പറങ്കികള് പീരങ്കികള്‍  ഉപയോഗിച്ച് നാട്ടാരെയും നാടുവാഴികളെയും മുള്‍മുനയില്‍ നിര്‍ത്തിയ അതേ കാലത്തുതന്നെയാണ് മതവിദ്യാഭ്യാസ പ്രചരണത്തിനായി കേരളത്തില്‍ അച്ചുകൂടങ്ങള്‍ എത്തിയതും. അവര്‍ അച്ചടിച്ച് പ്രചരിപ്പിച്ച കാര്യങ്ങള്‍ ആയുധത്തേക്കാള്‍ ശക്തമായി ജനങ്ങളിലെത്തി. അത് നാടിന്‍റെ പാരമ്പര്യ സമീപനങ്ങളെ മാറ്റിമറിച്ചു. എന്നാല് പില്‍ക്കാലത്ത് ഇതേ അച്ചടി വിദ്യതന്നെ കേരളീയ സംസ്ക്കാരത്തിന്‍റെ ഈടുറപ്പിന് സഹായകമായി. നാടിന്‍റെ സാഹിത്യവും കലയും മഹത്തുക്കളുടെ ആശയപ്രചരണവുമെല്ലാം വേഗത്തിലാക്കിയത് ഈ അച്ചടി തന്നെയായിരുന്നു. മിഷണറിമാര്‍ നിര്‍ബ്ബന്ധിച്ച് മതം മാറ്റിയ മുക്കുവര്‍ ആ സംവിധാനത്തില്‍ തുടര്‍ന്നെങ്കിലും അതിന് ഇടയാക്കിയ സാമൂഹ്യ വ്യവസ്ഥിതിയില്‍ മാറ്റം വരുത്താന്‍ കേരളത്തെ പ്രേരിപ്പിച്ചത് ഈ മതം മാറ്റം തന്നെയായിരുന്നു. ചാതുര്‍വര്‍ണ്ണ്യവും അടിമത്തവും തൊട്ടുകൂടായ്മയും നിലനിന്ന സമൂഹം പെട്ടെന്നൊരു മാറ്റത്തിന് തയ്യാറാകാന്‍ , സാമൂഹികവും സാംസ്ക്കാരികവും വിദ്യാഭ്യസപരവുമായ ഉയിര്‍ത്തെഴുനേല്പ്പിന് തയ്യാറാകാന്‍ കാരണമായത് മിഷണറിമാരുടെ ഇടപെടലിലൂടെ നടന്ന ,വന്‍തോതിലുള്ള മതപരിവര്‍ത്തനമായിരുന്നു എന്ന് നിസംശയം പറയാന്‍ കഴിയും .