Thursday, June 30, 2011

തൃശ്ശൂര്‍ പൂരം


പാടിപ്പതിഞ്ഞ ഈ ഗാനത്തില്‍ ഇനിയും പലതും കൂട്ടിച്ചേര്‍ക്കാന്‍ കഴിയും .

കാന്താ ഞാനും പോരാം, തൃശ്ശൂര്‍ പൂരം കാണാന്‍(കാന്താ..)

പൂരം എനിക്കൊന്നു കാണണം കാന്താ

പൂരപ്പറമ്പില്‍ പോകണം കാന്താ(കാന്താ..)

പൂരത്തറയില് പോകണം കാന്താ

തറമേലെനിക്കൊന്നിരിക്കണം കാന്താ( കാന്താ..)

കൊടിമരം എനിക്കൊന്ന് കാണണം കാന്താ

കൊടിമരത്തേലൊന്ന് കേറണം കാന്താ(കാന്താ..)

മദ്ദളം എനിക്കൊന്ന് കാണണം കാന്താ

മദ്ദളത്തേലൊന്ന് തട്ടണം കാന്താ(കാന്താ.. )

ചെണ്ടക്കോലൊന്ന് പിടിക്കണം കാന്താ

ചെണ്ടേമ്മേലൊന്ന് കൊട്ടണം കാന്താ(കാന്താ...)

കൊമ്പുമ്മേലൊന്ന് പിടിക്കണം കാന്താ

കൊമ്പെടുത്തൊന്നൂതണം കാന്താ(കാന്താ...)

ആനയെ എനിക്കൊന്ന് കാണണം കാന്താ

ആനപ്പുറത്തൊന്ന് കേറണം കാന്താ( കാന്താ...)

ആനേടെ വാലൊന്ന് കാണണം കാന്താ

ആനവാല്‍ മോതിരം വാങ്ങണം കാന്താ ( കാന്താ..)

തുമ്പി ക്കൈയ്യില്‍ പിടിക്കണം കാന്താ

തുമ്പിയെപ്പോലൊന്നാടണം കാന്താ(കാന്താ..)

പപ്പടക്കടേലൊന്ന് പോകണം കാന്താ

ഒരുകെട്ട് പപ്പടം വാങ്ങണം കാന്താ(കാന്താ..)

ആനപപ്പടം വാങ്ങണം കാന്താ

പപ്പടം എനിക്കൊന്ന് കാച്ചണം കാന്താ ( കാന്താ..)

പൂരത്തിന്‍ സദ്യക്ക് പോകണം കാന്താ

പപ്പടം എനിക്കൊന്ന് പൊടിക്കണം കാന്താ ( കാന്താ..)

Sunday, June 12, 2011

Remembering the earth quake at Bhuj


ഓര്‍മ്മ
2001 ലെ ജനുവരി 26. റിപ്പബ്ലിക്ക് ദിനം. കേരളത്തിന്‍റെ ടാബ്ലോ തൃശൂര്‍ പൂരമായിരുന്നു.തലേദിവസം രാത്രിയില്‍ ക്യാമ്പില്‍ നിന്ന് അവസാനമിനുക്കുപണികളും നടത്തിച്ച് മടങ്ങി വരുമ്പോള്‍ അടുത്ത ദിവസം ഇത്രയേറെ അസ്വസ്ഥതയുളവാക്കുന്ന ഒരു വാര്‍ത്ത കേള്‍ക്കേണ്ടി വരും എന്നു കരുതിയില്ല.
ഗുജറാത്തില്‍ ഭൂമികുലുക്കത്തില്‍ ആയിരക്കണക്കിനാളുകള്‍ മരിച്ചു എന്നതായിരുന്നു ആ വാര്‍ത്ത. അടുത്ത ദിവസമായപ്പോള്‍ മരണ സംഖ്യ 20,000 കവിഞ്ഞു എന്ന റിപ്പോര്‍ട്ട് വന്നു. ഔദ്യോഗിക ദു:ഖാചരണവും പ്രഖ്യാപിച്ചു. ഗുജറാത്തില്‍ നിന്നുള്ള ദുരന്തവാര്‍ത്തകളേ എവിടെയും കേള്‍ക്കാനുള്ളു. എന്തെങ്കിലും തങ്ങളാലാവുന്നത് ചെയ്യണം എന്ന് ഞങ്ങളും ചിന്തിച്ചു തുടങ്ങി.വിവിധ മലയാളി സംഘടനകളുടെയും പ്രമുഖരുടേയും സഹായത്തോടെ 5 ലോറികള്‍ നിറയെ ഭക്ഷണവസ്തുക്കളും മറ്റ് അത്യാവശ്യവസ്തുക്കളും സംഘടിപ്പിച്ച് ഭുജിലേക്ക് പോകാന്‍ കഴിഞ്ഞത് അങ്ങിനെയാണ്.
ജസ്റ്റീസ് കെ.ടി.തോമസ്സ് ഫ്ളാഗ് ഓഫ് ചെയ്തതോടെ വാഹനങ്ങള്‍ പുറപ്പെട്ടു. ശ്രീദേവന്‍,കൃഷ്ണചന്ദ്രന്‍,ജിമ്മി ജോര്‍ജ്ജ്,അജയന്‍,വല്‍സമ്മ,മനോരമ ഫോട്ടോഗ്രാഫര്‍ ജയചന്ദ്രന്‍,റിപ്പോര്‍ട്ടര്‍ തോമസ് ഡൊമിനിക് ,സോളമന്‍ പയസ്സ് എന്നിവരായിരുന്നു ടീം അംഗങ്ങള്‍. രാത്രിയില്‍ ഉദയ്പ്പൂരില്‍ എത്തി. അടുത്ത ദിവസം ഹിമ്മത്ത് നഗര്‍ വഴി യാത്ര തുടര്‍ന്നു. അവിടെ ബോംബെ ഹോട്ടലില്‍ നിന്നായിരുന്നു ഭക്ഷണം. ഉമ്മര്‍ ഭായ് ആണ് ഉടമ. അവിടത്തെ പ്രത്യേകാകര്‍ഷണം അനേകരാജ്യങ്ങളില്‍ നിന്നും കൊണ്ടുവന്ന് വളര്‍ത്തുന്ന കിളികളാണ്.
ഞങ്ങള്‍ രാത്രിയില്‍ ഗാന്ധിധാമിലെത്തി. ഫാദര്‍ ഐസക്കിന്‍റെ പള്ളിയില്‍ താമസം. ബ്രഡും മുട്ടക്കറിയും കഴിച്ചു. മലയാളി സംഘടന പ്രതിനിധികള്‍ വന്നു.
അടുത്ത ദിവസം ഗാന്ധിധാമിലെ ശ്രീകുമാറിനൊപ്പം തകര്‍ന്നടിഞ്ഞ നാടിന്‍റെ ദുരന്തഭൂമിയിലൂടെ ഒരു യാത്ര. കോണ്‍ക്രീറ്റുകള്‍ക്കിടയില്‍ നിന്നും ശവമെടുക്കുന്നവര്‍,ഉറ്റവരുടെ ശരീരം കാത്തിരിക്കുന്നവര്‍,ഭക്ഷണത്തിനായി ഇരക്കുന്നവര്‍.അങ്ങിനെ വേദന നിറഞ്ഞ അനേകം ദൃശ്യങ്ങള്‍. നിമിഷങ്ങള്‍ക്കുള്ളില്‍ തകര്‍ന്നടിഞ്ഞ മനുഷ്യസ്വപ്നങ്ങളുടെ ശ്മശാനഭൂമിയായ ഭുജ്,ബചാവോ,അന്‍ജാറ. അന്ന് വൈകിട്ട് കൊണ്ടുവന്ന സാധനങ്ങള്‍ സമാജത്തിന് കൈമാറി.
കാലം എല്ലാം മറക്കാന്‍ പഠിപ്പിക്കുന്നു. തകര്‍ന്നടിഞ്ഞ പ്രദേശങ്ങളിലെ മനുഷ്യര്‍ അവരുടെ നഷ്ടങ്ങളെ ഓര്‍ത്ത് വിലപിക്കുന്നത് അവസാനിപ്പിച്ച് കര്‍മ്മ നിരതരായിട്ടുണ്ടാകാം. നഷ്ടപ്പെട്ട മനുഷ്യജീവനൊഴികെ ബാക്കിയെല്ലാം തിരിച്ചു പിടിച്ചിട്ടുണ്ടാകാം. ആ ഒരു ത്വരയാണല്ലോ മനുഷ്യവര്‍ഗ്ഗത്തെ മുന്നോട്ട് നയിക്കുന്നതും. 

Thursday, June 9, 2011

പുതിയ സ്കൂളുകള്‍ അനുവദിക്കുന്നത്



പുതിയ സ്കൂളുകള്‍ അനുവദിക്കുന്നത്

കേരളത്തില്‍ പുതിയ സിബിഎസ്ഇ,ഐസിഎസ്ഇ സ്കൂളുകള്‍ അനുവദിക്കുന്നതിനെതിരെ പ്രക്ഷോഭത്തിന്‍റെ സ്വരത്തില്‍ ഭരണ -പ്രതിപക്ഷ അധ്യാപക -വിദ്യാര്‍ത്ഥി സംഘടനകള്‍ സംസാരിച്ചു കഴിഞ്ഞു. ഈ കാപട്യ വര്‍ത്തമാനത്തിനിടയില്‍ മറക്കാന്‍ ശ്രമിക്കുന്ന ചില യാഥാര്‍ത്ഥ്യങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിക്കുന്നു.
കേരളത്തെ സംബ്ബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട രണ്ട് വ്യവസായങ്ങളാണ് വിദ്യാഭ്യാസവും ആരോഗ്യവും. ഈ രണ്ട് മേഖലകളിലും സ്വകാര്യമേഖല തഴച്ചു വളര്‍ന്നിട്ടുണ്ട്. ഗുണകരവും ദോഷകരവുമായ സ്വാധീനങ്ങള്‍ ഇവ സമൂഹത്തില്‍ ചെലുത്തുന്നുമുണ്ട്. ദേശീയ സിലബസിലും സംസ്ഥാന സിലബസിലും സ്വകാര്യ മേഖലയിലുള്ള സ്കൂളുകള്‍ വിദ്യാത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുന്നു. സര്‍ക്കാരിന് അധികബാധ്യതയുണ്ടാക്കാതെ കൂടുതല്‍ തൊഴിലവസരങ്ങളും ഒരുക്കുന്നു. ഉയര്‍ന്ന ഫീസ് നല്കാന്‍ കഴിവുള്ളവര്‍ കുട്ടികളെ ഇത്തരം സ്കൂളുകളില്‍ അയയ്ക്കുന്നു. സര്‍ക്കാര്‍ സ്കൂളുകളിലെ അധ്യാപകരേക്കാള്‍ കുറഞ്ഞ യോഗ്യതയുള്ള ഈ അധ്യാപകരില്‍ രക്ഷകര്‍ത്താക്കള്‍ കൂടുതല്‍ വിശ്വാസമര്‍പ്പിക്കുന്നു. ഈ രക്ഷകര്‍ത്താക്കളില്‍ സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരും ഉള്‍പ്പെടുന്നു എന്നത് ഇവരുടെ കാപട്യത്തിന്‍റെ കാഠിന്യം വെളിപ്പെടുത്തുന്നു. ഒരിക്കല്‍ മുന്‍മന്ത്രി ശ്രീ.മാത്യു.ടി.തോമസ്സ് പറഞ്ഞത് ഈ സമയം ഓര്‍ത്തു പോവുകയാണ് . അദ്ദേഹത്തെ കണ്ട് സങ്കടമുണര്‍ത്തിക്കാന്‍ കുറെ പ്രൊട്ടക്ടഡ് അധ്യാപകര്‍ വന്നു. എയിഡഡ് സ്കൂളുകളില്‍ കുട്ടികള്‍ കുറയുന്നതായിരുന്നു പ്രശ്നം. എല്ലാവരും സിബിഎസ്ഇയിലേക്ക് പോകുന്നു എന്നതായിരുന്നു അവരുടെ സങ്കടം. അദ്ദേഹം ചോദിച്ചു, നിങ്ങളുടെ കുട്ടികള്‍ എവിടെയാണ് പഠിക്കുന്നത്. തികഞ്ഞ മൌനം.ഒടുവില്‍ നിര്‍ബന്ധിച്ചപ്പോള്‍ പറഞ്ഞു, എല്ലാവരും സിബിഎസ്ഇയിലാണ്. ആദ്യം നമ്മള്‍ കുട്ടികളെ നമ്മുടെ സ്കൂളില്‍ ചേര്‍ക്കുക,എന്നിട്ട് മറ്റുള്ലവരോട് ആവശ്യപ്പെടുക,അപ്പോള്‍ അതിനൊരാര്‍ജ്ജവമുണ്ടാകും,അദ്ദേഹം പറഞ്ഞു. ഇവിടെയും ഈ ചോദ്യം പ്രസക്തമാണ്. എന്നുമാത്രമല്ല, ഡിവിഷന്‍ ഫാള്‍ ഒഴിവാക്കാന്‍ അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം കുറച്ചാല്‍ മതിയല്ലോ. ഉള്ള കുട്ടികള്‍ നന്നായി പഠിക്കട്ടെ.

ലോകത്തൊരിടത്തുമില്ലാത്ത ഒരു വിദ്യാഭ്യാസ രീതി പിന്‍തുടരുന്ന സംസ്ഥാനമാണല്ലോ നമ്മുടേത്. സ്വകാര്യ മാനേജ്മെന്‍റ് പണം വാങ്ങി യോഗ്യത കുറഞ്ഞ അധ്യാപകരെ നിയമിക്കുകയും അവര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്കുകയും ചെയ്യുന്ന വിചിത്രമായ അവസ്ഥ. ഈ നിയമനം പിഎസ്സിക്ക് വിടണം എന്നാവശ്യപ്പെട്ടും അണ്‍ എയിഡഡ് സ്കൂളുകളിലെ അധ്യാപകരുടെ മിനിമം യോഗ്യതയും ശംമ്പളവും നിശ്ചയിക്കണമെന്നുമൊക്കെ ആവശ്യപ്പെട്ട് കുറേക്കൂടി ക്രിയാത്മകമായ സമരങ്ങള്‍ ആയിക്കുടെ കുഞ്ഞുങ്ങളെ എന്നാണ് എന്‍റെ എളിയ ചോദ്യം.

Wednesday, June 8, 2011

കാത്തിരിപ്പ്


കാത്തിരിപ്പ്
ഞാന്‍ മുംബെയില്‍ നിന്നെത്തിയത് പനിയുമായിട്ടാണ്. നല്ല ചൂട്. സാധാരണയായി ഡോക്ടര്‍ സന്തോഷിന്‍റെ ഹോമിയോ മരുന്നാണ് കഴിക്കുക. ഇന്ന് മുരുകേശന്‍ ഡോക്ടറെ കണ്ട് അലോപ്പതി തന്നെ വാങ്ങാം എന്ന് തീരുമാനിച്ചു. ഡോക്ടറുടെ വീട്ടിലെത്തുമ്പോള്‍ മൂന്നുപേര്‍ കാത്തിരിക്കുന്നു. ആട്ടോറിക്ഷയില്‍ ഒരു മുസ്ലീം സ്ത്രീയും പര്‍ദയണിഞ്ഞ് ഇരുപ്പുണ്ട്. ഡോക്ടര്‍ അകത്തുണ്ടോ എന്ന ചോദ്യത്തിന് ഒരാള്‍ നല്കിയ മറുപടി അവ്യക്തമായിരുന്നു. മുകളിലെ മുറിയില്‍ ഉണ്ടെന്നോ പുറത്ത് പോയെന്നോ വ്യഖ്യാനിക്കാം. അയാള്‍ മറ്റുള്ളവരുമായി സംസാരിക്കുന്ന ഭാഷ എനിക്ക് മനസ്സിലായില്ല. മാലിക്കാരനാകാം. തിരുവനന്തപുരത്തെന്നുന്ന രോഗികളില്‍ ഭൂരിഭാഗവും ഇപ്പോള്‍ മാലിക്കാരാണ്. വെളുത്ത വസ്ത്രമണിഞ്ഞ ഒരാളും അവര്‍ക്കൊപ്പമുണ്ട്. അയാള്‍ മലയാളത്തിലാണ് സംസാരിക്കുന്നത്. ലോര്‍ഡ്സ് ആശുപത്രിയില്‍ എടുത്ത ഒരു എക്സ്റേ ചിത്രവും കൈയ്യിലുണ്ട്. സമയം നീങ്ങുന്നു. എനിക്ക് അസ്വസ്ഥത തോന്നി. ഡോക്ടറെ കാത്തിരിക്കുക, ആസ്പത്രിയില്‍ പോവുക എന്നതൊക്കെ പണ്ടേ എനിക്കലര്‍ജിയാണ്. കുറച്ച് കഴിഞ്ഞപ്പോള്‍ പുറത്തെ ഫാന്‍ ആരോ ഇട്ടു. ക്ഷേത്രത്തില്‍ മണിയടിക്കും പോലെ. ഇപ്പോള്‍ നട തുറക്കും എന്ന ആകാംഷ കുറച്ചു സമയം നിന്നു. ഒന്നും സംഭവിച്ചില്ല.
ഈ സമയം തടിച്ച് വെളുത്തൊരു പെണ്‍കുട്ടിയും അവള്‍ക്ക് അനുയോജ്യനായ ഒരു ചെറുപ്പക്കാരനും വന്നു. കൈയ്യില്‍ ഒരു ക്ലിനിക്കിലെ ഫിലിമുമുണ്ട്. സ്കാന്‍ റിസള്‍ട്ടാകാം. ഞനൊന്ന് പാളി നോക്കി. പ്രസന്നന്‍,31 വയസ്സ്. ശ്വാസസംബ്ബന്ധിയായ രോഗമാണെന്ന് തോന്നുന്നു. മോള്‍ക്ക് സൈനസ് കംപ്ളൈന്‍റുമായി ഒരു പ്രധാനപ്പെട്ട ഡോക്ടറെ കണ്ടത് ഞാന്‍ ഓര്‍ത്തു. നല്ല ഡോക്ടര്‍മാര്‍ രോഗിയെ ആശ്വസിപ്പിക്കുകയാണ്ചെയ്യാറുള്ളത്. എന്നാല്‍ ഈ മനുഷ്യന്‍ ഞങ്ങളെ വല്ലാതെ പേടിപ്പിക്കുകയും സ്കാന്‍ ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു. പ്രസന്നന്‍റെ കൈയ്യിലെ കവര്‍ എന്നെ അതൊക്കെ ഓര്‍മ്മപ്പെടുത്തി. അന്ന് സ്കാനിന് കാത്തിരിക്കെ ഒരാള്‍ പറഞ്ഞത് ഓര്‍ത്തു, 40 ശതമാനമാണ് ഡോക്ടര്‍ കമ്മീഷന്‍ ,അതുകൊണ്ടുതന്നെ വേണ്ടതും വേണ്ടാത്തതുമായ എല്ലാ രോഗികളോടും സ്കാനിന് ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നു. ഇത് സത്യമായിരുന്നെന്ന് തുടര്‍ന്നുവന്ന വാര്‍ത്തകള്‍ തെളിവ് നല്കി. ഇതൊക്കെ ഓര്‍ത്തിരിക്കെ ഡോക്ടര്‍ കാറില്‍ വന്നിറങ്ങി. വാതില്‍ തുറന്നതും ഒടുവില്‍ വന്ന പ്രസന്നന്‍ കയറിയതും ഒന്നിച്ചായിരുന്നു. വെളുത്ത ഷര്‍ട്ടിട്ടയാള്‍ പറഞ്ഞു, നോക്ക് അവര്‍ ഒടുവില്‍ വന്നതല്ലെ. എന്തുചെയ്യും ആളുകള്‍ ഇങ്ങനായാല്‍ എന്നു ഞാന്‍ മറുപടിയും കൊടുത്തു. അവര്‍ പുറത്തു വന്നപ്പോള്‍ ഞാന്‍ പറഞ്ഞു, സീനിയോറിറ്റി നോക്കാമായിരുന്നു.
അയ്യോ,ഞങ്ങള്‍ക്ക് ഈ റിസള്‍ട്ട് കാണിച്ചാല്‍ മാത്രം മതിയായിരുന്നു.
എന്നാല്‍ അതൊന്ന് പറഞ്ഞു കൂടെ.
സോറി,അവര്‍ പറഞ്ഞു.
ആട്ടോയിലുണ്ടായിരുന്ന മുസ്ലീം സ്ത്രീയും കയറി കഴിഞ്ഞപ്പോള്‍ മുന്‍കൂര്‍ അപ്പോയിന്‍മെന്‍റു വാങ്ങിയ മറ്റൊരുകൂട്ടര്‍ വന്നു. എനിക്ക് വല്ലാതെ ദേഷ്യം വന്നു. എങ്കിലും ക്ഷമയോടെ കാത്തിരുന്നു. ഒടുവില്‍ എന്‍റെ ഊഴം വന്നു. വിവരം പറഞ്ഞ് കുറിപ്പടി വാങ്ങി. രണ്ടു കടയില്‍ കയറിയിട്ടാണ് മരുന്ന് കിട്ടിയത്. മരുന്ന് കഴിച്ചു തുടങ്ങിയതോടെ പനി വിട്ടു തുടങ്ങി. ആവിയും കൊള്ളുന്നുണ്ട്. നാളെത്തേക്ക് രോഗം മാറുമായിരിക്കും. ഞാന്‍ സ്വയം ആശ്വസിപ്പിച്ച് ഉറങ്ങാന്‍ കിടന്നു.