ഒരു കോഴിക്കോടന്‍ യാത്രയുടെ സ്മരണകള്‍
ഡല്‍ഹി ഇന്‍ഫര്‍മേഷന്‍ ഓഫീസറായിരിക്കുകയും ഇപ്പോള്‍ വയനാട്ടില്‍ നിയമിതനാവുകയും ചെയ്ത പ്രിയ സുഹൃത്ത് സജീവിന്‍റെ വീടുകാണാനും കോഴിക്കോട് ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ പോകാനും നിശ്ചയിച്ചായിരുന്നു കുടുംബ സമേതമുള്ള യാത്ര. അംഗങ്ങള്‍ താഴെ പറയുന്നവര്‍. അജിത്,സജീവ് കുമാര്‍,ജയശ്രീ,വിജയശ്രീ,ആഷ,വൈശാഖ്,ശ്രീക്കുട്ടന്‍,വൈഷ്ണവ്. 2011 ഒക്ടോബര്‍ നാലിന് രാത്രി 8.40നുള്ള മംഗലാപുരം എക്സ്പ്രസ്സില്‍ പുറപ്പെട്ട് രാവിലെ ആറുമണിക്ക് കോഴിക്കോട്ടെത്തി. സജീവും സാരഥി സമ്പത്തും കാത്തുനില്പ്പുണ്ടായിരുന്നു. യാത്രയുടെ തുടക്കമേ അറിവിന്‍റെയും കാഴ്ച്ചകളുടേതുമായി. ബീച്ച് റോഡിലൂടെ യാത്ര. ചെന്നിറങ്ങിയത് ഫിഷിംഗ് ഹാര്‍ബറില്‍. മത്സ്യബോട്ടുകളുടെയും മീന്‍ കച്ചവടത്തിന്‍റെയും തിരക്കുകള്‍ കണ്ടശേഷം വീട്ടിലേക്ക് പോയി. സുനാമി റിഹാബിലിറ്റേഷന്‍ ഫണ്ടുപയോഗിച്ച് മനോഹരമാക്കിയിട്ടുള്ള ബീച്ചില്‍ പ്രഭാത സവാരിക്കാര്‍ ഏറെയുണ്ട്.
പുതിയങ്ങാടിയിലെ മനോഹരമായ വീട്ടിലെത്തി. ചതുരവും ദീര്‍ഘചതുരവും ഇടകലരുന്ന മാതൃകയാണ് വീട്. സമൃദ്ധമായി വായു സഞ്ചാരമുള്ള , ചൂട് അധികമേല്ക്കാത്ത വിധമുള്ള ഡിസൈന്‍. ലൈറ്റുകള്‍ ഉള്‍പ്പെടെ എല്ലാം ചതുരങ്ങളാണ്. മനോഹരമായ ഇന്‍റീരിയര്‍. സുഹൃത്തായ ആര്‍ക്കിടെക്ട് രാജീവിന്‍റെ കൈപ്പുണ്യം.
ആദ്യം തന്നെ പോയത് പ്രധാന മത്സ്യമാര്‍ക്കറ്റിലേക്കാണ്. രണ്ട് നെയ്മീനുകളുമായി മടക്കം. മറീന്‍ അക്വേറിയം, പുരാതനമായ മിഷ്കാല്‍ പള്ളി എന്നിവ കണ്ടശേഷം ബേപ്പൂരേക്ക് പോയി.പള്ളിക്ക് മുന്നിലാണ് കുറ്റിച്ചിറ .അതിനുചുറ്റിലുമായി പുരാതനമായ അനേകം മുസ്ലിം കുടുംബങ്ങള്‍ താമസിക്കുന്നു. പള്ളിയുടെ പുതുക്കിപ്പണി നടക്കുന്നു. എങ്കിലും കയറി കാണാന്‍ അധികാരി സമ്മതിച്ചു. ആ നല്ല മനസ്സിന് നന്ദി. പുലിമുട്ടും കപ്പലുകളും കണ്ടശേഷം കടലുണ്ടിപ്പുഴയില്‍ ജങ്കാറില്‍ ഒരു യാത്ര . ജങ്കാറില് എത്ര വാഹനങ്ങളും ആളുകളുമാണ് കയറുന്നത് ! വന്‍ ഇന്ധനലാഭം. ജങ്കാര്‍ നടത്തുന്നവര്‍ക്ക് വലിയ കൊയ്ത്തും. മടങ്ങിവരവെ ഉരുവിന്‍റെ ഒരു മാതൃക കൂടി വാങ്ങിച്ചു.
ഉച്ചയ്ക്ക് നെയ്മീന്‍ കറിയും വറുത്തതും ചേര്‍ത്ത് ഗംഭീര സദ്യ. സജീവിന്‍റെ അമ്മയുടെയും റീനയുടെയും അനുജത്തിമാരുടെയും കൈപ്പുണ്യം. ഉച്ചകഴിഞ്ഞ് കാപ്പാട് ബീച്ചിലേക്ക്. തിരയില്ലാത്ത കടല്‍. അവിടവിടെ ചെങ്കല്ലുപാറകള്‍. മലബാറിന്‍റെ മൈത്രി തകര്‍ത്ത വാസ്കോഡഗാമ വന്നിറങ്ങിയ ഇടം. അനേകം ദേശവാസികളെ കശാപ്പുചെയ്യുകയും വാണിജ്യസംവിധാനങ്ങള്‍ താറുമാറാക്കുകയും ചെയ്ത പോര്‍ച്ചുഗീസുകാരുടെ വരവിന്‍റെ തുടക്കം കണ്ട ദേശം. കുറച്ചുസമയം ബീച്ചില്‍ കഴിഞ്ഞശേഷം ലോകനാര്‍കാവിലേക്ക് പുറപ്പെട്ടു. ദേശീയപാത 17 താറുമാറായി കിടക്കുകയുമാണ്. അതിനാല്‍ സംസ്ഥാന പാതയിലൂടെയാക്കി യാത്ര. സമൃദ്ധമായ പച്ചപ്പ്. അടയ്ക്കാമരങ്ങളുടെയും തെങ്ങിന്‍റെയും പുഴകളുടെയും തോടുകളുടെയും ഇടകലര്‍ന്ന പകിട്ട്.
നവരാത്രി പൂജകളുടെ നാളുകളായതിനാല്‍ വൈകിട്ട് ലോകനാര്‍കാവിലെത്തുമ്പോള്‍ ചുറ്റുവിളക്കുകളുടെ നക്ഷത്രാലങ്കാരം. വടക്കന്‍പാട്ടുകളില്‍ കേട്ടു പരിചയിച്ച് മിത്തായി വളര്‍ന്ന ക്ഷേത്രം. വിശാലമായ പറമ്പ്. ദേവീക്ഷേത്രത്തിനുപുറമെ ശിവക്ഷേത്രവും വിഷ്ണുക്ഷേത്രവുമുണ്ട്. ഷര്‍ട്ട്,ബനിയന്‍,പാന്‍റ്സ് എന്നിവ ക്ഷേത്ര നിഷിദ്ധം. പണ്ട് സായിപ്പുമാത്രം ഇതൊക്കെ ധരിച്ചിരുന്ന കാലത്ത് അവരെ ക്ഷേത്രത്തില്‍ നിന്നകറ്റി നിര്‍ത്താന്‍ ബ്രാഹ്മണന്‍ കണ്ടെത്തിയ വിദ്യയാണ്. ഇന്നിപ്പോള്‍ നൂറുശതമാനം മലയാളിയും പാന്‍റ്സും ഷര്‍ട്ടും ധരിക്കാന്‍ തുടങ്ങിയിട്ടും എങ്ങും നിയമങ്ങള്‍ക്ക് മാറ്റമില്ല. ഒരു കാവിമുണ്ട് വാങ്ങി പാന്‍റ്സിനുമുകളില്‍ ചുറ്റി എല്ലാ പുരുഷന്മാരും മാറി മാറി ക്ഷേത്രദര്‍ശനം നടത്തി. രാത്രിയില്‍ മടങ്ങിയെത്തി ജീരകകഞ്ഞിയും പയറും ചമ്മന്തിയും കൂട്ടി അത്താഴം. സുഖമായ ഉറക്കം.
ആറാം തീയതി ഉച്ചയോടെയാണ് കക്കയം ഡാമിലേക്ക് പുറപ്പെട്ടത്. മലബാറിന്‍റെ ഊട്ടി എന്നാണ് കക്കയം അറിയപ്പെടുന്നത്. ബാലുശ്ശേരി നക്ഷത്രയില്‍ നിന്നും ബിരിയാണി പാഴ്സല്‍ വാങ്ങി. ഡാമിലേക്കുള്ള യാത്ര മനോഹരമാണ്. കുന്നുകയറുമ്പോള്‍ അനേകം മലമടക്കുകളുടെ സൌന്ദര്യം. ദൂരെ ഡാമിലെ ജലത്തിന്‍റെ വെള്ളിത്തിളക്കം. റബ്ബര്‍കാടുകളാണ് എവിടെയും. മലമുകളില്‍ വരെ തെങ്ങുകള്‍. ഡാം ഇലക്ട്രിസിറ്റി ബോര്‍ഡിന്‍റെ അധീനതയിലാണ്. ഉരക്കുഴി ജലപാതത്തിന്‍റെ അഗാധത അത്ഭുതകരം. രുചികരമായ ശുദ്ധജലം കൈക്കുമ്പിളില്‍ എടുത്ത് കുടിക്കുമ്പോള്‍ യാത്രയുടെ ക്ഷീണം അകലുന്നു. ഡാമിന്‍റെ കാഴ്ചകളില്‍ നിന്നും മടങ്ങുമ്പോള്‍ അടിയന്തിരാവസ്ഥക്കാലത്ത് കക്കയം ഡാം പരിസരത്ത് മരണമടഞ്ഞ രാജനെയും പീഡനമേറ്റ മറ്റനേകം പേരെയും ഓര്‍മ്മ വന്നു. ഒരു ചുവപ്പന്‍ വിപ്ലവത്തിന്‍റെ ഓര്‍മ്മപത്രം. താഴെ നദി ഒഴുകുന്നു. മഞ്ഞുപോലെ തണുത്ത ജലം. തേഞ്ഞുരുണ്ട മനോഹരമായ കല്ലുകള്‍. അവിടെ ഒരു കുളി കഴിഞ്ഞതോടെ ദീര്‍ഘമായ യാത്രയുടെ ക്ഷീണമൊക്കെ നാടുകടന്നു. തിരിച്ചുള്ള യാത്രയില്‍ ശുദ്ധമായ തെങ്ങിന്‍ കള്ള്കൂടി ലഭിച്ചപ്പോള്‍ ആ ദിവസവും ധന്യമായി. രാത്രി ചിക്കന്‍ സ്റ്റൂവും അപ്പവും ചേര്‍ന്ന ഗംഭീരഭക്ഷണം,മീന്‍കറി കൂട്ടിനും.
ഏഴാം തീയതി പുത്തൂര്‍ ദേവീക്ഷേത്രത്തില്‍ പോയി. ഗാമയെ പല്ലക്കിലേറ്റി സാമൂതിരിയുടെ കൊട്ടാരത്തിലേക്ക് കൊണ്ടുവന്നപ്പോള്‍ പള്ളിയാണെന്നു കരുതി മുട്ടുകുത്തി പ്രാര്‍ത്ഥിച്ച ഇടം. കവാടത്തിന്‍റെ ഇരുവശവും ദംഷ്ട്രകളുള്ള ദ്വാരപാലകരൂപങ്ങള്‍ കണ്ട് സംശയിച്ച സുഹൃത്തുക്കള്‍ക്കൊപ്പം ഗാമ പറഞ്ഞു,” ഇത് യേശു ദേവാലയമെങ്കില്‍ ഈ പ്രര്‍ത്ഥന അങ്ങ് സ്വീകരിക്കണം, അതല്ല പിശാചിന്‍റെ ആലയമെങ്കില്‍ ഇത് പ്രാര്‍ത്ഥനയല്ല.” പഴയൊരു ബുദ്ധവിഹാരത്തിന്‍റെ ലക്ഷണം ഇവിടെ കാണുന്നുണ്ട്. തിരികെ വന്ന ശേഷം ഫിഷിംഗ് ഹാര്‍ബറിലെ പുലിമുട്ടിലേക്ക് പോയി. കുറേ ദൂരം നടന്നു. തീരത്താകെ മീന്‍പിടുത്തക്കാര്‍ വലിച്ചെറിഞ്ഞ കടല്‍പാമ്പുകള്‍ ചീയുന്നു. പുലിമുട്ടില്‍ വന്നടിക്കുന്ന ചെറിയ തിരകള്‍. ചൂണ്ടലിട്ട് മീന്‍പിടിക്കുന്നവരെയും അവിടെ കാണാന്‍ കഴിഞ്ഞു. തുടര്‍ന്ന് പഴശ്ശി മ്യൂസിയവും വി.കെ.കൃഷ്ണമെനോന്‍ ആര്‍ട്ട് ഗാലറിയും കണ്ടു. മ്യൂസിയം നില്ക്കുന്ന വെസ്റ്റ് ഹില്‍ ബ്രിട്ടീഷ് ഭരണ സിരാകേന്ദ്രമായിരുന്നു. മുകളില്‍ കോടതിയും താഴെ ജയിലുമായിരുന്നു.
പ്രസിദ്ധമായ പാരഗണില്‍ നിന്നും ഭക്ഷണം വാങ്ങി. ഉച്ചകഴിഞ്ഞ് മിഠായിത്തെരുവും മറ്റ് മാര്‍ക്കറ്റുകളും കണ്ടു. തുഷാരഗിരിയും മാനഞ്ചിറ,തളി ക്ഷേത്രം തുടങ്ങിയ നഗരക്കാഴ്ചകളും ബാക്കിയാക്കി രാത്രിയില്‍ മടങ്ങി. ചപ്പാത്തിയും കല്ലുമ്മേല്‍കായും കൊഞ്ചും അടങ്ങിയ അത്താഴത്തിന്‍റെ രുചിയും മിടുക്കന്മാരും മിടുക്കികളുമായ അച്ചു,ഇബ്നൂസ്,കണ്ണന്‍,ലക്ഷ്മി, അമ്മു, പാറു,അഞ്ജു എന്നിവരുടെ കളിതമാശകളും ഒപ്പമുണ്ടായിരുന്നു. ആതിഥ്യത്തിന്‍റെ സുഖസ്മരണകളും.
യാത്ര പുറപ്പെടുമ്പോള്‍ സുഹൃത്തുക്കള്‍ ചോദിച്ചു, കോഴിക്കോട് എന്തു കാണാനാ ? വയനാടും ചേര്‍ത്ത് പോകുന്നതാ നല്ലത്. എന്നാല്‍ കോഴിക്കോട്ട് കണ്ടാലും കണ്ടാലും തീരാത്ത കാഴ്ചകളും വിശേഷങ്ങളുമുണ്ടെന്ന് ഞാനവരോടു പറഞ്ഞു. ടൂറിസം അധികം മലിനമാക്കാത്ത കോഴിക്കോട് നിങ്ങള്‍ക്കായി കാത്തിരിക്കുന്നു, സൌരഭ്യം ഉള്ളിലൊതുക്കിയ ഒരു താമരമൊട്ടു പോലെ .
4 comments:
പ്രിയ അജിത്‌സാര്‍
യാത്രാവിവരണം ഹൃദ്യമായിരിക്കുന്നു. അതിസാഹിത്യ,ആഢ്യവാക്കുകളും വാചകങ്ങളും പ്രയോഗങ്ങളും ഉപയോഗിക്കാതെ ലളിതമായ ഭാഷയിലുള്ള അവതരണം വളരെ മനോഹരമായിരിക്കുന്നു. അഭിനന്ദനങ്ങള്‍ ഒരു വയനാടന്‍ യാത്രകൂടി ആകാമായിരുന്നു. ഇനിയും ഇതുപോലുള്ള കുറിപ്പുകള്‍ പ്രതീക്ഷിക്കുന്നു
ജോസഫ് ആന്റണി
good article sir....
കൂടുതല്‍ യാത്രകള്‍ ഉണ്ടാകട്ടെ!കുറിപ്പുകളും.
സുധീര. ടി, പാലക്കാട്
Its not the destination but the group which counts while u travel. Nice travelogue sir.
Post a Comment