Monday, July 25, 2011

ഹോമിയോപ്പതിയെക്കുറിച്ച് ചിലത്


ചില ഹോമിയോ ചിന്തകള്‍

ഏതാണ്ട് ഇരുപത് വര്‍ഷമായി ഹോമിയോ മരുന്ന് ഉപയോഗിക്കുന്ന കുടുംബമാണ് എന്‍റേത്. വളരെ അപൂര്‍്വം സന്ദര്‍ഭങ്ങളില്‍ മാത്രമാണ് അലോപ്പതി അല്ലെങ്കില്‍ ആയുര്‍വ്വേദ മരുന്നുകള്‍ ഉപയോഗിച്ചിട്ടുള്ളത്. ഓ,ഹോമിയോ,അത് കൊച്ചുങ്ങള്‍ക്കുള്ളതല്ലേ എന്നു ചോദിക്കുന്നവര്‍ ഇന്നും കുറവല്ല. കടുത്ത പാര്‍ശ്വഫലങ്ങള്‍ക്കിടയാക്കുന്നതും വിലകൂടിയതുമായ അലോപ്പതി മരുന്നുകള്‍ കഴിക്കുകയും ഹോമിയോ മരുന്നുകള്‍ സ്റ്റെറോയിഡുകളാണ് , സ്ഥിരമായി കഴിക്കാന്‍ പാടില്ല എന്നു പറയുന്നവരുമുണ്ട്.. പലതും അര്‍ധഅറിവില്‍ നിന്നോ അറിവില്ലായ്മയില്‍ നിന്നോ ഉണ്ടാകുന്നതാണ് എന്നതില്‍ സംശയമില്ല. ഏതായാലും രണ്ട് കുട്ടികളും രണ്ട് മുതിര്‍ന്നവരും ഉള്ള ഞങ്ങളുടെ കുടുംബത്തില്‍ നാലുപേര്‍ക്കും ഗുണകരമാകുന്ന ഈ ചികിത്സ ഏതായാലും കുട്ടികള്‍ക്ക് മാത്രമുള്ളതല്ല എന്നതില്‍ സംശയമില്ല. ഒരു പക്ഷേ , മധുരമുള്ള ഗുളികകളില്‍ മരുന്നുചേര്‍ത്ത് നല്കുന്നതുകൊണ്ടാകാം ഈ ഒരു ചിന്ത ഉടലെടുത്തത്.

സുഗന്ധ ദ്രവ്യങ്ങള്‍, സുഗന്ധ വ്യജ്ഞനങ്ങള്‍, കാപ്പി,ചായ തുടങ്ങി ഒരുപാട് വസ്തുക്കള്‍ ഹോമിയോ മരുന്ന് കഴിക്കുമ്പോള്‍ വര്‍ജ്ജിക്കേണ്ടതുണ്ട് എന്ന് ശാസ്ത്രം പറയുന്നുണ്ടെങ്കിലും അതൊന്നും വര്‍ജ്ജിക്കാതെ തന്നെ മരുന്ന് ഗുണം ചെയ്യുന്നു എന്നതാണ് സത്യം. ഒരു പക്ഷേ, ഇതൊക്കെ വര്‍ജ്ജിച്ചാല്‍ ഗുണമേന്മ കൂടും എന്നതില്‍ സംശയമില്ല.

ജലദോഷം,പനി എന്നിവയില്‍ തുടങ്ങി കാന്‍സര്‍ വരെ മാറ്റാന്‍ കഴിയുന്ന ഒരു ചികിത്സാരീതിയാണ് ഹോമിയോ എന്ന് ഇപ്പോള്‍ മലയാളികള്‍ തിരിച്ചറിഞ്ഞുതുടങ്ങിയിട്ടുണ്ട്. ഇന്ത്യയില്‍ തന്നെ ഓരോ വര്‍ഷവും കോടിക്കണക്കിനാളുകള്‍ പുതുതായി ഈ വൈദ്യശാഖയെ ആശ്രയിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

എന്റെ സുഹൃത്തായ ഡോക്ടര്‍ ഈയിടെ പറഞ്ഞ ചില കാര്യങ്ങള്‍ രസകരമായി തോന്നി. അലോപ്പതി ഡോക്ടര്‍മാര്‍ രാത്രി വൈകി മരുന്നു വാങ്ങാന്‍ വരുന്നത് ഇതില്‍ ഒരു കാര്യം. മറ്റ് രോഗികള്‍ വരുമ്പോള്‍ അവരുടെ മുന്നില്‍ വച്ച് മരുന്ന് വാങ്ങാന്‍ അവര്‍ മടിക്കുന്നു.

മറ്റൊന്ന് ക്യാന്‍സര്‍ രോഗികള്‍ക്ക് നല്കുന്ന ചികിത്സയാണ്. രോഗം കണ്ടെത്തിയ ഉടന്‍ ഹോമിയോ ചികിത്സ ആരംഭിക്കുന്നവരുടെ രോഗം നിശ്ശേഷം മാറുന്നു എന്നതാണ് പ്രത്യേകത. ക്യാന്‍സര്‍ കേന്ദ്രത്തിലെ ഡോക്ടര്‍മാരെ ഇത് അത്ഭുതപ്പെടുത്തുന്നു. കീമോതെറാപ്പി തുടങ്ങാന്‍ തീരുമാനിച്ച കേസുകളില്‍ അത് വേണ്ടെന്ന് വയ്ക്കത്തക്ക വിധമുള്ള രോഗശമനവും ഹോമിയോ നല്കുന്നു. പൂര്‍ണ്ണമായും മാറാത്ത കേസ്സുകളില്‍ വേദനയില്ലാത്ത മരണം രോഗിക്ക് സമ്മാനിക്കാനും ഹോമിയോയ്ക്ക് കഴിയുന്നു. ഇത് മനസ്സിലാക്കിയതിന്‍റെ ഭാഗമായാണ് സംസ്ഥാന സര്‍ക്കാര്‍ ഹോമിയോ പാലിയേറ്റീവ് കെയര്‍ കേന്ദ്രം മലപ്പുറത്ത് തുടങ്ങാന്‍ തീരുമാനിച്ചത്.

രോഗത്തിന് ചികിത്സ എന്നതില്‍ നിന്നും രോഗിയെ ചികിത്സിക്കുന്ന രീതിയാണല്ലോ ഹോമിയോയില്‍. സ്ഥിരമായി പല്ലില്‍ ഇത്തിള്‍ ബാധിക്കുന്ന ഒരു വ്യക്തി ദന്തഡോക്ടറെ സമീപിക്കുന്നു. ഇത്തിള്‍ നീക്കുന്നു. വീണ്ടും ഒരു മാസത്തിനുള്ളില്‍ ഇത് ബാധിക്കുന്നു. വര്‍ഷത്തില്‍ ഒരു പ്രാവശ്യമെ ക്ലീനിംഗ് പാടുള്ളു എങ്കിലും വീണ്ടും ഇത് ചെയ്യേണ്ടിവരുന്നു. എന്നിട്ടും ഇത്തിള്‍ മാറുന്നില്ല. ഈ വ്യക്തി യാദൃശ്ഛികമായി മറ്റൊരു രോഗവുമായി ഹോമിയോ ഡോക്ടറെ സമീപിക്കുന്നു. അദ്ദേഹം രോഗിയുടെ സ്വഭാവ രീതികള്‍ മനസ്സിലാക്കി മരുന്ന് നല്കി. അടുത്തയാഴ്ച ഇതേ വ്യക്തി ദന്തഡോക്ടറുടെയടുത്തെത്തുമ്പോള്‍ പല്ലിലെ ഇത്തിള്‍ തനിയെ പോയതായി കണ്ട് അത്ഭുതപ്പെടുന്നു. ഇടയ്ക്ക് എന്തുമരുന്നു കഴിച്ചു എന്ന അന്വേഷണത്തില്‍ നിന്നും സുഹൃത്തായ ഹോമിയോ ഡോക്ടറെ കണ്ട വിവരം പറയുന്നു. ഉടന്‍ ദന്തഡോക്ടര്‍ സുഹൃത്തിനെ വിളിച്ച് മരുന്ന് ഏതെന്നന്വേഷിക്കുന്നു. അയാള്‍ കേസ്സ് ഷീറ്റ് പരിശോധിച്ച് മരുന്നുകണ്ടെത്തി അതിന്‍റെ ഗുണവശങ്ങള്‍ പരിശോധിക്കുമ്പോള്‍ പല്ലിലെ ഇത്തിള്‍ പോകാനും ഇത് സഹായിക്കും എന്ന് കാണുന്നു. അത് അറിയിച്ചപ്പോള്‍ കുറച്ച് എനിക്കും തന്നേക്കൂ,ഇവിടെ വരുന്നവര്‍ക്ക് ചെറിയ ഡോസ് ഞാനും നല്കാം എന്നായി അയാള്‍.

ഹോമിയോ ഡോക്ടറുടെ സ്വന്തം അനുഭവ കഥ കൂടി പറഞ്ഞ് ഇതവസാനിപ്പിക്കാം. വായുടെ ഉള്‍ഭാഗത്തെ അണപ്പല്ല് ഒരു ദന്തഡോക്ടറെക്കൊണ്ട് എടുപ്പിച്ചു. കേടുവന്നതുകൊണ്ടു തന്നെ. മരവിപ്പിച്ചതിനാല്‍ വായതുറക്കാന്‍ സമയമെടുക്കുമല്ലോ. ഒടുവില്‍ വായതുറക്കാന്‍ ശ്രമിക്കുമ്പോള്‍ സാധിക്കുന്നില്ല. താടിയെല്ലുകള്‍ ജാമായിരിക്കുന്നു. ഡോക്ടറെ കണ്ടു. വലിച്ചുതുറക്കുക മാത്രമേ മാര്‍ഗ്ഗമുള്ളു. അയാള്‍ കുറേ ശ്രമിച്ചു. പറ്റിയില്ല. ഇനി ഞങ്ങള്‍ക്ക് സര്‍ജറിയെ മാര്‍ഗ്ഗമുള്ളു, നിങ്ങള്‍ക്ക് വല്ല മരുന്നുമുണ്ടോ എന്ന് ദന്തഡോക്ടര്‍ ചോദിച്ചു. അപ്പോഴാണ് ഇതുവരെ രോഗിയായിരുന്ന ഹോമിയോ ഡോക്ടറിലെ ഡോക്ടര്‍ ഉണര്‍ന്നത്. മരുന്നുണ്ടല്ലോ എന്ന് ഓര്‍ക്കുകയും ക്ലിനിക്കിലേക്ക് വരുകയും ചെയ്തു. അപ്പോള്‍ മരുന്ന് സ്റ്റോക്കില്ല. ജീവനക്കാരനെ വിട്ട് ആ മരുന്ന് വാങ്ങി രണ്ടുതുള്ളി നാവില്‍ ഇറ്റിച്ചു. പിന്നെ ടിവിയും കണ്ടിരിപ്പായി. ഊണിന് സമയമായപ്പോള്‍ ഭക്ഷണത്തിനിരുന്നു. സാധാരണപോലെ ഭക്ഷണം കഴിക്കുന്ന കണ്ട് ഭാര്യയാണ് ചോദിച്ചത്, ഇതെപ്പോള്‍ ശരിയായെന്ന്. തുറക്കാതിരുന്ന വായ് ഹോമിയോ മരുന്നിന്‍റെ വീര്യത്തില്‍ തുറന്നകാര്യം ഡോക്ടറും അപ്പോഴാണ് അറിയുന്നത്.

സാമുവല്‍ ഹനിമാന്‍ എന്ന മഹാന് പ്രണാമം.

No comments: