Saturday, September 7, 2013

കൊച്ചിയിലേക്കൊരു കൊച്ചുയാത്ര

കൊച്ചിയിലേക്കൊരു കൊച്ചുയാത്ര

യാത്രകള്‍  പലവിധമുണ്ട്. ചിലത് ഒരു പ്രത്യേക ലക്ഷ്യത്തോടെയാകും, മറ്റു ചിലത് ഒരു ലക്ഷ്യവുമില്ലാതെയും. മുന്‍കൂട്ടി നിശ്ചയിക്കാത്ത,അടുക്കുകളും അടരുകളുമില്ലാത്ത യാത്രകളില്‍ നമ്മള്‍ എവിടെയെങ്കിലുമൊക്കെ അലഞ്ഞ് മടങ്ങിവരും.അവിടെ അസംതൃപ്തികളില്ല. ലക്ഷ്യമുണ്ടെങ്കിലല്ലെ ലക്ഷ്യപ്രാപ്തിയുടെ സംതൃപ്തിയും അസംതൃപ്തിയുമുണ്ടാകൂ. അത്തരമൊരു യാത്രയായിരുന്നു യാദൃശ്ചികമായി കുടുംബസമേതം നടത്തിയ കൊച്ചി യാത്ര.
ശ്രീക്കുട്ടന് കേന്ദ്രീയ വിദ്യാലയങ്ങളിലെ കുട്ടികളുടെ ഷട്ടില്‍ ബാഡ്മിന്‍റണ്‍ മത്സരം കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍.പതിനൊന്നില്‍ പഠിക്കുന്ന അവന്‍റെ തിരക്കുകള്‍ക്കിടയില്‍ സിനിമ കാണുന്നത് പോലും ചുരുക്കം. അവന്‍ സ്കൂളില്‍ നിന്നുള്ള മുപ്പത് പേരുടെ സംഘത്തില്‍ ബസ്സിലായിരുന്നു യാത്ര.ഞങ്ങള്‍ തീവണ്ടിയിലും.കാക്കനാട്ടെത്തി കേരള പ്രസ്സ് അക്കാദമി കാണുക എന്നൊരു താത്പ്പര്യം ജയശ്രീക്കും ശ്രീക്കുട്ടിക്കുമുണ്ടായിരുന്നു.രാവിലെ അതിനായി സമയം ഉപയോഗിച്ചു.ഉച്ച കഴിഞ്ഞ് മട്ടാഞ്ചേരിക്ക് തിരിച്ചു. കുട്ടിക്കാലത്ത് ജയശ്രീ പഠിച്ച സ്കൂള്‍ അവിടെയാണ്.അതൊന്നു കാണണം,പിന്നെ ജൂതപ്പള്ളിയും പഴയ തെരുവുകളും. 

ഇന്ത്യയില്‍ ആദ്യകാലത്ത് വന്നുചേര്‍ന്ന ഒരു വിഭാഗമായിരുന്നു ജൂതന്മാര്‍.അഞ്ചുവണ്ണം എന്നൊരു രാജ്യവും ഭരണവും അന്നത്തെ രാജാക്കന്മാര്‍ അവര്‍ക്ക് അനുവദിച്ചിരുന്നു.എന്നാല്‍ ജ്യേഷ്ടാനുജന്മാരുടെ അധികാരവടം വലി ആ രാജ്യം തകര്‍ത്തപ്പോള്‍ അയല്‍ രാജ്യങ്ങള്‍ ഇടപെടുകയും രണ്ടുകൂട്ടരും രക്ഷപെടാനുള്ള തത്രപ്പാടില്‍ കൊച്ചിയിലെത്തുകയും ചെയ്തു. കച്ചവടത്തിലും യുദ്ധത്തിലും മറ്റ് മേഖലകളിലും ജൂതര്‍ മിടുക്കരാണെന്നറിയാവുന്ന രാജാവ് കൊട്ടാരത്തിനു സമീപം തെരുവും പള്ളിയും അനുവദിക്കയായിരുന്നു.1567-68 കാലഘട്ടങ്ങളിലായിരുന്നു ഇത്. ഇടുങ്ങിയ പുരാതനമായ തെരുവുകളും കുറച്ചെങ്കിലും കെട്ടിടങ്ങളും ഇന്നും അവിടെ നിലനില്ക്കുന്നു.ഒരു പക്ഷെ വിനോദസഞ്ചാര പ്രാധാന്യം മനസ്സിലാക്കിയത് കൊണ്ടാകാം ഇവിടം ഈ വിധം നിലനിര്‍ത്തിയിരിക്കുന്നത് എന്നു തോന്നുന്നു.അഞ്ചുമണിക്ക് ടിക്കറ്റ് കൌണ്ടര്‍ അടയ്ക്കും.അന്നത്തെ അവസാന സന്ദര്‍ശകര്‍ ഞങ്ങളായിരുന്നു.ഇസ്രയേലില്‍ നിന്നുള്ള സഞ്ചാരികളെയും അവിടെ കണ്ടു.കൌണ്ടറിലെ ഇസ്രയേലി സ്ത്രീയുടെ മലയാളം രസകരമായി തോന്നി.
കൊച്ചിയിലെ 160 വര്‍ഷത്തെ പോര്‍ച്ചുഗീസ്സ് മേധാവിത്വം ജൂതരെ ശരിക്കും തകര്‍ത്തുകളഞ്ഞുവെന്നത് ചരിത്രം. ഇവിടെ എത്താനുള്ള കടല്‍മാര്‍ഗ്ഗം കാട്ടിക്കൊടുത്തവര്‍ എന്നൊരു കാരുണ്യം പോലും അവര്‍ക്ക് കിട്ടിയില്ല. 1663 ല്‍ ഡച്ചുമേധാവിത്തം വന്നതോടെ അവശേഷിച്ച ജൂതന്മാര്‍ക്ക് സമാധാനപരമായി ജീവിക്കാമെന്നായി.തുടര്‍ന്ന് ബ്രിട്ടീഷുകാരുടെ കാലത്തും ആ നില തുടര്‍ന്നു.സ്വതന്ത്ര ഇന്ത്യയിലും അത് തുടര്‍ന്നെങ്കിലും മതപരമായ കാരണങ്ങളാല്‍ ജൂതര്‍ ഇസ്രായെലിലേക്ക് മടങ്ങി.പള്ളി ബാക്കിയായി,തെരുവും .1762-ല്‍ ചൈനയില്‍ നിന്നും കൊണ്ടുവന്ന തറയോടാണ് പള്ളിയില്‍ പാകിയിട്ടുള്ളത്.കൈകൊണ്ട് പെയിന്‍റു ചെയ്ത തറയോടുകള്‍ 1100 എണ്ണമുണ്ട്.അവയിലെ ചിത്രങ്ങള്‍ എല്ലാം വ്യത്യസ്തങ്ങളാണ് എന്നതാണ് പ്രത്യേകത.പഴയ കാല ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ചിത്രങ്ങള്‍ അവിടെ സൂക്ഷിച്ചിട്ടുള്ളത് കണ്ടു.ചുറ്റുവട്ടത്തുള്ള പഴയകാല വസ്തുക്കളുടെ ശേഖരവും ശ്രദ്ധേയമാണ്.മലയാളിയുടെ കരവിരുതിന്‍റെ വിരുന്നുകള്‍ അവിടെ ധാരാളം.



തൊട്ടടുത്താണ് പോലീസ് മ്യൂസിയം.തിരുവിതാംകൂറിലെയും കൊച്ചിയിലെയും മലബാറിലെയും പോലീസ് വേഷങ്ങള്‍,പഴയതും പുതിയതുമായ കേരള പോലീസ് വേഷങ്ങള്‍,മുദ്രകള്‍,വാള്‍,കുന്തം,തോക്കുകള്‍ തുടങ്ങി വിവിധ വസ്തുക്കള്‍ അവിടെ ശേഖരിച്ചിരിക്കുന്നു.അവിടെ ആറുമണിവരെ പ്രദര്‍ശനമുണ്ടായിരുന്നു.തുടര്‍ന്ന് മട്ടാഞ്ചേരി സര്‍ക്കാര്‍ ഹൈസ്കൂള്‍  കണ്ടു.ടി.ഡി ഹൈസ്കൂളിന് പിന്നില്‍ വലിയ മാറ്റങ്ങളില്ലാതെ അത് നിലനില്ക്കുന്നു. കടവന്ത്ര സ്കൂളില്‍ വന്ന് മകനെയും കൊച്ചുകടവന്ത്രയിലെത്തി  അണ്ണനെയും കുടുംബത്തെയും കണ്ടു.കായിക്കയുടെ മക്കള്‍ നടത്തുന്ന കായീസില്‍ നിന്നും ബിരിയാണിയും കഴിച്ചു മടങ്ങി.

അടുത്ത ദിവസം രാവിലെ ചോറ്റാനിക്കര ക്ഷേത്രത്തില് പോയി.തുടര്‍ന്ന് മറീന്‍ ഡ്രൈവില്‍ അല്പ്പനേരം, ഒരു മലബാര്‍ ബിരിയാണി, കുര്‍ള എക്സ്പ്രസ്സില് മടക്കയാത്ര. കുമ്പളങ്ങി കാണാനും ഭക്ഷണം കഴിക്കാനുമായി ഇനി വരാം എന്ന് തീരുമാനിച്ചായിരുന്നു  മടക്കം.