Friday, June 19, 2015

Thirukkuralintae porul

തിരുക്കുറളിന്‍റെ പൊരുള്‍

തിരുക്കുറള്‍ ബി.സി.31ല്‍ തിരുവള്ളുവര്‍ രചിക്കപ്പെട്ടതെന്നാണ് വിശ്വാസം. അണുവെത്തുളച്ച് ഏഴുകടലും നിറച്ച് കുറുകെ മുറിച്ച കുരല്‍  എന്നാണ് തിരുക്കുറളിനെക്കുറിച്ച് പറയുന്നത്. പുരുഷാര്‍ത്ഥ ചതുഷ്ടയത്തില്‍ ആദ്യത്തെ മൂന്നായ ധര്‍മ്മം ,അര്‍ത്ഥം,കാമം എന്നിവയും വര്‍ണ്ണാശ്രമങ്ങളില്‍ ഗൃഹസ്ഥാശ്രമവും സന്ന്യാസവുമാണ് തിരുക്കുറളിലെ പ്രധാന ആഖ്യാന വിഷയങ്ങള്‍. ധര്‍മ്മം,അര്‍ത്ഥം,കാമം എന്നീ പ്രകരണങ്ങളില്‍ കൂടിയാണ് ഇതിന്‍റെ പ്രതിപാദനം. 133 അധികാരങ്ങളും ഓരോ അധികാരത്തിലും 10 കുറളുകളും വീതം 1330 കുറളുകളാണ് ഇതിലുള്ളത്. 38 അധികാരങ്ങള്‍ ധര്‍മ്മപ്രകരണത്തിനും എഴുപതെണ്ണം അര്‍ത്ഥപ്രകരണത്തിനും അവസാന ഇരുപത്തിയഞ്ചെണ്ണം കാമപ്രകരണത്തിനുമായി മാറ്റിവച്ചിരിക്കുന്നു.
ഉത്തമ ജീവിതം നയിക്കുന്നതിന് ഒരു വ്യക്തി ഉയര്‍ത്തിപ്പിടിക്കേണ്ട മൂല്യങ്ങള്‍ക്കാണ് തിരുക്കുറള്‍ പ്രാധാന്യം നല്കുന്നത്. ജീവകാരുണ്യം,ആതിഥ്യമര്യാദ,വിനയമധുരമായ സംഭാഷണരീതി,ഉപകാര സ്മരണ,കാര്യനിര്‍വ്വഹണത്തിലുള്ള നിഷ്പക്ഷ മനോഭാവം,സംയമനം,സദാചാരനിഷ്ഠ , പരസ്ത്രീഗത വര്‍ജ്ജനം,ക്ഷമ,അന്യന്‍റെ ഉയര്‍ച്ചയില്‍ അസൂയപ്പെടാതിരിക്കല്‍,അന്യന്‍റെ ധനത്തില്‍ ആശകൊടുക്കാതിരിക്കല്‍,പരദൂഷണം ഒഴിവാക്കല്‍, നിഷ്ഫലവാക്കുകള്‍ പറയാതിരിക്കല്‍, അധര്‍മ്മ മാര്‍ഗ്ഗത്തിലൂടെ സഞ്ചരിച്ച് പാപകര്‍മ്മങ്ങള്‍ ചെയ്യുന്നതിനെ ഭയപ്പെടല്‍, ദാനധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കല്‍ എന്നിവയാണ് ഇത്തരത്തില്‍ പറയപ്പെടുന്ന മൂല്യങ്ങള്‍. പൊതുവെ മതഗ്രന്ഥങ്ങള്‍ അനുശാസിക്കുന്ന സത്കര്‍മ്മങ്ങളെ മറ്റൊരുതരത്തില്‍ ബോധമണ്ഡലത്തിലെത്തിക്കാനുള്ള ശ്രമമാണ് തിരുക്കുറള്‍ നടത്തുന്നത്.
കര്‍ഷകന്‍റെ മേന്മയെ ഉയര്‍ത്തിക്കാട്ടുന്നുണ്ട് ഈ ഗ്രന്ഥം. ലോകത്തില്‍ യഥാര്‍ത്ഥത്തില്‍ വാഴുന്നവര്‍ ഉഴുതുണ്ട് വാഴുന്നവരാണെന്നും മറ്റുള്ളവരെല്ലാം തൊഴുതുണ്ടുവാഴുന്നവരാണെന്നും ഇതില് പറയുന്നു. ഈശ്വരനെ അസ്തിത്വത്തിന്‍റെ ഒരു കേവല സത്യസങ്കല്പ്പമായിട്ടാണ് ഇതില്‍ ദര്‍ശനം ചെയ്തിരിക്കുന്നത്. എല്ലാ മനുഷ്യരും നിഷ്പക്ഷമതികളായി തങ്ങളുടെ കര്‍മ്മം ചെയ്യണമെന്നും വാക്കിലും മനസ്സിലും യാതൊരുവിധമായ കോട്ടവുമില്ലാത്തവരായിരിക്കണമെന്നും വള്ളുവര്‍ നിര്‍ദ്ദേശിക്കുന്നു. ആയുധത്തേക്കാള്‍ സൂക്ഷ്മതയോടെയേ  വാക്കുകള്‍ പ്രയോഗിക്കാവൂ എന്നും അദ്ദേഹം പറയുന്നുണ്ട്.തീകൊണ്ട് പുറമെ ചുട്ട പുണ്ണിന്‍റെ ഉള്ള് പിന്നീട് ആറും എന്നാല്‍ നാവുകൊണ്ട് ഹൃദയത്തില്‍ ചുട്ട പുണ്ണ് ആറാതെ ഉള്ളത്തെ നീറ്റിക്കൊണ്ടിരിക്കുമെന്ന് തിരുക്കുറള്‍ പറയുന്നു. അതെത്ര ശരിയാണെന്നു നാം അനുഭവത്തിലൂടെ മനസ്സിലാക്കുന്നുമുണ്ട്.
തീയിനാല്‍ ചുട്ട പുണ്‍ ഉള്ള് ആറും;
ആറാതേ നാവിനാല്‍ ചുട്ട വടു.
വേദമന്ത്രങ്ങള്‍ മറന്നാല്‍ പിന്നെയും ഓര്‍മ്മിച്ചെടുക്കാം ,എന്നാല്‍ ആചാരനിഷ്ഠ തെറ്റിച്ചാല്‍ ഉയര്‍ന്ന യോഗ്യതയുള്ളവനാണെങ്കിലും നശിച്ചുപോകുമെന്നും തിരുക്കുറല്‍ രേഖപ്പെടുത്തുന്നു.
മറപ്പിനും ഓത്തുക്കൊളലാകും,
പാര്‍പ്പാന്‍ പിറപ്പൊഴുക്കം കുന്‍റക്കെടും.

പരസ്ത്രീഗമനം വ്യാപകമായിരുന്ന ആ കാലത്ത് പുരുഷന്മാരെ സദാചാരനിഷ്ഠരാക്കാനുള്ള ശ്രമവും വള്ളുവര്‍ നടത്തിയിരുന്നു. ആഴിപ്പരപ്പിനാല്‍ ചുറ്റപ്പെട്ട ഈ ഭൂമിയില്‍ സര്‍വ്വനന്മകള്‍ക്കും ഉടമയായിട്ടുള്ളവന്‍ ആരെന്ന ചോദ്യത്തിന് പരപത്നിയുടെ തോളില്‍ ചായാത്തവന്‍ എന്ന ഉത്തരമാണ് അദ്ദേഹം നല്കുന്നത്.
നലക്കുരിയാര്യാരൈ നിന്നാമനീര്വൈപ്പില്
പിറര്‍ക്കുരിയാര്‍ തോള്‍ തോയതാര്‍.
പ്രതികാരം ചെയ്യുന്നതിന്‍റെ സുഖം ഒരു നാളെ നില്ക്കൂ എന്നാല്‍ പൊറുക്കുന്നവന്‍റെ കീര്‍ത്തി ലോകാവസാനം വരെ നിലനില്ക്കുമെന്നും കൃതിയില്‍ പറയുന്നു.
ഒറുത്താര്ക്കൊരു നാളൈ ഇന്‍പം,
പൊറുത്താര്‍ക്കുപ്പൊന്‍റും തുണൈയും പുകഴ്.
അസൂയ,അതിമോഹം,പരദൂഷണം എന്നിവ ഏറ്റവും നികൃഷ്ടമായ ശീലങ്ങളായി കവി കാണുന്നു. ഒരുവന്‍റെ അസാന്നിധ്യത്തില്‍ ദ്വേഷിച്ചും അവനെകാണുമ്പോള്‍ പുകഴ്ത്തിയും ജീവിക്കുന്നതിനേക്കാള്‍ നല്ലത് മരണമാണെന്നും വള്ളുവര്‍ പറയുന്നുണ്ട്.
പുറംകുറിപ്പൊയ്ത്തുയിര് വാഴ്തലിന്‍ ചാതല്‍
അറംകൂറും ആക്കം തരും.
ദുഷ്കര്‍മ്മങ്ങള്‍,പരദ്രോഹ ചിന്ത എന്നിവ ഒഴിവാക്കി അന്യര്‍ക്കുപകരിക്കുന്ന സദ്കര്‍മ്മങ്ങള്‍ ചെയ്യാന്‍ അദ്ദേഹം ഉപദേശിക്കുന്നു. യാചിക്കുന്നവന് ദാനം ചെയ്യാനാവാത്ത അവസ്ഥ മരണത്തേക്കാള്‍ മോശമാണെന്നും രേഖപ്പെടുത്തിയിരിക്കുന്നു. എല്ലാ ധനത്തിലും  ഉത്കൃഷ്ടമായ ധനം ജീവകാരുണ്യമാണ്. സ്വശരീരത്തിനുണ്ടാകുന്ന അസുഖം സഹിക്കുകയും മറ്റു ജീവികള്‍ക്ക് ഉപദ്രവം ചെയ്യാതിരിക്കുകയും ചെയ്യുന്നത് തപസിനുതുല്യമാണെന്നും കവി പറയുന്നു. സ്വയമേവ പാപങ്ങള്‍ ചെയ്തുകൂട്ടിയിട്ട് മഹത്വത്തിന്‍റെ മുഖംമൂടിയിട്ടു നടക്കുന്നവന് എന്തുണ്ടെങ്കിലും അതെല്ലാം നിഷ്ഫലമെന്ന് തിരുക്കുറള്‍  പറയുന്നു.
ലോകത്തിന്‍റെ നാട്യം നന്നായറിയുന്ന കവി പറയുന്നത് മനുഷ്യരില്‍  ഭൂരിപക്ഷവും  കുന്നിക്കുരുവിന്‍റെ മനോഹാരിതയണിഞ്ഞവരും  ഉള്ളം അതിന്‍റെ മൂക്കുപോലെ കാളിമയാര്ന്നവരുമാണെന്നാണ്. കുറ്റം ചെയ്യുന്നവരെപ്പോലെ പാപികളാണ് കുറ്റകൃത്യം നിനയ്ക്കുന്നവരും അസത്യഭാഷണം ചെയ്യുന്നവരും. ജീവിതത്തിന്‍റെ അതിര്ത്തിയറിയാത്ത മനുഷ്യന്‍ ഒരു കോടിയും അതിലേറെയും ആഗ്രഹങ്ങള്‍ കൊണ്ടുനടക്കുന്നതായി കവി പറയുന്നു. അനവധി മഹത് ഗ്രന്ഥങ്ങള് പഠിച്ച് മഹത്തായ അറിവുസമ്പാദിക്കാന്‍ നോക്കിയാലും വിധി നിശ്ചയിച്ചിരിക്കുന്ന അറിവുമാത്രമെ ഒരുവനു ലഭിക്കുകയുള്ളു എന്നും വള്ളുവര്‍ പറയുന്നുണ്ട്.
ഒരുവന്‍റെയുള്ളില്‍ യാതൊന്നിലും ആഗ്രഹം ഉണ്ടാകാത്ത അവസ്ഥ കൈവരുന്നെങ്കില്‍ അവന് ഈ ജന്മത്തില്‍ ഒരു ദുഖവും ഉണ്ടാവില്ലെന്നും തിരുക്കറള് പഠിപ്പിക്കുന്നു. ഗ്രന്ഥങ്ങളില്‍ നിന്നും ഗാഢമായ പഠിപ്പില്ലാതെ സഭയില്‍ ചെന്നു ഗോഷ്ഠി കാണിക്കുന്നത് കളമൊരുക്കാതെ ചൂതാടുന്നതുപോലെയാണെന്നും കവി മനസ്സിലാക്കുന്നു. ശ്രവണ സമ്പത്ത് മഹനീയ സമ്പത്താണെന്ന തിരിച്ചറിവും അദ്ദേഹം നമുക്ക് നല്കുന്നുണ്ട്. അറിവ് അനന്തമായ സംരക്ഷാകവചം മാത്രമല്ല ശത്രക്കള്‍ക്കുപോലും അഴിക്കാനാകാത്ത അന്തര്‍ഭാഗത്തോടുകൂടിയ കോട്ടയാണെന്നും അദ്ദേഹം പറയുന്നു.
മദം,കാമം,ക്രോധം എന്നീ ദുര്‍ഗുണങ്ങള്‍ ഇല്ലാത്തവരുടെ ഐശ്വര്യം മഹിമാപൂര്‍ണ്ണമാണ്. തനിക്കുള്ള ദോഷങ്ങള്‍ കണ്ടറിഞ്ഞ് നീക്കിയശഷം അന്യരുടെ ദോഷം ചിന്തക്കുകയാണ് ഉത്തമം. ഒരു നിലത്തിന്‍റെ ഗുണമനുസരിച്ച് അതിലെ ജലത്തിന്‍റെ സ്വഭാവം അതിനോട് ചേര്‍ന്നതായിരിക്കും. അതുപോലെ മനുഷ്യര്‍ക്ക് അറിവ് എന്നത് അവരുടെ സംസര്‍ഗ്ഗജനത്തിനനുസരിച്ചായിരിക്കും. അറിവുള്ളവരോട് നല്ലവണ്ണം  ആലോചിച്ച് കര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍ക്ക് ഈ ലോകത്തില്‍ അരുതാത്തതായ കര്‍മ്മങ്ങള് ഒന്നുമില്ല എന്നു തുടങ്ങി ഒരു സമൂഹത്തിന്‍റെയും വ്യക്തിയുടെയും ഗുണകരമായ വളര്‍ച്ചക്ക് വേണ്ട എല്ലാ അറിവുകളും പകരുന്ന ഗ്രന്ഥമാണ് തിരുക്കുറള്‍

Thursday, June 18, 2015

Kuttalam palace



കുറ്റാലം പാലസ്
കുറ്റാലത്തെ പ്രശസ്തമായ വെള്ളച്ചാട്ടത്തിന് അടുത്തായി പ്രധാന റോഡിന്‍റെ ഇരുവശവുമായി കിടക്കുന്ന 54 ഏക്കര്‍ ഭൂമിയും അവിടെയുള്ള കെട്ടിടങ്ങളും കേരള സര്‍ക്കാരിന്‍റേതാണ് എന്നു വിശ്വസിക്കാന്‍ അല്പ്പസമയമെടുക്കും. തെങ്കാശിക്ക് പോകുന്ന റോഡിന്‍റെ ഇടതുവശമുള്ള കാമ്പസില്‍ വാഹനം നിര്‍ത്തി  ഇറങ്ങുമ്പോള്‍ കുറ്റാലം പാലസ് ഓഫീസ് ,പിഡ്ബ്ല്യൂഡി കേരള എന്നെഴുതിയിരിക്കുന്നത് കാണുമ്പോള്‍  ഇത്  തിരുവിതാംകൂര്‍ രാജാവിന്‍റെ സുഖവാസത്തിനായുള്ള കൊട്ടാരമായിരുന്നെന്നും ഇപ്പോള്‍ പിഡ്ബ്ള്യൂഡിയുടെ മേല്‍നോട്ടത്തിലാണെന്നും നമുക്ക് ബോധ്യമാകും. കാടുപിടിച്ചുകിടക്കുന്ന  കാമ്പസില്‍ ധാരാളം ബസ്സുകള്‍ പാര്‍ക്ക് ചെയ്തിട്ടുണ്ടായിരുന്നു. അവിടവിടെ കുറെ ആളുകളും. റോഡിന്‍റെ  വലതുവശമുള്ള കാമ്പസ്സിലും ധാരാളം ആളുകള്‍ വാടകയ്ക്ക്  താമസിക്കുന്നുണ്ടായിരുന്നു. സെക്രട്ടറിയുടെ ക്വാര്‍ട്ടേഴ്സിലും താമസക്കാരുണ്ടായിരുന്നു. പിഡബ്ള്യൂഡി ഉദ്യോഗസ്ഥരെ ആരെയും കാണാന്‍ കഴിഞ്ഞില്ല.
കൊട്ടാരം സൂക്ഷിപ്പുകാരന്‍ രാജാവിന്‍റെ കാലത്ത് ഒരു തേവരായിരുന്നു. അദ്ദേഹത്തിന്‍റെ അഞ്ചാം തലമുറയാണ് ഇപ്പോള്‍ ഈ സാമ്രാജ്യത്തിന്‍റെ പ്രാദേശിക അധിപര്‍. പ്രദേശത്തെ മുനിസിപ്പല്‍ ചെയര്‍മാനാണ് പ്രധാനി. സഹോദരന്‍ പ്രഭുവിനാണ് മേല്‍നോട്ടം. 1882ല്‍ മഹാരാജാ വിശാഖം തിരുനാള്‍ രാമവര്‍മ്മയുടെ  കാലത്തെ നിര്‍മ്മിതിയാണ്  ഈ കൊട്ടാരം. പ്രധാനകൊട്ടാരത്തിലെ മുഖമുറിയില്‍ ഇരുന്നാല്‍ വെള്ളച്ചാട്ടം കാണാന്‍ കഴിയുംവിധമാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. പുറമെ  പഴമ നിലനിര്‍ത്തിയിട്ടുള്ള ഈ ഹെറിറ്റേജ് കെട്ടിടത്തിന്‍റെ ഉള്ളിലെ തറ ടൈല്‍സിട്ട് പുതുക്കിയിട്ടുണ്ട്. വാതിലുകള്‍,ഫര്‍ണിച്ചര്‍,കുളിമുറി എന്നിവയും മാറ്റങ്ങള്‍ വരുത്തിയവയാണ്. മേല്‍ത്തട്ടിലെ തടി സീലിംഗ് കുറേഭാഗം പുതുക്കുകയും ബാക്കി നിലനിര്‍ത്തുകയും ചെയ്തിരിക്കുന്നു. ഇവിടെയുള്ള തട്ടില്‍ കുരങ്ങുകള്‍ താമസിക്കുന്നതിനാല്‍ മുഖമുറി വാടകയ്ക്ക് നല്കാറില്ല. താമസിക്കാനുള്ള മുറികളിലെ സൌകര്യങ്ങള്‍ തീരെ അപര്യാപ്തവുമാണ്.

2010ലാണ് തിരുനെല്‍വേലി കളക്ടറുടെ ഒരുത്തരവിന്‍റെ അടിസ്ഥാനത്തില്‍  സമര്‍ത്ഥമായി ഈ ഭൂമി തമിഴ്നാട് സര്‍ക്കാരിന്‍റേതാക്കി മാറ്റിയത്. തുടര്‍ന്ന്, ഉത്രാടം തിരുനാള്‍ മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചില്‍ കേസ്സുനല്കി താത്ക്കാലിക സ്റ്റേ വാങ്ങി. സംസ്ഥാന സര്‍ക്കാരും ഈ കേസ്സില്‍ കക്ഷിചേര്‍ന്നിട്ടുണ്ടെന്നു തോന്നുന്നു. ഏതായാലും അതിനുശേഷം കാര്യമായ ഒരു മെയിന്‍റനന്‍സും അവിടെ നടന്നിട്ടില്ല. ഈ ഭൂമിക്കുമേല്‍ കേരളത്തിന്‍റെ സ്വാധീനം വളരെ കുറഞ്ഞുവരുന്ന ഒരു സാഹചര്യമാണിപ്പോള്‍ ഉള്ളത്. കെടിഡിസി ഈ സ്ഥലം ഏറ്റെടുത്ത് ഇതിനെ ഒരു ഹെറിറ്റേജ് ഹോട്ടലായി നിലനിര്‍ത്തുന്ന കാലമുണ്ടാകും എന്ന് നമുക്ക് പ്രതീക്ഷിക്കാം. 

Wednesday, June 17, 2015

Thenkasi Viswanatha Temple



തെങ്കാശി
കുറ്റാലത്ത് നിന്നും അഞ്ചുകിലോമീറ്റര്‍ മാറിയാണ് തെങ്കാശി. മനോഹരമായ ഭൂപ്രകൃതിയാല്‍ അനുഗ്രഹീതമായ പട്ടണം. വഴികളെല്ലാം വന്നു കേന്ദ്രീകരിക്കുന്നത്  തലയെടുപ്പോടുകൂടി നില്ക്കുന്ന വിശ്വനാഥ ക്ഷേത്രത്തിലാണ്.പരിസരം വൃത്തിയുള്ളതാണ്  എന്നത്  ക്ഷേത്രത്തിന്‍റെ  പ്രധാന പ്രത്യേകത. ഞായറാഴ്ച രാവിലെ ഏഴുമണിക്കെത്തുമ്പോള്‍ ക്ഷേത്രത്തില്  തീരെ തിരക്കുണ്ടായിരുന്നില്ല. ഏകദേശം എഴുനൂറുവര്‍ഷത്തെ  ചരിത്രം പറയുന്ന ,പാറയില്‍ തീര്‍ത്ത മനോഹര ക്ഷേത്രത്തില്‍ ഏറെ അകലെനിന്നുതന്നെ കാണാവുന്ന കൂറ്റന്‍ ശിവലിംഗ പ്രതിഷ്ഠയാണ് പ്രധാന മൂര്‍ത്തി.
പാണ്ഡ്യസാമ്രാജ്യം ക്ഷയോന്മുഖമായ കാലത്ത് ഒരു ചെറുരാജ്യത്തിന്‍റെ അധിപനായി മാറിയ പരാക്രമ പാണ്ഡ്യന്‍റെ  കാലത്താണ് ക്ഷേത്രം നിര്‍മ്മിച്ചത്. കാശി വിശ്വനാഥനെ കാണാന്‍ ഇടയ്ക്കിടെ തീര്‍ത്ഥാടനം നടത്തിയിരുന്ന രാജാവിനുണ്ടായ സ്വപ്ന ദര്‍ശനപ്രകാരം ക്ഷേത്രം നിര്‍മ്മിച്ചു എന്നാണ് ഐതീഹ്യം. കൊട്ടാരത്തില്‍ നിന്നും പുറപ്പെടുന്ന ഉറുമ്പുകളുടെ നിര ചെന്നവസാനിക്കുന്നിടത്ത് ക്ഷേത്രം സ്ഥാപിക്കണം എന്നായിരുന്നു സ്വപ്നം. രാജാവ് അതനുസരിച്ച് ഉറുമ്പുകള്‍ക്ക് പിന്നാലെ യാത്രയായി. അതെത്തിച്ചേര്‍ന്നത് ലിംഗരൂപിയായ ചിതല്‍പ്പുറ്റു നില്ക്കുന്നിടത്തായിരുന്നു. അവിടെ ക്ഷേത്രം നിര്‍മ്മിച്ചു എന്നാണ് വിശ്വാസം. തറ നിരപ്പിലായിരുന്ന ക്ഷേത്രം ക്രമേണ വിപൂലീകരിച്ച് ഇന്നു കാണുന്ന നിലയിലെത്തിയത് ചരിത്രം. കൂറ്റന്‍ തൂണുകളിലെ വീരഭദ്രന്‍,താണ്ഡവമൂര്‍ത്തി,രതിമന്മഥന്മാര്‍ എന്നിവരും വിഷ്ണുവും കാളിയും പാര്‍വ്വതിയും മുരുകനുമെല്ലാം  ശ്രദ്ധേയങ്ങളാണ്. സാധാരണയായി തെക്കോട്ട് ദര്‍ശനമുള്ള ദുര്‍ഗ്ഗ ഇവിടെ പടിഞ്ഞാറോട്ട് ദര്‍ശനം നല്കുന്നത് ഒരു പ്രത്യേകതയാണ്. വലുപ്പമുള്ള ഗണപതി വിഗ്രഹവും ആകര്‍ഷണീയമാണ്.

മൂന്നുമലകളുടെ സംഗമ സ്ഥലമായ തെങ്കാശിയില്‍ ക്ഷേത്രത്തിന്‍റെ രാജഗോപുരം നിര്‍മ്മിച്ചത് 1990ലാണ്. തമിഴ്നാട്ടിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ ഗോപുരമാണിത്. 180 അടി പൊക്കമുള്ള ഗോപുരത്തില്‍ അനേകം കൊത്തുപണികളും മൂര്‍ത്തികളും കാണാന്‍ കഴിയും. ഇതിന്‍റെ നിര്‍മ്മാണത്തില്‍ ഏറ്റവും ആകര്‍ഷകമായ വശം കാറ്റിന്‍റെ അത്ഭുതകരമായ സഞ്ചാരമാണ്. ക്ഷേത്രത്തിലേക്ക് കയറുന്ന ഭക്തനെ ക്ഷേത്രത്തിനുള്ളിലേക്ക് പിടിച്ചുവലിക്കുകയും തിരികെ ഇറങ്ങുമ്പോള്‍ പുറത്തേക്ക് തള്ളുകയും ചെയ്യുന്ന കാറ്റിന്‍റെ മര്‍ദ്ദവ്യതിയാനം ശാസ്ത്രീയമായി കണ്ടെത്തേണ്ട ഒന്നുതന്നെയാണ്. ഗോപുരത്തില്‍ തട്ടി താഴേക്ക്വരുന്ന കാറ്റിന്‍റെ മര്‍ദ്ദമാകാം കാരണം. ഏതായാലും കുറ്റാലം യാത്രയില്‍ ഒഴിവാക്കാന്‍ കഴിയാത്ത ഒരിടമാണ് തെങ്കാശി മഹാദേവര്‍ ക്ഷേത്രം എന്നതില്‍ സംശയമില്ല.