Tuesday, September 30, 2014

Short Story

കഥ
പ്രായശ്ചിത്തം
കാത്തിരിപ്പ് പോലെ നൊമ്പരമുണര്‍ത്തുന്ന കാര്യങ്ങള്‍ ജീവിതത്തില്‍ കുറവാണെന്ന് ജോര്‍ജ്ജ് ഓര്‍ത്തു. നിമിഷങ്ങള്‍ക്ക് മണിക്കൂറുകളുടെ ദൈര്‍ഘ്യം തോന്നുന്ന അവസ്ഥ. ദൂരെനിന്ന് ആരവം പോലെയുള്ള മുഴക്കം കേള്‍ക്കാന്‍ കഴിയുന്നുണ്ട്. പാളങ്ങളിലെ കിരുകിരുപ്പും പാറക്കഷണങ്ങളുടെ കുലുക്കവും മനസ്സിലാവുന്നുണ്ട്. എല്ലാംകൂടി ഒന്നാകുന്ന ആ നിമിഷത്തിനായി ഇനിയും ഏറെനേരം കാത്തിരിക്കേണ്ടതില്ല. എല്ലാറ്റില്‍ നിന്നും,പ്രത്യേകിച്ചും ഓര്‍മ്മകളില്‍ നിന്നും മോചനം നേടുന്ന നിമിഷം.
ആ ദുരന്ത ചിന്തയ്ക്ക് എന്തായിരുന്നു പ്രചോദനം.
മദ്യം ഇളക്കിവിട്ട കാമാന്ധത എന്നൊക്കെ പറയുന്നത് ശരിയാകില്ല.അതൊരു ഒഴിഞ്ഞുമാറലാണ്. അതിനും അപ്പുറത്ത് അതിഗൂഢമായ ഒരു വികാരമുണ്ടായിരുന്നിരിക്കാം.
അങ്ങിനെ സംശയത്തിന് വിട്ടിട്ട് കാര്യമില്ലല്ലോ; ഒരു വികാരമുണ്ടായിരുന്നു എന്നുതന്നെ പറയണം.
പിറവിയുടെ ആദ്യനാള്‍ ആസ്പത്രി വരാന്തയില്‍ കാത്തുനില്ക്കുമ്പോഴും ഇതുപോലെതന്നെയായിരുന്നു മനസ്സ്.
കര്‍ത്താവെ,രണ്ട് പ്രാണനും കേടില്ലാതെ വേര്പെടുത്തിത്തരേണമേ  എന്നായിരുന്നു പ്രാര്‍ത്ഥന. പ്രാര്‍ത്ഥന ദൈവം കേട്ടതുകൊണ്ടോ പ്രകൃതിയുടെ നിയോഗം കൊണ്ടോ അന്നയും കുഞ്ഞും പൊക്കിള്‍ക്കൊടി മുറിഞ്ഞ് വേര്‍പെട്ടു. നഴ്സ് വന്ന് പെണ്‍കുട്ടിയാണെന്നറിയിച്ചപ്പോള്‍ സന്തോഷം ഇരട്ടിച്ചു. തന്‍റെ ആഗ്രഹം അതായിരുന്നല്ലോ; അന്നയുടേയും.
കുഞ്ഞിനെ കാണാനുള്ള കൊതിയും ആകാംഷയുമായിരുന്നു തുടര്‍ന്നുള്ള നിമിഷങ്ങളെ ചിറകേറ്റിയത്. അവളുടെ നിറം എന്താകും; ആരുടെ ലക്ഷണമാകും അവള്‍ക്ക് കിട്ടിയിട്ടുണ്ടാവുക. ഇങ്ങനെ ചിന്തകള്‍ ചുറ്റിയടിക്കവെ കുട്ടിയെ കാണാന്‍ സിസ്റ്റര്‍ വിളിച്ചു. മോളെ കണ്ടപ്പോള്‍ സന്തോഷമായി. അന്നയുടെ നിറവും സൌന്ദര്യവുമുള്ള കുട്ടി. ദൈവമേ, നല്ലബുദ്ധികൂടി കൊടുക്കണേ എന്നായിരുന്നു തുടര്‍ന്ന് മനസ്സില്‍ വന്നത്.
അവളുടെ കൈവളര്,കാല്‍ വളര് എന്നു താലോലിച്ച് കടന്നുപോയ ദിനങ്ങള്‍. മോണകാട്ടിയുള്ള ചിരിയിലും അവ്യക്തമായ വാക്കുകളിലും ലോകം പൂര്‍ണ്ണമായെന്നു തോന്നിയ നാളുകള്‍. ജീവിതം മറ്റൊരു വിധത്തില്‍ വഴിതിരിയുകയായിരുന്നു.
രജിസ്ട്രേഷന്‍ വകുപ്പിലെ ഉദ്യോഗസ്ഥനായ തനിക്ക് ശമ്പളത്തിനുപരിയായി കിട്ടുന്ന കിമ്പളം ആഘോഷങ്ങള്‍ക്കുള്ളവയായിരുന്നു. അതുകൊണ്ടുതന്നെ സുഹൃത്തുക്കളേയും ധാരാളമായി കിട്ടി. മദ്യപാനവും ആഘോഷവും ഉത്സവപ്പറമ്പുകളുമായി നടന്ന ജീവിതത്തിന് അന്ന വന്നതോടെ ചെറിയ മാറ്റമുണ്ടായെങ്കിലും പൂര്‍ണ്ണമായും മാറിയത് റൂബിമോളുടെ വരവോടെയായിരുന്നു.
ഞങ്ങള്‍ക്കും മക്കളൊക്കെയുണ്ടെടാ കൂവേ, നിന്‍റെ മട്ടു കണ്ടാല്‍ തോന്നും ഭൂമിയിലാദ്യായിട്ടാ കുഞ്ഞ് ജനിക്കുന്നേന്ന്, വറീതേട്ടന്‍റെ വാക്കുകളെ ചിരിച്ചു തള്ളാമായിരുന്നെങ്കിലും  ഞാനത് ചെയ്തില്ല.
ഭൂമിയിലാദ്യായിട്ടല്ലേലും എനിക്കിതാദ്യത്തേതാ വറീതേട്ടാ.എനിക്ക് കളിച്ചു നില്ക്കാന്‍ സമയമില്ല, - ന്‍റെ മോള്‍ടടുത്തെത്തണം, ഞാന്‍ നടന്നു.
എത്രയെത്ര കളിപ്പാട്ടങ്ങള്‍, പുത്തനുടുപ്പുകള്‍,വളകള്‍,മാലകള്‍.പിച്ചവയ്ക്കുന്ന കാലമായിരുന്നു ഏറ്റവും രസകരം. ഓരോ ചുവടും ശ്രദ്ധിച്ച് ശ്രദ്ധിച്ച്
എന്നിട്ടും----
മാമോദീസയുടെ ഓര്‍മ്മകള്‍, പിറന്നാളുകള്‍.
എല്ലാ പിറന്നാളിനും അയല്‍ക്കാര്‍ക്ക് സദ്യ കൊടുക്കുമായിരുന്നു, വല്ല്യ സദ്യ; താറാവിറച്ചി സ്പെഷ്യലോടെ.
---മ്മടെ റൂബിമോള്‍ടെ പിറന്നാളായില്ല്യോടാ ജോര്‍ജ്ജേ, -- ച്ചി താറാവെറച്ചി തിന്നാന്‍ കൊതിയാവുന്നെടാ, വേലുമ്മാവന്‍ ഇടയ്ക്കിടെ തിരക്കും.
ആവുമ്പോ വിളിക്കാം മാമാ, മറക്കത്തില്ല , ഞാന്‍ ചിരിച്ചുകൊണ്ട് മറുപടി പറയുമായിരുന്നു.
ന്‍റെ കുഞ്ഞ്, അവള്‍ക്ക് മൂന്നു വയസ്സുള്ളപ്പോഴാ ടൈഫോയ്ഡ് വന്നെ.ഊണും ഉറക്കവുമില്ലാണ്ട് ഒറ്റയിരുപ്പായിരുന്നു ഞാന്‍. അന്നയ്ക്കുള്ളത്ര സമാധാനം പോലും എനിക്കില്ലായിരുന്നു. അവള്‍ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുമ്പൊ ഞാന്‍ വിങ്ങിക്കരയുമായിരുന്നു. ഡോക്ടര്‍ ഈയിടെ കണ്ടപ്പോഴും പറഞ്ഞു,ജോര്‍ജ്ജിന്‍റെ പ്രാര്‍ത്ഥനേടെ ഫലം കൂടിയാ കുട്ടിയെ രക്ഷിച്ചതെന്ന്. അതു കേള്‍ക്കുമ്പോ മനസ്സിനൊരു സുഖായിരുന്നു.
എന്നിട്ട്  അതേ മനസ്സുതന്നെ---------
സ്കൂളില്‍ പോകാന്‍ തുടങ്ങിയ കാലം ഓര്‍ക്കാന്‍ കുറേക്കൂടി രസം തോന്നുന്നുണ്ട്. മോളെ സൈക്കിളില്‍ ഇരുത്തി ബാഗും പിറകില്‍ വച്ചുകെട്ടിയുള്ള യാത്ര. യാത്രക്കിടയില്‍ നൂറുകൂട്ടം കഥകള്‍. കൂട്ടുകാരെക്കുറിച്ചും ടീച്ചര്‍മാരെക്കുറിച്ചുമുള്ള വിവരണങ്ങള്‍. എല്ലാ ടീച്ചര്‍മാര്‍ക്കും പ്രിയങ്കരിയായിരുന്നു റൂബി.ഇപ്പോഴും അങ്ങിനെതന്നെയാണു താനും.
ഇവള് വല്ല്യ മിടുക്കിയാവും ജോര്‍ജ്ജേ. ഏത് വിഷയമെടുത്താലും ഇവളതില്‍ ഒന്നാമതെത്തും, സിസ്റ്റര്‍ മേരി അത് പറയുമ്പോള്‍ എവിടെയോ ഒരഹങ്കാരം നിറയുന്നുണ്ടായിരുന്നു.
എല്ലാ ക്ലാസ്സുകളിലും സ്കോളര്‍ഷിപ്പുള്ള കുട്ടിയായി അവള്‍ മാറി. അഞ്ചാം ക്ലാസ്സിലെത്തിയതോടെയാണ് മോളെ പുതിയ സ്കൂളിലാക്കിയത്. കുറച്ചു ദൂരെയുള്ള സ്കൂള്. അതുകൊണ്ടുതന്നെ യാത്ര സ്കൂള്‍ ബസ്സിലായി. തന്‍റെ ഉത്തരവാദിത്തങ്ങള്‍ കുറഞ്ഞുവന്നു. മോള്‍ക്ക് കളിച്ചു നടക്കാനും കൊച്ചുവര്‍ത്തമാനം പറയാനും നേരമില്ലാതായി. എപ്പോഴും പഠിത്തമാണ്. അതോടെയാണ് ഞാന്‍ പഴയ ജീവിതത്തിലേക്ക് സാവധാനം തിരിച്ചുപോയത്. അന്ന വിലക്കിയതുമില്ല. വൈകിട്ട് സുഹൃത്ത് സദസ്സുകള്‍ക്കും ആഘോഷങ്ങള്‍ക്കും ശേഷം വീട്ടിലെത്തി മിണ്ടാതെ കിടന്നുറങ്ങുന്നവനായിരുന്നു   ഞാന്‍. അതുകൊണ്ടു തന്നെ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഒരലോസരവുമുണ്ടായില്ല. ശമ്പളത്തില്‍ തൊട്ടുള്ള കളീമുണ്ടായില്ല.
പെണ്ണ് വളര്‍ന്നു വരികയാ; പൊന്നും പണവുമൊക്കെ കരുതേണ്ട കാലായീന്ന് ഒരിക്കല്‍ അന്ന ഓര്‍മ്മിപ്പിച്ചു. അപ്പൊ ഞാന്‍ പറഞ്ഞു, നീ എന്താ പറയണേ- പ്രോവിഡന്‍റ് ഫണ്ടീ നല്ല കാശുണ്ട് അന്നേ. പിന്നെ ചിട്ടികള്‍ എത്രാന്നാ നിന്‍റെ വിചാരം.ഭൂമി നമുക്ക് രണ്ടാള്‍ക്കുമില്ലെ;പിന്നെ വീട്.പുതിയതൊന്നുമല്ലെങ്കിലും നമ്മുടെ വീടിനെന്താ കുഴപ്പം. അവള്‍ പിന്നൊന്നും പറഞ്ഞില്ല.
റൂബി എട്ടിലായപ്പോഴാ അന്ന ആധിയോടെ ഒരു കാര്യം പറഞ്ഞത്. നമ്മടെ മോള് വലുതായി, - പ്പൊഴേ വലുതായി. കാലം മോശാണ് ഇച്ചായാ. ട്യൂഷനൊക്കെ കഴിഞ്ഞ് വൈകിട്ട് തനിച്ച് വരുന്നത് ശരിയല്ല. ഇച്ചായന്‍ ഈ കൂട്ടൊക്കെ നിര്‍ത്തി കുട്ടീനെക്കൂടി ശ്രദ്ധിക്കണം.
അന്ന അത് പറഞ്ഞശേഷാ ഞാനെന്‍റെ കുഞ്ഞിനെ ശ്രദ്ധിച്ചേ. അവള് പറഞ്ഞത് നേരാ.റൂബി,-ന്‍റെ മോള് ഒരു മുട്ടത്തിയായിരിക്കുന്നു. എനിക്കു തന്നെ നേരെ നോക്കാന്‍ മടി തോന്നും വിധം അവള് വളര്‍ന്നിരിക്കുന്നു. ഞാന്‍ വീണ്ടും പഴയപോലായി. കൂട്ടുകെട്ടുകള്‍ കുറച്ചു. കുഞ്ഞിനെ ട്യൂഷനുകൊണ്ടാക്കലും വിളിച്ചുവരവുമൊക്കെയായി ജീവിതം മാറി.അതു പക്ഷെ--- കൊടുത്ത ജീവനെ കൊത്തണ മാതിരിയാവൂന്ന് നിരീച്ചില്ല.
മദ്യത്തിന്‍റെ പുറത്ത്-----
--ച്ഛെ------
വീണ്ടും ഒരു ന്യായീകരണം.
ഇച്ചായാ---- ന്താന്നറീല്ല; കുഞ്ഞിന് ഈയിടെയായൊരു മൌനം.പഠിത്തത്തിലും ശ്രദ്ധ തീരെയില്ല. എന്ത് ചോദിച്ചാലും ദേഷ്യാ.------ ന്‍റെ കുഞ്ഞിന് എന്തു പറ്റിയതാണോ ന്തോ---.സ്കൂളിലെന്തെങ്കിലും പ്രശ്നമുണ്ടോ എന്നറിയില്ല. ഇച്ചായന്‍ സ്കൂളി പോയൊന്നന്വേഷിക്കണം, അന്ന പറഞ്ഞു. ഞാന്‍ മൂളി.ആ മൂളല്‍ ഒരാധിയായി വളര്‍ന്ന് ശരീരമാകെ പടര്‍ന്നു. ശരീരം വിയര്‍ത്തു. നെഞ്ചിന്‍റെ മിടിപ്പ് ഒറ്റയടിക്ക് നിന്നിരുന്നെങ്കില്‍  എന്നു തോന്നിയ നേരം.
ഒരാഴ്ച കടന്നുപോയത് ഒരായിരം വര്‍ഷം പോലെയായിരുന്നു. റൂബിമോളോട് ഞാന്‍ സംസാരിച്ചതേയില്ല. അന്നയോട് വെറുതെ കലഹിക്കുകയും ചെയ്തു. സ്കൂളില്‍പോയോ എന്ന ചോദ്യം അവള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഞാന്‍ മറുപടി പറഞ്ഞില്ല. എപ്പോഴെങ്കിലും പൊട്ടിത്തെറിക്കാവുന്ന അഗ്നിപര്‍വ്വതത്തിന്‍റെ ചൂട് അതിനുമാത്രമെ അറിയൂ എന്ന മട്ടിലായിരുന്നു ഞാന്‍.
ഇന്ന് ഉച്ചനേരത്താണ് അന്ന വിളിച്ചത്. ഇച്ചായാ,സ്കൂളീന്ന് ഹെഡ്മിസ്ട്രസ് വിളിച്ചിരുന്നു. ഒന്നവിടം വരെ ചെല്ലാന്‍ പറഞ്ഞു.എനിക്കാകെ പേടിയാവുന്നു ഇച്ചായാ.അച്ഛന്‍ വരണ്ട,കുട്ടീടമ്മ മാത്രം വന്നാ മതീന്നാ പറഞ്ഞേ.
ഞാന്‍ ഒന്നും പറഞ്ഞില്ല.
ഇച്ചായനെന്താ മിണ്ടാത്തെ
ഞാന്‍ ശബ്ദമുണ്ടാക്കിയെടുത്തു. നീ പോയിട്ടുവാ. ഞാന്‍ പിറകെ വരാം. വീടിന്‍റെ താക്കോല്‍ ജനാലപ്പടിയില്‍ വച്ചേക്ക്.
ഞാന്‍ ഫോണ്‍ കട്ടു ചെയ്ത് കുറേനേരം തളര്‍ന്നിരുന്നു. കരച്ചില്‍ വന്നില്ല. കരയേണ്ടവന്‍ ഞാനല്ലല്ലോ. ഓഫീസില്‍ നിന്നും ഉടനെ ഇറങ്ങി. അപ്പച്ചന്‍ പറഞ്ഞ ഒരു വാചകം മനസ്സിലുണ്ടായിരുന്നു. എടാ,മരിക്കുമ്പോ അന്തസ്സായി മരിക്കണം. എന്‍റെ മോഹം കസേരയില്‍ ഇരുന്നു മരിക്കണമെന്നാ.
അപ്പച്ചന്‍റെ മോഹം നടന്നില്ല. ഒരു വര്‍ഷം ഒരേ കിടപ്പു കിടന്നാ അപ്പച്ചന്‍ മരിച്ചത്. അങ്ങേരുടെ നടക്കാതെപോയ മോഹം ഈ ജോര്‍ജ്ജ്കുട്ടിക്കെങ്കിലും സാധിക്കട്ടെ.
മനസ്സില്‍ നിന്നും എല്ലാ പാപബോധവും ഇറങ്ങിപ്പോയിരുന്നു.
ഇതെങ്ങിനെ സംഭവിച്ചു എന്നറിയില്ല. ഏറ്റവും ദുര്‍ബ്ബലനാവുമ്പോള്‍ ലഭിക്കുന്നൊരു കരുത്തുണ്ടല്ലോ, അതാകാം.
സ്കൂട്ടറില്‍ വീട്ടിലെത്തി മുറി തുറന്ന് ഒരു കസാലയെടുത്തു. അത് കയര്‍കൊണ്ട് സ്കൂട്ടറിനു പിറകില്‍ കെട്ടിവച്ചു. മുറിപൂട്ടി താക്കോല്‍ വീണ്ടും ജനാലപ്പടിയില്‍ വച്ചശേഷം യാത്ര ആരംഭിച്ചു. അത് ഇവിടെയാണ് അവസാനിച്ചത്.
ഈ വിജനമായ ഇടത്ത്, സമാന്തരമായി പോകുന്ന രണ്ട് പാളങ്ങള്‍ക്ക് നടുവില്‍ കസേരയിട്ട് ഞാന്‍ കാതോര്‍ത്തിരിക്കയാണ്.
പാളങ്ങള്‍ ഏറ്റുവാങ്ങുന്ന ----------
പാറക്കഷണങ്ങള്‍ ഏറ്റുവാങ്ങുന്ന ആ കുലുക്കം ഞാനറിയുന്നു.
ഒന്ന്,രണ്ട് എന്ന് എണ്ണിത്തുടങ്ങിയാല്‍ നൂറിനപ്പുറം പോവില്ല.
അതിനുമുന്‍പ് -----------
അന്ന എല്ലാം അറിയുന്നതിനു മുന്‍പ്---------
അവളുടെ ശാപ വാക്കുകള്‍ അന്തരീക്ഷത്തില്‍ നിറയുന്നതിനു മുന്‍പ്
അമ്മയും മകളും പരസ്പ്പരം പുണര്‍ന്ന് കണ്ണീരില്‍ മുങ്ങുന്നതിനു മുന്‍പ്---
ഇരമ്പം അടുത്തു വരുന്നു.
ഞാന്‍ കണ്ണടച്ചിരുന്ന് എണ്ണാന്‍  തുടങ്ങി.
ഒന്ന്
രണ്ട്---

മൂന്ന്--------------------

Monday, September 29, 2014

youth festival

യുവജനോത്സവത്തിന്‍റെ മനഃശാസ്ത്രം
കല്ലിനെ ആയുധമാക്കിയ ആദ്യകാലം മുതലെ മനുഷ്യന്‍ കലയുടെ ഉപാസകനായിരുന്നു.പ്രകൃതിയുടെ ഓരോ അത്ഭുതക്കാഴ്ചകളും ശബ്ദങ്ങളും അവനിലുണ്ടാക്കിയ അനുരണനങ്ങളില്‍ നിന്നാണ് കലയുണ്ടായത്.ഒരു പക്ഷെ തിരക്കേറിയ ആധുനിക മനുഷ്യനേക്കാള്‍ എത്രയോ മടങ്ങായിരുന്നിരിക്കാം അവന്‍റെ ആസ്വാദനതലം.ശാസ്ത്രം കലയാണോ കല ശാസ്ത്രമാണോ എന്ന തര്‍ക്കം നിലനില്ക്കെ തന്നെ ജീവിതവുമായി ബന്ധപ്പെട്ട ഒന്നിനേയും പ്രത്യേകമായി വേര്‍തിരിച്ചു നിര്‍ത്താന്‍ കഴിയില്ലെന്നും നാം മനസ്സിലാക്കുന്നു.പുരാതന മനുഷ്യന് സ്വപ്നം കാണാന്‍ കഴിവുണ്ടായിരുന്നോ, അവര്‍ എന്ത് സ്വപ്നമായിരിക്കാം കണ്ടത് എന്നതൊക്കെ പഠനവിധേയമാകുമ്പോള്‍ നാമിന്നുകാണുന്ന പുരോഗതിയൊക്കെ ആ സ്വപ്നങ്ങളുടെ ബാക്കിപത്രമാണെന്ന് കാണാന്‍ കഴിഞ്ഞേക്കാം.
ഗുഹാഭിത്തികളില്‍ കോറിയിട്ട വരകളില്‍ അത്ഭുത ലോകങ്ങള്‍ ചമച്ച കലാകാരന്മാരായ ആദിഗുരുക്കളില്‍ നിന്നും പ്രേരണയുള്‍ക്കൊണ്ട് കലയുടെ അനേകം പടവുകള്‍ കയറിയാണ് നാമിന്ന് ഉന്നതങ്ങളില്‍ എത്തിനില്ക്കുന്നത്.എല്ലാറ്റിന്‍റെയും മൂല്യമളക്കുന്നത് പണവും അതിന്‍റെ വിനിമയവുമായി മാറിയ ആധുനിക കലം കലാകാരന്മാര്‍ക്ക് തിരിച്ചടിയായിക്കൊണ്ടിരിക്കുന്ന ഒരു യുഗത്തിലാണ് നമ്മള്‍ എത്തിനില്ക്കുന്നത്.കലാകാരന്‍റെ സ്ഥാനം യന്ത്രങ്ങള്‍ കൈയ്യേറുകയാണ്.നൂറുകണക്കിന് കലാകാരന്മാര്‍ ഒന്നിച്ചു ചേര്‍ന്ന് സൃഷ്ടിക്കുന്ന സര്‍ഗ്ഗവസന്തങ്ങള്‍ക്ക് ഇന്നിപ്പോള്‍ ഒരുപകരണം മതി എന്നാവുകയാണ്.സംഗീതരംഗത്താണ് ഈ പ്രവണത തീഷ്ണമായിക്കൊണ്ടിരിക്കുന്നത്.പാടുന്നയാളിന്‍റെ ബലഹീനതകള്‍ തീര്‍ക്കുന്ന എന്‍ജിനീയറന്മാര്‍ രംഗത്തെത്തിയിരിക്കുന്നു.വര്‍ഷങ്ങളോളം കഠിനാദ്ധ്വാനം ചെയ്ത് സ്വരമൂര്‍ച്ചയുണ്ടാക്കേണ്ട കാലം കഴിഞ്ഞു. നെയ്ത്തുകാരന്‍റെ കരവിരുത് യന്ത്രങ്ങള്‍ കവര്‍ന്നപോലെ, സംഗീതജ്ഞന്‍റെ സ്വരവിരുതിനെയും യന്ത്രം കവരുകയാണ്.എല്ലാ മേഖലകളിലും യന്ത്രം കടന്നുകയറ്റം നടത്തുന്നത് മുതലാളിത്ത സംവിധാനത്തിന്‍റെ ലാഭനഷ്ടക്കണക്കെടുപ്പ് രീതിശാസ്ത്രത്തിന്‍റെ ഭാഗമാണ്. അവിടെ കലയും കച്ചവടവും സമന്വയിക്കുകയാണ്.
ഈ ഒരന്തരീക്ഷത്തില്‍ നിന്നുകൊണ്ടുവേണം നമ്മള്‍ യുവജനോത്സവത്തെ സമീപിക്കാന്‍. കേരളത്തിലെ സ്കൂള്‍ യുവജനോത്സവം ആരംഭിച്ചിട്ട് അരനൂറ്റാണ്ട് കഴിയുന്നു.1957 ല്‍ ഇരുനൂറുപേര്‍ പങ്കെടുത്ത ഒറ്റ ദിന പരിപാടിയില്‍ നിന്നും ഒരാഴ്ച നീളുന്ന കാലാമാമാങ്കമായി അത് മാറിയിരിക്കുന്നു.പതിനായിരം യുവകലാകാരന്മാരും ലക്ഷത്തോളം കാഴ്ചക്കാരുമായി ഓരോ വര്‍ഷവും ഇടങ്ങള്‍ മാറി വരുന്ന കലയുടെ പൂരമെന്ന് നമുക്കിതിനെ വിശേഷിപ്പിക്കാം.ജനങ്ങളുടെ നികുതിപ്പണമുപയോഗിച്ച് ഇത്തരം ആഘോഷങ്ങള്‍ നടത്തുമ്പോള്‍ അനേകം പേര്‍ പട്ടിണിയിലും ദുരിതത്തിലുമാണെന്ന് സര്‍ക്കാര്‍ കാണുന്നില്ല എന്ന നിലയിലൊക്കെ ആക്ഷേപങ്ങള്‍ ഉയരാറുണ്ടെങ്കിലും യുവജനോത്സവത്തിന്‍റെ മനഃശാസ്ത്രവും അതിന്‍റെ ആത്മീയ-ഭൌതിക തലങ്ങളും അത് സമൂഹത്തിന് നല്കുന്ന സന്ദേശവും പഠിക്കേണ്ടതു തന്നെയാണ്. ന്യൂനതകള്‍ ഉണ്ടാകാമെങ്കിലും നേട്ടങ്ങള്‍ ആ ന്യൂനതകളെ മറയ്ക്കും എന്നതില്‍ സംശയമില്ല.
കേരളത്തിലെ  സ്കൂള്‍-കോളേജ് തലത്തില്‍ നടക്കുന്ന കലോത്സവങ്ങളും ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുന്ന കേരളോത്സവും മറുനാടന്‍ -പ്രവാസി സംഘടനകള്‍ നേതൃത്വം നല്കുന്ന സര്‍ഗ്ഗോത്സവങ്ങളുമെല്ലാം നമ്മുടെ പൈതൃക സംരക്ഷണത്തിനായുള്ള സാംസ്ക്കാരിക ഇടപെടലാണ് എന്നത് ഒരു സത്യം മാത്രമാണ്. അന്യം നിന്നു പോകാമായിരുന്ന അനേകം കാലാരൂപങ്ങള്‍ ഇന്നും ജനമനസ്സില്‍ ഗൃഹാതുരത്ത്വത്തോടെ നിലനില്ക്കുന്നുണ്ടെങ്കില്‍ അതിനുകാരണമായത് ഈ കലോത്സവങ്ങളാണ്. ആധുനികവും യന്ത്രവത്കൃതവുമായ കലാരൂപങ്ങളുടെ വര്‍ണ്ണപ്രഭയില്‍ നിറം മങ്ങിയ കാലാരൂപങ്ങളും ഭയന്നുമാറിയ തനതുകലകളുടെ ഉപാസകരും ഇവയെ അടുത്ത തലമുറയ്ക്ക് കൈമാറിയത് അതല്ലെങ്കില്‍ അടുത്ത തലമുറ കൈയ്യേറ്റത് ഇത്തരം ഉത്സവങ്ങളില്‍ ഈ ഇനങ്ങള്‍ ഉള്‍പ്പെട്ടതുകൊണ്ടുമാത്രമാണ് എന്നു കാണാന്‍ കഴിയും.
കലാരൂപങ്ങളുടെ മത്സരം,അതില്‍ വിജയം നേടാനുള്ള കുത്സിത ശ്രമങ്ങള്‍,മാതാപിതാക്കളുടെ അസൂയ,ദുര,അവതരണത്തിന് ലഭിക്കുന്ന ഗ്രേസ്സ് മാര്‍ക്ക് തുടങ്ങി പലതിന്‍റെയും ശരിതെറ്റുകള്‍ ഇന്നും ചര്‍ച്ചചെയ്യപ്പെടുകയാണ്. മൂല്യചോര്‍ച്ചയുണ്ടാകുന്നില്ല എന്നു പറയാന്‍ കഴിയില്ലെങ്കിലും മനഃശാസ്ത്രപരമായി ഇവയെ സമീപിക്കുമ്പോള്‍ ഇതെല്ലാം മനുഷ്യമനസ്സിന്‍റെ താത്ക്കാലിക വിഹ്വലതകളാണ് എന്ന് തിരിച്ചറിയാന്‍ കഴിയും. യഥാര്‍ത്ഥ നാണയങ്ങള്‍ക്കേ നിലനില്പ്പുള്ളുവെന്നും മറ്റുള്ളവ നിറംമങ്ങി വലിച്ചെറിയപ്പെടുമെന്നുമുള്ളതിന് കാലം സാക്ഷിയാണ്.

മത്സരത്തിനു വേണ്ടി മാത്രം കലകള്‍ പഠിക്കുകയും തുടര്‍പഠനമുണ്ടാകാതിരിക്കുകയും ചെയ്യുന്നതിനെക്കുറിച്ചും വിമര്‍ശനമുണ്ട്.അതിനെ ഗൌരവമായി കാണാന്‍ കഴിയുന്നതല്ല. കലകള്‍ അഭ്യസിക്കുന്നവരെല്ലാം സജീവമായി കലാരംഗത്ത് നിന്നാല്‍ പട്ടിണികിടന്ന് മരിക്കേണ്ടിവരും എന്നതാണ് യാഥാര്‍ത്ഥ്യം. മജ്ജയിലും മാംസത്തിലും സിരകളിലും തലച്ചോറിലും കല ഒരു ലഹരിയായി പടരുന്നവര്‍ മാത്രമെ അതിനെ ഉപാസിക്കേണ്ടതുള്ളു. മറ്റുള്ളവര്‍ ഡോക്ടറും എന്‍ജിനീയറും ഭരണകര്‍ത്താക്കളുമൊക്കെയായി മാറുമ്പോഴും കുറച്ചുകാലമെങ്കിലും അവര്‍ പഠിച്ച കലാരൂപങ്ങളെ ആസ്വദിക്കാനും കലാകാരനെ അംഗീകരിക്കാനും അവര്‍ക്ക് കഴിയും.അവരുടെ മനസ്സില്‍ നൈര്‍മ്മല്യമുണ്ടാവും.അതുകൊണ്ടാണല്ലൊ,നമ്മുടെ ഗുരുകുല വിദ്യാഭ്യാസരീതിയില്‍ കലകള്‍ക്ക് മതിയായ പ്രാധാന്യം നല്കിയിരുന്നതും മഹാനായ ടാഗോര്‍ തന്‍റെ ശാന്തിനികേതനില്‍ ഈ തത്വം നടപ്പിലാക്കിയതും.സ്കൂളില്‍ കുട്ടികള്‍ക്ക് അധികമായി ഒരു സാങ്കേതിക മികവുകൂടി നല്കാന്‍ പരിശ്രമം നടക്കുന്ന ഈ കാലത്ത് അതോടൊപ്പം ഒരു കലാരൂപമെങ്കിലും ആസ്വദിക്കാനും മനസ്സിലാക്കാനുമുള്ള അവസരം കൂടി ഒരുക്കി നല്കേണ്ട കടമ നമുക്കുണ്ട്.   

Saturday, September 27, 2014

Forest Right and Tribes

വനാവകാശ നിയമവും ആദിവാസി പരിരക്ഷയും                       
കോളനി വാഴ്ചക്കാലത്തും സ്വാതന്ത്ര്യം ലഭിച്ച ശേഷം സ്വതന്ത്രഇന്ത്യയിലും ആദിവാസികള്‍ അനുഭവിച്ചുവരുന്ന അനീതികള്‍ക്കുള്ള പരിഹാരമെന്ന നിലയിലാണ് വനാവകാശ നിയമം-2006 കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയത്. 2006 ഡിസംബര്‍ 29ന് രാഷ്ട്രപതി ഒപ്പിട്ട് 2007 ജനുവരി രണ്ടിന് ഗസറ്റ് വിജ്ഞാപനമായ വനാവകാശ നിയമം , പരമ്പരാഗതമായി വനത്തില്‍ താമസിക്കുകയും ജീവിതവൃത്തി കഴിക്കുകയും ചെയ്യുന്ന ആദിവാസികളുടെയും വനവാസികളുടെയും വനാവകാശമാണ് നിയമം മൂലം അംഗീകരിച്ചിരിക്കുന്നത്.
വനത്തിന്‍റെ നിലനില്പ്പിനും ജൈവവൈവിദ്ധ്യ സംരക്ഷണത്തിനും പരിസ്ഥിതി സന്തുലിതാവസ്ഥയുടെ നിലനില്പ്പിനും പ്രധാനപങ്ക് വഹിക്കുന്ന ആദിവാസികള്‍ക്ക് അതോടൊപ്പം അവരുടെ ജീവിതവൃത്തിയും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കാന്‍ ഈ നിയമം ലക്ഷ്യമിടുന്നു. പരമ്പരാഗതമായി കൈവച്ചനുഭവിച്ചുവന്ന ഭൂമിയിലോ ആവാസവ്യവസ്ഥയിലോ ആദിവാസികള്‍ക്ക് ഒരവകാശവും നല്കാതിരുന്ന ചരിത്രപരമായ അനീതിക്ക് ഇതോടെ അവസാനമാകുമെന്ന് പ്രതീക്ഷിക്കാം. സര്‍ക്കാരിന്‍റെ വികസനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാടുപേക്ഷിക്കേണ്ടി വരുന്നവരുടെ സുരക്ഷയും ഈ നിയമം ലക്ഷ്യമിടുന്നുണ്ട്.
ജമ്മുകാഷ്മീര്‍ ഒഴികെ മറ്റെല്ലാസംസ്ഥാനങ്ങള്‍ക്കും ബാധകമാകുന്നതാണ് വനാവകാശനിയമം. ഗ്രാമത്തില്‍ പരമ്പരാഗതമായുള്ള കാടും അവയുടെ അതിര്‍ത്തികളും,റിസര്‍വ്വ് വനം,സംരക്ഷിത വനം,ആദിവാസികള്‍ പരമ്പരാഗതമായി ഉപയോഗിച്ചുവന്ന ദേശീയ പാര്‍ക്കുകള്‍,വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങള്‍ എന്നിവ ഈ നിയമത്തിന്‍റെ പരിധിയില്‍ വരുന്നവയാണ്.
വനഭൂമി കൈവശം വയ്ക്കാനും കൃഷി നടത്താനും സാമൂഹ്യപരമായ അവകാശങ്ങള്‍ നിറവേറ്റാനും നിയമം അനുമതി നല്കുന്നുണ്ട്. ചെറുകിട വനഉത്പ്പന്നങ്ങള്‍ ശേഖരിക്കാനും വില്ക്കാനുമുള്ള അവകാശവും പുഴയില്‍ നിന്നും മീന്‍പിടിക്കാനും പുല്‍മേടുകളിലെ ഉത്പ്പന്നങ്ങള്‍ ശേഖരിക്കാനും നിയമം ആദിവാസികളെ അനുവദിക്കുന്നു.വനത്തില്‍ ലഭിക്കുന്ന ജൈവഭക്ഷ്യഉത്പ്പന്നങ്ങള്‍ കണ്ടെത്തി ഉപയോഗിക്കാനും നിയമം ഉറപ്പു നല്കുന്നു. സര്‍ക്കാരോ പ്രാദേശിക സര്‍ക്കാര്‍ സ്ഥാപനങ്ങളോ വനഭൂമിക്ക് നല്കിയിട്ടുള്ള പാട്ടങ്ങളും ഗ്രാന്‍റുകളും ലീസുകളും ടൈറ്റിലുകളാക്കാനുള്ള അവകാശവും ആദിവാസികള്‍ക്ക് ഈ നിയമം ഉറപ്പു നല്കുന്നു. ജൈവവൈവിദ്ധ്യത്തിലും പരമ്പരാഗത അറിവുകളിലും ബൌദ്ധികസ്വത്തവകാശ പ്രകാരമുള്ള സാമൂഹിക അവകാശവും ആദിവാസികള്‍ക്ക് ഈ നിയമംവഴി ലഭിക്കുന്നു.
വന്യമൃഗങ്ങളെ വേട്ടയാടുകയോ അവയുടെ ശരീരഭാഗങ്ങള്‍ എടുക്കുകയോ ചെയ്യാന്‍ വനവാസികള്‍ക്ക് അവകാശമില്ലെങ്കിലും കാടുമായി ബന്ധപ്പെട്ട ഗുണപരമായ എല്ലാ പരമ്പരാഗത ഇടപെടലുകളും നടത്താന്‍ വനവാസിക്ക് നിയമം അവകാശം നല്കുന്നു. വനത്തില്‍ നിന്നും ഏതെങ്കിലും വിധത്തില്‍ ഒഴിവാക്കപ്പെടുന്ന വനവാസിക്ക് നിയമപരമായ അവകാശങ്ങള്‍ നല്കുകയോ പകരം ഭൂമി നല്കി കുടിയിരുത്തുകയോ ചെയ്യാന്‍ സര്‍ക്കാരിനുള്ള ബാധ്യസ്ഥത നിയമം ഊന്നിപ്പറയുന്നു.
ആദിവാസി ജീവിതം മെച്ചപ്പെടുത്താനായി സ്കൂള്‍,ആശുപത്രി,അംഗന്‍വാടി,ന്യായവിലക്കട,വൈദ്യുതി-വാര്‍ത്താവിതരണ കമ്പികള്‍,ജലകേന്ദ്രങ്ങള്‍, കുടിവെള്ള പദ്ധതികള്‍ ,കുടിവെള്ളക്കുഴലുകള്‍,മഴവെള്ള ശേഖരം,ചെറുകിട ജലസേചന തോടുകള്‍,പാരമ്പര്യേതര ഊര്‍ജ്ജസംരഭങ്ങള്‍,പരമ്പരാഗത പരിശീലനകേന്ദ്രങ്ങള്‍,മികവ് ഉയര്‍ത്തല്‍ കേന്ദ്രങ്ങള്‍,റോഡുകള്‍,സാമൂഹിക കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് വനഭൂമി നല്കാനും നിയമം അനുശാസിക്കുന്നു.എന്നാല്‍ ഒരു ഹെക്ടറില്‍ നിന്നും എഴുപത്തിയഞ്ച് മരങ്ങളില്‍ കൂടുതല്‍ മുറിക്കാന്‍ പാടില്ലെന്നുള്ള നിയമവും അംഗീകരിച്ചിട്ടുണ്ട്. ഇത് ഗ്രാമസഭകള്‍ ശുപാര്‍ശ ചെയ്യുകയും വേണം.
ആദിവാസികള്‍ക്ക് കാട്ടിലുള്ള സ്വാതന്ത്ര്യത്തിനും പരിമിതി കല്പ്പിച്ചിട്ടുണ്ട്. വന്യമൃഗങ്ങള്‍ക്ക് ദോഷകരവും നിലനില്പ്പിന് ഭീഷണി ഉയര്‍ത്തുന്നതുമായ ആദിവാസി സാന്നിദ്ധ്യവും സെറ്റില്‍മെന്‍റും അനുവദിക്കില്ല എന്ന് നിയമത്തില്‍ പറയുന്നു.പുനരധിവാസവും ബദല്‍ പാക്കേജും സര്‍ക്കാര്‍ പ്രഖ്യാപിക്കുകയാണെങ്കില്‍ , സമുദായവും ഗ്രാമസഭയും അത് അംഗീകരിക്കേണ്ടതുണ്ട്. എല്ലാ അര്‍ത്ഥത്തിലും ഗുണപ്രദമെന്നുകണ്ടാല്‍ ആദിവാസികള്‍ക്ക് അത് സ്വീകരിക്കാം. എന്നാല്‍ ആദിവാസികളെ ഒഴിപ്പിച്ച ഇടത്ത് മറ്റൊരാവശ്യത്തിനും ആ ഭൂമി ഉപയോഗിക്കാന്‍ പാടില്ല എന്നും നിയമത്തില്‍ പറയുന്നു.
2005 ഡിസംബര്‍ 13ന് മുന്‍പ് താമസമാക്കിയിട്ടുള്ള വനഭൂമിയില്‍ മാത്രമെ നിയമപരമായി ആദിവാസികള്‍ക്ക് അവകാശമുന്നയിക്കാന്‍ കഴിയുകയുള്ളു. ഭാര്യാഭര്‍ത്താക്കന്മാര്‍ക്കും അവിവാഹിതര്‍ക്കും വനഭൂമിയില്‍ അവകാശമുണ്ടാകും.തുടര്‍ന്ന് അവരുടെ മക്കള്‍ക്കും മക്കളില്ലെങ്കില്‍ അടുത്ത ബന്ധുവിനും അവകാശം ലഭിക്കും. വനവാസി കൈവശം വച്ചിരിക്കുന്ന ഭൂമി അയാളുടേതല്ലെന്ന് കൃത്യമായി തെളിയിക്കും വരേക്കും അയാളെ ആ ഭൂമിയില്‍ നിന്നും പുറത്താക്കാന്‍ പാടില്ല. നാല് ഏക്കറില്‍ കൂടുതല്‍ ഭൂമി കൈവശം വയ്ക്കാനും ആദിവാസിക്ക് അവകാശമുണ്ടായിരിക്കില്ല. നല്കുന്ന ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ ബാദ്ധ്യതകളും നിയമ നടപടികളും ഒഴിവാക്കിയും പണമിടപാടുകളില്‍ നിന്നും ഒഴിവാക്കിയുമാണ് വനാവകാശപ്രകാരം ഭൂമി നല്കുന്നത്.
വനസംരക്ഷണത്തിന്‍റെ ഭാഗമായി ആദിവാസികളെ ഒഴിപ്പിച്ച ഭൂമിക്ക് പകരം ഭൂമി നല്കാതിരിക്കുകയോ ഒഴിപ്പിച്ച ഭൂമി അഞ്ചു വര്‍ഷം ഉപയോഗിക്കാതെ ഇട്ടിരിക്കയോ ചെയ്താല്‍ ഒഴിഞ്ഞുപോകേണ്ടിവന്ന വ്യക്തികള്‍ക്ക് അതില്‍ അവകാശം ഉന്നയിക്കാം.
വനത്തില്‍ ആദിവാസികള്‍ക്കുള്ള അവകാശം പോലെതന്നെ ചില കടമകളും നിയമത്തില്‍ പറയുന്നുണ്ട്. വനം,വന്യജീവി,ജൈവവൈവിദ്ധ്യം എന്നിവയെ സംരക്ഷിക്കുക,വൃഷ്ടിപ്രദേശം ,ജലസ്രോതസ്സുകള്‍,ആവാസകേന്ദ്രങ്ങള്‍ എന്നിവ സംരക്ഷിക്കുക,ആദിവാസി സംസ്ക്കാരവും പാരമ്പര്യവും നശിക്കാതെ സൂക്ഷിക്കുക,വനസംരക്ഷണത്തിനായി ഗ്രാമസഭകള്‍ എടുക്കുന്ന തീരുമാനങ്ങള്‍ അനുസരിക്കുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
വ്യക്തികളും കൂട്ടായ്മകളും വനാവകാശപ്രകാരം നല്കുന്ന പരാതികള്‍ സ്വീകരിച്ച് പരിശോധിക്കാനും ശുപാര്‍ശ ചെയ്ത് സബ് ഡിവിഷണല്‍ സമിതിക്ക് സമര്‍പ്പിക്കാനും ഗ്രാമസഭയ്ക്കാണ് അധികാരമുള്ളത്. ഗ്രാമസഭയുടെ തീരുമാനം ശരിയല്ല എന്നു തോന്നിയാല്‍ പരാതിക്കാരന് അത് സബ് ഡിവിഷണല്‍ സമിതിയെ രേഖാമൂലം അറിയിക്കാവുന്നതാണ്. ഗ്രാമസഭയുടെ തീരുമാനത്തീയതി മുതല്‍ അറുപത് ദിവസങ്ങള്‍ക്കകം ഇത് നല്കണം. ഇത് പരിശോധിച്ച് സമിതി ഉചിതമായ തീരുമാനം കൈക്കൊള്ളും.പരാതി തള്ളുകയാണെങ്കില്‍ അയാള്‍ക്ക് തന്‍റെ വാദം അവതരിപ്പിക്കാന്‍ അവസരവും നല്കണം. അവസാനതീരുമാനം കൈക്കൊള്ളുന്നത് ജില്ലാസമിതിയാണ്. ജില്ലാ സമിതിയെ സബ് ഡിവിഷണല്‍ സമിതിയാണ് തീരുമാനങ്ങളും പരാതികളും അറിയിക്കുന്നത്. സബ് ഡിവിഷണല്‍ സമിതി തീരുമാനത്തില്‍ പരാതിയുണ്ടെങ്കില്‍ അറുപത് ദിവസങ്ങള്‍ക്കുള്ളില്‍ അത് ജില്ലാ സമിതിയെ അറിയിക്കണം. സംസ്ഥാനതലത്തില്‍ മോണിറ്ററിംഗ് സമിതി മാത്രമേ ഉണ്ടാവുകയുള്ളു. ജില്ല,സബ് ഡിവിഷന്‍,ഗ്രാമസഭ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി നോഡല്‍ ഏജന്‍സിക്ക് റിപ്പോര്‍ട്ട് നല്കുന്നത് സംസ്ഥാനതല മോണിറ്ററിംഗ് സമിതിയായിരിക്കും. ആദിവാസിക്ഷേമത്തിനുള്ള കേന്ദ്ര സര്‍ക്കാര്‍ വകുപ്പ്,കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിക്കുന്ന സ്ഥാപനം അല്ലെങ്കില്‍ ഉദ്യോഗസ്ഥനായിരിക്കും നോഡല്‍ ഏജന്‍സി.
റവന്യൂ,വനം,ആദിവാസി കാര്യം എന്നീ വകുപ്പുകളിലെയും പഞ്ചായത്ത് രാജ് സ്ഥാപനങ്ങളിലെ മൂന്ന് ജനപ്രതിനിധികള്‍ എന്നിവരാണ് ഓരോ അനുയോജ്യതലത്തിലും അംഗങ്ങളായുണ്ടാവുക.ജനപ്രതിനിധികളില്‍ രണ്ടുപേര്‍ പട്ടികവര്‍ഗ്ഗക്കാരും ഒരാള്‍ വനിതയുമായിരിക്കണമെന്നും വനാവകാശനിയമം അനുശാസിക്കുന്നു. സമിതിയുടെ ഘടനയും പ്രവര്‍ത്തനവും നിശ്ചയിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. ഏതെങ്കിലും ഉദ്യോഗസ്ഥരോ ഉത്തരവാദപ്പെട്ടവരോ വനാവകാശം ലംഘിച്ചാല്‍,നിയമ നടപടിയും ആയിരം രൂപവരെ പിഴയും നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ പ്രസ്തുത ഉദ്യോഗസ്ഥന്‍ നീതിപൂര്‍വ്വം പ്രവര്‍ത്തിക്കുന്നയാളാണ് എന്ന് ഉറപ്പായാലും അയാളുടെ അറിവോടെയല്ല ലംഘനം നടന്നത് എന്ന് തെളിയുകയും ചെയ്താല്‍ ശിക്ഷയുണ്ടാവില്ല.

വനവാസിയോ ഗ്രാമസഭയോ നല്കുന്ന പരാതിയില്‍ സംസ്ഥാന മോണിറ്ററിംഗ് സമിതി തീരുമാനം കൈക്കൊള്ളാതിരുന്നാല്‍ അറുപത് ദിവസത്തിനുശേഷം അവര്‍ക്ക് കോടതിയെ സമീപിക്കാമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു. സമിതിയിലെ എല്ലാ അംഗങ്ങളും പൊതുജനസേവകര്‍ എന്ന പരിധിയില്‍ വരുമെന്നും നിയമം ഉറപ്പാക്കുന്നുണ്ട്. വനവാസികളുടെ നന്മ ലക്ഷ്യമിട്ട് ഒരുദ്യോഗസ്ഥന്‍ ചെയ്ത നല്ല നടപടികള്‍ക്കെതിരെ കേസിന് പോകാനും നിയമം അനുവദിക്കുന്നില്ല. നന്മ ലക്ഷ്യമിട്ട പ്രവര്‍ത്തിയിലൂടെ വരുന്ന കേടുപാടുകള്‍ക്കെതിരെയും കേസിന് പോകാന്‍ കഴിയില്ല. സമിതിയംഗങ്ങളും മെംബര്‍ സെക്രട്ടറിയും ഉദ്യോഗസ്ഥരും ചെയര്‍പേഴ്സണും വനവാസികളുടെ നന്മ ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതികള്‍ക്കെതിരെയും കോടതിയില്‍ പോകാന്‍ കഴിയില്ല.

Thursday, September 25, 2014

വലിയ മോഷ്ടാവ്

വലിയ  മോഷ്ടാവ്
ലോകരാഷ്ട്രങ്ങള്‍ പിടിച്ചടക്കി കീര്‍ത്തിമാനായി കിഴക്കന്‍ നാടുകള്‍ ലക്ഷ്യമാക്കി നീങ്ങിയ അലക്സാണ്ടര്‍ ചക്രവര്‍ത്തി ഇന്ത്യയില്‍ കടന്ന് പുരു രാജാവുമായി ഏറ്റുമുട്ടി.സ്വന്തമായി കാലാള്‍ പട്ടാളം,കുതിരപ്പട്ടാളം ഒക്കെയുള്ള അലക്സാണ്ടര്‍ ചക്രവര്‍ത്തി യുദ്ധക്കളത്തില്‍ ആനപ്പട്ടാളത്തെ ആദ്യമായി കണ്ടത് അന്നാണ്.അദ്ദേഹം അതുകണ്ട് ഒന്നമ്പരക്കുകയും ചെയ്തു.ഗംഭീരമായ യുദ്ധമാണ് പുരുവിനെതിരെ നടത്തിയത്.ഒരു യഥാര്‍ത്ഥ പോരാളിയെ അലക്സാണ്ടര്‍ ഇന്ത്യയില്‍ കണ്ടു.ഒടുവില്‍ പുരു യുദ്ധത്തില്‍ തോറ്റു.തോറ്റെങ്കിലും അഭിമാനം കൈവിടാതിരുന്ന പുരു രാജാവിനെ ചക്രവര്‍ത്തിക്ക് ഇഷ്ടമായി. പുരുവിന് ഭരണ പങ്കാളിത്തം നല്കുകയും ചെയ്തു.
അങ്ങിനെയിരിക്കെ ഒരു ദിവസം ഒരു മോഷ്ടാവിനെ അറസ്റ്റുചെയ്ത് പട്ടാളക്കാര്‍ ചക്രവര്‍ത്തിയുടെ മുന്നില്‍കൊണ്ടുവന്നു.അദ്ദേഹം അയാളോട് മോഷണം സംബ്ബന്ധിച്ച കാര്യങ്ങള്‍ ചോദിച്ചു. ദാരിദ്ര്യം കൊണ്ടാണ് മോഷ്ടിച്ചതെന്നും നിവര്‍ത്തിയുണ്ടെങ്കില്‍ ചെയ്യുമായിരുന്നില്ലെന്നും അവന്‍ മറുപടി പറഞ്ഞു.
മോഷണം ഹീനമായ കുറ്റമാണെന്നും കനത്ത ശിക്ഷ കിട്ടുമെന്നും ചക്രവര്‍ത്തി അവനെ ഓര്മ്മിപ്പിച്ചു.അപ്പോള്‍ തീരെ കൂസലില്ലാതെയും എന്നാല്‍ ബഹുമാനം കൈവിടാതെയും അവന്‍ മറുപടി പറഞ്ഞു,   എങ്കില്‍ എനിക്ക് നല്കുന്നതിനേക്കാള്‍ എത്രയോ വലിയ ശിക്ഷയാണ് അങ്ങയ്ക്ക് നല്കേണ്ടത്.ഈ മഹത്തായ രാജ്യം അങ്ങയ്ക്ക് അവകാശപ്പെട്ടതല്ല.എന്നിട്ടും അതിക്രമിച്ചു കടന്ന് അത് സ്വന്തമാക്കുകയും വിലപിടിച്ചതൊക്കെ മോഷ്ടിക്കുകയും ചെയ്തില്ലേ.അതുമായി താരതമ്യം ചെയ്യുമ്പോള്‍ എന്‍റെ തെറ്റ് തുലോം ചെറുതല്ലെ

ഇതുകേട്ട് അടുത്തുനിന്ന സൈനികര്‍ അവനെ കൊല്ലാനായി മുന്നോട്ടുവന്നു.ചക്രവര്‍ത്തി അവരെ തടഞ്ഞു.എന്നിട്ട് കുറേനേരം ആലോചിച്ചിരുന്നു.അതിനുശേഷം എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് അയാളെ വെറുതെ വിടാന്‍ ഉത്തരവിട്ടു.എന്നു മാത്രമല്ല , പിന്നീടദ്ദേഹം യുദ്ധം ചെയ്യുന്നതും രാജ്യങ്ങള്‍ പിടിച്ചെടുക്കുന്നതും അവസാനിപ്പിക്കുകയും ചെയ്തു. 

Wednesday, September 17, 2014

ജാതി-മത ചിന്തയും സംവരണവും

ജാതി-മത ചിന്തയും സംവരണവും
                               
ഒരിന്ത്യക്കാരന്‍ ജാതി-മത ചിന്തകളില്ലാത്ത വ്യക്തിയാണ് എന്നവകാശപ്പെട്ടാല്‍ അയാള്‍ കപടമുഖമുള്ളവനാണ് എന്ന് വിവക്ഷ. എന്നാല്‍ ജാതിചിന്ത തെറ്റാണ് എന്ന അര്‍ത്ഥത്തില്‍ ഇതിനെ എടുക്കേണ്ടതുമില്ല. തൊഴിലുകളെ അടിസ്ഥാനപ്പെടുത്തി രൂപപ്പെട്ട ഹിന്ദുസമൂഹത്തെ ജാതിയുടെ ചങ്ങലകളില്‍ തളച്ചത് ഒരു പക്ഷെ, ബ്രാഹ്മണമതത്തിന്‍റെ തന്ത്രങ്ങളുടെ ഫലമാകാം. ന്യൂനപക്ഷപ്രീണനം ജനാധിപത്യത്തിന്‍റെ സംഭാവനയും.
  അദ്വൈതദര്‍ശനത്തിന്‍റെ ഉപജ്ഞാതാവായ ശ്രീശങ്കാരാചാര്യരില്‍ പോലും ജാതിചിന്തയുടെ അടിവേരുകള്‍ ഇളകാതെ നിന്നിരുന്നതായി കഥകളുണ്ട്. അവയുടെ ശരിതെറ്റുകള്‍ എന്തുതന്നെയായാലും അവയൊക്കെ വിശ്വസിക്കുകയേ തരമുള്ളു. താന്‍ പിറന്ന സമൂഹം കേരളത്തെ ഭ്രാന്താലയമാക്കി മാറ്റുന്നതിന് മൌനസമ്മതം നല്കിയ ആചാര്യനായിരുന്നല്ലോ ശ്രീശങ്കരന്‍.ഭാരതപര്യടനത്തിന്‍റെ ഭാഗമായി ശിഷ്യര്‍ക്കൊപ്പം കാശിയിലെത്തിയ ശ്രീശങ്കരന്‍ ഗംഗാസ്നാനം കഴിഞ്ഞ് വിശ്വനാഥദര്‍ശനത്തിനായി പുറപ്പെട്ടു. അപ്പോള്‍ മാര്‍ഗ്ഗമധ്യത്തില്‍ ഒരു ചണ്ഡാളന്‍ നില്ക്കുന്നു. മാറി നില്ക്കൂ എന്ന് അസഹിഷ്ണുതയോടെ ആചാര്യന്‍ ഉര ചെയ്തു. ശരീരം ശരീരത്തില്‍ നിന്നും അകന്നുനില്ക്കണമോ,ആത്മാവ് ആത്മാവില്‍ നിന്നും വിട്ടുനില്ക്കണമോ, ഇതില്‍ ഏതാണ് അങ്ങ് അര്‍ത്ഥമാക്കുന്നത് എന്നായി ചണ്ഡാളന്‍. തന്‍റെ മുന്നില്‍ നില്ക്കുന്ന വ്യക്തി നിസ്സാരനല്ല എന്നു മനസ്സിലാക്കി ശ്രീശങ്കരന്‍ ആ കാലടികളെ തൊട്ടുവണങ്ങി മാപ്പുചോദിച്ചു എന്നാണ് കഥ. ഈ സംഭവമാണ് മനീഷാപഞ്ചകമെഴുതാന്‍ ആചാര്യനെ പ്രേരിപ്പിച്ചതെന്നും പറയപ്പെടുന്നു. അവിടംകൊണ്ട് കഥ അവസാനിക്കുന്നില്ല. ഒരു ചണ്ഡാളനില്‍ ഇത്രയേറെ അറിവും ചിന്തയും ഉണ്ടാകാന്‍ പാടില്ലല്ലോ. അതിന് ശിഷ്യര്‍ പുതിയ കഥയുണ്ടാക്കി. ആചാര്യന്‍റെ അദ്വൈതചിന്തകള്‍‌ പൂര്‍ത്തിയായിട്ടില്ല എന്നു മനസ്സിലാക്കിയ സാക്ഷാല്‍ പരമ ശിവന്‍ ചണ്ഡാളനായി അവതരിച്ചാണ് ആചാര്യനുമായി തര്‍ക്കിച്ചത് എന്നതായിരുന്നു പുതിയ കഥ. ബ്രാഹ്മണനില്‍ കാണുന്നത്ര ആഴമുള്ള ചിന്തയും ബുദ്ധിയും മറ്റൊരാള്‍ക്ക് ഉണ്ടാകാന്‍ പാടില്ല എന്ന ചിന്താരീതിയുടെ സമീപനം ഇതായിരുന്നു.
കാലം ഒരുപാടുകടന്ന് ഇന്ത്യ ജനാധിപത്യം കൈവരിച്ചു. അന്ന് പ്രധാന പാര്‍ട്ടികള്‍ കോണ്‍ഗ്രസ്സും ലീഗുമായി. ഹിന്ദുവാദികള്‍ ജനസംഘമുണ്ടാക്കി. അധികാരത്തിനുവേണ്ടിയുള്ള വിലപേശലുകളില്‍  ജാതിക്കും മതത്തിനും മുന്‍തൂക്കമായി. മത-ജാതി സംഘടനാ നേതാക്കള്‍ക്ക് വലിയ പ്രാധാന്യം ലഭിച്ചു. ആയിരക്കണക്കിനു വ്യക്തികളെ കണ്ട് വോട്ടുചോദിക്കുന്നതിനു പകരം അവരുടെ ജാതിയെ പ്രതിനിധീകരിക്കുന്ന നേതാവിനെകണ്ട് പ്രീണിപ്പിച്ചാല്‍ മതി എന്ന നില വന്നു. കോണ്‍ഗ്രസ്സായാലും ജനതാപാര്‍ട്ടിയായാലും കമ്മ്യൂണിസ്റ്റായാലും തെരഞ്ഞെടുപ്പുകാലത്ത് പ്രദേശത്തെ ജാതി മത സമവാക്യങ്ങള്‍ നോക്കി സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാന്‍ തുടങ്ങി. മതേതരത്വത്തെ പുറമെ പുണര്‍ന്നും മതങ്ങളെ അകമെ പുണര്‍ന്നും ഒരുതരം ഞാണിന്മേല്‍ കളിക്ക് എല്ലാവരും വൈദഗ്ദ്ധ്യം നേടി. ഓരോ ജാതിയുടെയും മതത്തിന്‍റെയും യോഗങ്ങളില്‍ പങ്കെടുത്ത് ജാതിമതാദ്ധ്യക്ഷന്മാര്‍ക്ക് ഇഷ്ടം തോന്നും വിധം സംസാരിക്കാനും രാഷ്ട്രീയനേതാക്കള്‍ പരിശീലനം നേടി.
അംബേദ്ക്കര്‍ ഉള്‍‍പ്പെടെയുള്ള ഇന്ത്യന്‍ ഭരണഘടന ശില്പ്പികള്‍ ദീര്‍ഘദര്‍ശനം ചെയ്ത് നടപ്പിലാക്കിയ പട്ടികജാതി-പട്ടികവര്‍ഗ്ഗ സംവരണ നിയമങ്ങള്‍, അന്‍പത് വര്‍ഷങ്ങള്‍ കൊണ്ട് അവസാനിപ്പിക്കാന്‍ കഴിയും വിധം സമൂഹത്തെ , വിദ്യാഭ്യാസ-സാമ്പത്തിക-സാമൂഹിക-സാംസ്ക്കാരികപരമായി ഉയര്‍ത്താന്‍ നമ്മുടെ ജനാധിപത്യത്തിന് കഴിഞ്ഞില്ല. മറിച്ച് സംവരണത്തിന്‍റെ  വ്യാപ്തി വര്‍ദ്ധിക്കുകയാണുണ്ടായത്. പിന്നോക്ക സമുദായങ്ങള്‍ക്കുള്ള സംവരണം വിപ്ലവകരമായ ഒരു മുന്നേറ്റമായി പലരും വ്യാഖ്യാനിച്ചു. ആ സംഭവം ജാതി-മതചിന്തകള്‍ക്ക് പുതിയ മാനങ്ങള്‍ നല്കി. വടക്കേ ഇന്ത്യയില്‍ പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ രചിക്കപ്പെട്ടു. ഉത്തര്‍പ്രദേശിലും ബീഹാറിലും മറ്റും ജാതിമേല്ക്കോയ്മയുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ ശക്തമായി.
   മുന്‍പ് ജാതിവികാരം പ്രകടമാക്കാതിരുന്ന വ്യക്തികളും പ്രസ്ഥാനങ്ങളും പോലും മറിച്ച് ചിന്തിക്കാന്‍ ഇടയാക്കും വിധം സംവരണത്തിന്‍റെ വ്യാളീവിരലുകള്‍ നാനാവശങ്ങളിലേക്ക് പടര്‍ന്നുതുടങ്ങിയിരിക്കുന്നു. സ്വകാര്യസ്ഥാപനങ്ങളില്‍ പോലും നിയമനങ്ങളില്‍ സംവരണം വേണമെന്നും സ്ഥാനക്കയറ്റത്തിനും ജാതി അടിസ്ഥാനമാക്കണമെന്നും പറയുന്ന ഒരു ജനാധിപത്യ സംവിധാനത്തില്‍ സൌകര്യങ്ങള്‍ ലഭ്യമാകുന്നവരും സൌകര്യങ്ങള്‍ നഷ്ടപ്പെടുന്നവരും ജാതിചിന്തയുള്ളവരായി മാറുക സ്വാഭാവികം മാത്രം.
അവനവന്‍റെ വിശ്വാസങ്ങള്‍ക്കും സാമൂഹികാചാരങ്ങള്‍ക്കും മാത്രം ജാതിയും മതവും മതി എന്നു നിശ്ചയിക്കുന്ന ഒരു സമൂഹം നിലവില്‍ വരണമെങ്കില്‍ സംവരണ സംവിധാനം അവസാനിക്കേണ്ടതുണ്ട്. എന്നാല്‍ നിലവിലുള്ള സാമൂഹിക-രാഷ്ട്രീയ സാഹചര്യത്തില്‍ എത്ര നൂറ്റാണ്ടുകള്‍ പിന്നിട്ടാലും ഈ വ്യവസ്ഥിതിയില്‍ മാറ്റം വരാന്‍ പോകുന്നില്ല. അത് സംവരണം അര്‍ഹിക്കുന്ന ജനസമൂഹത്തിന്‍റെ എണ്ണം കുറയാത്തതുകൊണ്ടല്ല, മറിച്ച് സംവരണം ലഭിക്കുന്ന സമൂഹത്തിന്‍റെ സംഘടിത ശക്തിക്കുമുന്നില്‍, ഉയര്‍ന്നുനിന്ന് സത്യം വിളിച്ചുപറയാനും ശരി നടപ്പിലാക്കാനും കഴിയുന്ന രാഷ്ട്രീയശക്തി ഉണ്ടാകാന്‍ സാധ്യതയില്ല എന്നതാണ് അതിനു കാരണം.
സംവരണം ലഭിക്കുന്ന സമൂഹത്തിന്‍റെ സാമ്പത്തിക ക്രീമിലെയര്‍ ഉയര്‍ത്തിയതോടെ തന്നെ സംവരണം ഒരിക്കലും അവസാനിക്കാത്ത ഒരു ദായക്രമമായി മാറിക്കഴിഞ്ഞു. എന്നുമാത്രമല്ല, സംവരണം ലഭിക്കുന്ന സമൂഹത്തില്‍ തന്നെ സാമ്പത്തികമായി ഉയര്‍ന്ന ഒരു സവര്‍ണ്ണ വര്‍ഗ്ഗവും സാമ്പത്തികമായി താണ ഒരു അവര്‍ണ്ണ വര്‍ഗ്ഗവും ഉടലെടുത്തു കഴിഞ്ഞു. എന്നാല്‍ ക്രീമിലെയര്‍ ഉയര്‍ത്തുന്നത് തങ്ങള്‍ക്കാണ് ദോഷം ചെയ്യുക എന്നു മനസ്സിലാക്കാതെ അതിനായി മുറവിളി കൂട്ടി നേതാക്കള്‍ക്കൊപ്പം പോകാന്‍ പാവങ്ങള്‍ വിധിക്കപ്പെട്ടവരുമാകുന്നു. സംവരണം യഥാര്‍ത്ഥത്തില്‍ ലഭിക്കേണ്ടവര്‍ക്ക് പകരം സംവരണ സമുദായത്തിലെ ഉന്നതര്‍ അത് തട്ടിയെടുക്കുന്ന അവസ്ഥയാണ് നാമിന്നുകാണുന്നത്. ഇതിനൊരു പരിഹാരം ഒരിക്കല്‍ ജോലി സംവരണം ലഭിച്ചവരുടെ മക്കള്‍ക്ക് ഈ സൌകര്യം നല്കാതിരിക്കുക മാത്രമാണ്. ഇത്തരത്തില്‍ മറ്റുള്ളവര്‍ക്കൊപ്പമായി തീരുന്നവര്‍ക്ക് പ്രായേണ ജാതിചിന്ത കുറയാന്‍ സാധ്യതയുണ്ട്.

സമൂഹത്തിലെ സവര്‍ണ്ണര്‍ക്കൊപ്പമായി എന്ന് തലയെടുപ്പോടെ ഉയര്‍ന്നു നിന്നു പറയാനും സ്വന്തം ആത്മാഭിമാനം ഉറപ്പിക്കാനും ഇവര്‍ക്ക് കഴിയും. സംവരാണാനുകൂല്യം നേടിയവന്‍ എന്ന അപകര്‍ഷം ഇല്ലാതാകുമ്പോഴേ അവന്‍ ഒരു തികഞ്ഞ പൌരനായി മാറുകയുള്ളു. ഇത്തരത്തില്‍ ക്രമേണ സംവരണം ഇല്ലാതാക്കാനും സമൂഹത്തെ ഇന്ത്യക്കാര്‍ എന്ന ഏക വിചാരത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുവാനും കഴിയും. ഇതിനുള്ള ആര്‍ജ്ജവം രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കും സാമുഹായിക നേതൃത്വങ്ങള്‍ക്കും ഉണ്ടായി വന്നാല്‍ ഇന്ത്യ ഒരു മതേതര രാഷ്ട്രമായി തീരുമെന്നും പൌരന്മാരില്‍ നിന്നും രാഷ്ട്രീയപരമായ ജാതി-മത ചിന്തകള്‍ ഒഴിവാകുമെന്നും പ്രതീക്ഷിക്കാം. 

Wednesday, September 10, 2014

വിദ്യാഭ്യാസ രംഗത്തെ പരീക്ഷണങ്ങള്‍ കുട്ടികളുടെ ഗുണമേന്മ ഉയര്ത്തി യോ ?

വിദ്യാഭ്യാസ രംഗത്തെ പരീക്ഷണങ്ങള്‍ കുട്ടികളുടെ ഗുണമേന്മ ഉയര്‍ത്തിയോ ?
ഇന്ത്യയൊട്ടാകെയും പ്രത്യേകിച്ച് കേരളത്തിലും ഏറെ പരീക്ഷണങ്ങള്‍ക്ക് വിധേയമായ ഒരു രംഗമാണ് വിദ്യാഭ്യാസം. അതിന്‍റെ ശരിതെറ്റുകളെക്കുറിച്ച് വിശകലനം ചെയ്യാനോ ശാസ്ത്രീയമായി അപഗ്രഥിക്കാനോ കഴിവുള്ള ഒരു ശാസ്ത്രജ്ഞനോ വിചക്ഷണനോ അല്ല ഞാന്‍.എങ്കിലും ഒരു സാധാരണക്കാരനായ യാഥാസ്ഥിതികന്‍ എന്ന നിലയില്‍ ഇന്നത്തെ അവസ്ഥയെ നോക്കിക്കാണുമ്പോള്‍ ഒരു തിരിച്ചുപോക്കിന് സമയമായി എന്നു തോന്നുന്നു.
എന്തിനായിരുന്നു ഈ പരീക്ഷണങ്ങള്‍ ? ആര്‍ക്കുവേണ്ടി ? അതിലൂടെ കുട്ടികള്‍ എന്തുനേടി ? സമൂഹത്തില്‍ എന്ത് മാറ്റമുണ്ടാക്കി ?
തര്‍ക്കിക്കാന്‍ വേണ്ടി പുറപ്പെടുന്ന പലരും സ്വന്തം കുട്ടികളെ ഈ പരീക്ഷണങ്ങള്‍ക്ക് അപ്പുറത്ത് നിര്‍ത്തിയിട്ടാണ് ഗിനിപ്പന്നികളിലോ എലികളിലോ പരീക്ഷണം നടത്തിയത് എന്നു കാണാന്‍ കഴിയും. ഞാന്‍ ഉള്‍പ്പെട്ട തലമുറ സ്കൂള്‍ വിദ്യാഭ്യാസം നടത്തുമ്പോള്‍ ഗ്രാമങ്ങളിലെ സ്കൂളുകളില്‍ മൂന്നാം ക്ലാസ്സുവരെ പൂര്‍ണ്ണമായും മാതൃഭാഷയിലായിരുന്നു പഠനം.നാലില്‍ ഇംഗ്ലീഷ് പഠനം ആരംഭിക്കും. അഞ്ചു മുതല്‍ ഇംഗ്ലീഷും ഹിന്ദിയും മലയാളവും പഠിക്കുന്നതിനു പുറമെ സയന്‍സും കണക്കും സാമൂഹ്യപാഠവും വിഷയങ്ങളായി പഠിച്ചിരുന്നു.ഇതേ സമയം സമാന്തരമായി പട്ടണങ്ങളില്‍ ഇംഗ്ലീഷ് മീഡിയം സ്കൂളുകളും ഉണ്ടായിരുന്നു. അവിടെ ഉപരിവര്‍ഗ്ഗ സമൂഹം പഠനം നടത്തി വന്നു.ഇന്ന് മാതൃഭാഷയുടെ പുരോഗതിക്കായി രാവും പകലും പ്രാര്‍ത്ഥിക്കുന്ന പല സാംസ്ക്കാരിക നായകരുടെയും മക്കള്‍ അന്ന് അത്തരം സ്കൂളുകളില്‍ പഠിച്ച് ഉന്നതസ്ഥാനങ്ങളില്‍ എത്തി സുരക്ഷിതരായി. അന്ന് ശരാശരി കുട്ടികള്‍ക്ക് ഭയം ജനിപ്പിക്കുന്ന ഒരു കേന്ദ്രമായിരുന്നു സ്കൂളുകള്‍. അധ്യാപകന്‍ എന്നാല്‍ ഒരു വ്യക്തിയേക്കാള്‍ അധികം അയാളോട് ചേര്‍ന്നുവരുന്ന ചൂരലിന്‍റെ വേദനിപ്പിക്കുന്ന ഊര്‍ജ്ജമായിരുന്നു ഓര്‍മ്മകളില്‍. മാതൃഭൂമിയിലെ സ്കൂള്‍ ഓര്‍മ്മകളുടെ ഒരു പംക്തിപോലും മധുരച്ചൂരല്‍ എന്നാണറിയപ്പെടുന്നത്. ഈ ഭയത്തിന്‍റെ അന്തരീക്ഷത്തിലെ പഠനം ശരിയായിരുന്നോ എന്നു ചോദിച്ചാല്‍ അല്ല എന്നേ പറയാന്‍ കഴിയൂ. എന്നാല്‍ അക്ഷരങ്ങള്‍ കൂട്ടിവായിക്കാനും കണക്കിന്‍റെ ബാലപാഠങ്ങള്‍ പഠിക്കാനും ഓര്‍മ്മയുടെ മസ്തിഷ്കം തുറക്കാനുമൊക്കെ അധ്യാപകര്‍ കണ്ടെത്തിയ ഒരെളുപ്പ വിദ്യയായിരുന്നു ഈ ആയുധം. ഏത് കാലഘട്ടത്തിലാണ് ചൂരല്‍ വിദ്യാഭ്യാസത്തിന്‍റെ ആയുധമായത് എന്നകാര്യത്തില്‍ പഠനം നടന്നിട്ടുണ്ടോ എന്നറിയില്ല.
           ഏതായാലും കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട വിഷയങ്ങളും ഇഷ്ടമില്ലാത്ത വിഷയങ്ങളും ഒരുപോലെ പഠിക്കേണ്ടിവന്ന കാലമായിരുന്നു അത്. പത്താം ക്ലാസ്സുവരെയും അവന് ഇതല്ലാതെ മറ്റൊരു സാധ്യതയുമുണ്ടായിരുന്നില്ല. ഈ സമ്പ്രദായം ശരിയായ ദിശയിലായിരുന്നില്ല എന്നതില്‍ സംശയമില്ല. കണക്കില്‍ വളരെ മിടുക്കനായ കുട്ടിക്ക് ഇംഗ്ലീഷില്‍ വിജയിക്കാന്‍ കഴിയാത്തതിനാല്‍ പല ക്ലാസ്സുകളില്‍ തോല്ക്കുകയും ഹിന്ദി അറിയാത്തതിനാല്‍ തോല്‍വി സംഭവിക്കുകയുമൊക്കെയുണ്ടായി. ഇങ്ങനെ ഏഴിലും എട്ടിലുമൊക്കെ പഠനം നിര്‍ത്തിയ കുട്ടികള്‍ അക്കാലത്ത് ധാരാളമുണ്ടായിരുന്നു. ഇംഗ്ലീഷിനും മലയാളത്തിനും നൂറില്‍ നാല്പ്പത് മാര്‍ക്കും മറ്റു വിഷയങ്ങള്‍ക്ക് മുപ്പത്തിയഞ്ച് മാര്‍ക്കും ലഭിക്കാതെ അടുത്ത ക്ലാസ്സിലേക്ക് കടക്കാന്‍ കഴിയില്ലായിരുന്നു. പരീക്ഷയ്ക്ക് മാര്‍ക്കിടല്‍ പിശുക്കന്‍റെ പണപ്പെട്ടി പോലെയായിരുന്ന കാലം.ചില അധ്യാപകര്‍ക്ക് ചില കുട്ടികളോടുള്ള ഇഷ്ടക്കേടുപോലും മാര്‍ക്കിടലില്‍ പ്രതിഫലിച്ചു. സര്‍ക്കാര്‍ സ്കൂളുകളില്‍ രാഷ്ട്രീയാതിപ്രസരമുള്ള കാലവുമായിരുന്നു അത്. മിക്ക ദിവസങ്ങളിലും സമരമാണ്.ഏത് വിഷയമായാലും കുട്ടികളെ തെരുവിലിറക്കി കളിക്കുന്ന ഒരു രീതി അന്ന് നിലനിന്നിരുന്നു. എങ്കിലും അധ്യാപകര്‍ കഴിയുന്നതും പാഠ്യപദ്ധതി പ്രകാരമുള്ള ക്ലാസ്സുകള്‍ എക്സ്ട്രാ ക്ലാസ്സുകള്‍ വച്ചും പഠിപ്പിച്ചു തീര്‍ക്കാന്‍ ശ്രമിച്ചിരുന്നു. ഇന്നത്തെ പോലെ തന്നെ അന്നും മിടുക്കന്മാരായ അധ്യാപകരും മോശക്കാരായ അധ്യാപകരുമുണ്ടായിരുന്നു.ഓരോ ക്ലാസ്സിലും തിങ്ങിഞെരുങ്ങിയിരിക്കുന്ന നാല്പ്പതിലേറെ കുട്ടികളില്‍ കുറച്ചു മിടുക്കന്മാരും കുറെ ശരാശരിക്കാരും തീരെ മോശക്കാരുമുണ്ടായിരുന്നു. ഇവരെ മൊത്തമായി കണ്ട് പഠിപ്പിക്കുന്ന ശ്രമകരമായ രീതി ഇന്ന് ഓര്‍ക്കാന്‍ കഴിയാത്ത ഒന്നാണ്.ഒരു പക്ഷെ മധുരച്ചൂരല്‍ കരുതിയതിന്‍റെ കാരണവും അതാകാം. അന്ന് സ്കൂളുകളിലെ സമരബഹളങ്ങള്‍ക്കിടയില്‍ പഠനം തുടര്‍ച്ചയാകുന്നത് ട്യൂട്ടോറിയലുകളിലായിരുന്നു. ചില സ്കൂളുകളില്‍ രാവിലെ പത്തു മുതല്‍ നാലുവരെ പഠനമെങ്കില്‍ മറ്റു ചിലയിടങ്ങളില്‍ ഷിഫ്റ്റായിരുന്നു. രാവിലെ എട്ടു മുതല്‍ ഒന്നു വരെയും ഉച്ച കഴിഞ്ഞ് ഒന്നു മുപ്പതു മുതല്‍ അഞ്ച് മുപ്പതു വരെയും. ഈ കുട്ടികള്‍ ഭൂരിപക്ഷവും ട്യൂട്ടോറിയലുകളില് പോയിരുന്നു. അപ്പോള്‍ പഠനമെന്നത് സ്കൂള്‍,ട്യൂട്ടോറിയല്‍,വീട് എന്ന നിലയില്‍ ഒരു ദീര്‍ഘമായ വേളയായി മാറി. പുസ്തകത്തിന് അപ്പുറത്തേക്ക് പോകാതെയുള്ള പഠനമായിരുന്നു എന്നതുകൊണ്ട് ഒരേ കാര്യം ക്ലാസ്സിലും ട്യൂട്ടോറിയലിലും കേട്ട് ,ചൂരലിനെ ഭയന്ന്,വീട്ടിലെത്തി വീണ്ടും വായിച്ച് കാണാപ്പാഠം പഠിക്കുന്ന രീതിയായിരുന്നു അത്. ഇന്നത്തെപോലെ കാണാപ്പാഠം പഠിക്കുന്നത് ഒരു പാപമാണെന്ന് അന്നാരും കരുതിയിരുന്നില്ല. അതുകൊണ്ടു തന്നെ ഓര്‍മ്മയുടെ കോശങ്ങള്‍ വളര്‍ന്നു വികസിച്ചിരുന്നു. കഥയും കവിതയും കണക്കുകളും  ചരിത്രവും ശാസ്ത്രവുമെല്ലാം പരിമിതമായ നിലയിലാണ് പഠിച്ചതെങ്കിലും ഒരു കംപ്യൂട്ടറിന്‍റെയോ കാല്‍ക്കുലേറ്ററിന്‍റെയോ മൊബൈല്‍ ഫോണിന്‍റെയോ  സഹായമില്ലാതെ കണക്കുകള്‍ ചെയ്യാനും കാര്യങ്ങള്‍ ഓര്‍ത്തെടുക്കാനും കഴിഞ്ഞിരുന്നു. ഇന്നിപ്പോള്‍ നൂറും നൂറും എത്രയെന്ന് കാല്‍ക്കുലേറ്ററില്‍ കണക്ക് കൂട്ടുന്ന കുട്ടികളുടെ കാലമാണ്. ഇത് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്‍റെ തകരാണ് എന്നു ഞാന്‍ പറയും. അപ്പോള്‍ കുറെ വിദഗ്ധന്മാരുടെ പേരും ഉദ്ധരണികളും ഉപയോഗിച്ചതിനെ ഖണ്ഡിക്കാന്‍ വിചക്ഷണന്മാര്‍ക്ക് കഴിയുമായിരിക്കും,പക്ഷെ ഇതാണ് സത്യമെന്നെ ഞാന്‍ വിശ്വസിക്കൂ. അന്ന് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ എന്നാല്‍ ഗ്രൌണ്ടിലെ ഗുസ്തിമറിയലും കിളിത്തട്ടുകളിയും കബഡിയുമൊക്കെയായിരുന്നു. അപൂര്‍വ്വം സ്കൂളുകളില്‍ ഫുട്ബാളും കളിപ്പിച്ചിരുന്നു. പഠ്യേതര വിഷയം പാട്ടും ചിത്രരചനയുമായിരുന്നു. രണ്ടിലും താത്പ്പര്യമില്ലാത്ത കുട്ടിയും അതില്‍ പങ്കെടുക്കേണ്ടിയിരുന്നു എന്നത് വിചിത്രമായ കാര്യം. ഈ സമ്പ്രദായത്തില്‍ ന്യൂനതകള്‍ ഏറെയുണ്ടായിരുന്നു.
അവയില്‍ പ്രധാനം ചൂരല്‍ എന്ന ആയുധം തന്നെയായിരുന്നു. ഇംപോസിഷന്‍ എന്ന രീതിയില്‍ നൂറുവട്ടമൊക്കെ ഒരു കാര്യം എഴുതിക്കുന്ന രീതി, ക്ലാസ്സിലെ പരിമിതികള്‍,കുട്ടികളുടെ എണ്ണത്തിലെ വര്‍ദ്ധന,മിടുക്കര്‍ക്കൊപ്പം മറ്റുള്ളവരെ എത്തിക്കാന്‍ കഴിയാതിരുന്ന അവസ്ഥ,സമരങ്ങള്‍,ഇഷ്ടമില്ലാത്ത വിഷയങ്ങള്‍ പത്ത് വരെ പഠിക്കേണ്ടി വരുന്ന ഗതികേട് എന്നിവയും ശ്രദ്ധയങ്ങളാണ്.
കാണാതെ പഠിച്ച കാര്യങ്ങള്‍ പരീക്ഷയ്ക്ക് എഴുതിയാല്‍ മാത്രം വിജയിക്കുന്ന അന്നത്തെ കാലത്ത് പത്താം തരം വിജയശതമാനം മുപ്പത്തിയഞ്ച് നാല്പ്പത് ശതമാനമായിരുന്നു. ചെറിയ മോഡറേഷനുകളോടെ അത് അന്‍പതിനടുത്തെത്തിയിരുന്നു. ഞാനോര്‍ക്കുന്നു,എന്‍റെ ക്ലാസ്സിലെ നാല്പ്പത്തിനാല് കുട്ടികളില്‍ ഞാന്‍ മാത്രമായിരുന്നു അന്ന് പത്ത് ജയിച്ചത്. സ്കൂളിലെ മികച്ച ഡിവിഷനുകളായ എയിലും ബിയിലുമൊഴികെ മറ്റെല്ലായിടവും നാമമാത്ര വിജയം. ഇന്ന് തൊണ്ണൂറിനു മുകളില്‍ വിജയമുണ്ടാകുന്നത്  പുതിയ തലമുറയുടെ ബുദ്ധി വികസിച്ചതുകൊണ്ടോ വിദ്യാഭ്യാസ സമ്പ്രദായത്തിന്‍റെ മികവുകൊണ്ടോ അല്ല എന്ന് ജയിച്ച കുട്ടികളുടെ അറിവും ജ്ഞാനവും പരിശോധിക്കുമ്പോള്‍ മനസ്സിലാകും. പരീക്ഷയ്ക്ക് മാര്‍ക്കിടുന്ന രീതിയില്‍ വന്ന മാറ്റമാണ് ഇതിനെല്ലാം കാരണം. യഥാര്‍ത്ഥത്തില്‍ ജയിക്കാന്‍ കഴിയുന്ന സമര്‍ത്ഥന്മാരുടെ എണ്ണം തുലോം കുറഞ്ഞിരിക്കുന്നു. വഴിയില്‍ പലയിടത്തും വഴിമാറി പോകേണ്ടിയിരുന്ന കുട്ടികളെ ഒരേ പാതയിലൂടെ തെളിച്ചുകൊണ്ടുവന്ന് പ്ലസ്സ് ടു കടത്തിവിടുകയാണ്. അതുവരെ മലയാളത്തില്‍ വിഷയങ്ങള്‍ പഠിച്ചവന്‍ ഡിഗ്രിക്കും പ്രൊഫഷണല്‍ കോഴ്സിനും ഇംഗ്ലീഷിന്‍റെ ലോകത്തേക്ക് എടുത്തെറിയപ്പെടുകയാണ്.അവന്‍റെ അങ്കലാപ്പ് ആരും മനസ്സിലാക്കുന്നില്ല. അത്യാവശ്യം നന്നായി ഒരു ഖണ്ഡിക ഇംഗ്ലീഷിലോ മലയാളത്തിലോ എഴുതാന്‍ കഴിയാത്തവനായി ഭൂരിപക്ഷം പ്ലസ്സ് ടു വിദ്യാര്‍ത്ഥികളും മാറുന്നു. എന്നിട്ടും അവന് പ്രൊഫഷണല്‍ കോഴ്സുകളിലും കോളേജുകളിലും പ്രവേശനം കിട്ടുന്നു.അവിടെ അവന്‍റെ ജീവിതം അവസാനിക്കുകയാണ്. ഏത് കാലത്തും മിടുക്കന്മാര്‍ കയറി പോകും,മറ്റുള്ളവരുടെ സ്ഥിതിയാണ് പരിതാപകരം.
പത്ത് വര്‍ഷമായിട്ടും എന്‍ജിനീയറിംഗ് പൂര്‍ത്തിയാകാത്ത അനേകായിരം കുട്ടികള്‍ കേരളത്തിലുണ്ട്. അവര്‍ തന്നെ അടുത്ത തലമുറയ്ക്ക് ക്ലാസ്സെടുക്കുന്ന ദുരന്തവും സ്വകാര്യ കോളേജുകളില്‍ അരങ്ങേറുന്നു. പഠിച്ചിറങ്ങുന്നവര്‍ക്ക് അതിനനുസരിച്ചുള്ള തൊഴിലുമില്ല.അവര്‍ സൂപ്പര്‍ മാര്‍ക്കറ്റുകളിലും മാളുകളിലും ജോലിക്കാരാകുന്നു.ന്യൂ ജനറേഷന്‍ ഹോട്ടലുകളില്‍ പണി ചെയ്യുന്നു. അതിലേറെ പണവും സ്വൈരജീവിതവും ലഭിക്കാവുന്ന സ്കില്‍ഡ് ജോലികളില്‍ അന്യസംസ്ഥാനക്കാര്‍ വിരാജിക്കുമ്പോള്‍ , അതിനേക്കാള്‍ മോശം ജോലികള്‍ നാട്ടിലേതിനേക്കാള്‍ കുറഞ്ഞ ശമ്പളത്തില്‍ ചെയ്യാന്‍ അഭിമാനിയായ മലയാളി ട്രെയിനും വിമാനവും കയറുന്നു.നമുക്ക് എവിടെയാണ് തെറ്റിയത് . പരിമിത ചിന്തയില്‍ തോന്നുന്ന ചില കാര്യങ്ങള്‍ കുറിക്കട്ടെ.
ഓരോ തൊഴിലിനും നമുക്കാവശ്യമായ തൊഴിലാളികളുടെ എണ്ണത്തെക്കുറിച്ച് നാം ബോധവാന്മാരല്ല എന്നത് ഒരു കാരണമാണ്. കുട്ടികളുടെ കഴിവ് പരിശോധിച്ച് ദിശാബോധം നല്കാന്‍ നമുക്ക് കഴിയുന്നില്ല, പകരം മാനേജ്മെന്‍റുകളെ സഹായിക്കുന്ന സമീപനമാണ് കച്ചവടമായി കാണുന്ന വിദ്യാഭ്യാസത്തില്‍ നടക്കുന്നത്. തൊഴിലിന്‍റെ അന്തസ്സിനെക്കുറിച്ച് കാര്യമായ ബോധം കുട്ടികളില്‍ ജനിപ്പിക്കുന്നില്ല. ഐടിഐയിലും പോളിടെക്നിക്കിലും പോകേണ്ട കുട്ടികള്‍ പോലും അവരുടെ ബുദ്ധിപരവും സാങ്കേതികവുമായ മികവ് പരിശോധിക്കപ്പെടാതെ എന്‍ജിനീയറിംഗിലേക്ക് എത്തിപ്പെടുന്നു. മെഡിക്കല്‍ രംഗത്തുള്‍പ്പെടെ ഈ പ്രവണതയുണ്ടാകുമ്പോള്‍ നല്ല ശാസ്ത്രജ്ഞന്മാരും നല്ല അധ്യാപകരും ഇല്ലാതാകുന്നു. അപ്പോഴും നമുക്ക് പിഴവുപറ്റിയിട്ടില്ല എന്നാണ് ആണയിടുന്നതെങ്കില്‍ അതിന്‍റെ സംശുദ്ധി ചോദ്യം ചെയ്യപ്പെടേണ്ടതാണ്.
ചില യാഥാസ്ഥിതിക പരിഹാര ചിന്തകള്‍ മനസ്സില്‍ വരുകയാണ്. ആരെങ്കിലും ചര്‍ച്ച ചെയ്യുകയെങ്കിലും ചെയ്താല്‍ അത്രയും നന്ന്. ഞാന്‍ തിരുത്തേണ്ടതുണ്ടെങ്കില്‍ അതിനും സന്തോഷമേയുള്ളു.
എല്‍കെജി മുതല്‍ പന്ത്രണ്ടു വരെയും മാതൃഭാഷയും ഇംഗ്ലീഷും നിര്‍ബന്ധമായും പഠിപ്പിക്കുക.സംസാര ഭാഷയ്ക്ക് പ്രാധാന്യം നല്കണം. അഞ്ചു മുതല്‍ പത്തു വരെ ക്ലാസ്സുകളില്‍ ഹിന്ദിഭാഷ ലളിതമായ രീതിയില്‍ സ്പോക്കണ്‍ ഹിന്ദിക്ക് പ്രാധാന്യം നല്കി പഠിപ്പിക്കുക.മറ്റു വിഷയങ്ങളുടെ പഠനം നിര്‍ബ്ബന്ധമായും ഇംഗ്ലീഷിലായിരിക്കണം. അടിസ്ഥാന സയന്‍സും സാമൂഹ്യപാഠവും കണക്കും ഏഴാം ക്ലാസ്സുവരെ നിര്‍ബ്ബന്ധമായും പഠിപ്പിക്കുക.എട്ടു മുതല്‍ താത്പ്പര്യമുള്ള വിഷയങ്ങള്‍ മാത്രം എടുത്ത് പഠിക്കാന്‍ അനുവദിക്കുക. കംപ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ച് പഠനം നടത്തുമ്പോഴും കുട്ടിയുടെ തലച്ചോറിന്‍റെ ഓര്‍മ്മ,ചിന്ത,ഭാവന തുടങ്ങിയ മേഖലകള്‍ വളരാന്‍ അനുവദിക്കും വിധമാകണം പഠനം .പരീക്ഷകള്‍ വഴിപാടാക്കാതെ നിശ്ചയിച്ച ഗ്രേഡുകളില്‍ അവനെ എത്തിക്കാനുള്ള ശ്രമം സ്കൂളിലുണ്ടാകണം. നാല്പ്പത് ശതമാനമെങ്കിലും മാര്‍ക്ക് നേടാന്‍ കഴിയാത്ത കുട്ടിക്ക് പ്രത്യേക പരിശീലനം നല്കി അതിലേക്ക് എത്തിക്കണം. വേഗത്തില്‍ നടക്കാന്‍ കഴിയാത്ത കുട്ടിയെ നടക്കാന്‍ സഹായിക്കയാണ് വേണ്ടത്. പകരം ചുമലിലെടുത്ത് കൊണ്ടുപോയാല്‍ പിന്നീടവന് ഈ താണ്ടിയ പാതയുടെ സുഖവും ദുഃഖവും അറിയാന്‍ കഴിയാതെ വരും.ഇഷ്ടമുള്ള ഒരു അഡീഷണല്‍ സ്കില്ലും , അത് പ്ലബിംഗ്,തയ്യല്‍,ഇലക്ട്രിക്കല്‍ തുടങ്ങി ഏതുമാകാം, ഇഷ്ടമുള്ള ഒരു കലയും നിര്‍ബ്ബന്ധമായും പഠിപ്പിക്കുക.ഒരു ക്ലാസ്സില്‍ നിന്നും അടുത്ത ക്ലാസ്സിലേക്ക് ഒരു വര്‍ഷം കൊണ്ട് കയറിപോകാന്‍ കഴിയാത്ത കുട്ടിക്ക് ഒരവസരം കൂടി നല്കി അവനെ അടുത്ത വര്‍ഷം അവിടെ എത്തിക്കുന്നതാകും ഉചിതം. പത്ത് കഴിയുമ്പോള്‍ അവന്‍റെ കഴിവുകള്‍ പരിശോധിച്ച് അവനെ ഐടിഐ,കാര്‍ഷികം,കരകൌശലം തുടങ്ങിയ മേഖലകളിലേക്കോ പ്ലസ്സ് ടു വിനോ വിടാന്‍ കഴിയണം. പ്ലസ്സ് ടു വിഷയ നിര്‍ണ്ണയത്തിലും ഈ സമീപനം വേണം. അതിന് കഴിയുന്ന സമിതികള്‍ ഉണ്ടാവണം.അധ്യാപകരും മനശാസ്ത്രജ്ഞരും വിദഗ്ധരും ഉള്‍പ്പെടുന്ന സമിതികളാവണം അത്. തുടര്‍ന്ന് പ്ലസ്സ് ടു പഠനം കഴിയുമ്പോള്‍ പെളിടെക്നിക്,എന്‍ജിനീയറിംഗ്,മെഡിസിന്‍,അടിസ്ഥാന വിഷയങ്ങള്‍, ശാസ്ത്രം, അധ്യാപനം,മാധ്യമ മേഖല തുടങ്ങി ശാഖ തിരിക്കാനും മൂന്ന് ഓപ്ഷനുകള്‍ നിര്‍ണ്ണയിക്കാനും കഴിയണം. മത്സര പരീക്ഷയിലൂടെ കുട്ടികള്‍ അവരുടെ മേഖല കണ്ടെത്തണം. അധ്യാപകരുടെ മേന്മയളക്കാനും സംവിധാനമുണ്ടാകണം. ഈ അസ്സസ്സ്മെന്‍റില്‍ കുട്ടികളെയും പങ്കാളികളാക്കണം. മിടുക്കര്‍ക്ക് മാത്രമെ ഇന്‍ക്രിമെന്‍റ് അനുവദിക്കാവൂ.
ഇത്തരമൊരു സമീപനം ഗൌരവമായി എടുക്കണമെന്നും കേരളമെങ്കിലും ഇതിനായി മുന്നോട്ടു വരണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു.ചര്‍ച്ചകളിലൂടെ ഇതിനെ പരുവപ്പെടുത്തി എടുക്കാവുന്നതാണ്. കമ്പോളത്തിന് ആവശ്യമായ തലമുറയെ വാര്‍ത്തെടുക്കുകയല്ല വേണ്ടത് കഴിവുകളെ കണ്ടെത്തി മികവുറ്റ ജനതയെ വാര്‍ത്തെടുക്കയാണ് ആവശ്യം എന്ന തിരിച്ചറിവ് നമുക്കുണ്ടാവണം