Sunday, July 28, 2013

Trip to the land of Sun Flowers


 തമിഴ്നാട്ടിലെ  സൂര്യകാന്തിപാടം
തമിഴ്നാട്ടില്‍ സൂര്യകാന്തിപ്പാടം പൂത്തുനില്ക്കുന്ന കാഴ്ച കാണാന്‍ ക്ഷണിച്ചത് രാധാകൃഷ്ണനാണ്. അദ്ദേഹത്തിന്‍റെ സുഹൃത്ത് മണി നാട്ടുപ്രമാണിയും അരിമില്‍ ഉടമയുമാണ്. അദ്ദേഹം കൂടെ വരും എന്നുകൂടിയായപ്പോള്‍ ഹരീന്ദ്രനും രാജീവുമൊപ്പം യാത്ര പുറപ്പെട്ടു. തെന്മല ഡാം വഴിയാണ് യാത്ര. മണ്‍സൂണ്‍ നല്കിയ സമൃദ്ധിയില്‍ നിറഞ്ഞുകിടക്കുകയാണ് ഡാം. രണ്ടുമാസം മുന്‍പ് ജലം വറ്റി അതിനടിയില്‍ മുങ്ങിക്കിടന്ന കണ്ണാടിബംഗ്ലാവ് പത്രങ്ങള്‍ക്ക് വാര്‍ത്തയായ കാര്യം അപ്പോള്‍ ഓര്‍ത്തു. തെന്മല റയില്‍വെ പരിസരമാകെ മാറിയിരിക്കുന്നു. ഷാജി കരുണിന്‍റെ സ്വം എന്ന സിനിമ അനശ്വരമാക്കിയ ഇടം ഇപ്പോള്‍ ഓര്‍ക്കാന്‍ കഴിയാത്തവിധം മാറിയിരിക്കുന്നു. പുനലൂര്‍-ചെങ്കോട്ട ബ്രോഡ്ഗേജ് പണി നടക്കുകയാണ്. മണി എത്തി. സായിപ്പ് പണിത 13 കണ്ണറപ്പാലവും കുറെ നാളുകള്‍ക്ക് ശേഷം കാണുകയായിരുന്നു. പാലം ബലപ്പെടുത്തുന്ന ജോലികള്‍ നടക്കുന്നു



ചെങ്കോട്ട തിരുനെല്‍വേലി റോഡില്‍ സാംബവന്‍ വടകര എത്തുമ്പോള്‍ സൂര്യകാന്തിയുടെ സമൃദ്ധി. കാറ്റില്‍ ആടിയുലഞ്ഞ് നില്ക്കുകയാണ്.ഏറിയാല്‍ ഒരാഴ്ച കൂടി. അപ്പോഴേക്കും വിത്തുകള്‍ ഉണങ്ങും. പിന്നെ കൊയ്ത്തായി. തൊട്ടടുത്ത പാടത്ത് സവാള,മറ്റൊന്നില്‍ മുളക്,പിന്നെ കപ്പലണ്ടി,ചോളം,തക്കാളി അങ്ങിനെയങ്ങിനെ


 അവിടെ നിന്നും മണിയുടെ മില്ലിലേക്ക് യാത്രയായി. എസ്സ്.എന്‍.മോഡേണ്‍ റൈസ് മില്‍.ചൈന നിര്‍മ്മിച്ച മെഷീനിലാണ് നെല്ല് അരിയാക്കുന്നത്. ചൈനയും തായ് ലാന്‍റുമാണ് ഈ മേഖലയിലെ മന്നന്മാര്‍. അഴുക്കും കല്ലുമുള്ള നെല്ല് തട്ടിയിട്ടുകൊടുത്താല്‍ ഫാനിന്‍റെ സഹായത്തോടെ ഭാരം കുറഞ്ഞ അഴുക്കും വയ്ക്കോലും നീക്കം ചെയ്യും. പിന്നെ കല്ലുകള്‍ വേര്‍തിരിക്കും. പതിര് ഫില്‍റ്റര്‍ ചെയ്യും. തുടര്‍ന്ന് മൂന്നുടണ്‍ വീതമുള്ള ഫണലുകളിലേക്ക്. അവിടെ വെള്ളം കയറ്റി എട്ടുമണിക്കൂര്‍ കുതിര്‍ക്കും. പിന്നെ 2 മുതല്‍ 5 മിനിട്ട് വരെ ആവി കയറ്റും. ഈ ആവിയാണ് അരിയുടെ പരുവം നിശ്ചയിക്കുന്നത്.
വെള്ളം തിളപ്പിക്കാന്‍ ഉമിയാണ് ഉപയോഗിക്കുക. ചാരം പല്‍പ്പൊടിയുണ്ടാക്കുന്ന കമ്പനി കൊണ്ടുപോകും. പുഴുങ്ങിയ നെല്ലിലെ അനാവശ്യസാധനങ്ങള്‍ നീക്കി ഉമി വേര്‍തിരിക്കുന്നതിന് ഹള്ളിംഗ് എന്നു പറയും. സെപ്പറേറ്ററാണ് നെല്ലും അരിയും വേര്‍തിരിക്കുന്നത്. രണ്ട് കുഴലുകളിലൂടെ കൂടിക്കലര്‍ന്ന നെല്ലും അരിയും വരുമ്പോള്‍ മറ്റൊന്നില്‍ അരിമാത്രമാകും വരുക. വൈറ്റ്നര്‍ ഇതിനെ ഡീകോഡ് ചെയ്യും,ഗ്രൈന്‍ഡ് ചെയ്ത് തവിട് മാറ്റും, തവിടുള്ളതും ഇല്ലാത്തതും ഇവിടെ വേര്‍തിരിക്കും. തുടര്‍ന്ന് റൈസ് പോളിഷര്‍ തവിട് കളയും. 12 ശതമാനം ആവികൊടുത്ത് ഇത് ചെയ്യുന്നത്. തുടര്‍ന്ന ഹോപ്പറിലേക്ക്. കുറഞ്ഞയിനം അരി വാങ്ങി റെഡ് ഓക്സൈഡും ദ്രാവകങ്ങളും മറ്റും ചേര്‍ത്ത് ചില കമ്പനികള്‍ ചമ്പാവരി വ്യാജനായി തയ്യാറാക്കുന്നത് ഈ പ്രോസസിംഗ് യൂണിറ്റിലാണ്. തുടര്‍ന്ന പൊടിയരി മാറ്റി മുഴുവന്‍ അരി വേര്‍പെടുത്തും.
കളര്‍ സോര്‍ട്ടര്‍ ഒരു കമ്പ്യൂട്ടര്‍ അധിഷ്ടിത ഉപകരണമാണ്. എയര്‍ കണ്ടീഷന്‍ഡ് മുറിയാലാണ് അതിനെ സൂക്ഷിക്കുക. ഇത് വിവിധ കുഴലുകളിലൂടെ ഗുണമേന്മക്കനുസരിച്ച് ഓരോ അറകളില്‍ വന്നുവീഴും. അവിടെ നിന്നാണ് പായ്ക്കറ്റുകളിലേക്ക് നിറയ്ക്കുക. ഇത്രയും ജോലി നിര്‍വ്വഹിക്കാന്‍ ഒരു ഷിഫ്റ്റില്‍ 5 ജോലിക്കാര്‍ മതിയാകും എന്നതാണ് പ്രധാനം. 10 ഏക്കര്‍ വരുന്ന ഭൂമിയില്‍ സപ്പോട്ടയും തെങ്ങും പുല്ലുമൊക്കെ കൃഷിയുണ്ട്. അതിന് മേല്നോട്ടം എണ്‍പത് കഴിഞ്ഞ മണിയുടെ അമ്മയും, ആള്‍ ഉഷാര്‍.
അവിടെ നിന്നും അച്ചന്‍ കോവിലിലേക്ക്. സമൃദ്ധമായ കാടും ചുരങ്ങളും, ഇടയ്ക്ക് മൂടല്‍ മഞ്ഞും. നല്ല കാഴ്ച. നല്ല കാലാവസ്ഥ. മഴയും ഇടയ്ക്കുണ്ടായി. പന്‍പൊളി, കോട്ടവാസല്‍ കഴിഞ്ഞ് മണലാര്‍-കുംഭാവുരുട്ടി വെള്ളച്ചാട്ടമെത്തുമ്പോള്‍ അഞ്ചുമണി. വഴി അടച്ചുകഴിഞ്ഞു. അവിടെ നിന്നും അച്ചന്‍കോവില്‍ ക്ഷേത്രവും കണ്ട് മടങ്ങി. ഒരു ദിവസ യാത്രയ്ക്ക് മണ്‍സൂണ്‍ കാലം ഈ വഴി തികച്ചും അനുയോജ്യം. താമസിക്കേണ്ടവര്‍ക്ക് കുംഭാവുരുട്ടിയില്‍ ട്രീ ഹട്ടുമുണ്ട്.