Saturday, September 27, 2014

Forest Right and Tribes

വനാവകാശ നിയമവും ആദിവാസി പരിരക്ഷയും                       
കോളനി വാഴ്ചക്കാലത്തും സ്വാതന്ത്ര്യം ലഭിച്ച ശേഷം സ്വതന്ത്രഇന്ത്യയിലും ആദിവാസികള്‍ അനുഭവിച്ചുവരുന്ന അനീതികള്‍ക്കുള്ള പരിഹാരമെന്ന നിലയിലാണ് വനാവകാശ നിയമം-2006 കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയത്. 2006 ഡിസംബര്‍ 29ന് രാഷ്ട്രപതി ഒപ്പിട്ട് 2007 ജനുവരി രണ്ടിന് ഗസറ്റ് വിജ്ഞാപനമായ വനാവകാശ നിയമം , പരമ്പരാഗതമായി വനത്തില്‍ താമസിക്കുകയും ജീവിതവൃത്തി കഴിക്കുകയും ചെയ്യുന്ന ആദിവാസികളുടെയും വനവാസികളുടെയും വനാവകാശമാണ് നിയമം മൂലം അംഗീകരിച്ചിരിക്കുന്നത്.
വനത്തിന്‍റെ നിലനില്പ്പിനും ജൈവവൈവിദ്ധ്യ സംരക്ഷണത്തിനും പരിസ്ഥിതി സന്തുലിതാവസ്ഥയുടെ നിലനില്പ്പിനും പ്രധാനപങ്ക് വഹിക്കുന്ന ആദിവാസികള്‍ക്ക് അതോടൊപ്പം അവരുടെ ജീവിതവൃത്തിയും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കാന്‍ ഈ നിയമം ലക്ഷ്യമിടുന്നു. പരമ്പരാഗതമായി കൈവച്ചനുഭവിച്ചുവന്ന ഭൂമിയിലോ ആവാസവ്യവസ്ഥയിലോ ആദിവാസികള്‍ക്ക് ഒരവകാശവും നല്കാതിരുന്ന ചരിത്രപരമായ അനീതിക്ക് ഇതോടെ അവസാനമാകുമെന്ന് പ്രതീക്ഷിക്കാം. സര്‍ക്കാരിന്‍റെ വികസനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാടുപേക്ഷിക്കേണ്ടി വരുന്നവരുടെ സുരക്ഷയും ഈ നിയമം ലക്ഷ്യമിടുന്നുണ്ട്.
ജമ്മുകാഷ്മീര്‍ ഒഴികെ മറ്റെല്ലാസംസ്ഥാനങ്ങള്‍ക്കും ബാധകമാകുന്നതാണ് വനാവകാശനിയമം. ഗ്രാമത്തില്‍ പരമ്പരാഗതമായുള്ള കാടും അവയുടെ അതിര്‍ത്തികളും,റിസര്‍വ്വ് വനം,സംരക്ഷിത വനം,ആദിവാസികള്‍ പരമ്പരാഗതമായി ഉപയോഗിച്ചുവന്ന ദേശീയ പാര്‍ക്കുകള്‍,വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങള്‍ എന്നിവ ഈ നിയമത്തിന്‍റെ പരിധിയില്‍ വരുന്നവയാണ്.
വനഭൂമി കൈവശം വയ്ക്കാനും കൃഷി നടത്താനും സാമൂഹ്യപരമായ അവകാശങ്ങള്‍ നിറവേറ്റാനും നിയമം അനുമതി നല്കുന്നുണ്ട്. ചെറുകിട വനഉത്പ്പന്നങ്ങള്‍ ശേഖരിക്കാനും വില്ക്കാനുമുള്ള അവകാശവും പുഴയില്‍ നിന്നും മീന്‍പിടിക്കാനും പുല്‍മേടുകളിലെ ഉത്പ്പന്നങ്ങള്‍ ശേഖരിക്കാനും നിയമം ആദിവാസികളെ അനുവദിക്കുന്നു.വനത്തില്‍ ലഭിക്കുന്ന ജൈവഭക്ഷ്യഉത്പ്പന്നങ്ങള്‍ കണ്ടെത്തി ഉപയോഗിക്കാനും നിയമം ഉറപ്പു നല്കുന്നു. സര്‍ക്കാരോ പ്രാദേശിക സര്‍ക്കാര്‍ സ്ഥാപനങ്ങളോ വനഭൂമിക്ക് നല്കിയിട്ടുള്ള പാട്ടങ്ങളും ഗ്രാന്‍റുകളും ലീസുകളും ടൈറ്റിലുകളാക്കാനുള്ള അവകാശവും ആദിവാസികള്‍ക്ക് ഈ നിയമം ഉറപ്പു നല്കുന്നു. ജൈവവൈവിദ്ധ്യത്തിലും പരമ്പരാഗത അറിവുകളിലും ബൌദ്ധികസ്വത്തവകാശ പ്രകാരമുള്ള സാമൂഹിക അവകാശവും ആദിവാസികള്‍ക്ക് ഈ നിയമംവഴി ലഭിക്കുന്നു.
വന്യമൃഗങ്ങളെ വേട്ടയാടുകയോ അവയുടെ ശരീരഭാഗങ്ങള്‍ എടുക്കുകയോ ചെയ്യാന്‍ വനവാസികള്‍ക്ക് അവകാശമില്ലെങ്കിലും കാടുമായി ബന്ധപ്പെട്ട ഗുണപരമായ എല്ലാ പരമ്പരാഗത ഇടപെടലുകളും നടത്താന്‍ വനവാസിക്ക് നിയമം അവകാശം നല്കുന്നു. വനത്തില്‍ നിന്നും ഏതെങ്കിലും വിധത്തില്‍ ഒഴിവാക്കപ്പെടുന്ന വനവാസിക്ക് നിയമപരമായ അവകാശങ്ങള്‍ നല്കുകയോ പകരം ഭൂമി നല്കി കുടിയിരുത്തുകയോ ചെയ്യാന്‍ സര്‍ക്കാരിനുള്ള ബാധ്യസ്ഥത നിയമം ഊന്നിപ്പറയുന്നു.
ആദിവാസി ജീവിതം മെച്ചപ്പെടുത്താനായി സ്കൂള്‍,ആശുപത്രി,അംഗന്‍വാടി,ന്യായവിലക്കട,വൈദ്യുതി-വാര്‍ത്താവിതരണ കമ്പികള്‍,ജലകേന്ദ്രങ്ങള്‍, കുടിവെള്ള പദ്ധതികള്‍ ,കുടിവെള്ളക്കുഴലുകള്‍,മഴവെള്ള ശേഖരം,ചെറുകിട ജലസേചന തോടുകള്‍,പാരമ്പര്യേതര ഊര്‍ജ്ജസംരഭങ്ങള്‍,പരമ്പരാഗത പരിശീലനകേന്ദ്രങ്ങള്‍,മികവ് ഉയര്‍ത്തല്‍ കേന്ദ്രങ്ങള്‍,റോഡുകള്‍,സാമൂഹിക കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് വനഭൂമി നല്കാനും നിയമം അനുശാസിക്കുന്നു.എന്നാല്‍ ഒരു ഹെക്ടറില്‍ നിന്നും എഴുപത്തിയഞ്ച് മരങ്ങളില്‍ കൂടുതല്‍ മുറിക്കാന്‍ പാടില്ലെന്നുള്ള നിയമവും അംഗീകരിച്ചിട്ടുണ്ട്. ഇത് ഗ്രാമസഭകള്‍ ശുപാര്‍ശ ചെയ്യുകയും വേണം.
ആദിവാസികള്‍ക്ക് കാട്ടിലുള്ള സ്വാതന്ത്ര്യത്തിനും പരിമിതി കല്പ്പിച്ചിട്ടുണ്ട്. വന്യമൃഗങ്ങള്‍ക്ക് ദോഷകരവും നിലനില്പ്പിന് ഭീഷണി ഉയര്‍ത്തുന്നതുമായ ആദിവാസി സാന്നിദ്ധ്യവും സെറ്റില്‍മെന്‍റും അനുവദിക്കില്ല എന്ന് നിയമത്തില്‍ പറയുന്നു.പുനരധിവാസവും ബദല്‍ പാക്കേജും സര്‍ക്കാര്‍ പ്രഖ്യാപിക്കുകയാണെങ്കില്‍ , സമുദായവും ഗ്രാമസഭയും അത് അംഗീകരിക്കേണ്ടതുണ്ട്. എല്ലാ അര്‍ത്ഥത്തിലും ഗുണപ്രദമെന്നുകണ്ടാല്‍ ആദിവാസികള്‍ക്ക് അത് സ്വീകരിക്കാം. എന്നാല്‍ ആദിവാസികളെ ഒഴിപ്പിച്ച ഇടത്ത് മറ്റൊരാവശ്യത്തിനും ആ ഭൂമി ഉപയോഗിക്കാന്‍ പാടില്ല എന്നും നിയമത്തില്‍ പറയുന്നു.
2005 ഡിസംബര്‍ 13ന് മുന്‍പ് താമസമാക്കിയിട്ടുള്ള വനഭൂമിയില്‍ മാത്രമെ നിയമപരമായി ആദിവാസികള്‍ക്ക് അവകാശമുന്നയിക്കാന്‍ കഴിയുകയുള്ളു. ഭാര്യാഭര്‍ത്താക്കന്മാര്‍ക്കും അവിവാഹിതര്‍ക്കും വനഭൂമിയില്‍ അവകാശമുണ്ടാകും.തുടര്‍ന്ന് അവരുടെ മക്കള്‍ക്കും മക്കളില്ലെങ്കില്‍ അടുത്ത ബന്ധുവിനും അവകാശം ലഭിക്കും. വനവാസി കൈവശം വച്ചിരിക്കുന്ന ഭൂമി അയാളുടേതല്ലെന്ന് കൃത്യമായി തെളിയിക്കും വരേക്കും അയാളെ ആ ഭൂമിയില്‍ നിന്നും പുറത്താക്കാന്‍ പാടില്ല. നാല് ഏക്കറില്‍ കൂടുതല്‍ ഭൂമി കൈവശം വയ്ക്കാനും ആദിവാസിക്ക് അവകാശമുണ്ടായിരിക്കില്ല. നല്കുന്ന ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ ബാദ്ധ്യതകളും നിയമ നടപടികളും ഒഴിവാക്കിയും പണമിടപാടുകളില്‍ നിന്നും ഒഴിവാക്കിയുമാണ് വനാവകാശപ്രകാരം ഭൂമി നല്കുന്നത്.
വനസംരക്ഷണത്തിന്‍റെ ഭാഗമായി ആദിവാസികളെ ഒഴിപ്പിച്ച ഭൂമിക്ക് പകരം ഭൂമി നല്കാതിരിക്കുകയോ ഒഴിപ്പിച്ച ഭൂമി അഞ്ചു വര്‍ഷം ഉപയോഗിക്കാതെ ഇട്ടിരിക്കയോ ചെയ്താല്‍ ഒഴിഞ്ഞുപോകേണ്ടിവന്ന വ്യക്തികള്‍ക്ക് അതില്‍ അവകാശം ഉന്നയിക്കാം.
വനത്തില്‍ ആദിവാസികള്‍ക്കുള്ള അവകാശം പോലെതന്നെ ചില കടമകളും നിയമത്തില്‍ പറയുന്നുണ്ട്. വനം,വന്യജീവി,ജൈവവൈവിദ്ധ്യം എന്നിവയെ സംരക്ഷിക്കുക,വൃഷ്ടിപ്രദേശം ,ജലസ്രോതസ്സുകള്‍,ആവാസകേന്ദ്രങ്ങള്‍ എന്നിവ സംരക്ഷിക്കുക,ആദിവാസി സംസ്ക്കാരവും പാരമ്പര്യവും നശിക്കാതെ സൂക്ഷിക്കുക,വനസംരക്ഷണത്തിനായി ഗ്രാമസഭകള്‍ എടുക്കുന്ന തീരുമാനങ്ങള്‍ അനുസരിക്കുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
വ്യക്തികളും കൂട്ടായ്മകളും വനാവകാശപ്രകാരം നല്കുന്ന പരാതികള്‍ സ്വീകരിച്ച് പരിശോധിക്കാനും ശുപാര്‍ശ ചെയ്ത് സബ് ഡിവിഷണല്‍ സമിതിക്ക് സമര്‍പ്പിക്കാനും ഗ്രാമസഭയ്ക്കാണ് അധികാരമുള്ളത്. ഗ്രാമസഭയുടെ തീരുമാനം ശരിയല്ല എന്നു തോന്നിയാല്‍ പരാതിക്കാരന് അത് സബ് ഡിവിഷണല്‍ സമിതിയെ രേഖാമൂലം അറിയിക്കാവുന്നതാണ്. ഗ്രാമസഭയുടെ തീരുമാനത്തീയതി മുതല്‍ അറുപത് ദിവസങ്ങള്‍ക്കകം ഇത് നല്കണം. ഇത് പരിശോധിച്ച് സമിതി ഉചിതമായ തീരുമാനം കൈക്കൊള്ളും.പരാതി തള്ളുകയാണെങ്കില്‍ അയാള്‍ക്ക് തന്‍റെ വാദം അവതരിപ്പിക്കാന്‍ അവസരവും നല്കണം. അവസാനതീരുമാനം കൈക്കൊള്ളുന്നത് ജില്ലാസമിതിയാണ്. ജില്ലാ സമിതിയെ സബ് ഡിവിഷണല്‍ സമിതിയാണ് തീരുമാനങ്ങളും പരാതികളും അറിയിക്കുന്നത്. സബ് ഡിവിഷണല്‍ സമിതി തീരുമാനത്തില്‍ പരാതിയുണ്ടെങ്കില്‍ അറുപത് ദിവസങ്ങള്‍ക്കുള്ളില്‍ അത് ജില്ലാ സമിതിയെ അറിയിക്കണം. സംസ്ഥാനതലത്തില്‍ മോണിറ്ററിംഗ് സമിതി മാത്രമേ ഉണ്ടാവുകയുള്ളു. ജില്ല,സബ് ഡിവിഷന്‍,ഗ്രാമസഭ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി നോഡല്‍ ഏജന്‍സിക്ക് റിപ്പോര്‍ട്ട് നല്കുന്നത് സംസ്ഥാനതല മോണിറ്ററിംഗ് സമിതിയായിരിക്കും. ആദിവാസിക്ഷേമത്തിനുള്ള കേന്ദ്ര സര്‍ക്കാര്‍ വകുപ്പ്,കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിക്കുന്ന സ്ഥാപനം അല്ലെങ്കില്‍ ഉദ്യോഗസ്ഥനായിരിക്കും നോഡല്‍ ഏജന്‍സി.
റവന്യൂ,വനം,ആദിവാസി കാര്യം എന്നീ വകുപ്പുകളിലെയും പഞ്ചായത്ത് രാജ് സ്ഥാപനങ്ങളിലെ മൂന്ന് ജനപ്രതിനിധികള്‍ എന്നിവരാണ് ഓരോ അനുയോജ്യതലത്തിലും അംഗങ്ങളായുണ്ടാവുക.ജനപ്രതിനിധികളില്‍ രണ്ടുപേര്‍ പട്ടികവര്‍ഗ്ഗക്കാരും ഒരാള്‍ വനിതയുമായിരിക്കണമെന്നും വനാവകാശനിയമം അനുശാസിക്കുന്നു. സമിതിയുടെ ഘടനയും പ്രവര്‍ത്തനവും നിശ്ചയിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. ഏതെങ്കിലും ഉദ്യോഗസ്ഥരോ ഉത്തരവാദപ്പെട്ടവരോ വനാവകാശം ലംഘിച്ചാല്‍,നിയമ നടപടിയും ആയിരം രൂപവരെ പിഴയും നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ പ്രസ്തുത ഉദ്യോഗസ്ഥന്‍ നീതിപൂര്‍വ്വം പ്രവര്‍ത്തിക്കുന്നയാളാണ് എന്ന് ഉറപ്പായാലും അയാളുടെ അറിവോടെയല്ല ലംഘനം നടന്നത് എന്ന് തെളിയുകയും ചെയ്താല്‍ ശിക്ഷയുണ്ടാവില്ല.

വനവാസിയോ ഗ്രാമസഭയോ നല്കുന്ന പരാതിയില്‍ സംസ്ഥാന മോണിറ്ററിംഗ് സമിതി തീരുമാനം കൈക്കൊള്ളാതിരുന്നാല്‍ അറുപത് ദിവസത്തിനുശേഷം അവര്‍ക്ക് കോടതിയെ സമീപിക്കാമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു. സമിതിയിലെ എല്ലാ അംഗങ്ങളും പൊതുജനസേവകര്‍ എന്ന പരിധിയില്‍ വരുമെന്നും നിയമം ഉറപ്പാക്കുന്നുണ്ട്. വനവാസികളുടെ നന്മ ലക്ഷ്യമിട്ട് ഒരുദ്യോഗസ്ഥന്‍ ചെയ്ത നല്ല നടപടികള്‍ക്കെതിരെ കേസിന് പോകാനും നിയമം അനുവദിക്കുന്നില്ല. നന്മ ലക്ഷ്യമിട്ട പ്രവര്‍ത്തിയിലൂടെ വരുന്ന കേടുപാടുകള്‍ക്കെതിരെയും കേസിന് പോകാന്‍ കഴിയില്ല. സമിതിയംഗങ്ങളും മെംബര്‍ സെക്രട്ടറിയും ഉദ്യോഗസ്ഥരും ചെയര്‍പേഴ്സണും വനവാസികളുടെ നന്മ ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതികള്‍ക്കെതിരെയും കോടതിയില്‍ പോകാന്‍ കഴിയില്ല.

No comments: