Friday, January 17, 2014

IIFK 2012 film review

പതിനേഴാമത്  അന്താരാഷ്ട്ര ചലച്ചിത്രോത്സവം കേരള
2012 ഡിസംബര്‍ ഏഴിന് കൊടിയേറി ഏഴുദിന വിസ്മയങ്ങള്‍ ഒരുക്കി പതിനാലിന് കൊടിയിറങ്ങിയ മേള സംഘാടനത്തിലും സിനിമകളുടെ തെരഞ്ഞെടുപ്പിലും മികവു പുലര്‍ത്തി.


ഉദ്ഘാടന ചിത്രം ദ റിംഗ് പഴമയും നിശബ്ദതയും ഒപ്പം സംഗീതവും ഇഴചേര്‍ന്ന കറുപ്പിന്‍റെയും വെളുപ്പിന്‍റെയും വിരുന്നായി. 1927-ല്‍ ആല്‍ഫ്രഡ് ഹിച്ച്കോക്ക് എടുത്ത എഴുപത്തിരണ്ട് മിനിട്ടുള്ള ഈ നിശബ്ദ സിനിമ നഷ്ടപ്പെടലിന്‍റെ അവസ്ഥയില്‍ നിന്നും വീണ്ടെടുത്ത  ബിഎഫ്ഐ ദേളീയ ആര്‍ക്കൈവിനെയും പ്രവര്‍ത്തകരേയും അഭിനന്ദിക്കാതെ വയ്യ. ബോക്സിംഗ് റിംഗും ത്രികോണ പ്രണയവും പ്രണയ വളയും ചേരുന്ന ചിത്രത്തില്‍ ഇരുപത്തിയെട്ടുകാരനായ ഹിച്ച്കോക്കും കൂട്ടുകാരും ആ കാലത്ത് ഉപയോഗിച്ച ടെക്നിക്കുകള്‍ നമ്മെ ആഹ്ലാദചിത്തരാക്കും. അഭിനയവും സാങ്കേതികത്തികവും ഒത്തുചേര്‍ന്ന ചിത്രം തന്നെയാണ് ദ റിംഗ്. ജോണ്‍ മാക്സ്വെല്‍ നിര്‍മ്മിച്ച ചിത്രത്തിന് തിരക്കഥ എഴുതിയത് ഹിച്ച്കോക്കും അല്‍മ റെവില്ലെയും എലിയറ്റ് സ്റ്രനാര്‍ഡും ചേര്‍ന്നാണ്. ജായ്.ഇ.കോക്സാണ് ഛായഗ്രാഹകന്‍.കാള്‍ ബ്രസണ്‍,ലിലിയന്‍ ഹാള്‍ ഡേവിസ്,ഇയാന്‍ ഹണ്ടര്‍ തുടങ്ങിയവരാണ് രംഗത്ത്. സൊവെറ്റോ കിഞ്ച് എന്ന സാക്സഫോണിസ്റ്റിന്‍റെ നേതൃത്വത്തില്‍ ലൈവ് ഓര്‍ക്കസ്ട്ര ഒരുക്കിയതാണ് ഈ അനുഭവത്തെ കൂടുതല്‍ ദീപ്തമാക്കിയത്. അതും ഇംഗ്ലണ്ടിനു പുറത്ത് ആദ്യമായി.
 

പലവിധ തിരക്കുകള്‍ക്കിടയില്‍ ,മത്സര ചിത്രങ്ങള്‍ കാണാനാണ് കൂടുതലും ശ്രദ്ധ പതിപ്പിച്ചത്. എന്നിട്ടും മികച്ച ചിത്രമായി ജൂറി തെരഞ്ഞെടുത്ത സ്റ്റാ.നിന കാണാന്‍ കഴിഞ്ഞില്ല എന്ന സങ്കടം ബാക്കി.
യെമ
അള്‍ജീരിയന്‍ സംവിധായകന്‍  ജാമില സരോയ് സയ്യാറാക്കിയ അറബിക് ചിത്രമാണ് യെമ.മുസ്ലിം കലാപകാരികള്‍ കൊല ചെയ്ത മകനെ തനിച്ച് വണ്ടിയില്‍ കൊണ്ടുവന്ന് മറവു ചെയ്യുന്ന ഔര്‍ദിയ , ഊഷര ഭൂമിയില്‍ പച്ചപ്പിന്‍റെയും സമൃദ്ധിയുടെയും വിളവ് കൊയ്യുമ്പോള്‍ ,കലാപകാരികളുടെ മേല്‍നോട്ടത്തില്‍ തന്നെയാണ്. പരുക്കന്മാരായ കലാപകാരികളുടെ മനസ്സുപോലും അലിയുന്നവിധമാണ് ആ അമ്മയുടെ ദിനങ്ങള്‍. റാഫേല്‍ ഒ ബയണിന്‍റെ മികവുള്ള ക്യാമറയും കാതറീന്‍ ഗൌസിന്‍റെ എഡിറ്റിംഗും സെബാസ്റ്റ്യന്‍ ദെ മോങ്കിന്‍റെ ശബ്ദമിശ്രണവും ചിത്രത്തിന്‍റെ മികവ് കൂട്ടുന്നു. ജമീല സരോയി തന്നെ പ്രധാനവേഷം കൈയ്യാളുന്ന ചിത്രത്തിലെ മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങള്‍ അലി ഷറഫും സമീര്‍ യഹിയയുമാണ്. നിര്‍മ്മാണം അന്‍റോണിന്‍ ദൌവും മൌറാദ് സിദിയും ചേര്‍ന്ന് നിര്‍വ്വഹിച്ചിരിക്കുന്നു. സബ് ടൈറ്റിലുകള്‍ ഉണ്ടായിരുന്നില്ല എന്നത് കുറവായി അനുഭവപ്പെട്ടു. 

ഇവാന്‍സ് വുമണ്‍
ചിലിയിലെ ഫ്രാന്‍സിസ്ക സില്‍വ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച ഇവാന്സ് വുമണ്‍ ശ്രദ്ധേയമായ ഒരു പ്രമേയമാണ് അവതരിപ്പിച്ചത്. ബാല്യം മുതല്‍ വീട്ടുതടങ്കലില്‍ കഴിയാന്‍ വിധിക്കപ്പെട്ട നതാലിയ പ്രായപൂര്‍ത്തിയാകുന്നതോടെ അവളുടെ മേല്നോട്ടക്കാരന്‍ ഇവാനുണ്ടാകുന്ന കാമവും പ്രണയവുമാണ് മനഃശാസ്ത്രപരമായ ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. കടുത്ത സംഘര്‍ഷങ്ങളും വേദനയും ലൈംഗികതയും ചിത്രത്തില്‍ ഇടകലരുന്നു. അനസ് ജോര്‍ജ്–നാസിമെന്‍റേ നിര്‍മ്മിച്ച ചിത്രത്തിന്‍റെ ഛായാഗ്രഹണം ദാനിയല്‍ വിവാന്‍കോയും എഡിറ്റിംഗ് ഫെലിപ്പ് എലൂട്ടിയും സില്‍വയും ചേര്‍ന്നു നിര്‍വ്വഹിച്ചു. ശബ്ദം അല്‍വാരോ മോര്‍ഗനും സംഗീതം ആന്‍ജലോ സൊലാരിയും നിര്വ്വഹിച്ചു. മാര്സലോ അലോന്‍സോ,മരിയ ദെ ലോസ് ആന്‍ജലസ് ഗാര്‍സിയ , ജെയിം ലോര്‍ക,അല്‍ദോ പരോദി തുടങ്ങിയവര്‍ കഥാപാത്രങ്ങളായി. (88 മിനിട്ട്) 

ഫിലിമിസ്ഥാന്‍
സണ്ണി എന്ന സംവിധാന സഹായിയുടെ മോഹം നടനാവുകയാണ്. എന്നാല്‍ ഓഡിഷനപ്പുറം പോകാന്‍ കഴിയുന്നില്ല. ഈ സമയം രാജസ്ഥാനെക്കുറിച്ച് ഡോക്യൂമെന്‍ററി ചെയ്യുന്ന ഒരമേരിക്കന്‍ സംഘത്തോടൊപ്പം അയാള്‍ ജയ്സാല്‍മേറിലെ താര്‍ മരുഭൂമിയില്‍ എത്തുന്നു. അവിടെ നിന്നും അമേരിക്കക്കാരെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ട മുസ്ലിം തീവ്രവാദികളുടെ കൈയ്യില്‍ അകപ്പെടുന്നു. ഒരു ഗ്രാമത്തില്‍ ഇയാള്‍ പാര്‍പ്പിക്കപ്പെടുകയാണ്. ഇന്ത്യന്‍ സിനിമ സിഡികള്‍ ഒളിച്ചു കടത്തി ജനങ്ങളെ കാണിക്കുന്ന ഒരാളുടെ വീടാണത്. സണ്ണി ആ നാട്ടുകാരുടെ പ്രിയങ്കരനാകുന്നതും സണ്ണിയും വീട്ടുടമയും മനസ്സുകൊണ്ട് ഒന്നായി രക്ഷപെടാന്‍ നടത്തുന്ന ശ്രമവുമാണ് സിനിമ പറയുന്നത്. ഒരു നല്ല സന്ദേശം നല്കുന്ന ചിത്രം ഹാസ്യവും തീവ്രതയും ഫിലോസഫിയുമൊക്കെ ഇഴപാകി മനോഹരമായി ചെയ്തിരിക്കുന്നു നവാഗത സംവിധായകന്‍ നിതിന്‍ കക്കര്‍. സാറ്റലൈറ്റ് പിക്ച്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് നിര്‍മ്മിച്ച ചിത്രം സുബ്രാന്‍സു ദാസ് സിനിമാറ്റോഗ്രാഫി നിര്‍വ്വഹിച്ച് സചീന്ദ്ര വാട്സ് എഡിറ്റ് ചെയ്തിരിക്കുന്നു. അരുണ്‍ നമ്പ്യാരും ഫസില് മജീദും ശബ്ദം കൈകാര്യം ചെയ്തു.അരിജിത് ദത്തയാണ് സംഗീതം. ഷരീഫ് ഹസ്മി,ഇനാമുള്‍ ഹക്ക്,കുമുദ് മിശ്ര, ഗോപാല്‍ ദത്ത് തുടങ്ങിയവര്‍ അഭിനയിച്ചിരിക്കുന്നു. ശക്തരായ അഭിനേതാക്കളാണ് ചിത്രത്തിന് കൂടുതല്‍ ബലം നല്കുന്നത്. 

ഐഡി
അതി തീവ്രമായ ഒരു സംഭവമാണ് ഐഡി അവതരിപ്പിക്കുന്നത്. പെട്ടെന്ന് മരണത്തിലേക്ക് എടുത്തെറിയപ്പെടുന്ന ഒരുവന്‍റെ തിരിച്ചറിയല്‍ എത്ര അസാദ്ധ്യമാണെന്ന് സംവിധായകന്‍ കെ.എം.കമല്‍ നമ്മോട് പറയുന്നു. ഇത്തരം ഒരവസ്ഥയെ പലരും പലരീതിയിലാണ് കാണുക. പോലീസ്സില്‍ അറിയിച്ച് ആ ജോലി അവസാനിപ്പിക്കാം. എന്നാല്‍ ഇതിലെ നായിക അയാളുടെ കുടുംബത്തെ അന്വേഷിച്ചിറങ്ങുകയാണ്. മുംബയ് നഗരത്തില്‍ ഒരു സാധാരണ തൊഴിലാളി എവിടെ എങ്ങിനെ ജീവിക്കുന്നു എന്നും അവന്‍റെ ജീവന്‍റെ വില എന്തെന്നും ക്യാമറ കാണിച്ചു തരുന്നു. ചാരു എന്ന കഥാപാത്രത്തിന് ജീവന്‍ നല്കിയ ഗീതാഞ്ജലി താപ്പ അതിശക്തയായ ഒരു അഭിനേത്രിയാണ്. സിനിമയെ സ്നേഹിക്കുന്ന ഒരു സുഹൃത്ത് കൂട്ടായ്മയില്‍ ജന്മം കൊണ്ട മനോഹര ചിത്രമാണ് ഐഡി.മൊബൈല്‍ നഷ്ടപ്പെടുന്ന ചാരുവില്‍ ചിത്രം അവസാനിപ്പിക്കാമായിരുന്നു എന്നു തോന്നി. റസൂല് പൂക്കുട്ടിയും രാജീവ് രവിയും മധു നീലകണഠനും സുനില്‍ ബാബുവും ബി.അജിത് കുമാറും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തില്‍ മധു നീലകണഠനാണ് ക്യാമറ ചലിപ്പിച്ചത്. അജിത് എഡിറ്റിംഗും റസൂല്‍ ശബ്ദവും ജോണ്‍.പി.വര്‍ക്കി ,സുനില്‍ കുമാര്‍ എന്നിവര്‍ സംഗീതവും കൈകാര്യം ചെയ്തു. ഗീതാജ്ഞലിക്കൊപ്പം മുരാരി കുമാറും പ്രധാന കാഥാപാത്രത്തെ അവതരിപ്പിച്ചു

ഷട്ടര്‍
ജോയ് മാത്യു തിരക്കഥ സംവിധാനം നിര്‍വ്വഹിച്ച ഷട്ടര്‍ മനോഹരമായ ഒരു ചിത്രമാണ്. അവതരണത്തിലെ പുതുമയും അപ്രതീക്ഷിതമായ ജീവിത സമ്മര്‍ദ്ദങ്ങളും നന്മയുടെ വിജയവുമാണ് ചിത്രം പ്രതിപാദിക്കുന്നത്. സാങ്കേതികത്തികവില്ലെങ്കിലും ചിത്രത്തിന്‍റെ ക്രാഫ്റ്റ് അഭിനന്ദനാര്‍ഹം. ദുര്‍ബ്ബലരായ സാധാരണ മനുഷ്യരുടെ വികാര വിചാരങ്ങളിലൂടെ ഓടുന്ന സിനിമയില്‍ ആട്ടോറിക്ഷ ഡ്രൈവര്‍ സുരനായി അഭിനയിച്ച വിജയ് ഫോര്‍ട്ട് വലിയ സാദ്ധ്യതയുണര്‍ത്തുന്നു. ശ്രീനിവാസന്‍,ലാല്‍,സജിത മടത്തില്‍,പ്രേം കുമാര്‍,റിയ അഗസ്റ്റിന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സരിത ആന്‍ തോമസ് നിര്‍മ്മിച്ച ചിത്രത്തില്‍ ഹരി നായര്‍ ക്യാമറ,ബിജിത് ബാല എഡിറ്റിംഗ്,രംഗനാഥ് രവി ശബ്ദം,ജേക്കബ് പണിക്കര്‍ ,ബിബിന്‍ സാമുവല് എന്നിവര്‍ സംഗീതവും നിര്‍വ്വഹിച്ചു

ദ ലാസ്റ്റ് സ്റ്റെപ്പ്
അലി മൊസാഫയുടെ ഇറാനിയന്‍ ചിത്രമാണ് ദ ലാസ്റ്റ് സ്റ്റെപ്പ്. അങിനേത്രി ലൈലയുടെ ഭര്‍ത്താവ് കോസ്റോവിന്‍റെ അപകട മരണവുമായി ബന്ധപ്പെട്ടാണ് കഥ കയറിയും ഇറങ്ങിയും നീങ്ങുന്നത്. ജീവനും മരണവും വേര്‍തിരിയാതെ കിടക്കുന്ന ഇഴയടര്‍ന്ന കയറുപോലെയാണ് ചിത്രം നീങ്ങുന്നത്. മനോഹരമായ ക്രാഫ്റ്റാണ് ചിത്രത്തിന്‍റേത്. നിര്‍മ്മാണം,തിരക്കഥ,സംവിധാനം,അഭിനയം എന്നിവ അലി മൊസാഫ നിര്‍വ്വഹിക്കുന്നു. ഭാര്യ ലൈല ഹതാമി ,അലിറെസ ആഗഖാനി,ഹമീദ് ബെഹ്ദാദ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്നു. അലിറെസ ബാരസാന്ദേ ക്യാമറ,ഫര്‍ദീന്‍ സാഹബ് സമാനി എഡിറ്റിംഗ്. ജയിംസ് ജോയ്സിന്‍റെ ദ ഡെഡ് എന്ന കഥയോട് കടപ്പാട് രേഖപ്പെടുത്തുന്നുണ്ട് സംവിധായകന്‍

ടുഡേ
സെനഗല്‍ -ഫ്രാന്‍സ് സംയുക്ത സംരഭമാണ് ടുഡേ.ജീവിതത്തിന്‍റെ അവസാന ദിവസമാണ് ഇന്ന് എന്ന ബോദ്ധ്യത്തോടെ ഒരു ചെറുപ്പക്കാരന്‍ ആ ദിനം എങ്ങിനെ തള്ളിനീക്കുന്നു എന്നതാണ് ചിത്രം പറഞ്ഞുതരുന്നത്. അവന് അടുപ്പമുള്ള സുഹൃത്തുക്കള്‍,മാമന്‍,കാമുകി,ഇഷ്ടമുള്ള തെരുവുകള്‍,കാഴ്ചകള്‍,ഒടുവില്‍ വീട്,ഭാര്യ,മക്കള്‍. അവന്‍റെ ഓര്‍മ്മയില്‍ മുതിര്‍ന്ന കുട്ടികളുടെ ഒരു ദൃശ്യം കൂടി സമ്മാനിച്ചാണ് ചിത്രം അവസാനിക്കുന്നത്. ഇതിനിടയില്‍ സെനഗലിന്‍റെ സംസ്ക്കാരവും ജീവിതവും ജനങ്ങളും കാഴ്ചക്കാര്‍ക്ക് മുന്നില്‍ തുറക്കപ്പെടുന്നു. അലന്‍ ഗോമിസ് രചന സംവിധാനം നിര്‍വ്വഹിച്ച ചിത്രത്തിന്‍റെ നിര്‍മ്മാണം എറിക് ഇദ്രിസ് കനന്‍ഗോയും ഗില്ലെസ് സാന്സോസും നിര്‍വ്വഹിച്ചു. ക്യാമറ ക്രിസ്റ്റെല്ല ഫോര്‍ണിയര്‍,എഡിറ്റിംഗ് –ഫാബ്രസ് റൌഔദ്,ശബ്ദം-അലയോണ്‍ ബോ,ജീന്‍ പെറേ ലാഫോഴ്സ്,അഭിനേതാക്കള്‍-സാള്‍ വില്ല്യംസ്,ജൊലോപ്പ് എംബംഗ്,അനിസിയ ഉസേമാന്‍, ഐസ മെയ്ഗ, മാരിക്കോ അരാം,അലക്സാണ്ടര്‍ ഗോമിസ്,അനറ്റെ ഡേര്‍വില്ലെക,ഹെലന്‍ ഗോമിസ്,ചാര്‍ലറ്റ് മെന്‍ഡി തുടങ്ങിയവരാണ്.