തെങ്കാശി
കുറ്റാലത്ത് നിന്നും അഞ്ചുകിലോമീറ്റര്‍ മാറിയാണ് തെങ്കാശി. മനോഹരമായ ഭൂപ്രകൃതിയാല്‍ അനുഗ്രഹീതമായ പട്ടണം. വഴികളെല്ലാം വന്നു കേന്ദ്രീകരിക്കുന്നത് തലയെടുപ്പോടുകൂടി നില്ക്കുന്ന വിശ്വനാഥ ക്ഷേത്രത്തിലാണ്.പരിസരം വൃത്തിയുള്ളതാണ് എന്നത് ക്ഷേത്രത്തിന്‍റെ പ്രധാന പ്രത്യേകത. ഞായറാഴ്ച രാവിലെ ഏഴുമണിക്കെത്തുമ്പോള്‍ ക്ഷേത്രത്തില് തീരെ തിരക്കുണ്ടായിരുന്നില്ല. ഏകദേശം എഴുനൂറുവര്‍ഷത്തെ ചരിത്രം പറയുന്ന ,പാറയില്‍ തീര്‍ത്ത മനോഹര ക്ഷേത്രത്തില്‍ ഏറെ അകലെനിന്നുതന്നെ കാണാവുന്ന കൂറ്റന്‍ ശിവലിംഗ പ്രതിഷ്ഠയാണ് പ്രധാന മൂര്‍ത്തി.
പാണ്ഡ്യസാമ്രാജ്യം ക്ഷയോന്മുഖമായ കാലത്ത് ഒരു ചെറുരാജ്യത്തിന്‍റെ അധിപനായി മാറിയ പരാക്രമ പാണ്ഡ്യന്‍റെ കാലത്താണ് ക്ഷേത്രം നിര്‍മ്മിച്ചത്. കാശി വിശ്വനാഥനെ കാണാന്‍ ഇടയ്ക്കിടെ തീര്‍ത്ഥാടനം നടത്തിയിരുന്ന രാജാവിനുണ്ടായ സ്വപ്ന ദര്‍ശനപ്രകാരം ക്ഷേത്രം നിര്‍മ്മിച്ചു എന്നാണ് ഐതീഹ്യം. കൊട്ടാരത്തില്‍ നിന്നും പുറപ്പെടുന്ന ഉറുമ്പുകളുടെ നിര ചെന്നവസാനിക്കുന്നിടത്ത് ക്ഷേത്രം സ്ഥാപിക്കണം എന്നായിരുന്നു സ്വപ്നം. രാജാവ് അതനുസരിച്ച് ഉറുമ്പുകള്‍ക്ക് പിന്നാലെ യാത്രയായി. അതെത്തിച്ചേര്‍ന്നത് ലിംഗരൂപിയായ ചിതല്‍പ്പുറ്റു നില്ക്കുന്നിടത്തായിരുന്നു. അവിടെ ക്ഷേത്രം നിര്‍മ്മിച്ചു എന്നാണ് വിശ്വാസം. തറ നിരപ്പിലായിരുന്ന ക്ഷേത്രം ക്രമേണ വിപൂലീകരിച്ച് ഇന്നു കാണുന്ന നിലയിലെത്തിയത് ചരിത്രം. കൂറ്റന്‍ തൂണുകളിലെ വീരഭദ്രന്‍,താണ്ഡവമൂര്‍ത്തി,രതിമന്മഥന്മാര്‍ എന്നിവരും വിഷ്ണുവും കാളിയും പാര്‍വ്വതിയും മുരുകനുമെല്ലാം ശ്രദ്ധേയങ്ങളാണ്. സാധാരണയായി തെക്കോട്ട് ദര്‍ശനമുള്ള ദുര്‍ഗ്ഗ ഇവിടെ പടിഞ്ഞാറോട്ട് ദര്‍ശനം നല്കുന്നത് ഒരു പ്രത്യേകതയാണ്. വലുപ്പമുള്ള ഗണപതി വിഗ്രഹവും ആകര്‍ഷണീയമാണ്.
മൂന്നുമലകളുടെ
സംഗമ സ്ഥലമായ തെങ്കാശിയില്‍ ക്ഷേത്രത്തിന്‍റെ രാജഗോപുരം നിര്‍മ്മിച്ചത് 1990ലാണ്.
തമിഴ്നാട്ടിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ ഗോപുരമാണിത്. 180 അടി പൊക്കമുള്ള
ഗോപുരത്തില്‍ അനേകം കൊത്തുപണികളും മൂര്‍ത്തികളും കാണാന്‍ കഴിയും. ഇതിന്‍റെ നിര്‍മ്മാണത്തില്‍
ഏറ്റവും ആകര്‍ഷകമായ വശം കാറ്റിന്‍റെ അത്ഭുതകരമായ സഞ്ചാരമാണ്. ക്ഷേത്രത്തിലേക്ക്
കയറുന്ന ഭക്തനെ ക്ഷേത്രത്തിനുള്ളിലേക്ക് പിടിച്ചുവലിക്കുകയും തിരികെ ഇറങ്ങുമ്പോള്‍
പുറത്തേക്ക് തള്ളുകയും ചെയ്യുന്ന കാറ്റിന്‍റെ മര്‍ദ്ദവ്യതിയാനം ശാസ്ത്രീയമായി
കണ്ടെത്തേണ്ട ഒന്നുതന്നെയാണ്. ഗോപുരത്തില്‍ തട്ടി താഴേക്ക്വരുന്ന കാറ്റിന്‍റെ മര്‍ദ്ദമാകാം
കാരണം. ഏതായാലും കുറ്റാലം യാത്രയില്‍ ഒഴിവാക്കാന്‍ കഴിയാത്ത ഒരിടമാണ് തെങ്കാശി
മഹാദേവര്‍ ക്ഷേത്രം എന്നതില്‍ സംശയമില്ല.
2 comments:
Good
Thank U
Post a Comment