തിരുക്കുറളിന്റെ പൊരുള്‍
തിരുക്കുറള്‍
ബി.സി.31ല്‍ തിരുവള്ളുവര്‍ രചിക്കപ്പെട്ടതെന്നാണ് വിശ്വാസം. അണുവെത്തുളച്ച്
ഏഴുകടലും നിറച്ച് കുറുകെ മുറിച്ച കുരല്
എന്നാണ് തിരുക്കുറളിനെക്കുറിച്ച് പറയുന്നത്. പുരുഷാര്‍ത്ഥ ചതുഷ്ടയത്തില്‍ ആദ്യത്തെ
മൂന്നായ ധര്‍മ്മം ,അര്‍ത്ഥം,കാമം എന്നിവയും വര്‍ണ്ണാശ്രമങ്ങളില്‍ ഗൃഹസ്ഥാശ്രമവും
സന്ന്യാസവുമാണ് തിരുക്കുറളിലെ പ്രധാന ആഖ്യാന വിഷയങ്ങള്‍. ധര്‍മ്മം,അര്‍ത്ഥം,കാമം
എന്നീ പ്രകരണങ്ങളില്‍ കൂടിയാണ് ഇതിന്റെ പ്രതിപാദനം. 133 അധികാരങ്ങളും ഓരോ
അധികാരത്തിലും 10 കുറളുകളും വീതം 1330 കുറളുകളാണ് ഇതിലുള്ളത്. 38 അധികാരങ്ങള്‍ ധര്‍മ്മപ്രകരണത്തിനും
എഴുപതെണ്ണം അര്‍ത്ഥപ്രകരണത്തിനും അവസാന ഇരുപത്തിയഞ്ചെണ്ണം കാമപ്രകരണത്തിനുമായി
മാറ്റിവച്ചിരിക്കുന്നു.
ഉത്തമ
ജീവിതം നയിക്കുന്നതിന് ഒരു വ്യക്തി ഉയര്‍ത്തിപ്പിടിക്കേണ്ട മൂല്യങ്ങള്‍ക്കാണ്
തിരുക്കുറള്‍ പ്രാധാന്യം നല്‍കുന്നത്. ജീവകാരുണ്യം,ആതിഥ്യമര്യാദ,വിനയമധുരമായ
സംഭാഷണരീതി,ഉപകാര സ്മരണ,കാര്യനിര്‍വ്വഹണത്തിലുള്ള നിഷ്പക്ഷ
മനോഭാവം,സംയമനം,സദാചാരനിഷ്ഠ , പരസ്ത്രീഗത വര്‍ജ്ജനം,ക്ഷമ,അന്യന്റെ ഉയര്‍ച്ചയില്‍
അസൂയപ്പെടാതിരിക്കല്‍,അന്യന്റെ ധനത്തില്‍ ആശകൊടുക്കാതിരിക്കല്‍,പരദൂഷണം
ഒഴിവാക്കല്‍, നിഷ്ഫലവാക്കുകള്‍ പറയാതിരിക്കല്‍, അധര്‍മ്മ മാര്‍ഗ്ഗത്തിലൂടെ
സഞ്ചരിച്ച് പാപകര്‍മ്മങ്ങള്‍ ചെയ്യുന്നതിനെ ഭയപ്പെടല്‍, ദാനധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കല്‍
എന്നിവയാണ് ഇത്തരത്തില്‍ പറയപ്പെടുന്ന മൂല്യങ്ങള്‍. പൊതുവെ മതഗ്രന്ഥങ്ങള്‍
അനുശാസിക്കുന്ന സത്കര്‍മ്മങ്ങളെ മറ്റൊരുതരത്തില്‍ ബോധമണ്ഡലത്തിലെത്തിക്കാനുള്ള
ശ്രമമാണ് തിരുക്കുറള്‍ നടത്തുന്നത്.
കര്‍ഷകന്റെ മേന്മയെ ഉയര്‍ത്തിക്കാട്ടുന്നുണ്ട് ഈ ഗ്രന്ഥം. ലോകത്തില്‍ യഥാര്‍ത്ഥത്തില്‍
വാഴുന്നവര്‍ ഉഴുതുണ്ട് വാഴുന്നവരാണെന്നും മറ്റുള്ളവരെല്ലാം തൊഴുതുണ്ടുവാഴുന്നവരാണെന്നും
ഇതില്‍ പറയുന്നു. ഈശ്വരനെ അസ്തിത്വത്തിന്റെ ഒരു കേവല സത്യസങ്കല്പ്പമായിട്ടാണ്
ഇതില്‍ ദര്‍ശനം ചെയ്തിരിക്കുന്നത്. എല്ലാ മനുഷ്യരും നിഷ്പക്ഷമതികളായി തങ്ങളുടെ കര്‍മ്മം
ചെയ്യണമെന്നും വാക്കിലും മനസ്സിലും യാതൊരുവിധമായ കോട്ടവുമില്ലാത്തവരായിരിക്കണമെന്നും
വള്ളുവര്‍ നിര്‍ദ്ദേശിക്കുന്നു. ആയുധത്തേക്കാള്‍ സൂക്ഷ്മതയോടെയേ വാക്കുകള്‍ പ്രയോഗിക്കാവൂ എന്നും അദ്ദേഹം
പറയുന്നുണ്ട്.തീകൊണ്ട് പുറമെ ചുട്ട പുണ്ണിന്റെ ഉള്ള് പിന്നീട് ആറും എന്നാല്‍
നാവുകൊണ്ട് ഹൃദയത്തില്‍ ചുട്ട പുണ്ണ് ആറാതെ ഉള്ളത്തെ നീറ്റിക്കൊണ്ടിരിക്കുമെന്ന്
തിരുക്കുറള്‍ പറയുന്നു. അതെത്ര ശരിയാണെന്നു നാം അനുഭവത്തിലൂടെ മനസ്സിലാക്കുന്നുമുണ്ട്.
“ തീയിനാല്‍ ചുട്ട പുണ് ഉള്ള് ആറും;
ആറാതേ നാവിനാല്‍ ചുട്ട വടു.”
വേദമന്ത്രങ്ങള്‍ മറന്നാല്‍ പിന്നെയും ഓര്‍മ്മിച്ചെടുക്കാം ,എന്നാല്‍ ആചാരനിഷ്ഠ
തെറ്റിച്ചാല്‍ ഉയര്‍ന്ന യോഗ്യതയുള്ളവനാണെങ്കിലും നശിച്ചുപോകുമെന്നും തിരുക്കുറല്‍
രേഖപ്പെടുത്തുന്നു.
“ മറപ്പിനും ഓത്തുക്കൊളലാകും,
പാര്പ്പാന് പിറപ്പൊഴുക്കം കുന്റക്കെടും.”
പരസ്ത്രീഗമനം വ്യാപകമായിരുന്ന ആ കാലത്ത് പുരുഷന്മാരെ സദാചാരനിഷ്ഠരാക്കാനുള്ള
ശ്രമവും വള്ളുവര്‍ നടത്തിയിരുന്നു. ആഴിപ്പരപ്പിനാല്‍ ചുറ്റപ്പെട്ട ഈ ഭൂമിയില്‍ സര്‍വ്വനന്മകള്‍ക്കും
ഉടമയായിട്ടുള്ളവന്‍ ആരെന്ന ചോദ്യത്തിന് പരപത്നിയുടെ തോളില്‍ ചായാത്തവന്‍ എന്ന
ഉത്തരമാണ് അദ്ദേഹം നല്‍കുന്നത്.
“ നലക്കുരിയാര് യാരൈ നിന്
നാമനീര് വൈപ്പില്‍
പിറര്‍ക്കുരിയാര്‍ തോള് തോയതാര്‍.”
പ്രതികാരം ചെയ്യുന്നതിന്റെ സുഖം ഒരു നാളെ നില്ക്കൂ എന്നാല്‍ പൊറുക്കുന്നവന്റെ
കീര്‍ത്തി ലോകാവസാനം വരെ നിലനില്‍ക്കുമെന്നും കൃതിയില്‍ പറയുന്നു.
“ ഒറുത്താര്ക്കൊരു നാളൈ ഇന്പം,
പൊറുത്താര്‍ക്കുപ്പൊന്റും തുണൈയും പുകഴ്.”
അസൂയ,അതിമോഹം,പരദൂഷണം എന്നിവ ഏറ്റവും നികൃഷ്ടമായ ശീലങ്ങളായി കവി കാണുന്നു.
ഒരുവന്റെ അസാന്നിധ്യത്തില്‍ ദ്വേഷിച്ചും അവനെകാണുമ്പോള്‍ പുകഴ്ത്തിയും
ജീവിക്കുന്നതിനേക്കാള്‍ നല്ലത് മരണമാണെന്നും വള്ളുവര്‍ പറയുന്നുണ്ട്.
“ പുറംകുറിപ്പൊയ്ത്തുയിര് വാഴ്തലിന്‍ ചാതല്‍
അറംകൂറും ആക്കം തരും.”
ദുഷ്കര്‍മ്മങ്ങള്‍,പരദ്രോഹ ചിന്ത എന്നിവ ഒഴിവാക്കി അന്യര്‍ക്കുപകരിക്കുന്ന
സദ്കര്‍മ്മങ്ങള്‍ ചെയ്യാന്‍ അദ്ദേഹം ഉപദേശിക്കുന്നു. യാചിക്കുന്നവന് ദാനം
ചെയ്യാനാവാത്ത അവസ്ഥ മരണത്തേക്കാള്‍ മോശമാണെന്നും രേഖപ്പെടുത്തിയിരിക്കുന്നു.
എല്ലാ ധനത്തിലും ഉത്കൃഷ്ടമായ ധനം
ജീവകാരുണ്യമാണ്. സ്വശരീരത്തിനുണ്ടാകുന്ന അസുഖം സഹിക്കുകയും മറ്റു ജീവികള്‍ക്ക്
ഉപദ്രവം ചെയ്യാതിരിക്കുകയും ചെയ്യുന്നത് തപസിനുതുല്യമാണെന്നും കവി പറയുന്നു.
സ്വയമേവ പാപങ്ങള്‍ ചെയ്തുകൂട്ടിയിട്ട് മഹത്വത്തിന്റെ മുഖംമൂടിയിട്ടു നടക്കുന്നവന്
എന്തുണ്ടെങ്കിലും അതെല്ലാം നിഷ്ഫലമെന്ന് തിരുക്കുറള്‍ പറയുന്നു.
ലോകത്തിന്റെ നാട്യം നന്നായറിയുന്ന കവി പറയുന്നത് മനുഷ്യരില്‍ ഭൂരിപക്ഷവും കുന്നിക്കുരുവിന്റെ മനോഹാരിതയണിഞ്ഞവരും ഉള്ളം അതിന്റെ മൂക്കുപോലെ
കാളിമയാര്ന്നവരുമാണെന്നാണ്. കുറ്റം ചെയ്യുന്നവരെപ്പോലെ പാപികളാണ് കുറ്റകൃത്യം
നിനയ്ക്കുന്നവരും അസത്യഭാഷണം ചെയ്യുന്നവരും. ജീവിതത്തിന്റെ അതിര്ത്തിയറിയാത്ത
മനുഷ്യന് ഒരു കോടിയും അതിലേറെയും ആഗ്രഹങ്ങള്‍ കൊണ്ടുനടക്കുന്നതായി കവി പറയുന്നു.
അനവധി മഹത് ഗ്രന്ഥങ്ങള്‍ പഠിച്ച് മഹത്തായ അറിവുസമ്പാദിക്കാന്‍ നോക്കിയാലും വിധി
നിശ്ചയിച്ചിരിക്കുന്ന അറിവുമാത്രമെ ഒരുവനു ലഭിക്കുകയുള്ളു എന്നും വള്ളുവര്‍
പറയുന്നുണ്ട്.
ഒരുവന്റെയുള്ളില്‍ യാതൊന്നിലും ആഗ്രഹം ഉണ്ടാകാത്ത അവസ്ഥ കൈവരുന്നെങ്കില്‍
അവന് ഈ ജന്മത്തില് ഒരു ദുഖവും ഉണ്ടാവില്ലെന്നും തിരുക്കറള് പഠിപ്പിക്കുന്നു.
ഗ്രന്ഥങ്ങളില്‍ നിന്നും ഗാഢമായ പഠിപ്പില്ലാതെ സഭയില്‍ ചെന്നു ഗോഷ്ഠി കാണിക്കുന്നത്
കളമൊരുക്കാതെ ചൂതാടുന്നതുപോലെയാണെന്നും കവി മനസ്സിലാക്കുന്നു. ശ്രവണ സമ്പത്ത്
മഹനീയ സമ്പത്താണെന്ന തിരിച്ചറിവും അദ്ദേഹം നമുക്ക് നല്‍കുന്നുണ്ട്. അറിവ് അനന്തമായ
സംരക്ഷാകവചം മാത്രമല്ല ശത്രക്കള്‍ക്കുപോലും അഴിക്കാനാകാത്ത അന്തര്‍ഭാഗത്തോടുകൂടിയ
കോട്ടയാണെന്നും അദ്ദേഹം പറയുന്നു.
മദം,കാമം,ക്രോധം എന്നീ
ദുര്‍ഗുണങ്ങള്‍ ഇല്ലാത്തവരുടെ ഐശ്വര്യം മഹിമാപൂര്‍ണ്ണമാണ്. തനിക്കുള്ള ദോഷങ്ങള്‍
കണ്ടറിഞ്ഞ് നീക്കിയശഷം അന്യരുടെ ദോഷം ചിന്തക്കുകയാണ് ഉത്തമം. ഒരു നിലത്തിന്റെ
ഗുണമനുസരിച്ച് അതിലെ ജലത്തിന്റെ സ്വഭാവം അതിനോട് ചേര്‍ന്നതായിരിക്കും. അതുപോലെ
മനുഷ്യര്‍ക്ക് അറിവ് എന്നത് അവരുടെ സംസര്‍ഗ്ഗജനത്തിനനുസരിച്ചായിരിക്കും.
അറിവുള്ളവരോട് നല്ലവണ്ണം ആലോചിച്ച് കര്‍മ്മങ്ങള്‍
ചെയ്യുന്നവര്‍ക്ക് ഈ ലോകത്തില്‍ അരുതാത്തതായ കര്‍മ്മങ്ങള്‍ ഒന്നുമില്ല എന്നു
തുടങ്ങി ഒരു സമൂഹത്തിന്റെയും വ്യക്തിയുടെയും ഗുണകരമായ വളര്‍ച്ചക്ക് വേണ്ട എല്ലാ
അറിവുകളും പകരുന്ന ഗ്രന്ഥമാണ് തിരുക്കുറള്‍