വാവു ബലി
2011 ജൂലൈ 30.ശനി.ഇന്ന് വാവുബലിയാണ്. മരിച്ചുപോയ മനുഷ്യര്‍ക്കു വേണ്ടിയാണ് ഈ ചടങ്ങ് നടത്തുന്നത്. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ അവധിയും നല്കുന്നു. എന്താണ് വാവുബലി. ദക്ഷിണായനത്തിന്‍റെ തുടക്കമായ കര്‍ക്കിടക മാസത്തിലാണ് വാവുബലി. ഭൂമിക്ക് മുകളിലുള്ള ഭുവര്‍ ലോകത്ത് പിതൃക്കള്‍ വസിക്കുന്നു എന്നാണ് വിശ്വാസം. 14 ലോകങ്ങളില്‍ ഭൂമിയുടെ സ്ഥാനം മധ്യത്തിലും അതിന് മുകളില്‍ ഭുവര്‍ ലോകവും അതിനും മുകളില്‍ സ്വര്‍ഗ്ഗ ലോകവുമെന്നാണ് വിശ്വാസം. പഞ്ചഭൂതങ്ങളില്‍ ഭൂമിക്ക് മുകളില്‍ ജല സാന്നിധ്യമാണെന്നും അതാണ് ഭുവര്‍ ലോകമെന്നും വിശ്വസിക്കുന്നു. അതിനാല്‍ ഭുവര്‍ ലോക വാസികള്‍ക്ക് ജലതര്‍പ്പണം നടത്തണം. ജലത്തിലൂടെ മാത്രമേ അവര്‍ക്ക് ഭക്ഷണം കഴിക്കാനാവുകയുള്ളു. ഭൂമിയിലെ ഒരു മാസം ഭുവര്‍ ലോകത്തെ ഒരു ദിവസമാണ് .പിതൃക്കള്‍ക്ക് 12 ദിവസത്തിലൊരിക്കല്ഭക്ഷണമെത്തിച്ചു കൊടുക്കണം.ആ ദിവസമാണ് വാവുബലി ദിനം. ഇത്രയും ഇന്ന് നിലനില്ക്കുന്ന വിശ്വാസത്തിന്‍റെ അവസ്ഥ. ഇനി ഇതിന്‍റ യുക്തിയെക്കറിച്ച് ചിന്തിക്കാം. ഭുവര്‍ ലോകം എന്നൊന്നുണ്ടോ ? ഭൂമിയില്‍ നിന്നുകൊണ്ട് മാത്രം ആകാശം കാണുകയും അതിന്‍റെ മാറ്റങ്ങളും ഭാവങ്ങളും കണ്ട് അത്ഭുതം കൂറുകയും ചെയ്ത ഭാവനാശാലികള്‍ സങ്കല്പ്പിച്ചെടുത്തതാണ് ഭുവര്‍ ലോകവും സ്വര്‍ഗ്ഗ ലോകവുമെന്ന് ഇന്നു നമുക്കറിയാം. വായു സാന്നിധ്യമുള്ള ഒരു സോണിനപ്പുറം എന്തൊക്കെയാണ് നടക്കുന്നതെന്ന അറിവും നാം നേടിക്കഴിഞ്ഞു. ആകാശത്തു നിന്നും മഴ പെയ്യുന്നു എന്നതിനാലാണ് ഭുവര്‍ ലോക സങ്കല്പ്പമുണ്ടായത്. എന്നാല്‍ ഭൂമിയില്‍ നിന്നും ആവിയായി മുകളിലേക്കു പോയ ജലമാണ് മഴയായി പെയ്യുന്നതെന്ന തിരിച്ചറിവ് നമുക്കുണ്ട്. ആ അറിവ് നേടിയതോടെ തന്നെ ബലിയിടല്‍ നമ്മള്‍ അവസാനിപ്പിക്കേണ്ടതായിരുന്നു. എന്നാല്‍ ഒരു വശത്ത് ശാസ്ത്ര സത്യങ്ങള്‍ പഠിക്കുകയും മറുവശത്ത് അന്ധവിശ്വാസങ്ങളെ നെഞ്ചേറ്റുകയും ചെയ്യുകയാണ് വിചിത്ര മാനസ്സരായ മനുഷ്യര്‍.
ചിലരൊക്കെ ബലിയിടാന്‍ പോകുന്നത് എല്ലാവരും ചെയ്യുന്നു അതുകൊണ്ട് ഞാനും എന്ന നിലയിലാണ്. നാട്ടുകാര്‍ എന്തു വിചാരിക്കും എന്ന ചിന്തയില്‍ നിന്നാണ് വേറേ ചിലരുടെ ബലിയിടല്‍. ബലിയിടാന്‍ പോകാത്തവനെ സംശയ ദൃഷ്ടിയോടെ നോക്കുന്നവരാണ് ഇന്ന് കൂടുതലും.ജീവിച്ചിരുന്ന കാലം മാതാപിതാക്കള്‍ക്ക് സമാധാനം കൊടുക്കാതിരുന്നവര്‍,നല്ല ഭക്ഷണം കൊടുക്കാതിരുന്നവര്‍ , സ്നേഹം കൊടുക്കാതിരുന്നവര്‍ ഒക്കെ വാവുബലിയിടാനായി പോകാറുണ്ട്. ജീവിച്ചിരിക്കുമ്പോള്‍ നല്കുന്ന സഹായവും സ്നേഹവുമാണ് മഹത്തായത്. മരണശേഷം നടത്തുന്ന ഇത്തരം ചടങ്ങുകള്‍ തികഞ്ഞ വിഡ്ഢിത്തമായി മാത്രമേ കരുതാന്‍ കഴിയൂ. പഴയ തലമുറയെ കുറ്റം പറയാന്‍ കഴിയില്ല. അവരുടെ അറിവിന്‍റെ പരിമിതി മൂലമാണ് ഇതൊക്കെ ചെയ്തത്. എന്നാല്‍ പുതുതലമുറ ഗൌരവമായി തന്നെ ഇതിനെ നോക്കി കാണണം. ഈ ചടങ്ങിനെയും ഇതുയര്‍ത്തുന്ന പരിസ്ഥിതി പ്രശ്നങ്ങളെയും യുക്തിപൂര്‍വ്വം സമീപിക്കുകയും ചര്‍ച്ച ചെയ്യുകയും വേണം .
No comments:
Post a Comment