Wednesday, September 17, 2014

ജാതി-മത ചിന്തയും സംവരണവും

ജാതി-മത ചിന്തയും സംവരണവും
                               
ഒരിന്ത്യക്കാരന്‍ ജാതി-മത ചിന്തകളില്ലാത്ത വ്യക്തിയാണ് എന്നവകാശപ്പെട്ടാല്‍ അയാള്‍ കപടമുഖമുള്ളവനാണ് എന്ന് വിവക്ഷ. എന്നാല്‍ ജാതിചിന്ത തെറ്റാണ് എന്ന അര്‍ത്ഥത്തില്‍ ഇതിനെ എടുക്കേണ്ടതുമില്ല. തൊഴിലുകളെ അടിസ്ഥാനപ്പെടുത്തി രൂപപ്പെട്ട ഹിന്ദുസമൂഹത്തെ ജാതിയുടെ ചങ്ങലകളില്‍ തളച്ചത് ഒരു പക്ഷെ, ബ്രാഹ്മണമതത്തിന്‍റെ തന്ത്രങ്ങളുടെ ഫലമാകാം. ന്യൂനപക്ഷപ്രീണനം ജനാധിപത്യത്തിന്‍റെ സംഭാവനയും.
  അദ്വൈതദര്‍ശനത്തിന്‍റെ ഉപജ്ഞാതാവായ ശ്രീശങ്കാരാചാര്യരില്‍ പോലും ജാതിചിന്തയുടെ അടിവേരുകള്‍ ഇളകാതെ നിന്നിരുന്നതായി കഥകളുണ്ട്. അവയുടെ ശരിതെറ്റുകള്‍ എന്തുതന്നെയായാലും അവയൊക്കെ വിശ്വസിക്കുകയേ തരമുള്ളു. താന്‍ പിറന്ന സമൂഹം കേരളത്തെ ഭ്രാന്താലയമാക്കി മാറ്റുന്നതിന് മൌനസമ്മതം നല്കിയ ആചാര്യനായിരുന്നല്ലോ ശ്രീശങ്കരന്‍.ഭാരതപര്യടനത്തിന്‍റെ ഭാഗമായി ശിഷ്യര്‍ക്കൊപ്പം കാശിയിലെത്തിയ ശ്രീശങ്കരന്‍ ഗംഗാസ്നാനം കഴിഞ്ഞ് വിശ്വനാഥദര്‍ശനത്തിനായി പുറപ്പെട്ടു. അപ്പോള്‍ മാര്‍ഗ്ഗമധ്യത്തില്‍ ഒരു ചണ്ഡാളന്‍ നില്ക്കുന്നു. മാറി നില്ക്കൂ എന്ന് അസഹിഷ്ണുതയോടെ ആചാര്യന്‍ ഉര ചെയ്തു. ശരീരം ശരീരത്തില്‍ നിന്നും അകന്നുനില്ക്കണമോ,ആത്മാവ് ആത്മാവില്‍ നിന്നും വിട്ടുനില്ക്കണമോ, ഇതില്‍ ഏതാണ് അങ്ങ് അര്‍ത്ഥമാക്കുന്നത് എന്നായി ചണ്ഡാളന്‍. തന്‍റെ മുന്നില്‍ നില്ക്കുന്ന വ്യക്തി നിസ്സാരനല്ല എന്നു മനസ്സിലാക്കി ശ്രീശങ്കരന്‍ ആ കാലടികളെ തൊട്ടുവണങ്ങി മാപ്പുചോദിച്ചു എന്നാണ് കഥ. ഈ സംഭവമാണ് മനീഷാപഞ്ചകമെഴുതാന്‍ ആചാര്യനെ പ്രേരിപ്പിച്ചതെന്നും പറയപ്പെടുന്നു. അവിടംകൊണ്ട് കഥ അവസാനിക്കുന്നില്ല. ഒരു ചണ്ഡാളനില്‍ ഇത്രയേറെ അറിവും ചിന്തയും ഉണ്ടാകാന്‍ പാടില്ലല്ലോ. അതിന് ശിഷ്യര്‍ പുതിയ കഥയുണ്ടാക്കി. ആചാര്യന്‍റെ അദ്വൈതചിന്തകള്‍‌ പൂര്‍ത്തിയായിട്ടില്ല എന്നു മനസ്സിലാക്കിയ സാക്ഷാല്‍ പരമ ശിവന്‍ ചണ്ഡാളനായി അവതരിച്ചാണ് ആചാര്യനുമായി തര്‍ക്കിച്ചത് എന്നതായിരുന്നു പുതിയ കഥ. ബ്രാഹ്മണനില്‍ കാണുന്നത്ര ആഴമുള്ള ചിന്തയും ബുദ്ധിയും മറ്റൊരാള്‍ക്ക് ഉണ്ടാകാന്‍ പാടില്ല എന്ന ചിന്താരീതിയുടെ സമീപനം ഇതായിരുന്നു.
കാലം ഒരുപാടുകടന്ന് ഇന്ത്യ ജനാധിപത്യം കൈവരിച്ചു. അന്ന് പ്രധാന പാര്‍ട്ടികള്‍ കോണ്‍ഗ്രസ്സും ലീഗുമായി. ഹിന്ദുവാദികള്‍ ജനസംഘമുണ്ടാക്കി. അധികാരത്തിനുവേണ്ടിയുള്ള വിലപേശലുകളില്‍  ജാതിക്കും മതത്തിനും മുന്‍തൂക്കമായി. മത-ജാതി സംഘടനാ നേതാക്കള്‍ക്ക് വലിയ പ്രാധാന്യം ലഭിച്ചു. ആയിരക്കണക്കിനു വ്യക്തികളെ കണ്ട് വോട്ടുചോദിക്കുന്നതിനു പകരം അവരുടെ ജാതിയെ പ്രതിനിധീകരിക്കുന്ന നേതാവിനെകണ്ട് പ്രീണിപ്പിച്ചാല്‍ മതി എന്ന നില വന്നു. കോണ്‍ഗ്രസ്സായാലും ജനതാപാര്‍ട്ടിയായാലും കമ്മ്യൂണിസ്റ്റായാലും തെരഞ്ഞെടുപ്പുകാലത്ത് പ്രദേശത്തെ ജാതി മത സമവാക്യങ്ങള്‍ നോക്കി സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാന്‍ തുടങ്ങി. മതേതരത്വത്തെ പുറമെ പുണര്‍ന്നും മതങ്ങളെ അകമെ പുണര്‍ന്നും ഒരുതരം ഞാണിന്മേല്‍ കളിക്ക് എല്ലാവരും വൈദഗ്ദ്ധ്യം നേടി. ഓരോ ജാതിയുടെയും മതത്തിന്‍റെയും യോഗങ്ങളില്‍ പങ്കെടുത്ത് ജാതിമതാദ്ധ്യക്ഷന്മാര്‍ക്ക് ഇഷ്ടം തോന്നും വിധം സംസാരിക്കാനും രാഷ്ട്രീയനേതാക്കള്‍ പരിശീലനം നേടി.
അംബേദ്ക്കര്‍ ഉള്‍‍പ്പെടെയുള്ള ഇന്ത്യന്‍ ഭരണഘടന ശില്പ്പികള്‍ ദീര്‍ഘദര്‍ശനം ചെയ്ത് നടപ്പിലാക്കിയ പട്ടികജാതി-പട്ടികവര്‍ഗ്ഗ സംവരണ നിയമങ്ങള്‍, അന്‍പത് വര്‍ഷങ്ങള്‍ കൊണ്ട് അവസാനിപ്പിക്കാന്‍ കഴിയും വിധം സമൂഹത്തെ , വിദ്യാഭ്യാസ-സാമ്പത്തിക-സാമൂഹിക-സാംസ്ക്കാരികപരമായി ഉയര്‍ത്താന്‍ നമ്മുടെ ജനാധിപത്യത്തിന് കഴിഞ്ഞില്ല. മറിച്ച് സംവരണത്തിന്‍റെ  വ്യാപ്തി വര്‍ദ്ധിക്കുകയാണുണ്ടായത്. പിന്നോക്ക സമുദായങ്ങള്‍ക്കുള്ള സംവരണം വിപ്ലവകരമായ ഒരു മുന്നേറ്റമായി പലരും വ്യാഖ്യാനിച്ചു. ആ സംഭവം ജാതി-മതചിന്തകള്‍ക്ക് പുതിയ മാനങ്ങള്‍ നല്കി. വടക്കേ ഇന്ത്യയില്‍ പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ രചിക്കപ്പെട്ടു. ഉത്തര്‍പ്രദേശിലും ബീഹാറിലും മറ്റും ജാതിമേല്ക്കോയ്മയുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ ശക്തമായി.
   മുന്‍പ് ജാതിവികാരം പ്രകടമാക്കാതിരുന്ന വ്യക്തികളും പ്രസ്ഥാനങ്ങളും പോലും മറിച്ച് ചിന്തിക്കാന്‍ ഇടയാക്കും വിധം സംവരണത്തിന്‍റെ വ്യാളീവിരലുകള്‍ നാനാവശങ്ങളിലേക്ക് പടര്‍ന്നുതുടങ്ങിയിരിക്കുന്നു. സ്വകാര്യസ്ഥാപനങ്ങളില്‍ പോലും നിയമനങ്ങളില്‍ സംവരണം വേണമെന്നും സ്ഥാനക്കയറ്റത്തിനും ജാതി അടിസ്ഥാനമാക്കണമെന്നും പറയുന്ന ഒരു ജനാധിപത്യ സംവിധാനത്തില്‍ സൌകര്യങ്ങള്‍ ലഭ്യമാകുന്നവരും സൌകര്യങ്ങള്‍ നഷ്ടപ്പെടുന്നവരും ജാതിചിന്തയുള്ളവരായി മാറുക സ്വാഭാവികം മാത്രം.
അവനവന്‍റെ വിശ്വാസങ്ങള്‍ക്കും സാമൂഹികാചാരങ്ങള്‍ക്കും മാത്രം ജാതിയും മതവും മതി എന്നു നിശ്ചയിക്കുന്ന ഒരു സമൂഹം നിലവില്‍ വരണമെങ്കില്‍ സംവരണ സംവിധാനം അവസാനിക്കേണ്ടതുണ്ട്. എന്നാല്‍ നിലവിലുള്ള സാമൂഹിക-രാഷ്ട്രീയ സാഹചര്യത്തില്‍ എത്ര നൂറ്റാണ്ടുകള്‍ പിന്നിട്ടാലും ഈ വ്യവസ്ഥിതിയില്‍ മാറ്റം വരാന്‍ പോകുന്നില്ല. അത് സംവരണം അര്‍ഹിക്കുന്ന ജനസമൂഹത്തിന്‍റെ എണ്ണം കുറയാത്തതുകൊണ്ടല്ല, മറിച്ച് സംവരണം ലഭിക്കുന്ന സമൂഹത്തിന്‍റെ സംഘടിത ശക്തിക്കുമുന്നില്‍, ഉയര്‍ന്നുനിന്ന് സത്യം വിളിച്ചുപറയാനും ശരി നടപ്പിലാക്കാനും കഴിയുന്ന രാഷ്ട്രീയശക്തി ഉണ്ടാകാന്‍ സാധ്യതയില്ല എന്നതാണ് അതിനു കാരണം.
സംവരണം ലഭിക്കുന്ന സമൂഹത്തിന്‍റെ സാമ്പത്തിക ക്രീമിലെയര്‍ ഉയര്‍ത്തിയതോടെ തന്നെ സംവരണം ഒരിക്കലും അവസാനിക്കാത്ത ഒരു ദായക്രമമായി മാറിക്കഴിഞ്ഞു. എന്നുമാത്രമല്ല, സംവരണം ലഭിക്കുന്ന സമൂഹത്തില്‍ തന്നെ സാമ്പത്തികമായി ഉയര്‍ന്ന ഒരു സവര്‍ണ്ണ വര്‍ഗ്ഗവും സാമ്പത്തികമായി താണ ഒരു അവര്‍ണ്ണ വര്‍ഗ്ഗവും ഉടലെടുത്തു കഴിഞ്ഞു. എന്നാല്‍ ക്രീമിലെയര്‍ ഉയര്‍ത്തുന്നത് തങ്ങള്‍ക്കാണ് ദോഷം ചെയ്യുക എന്നു മനസ്സിലാക്കാതെ അതിനായി മുറവിളി കൂട്ടി നേതാക്കള്‍ക്കൊപ്പം പോകാന്‍ പാവങ്ങള്‍ വിധിക്കപ്പെട്ടവരുമാകുന്നു. സംവരണം യഥാര്‍ത്ഥത്തില്‍ ലഭിക്കേണ്ടവര്‍ക്ക് പകരം സംവരണ സമുദായത്തിലെ ഉന്നതര്‍ അത് തട്ടിയെടുക്കുന്ന അവസ്ഥയാണ് നാമിന്നുകാണുന്നത്. ഇതിനൊരു പരിഹാരം ഒരിക്കല്‍ ജോലി സംവരണം ലഭിച്ചവരുടെ മക്കള്‍ക്ക് ഈ സൌകര്യം നല്കാതിരിക്കുക മാത്രമാണ്. ഇത്തരത്തില്‍ മറ്റുള്ളവര്‍ക്കൊപ്പമായി തീരുന്നവര്‍ക്ക് പ്രായേണ ജാതിചിന്ത കുറയാന്‍ സാധ്യതയുണ്ട്.

സമൂഹത്തിലെ സവര്‍ണ്ണര്‍ക്കൊപ്പമായി എന്ന് തലയെടുപ്പോടെ ഉയര്‍ന്നു നിന്നു പറയാനും സ്വന്തം ആത്മാഭിമാനം ഉറപ്പിക്കാനും ഇവര്‍ക്ക് കഴിയും. സംവരാണാനുകൂല്യം നേടിയവന്‍ എന്ന അപകര്‍ഷം ഇല്ലാതാകുമ്പോഴേ അവന്‍ ഒരു തികഞ്ഞ പൌരനായി മാറുകയുള്ളു. ഇത്തരത്തില്‍ ക്രമേണ സംവരണം ഇല്ലാതാക്കാനും സമൂഹത്തെ ഇന്ത്യക്കാര്‍ എന്ന ഏക വിചാരത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുവാനും കഴിയും. ഇതിനുള്ള ആര്‍ജ്ജവം രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കും സാമുഹായിക നേതൃത്വങ്ങള്‍ക്കും ഉണ്ടായി വന്നാല്‍ ഇന്ത്യ ഒരു മതേതര രാഷ്ട്രമായി തീരുമെന്നും പൌരന്മാരില്‍ നിന്നും രാഷ്ട്രീയപരമായ ജാതി-മത ചിന്തകള്‍ ഒഴിവാകുമെന്നും പ്രതീക്ഷിക്കാം. 

No comments: