Friday, May 16, 2014

Kallanthattil Gurukkal and Marthanda Varma

കല്ലന്താട്ടില്‍  ഗുരുക്കള്‍

കോഴിക്കോട് കളരിയില്‍ പയറ്റ് പഠിക്കാന്‍ ചേര്‍ന്ന ഒരു ബ്രാഹ്മണനോട് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഗുരു ചോദിച്ചു, ഇപ്പോള്‍ എത്രപേരെ നേരിടാന്‍ കഴിയും. പതിനായിരം എന്നായിരുന്നു ശിഷ്യന്‍റെ മറുപടി.പോരാ,ഇനിയുമേറെ പഠിക്കാനുണ്ട് എന്നായി ഗുരു. അയാള്‍ പഠനം തുടര്‍ന്നു.അടുത്ത വര്‍ഷം അതായിരമായി. അതിനടുത്ത വര്‍ഷം നൂറും തുടര്‍ന്നുള്ള വര്‍ഷം അന്‍പതുമായി ചുരുങ്ങി. ഇത്തരത്തില്‍ പഠനം തുടര്‍ന്ന് പന്ത്രണ്ട് വര്‍ഷമായപ്പോള്‍, ഒരു പയറ്റുകാരന്‍ വന്നാല്‍ നേരിടാമെന്ന വിശ്വാസം എനിക്കുണ്ട് ഗുരോ എന്ന് പറയത്തക്കവിധം അയാള്‍ പക്വതയാര്‍ന്നു. എന്നിട്ടും പഠനം അവസാനിപ്പിച്ചില്ല. ഒടുവില്‍ ശരീരം തന്നെ കണ്ണായി മാറുന്ന നിലയിലെത്തി. ഒരു ദിവസം എണ്ണതേച്ച് കുളിക്കാന്‍ പോയ നമ്പൂതിരിയെ രണ്ട് പട്ടാളക്കാര് കുന്തവുമായി ആക്രമിച്ചു. അതിനെ പ്രതിരോധിച്ചതോടെ പഠനം പൂര്‍ണ്ണമായതായി ഗുരു പ്രഖ്യാപിച്ചു. തുടര്‍ന്ന് കായംകുളത്തെത്തിയ അയാള്‍ അവിടെ കുറേപേര്‍ക്ക് പരിശീലനം നല്കി. അതിനുശേഷം പത്മനാഭപുരത്തെത്തി. മാര്‍ത്താണ്ഡ വര്‍മ്മയെ മുഖം കാണിക്കാന്‍ സമയം ചോദിച്ചു. നാളെ ഉച്ചയ്ക്ക് മതിലകത്ത് കാണാം എന്നായിരുന്നു മറുപടി. അയാള്‍ അടുത്ത ദിവസം വാളും പരിചയുമായി കൊട്ടാരത്തില്‍ എത്തിയപ്പോള്‍, നാല് ഗേറ്റും അടച്ചിട്ടിരിക്കുന്നതായി കണ്ടു. രാജാവിന്‍റെ പരീക്ഷണമാണ് ഇതെന്ന് അയാള്‍ക്ക് മനസ്സിലായി. അയാള്‍ ഒരു പറന്നുചാട്ടം നടത്തി മതിലിനു മുകളിലെത്തി. അപ്പോഴാണ് ഉള്‍ഭാഗത്ത് കന്തങ്ങള്‍ കുത്തി നിര്‍ത്തിയിരിക്കുന്നത് കണ്ടത്. ഉടന്‍ പരിചയുടെ സഹായത്തോടെ കുന്തത്തിന്‍ മുകളില്‍ താത്ക്കാലികമായെത്തി വീണ്ടും മറിഞ്ഞ് മതിലില്‍ തിരിച്ചെത്തി മടങ്ങാന്‍ തീരുമാനിച്ചു. അപ്പോള്‍ ഈ കാഴ്ചകള്‍ കണ്ട് ഒളിച്ചിരുന്ന രാജാവ് മുന്നോട്ടുവന്ന് അദ്ദേഹത്തെ അഭിനന്ദിച്ചു. മരുമകന്‍ രാമവര്‍മ്മയുടെ  ഗുരുവാക്കുകയും ചെയ്തു. പ്രശസ്തനായ ഈ ഗുരുവാണ് കല്ലന്താട്ടില്‍ ഗുരുക്കള്‍. 

Thursday, May 15, 2014

Kakkasseri Bhattathiri

 തളിയിലെ പണ്ഡിത സദസ്സും   കാക്കശ്ശേരി ഭട്ടതിരിയും
മാനവിക്രമന്‍ കോഴിക്കോട് ഭരിക്കുന്ന കാലം. എല്ലാ വര്‍ഷവും തളിക്ഷേത്രത്തില്‍ അദ്ദേഹം പണ്ഡിത സദസ്സ് സംഘടിപ്പിക്കുമായിരുന്നു. മത്സര വിജയിക്ക് 108 സമ്മാനങ്ങളും മുതിര്‍ന്ന പണ്ഡിതന് പ്രത്യേക സമ്മാനവും നല്കി വന്നു. ആദ്യമൊക്കെ പ്രാദേശിക ബ്രാഹ്മണരാണ് വിജയികളായിരുന്നത്. എന്നാല്‍ കാലം കടന്നുപോകെ അന്യദേശക്കാര്‍ നേട്ടം കൈവരിക്കാന്‍ തുടങ്ങി. അത്തരത്തില്‍ നാട്ടിലെത്തിയ ഉദ്ദണ്ഡന്‍ എന്ന പണ്ഡിതന്‍ അസാമാന്യ ബുദ്ധി പ്രദര്‍ശിപ്പിച്ചു. സംതൃപ്നായ രാജാവ് അയാളെ കൊട്ടാരത്തില്‍ താമസിപ്പിച്ചു. തുടര്‍ന്ന് അനേക വര്‍ഷം ഇയാള് തന്നെയായിരുന്നു വിജയി.
പ്രദേശിക ബ്രാഹ്മണര്‍ക്ക് ഇത് സഹിക്കാന്‍ കഴിയാതെയായി. അവര്‍ ഒരിക്കല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കൂടി ഇതിനൊരു പരിഹാരം കാണണമെന്ന് ചിന്തിച്ചു. അവിടെ ഉണ്ടായ അഭിപ്രായ സമന്വയത്തിന്‍റെ ഭാഗമായി അപ്പേള്‍ ഗര്‍ഭിണിയായിരുന്ന ഒരു അന്തര്‍ജനത്തിന് നിത്യവും മന്ത്രം ജപിച്ച വെണ്ണ നല്കാനും ആ കുട്ടിയുടെ ബുദ്ധി വികാസത്തിനായി നിത്യവും ഗുരുവായൂരപ്പനെ പ്രാര്‍ത്ഥിക്കാനും തീരുമാനിച്ചു. ഇത് നടപ്പാക്കുകയും ചെയ്തു. തുടര്‍ന്ന് ഒരു കുമാരന്‍ ജനിച്ചു. അവന്‍ മിടുക്കനായി വളര്‍ന്നു. നല്ല പഠനവും അവന് ഏര്‍പ്പാടാക്കി. അവന് മൂന്നു വയസ്സുള്ളപ്പോള് അച്ഛന്‍ മരിച്ചു. തുടര്‍ന്നുള്ള കര്‍മ്മങ്ങള്‍ അനുഷ്ടിച്ചത് അവന്‍ തന്നെയായിരുന്നു. ഓരോ ദിവസവും ബലിച്ചോറുണ്ണാന്‍ വരുന്ന കാക്കകളെ വേര്‍തിരിച്ചറിയാനുള്ള കഴിവ് അവന്‍ പ്രദര്‍ശിപ്പിച്ചു. മറ്റുള്ളവര്‍ക്ക് അതൊരത്ഭുതമായി തോന്നി. അങ്ങിനെ ആളുകള്‍ അദ്ദേഹത്തെ കാക്കശ്ശേരി ഭട്ടതിരി എന്നു വിളിക്കാന്‍ തുടങ്ങി. സാധാരണ നിലയില്‍  ഉപനയനം എട്ടുവയസ്സിലാണ് നടക്കാറുള്ളത്. എന്നാല്‍ ഭട്ടതിരിയുടെ ഉപനയനം അഞ്ചര വയസ്സുള്ളപ്പോള്‍ നടന്നു. അതിനും മുന്‍പെ തന്നെ പഠനം തുടങ്ങിയിരുന്നു. അസാമാന്യ ബുദ്ധി പ്രദര്‍ശിപ്പിച്ച ഭട്ടതിരി ചെറുപ്പത്തില്‍ തന്നെ ഉദ്ദണ്ഡനുമായി മത്സരിക്കാന്‍ പ്രാപ്തനായി.
ഉദ്ദണ്ഡന്‍ മത്സരത്തിനു വരുമ്പോള്‍ ഒരു തത്തയെ കൊണ്ടുവരുകയും മത്സരത്തിന് കൂട്ടായി ഉപയോഗിക്കുകയും ചെയ്തിരുന്നു. ഇതറിയാവുന്ന ഭട്ടതിരി ഒരു പൂച്ചയുമായാണ് മത്സരത്തിന് പോയത്. ഉദ്ദണ്ഡന് ബാലനെ കളിയാക്കാന്‍ ശ്രമിച്ചപ്പോള്‍ അയാളും കുറിക്കുകൊള്ളുന്ന മറുപടി നല്കി. ഉദ്ദണ്ഡന്‍ തത്തയെ മുന്നോട്ടു നിര്‍ത്തിയപ്പോള്‍ ഭട്ടതിരി പൂച്ചയെ നീക്കി നിര്‍ത്തി. തത്ത ഭയന്ന് പിന്മാറി. വാഗ്വാദത്തില്‍ ഏര്‍പ്പെട്ട അവര്‍ ഇഞ്ചോടിഞ്ച് പോരാടി,ഒടുവില്‍ ഭട്ടതിരി മേല്ക്കൈ നേടി. തുടര്‍ന്ന് രാജാവ് ഇടപെട്ടു. രഘുവംശത്തിലെ ആദ്യവരികള്‍ക്ക് പരമാവധി വിശദീകരണം നല്കുന്നവര്‍ വിജയിയാവുമെന്ന് രാജാവ് പ്രഖ്യാപിച്ചു. ഉദ്ദണ്ഡന്‍ നാല് വിശദീകരണം നല്കിയപ്പോള്‍ ഭട്ടതിരി എട്ട് വിശദീകരണം നല്കി. അതോടെ ഉദ്ദണ്ഡന്‍ അടിയറവ് പറഞ്ഞു. ഭട്ടതിരി 108 സമ്മാനങ്ങളും നേടി. മുതിര്‍ന്നയാള്‍ക്കുള്ള നൂറ്റയൊന്‍പതാമത് സമ്മാനം ഉദ്ദണ്ഡന് നല്കാനുള്ള രാജാവിന്‍റെ തീരുമാനത്തെയും ഭട്ടതിരി എതിര്‍ത്തു. പ്രായത്തില്‍ മൂത്തയാളിനാണ് നല്കുന്നതെങ്കില്‍ തന്നോടൊപ്പം വന്ന വേലക്കാരന് നല്കണം,അദ്ദേഹത്തിന് എണ്‍പത്തിരണ്ട് വയസ്സുണ്ട് എന്നായി ഭട്ടതിരി. അതല്ല,അറിവിന്‍റെ പൂര്‍ണ്ണതയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ആ സമ്മാനവും തനിക്ക് തന്നെ വേണമെന്നും ശഠിച്ചു. രാജാവിന് വഴങ്ങേണ്ടി വന്നു.തുടര്‍ന്ന് അനേകകാലം ആ ബഹുമതി ഭട്ടതിരിക്ക് സ്വന്തമായിരുന്നു.

ഭട്ടതിരിയുടെ ഗ്രഹണശക്തി തെളിയിക്കുന്ന ഒരു സംഭവം ഇങ്ങനെ. അദ്ദേഹം ഒരിക്കല്‍ ഒരന്യനാട്ടില്‍ എത്തി. അവിടെ രണ്ടു കൂട്ടര്‍ തമ്മിലൊരു കലഹം നടന്നു. വ്യത്യസ്ത ഭാഷക്കാരായിരുന്നു അവര്‍.തര്‍ക്കം തീര്‍ക്കാന്‍ രാജാവിന് മുന്നിലെത്തിയപ്പോള്‍ രണ്ടു കൂട്ടരുടെയും വാദം കേട്ടശേഷം രാജാവ് സാക്ഷിയായിരുന്ന ഭട്ടതിരിയെ വിളിപ്പിച്ചു. ഭാഷ അറിയില്ലെങ്കിലും അവര്‍ തമ്മില്‍ പറഞ്ഞ കാര്യങ്ങള്‍ അണുവിട തെറ്റാതെ ഭട്ടതിരി രാജാവിനു മുന്നില്‍ അവതരിപ്പിച്ചു എന്നാണ് ഐതീഹ്യം. ജാതി മത ഭേദങ്ങള്‍ക്ക് അതീതനായിരുന്നു ഭട്ടതിരി. അതുകൊണ്ടു തന്നെ നമ്പൂതിരിമാര്‍ ഒടുവില്‍ അദ്ദേഹത്തെ ജാതിഭ്രഷ്ടനാക്കി. അതോടെ അദ്ദേഹം നാടുവിട്ടു പോയി എന്നാണ് വിശ്വാസം. 

Wednesday, May 14, 2014

Serpant Illam and nagarcovil temple

പാമ്പ്മേക്കാവും  നാഗര്‍കോവിലും
ദാരിദ്യത്തിലായിരുന്ന മേക്കാട്ട് നമ്പൂതിരി ദുരിതം മാറാനായി തിരുവഞ്ചിക്കുളം ക്ഷേത്രത്തില്‍ ഭജനമിരുന്നു. പന്ത്രണ്ട് വര്‍ഷം നീണ്ട ഭജന. ഒരു ദിവസം രാത്രി വൈകി അമ്പലക്കുളത്തില്‍ വെള്ളമെടുക്കാന്‍ പോയ നമ്പൂതിരി അവിടെ ദിവ്യത്വമുള്ള ഒരു വ്യക്തിയെ കണ്ടു. ആരെന്ന ചോദ്യത്തിന് മറുപടി കിട്ടിയില്ല. അയാളുടെ കൈയ്യിലെ തിളങ്ങുന്ന കല്ല് കണ്ട് ഇതെന്താണ് എന്ന് നമ്പൂതിരി അടുത്ത ചോദ്യമെറിഞ്ഞു. വൈരക്കല്ലെന്നായിരുന്നു മറുപടി. ഒന്നു നോക്കാന്‍ തരുമോ എന്ന് നമ്പൂതിരി ചോദിച്ചു. തരാം പക്ഷെ വേഗം തിരികെ തരണം എന്നായി അപരിചിതന്‍. വൈരം കൈയ്യില്‍ വാങ്ങിയ നമ്പൂതിരിക്ക് അത് കൊടുങ്ങല്ലൂര്‍  തമ്പുരാനെക്കൂടി കാണിക്കണം എന്നായി മോഹം. വേഗം തിരികെയെത്താം എന്ന് നമ്പൂതിരി വാഗ്ദാനം ചെയ്തതിന്‍ പ്രകാരം വൈരവുമായി പോകാന്‍ അയാള്‍ സമ്മതിച്ചു. രാത്രിയില്‍ തന്നെ രാജസന്നിധിയില്‍ എത്തി വൈരം കാണിച്ചു. രാജാവിന് അത് സ്വന്തമാക്കാന്‍ മോഹമുണ്ടായെങ്കിലും നമ്പൂതിരി അതനുവദിക്കാതെ തിരികെ വാങ്ങി. വേഗം കുളക്കടവിലെത്തി വൈരം കൈമാറി. അയാള്‍ ഉടന്‍ അപ്രത്യക്ഷനുമായി. നമ്പൂതിരി അമ്പലത്തിലെത്തി ഉറങ്ങാന്‍ കിടന്നെങ്കിലും ഉറക്കം വന്നില്ല. ഒടുവില്‍ ചാന്ദ്രവെളിച്ചത്തില്‍ നേരം വെളുത്തു എന്നു കരുതി പുറത്തു വന്നു.  കുളിക്കാനായി വീണ്ടും പടവിലെത്തി. അപ്പോഴും അപരിചിതന്‍ അവിടെയുണ്ട്. ആരാണ് നിങ്ങള്‍ എന്ന് വീണ്ടും നമ്പൂതിരി ചോദിച്ചു.
അയാളുടെ നിര്‍ബ്ബന്ധത്തിനു വഴങ്ങിയ അപരിചിതന്‍ താന്‍ സര്‍പ്പരാജാവായ വാസുകിയാണെന്ന് വെളിപ്പെടുത്തി. വാസുകിയുടെ യഥാര്‍ത്ഥരൂപം കാണാനുള്ള ആഗ്രഹമായി നമ്പൂതിരിക്ക്. വാസുകി അത് വിസമ്മതിച്ചു, കാരണം അത് കാണാനുള്ള കെല്‍പ്പ് നമ്പൂതിരിക്കുണ്ടാകില്ല എന്ന് വാസുകിക്ക് അറിയാമായിരുന്നു. ഒരുപാട് നിര്‍ബ്ബന്ധിച്ചപ്പോള് ശിവന്‍റെ വിരലിലെ മോതിരമായി കിടക്കുന്ന രൂപം കാട്ടിക്കൊടുത്തു. അപ്പോള്തന്നെ നമ്പൂതിരി ബോധശൂന്യനായി. കുറെ കഴിഞ്ഞ് ബോധംവീണ നമ്പൂതിരിയോട് വാസുകി ചോദിച്ചു, എന്നില്‍ നിന്നും താങ്കള്‍ എന്തെങ്കിലും പ്രതിക്ഷിക്കുന്നുണ്ടോ?
 എന്‍റെ വീട്ടില്‍ അങ്ങയുടെ സ്ഥിരസാന്നിദ്ധ്യം വേണം എന്നായിരുന്നു നമ്പൂതിരി അഭ്യര്‍ത്ഥിച്ചത്. വാസുകി സമ്മതിച്ചു.രണ്ട് മൂന്നു ദിവസത്തിനുള്ളില്‍ വൃതം നിര്‍ത്തി പോകണമെന്നും ശിവന്‍റെ അനുവാദം വാങ്ങി ആ സമയത്തേക്ക് താനും വീട്ടിലെത്താമെന്നും വാസുകി ഉറപ്പു കൊടുത്തു. പറഞ്ഞപ്രകാരം നമ്പൂതിരി വൃതം നിര്‍ത്തി ഇല്ലത്തേക്ക്  മടങ്ങി. പനക്കുട കിഴക്കേ വരാന്തയില് വച്ച് കുളി കഴിഞ്ഞു വന്നപ്പോള്‍ കണ്ടത് കുടയുടെ മുകളിലിരിക്കുന്ന സര്‍പ്പത്തെയാണ്. നമ്പൂതിരിയെ കണ്ടപ്പോള്‍ വാസുകി തന്‍റെ മനുഷ്യരൂപം കാട്ടുകയും വൈരം നമ്പൂതിരിക്ക് നല്കിയ ശേഷം സൂക്ഷിച്ചു വയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഒരു നാഗയക്ഷികൂടി കൂട്ടിനുണ്ടാകും ഭയപ്പെടേണ്ടതില്ല എന്നും വാസുകി പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോള്‍ അന്തര്‍ജ്ജനം കുളി കഴിഞ്ഞു വന്നു. അവരുടെ കുടയുടെ മുകളിലും ഒരു പാമ്പുണ്ടായിരുന്നു. രണ്ട് സര്‍പ്പങ്ങളേയും കണ്ടയിടത്ത് നാഗരൂപങ്ങള് വച്ച് ആരാധിക്കണമെന്നും ധാരാളം സര്‍പ്പങ്ങള്‍ വീട്ടില്‍ വരും,ഭയക്കേണ്ടതില്ലെന്നും ഈ വീടും വസ്തുവും അവരുടെ വാസസ്ഥാനമാകുമെന്നും  വാസുകി പറഞ്ഞു. പറമ്പ് കിളക്കരുതെന്നും വീടിനു പുറത്ത് തീ കത്തിക്കരുതെന്നും നിര്‍ദ്ദേശിച്ചു. പാമ്പ് കടിയേറ്റ് വരുന്ന അന്യരെ ചികിത്സിക്കരുതെന്നും എന്നാല്‍ സര്‍പ്പശാപമേറ്റവര്‍ക്ക് ചികിത്സ നല്കാമെന്നും വാസുകി പറഞ്ഞു. നാഗവിഗ്രഹങ്ങള്‍ക്ക് കെടാവിളക്ക് വേണമെന്നും അതിലെ എണ്ണയും പുകയും ത്വക്ക് രോഗത്തിന് ഗുണപ്രദമായ മരുന്നാകുമെന്നും അരുളിച്ചെയ്തു. നമ്പൂതിരി എല്ലാം അനുസരിച്ചു. മേക്കാട്ട് ഇല്ലം പാമ്പുമേക്കാട്ടായി മാറി. അനേകമാളുകള്‍ ചികിത്സയ്ക്കും പൂജയ്ക്കുമായി വന്നു. ഇല്ലം പ്രസിദ്ധമായി.ഒരു പാണ്ഡ്യരാജാവിന്‍റെ ത്വക്ക് രോഗം മാറ്റിക്കൊടുത്തതോടെ സമ്പത് സമൃദ്ധിയും വന്നുചേര്‍ന്നു.
ഒരിക്കല്‍ നമ്പൂതിരി പാണ്ഡ്യരാജാവിനെ കണ്ട് മടങ്ങവെ തെക്കന്‍ തിരുവിതാംകൂറില്‍ ഒരിടത്തുവച്ച് ഒരു സ്ത്രീയുടെ നിലവിളി കേട്ടു.നോക്കുമ്പോള്‍ പുല്ലരിയുന്ന ഒരു സ്ത്രീയെയാണ് അവിടെ കണ്ടത്. അവരുടെ കത്തികൊണ്ട് ചോരവന്ന അഞ്ചുതലയുള്ള നാഗവിഗ്രഹം കണ്ട് ഭയന്നിട്ടാണ് ആ സ്ത്രീ കരയുന്നതെന്ന് നമ്പൂതിരി മനസ്സിലാക്കി. അവരെ ആശ്വസിപ്പിച്ച ശേഷം ഒരു മന്ത്രം ജപിച്ച് വിഗ്രഹത്തിന്‍റെ ചോരയൊഴുക്ക് നിര്‍ത്തി. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ ഒരു ചെറിയ ക്ഷേത്രമുണ്ടാക്കി നാഗത്തെ അവിടെ പ്രതിഷ്ഠിച്ചു. അതോടെ ആ ഇടം നാഗര്‍കോവിലായി. തറ നിരപ്പില് നിന്നും അല്പ്പം താഴ്ത്തിയാണ്  പ്രതിഷ്ഠ നടത്തിയത്. അവിടെ ചുവന്ന മണ്ണാണ് ഉള്ളത്. ഈ മണ്ണ് ത്വക്ക് രോഗം ശമിപ്പിക്കും എന്ന് ആളുകള്‍ വിശ്വസിക്കാനും തുടങ്ങി. ആളുകള്‍ എത്ര മണ്ണെടുത്താലും അത് കുറയുന്നില്ല എന്നും വിശ്വാസമുണ്ട്. ക്ഷേത്രം പുതുക്കുന്നത് നാഗത്താനിഷ്ടമല്ല എന്നൊരു വിശ്വാസമുള്ളതിനാല്‍ അത് പഴയ നിലയില്‍ തുടരുകയാണ് എന്നത് ചരിത്രം.

ഒരിക്കല്‍ പാമ്പുമേക്കാട്ട് ഒരാഘോഷത്തിന്‍റെ ഭാഗമായി പന്തലിട്ടു. അപ്പോള്‍ നാഗക്കൂടുകളും മുട്ടകളും നശിച്ചു. നാഗങ്ങള്‍ പ്രതിഷേധിച്ച് ഇരമ്പി വന്നു. ഒടുവില്‍ ജ്യോതിഷപ്രകാരമുള്ള കര്‍മ്മങ്ങള്‍ നടത്തിയാണ് സര്‍പ്പങ്ങളെ അടക്കിയത്. മേക്കാവില്‍ നിന്നും ആര്‍ക്കും ഒന്നും മോഷ്ടിക്കാന്‍ കഴിയില്ല എന്ന് ഒരു വിശ്വാസവും നിലവിലുണ്ട്. ഒരിക്കല്‍ കുപ്രസിദ്ധ മോഷ്ടാവ് ചേകണ്ണനും കൂട്ടരും മോഷണം നടത്താന്‍ എത്തി. മോഷ്ടിച്ച് ഇറങ്ങി വന്ന  കള്ളന്മാരെ സര്പ്പങ്ങള്‍ വഴിതടഞ്ഞു. നേരം വെളുക്കും വരെ ഒറ്റ നില്പ്പ് നില്ക്കേണ്ടി വന്നു അവര്ക്ക്. രാവിലെ കാരണവരുടെ കാലില്‍ വീണ് ചേകണ്ണന്‍ മാപ്പുപറഞ്ഞ ശേഷമാണ് സര്‍പ്പങ്ങള് പിരിഞ്ഞുപോയത്. ഇത്തരത്തില്‍ അനേകം രസകരങ്ങളായ കഥകളാണ് ഐതീഹ്യങ്ങളായി നമ്മള്‍  വായിക്കുന്നത്. 

Monday, May 12, 2014

Chempakasseri raja

ചെമ്പകശ്ശേരി രാജ

കുമാരനല്ലൂരിലായിരുന്നു ചെമ്പകശ്ശേരി നമ്പൂതിരിമാര് താമസിച്ചിരുന്നത്. കാലം കഴികെ നശിച്ച ആ ഇല്ലത്ത് ദാരിദ്ര്യത്തില്‍  കഴിയുന്ന ഒരു വിധവയും മകനും മാത്രമായി. ആ കാലത്ത് യുദ്ധം തോറ്റ് പിന്‍തിരിഞ്ഞ കൊച്ചി രാജാവിന്‍റെ അഞ്ഞൂറു പട്ടാളക്കാര്‍ കുമാരനല്ലൂരിലെത്തി.അവര്‍ക്ക് നല്ല വിശപ്പുണ്ടായിരുന്നു. അവര്‍ അവിടെ കണ്ട കുട്ടികളോട് എവിടെയെങ്കിലും ഭക്ഷണം കിട്ടുമോ എന്നാരാഞ്ഞു. അവരില്‍ ചിലര്‍ ചെമ്പകശ്ശേരിയിലെ കുമാരനെ കളിയാക്കാനായി അവനെ ചൂണ്ടിക്കൊണ്ടു പറഞ്ഞു, ദേ,അവന്‍ വലിയ പണക്കാരനാണ്,നിങ്ങളെ സഹായിക്കാന്‍ കഴിയും. അവര്‍ അത് വിശ്വസിച്ച് അവനെ സമീപിക്കുകയും സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. കുട്ടികള്‍ കളിയാക്കിയതാണെന്ന് മനസ്സിലാക്കിയ കുമാരന്‍, തന്‍റെ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണ്ണ മാല  അവര്‍ക്ക് കൊടുത്തിട്ട് ഇത് വിറ്റ് ഭക്ഷണം കഴിച്ചോളിന്‍ എന്നു പറഞ്ഞു. അവര്‍ സന്തോഷത്തോടെ പോയി ഭക്ഷണം കഴിച്ചു വന്നു. തിരികെ വന്ന് വീട് കണ്ടപ്പോഴാണ് അവര്‍ക്ക് കുമാരനോട് ഏറെ ബഹുമാനം തോന്നിയത്. പട്ടിണി കിട്ടക്കുന്നൊരാള്‍ വിശക്കുന്നവര്‍ക്കു വേണ്ടി തന്‍റെ കൈയ്യിലുള്ള വിലപിടിച്ച മാല നല്കിയതിലെ വലുപ്പം കണ്ട് അവര്‍ അമ്പരന്നു. അങ്ങ് ഞങ്ങളുടെ നേതാവാണ്,ഇനി അങ്ങ് പറയുന്നതെന്തും ഞങ്ങള്‍ ചെയ്യും എന്നായി അവര്‍. നമുക്ക് വരും ദിവസങ്ങളിലും ഭക്ഷണം വേണം,ആ കുരുത്തംകെട്ടവരെ ഒരു പാഠവും പഠിപ്പിക്കണം  എന്ന് കുമാരന്‍ പറഞ്ഞു. അവര്‍ ആ ബ്രാഹ്മണക്കുട്ടികളുടെ വീട്ടില്‍ നിന്നും നെല്ലും മറ്റ് വിഭവങ്ങളും എടുത്തുകൊണ്ടു പോരുന്നു. അതിനു ശേഷം ഒരു ദിനം തെക്കുംകൂര്‍ രാജാവിനെ മുഖം കാണിച്ച് കൃഷി ചെയ്യാന്‍ കുറച്ചു ഭൂമി ചോദിച്ചു. ഒരു ദിവസം കൊണ്ട് അളക്കാവുന്ന ഭൂമി എടുത്തുകൊള്ളു എന്ന് രാജാവ് പറഞ്ഞു. പട്ടാളക്കാരുടെ സഹായത്തോടെ ഒരു വലിയ പ്രദേശം കുമാരന്‍ അളന്നെടുത്തു. കുമാരനല്ലൂരിന്‍റെ പടിഞ്ഞാറുഭാഗം മുഴുവനും കുമാരന് സ്വന്തമായി. തുടര്‍ന്ന് അവിടൊരു കോട്ടയുണ്ടാക്കി ചെമ്പകശ്ശേരി രാജയായി. ക്രമേണ അമ്പലപ്പുഴയുടെ ഒരു ഭാഗം കീഴടക്കി.  അസൂയാലുക്കളായ നമ്പൂതിരിമാര്‍ ക്ഷേത്രത്തില് കയറുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ശിക്ഷകള്‍ വിധിക്കുകയും ചെയ്തു. മതത്തിന്‍റെ കോടതിക്ക് കീഴടങ്ങിയ രാജ മാപ്പപേക്ഷിക്കുകയും ക്ഷേത്രത്തിനു പുറത്ത് ഒരാനയെയും തന്‍റെ സ്വര്‍ണ്ണ തലപ്പാവിനെയും കാഴ്ച വയ്ക്കുകയും ചെയ്തു എന്നാണ് ഐതീഹ്യം.   

Friday, May 9, 2014

Myth behind Thiruvalla

തിരുവല്ല
അനേകം ധനവാന്മാരായ ബ്രാഹ്മണര്‍ താമസിച്ചിരുന്ന മല്ലിക വനമാണ് ഇന്നത്തെ തിരുവല്ല പ്രദേശം. അവിടെ ശങ്കരമംഗലത്ത് നാരായണ ഭട്ടതിരിയും ഭാര്യ ശ്രീദേവിയും ജോലിക്കാരിയായ മറ്റൊരു ശ്രീദേവിയും ജോലിക്കാരിയുടെ മകന്‍ മുകുന്ദനും താമസിച്ചിരുന്നു. ഭട്ടതിരി ശ്രീദേവി ദമ്പതികള്‍ക്ക് കുട്ടികളുണ്ടായിരുന്നില്ല. കടുത്ത വിഷ്ണു ഭക്തരായിരുന്ന അവര്‍ വെളുത്ത വാവിന്‍റെ പത്താം നാളില്‍ ദശമി ദിനത്തില്‍ ഒരിക്കലൂണും പതിനൊന്നിന് ഏകാദശി നാളില്‍ ഊണും ഉറക്കവുമില്ലാത്ത പ്രാര്‍ത്ഥനയും പന്ത്രണ്ടിന് ദ്വാദശിയില്‍ അവിവാഹിതരായ ബ്രാഹ്മണര്‍ക്ക് ഊണുനല്കിയ  ശേഷം ഒരിക്കലൂണുമായി കഴിഞ്ഞുവന്നു. ഭട്ടതിരി മരിച്ച ശേഷവും ശ്രീദേവി ഈ രീതി തുടര്‍ന്നു . അവര്‍ക്ക് വേണ്ടത്ര വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാതിരുന്നതിനാല്‍ ഓരോ മാസത്തെയും ക്രമമായ തീയതികള്‍ ഗണിച്ചറിയാന്‍ കഴിയുമായിരുന്നില്ല. അതിനാല്‍  അവര്‍ സ്വയം ഒരു രീതിയുണ്ടാക്കി. മാസത്തിന്‍റെ പതിനൊന്നാം നാളില്‍ ഒരു പാത്രത്തില്‍ ഒരു കല്ലിട്ടു. തുടര്‍ന്ന്  ഓരോ ദിവസവും ഓരോ കല്ലുകള് വീതം ഇട്ട് പതിനഞ്ച് കല്ലാകുമ്പോള്‍ ആ ദിനം ഏകാദശിയായി കുരുതും. ഇത് ചിലപ്പോഴൊക്കെ തെറ്റുമായിരുന്നെങ്കിലും അവരത് കാര്യമാക്കിയില്ല. ഒടുവില്‍ നാട്ടുകാരും അത് അംഗീകരിച്ചു കൊടുത്തു. ഇന്ന് ചക്രോത്തമ്മയുടെ ഏകാദശിയാണ് എന്ന് ആളുകള്‍ പറയുമായിരുന്നു.
ഒരു ദിവസം രണ്ട് ബ്രാഹ്മണര്‍ വീട്ടില്‍ ഭക്ഷണമാവശ്യപ്പെട്ട് എത്തി. അമ്മയുടെ കണക്കില് അന്ന് ഏകാദശിയായിരുന്നു. അതിനാല്‍ ഭക്ഷണമില്ല എന്നവര്‍ പറഞ്ഞു. ബ്രാഹ്മണര്‍ പറഞ്ഞു,ഏകാദശി അടുത്ത ദിവസമാണെന്ന്. അമ്മ തര്‍ക്കിച്ചു. ഒടുവില്‍ കവിടി നിരത്തി നോക്കുമ്പോള്‍ അമ്മ പറഞ്ഞത് ശരിയാണെന്നു കണ്ടു. അവര്‍ അവിടെ നിന്നിറങ്ങി മറ്റൊരു വീട്ടില് പോയി. അവിടെ നിന്നും ഭക്ഷണം കിട്ടി. അവിടെ വച്ച് ഒരിക്കല്‍ കൂടി കവിടി നിരത്തിയപ്പോള്‍ ഏകാദശി അടുത്ത ദിവസമാണെന്നു കണ്ടു. വീണ്ടും അമ്മയുടെ അടുത്തെത്തി പരീക്ഷണം ആവര്‍ത്തിച്ചപ്പോള്‍ അമ്മയാണ് നേരെന്ന് വീണ്ടും മനസ്സിലാക്കി അവര്‍ മിണ്ടാതെ മടങ്ങി.
നാളുകള്‍ കഴിഞ്ഞു. നാട്ടുകാര്‍ക്ക് അമ്മ പറയുന്ന ദിനം ഏകാദശിയായി മാറി. അങ്ങിനെയിരിക്കെ തോകലന്‍ എന്നൊരു ചട്ടമ്പിയും കൂട്ടുകാരും നാട്ടിലെത്തി ആളുകളെ ഭീഷണിപ്പെടുത്താനും സ്വത്തു തട്ടിയെടുക്കാനും തുടങ്ങി. മിക്ക ഗ്രാമക്കാരും ഒഴിഞ്ഞുപോയി. ചക്രോത്തമമ  പോയില്ല. അന്യദേശക്കാര് പോലും ആ വഴി വരാതായി. ദ്വാദശി ദിനമായി. അവിവാഹിതരായ ബ്രാഹ്മണര്ക്ക് ഭക്ഷണം കൊടുത്തേ ചക്രോത്തമ്മയ്ക്ക് ഒരിക്കലൂണ് പറ്റുകയുള്ളു. ഒരാളും വരാത്ത ദുഃഖത്തില്‍ അമ്മ ദൈവനാമം ചൊല്ലിയിരിക്കെ പുറത്തൊരു ശബ്ദം കേട്ടു. വാതില്‍ തുറന്നപ്പോള്‍ ഒരു ബ്രാഹ്മണ യുവാവ് ഭക്ഷണമാവശ്യപ്പെട്ട് നില്ക്കുന്നു. അവര് സന്തോഷത്തോടെ യുവാവിനെ വീട്ടിലേക്ക് ക്ഷണിച്ചു. ഞാന്‍ കുളിച്ചു വരാം എന്നായി കുമാരന്‍. തോകലന്‍റെ ശല്യമുണ്ടാകും എന്ന് അമ്മ പറഞ്ഞെങ്കിലും അയാള്‍ കുളിക്കാനായി കുളക്കടവിലേക്ക് പോയി. വഴിയില് വച്ച് തോകലന്‍ തടഞ്ഞു നിര്‍ത്തി ശല്യം ചെയ്തു. അത് ഏറ്റുമുട്ടലായി. കുമാരന്‍ കൈയ്യിലിരുന്ന വടി ചുഴറ്റി. അത് സുദര്‍ശന ചക്രമായി തോകലന്‍റെ തലയറുത്തു. ഓടി വന്ന തോകല സുഹൃത്തുക്കളെയും ചക്രം വധിച്ചു. കുമാരന്‍ വരാന്‍ താമസിച്ചപ്പോള്‍ ചക്രോത്തമ്മ വിഷമിച്ചു. കുമാരന് അപകടം പറ്റിയുട്ടുണ്ടാവും എന്നു കരുതി. പക്ഷെ കുമാരന്‍ അഞ്ച് സുഹൃത്തുക്കളുമായാണ് ഊണിനെത്തിയത്. വിവരമറിഞ്ഞ് ആളുകള്‍ ഓടിക്കൂടി. എല്ലാവര്‍ക്കും സുദര്‍ശന ചക്രം കാണണം. അദ്ദേഹം വടിയെ സുദര്‍ശന ചക്രമാക്കി അവരെ കാണിച്ചു. അവിടെ ഒരു വിഷ്ണുക്ഷേത്രമുണ്ടാക്കണം എന്ന് കല്പ്പിച്ച് തന്‍റെ സ്വത്തുക്കള്‍ നാട്ടുകാരെ ഏല്പ്പിച്ച് ചക്രോത്തമ്മ വിഷ്ണുവിനൊപ്പം കൂടി .എല്ലാവരും കണ്ണടച്ച് പ്രാര്ത്ഥിച്ചു നില്ക്കെ ചക്രോത്തമ്മയെയും വേലക്കാരിയെയും ഒപ്പം കൂട്ടി വിഷ്ണു അപ്രത്യക്ഷനായി. ആ പ്രദേശം പിന്നീട് ചക്രപുര എന്നറിയപ്പെട്ടു. ശ്രീ വല്ലഭക്ഷേത്രം വന്നതോടെ ശ്രീവല്ലഭ പുരമായി മാറിയ ചക്രപുര ക്രമേണ തിരുവല്ലയായി മാറി.


Saturday, May 3, 2014

Arakkal beevi

അറക്കല്‍  ബീവി

കണ്ണൂരിലെ ചിറക്കല്‍ താലൂക്കില്‍ കോലത്തിരി കുടുംബാംഗമായിരുന്നു അറക്കല് ബീവി. കോലത്തിരിയുടെ തലസ്ഥാനം എഴിമലക്കോട്ടയിലായിരുന്നു.പതിമൂന്നാം നൂറ്റാണ്ടില്‍ ഭരണം നടത്തിയിരുന്ന കോലത്തിരിക്ക് എട്ട് അകത്തളങ്ങളുള്ള വലിയ കൊട്ടാരവും ചുറ്റിലും ബ്രാഹ്മണരുടെ വീടുകളും 500 നായര്‍ പടയാളികളും മുസ്ലീം കച്ചവടക്കാരുടെ താമസസ്ഥലവും ഉണ്ടായിരുന്നു. ഒരു ദിവസം കൊട്ടാരത്തിലെ രണ്ട് കുമാരിമാര്‍ അവര്‍ക്കായി ഒരുക്കിയിട്ടുള്ള നദിക്കടവില്‍ കുളിക്കാന്‍ പോയി. ഒരാള്‍ ഒഴുക്കില്‍ പെട്ടു. കരയിലുണ്ടായിരുന്ന കുമാരി നിലവിളിച്ച് ബഹളമുണ്ടാക്കി. ഒരു മുസ്ലിം ചെറുപ്പക്കാരന് ഇത് കേട്ടു. അയാള്‍ പുഴയില്‍ ചാടി അവളെ രക്ഷപെടുത്തി. കരയോടടുത്തപ്പോള്‍ അവള്‍ കയറാന്‍ മടിച്ചു. വസ്ത്രം നഷ്ടപ്പെട്ടെന്ന് മനസ്സിലാക്കിയ അവന്‍ അവള്ക്ക് വസ്ത്രം നല്കി. അപ്പോഴേക്കും വേലക്കാരികള്‍ ഓടിയെത്തി കുമാരിയെ കൂട്ടിക്കൊണ്ടു പോയി. രാജാവ് വിവരമറിഞ്ഞ് കുമാരി രക്ഷപെട്ടതിലുള്ള സന്തോഷം അറിയിച്ചു. രാജാവിന്‍റെ പട്ടാളക്കാരനായിരുന്ന ആ മുസല്‍മാനെ വിളിച്ചു വരുത്തി സമ്മാനങ്ങള്‍ നല്കുകയും ഉദ്യോഗക്കയറ്റം കൊടുക്കുകയും ചെയ്തു. രാജകുമാരി പക്ഷെ കൊട്ടാരത്തില്‍ കയറാന്‍ കൂട്ടാക്കിയില്ല. അവള്‍ ഔട്ട്ഹൌസില്‍ താമസമാക്കി. മുതിര്‍ന്നവര്‍ എത്ര നിര്‍ബ്ബന്ധിച്ചിട്ടും അവള്‍ കൂട്ടാക്കിയില്ല. വിവാഹച്ചടങ്ങിന്‍റെ ഭാഗമായുള്ള കര്‍മ്മങ്ങളായ കൈകോര്‍ക്കലും വസ്ത്രം നല്കലും കഴിഞ്ഞതിനാല്‍ അവള്‍ ഭ്രഷ്ടയാണ് എന്നു സ്വയം പ്രഖ്യാപിച്ചു.ആചാരപരമായ ചടങ്ങുകള്‍ നടത്തി അവളെ ശുദ്ധീകരിക്കാന്‍ രാജാവ് പരമാവധി ശ്രമിച്ചു. എന്നാല്‍ കുമാരി വഴങ്ങിയില്ല. ഒടുവില്‍ അവള്‍ക്കായി ഒരു കൊട്ടാരം പണിതു.അവളെ രക്ഷിച്ച മുസ്ലിം ചെറുപ്പക്കാരന് വിവാഹവും ചെയ്തു കൊടുത്തു. അറക്കല്‍ ബീവിയെന്നും അറയ്ക്കല്‍ രാജാ എന്നും രണ്ടുപേര്‍ക്കും വിളിപ്പേരും നല്കി. അറയ്ക്കല്‍ ചിറക്കലിന്‍റെ പാതി എന്നറിയപ്പെട്ടു.
കൊല്ലവര്‍ഷം ഏഴില്‍ കോലത്തിരിയുടെ പ്രധാനമന്ത്രി അരയന്‍കുളങ്ങര നായര്‍ ഇസ്ലാം മതം സ്വീകരിച്ച് മുഹമ്മദാലിയായി. അറയ്ക്കല്‍ കുടുംബത്തില്‍ നിന്നും വിവാഹവും കഴിച്ചു. അദ്ദേഹത്തിന്‍റെ മകന്‍ അലി മൂസ മാലിദ്വീപ് കീഴടക്കി രാജാവിന് സമ്മാനിച്ചു. രാജാവ് മൂസയ്ക്ക് 18,000 പണം നല്കി, കണ്ണൂരില്‍ ഒരു കോട്ടയും രണ്ട് ഗ്രാമങ്ങളും നല്കി. തുടര്‍ന്ന് അലിമൂസ്സ കണ്ണൂരിലേക്ക് മാറി. തുടര്‍ന്ന് ലക്ഷദ്വീപ് പിടിച്ചു. അവിടെനിന്നും വര്‍ഷം 6000 പണം നികുതിയായി അറയ്ക്കല്‍ ബീവിക്ക് ലഭിക്കാനും ഏര്‍പ്പാടാക്കി. അലിമൂസ ക്രമേണ ആഴിരാജ എന്നറിയപ്പെട്ടു. പ്രായേണ അത് അലിരാജയായി