Friday, May 16, 2014

Kallanthattil Gurukkal and Marthanda Varma

കല്ലന്താട്ടില്‍  ഗുരുക്കള്‍

കോഴിക്കോട് കളരിയില്‍ പയറ്റ് പഠിക്കാന്‍ ചേര്‍ന്ന ഒരു ബ്രാഹ്മണനോട് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഗുരു ചോദിച്ചു, ഇപ്പോള്‍ എത്രപേരെ നേരിടാന്‍ കഴിയും. പതിനായിരം എന്നായിരുന്നു ശിഷ്യന്‍റെ മറുപടി.പോരാ,ഇനിയുമേറെ പഠിക്കാനുണ്ട് എന്നായി ഗുരു. അയാള്‍ പഠനം തുടര്‍ന്നു.അടുത്ത വര്‍ഷം അതായിരമായി. അതിനടുത്ത വര്‍ഷം നൂറും തുടര്‍ന്നുള്ള വര്‍ഷം അന്‍പതുമായി ചുരുങ്ങി. ഇത്തരത്തില്‍ പഠനം തുടര്‍ന്ന് പന്ത്രണ്ട് വര്‍ഷമായപ്പോള്‍, ഒരു പയറ്റുകാരന്‍ വന്നാല്‍ നേരിടാമെന്ന വിശ്വാസം എനിക്കുണ്ട് ഗുരോ എന്ന് പറയത്തക്കവിധം അയാള്‍ പക്വതയാര്‍ന്നു. എന്നിട്ടും പഠനം അവസാനിപ്പിച്ചില്ല. ഒടുവില്‍ ശരീരം തന്നെ കണ്ണായി മാറുന്ന നിലയിലെത്തി. ഒരു ദിവസം എണ്ണതേച്ച് കുളിക്കാന്‍ പോയ നമ്പൂതിരിയെ രണ്ട് പട്ടാളക്കാര് കുന്തവുമായി ആക്രമിച്ചു. അതിനെ പ്രതിരോധിച്ചതോടെ പഠനം പൂര്‍ണ്ണമായതായി ഗുരു പ്രഖ്യാപിച്ചു. തുടര്‍ന്ന് കായംകുളത്തെത്തിയ അയാള്‍ അവിടെ കുറേപേര്‍ക്ക് പരിശീലനം നല്കി. അതിനുശേഷം പത്മനാഭപുരത്തെത്തി. മാര്‍ത്താണ്ഡ വര്‍മ്മയെ മുഖം കാണിക്കാന്‍ സമയം ചോദിച്ചു. നാളെ ഉച്ചയ്ക്ക് മതിലകത്ത് കാണാം എന്നായിരുന്നു മറുപടി. അയാള്‍ അടുത്ത ദിവസം വാളും പരിചയുമായി കൊട്ടാരത്തില്‍ എത്തിയപ്പോള്‍, നാല് ഗേറ്റും അടച്ചിട്ടിരിക്കുന്നതായി കണ്ടു. രാജാവിന്‍റെ പരീക്ഷണമാണ് ഇതെന്ന് അയാള്‍ക്ക് മനസ്സിലായി. അയാള്‍ ഒരു പറന്നുചാട്ടം നടത്തി മതിലിനു മുകളിലെത്തി. അപ്പോഴാണ് ഉള്‍ഭാഗത്ത് കന്തങ്ങള്‍ കുത്തി നിര്‍ത്തിയിരിക്കുന്നത് കണ്ടത്. ഉടന്‍ പരിചയുടെ സഹായത്തോടെ കുന്തത്തിന്‍ മുകളില്‍ താത്ക്കാലികമായെത്തി വീണ്ടും മറിഞ്ഞ് മതിലില്‍ തിരിച്ചെത്തി മടങ്ങാന്‍ തീരുമാനിച്ചു. അപ്പോള്‍ ഈ കാഴ്ചകള്‍ കണ്ട് ഒളിച്ചിരുന്ന രാജാവ് മുന്നോട്ടുവന്ന് അദ്ദേഹത്തെ അഭിനന്ദിച്ചു. മരുമകന്‍ രാമവര്‍മ്മയുടെ  ഗുരുവാക്കുകയും ചെയ്തു. പ്രശസ്തനായ ഈ ഗുരുവാണ് കല്ലന്താട്ടില്‍ ഗുരുക്കള്‍. 

No comments: