ദേവദാരുവും മഞ്ഞും ദലൈലാമയും
ദേവദാരുവിന്‍റെയും മഞ്ഞിന്‍റെയും നാടായ ഹിമാചല്‍.ഉയരങ്ങളില്‍
നിന്നും ഉയരങ്ങളിലേക്ക് നമ്മെ ഒരാവേശത്തോടെ വലിച്ചുകൊണ്ടുപോകുന്ന ആകര്‍ഷണ ഭൂമി.
ആടിനെ മേയ്ച്ച് ജീവിക്കുന്ന പര്‍വ്വത പുത്രന്മാരും പുത്രികളും. വിനോദസഞ്ചാരം
വികസിച്ച നിരവധി കേന്ദ്രങ്ങള്‍. സൌമ്യരും സത്യസന്ധരുമായ മനുഷ്യര്‍.ശാന്തമായ
പ്രകൃതി. രാഷ്ട്രീയ വേലിയേറ്റങ്ങളില്ലാതെ ,രവിയും ബിയാസും ഒഴുകുന്ന
നാട്.ദേവീക്ഷേത്രങ്ങള്‍ക്ക് പ്രാധാന്യമുള്ള ഹിമാചലില്‍ സ്ത്രീകള്‍ പൊതുവെ
സുരക്ഷിതര്‍.
സിംലയും മണാലിയും സഞ്ചാരികള്‍ക്ക് പ്രിയതരം. എന്നാല്‍
ധരംശാലയും ഡല്‍ഹൌസിയും ബര്‍മോറും ഉള്‍പ്പെടുന്ന ഒരു വിനോദസഞ്ചാര ശൃംഖല സാഹസികര്‍ക്ക്
പ്രിയമാകും.പൈന്‍മരങ്ങളുടെ സമൃദ്ധികൊണ്ടും ഈ മേഖല അന്താരാഷ്ട്ര പ്രശസ്തം. കംഗ്ര
ജില്ലയുടെ ആസ്ഥാനമായ ധരംശാലയുടെ മൂന്നുവശവും മഞ്ഞുമലകളും എതിര്‍വശം മനോഹരമായ
താഴ്വാരവുമാണ്. സമുദ്രനിരപ്പില്‍ നിന്നും നാലായിരത്തിയഞ്ഞൂറ് അടി ഉയരത്തിലുള്ള
ധരംശാലയില്‍ ആയിരത്തിത്തൊള്ളായിരത്തി അഞ്ചില്‍ ഉണ്ടായ ഭൂമികുലുക്കം പലമലകളെയും
പിടിച്ചുലയ്ക്കുകയുണ്ടായി. വളരെ പഴക്കം ചെന്ന ഭാഗ്സുനാഥ് ക്ഷേത്രത്തിനു
പിന്നിലുള്ള ഭാഗ്സുനാഥ് വെള്ളച്ചാട്ടമാണ് പ്രധാന ആകര്ഷണം. ഉയരത്തില്‍ നിന്നും
മഞ്ഞുരുകിയെത്തുന്ന ഈ ജലത്തിലെ കുളി എല്ലാ ക്ഷീണവും മാറ്റും എന്നതില്‍ സംശയമില്ല.
ആയിരത്തി എണ്ണൂറ്റി അന്‍പത്തിരണ്ടില്‍ സ്ഥാപിതമായ സെന്‍റ് ജോണ്‍സ് പള്ളി
മറ്റൊരാകര്‍ഷണമാണ്. പാറയും തടിയും കൊണ്ടു നിര്‍മ്മിച്ചിട്ടുള്ള ഈ പള്ളിയോടുചേര്‍ന്നാണ്
ആയിരത്തി എണ്ണൂറ്റി അറുപത്തിമൂന്നില്‍ മരണപ്പെട്ട വൈസ്രോയി എല്‍ജിന്‍ പ്രഭുവിന്‍റെ
ശവകുടീരം.
ദാല്‍ തടാകം അഴുക്ക് നിറഞ്ഞ് മോശമായി കിടക്കുകയാണ്.മത്സ്യങ്ങള്‍
ഓക്സിജന്‍ കിട്ടാതെ മരിക്കുന്നു.എന്നാല്‍ കുറെകൂടി ഉയരത്തിലുള്ള നഡ്ഡിയില്‍
നിന്നുള്ള കാഴ്ചകള്‍ മനോഹരം. ദലൈലാമയുടെ ആശ്രമത്തില്‍ തിബത്തന്‍ നിര്‍മ്മാണരീതികളൊന്നും
ദൃശ്യമല്ല. തിബത്തിന്‍റെ ചെറുത്തു നില്പ്പിന്‍റെ കഥ പറയുന്ന
കാഴ്ചബംഗ്ലാവ്,ബുദ്ധക്ഷേത്രം ,അവലോകിതേശ്വര മന്ത്രങ്ങള്‍ അടങ്ങിയ ലോഹഉരുളുകള്‍,പഞ്ചവാദ്യ
സാമ്യമുള്ള താളങ്ങള്‍,പൂരപ്പറമ്പിലെ ആനകളുടെ ലക്ഷണമുള്ള രൂപങ്ങള്‍ എന്നിവ അവിടെ
കണ്ടു. ബുദ്ധനുള്ള വഴിപാടില്‍ കൈതച്ചക്കയും ബിസ്ക്കിറ്റും പെപ്സിയും വരെ ഉള്‍പ്പെട്ടിരുന്നു.
താഴ്വാരത്തിലെ ശ്രീചാമുണ്ഡി നന്ദികേശ്വര്‍ ക്ഷേത്രത്തില്‍ നല്ല
ഭക്തജനത്തിരക്കുണ്ടായിരുന്നു. ചേര്‍ന്നൊഴുകുന്ന പുഴയാണ് ഒരാകര്‍ഷണം. കാംഗ്രയില്‍
നിന്നും മുപ്പത് കിലോമീറ്റര്‍ അകലെയുള്ള ജ്വാലാമുഖി ക്ഷേത്രത്തില്‍ ഒരേ അളവില്‍
സ്ഥിരമായി പ്രകൃതിവാതകം പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്നു.വിശ്വാസികള്‍ക്ക് അത്
ജ്വാലാമുഖി ദേവി. അവിടെത്തന്നെ താരാദേവി,ഭൈരവന്‍,ടേഡ എന്നിവരുടെ ക്ഷേത്രവുമുണ്ട്.
ഡല്‍ഹൌസി ബ്രിട്ടീഷുകാര്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന
സുഖവാസകേന്ദ്രമാണ്. ധരംശാലയില്‍ നിന്ന് വീണ്ടും ഉയരങ്ങളിലേക്ക്. ഷാഹ്പൂര്‍,ഹാത്ത്ലി,സിഹുണ്ടു
തുടങ്ങി മലകളും മഞ്ഞുമലകളും നോക്കെത്താ ദൂരം താഴ്വരകളും താണ്ടി ഡല്‍ഹൌസിയിലെത്തുമ്പോള്‍
പായലുകളും അടിക്കാടുകളും സമൃദ്ധമാക്കിയ വനസ്ഥലിയുടെ തണുപ്പ്. മഞ്ഞില്‍ ഒരല്പ്പനേരം
കളിതമാശ.ദേവദാരുവിന്‍റെ ഈ നാട്ടിലാണ് ഖജ്ജിയാര്‍ വന്യമൃഗസംരക്ഷണകേന്ദ്രം.
അവിടെനിന്നും ഇറങ്ങിയെത്തുന്നിടം ചമ്പ.ചമ്പയില്‍ നിന്നും ഇന്ത്യയുടെ സ്വിറ്റ്സര്‍ലാന്‍റ്
എന്നറിയപ്പെടുന്ന ബര്‍മോറിലേക്കുള്ള യാത്ര സാഹസികം.ഇടുങ്ങിയ പാത, ഒരു വശം
കുത്തിയൊഴുകുന്ന രവി നദിയും മറുവശം അപകടനിലയില്‍ ചരിഞ്ഞുനില്ക്കുന്ന പാറമലകളും.
ചമേര ജലവൈദ്യുതി പദ്ധതിയുടെ പണി നടക്കുന്നതിനാല്‍ റോഡിന്‍റെ
സ്ഥിതി ദയനീയം. ലൂണ,ദുര്‍ഗഠി,ഘട്മുഖ്,ഓരോ ചെറുഗ്രാമങ്ങളും താണ്ടുമ്പോള്‍ സൂര്യന്‍
പിറകോട്ട് വലിയുകയായിരുന്നു. എന്നാല്‍ പൂര്‍ണ്ണചന്ദ്രന്‍ സഹായിയായി ഒപ്പമെത്തി.
ബര്‍മോറിലെത്തുമ്പോള്‍ രാത്രി എട്ടുമണി.
തൊള്ളായിരത്തി ഇരുപത് മുതല്‍ നാനൂറുവര്‍ഷം ചമ്പയുടെ
അധികാരകേന്ദ്രമായിരുന്നു ബര്‍മോര്‍. സ്തൂപികാഗ്രിത മരങ്ങളുടെ ചുറ്റാകെ
മഞ്ഞുമൂടിക്കിടക്കുന്ന മലകള്‍. ലക്ഷ്മണാദേവിയുടെയും നരസിംഹാവതാരത്തിന്‍റെയും
ക്ഷേത്രങ്ങള്‍ക്ക് ആയിരത്തി മൂന്നൂറു വര്‍ഷം പഴക്കം. തടിയില്‍ മനോഹര ശില്പ്പങ്ങള്‍
കൊത്തിയ ക്ഷേത്രങ്ങള്‍ക്ക് അപൂര്‍വ്വ ചാരുത. മണിമഹേഷ് ക്ഷേത്രത്തിലെ ശിവലിംഗവും
നന്ദിയുടെ കൂറ്റന്‍ പ്രതിമയും ക്ഷേത്രസമുച്ചയത്തിന് മാറ്റുകൂട്ടുന്നു.
ബര്‍മോറില്‍ നിന്നും പതിനഞ്ച് കിലോമീറ്റര്‍ മാറി ഹട്സറില്‍ വരെ
വാഹനങ്ങള്‍ പോകും.അവിടെനിന്നും പതിമൂന്ന് കിലോമീറ്ററ്‍ മലകയറിയാല്‍
മണിമഹേഷിലെത്താം. ഇവിടെയുള്ള തടാകത്തിലേക്ക് ഓരോ വര്‍ഷവും ലക്ഷക്കണക്കിനാളുകള്‍
തീര്‍ത്ഥാടനം നടത്തുന്നുണ്ട്. ഈ ഇടം സമുദ്ര നിരപ്പില്‍ നിന്നും പതിമൂവായിരത്തി
അഞ്ഞൂറടി ഉയരെയാണ്. ആഗസ്റ്റ് –സെപ്തംബര‍്‍ മാസങ്ങളില്‍ നടക്കുന്ന തീര്‍ത്ഥാടനത്തില്‍
മണിമഹേഷിലെത്തുന്നവര്‍ക്ക് കൈലാസം ദര്‍ശിച്ച് സായൂജ്യമടയാം എന്നു ഭക്തര്‍
പറയുന്നു. ഏതായാലും പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഇടം തന്നെയാണ് ബര്‍മോര്‍ എന്നതില്‍
സംശയമില്ല.എന്നാല്‍ മിക്ക സമയവും മഞ്ഞുമൂടിക്കിടക്കുന്ന ഈ പ്രദേശത്തെ ജനങ്ങള്‍ അര്‍ദ്ധ
പട്ടിണിക്കാരാണ് എന്നത് സങ്കടകരമായ ഒരു സത്യമാണ്.
No comments:
Post a Comment