കുറ്റാലം
പാലസ്
കുറ്റാലത്തെ
പ്രശസ്തമായ വെള്ളച്ചാട്ടത്തിന് അടുത്തായി പ്രധാന റോഡിന്‍റെ ഇരുവശവുമായി കിടക്കുന്ന
54 ഏക്കര്‍ ഭൂമിയും അവിടെയുള്ള കെട്ടിടങ്ങളും കേരള സര്‍ക്കാരിന്‍റേതാണ് എന്നു
വിശ്വസിക്കാന്‍ അല്പ്പസമയമെടുക്കും. തെങ്കാശിക്ക് പോകുന്ന റോഡിന്‍റെ ഇടതുവശമുള്ള
കാമ്പസില്‍ വാഹനം നിര്‍ത്തി ഇറങ്ങുമ്പോള്‍
കുറ്റാലം പാലസ് ഓഫീസ് ,പിഡ്ബ്ല്യൂഡി കേരള എന്നെഴുതിയിരിക്കുന്നത് കാണുമ്പോള്‍ ഇത്
തിരുവിതാംകൂര്‍ രാജാവിന്‍റെ സുഖവാസത്തിനായുള്ള കൊട്ടാരമായിരുന്നെന്നും
ഇപ്പോള്‍ പിഡ്ബ്ള്യൂഡിയുടെ മേല്‍നോട്ടത്തിലാണെന്നും നമുക്ക് ബോധ്യമാകും.
കാടുപിടിച്ചുകിടക്കുന്ന കാമ്പസില്‍ ധാരാളം
ബസ്സുകള്‍ പാര്‍ക്ക് ചെയ്തിട്ടുണ്ടായിരുന്നു. അവിടവിടെ കുറെ ആളുകളും. റോഡിന്‍റെ വലതുവശമുള്ള കാമ്പസ്സിലും ധാരാളം ആളുകള്‍
വാടകയ്ക്ക് താമസിക്കുന്നുണ്ടായിരുന്നു.
സെക്രട്ടറിയുടെ ക്വാര്‍ട്ടേഴ്സിലും താമസക്കാരുണ്ടായിരുന്നു. പിഡബ്ള്യൂഡി
ഉദ്യോഗസ്ഥരെ ആരെയും കാണാന്‍ കഴിഞ്ഞില്ല.
കൊട്ടാരം
സൂക്ഷിപ്പുകാരന്‍ രാജാവിന്‍റെ കാലത്ത് ഒരു തേവരായിരുന്നു. അദ്ദേഹത്തിന്‍റെ അഞ്ചാം
തലമുറയാണ് ഇപ്പോള്‍ ഈ സാമ്രാജ്യത്തിന്‍റെ പ്രാദേശിക അധിപര്‍. പ്രദേശത്തെ
മുനിസിപ്പല്‍ ചെയര്‍മാനാണ് പ്രധാനി. സഹോദരന്‍ പ്രഭുവിനാണ് മേല്‍നോട്ടം. 1882ല്‍
മഹാരാജാ വിശാഖം തിരുനാള്‍ രാമവര്‍മ്മയുടെ
കാലത്തെ നിര്‍മ്മിതിയാണ് ഈ
കൊട്ടാരം. പ്രധാനകൊട്ടാരത്തിലെ മുഖമുറിയില്‍ ഇരുന്നാല്‍ വെള്ളച്ചാട്ടം കാണാന്‍
കഴിയുംവിധമാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. പുറമെ പഴമ നിലനിര്‍ത്തിയിട്ടുള്ള ഈ ഹെറിറ്റേജ്
കെട്ടിടത്തിന്‍റെ ഉള്ളിലെ തറ ടൈല്‍സിട്ട് പുതുക്കിയിട്ടുണ്ട്. വാതിലുകള്‍,ഫര്‍ണിച്ചര്‍,കുളിമുറി
എന്നിവയും മാറ്റങ്ങള്‍ വരുത്തിയവയാണ്. മേല്‍ത്തട്ടിലെ തടി സീലിംഗ് കുറേഭാഗം
പുതുക്കുകയും ബാക്കി നിലനിര്‍ത്തുകയും ചെയ്തിരിക്കുന്നു. ഇവിടെയുള്ള തട്ടില്‍
കുരങ്ങുകള്‍ താമസിക്കുന്നതിനാല്‍ മുഖമുറി വാടകയ്ക്ക് നല്കാറില്ല. താമസിക്കാനുള്ള
മുറികളിലെ സൌകര്യങ്ങള്‍ തീരെ അപര്യാപ്തവുമാണ്.
2010ലാണ്
തിരുനെല്‍വേലി കളക്ടറുടെ ഒരുത്തരവിന്‍റെ അടിസ്ഥാനത്തില്‍ സമര്‍ത്ഥമായി ഈ ഭൂമി തമിഴ്നാട് സര്‍ക്കാരിന്‍റേതാക്കി
മാറ്റിയത്. തുടര്‍ന്ന്, ഉത്രാടം തിരുനാള്‍ മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചില്‍
കേസ്സുനല്കി താത്ക്കാലിക സ്റ്റേ വാങ്ങി. സംസ്ഥാന സര്‍ക്കാരും ഈ കേസ്സില്‍
കക്ഷിചേര്‍ന്നിട്ടുണ്ടെന്നു തോന്നുന്നു. ഏതായാലും അതിനുശേഷം കാര്യമായ ഒരു മെയിന്‍റനന്‍സും
അവിടെ നടന്നിട്ടില്ല. ഈ ഭൂമിക്കുമേല്‍ കേരളത്തിന്‍റെ സ്വാധീനം വളരെ കുറഞ്ഞുവരുന്ന
ഒരു സാഹചര്യമാണിപ്പോള്‍ ഉള്ളത്. കെടിഡിസി ഈ സ്ഥലം ഏറ്റെടുത്ത് ഇതിനെ ഒരു
ഹെറിറ്റേജ് ഹോട്ടലായി നിലനിര്‍ത്തുന്ന കാലമുണ്ടാകും എന്ന് നമുക്ക് പ്രതീക്ഷിക്കാം.
No comments:
Post a Comment