Wednesday, June 26, 2013

താര്‍ മരുഭൂമിയിലെ ഹേമന്തരാത്രികള്‍
നവംബറിലെ താര്‍ മരുഭൂമി ഉരുകിത്തിളയ്ക്കുകയായിരുന്നില്ല. തണുപ്പിന്‍റെ പ്രഭാതവും രാവും സമ്മാനിച്ച് ഇളംചൂടിലെ പകലും പൊടിക്കാറ്റുമായി അവള്‍ സന്ദര്‍ശകരെ സ്വീകരിക്കാന്‍ ഒരുങ്ങി നില്ക്കുകയാണ്. സായാഹ്നത്തില്‍ നൂറുകണക്കിന് ഒട്ടകങ്ങള്‍ സവാരിക്ക് തയ്യാറായി നില്ക്കുന്ന കാഴ്ച മനോഹരം. സ്വദേശികളും വിദേശികളുമായ നൂറുകണക്കിന് സന്ദര്‍ശകര്‍ മരുഭൂമിയിലെ അസ്തമയ സൂര്യനെ കാണാന്‍ ഒട്ടകമേറുന്നു. കുന്നും തടവും കയറിയിറങ്ങി കുലുങ്ങിയുള്ള യാത്ര അവസാനിക്കുന്നിടത്ത് ,വലിയ നെറ്റിത്തടത്തിലെ ചുവന്ന പൊട്ട് വേഗത്തില്‍ താണുതാണ് ഇല്ലാതാകുമ്പോഴും വെളിച്ചം അവസാനിക്കുന്നില്ല. കാഴ്ചയുടെ തുടര്‍ച്ചയെന്നവിധം അടുത്ത പ്രഭാതത്തില്‍ അഞ്ചു കിലോമീറ്റര്‍ നടന്ന് ഉദയ സൂര്യനെ കാണാനും അനേകം പേര്‍ എത്തിയിരുന്നു സാന്‍ഡ് ഡ്യൂണ്‍സിലേക്ക്.










ഒട്ടകച്ചാണകം ഭക്ഷണമാക്കുന്ന വണ്ടുകളുടെ രാത്രിയാത്രയുടെ അടയാളങ്ങളാണ് എവിടെയും. അവര്‍ വരച്ചിട്ട ചിത്രങ്ങള്‍ക്ക് മാറ്റുകൂട്ടുന്ന വരകളും വര്‍ണ്ണങ്ങളും തീര്‍ത്ത് മരുക്കാറ്റും ഒപ്പമുണ്ടായിരുന്നു. ഒട്ടകസവാരിയേക്കാള്‍ അനുഭവസമ്പന്നമാണ് ജീപ്പുയാത്ര. ജീപ്പ് ഡ്രൈവര്‍ ഷറീഫ് അതിര്‍ത്തി ജില്ലയില്‍ നിന്നുള്ള ആളാണ്. നല്ല സംസാരപ്രിയന്‍. അതിര്‍ത്തിയിലെ മണലില്‍ പച്ചക്കറികള്‍ ഒന്നും തന്നെ ഉണ്ടാകില്ല. കാലിവളര്‍ത്തി ജീവിക്കുന്ന മനുഷ്യര്‍. ഒരു പക്ഷെ ജലത്തേക്കാള്‍ സമൃദ്ധം പാലാണെന്നു പറയാം. ആടുകളും പശുക്കളും സ്വതന്ത്രമായി മേയുന്ന നാട്. തൈരും പാലുല്പ്പന്നങ്ങളും മാത്രമുള്ള അവിടെ പുറംലോകം കാണുന്ന അപൂര്‍വ്വം ആളുകളില്‍ ഒരുവനാണ് ഷറീഫ്. അയാള്‍ പച്ചക്കറികള്‍ ആദ്യമായി വീട്ടില്‍ കൊണ്ടുവന്നപ്പോള്‍ ആത് കാണാനും കറിവച്ചപ്പോള്‍ രുചിക്കാനും ഗ്രാമം ഒന്നാകെ വന്ന കഥ അയാള്‍ സരസമായി പറഞ്ഞു കേള്‍പ്പിച്ചു. മരുഭൂമിയില്‍ യാത്ര ചെയ്യുമ്പോള്‍ വണ്ടിയുടെ ടയറില്‍ കാറ്റ് കുറവായിരിക്കണം. ഷെറീഫ് ജീപ്പിന്‍റെ കാറ്റ് പാകമാക്കി. മണല്‍കൂനകളിലൂടെയും ഇറക്കങ്ങളിലൂടെയും വേഗത്തില്‍ വാഹനം ഓടിക്കുന്നതിന് പ്രത്യേക വൈദഗ്ധ്യം തന്നെ വേണം. കിലോമീറ്ററുകള്‍ മണലിലൂടെയുള്ള യാത്ര. ഞങ്ങള്‍ മണലില്‍ ഇറങ്ങിയും കുന്നുകള്‍ ചാടിയും മറിഞ്ഞും കുട്ടികളായ നിമിഷങ്ങള്‍. ജലാശയത്തിന് കുവ എന്നാണ് പറയുക. മരുഭൂമിയിലൂടെ ജലം തേടിപ്പോകുന്ന ഒരു കുടുംബത്തിലെ പെണ്‍കുട്ടി ഞങ്ങളോട് അവരുടെ ഭാഷയില്‍ ചോദിച്ചതെന്തെന്ന് മനസ്സിലാക്കാന്‍ ഏറെ ബുദ്ധിമുട്ടി.അത്  പേനയാണെന്ന് മനസ്സിലാക്കിയപ്പോള്‍ സന്തോഷത്തോടെ ഹരീന്ദ്രന്‍ പേന നീട്ടി.അവളത് വാങ്ങാന്‍ തുടങ്ങുമ്പോള്‍ അമ്മ വിലക്കി. ഒടുവില്‍ അവളുടെ സഹോദരന്‍ വന്ന് പേന വാങ്ങിപോയി.അവള്‍ തിരിഞ്ഞുനോക്കി ചിരിച്ചു. പാവം കുട്ടി,അവളത് ഉപയോഗിക്കുന്നുണ്ടാകുമോ? അവള്‍ സ്കൂളില്‍ പോകുന്നുണ്ടോ? ആര്‍ക്കറിയാം അവിടെ എന്താണ് സംഭവിക്കുന്നതെന്ന്. ആ കുട്ടിയുടെ മുഖം മനസ്സില്‍ മായാതെ നില്ക്കുന്നു.


തുടര്‍ന്നുള്ള യാത്ര റഫ്യൂജി സിനിമ ഷൂട്ടുചെയ്ത ലൂണ ഗാവ് വഴിയായിരുന്നു. അവിടത്തെ സ്ത്രീകളുടെ ചിത്രം ആരോ ഇന്‍റര്‍നെറ്റില്‍ കൊടുത്തത് കാരണം നാട്ടുകാര്‍ ക്യാമറ വിലക്കിയിരിക്കയാണ് എന്ന് ഷറീഫ് പറഞ്ഞു. മരുഭൂമിവാസികളുടെ ഭാഷ മാര്‍വാടിയാണ്. എങ്കിലും ടൂറിസ്റ്റുകളില്‍ നിന്നും അവര്‍ ഹിന്ദി മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു. മുസ്ലീങ്ങളാണ് ഭൂരിപക്ഷമെങ്കിലും ഹിന്ദു-മുസ്ലിം ഐക്യം വളരെ മെച്ചപ്പെട്ടതാണ്. രാഷ്ട്രീയക്കാരും മതമേലധ്യക്ഷന്മാരും അത് നശിപ്പിക്കാന്‍ ശ്രമിക്കാറുണ്ടെങ്കിലും ഞങ്ങള്‍ അതിന് ഇടകൊടുക്കില്ല എന്നാണ് ഷറീഫ് പറഞ്ഞത്. മദ്യഷാപ്പുകള്‍ക്ക് യാതൊരു ക്ഷാമവുമില്ലാത്ത ഗ്രാമങ്ങളില്‍ ചില ഹിന്ദുസഹോദരന്മാര്‍ മദ്യപിച്ച് പ്രശ്നമുണ്ടാക്കുകയും മുസ്ലീങ്ങളെ അധിക്ഷേപിക്കുകയുമൊക്കെ ചെയ്യുമെങ്കിലും അവര്‍ അത് കേട്ടില്ലെന്ന് നടിക്കും. അവനല്ലല്ലോ ഉള്ളില്‍ കിടക്കുന്ന വിഷമല്ലെ സംസാരിക്കുന്നത് എന്ന സമീപനമാണ് ഞങ്ങള്‍ക്ക് എന്ന് ഷറീഫ് പറയുന്നു. 


വിദ്യാഭ്യാസം ചെയ്യാന്‍ അഞ്ചാം ക്ലാസ്സ് വരെയുള്ള ഒരു സ്കൂളും സം വില്ലേജില്‍ പന്ത്രണ്ട് വരെയുള്ള സ്കൂളുമുണ്ട്. എങ്കിലും ഭൂരിഭാഗവും അഞ്ചാം ക്ലാസ്സില്‍ പഠനം ഉപേക്ഷിക്കുന്നു. പഠനം കൊണ്ട് ഉപജീവനമാകില്ലല്ലോ എന്നതാണ് സമീപനം.
സമാ ഫക്കീറിന്‍റെ നാമത്തിലാണ് സം വില്ലേജ് അറിയപ്പെടുന്നത്.സമാ ഫക്കീര്‍ ഒരിക്കല്‍ ഗ്രാമത്തില്‍ വന്ന് കുതിരയ്ക്കും തനിക്കും ജലം ആവശ്യപ്പെട്ടെന്നും ഗ്രാമമുഖ്യന്‍ തന്‍റെ കുതിര ഉള്‍പ്പെടെ എല്ലാവര്‍ക്കും ജലം നല്കിയശേഷമെ സമാ ഫക്കീറിനെ ശ്രദ്ധിച്ചുള്ളുവെന്നും ഒരു കഥയുണ്ട്. ഒടുവില്‍ ഫക്കീര്‍ നടന്നുപോകുമ്പോള്‍ അവിടെ ജലം വറ്റി. നാട്ടുപ്രമാണി ഫക്കീറിനെ ചെന്നുകണ്ട് മാപ്പപേക്ഷിച്ചു. ശേഷം ഫക്കീര്‍ നിര്‍ദ്ദേശിച്ച ഇടത്ത് കിണര്‍ കുഴിച്ച് ജലമെടുത്തു. ഇന്നും അവിടെനിന്നു ലഭിക്കുന്ന ജലമാണ് നാട്ടുകാര്‍ക്കുള്ള കുടിവെള്ളം. ഒരിക്കലും ജലസേചനത്തിന് ഉപയോഗിക്കുകയോ പമ്പ് ചെയ്തെടുക്കുകയോ ചെയ്യാന്‍ പാടില്ലെന്നാണ് നിയമം. ഒരു കിണറില്‍ നിന്നും പമ്പുവച്ച് വെള്ളമെടുത്തതിനാല്‍ അത് വറ്റിപ്പോയി. ഇപ്പോള്‍ മുബാറക് കോരി വീടുകളില്‍ എത്തിക്കുന്ന ജലമാണ് നാട്ടുകാരുടെ പാനീയം.ഗ്രാമത്തിലെ ജല അതോറിറ്റിയാണ് മുബാറക്. നിറഞ്ഞ പുഞ്ചിരിയുമായി അഗാധതയില്‍ നിന്നും ഊറിവരുന്ന ജലം കോരിയെടുക്കുകയാണ് അയാള്‍. ജലത്തിന്‍റെ  സ്വാദ് ഞങ്ങളും പരിശോധിച്ചു.ശുദ്ധം, രുചികരം. അറുപതടി താഴ്ചയുണ്ട് കിണറിന്, അതുപോലെ ആഴമുള്ള മനസ്സാണ് മുബാറക്കിന്‍റെയും. 






രാംഗഡില്‍ നിന്നും അറുപത് കിലോമീറ്റര്‍ അകലെയാണ് അതിര്‍ത്തി പ്രദേശമായ ലോംഗെവാല. രാംഗഡില്‍ ചായകുടിക്കാന്‍ കയറിയപ്പോഴാണ് മല്‍ദു കാ റാമിന്‍റെ ചിത്രമെടുത്തത്. അനേകം ചുളിവുകള്‍ വീണ മുഖവും വര്‍ണ്ണാഭയാര്‍ന്ന തലപ്പാവും ചിരിയുമായി മല്‍ദു കാ റാം ചിത്രത്തിന് പോസുചെയ്തു. പ്ലാക്റ്റിക് കവറില്‍ ചായ വാങ്ങിപ്പോകുന്ന കാഴ്ചയും പുതുമയുള്ളതായി. ലോംഗവാലയിലേക്ക് യാത്ര ചെയ്യുമ്പോള്‍ അനന്തമായ പ്രപഞ്ചത്തിന്‍റെ അകത്തേക്കാണ് പോകുന്നതെന്നുതോന്നും. കടലിന്‍റെ നടുക്കെത്തിയ കപ്പലിലെ അതേ അനുഭവമായിരുന്നു  ബിഎസ്സ്എഫിലെ ഹെഡ്കോണ്‍സ്റ്റബിള്‍ രാജു ഓടിക്കുന്ന ഇന്നോവയില്‍ ഞങ്ങള്‍ക്കും അനുഭവപ്പെട്ടത്. ഇരുവശവും കുറ്റിച്ചെടികള്‍ മാത്രമുള്ള പരന്ന ഭൂതലം.വേഗത്തിലോടുന്ന വാഹനങ്ങള്‍ കൊന്നിട്ട ജീവികള്‍ സ്ഥിരകാഴ്ച. ഒരിക്കല്‍ ഒരു ചൂടുകാലത്ത് ഈ റോഡിലൂടെ പോയ വാഹനം ടയര്‍പൊട്ടി വഴിയിലായി. കൈയ്യിലുണ്ടായിരുന്ന ജലവും തീര്‍ന്നു, ബന്ധപ്പെടാന്‍ മാര്‍ഗ്ഗവുമില്ല.മൊബൈലും സിഗ്നല്‍ ടവറുകളും വരുന്നതിനുമുന്‍പുള്ള കാലം. ദാഹത്തിന്‍റെ തീവ്രമായ വേദനയില്‍ ഉരുകിയുരുകി അവര്‍ മരണപ്പെട്ട കഥ രാജു വിവരിച്ചപ്പോള്‍ ഞങ്ങള്‍ അറിയാതെ ഞെട്ടി, ആ ഓര്‍മ്മയില്‍ നിശബ്ദരായി.

         1971 ഡിസംബര്‍ നാലിന് തുടങ്ങി പതിനേഴിന് അവസാനിച്ച ഇന്ത്യ-പാക് യുദ്ധത്തില്‍ പാകിസ്ഥാന്‍ സേന അതിക്രമിച്ച് എത്തിയ ഇടമാണ് ലോംഗെവാല. ജയ്സാല്‍മേര്‍ ഒരുരുള പോലെ പാകിസ്ഥാന്‍റെ വായില്‍ തിരുകി വച്ചിരിക്കുന്ന ഇടമായതിനാല്‍ മൂന്നുവശത്തുനിന്നുമായിരുന്നു ആക്രമം. അതിര്‍ത്തിക്കല്ല് ഇളക്കി മുപ്പത്തിയഞ്ച് കിലോമീറ്ററോളം കയറി ലോംഗെവാലെയില്‍ സ്ഥാപിച്ചു അവര്‍. നൂറു പട്ടാളക്കാരുമായി ബ്രിഗേഡിയര്‍ ബി.പി.എസ്സ്.ഖടിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിരോധത്തിനൊടുവില്‍ പാകിസ്ഥാന്‍ ടാങ്കുകള്‍ ഉപേക്ഷിച്ച് തിരിച്ചോടി. ഉപേക്ഷിച്ച ടാങ്കുകള്‍ ഓര്‍മ്മയുടെ ബാക്കിപത്രം പോലെ ഇന്ത്യന്‍ പട്ടാളം സംരക്ഷിക്കുന്നു.ആ ടാങ്കുകളില്‍ കയറി നിന്നപ്പോള്‍ ഉജ്ജ്വലമായ ഒരു പോരാട്ടത്തിന്‍റെ മുഴക്കം ഞങ്ങള്‍ക്ക് അനുഭവപ്പെട്ടു. അന്ന് നാടിനുവേണ്ടി ബലിയര്‍പ്പിക്കപ്പെട്ടത് നാല്പ്പത്തിയഞ്ച് ദേശാഭിമാനികളെയായിരുന്നു.അവിടെനിന്നും ഗംനേവാല വഴി തനോജിലേക്ക്. തനോജില്‍ നിന്നും വീണ്ടും വിജനപാതയിലൂടെ യാത്രചെയ്താലെ 609 ബബ്ലിയന്‍ പോസ്റ്റിലെത്തു. അവിടെ നമ്മുടെ അതിര്‍ത്തി അവസാനിക്കുന്നു. കമ്പിവേലിക്കപ്പുറം അപായമേഖല. ഇന്ത്യക്കാരനായാലും  പാകിസ്ഥാന്‍കാരനായാലും അവിടേക്ക് മുന്‍കൂര്‍ അനുമതിയില്ലാതെ പോയാല്‍ മരണം ഉറപ്പ്. ദൂരെ ഒരു പില്ലര്‍.അത് പാകിസ്താന്‍റെ അതിര്‍ത്തി.അവര്‍ വേലിയൊന്നും കെട്ടിയിട്ടില്ല. നമ്മുടെ അതിര്‍ത്തി കാക്കുന്നതിന് അപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്നത് ഒരു മലയാളിയും ഒരു ഒറീസ്സക്കാരനും. അവിടെ ഏകാന്തതയില്‍ ആറുമണിക്കൂര്‍ വീതം ,ഒന്നര വയസ്സ് പ്രായമുള്ള മകളെയും ഭാര്യയെയും ഓര്‍ത്ത് നെടുവീര്‍പ്പിട്ട് കഴിഞ്ഞുകൂടുന്ന ചെറുപ്പക്കാരന്‍റെ മുഖത്ത് പ്രതീക്ഷകളേക്കാള്‍ നിര്‍വ്വികാരതയാണ് ഞങ്ങള്‍ കണ്ടത്.

              മാതേശ്വരി ശ്രീ തനോജ് റായ് മന്ദിര്‍ പുതുക്കി പണിതിട്ട് അധികമായില്ല. രമണ്‍ ശ്രീ വാസ്തവ ബിഎസ്സ്എഫ് തലവനായിരുന്ന കാലത്താണ് നടന്നത്. ക്ഷേത്രത്തിനുള്ളിലും പാക് ആക്രമണകാലത്ത് പൊട്ടാതെ വീണ മിസൈലുകളുടെ കഷണങ്ങള്‍ സൂക്ഷിച്ചുവച്ചിരിക്കുന്നു.ഓര്‍മ്മകള്‍ മായാതിരിക്കാന്‍ ,അതിനെ രാകി പുതുക്കാനുള്ള ഒരു രീതി. പാക് ആക്രമണത്തില്‍ ക്ഷേത്രം തകര്‍ന്നെങ്കിലും വിഗ്രഹം നശിച്ചില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. അവിടെനിന്നും മടങ്ങും വഴി മനുഷ്യര്‍ ഉപേക്ഷിച്ച ഒരു ഗ്രാമം കണ്ടു. ഇവിടെയാണ് ഖണ്ഡിയാലി മാതാ മന്ദിര്‍. ഈ ക്ഷേത്രം ആക്രമിച്ച പാകിസ്ഥാന്‍ പട്ടാളക്കാര്‍ അന്ധരായി മാറി എന്ന് നാട്ടുകാര്‍ വിശ്വസിക്കുന്നു.
മരുഭൂമിക്ക് ഒരു വലം വച്ച് ഞങ്ങള്‍ വീണ്ടും രാംഗഡിലെത്തി.അവിടത്തെ ദൂരദര്‍ശന്‍ ഹൈപവര്‍ ട്രാന്‍സ്മിറ്റര്‍ സ്റ്റേഷന്‍ കോണ്‍ക്രീറ്റില്‍ തീര്‍ത്ത കുത്തബ്മിനാര്‍ പോലെ ഉയര്‍ന്നു നില്ക്കുന്നത് ഞങ്ങളെ അട്ഭുതപ്പെടുത്തി. ജയ്സാല്‍മീറില്‍ മടങ്ങിയെത്തുമ്പോള്‍ ഇരുട്ട് വീണുതുടങ്ങിയിരുന്നു. പടുകൂറ്റന്‍ കോട്ട രണ്ടുദിവസമായി കാഴ്ചയിലുണ്ടായിരുന്നെങ്കിലും കയറിയത് അപ്പോഴാണ്.പക്ഷെ,കോട്ട ഞങ്ങളെ നിരാശപ്പെടുത്തി. ഒരു ജനവാസ കേന്ദ്രം. കോട്ടയ്ക്കുള്ളില്‍ കടകള്‍,ഹോട്ടലുകള്‍,വീടുകള്‍, ഇടവും വലവും പായുന്ന വാഹനങ്ങള്‍. കഷ്ടം,ആര്‍ക്കയോളജി വകുപ്പ് ഇങ്ങനെയും കോട്ടകള്‍ സംരക്ഷിക്കാറുണ്ട് എന്ന അവസ്ഥ സങ്കടകരം. 



തലേരാത്രിയില്‍ മരുഭൂമിയിലെ താര്‍ റിസോര്‍ട്ടിലെ ടെന്‍റിലെ താമസവും പാനവും തീറ്റയും രാത്രിയിലെ ഫോക്ക് സംഗീതവും നൃത്തവുമൊക്കെ ഒരു സ്വപ്നമായിരുന്നുവോ എന്ന തോന്നലുണ്ടായിരുന്നു. രണ്ട് പെഗ് വോഡ്കയും കൊതിയൂറുന്ന മട്ടണ്‍ കറിയും കഴിച്ച് ബിഎസ്സഎഫ് ഗസ്റ്റ്ഹൌസില്‍ സുഖമായുറങ്ങുമ്പോള്‍ ലൌദ്രവപൂരിലെ ജൈനക്ഷേത്രത്തിലെ ശില്പ്പങ്ങള്‍ ഓര്‍മ്മയിലേക്ക് വന്നു. മുഹമ്മദ് ഗോറിയുടെ ആക്രമണത്തെ അതിജീവിച്ച ക്ഷേത്രമാണത്. ജൈനന് പുറമെ ഭൈരവനും നാഗവും കുടിയിരിക്കുന്നിടം. അഞ്ഞൂറുവര്‍ഷം പഴക്കമുള്ള ക്ഷേത്രത്തിലെ പ്രതിമ സാളഗ്രാമത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. സ്വര്‍ണ്ണം ഉരച്ചു നോക്കുന്ന കല്ലാണ് സാളഗ്രാമമെന്ന് പൂജാരി പറഞ്ഞുതന്നു. കല്പ്പവൃക്ഷം കുടിയിരിക്കുന്ന ഒരു മകുടവും ക്ഷേത്രത്തിനുണ്ട്. ഗുജറാത്തില്‍ നിന്നും കൊണ്ടുവന്ന ഒരു രഥവും അവിടെ സൂക്ഷിച്ചിരിക്കുന്നു


. ജയ്സാല്‍മീറില്‍ നിന്നും തീവണ്ടിയില്‍ മടങ്ങുമ്പോള്‍ പൊക്രാനിലിറങ്ങി ആ മണ്ണിലൊന്നു തൊട്ടു. ആണവ പരീക്ഷണങ്ങളുടെ ഈ കേന്ദ്രങ്ങളിലൂടെയൊക്കെ ഒരു യാത്രയുണ്ടാകും എന്നു കരുതിയിരുന്നില്ല. മരുഭൂമിയിലെ പൊടിയണിഞ്ഞ തീവണ്ടിയില്‍ മടങ്ങുമ്പോഴും ഒട്ടകങ്ങളുടെ ഒരു നീണ്ടനിര കണ്ണിനുമുന്നിലുണ്ടായിരുന്നു.
(യാത്രയിലെ പങ്കാളികള്‍-- രാജീവ്, ആര്‍ക്കിടെക്ട്,ഹരീന്ദ്രന്‍,ഡപ്യൂട്ടി സെക്രട്ടറി,വി.ആര്‍.പ്രമോദ്,സെക്ഷന്‍ ഓഫീസര്‍, ഫോട്ടോ- പ്രമോദ്—രാജീവ്)
      

Monday, June 24, 2013

a beautiful Island near Kochi

                     ആലുവ തുരുത്ത്









ആലുവ ഠൌണ്‍ ഹാളിനും ജല അതോറിറ്റി പമ്പിംഗ് സ്റ്റേഷനും മൂസാവരിക്കടവിനും അടുത്തായാണ് തുരുത്ത് കടവ്.പണ്ട് വള്ളത്തില്‍ അക്കരയിക്കര പോയിരുന്ന ദ്വീപ് വാസികളുടെ നഗരത്തിലേക്കുള്ള ഇണക്കുകണ്ണി.പിന്നീട് പെരിയാറിനും അതിനപ്പുറം തൂമ്പാത്തോടിനും മീതെ റയില്‍പാത വന്നു.അപകട സാധ്യതയുണ്ടായിട്ടും മനുഷ്യര്‍ റയില്‍പാതയിലൂടെ നടന്നുതുടങ്ങി.നിത്യവും കടത്തുതോണിയില്‍ യാത്ര ചെയ്ത പെരിയാറിനെ മുകളില്‍ നിന്നു കണ്ടു. ചീറിപ്പാഞ്ഞുവന്ന തീവണ്ടികള്‍ ചിലരുടെ ചോരചീറ്റി. മറ്റു ചിലരെ എടുത്ത് ആറ്റിലേക്കെറിഞ്ഞു. ഇപ്പോള്‍ ഇതൊക്കെ പഴയ കഥ. ദ്വീപ് വികസിക്കുകയാണ്, ദ്വീപ് വാസികള്‍ ആഹ്ലാദത്തിലും.
ഞങ്ങള്‍ കടവിലെത്തുമ്പോള്‍ ഹൈദ്രോസിക്കയെ യാദൃശ്ചികമായി അവിടെവച്ച് കാണുകയായിരുന്നു. ദ്വീപിന്‍റെ ഓരോ നാഡിമിടുപ്പുമറിഞ്ഞ മനുഷ്യന്‍. പ്രസ്സ് അക്കാദമി അസിസ്റ്റന്‍റ് സെക്രട്ടറി എന്‍.പി.സന്തോഷിനെ പരിചയപ്പെട്ട ഹൈദ്രോസിക്കയുടെ മുഖം വികസിച്ചു. അവര്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് മലയാറ്റൂരില്‍ അയല്ക്കാരായിരുന്നു. പിന്നെ വീട്ടുകാര്യങ്ങള്‍ , നാട്ടുകാര്യങ്ങള്‍. തുരുത്തില്‍ 1919 –ല്‍ തിരുവിതാംകൂറ്‍ രാജാവ് തുടങ്ങിയതും പിന്നീട് സര്‍ക്കാര്‍ ഏറ്റെടുത്തതുമായ കൃഷിപാഠ ശാലയില്‍ ജോലി ചെയ്തു, മലയാറ്റൂരില്‍ സര്‍ക്കാര്‍ അനുവദിച്ച കൃഷിയിടത്തില്‍ പണി ചെയ്തു,പിന്നീട് സൌദിക്ക് പോയി ഒടുവില്‍ തുരുത്തില്‍ തിരിച്ചെത്തിയ ഹൈദ്രോസിക്ക ഇപ്പോള്‍ സ്വൈരജീവിതം നയിക്കുന്നു.
ഹൈദ്രോസിക്ക തുരുത്തിന്‍റെ ചായ വാങ്ങിത്തന്നു.ചായക്കടയ്ക്ക് എതിരെ അടഞ്ഞുകിടക്കുന്ന സ്ഥാപനം പണ്ട് കള്ളുഷാപ്പായിരുന്നു. ബേപ്പൂരില്‍ നിന്നും നല്ല കള്ള് വന്നിരുന്നതായി ഹൈദ്രോസിക്ക പറഞ്ഞു.ഇപ്പോള്‍ തുരുത്തില്‍ മദ്യഷാപ്പുകളില്ല. വിത്തുത്പ്പാദന കേന്ദ്രത്തിനു പുറമെ ഒരു എല്‍പി സ്കൂളും ഹെല്‍ത്ത് സെന്‍ററുമാണ് സര്‍ക്കാര്‍ വക സ്ഥാപനങ്ങള്‍. വികസനം കുറവായതിന്‍റെ ശാന്തതയുണ്ട് തുരുത്തില്‍. ഇനി അത് മാറാന്‍ പോവുകയാണ്. സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ് ദ്വീപിലൂടെ കടന്നു പോകുന്നതോടെ ദ്വീപ് നഗരത്തിന്‍റെ ഭാഗമായി മാറും. കൃഷിക്കാരും നഗരത്തില്‍ തൊഴിലെടുക്കുന്നവരുമാണ് ദ്വീപ് വാസികള്‍. പഴയപോലെയല്ല ഇപ്പോള്‍ കാര്യങ്ങള്‍. വര്‍ഗ്ഗീയത ശക്തമാണ്.ചെറുപ്പക്കാരൊക്കെ വര്‍ഗ്ഗീയമായി ചിന്തിക്കുന്നു, മതസംഘടനകളുടെ പോസ്റ്ററുകളാണ് തുരുത്തിലാകെ.
റയില്‍പാതയിലൂടെ 1980-ലെ ഒരു രാത്രിയില്‍ നടന്നുപോയ പൂക്കുഞ്ഞു സാഹിബ്ബിനെ തീവണ്ടി തട്ടുക മാത്രമല്ല മൂന്നു വണ്ടികള്‍ കയറി ഇറങ്ങിപോവുകയും ചെയ്തതോടെ വലിയ പ്രക്ഷോഭമായി. തീവണ്ടി തടഞ്ഞു. അതോടെ റയിലിന് സമാന്തരമായി നടപ്പാത കിട്ടി.തുരുത്തിന്‍റെ ആദ്യ നേട്ടം. തുടര്‍ന്ന് തൂമ്പാത്തോടിനു കുറുകെ പാലം വന്നു. തുരുത്തിലേക്ക് നേരിട്ട് വാഹനം വന്നു.ആസ്പത്രിയിലേക്ക് രോഗികളെ ചുമന്നുകൊണ്ടുപോയിടത്ത് നാലുചക്ര വണ്ടികള്‍ എത്തിയത് ആശ്വാസമായി.

തുരുത്തിലെ ചെളി ഓടുണ്ടാക്കാന്‍ നല്ലതായിരുന്നതിനാല്‍ ഓട്ടാപ്പീസുകളായിരുന്നു ആദ്യ വ്യവസായം. ഇപ്പോള്‍ അതിന്‍റെ ഓര്‍മ്മയുമായി വിക്ടോറിയ ടൈല്‍സിന്‍റെ സ്തൂപം മാത്രം നിലനില്ക്കുന്നു.അതിനടുത്തുള്ള വാഴത്തോപ്പിലെ വാഴകളെല്ലാം മണ്‍സൂണ്‍ കാറ്റില്‍ നിലംപൊത്തിയ ദുഃഖകരമായ കാഴ്ചയും ഞങ്ങള്‍ കണ്ടു. മീന്‍ വളര്‍ത്താന്‍ ഉപകരിക്കുന്ന കുളങ്ങളും ദ്വീപിലുണ്ട്. മത്സ്യങ്ങളുടെ വ്യത്യസ്തമായ കറികളുമായി, വള്ളത്തിലൊരു യാത്രയുമായി ഒരു കുഞ്ഞു വിനോദകേന്ദ്രത്തിനുള്ള സാധ്യത അവിടെ കണ്ടു.നഗര ജീവിതത്തിന്‍റെ മുരടിപ്പ് മാറാന്‍ ആലുവ തുരുത്തിലേക്കുള്ള യാത്ര ഉപകരിക്കും എന്നതില്‍ സംശയമില്ല. ലജ്ജയില്ലാത്ത മണല്‍ വാരല്‍ കാരണം നാശം നേരിടുന്ന പെരിയാറിനെ അടുത്തറിയാനും ഈ യാത്രയിലൂടെ കഴിയും.  

Sunday, June 23, 2013

Education Loan -is it a disaster?

വിദ്യാഭ്യാസ വായ്പ മാനേജ്മെന്‍റുകളെ സഹായിക്കാനാകരുത്

കാര്‍ഷിക വായ്പ കൃഷി ചെയ്യുന്നവര്‍ക്ക് നല്കുന്ന വായ്പയാണ്. അതിലൂടെ വരുമാനമുണ്ടാവുകയും അവരത് തിരിച്ചടയ്ക്കുകയും ചെയ്യുന്നു.പലിശ കുറവാണ് എന്നതിനാല്‍ സമീപകാലത്ത് ഈ സംവിധാനം ദുരുപയോഗം ചെയ്ത് കോടിക്കണക്കിന് രൂപ അകര്‍ഷകര്‍ നേടിയെടുത്തു എന്നത് സാമ്പത്തിക ചരിത്രം. വ്യവസായ വായ്പ സ്ഥാപനം തുടങ്ങാനാണ് നല്കുന്നത്. അതവര്‍ കച്ചവടം നടത്തി തിരികെ അടയ്ക്കും എന്നതാണ് തത്വം. എന്നാല്‍ വിദ്യാഭ്യാസ വായ്പ നല്ലൊരു ശതമാനം ആളുകള്‍ക്കും ഒരു കുരുക്കും ബാധ്യതയുമായാണ് മാറുന്നത്.
            വായ്പ കിട്ടും എന്നതിനാല്‍ ഒരു മെറിറ്റുമില്ലാത്ത വിദ്യാര്‍ത്ഥികള്‍ രക്ഷകര്‍ത്താക്കളുടെ മോഹം സഫലമാക്കാനായി വായ്പയെടുത്ത് സ്വകാര്യമാനേജ്മെന്‍റുകളുടെ കോളേജുകളില്‍ വന്‍തുക കാപ്പിറ്റേഷന്‍ ഫീസും തുടര്‍ന്ന് ഹോസ്റ്റല്‍, കോളേജ് ഫീയും നല്കി പഠിക്കുന്ന കാഴ്ച കുറെ നാളായി നമ്മള്‍ കാണുന്നു.ഇതില്‍ എത്ര പേര്‍ പാസ്സാകുന്നു,എത്ര പേര്‍ക്ക് തൊഴില്‍ ലഭിക്കുന്നു,എത്ര പേര്‍ അതു വഴി പണം തിരികെ അടയ്ക്കുന്നു എന്നത് സംബ്ബന്ധിച്ച ഒരു സര്‍വ്വെ അനിവാര്യമാണ്. പരിചയപ്പെട്ട വ്യക്തികളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത് ഇതൊരു മോഹക്കുരുക്കാണെന്നാണ്. വായ്പ തുക കൊണ്ട് പഠനം തീരില്ല. അപ്പോള്‍ കുടുംബ ബജറ്റ് കുറച്ചും കൂടുതല്‍ കടം വാങ്ങിയും പഠിപ്പിക്കാന്‍ ഗൃഹനാഥന്‍ നിര്‍ബ്ബന്ധിതനാകുന്നു.
               വിദ്യാര്‍ത്ഥി അവന് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഒരു കോഴ്സില്‍ എത്തിപ്പെട്ടതിന്‍റെ സമ്മര്‍ദ്ദത്തില്‍ വിദ്യാഭ്യാസം തകരാറിലാവുകയും കോഴ്സ് വേണ്ടവിധം പൂര്‍ത്തിയാക്കാതിരിക്കുകയും ചെയ്യുമ്പോള്‍ വായ്പ്പക്കുരുക്ക് ആ കുടുംബത്തെ തന്നെ ബാധിക്കുന്നു. ഇനി അഥവ കുട്ടി ജയിച്ചു വന്നാല്‍ , തൊഴിലുറപ്പില്ലാത്തതിനാല്‍ പ്രശ്നം പരിഹരിക്കപ്പെടുന്നില്ല. ചെറിയ ശമ്പളത്തില്‍ ജോലിയില്‍ പ്രവേശിച്ചാല്‍ അവന്‍റെ നല്ല കാലത്ത് വായ്പ തിരിച്ചടവിനേ അവന് സമയമുണ്ടാവൂ. ജീവിതം തുടക്കത്തിലെ ഒരു ബാധ്യതയായി മാറും.അതിനാല്‍ വിദ്യാഭ്യാസ വായ്പ എടുക്കുന്നവരും വായ്പ കൊടുക്കുന്നവരും തീരുമാനം എടുക്കും മുന്‍പ് കാര്യമായ ഒരു വിചിന്തനം നടത്തേണ്ടതുണ്ട്. മികച്ച സ്ഥപനങ്ങളില്‍ മികച്ച കോഴ്സിന് മെറിറ്റ് അടിസ്ഥാനത്തില്‍ ചേരുന്ന കുട്ടികള്‍ മാത്രം വായ്പ എടുക്കുന്നതാവും ഉചിതം.അതിന് ഫലവുമുണ്ടാകും.കച്ചവട താത്പ്പര്യം മാത്രമുള്ള മോശം സ്ഥാപനങ്ങളില്‍ മാനേജ്മെന്‍റ് ക്വാട്ടയില്‍ പ്രവേശനം നേടുന്ന കുട്ടി വായ്പയില്ലാതെ പ്രവേശനം നേടാന്‍ കഴിയുന്നവനാകണം. അവന് ആ പഠനം സമൂഹത്തിനു മുന്നില്‍ വെറുതെ കാട്ടാനുള്ള ഒരു യോഗ്യത മാത്രമാണ് എന്ന് തിരിച്ചറിയേണ്ടതുണ്ട്.

മറിച്ച് സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുട്ടി വായ്പയുടെ സഹായത്തോടെ മാനേജ്മെന്‍റ് ക്വാട്ടായില്‍ പ്രവേശനം നേടുന്നത് സമൂഹ വികാസത്തിന് ഗുണമല്ല ദോഷമാണ് ചെയ്യുന്നത്. മെറിറ്റിന് പുറത്ത് പ്രവേശനം നല്കുന്ന രീതിതന്നെ ആത്മഹത്യാപരമാണ് എന്ന സത്യം നിലനില്ക്കുകയാണ്.താത്പ്പര്യങ്ങളുടെ ജനാധിപത്യത്തില്‍ അതിന് തടയിടാന്‍ മാര്‍ഗ്ഗമില്ലല്ലോ.  

an analysis of current education by a layman

വിദ്യാഭ്യാസ രംഗത്തെ പരീക്ഷണങ്ങള്‍ കുട്ടികളുടെ ഗുണമേന്മ ഉയര്‍ത്തിയോ ?


ഇന്ത്യയൊട്ടാകെയും പ്രത്യേകിച്ച് കേരളത്തിലും ഏറെ പരീക്ഷണങ്ങള്‍ക്ക് വിധേയമായ ഒരു രംഗമാണ് വിദ്യാഭ്യാസം. അതിന്‍റെ ശരിതെറ്റുകളെക്കുറിച്ച് വിശകലനം ചെയ്യാനോ ശാസ്ത്രീയമായി അപഗ്രഥിക്കാനോ കഴിവുള്ള ഒരു ശാസ്ത്രജ്ഞനോ വിചക്ഷണനോ അല്ല ഞാന്‍.എങ്കിലും ഒരു സാധാരണക്കാരനായ യാഥാസ്ഥിതികന്‍ എന്ന നിലയില്‍ ഇന്നത്തെ അവസ്ഥയെ നോക്കിക്കാണുമ്പോള്‍ ഒരു തിരിച്ചുപോക്കിന് സമയമായി എന്നു തോന്നുന്നു.
എന്തിനായിരുന്നു ഈ പരീക്ഷണങ്ങള്‍ ? ആര്‍ക്കുവേണ്ടി ? അതിലൂടെ കുട്ടികള്‍ എന്തുനേടി ? സമൂഹത്തില്‍ എന്ത് മാറ്റമുണ്ടാക്കി ?
തര്‍ക്കിക്കാന്‍ വേണ്ടി പുറപ്പെടുന്ന പലരും സ്വന്തം കുട്ടികളെ ഈ പരീക്ഷണങ്ങള്‍ക്ക് അപ്പുറത്ത് നിര്‍ത്തിയിട്ടാണ് ഗിനിപ്പന്നികളിലോ എലികളിലോ പരീക്ഷണം നടത്തിയത് എന്നു കാണാന്‍ കഴിയും. ഞാന്‍ ഉള്‍പ്പെട്ട തലമുറ സ്കൂള്‍ വിദ്യാഭ്യാസം നടത്തുമ്പോള്‍ ഗ്രാമങ്ങളിലെ സ്കൂളുകളില്‍ മൂന്നാം ക്ലാസ്സുവരെ പൂര്‍ണ്ണമായും മാതൃഭാഷയിലായിരുന്നു പഠനം.നാലില്‍ ഇംഗ്ലീഷ് പഠനം ആരംഭിക്കും. അഞ്ചു മുതല്‍ ഇംഗ്ലീഷും ഹിന്ദിയും മലയാളവും പഠിക്കുന്നതിനു പുറമെ സയന്‍സും കണക്കും സാമൂഹ്യപാഠംവും വിഷയങ്ങളായി പഠിച്ചിരുന്നു.ഇതേ സമയം സമാന്തരമായി പട്ടണങ്ങളില്‍ ഇംഗ്ലീഷ് മീഡിയം സ്കൂളുകളും ഉണ്ടായിരുന്നു. അവിടെ ഉപരിവര്‍ഗ്ഗ സമൂഹം പഠനം നടത്തി വന്നു.ഇന്ന് മാതൃഭാഷയുടെ പുരോഗതിക്കായി രാവും പകലും പ്രാര്‍ത്ഥിക്കുന്ന പല സാംസ്ക്കാരിക നായകരുടെയും മക്കള്‍ അന്ന് അത്തരം സ്കൂളുകളില്‍ പഠിച്ച് ഉന്നതസ്ഥാനങ്ങളില്‍ എത്തി സുരക്ഷിതരായി. അന്ന് ശരാശരി കുട്ടികള്‍ക്ക് ഭയം ജനിപ്പിക്കുന്ന ഒരു കേന്ദ്രമായിരുന്നു സ്കൂളുകള്‍. അധ്യാപകന്‍ എന്നാല്‍ ഒരു വ്യക്തിയേക്കാള്‍ അധികം അയാളോട് ചേര്‍ന്നുവരുന്ന ചൂരലിന്‍റെ വേദനിപ്പിക്കുന്ന ഊര്‍ജ്ജമായിരുന്നു ഓര്‍മ്മകളില്‍. മാതൃഭൂമിയിലെ സ്കൂള്‍ ഓര്‍മ്മകളുടെ ഒരു പംക്തിപോലും മധുരച്ചൂരല്‍ എന്നാണറിയപ്പെടുന്നത്. ഈ ഭയത്തിന്‍റെ അന്തരീക്ഷത്തിലെ പഠനം ശരിയായിരുന്നോ എന്നു ചോദിച്ചാല്‍ അല്ല എന്നേ പറയാന്‍ കഴിയൂ. എന്നാല്‍ അക്ഷരങ്ങള്‍ കൂട്ടിവായിക്കാനും കണക്കിന്‍റെ ബാലപാഠംങ്ങള്‍ പഠിക്കാനും ഓര്‍മ്മയുടെ മസ്തിഷ്കം തുറക്കാനുമൊക്കെ അധ്യാപകര്‍ കണ്ടെത്തിയ ഒരെളുപ്പ വിദ്യയായിരുന്നു ഈ ആയുധം. ഏത് കാലഘട്ടത്തിലാണ് ചൂരല്‍ വിദ്യാഭ്യാസത്തിന്‍റെ ആയുധമായത് എന്നകാര്യത്തില്‍ പഠനം നടന്നിട്ടുണ്ടോ എന്നറിയില്ല.
           ഏതായാലും കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട വിഷയങ്ങളും ഇഷ്ടമില്ലാത്ത വിഷയങ്ങളും ഒരുപോലെ പഠിക്കേണ്ടിവന്ന കാലമായിരുന്നു അത്. പത്താം ക്ലാസ്സുവരെയും അവന് ഇതല്ലാതെ മറ്റൊരു സാധ്യതയുമുണ്ടായിരുന്നില്ല. ഈ സമ്പ്രദായം ശരിയായ ദിശയിലായിരുന്നില്ല എന്നതില്‍ സംശയമില്ല. കണക്കില്‍ വളരെ മിടുക്കനായ കുട്ടിക്ക് ഇംഗ്ലീഷില്‍ വിജയിക്കാന്‍ കഴിയാത്തതിനാല്‍ പല ക്ലാസ്സുകളില്‍ തോല്ക്കുകയും ഹിന്ദി അറിയാത്തതിനാല്‍ തോല്‍വി സംഭവിക്കുകയുമൊക്കെയുണ്ടായി. ഇങ്ങനെ ഏഴിലും എട്ടിലുമൊക്കെ പഠനം നിര്‍ത്തിയ കുട്ടികള്‍ അക്കാലത്ത് ധാരാളമുണ്ടായിരുന്നു. ഇംഗ്ലീഷിനും മലയാളത്തിനും നൂറില്‍ നാല്പ്പത് മാര്‍ക്കും മറ്റു വിഷയങ്ങള്‍ക്ക് മുപ്പത്തിയഞ്ച് മാര്‍ക്കും ലഭിക്കാതെ അടുത്ത ക്ലാസ്സിലേക്ക് കടക്കാന്‍ കഴിയില്ലായിരുന്നു. പരീക്ഷയ്ക്ക് മാര്‍ക്കിടല്‍ പിശുക്കന്‍റെ പണപ്പെട്ടി പോലെയായിരുന്ന കാലം.ചില അധ്യാപകര്‍ക്ക് ചില കുട്ടികളോടുള്ള ഇഷ്ടക്കേടുപോലും മാര്‍ക്കിടലില്‍ പ്രതിഫലിച്ചു. സര്‍ക്കാര്‍ സ്കൂളുകളില്‍ രാഷ്ട്രീയാതിപ്രസരമുള്ള കാലവുമായിരുന്നു അത്. മിക്ക ദിവസങ്ങളിലും സമരമാണ്.ഏത് വിഷയമായാലും കുട്ടികളെ തെരുവിലിറക്കി കളിക്കുന്ന ഒരു രീതി അന്ന് നിലനിന്നിരുന്നു. എങ്കിലും അധ്യാപകര്‍ കഴിയുന്നതും പാഠ്യപദ്ധതി പ്രകാരമുള്ള ക്ലാസ്സുകള്‍ എക്സ്ട്രാ ക്ലാസ്സുകള്‍ വച്ചും പഠിപ്പിച്ചു തീര്‍ക്കാന്‍ ശ്രമിച്ചിരുന്നു. ഇന്നത്തെ പോലെ തന്നെ അന്നും മിടുക്കന്മാരായ അധ്യാപകരും മോശക്കാരായ അധ്യാപകരുമുണ്ടായിരുന്നു.ഓരോ ക്ലാസ്സിലും തിങ്ങിഞെരുങ്ങിയിരിക്കുന്ന നാല്പ്പതിലേറെ കുട്ടികളില്‍ കുറച്ചു മിടുക്കന്മാരും കുറെ ശരാശരിക്കാരും തീരെ മോശക്കാരുമുണ്ടായിരുന്നു. ഇവരെ മൊത്തമായി കണ്ട് പഠിപ്പിക്കുന്ന ശ്രമകരമായ രീതി ഇന്ന് ഓര്‍ക്കാന്‍ കഴിയാത്ത ഒന്നാണ്.ഒരു പക്ഷെ മധുരച്ചൂരല്‍ കരുതിയതിന്‍റെ കാരണവും അതാകാം. അന്ന് സ്കൂളുകളിലെ സമരബഹളങ്ങള്‍ക്കിടയില്‍ പഠനം തുടര്‍ച്ചയാകുന്നത് ട്യൂട്ടോറിയലുകളിലായിരുന്നു. ചില സ്കൂളുകളില്‍ രാവിലെ പത്തു മുതല്‍ നാലുവരെ പഠനമെങ്കില്‍ മറ്റു ചിലയിടങ്ങളില്‍ ഷിഫ്റ്റായിരുന്നു. രാവിലെ എട്ടു മുതല്‍ ഒന്നു വരെയും ഉച്ച കഴിഞ്ഞ് ഒന്നു മുപ്പതു മുതല്‍ അഞ്ച് മുപ്പതു വരെയും. ഈ കുട്ടികള്‍ ഭൂരിപക്ഷവും ട്യൂട്ടോറിയലുകളില് പോയിരുന്നു. അപ്പോള്‍ പഠനമെന്നത് സ്കൂള്‍,ട്യൂട്ടോറിയല്‍,വീട് എന്ന നിലയില്‍ ഒരു ദീര്‍ഘമായ വേളയായി മാറി. പുസ്തകത്തിന് അപ്പുറത്തേക്ക് പോകാതെയുള്ള പഠനമായിരുന്നു എന്നതുകൊണ്ട് ഒരേ കാര്യം ക്ലാസ്സിലും ട്യൂട്ടോറിയലിലും കേട്ട് ,ചൂരലിനെ ഭയന്ന്,വീട്ടിലെത്തി വീണ്ടും വായിച്ച് കാണാപ്പാഠം പഠിക്കുന്ന രീതിയായിരുന്നു അത്. ഇന്നത്തെപോലെ കാണാപ്പാഠം പഠിക്കുന്നത് ഒരു പാപമാണെന്ന് അന്നാരും കരുതിയിരുന്നില്ല. അതുകൊണ്ടു തന്നെ ഓര്‍മ്മയുടെ കോശങ്ങള്‍ വളര്‍ന്നു വികസിച്ചിരുന്നു. കഥയും കവിതയും കണക്കുകളും  ചരിത്രവും ശാസ്ത്രവുമെല്ലാം പരിമിതമായ നിലയിലാണ് പഠിച്ചതെങ്കിലും ഒരു കംപ്യൂട്ടറിന്‍റെയോ കാല്‍ക്കുലേറ്ററിന്‍റെയോ മൊബൈല്‍ ഫോണിന്‍റെയോ  സഹായമില്ലാതെ കണക്കുകള്‍ ചെയ്യാനും കാര്യങ്ങള്‍ ഓര്‍ത്തെടുക്കാനും കഴിഞ്ഞിരുന്നു. ഇന്നിപ്പോള്‍ നൂറും നൂറും എത്രയെന്ന് കാല്‍ക്കുലേറ്ററില്‍ കണക്ക് കൂട്ടുന്ന കുട്ടികളുടെ കാലമാണ്. ഇത് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്‍റെ തകരാണ് എന്നു ഞാന്‍ പറയും. അപ്പോള്‍ കുറെ വിദഗ്ധന്മാരുടെ പേരും ഉദ്ധരണികളും ഉപയോഗിച്ചതിനെ ഖണ്ഡിക്കാന്‍ വിചക്ഷണന്മാര്‍ക്ക് കഴിയുമായിരിക്കും,പക്ഷെ ഇതാണ് സത്യമന്നെ ഞാന്‍ വിശ്വസിക്കൂ. അന്ന് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ എന്നാല്‍ ഗ്രൌണ്ടിലെ ഗുസ്തിമറിയലും കിളിത്തട്ടുകളിയും കബഡിയുമൊക്കെയായിരുന്നു. അപൂര്‍വ്വം സ്കൂളുകളില്‍ ഫുട്ബാളും കളിപ്പിച്ചിരുന്നു. പഠ്യേതര വിഷയം പാട്ടും ചിത്രരചനയുമായിരുന്നു. രണ്ടിലും താത്പ്പര്യമില്ലാത്ത കുട്ടിയും അതില്‍ പങ്കെടുക്കേണ്ടിയിരുന്നു എന്നത് വിചിത്രമായ കാര്യം. ഈ സമ്പ്രദായത്തില്‍ ന്യൂനതകള്‍ ഏറെയുണ്ടായിരുന്നു.
അവയില്‍ പ്രധാനം ചൂരല്‍ എന്ന ആയുധം തന്നെയായിരുന്നു. ഇംപോസിഷന്‍ എന്ന രീതിയില്‍ നൂറുവട്ടമൊക്കെ ഒരു കാര്യം എഴുതിക്കുന്ന രീതി, ക്ലാസ്സിലെ പരിമിതികള്‍,കുട്ടികളുടെ എണ്ണത്തിലെ വര്‍ദ്ധന,മിടുക്കര്‍ക്കൊപ്പം മറ്റുള്ളവരെ എത്തിക്കാന്‍ കഴിയാതിരുന്ന അവസ്ഥ,സമരങ്ങള്‍,ഇഷ്ടമില്ലാത്ത വിഷയങ്ങള്‍ പത്ത് വരെ പഠിക്കേണ്ടി വരുന്ന ഗതികേട് എന്നിവയും ശ്രദ്ധയങ്ങളാണ്.
കാണാതെ പഠിച്ച കാര്യങ്ങള്‍ പരീക്ഷയ്ക്ക് എഴുതിയാല്‍ മാത്രം വിജയിക്കുന്ന അന്നത്തെ കാലത്ത് പത്താം തരം വിജയശതമാനം മുപ്പത്തിയഞ്ച് നാല്പ്പത് ശതമാനമായിരുന്നു. ചെറിയ മോഡറേഷനുകളോടെ അത് അന്‍പതിനടുത്തെത്തിയിരുന്നു. ഞാനോര്‍ക്കുന്നു,എന്‍റെ ക്ലാസ്സിലെ നാല്പ്പത്തിനാല് കുട്ടികളില്‍ ഞാന്‍ മാത്രമായിരുന്നു അന്ന് പത്ത് ജയിച്ചത്. സ്കൂളിലെ മികച്ച ഡിവിഷനുകളായ എയിലും ബിയിലുമൊഴികെ മറ്റെല്ലായിടവും നാമമാത്ര വിജയം. ഇന്ന് തൊണ്ണൂറിനു മുകളില്‍ വിജയമുണ്ടാകുന്നത്  പുതിയ തലമുറയുടെ ബുദ്ധി വികസിച്ചതുകൊണ്ടോ വിദ്യാഭ്യാസ സമ്പ്രദായത്തിന്‍റെ മികവുകൊണ്ടോ അല്ല എന്ന് ജയിച്ച കുട്ടികളുടെ അറിവും ജ്ഞാനവും പരിശോധിക്കുമ്പോള്‍ മനസ്സിലാകും. പരീക്ഷയ്ക്ക് മാര്‍ക്കിടുന്ന രീതിയില്‍ വന്ന മാറ്റമാണ് ഇതിനെല്ലാം കാരണം. യഥാര്‍ത്ഥത്തില്‍ ജയിക്കാന്‍ കഴിയുന്ന സമര്‍ത്ഥന്മാരുടെ എണ്ണം തുലോം കുറഞ്ഞിരിക്കുന്നു. വഴിയില്‍ പലയിടത്തും വഴിമാറി പോകേണ്ടിയിരുന്ന കുട്ടികളെ ഒരേ പാതയിലൂടെ തെളിച്ചുകൊണ്ടുവന്ന് പ്ലസ്സ് ടു കടത്തിവിടുകയാണ്. അതുവരെ മലയാളത്തില്‍ വിഷയങ്ങള്‍ പഠിച്ചവന്‍ ഡിഗ്രിക്കും പ്രൊഫഷണല്‍ കോഴ്സിനും ഇംഗ്ലീഷിന്‍റെ ലോകത്തേക്ക് എടുത്തെറിയപ്പെടുകയാണ്.അവന്‍റെ അങ്കലാപ്പ് ആരും മനസ്സിലാക്കുന്നില്ല. അത്യാവശ്യം നന്നായി ഒരു ഖണ്ഡിക ഇംഗ്ലീഷിലോ മലയാളത്തിലോ എഴുതാന്‍ കഴിയാത്തവനായി ഭൂരിപക്ഷം പ്ലസ്സ് ടു വിദ്യാര്‍ത്ഥികളും മാറുന്നു. എന്നിട്ടും അവന് പ്രൊഫഷണല്‍ കോഴ്സുകളിലും കോളേജുകളിലും പ്രവേശനം കിട്ടുന്നു.അവിടെ അവന്‍റെ ജീവിതം അവസാനിക്കുകയാണ്. ഏത് കാലത്തും മിടുക്കന്മാര്‍ കയറി പോകും,മറ്റുള്ളവരുടെ സ്ഥിതിയാണ് പരിതാപകരം.
പത്ത് വര്‍ഷമായിട്ടും എന്‍ജിനീയറിംഗ് പൂര്‍ത്തിയാകാത്ത അനേകായിരം കുട്ടികള്‍ കേരളത്തിലുണ്ട്. അവര്‍ തന്നെ അടുത്ത തലമുറയ്ക്ക് ക്ലാസ്സെടുക്കുന്ന ദുരന്തവും സ്വകാര്യ കോളേജുകളില്‍ അരങ്ങേറുന്നു. പഠിച്ചിറങ്ങുന്നവര്‍ക്ക് അതിനനുസരിച്ചുള്ള തൊഴിലുമില്ല.അവര്‍ സൂപ്പര്‍ മാര്‍ക്കറ്റുകളിലും മാളുകളിലും ജോലിക്കാരാകുന്നു.ന്യൂ ജനറേഷന്‍ ഹോട്ടലുകളില്‍ പണി ചെയ്യുന്നു. അതിലേറെ പണവും സ്വൈരജീവിതവും ലഭിക്കാവുന്ന സ്കില്‍ഡ് ജോലികളില്‍ അന്യസംസ്ഥാനക്കാര്‍ വിരാജിക്കുമ്പോള്‍ , അതിനേക്കാള്‍ മോശം ജോലികള്‍ നാട്ടിലേതിനേക്കാള്‍ കുറഞ്ഞ ശമ്പളത്തില്‍ ചെയ്യാന്‍ അഭിമാനിയായ മലയാളി ട്രെയിനും വിമാനവും കയറുന്നു.നമുക്ക് എവിടെയാണ് തെറ്റിയത് . പരിമിത ചിന്തയില്‍ തോന്നുന്ന ചില കാര്യങ്ങള്‍ കുറിക്കട്ടെ.
ഓരോ തൊഴിലിനും നമുക്കാവശ്യമായ തൊഴിലാളികളുടെ എണ്ണത്തെക്കുറിച്ച് നാം ബോധവാന്മാരല്ല എന്നത് ഒരു കാരണമാണ്. കുട്ടികളുടെ കഴിവ് പരിശോധിച്ച് ദിശാബോധം നല്കാന്‍ നമുക്ക് കഴിയുന്നില്ല, പകരം മാനേജ്മെന്‍റുകളെ സഹായിക്കുന്ന സമീപനമാണ് കച്ചവടമായി കാണുന്ന വിദ്യാഭ്യാസത്തില്‍ നടക്കുന്നത്. തൊഴിലിന്‍റെ അന്തസ്സിനെക്കുറിച്ച് കാര്യമായ ബോധം കുട്ടികളില്‍ ജനിപ്പിക്കുന്നില്ല. ഐടിഐയിലും പോളിടെക്നിക്കിലും പോകേണ്ട കുട്ടികള്‍ പോലും അവരുടെ ബുദ്ധിപരവും സാങ്കേതികവുമായ മികവ് പരിശോധിക്കപ്പെടാതെ എന്‍ജിനീയറിംഗിലേക്ക് എത്തിപ്പെടുന്നു. മെഡിക്കല്‍ രംഗത്തുള്‍പ്പെടെ ഈ പ്രവണതയുണ്ടാകുമ്പോള്‍ നല്ല ശാസ്ത്രജ്ഞന്മാരും നല്ല അധ്യാപകരും ഇല്ലാതാകുന്നു. അപ്പോഴും നമുക്ക് പിഴവുപറ്റിയിട്ടില്ല എന്നാണ് ആണയിടുന്നതെങ്കില്‍ അതിന്‍റെ സംശുദ്ധി ചോദ്യം ചെയ്യപ്പെടേണ്ടതാണ്.
ചില യാഥാസ്ഥിതിക പരിഹാര ചിന്തകള്‍ മനസ്സില്‍ വരുകയാണ്. ആരെങ്കിലും ചര്‍ച്ച ചെയ്യുകയെങ്കിലും ചെയ്താല്‍ അത്രയും നന്ന്. ഞാന്‍ തിരുത്തേണ്ടതുണ്ടെങ്കില്‍ അതിനും സന്തോഷമേയുള്ളു.
എല്‍കെജി മുതല്‍ പന്ത്രണ്ടു വരെയും മാതൃഭാഷയും ഇംഗ്ലീഷും നിര്‍ബന്ധമായും പഠിപ്പിക്കുക.സംസാര ഭാഷയ്ക്ക് പ്രാധാന്യം നല്കണം. അഞ്ചു മുതല്‍ പത്തു വരെ ക്ലാസ്സുകളില്‍ ഹിന്ദിഭാഷ ലളിതമായ രീതിയില്‍ സ്പോക്കണ്‍ ഹിന്ദിക്ക് പ്രാധാന്യം നല്കി പഠിപ്പിക്കുക.മറ്റു വിഷയങ്ങളുടെ പഠനം നിര്‍ബ്ബന്ധമായും ഇംഗ്ലീഷിലായിരിക്കണം. അടിസ്ഥാന സയന്‍സും സാമൂഹ്യപാഠംവും കണക്കും ഏഴാം ക്ലാസ്സുവരെ നിര്‍ബ്ബന്ധമായും പഠിപ്പിക്കുക.എട്ടു മുതല്‍ താത്പ്പര്യമുള്ള വിഷയങ്ങള്‍ മാത്രം എടുത്ത് പഠിക്കാന്‍ അനുവദിക്കുക. കംപ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ച് പഠനം നടത്തുമ്പോഴും കുട്ടിയുടെ തലച്ചോറിന്‍റെ ഓര്‍മ്മ,ചിന്ത,ഭാവന തുടങ്ങിയ മേഖലകള്‍ വളരാന്‍ അനുവദിക്കും വിധമാകണം പഠനം .പരീക്ഷകള്‍ വഴിപാടാക്കാതെ നിശ്ചയിച്ച ഗ്രേഡുകളില്‍ അവനെ എത്തിക്കാനുള്ള ശ്രമം സ്കൂളിലുണ്ടാകണം. നാല്പ്പത് ശതമാനമെങ്കിലും മാര്‍ക്ക് നേടാന്‍ കഴിയാത്ത കുട്ടിക്ക് പ്രത്യേക പരിശീലനം നല്കി അതിലേക്ക് എത്തിക്കണം. വേഗത്തില്‍ നടക്കാന്‍ കഴിയാത്ത കുട്ടിയെ നടക്കാന്‍ സഹായിക്കയാണ് വേണ്ടത്. പകരം ചുമലിലെടുത്ത് കൊണ്ടുപോയാല്‍ പിന്നീടവന് ഈ താണ്ടിയ പാതയുടെ സുഖവും ദുഃഖവും അറിയാന്‍ കഴിയാതെ വരും.ഇഷ്ടമുള്ള ഒരു അഡീഷണല്‍ സ്കില്ലും , അത് പ്ലബിംഗ്,തയ്യല്‍,ഇലക്ട്രിക്കല്‍ തുടങ്ങി ഏതുമാകാം, ഇഷ്ടമുള്ള ഒരു കലയും നിര്‍ബ്ബന്ധമായും പഠിപ്പിക്കുക.ഒരു ക്ലാസ്സില്‍ നിന്നും അടുത്ത ക്ലാസ്സിലേക്ക് ഒരു വര്‍ഷം കൊണ്ട് കയറിപോകാന്‍ കഴിയാത്ത കുട്ടിക്ക് ഒരവസരം കൂടി നല്കി അവനെ അടുത്ത വര്‍ഷം അവിടെ എത്തിക്കുന്നതാകും ഉചിതം. പത്ത് കഴിയുമ്പോള്‍ അവന്‍രെ കഴിവുകള്‍ പരിശോധിച്ച് അവനെ ഐടിഐ,കാര്‍ഷികം,കരകൌശലം തുടങ്ങിയ മേഖലകളിലേക്കോ പ്ലസ്സ് ടു വിനോ വിടാന്‍ കഴിയണം. പ്ലസ്സ് ടു വിഷയ നിര്‍ണ്ണയത്തിലും ഈ സമീപനം വേണം. അതിന് കഴിയുന്ന സമിതികള്‍ ഉണ്ടാവണം.അധ്യാപകരും മനശാസ്ത്രജ്ഞരും വിദഗ്ധരും ഉള്‍പ്പെടുന്ന സമിതികളാവണം അത്. തുടര്‍ന്ന് പ്ലസ്സ് ടു പഠനം കഴിയുമ്പോള്‍ പെളിടെക്നിക്,എന്‍ജിനീയറിംഗ്,മെഡിസിന്‍,അടിസ്ഥാന വിഷയങ്ങള്‍, ശാസ്ത്രം, അധ്യാപനം,മാധ്യമ മേഖല തുടങ്ങി ശാഖ തിരിക്കാനും മൂന്ന് ഓപ്ഷനുകള്‍ നിര്‍ണ്ണയിക്കാനും കഴിയണം. മത്സര പരീക്ഷയിലൂടെ കുട്ടികള്‍ അവരുടെ മേഖല കണ്ടെത്തണം. അധ്യാപകരുടെ മേന്മയളക്കാനും സംവിധാനമുണ്ടാകണം. ഈ അസ്സസ്സ്മെന്‍റില്‍ കുട്ടികളെയും പങ്കാളികളാക്കണം. മിടുക്കര്‍ക്ക് മാത്രമെ ഇന്‍ക്രിമെന്‍റ് അനുവദിക്കാവൂ.
ഇത്തരമൊരു സമീപനം ഗൌരവമായി എടുക്കണമെന്നും കേരളമെങ്കിലും ഇതിനായി മുന്നോട്ടു വരണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു.ചര്‍ച്ചകളിലൂടെ ഇതിനെ പരുവപ്പെടുത്തി എടുക്കാവുന്നതാണ്. കമ്പോളത്തിന് ആവശ്യമായ തലമുറയെ വാര്‍ത്തെടുക്കുകയല്ല വേണ്ടത് കഴിവുകളെ കണ്ടെത്തി മികവുറ്റ ജനതയെ വാര്‍ത്തെടുക്കയാണ് ആവശ്യം എന്ന തിരിച്ചറിവ് നമുക്കുണ്ടാവണം