Sunday, June 12, 2011

Remembering the earth quake at Bhuj


ഓര്‍മ്മ
2001 ലെ ജനുവരി 26. റിപ്പബ്ലിക്ക് ദിനം. കേരളത്തിന്‍റെ ടാബ്ലോ തൃശൂര്‍ പൂരമായിരുന്നു.തലേദിവസം രാത്രിയില്‍ ക്യാമ്പില്‍ നിന്ന് അവസാനമിനുക്കുപണികളും നടത്തിച്ച് മടങ്ങി വരുമ്പോള്‍ അടുത്ത ദിവസം ഇത്രയേറെ അസ്വസ്ഥതയുളവാക്കുന്ന ഒരു വാര്‍ത്ത കേള്‍ക്കേണ്ടി വരും എന്നു കരുതിയില്ല.
ഗുജറാത്തില്‍ ഭൂമികുലുക്കത്തില്‍ ആയിരക്കണക്കിനാളുകള്‍ മരിച്ചു എന്നതായിരുന്നു ആ വാര്‍ത്ത. അടുത്ത ദിവസമായപ്പോള്‍ മരണ സംഖ്യ 20,000 കവിഞ്ഞു എന്ന റിപ്പോര്‍ട്ട് വന്നു. ഔദ്യോഗിക ദു:ഖാചരണവും പ്രഖ്യാപിച്ചു. ഗുജറാത്തില്‍ നിന്നുള്ള ദുരന്തവാര്‍ത്തകളേ എവിടെയും കേള്‍ക്കാനുള്ളു. എന്തെങ്കിലും തങ്ങളാലാവുന്നത് ചെയ്യണം എന്ന് ഞങ്ങളും ചിന്തിച്ചു തുടങ്ങി.വിവിധ മലയാളി സംഘടനകളുടെയും പ്രമുഖരുടേയും സഹായത്തോടെ 5 ലോറികള്‍ നിറയെ ഭക്ഷണവസ്തുക്കളും മറ്റ് അത്യാവശ്യവസ്തുക്കളും സംഘടിപ്പിച്ച് ഭുജിലേക്ക് പോകാന്‍ കഴിഞ്ഞത് അങ്ങിനെയാണ്.
ജസ്റ്റീസ് കെ.ടി.തോമസ്സ് ഫ്ളാഗ് ഓഫ് ചെയ്തതോടെ വാഹനങ്ങള്‍ പുറപ്പെട്ടു. ശ്രീദേവന്‍,കൃഷ്ണചന്ദ്രന്‍,ജിമ്മി ജോര്‍ജ്ജ്,അജയന്‍,വല്‍സമ്മ,മനോരമ ഫോട്ടോഗ്രാഫര്‍ ജയചന്ദ്രന്‍,റിപ്പോര്‍ട്ടര്‍ തോമസ് ഡൊമിനിക് ,സോളമന്‍ പയസ്സ് എന്നിവരായിരുന്നു ടീം അംഗങ്ങള്‍. രാത്രിയില്‍ ഉദയ്പ്പൂരില്‍ എത്തി. അടുത്ത ദിവസം ഹിമ്മത്ത് നഗര്‍ വഴി യാത്ര തുടര്‍ന്നു. അവിടെ ബോംബെ ഹോട്ടലില്‍ നിന്നായിരുന്നു ഭക്ഷണം. ഉമ്മര്‍ ഭായ് ആണ് ഉടമ. അവിടത്തെ പ്രത്യേകാകര്‍ഷണം അനേകരാജ്യങ്ങളില്‍ നിന്നും കൊണ്ടുവന്ന് വളര്‍ത്തുന്ന കിളികളാണ്.
ഞങ്ങള്‍ രാത്രിയില്‍ ഗാന്ധിധാമിലെത്തി. ഫാദര്‍ ഐസക്കിന്‍റെ പള്ളിയില്‍ താമസം. ബ്രഡും മുട്ടക്കറിയും കഴിച്ചു. മലയാളി സംഘടന പ്രതിനിധികള്‍ വന്നു.
അടുത്ത ദിവസം ഗാന്ധിധാമിലെ ശ്രീകുമാറിനൊപ്പം തകര്‍ന്നടിഞ്ഞ നാടിന്‍റെ ദുരന്തഭൂമിയിലൂടെ ഒരു യാത്ര. കോണ്‍ക്രീറ്റുകള്‍ക്കിടയില്‍ നിന്നും ശവമെടുക്കുന്നവര്‍,ഉറ്റവരുടെ ശരീരം കാത്തിരിക്കുന്നവര്‍,ഭക്ഷണത്തിനായി ഇരക്കുന്നവര്‍.അങ്ങിനെ വേദന നിറഞ്ഞ അനേകം ദൃശ്യങ്ങള്‍. നിമിഷങ്ങള്‍ക്കുള്ളില്‍ തകര്‍ന്നടിഞ്ഞ മനുഷ്യസ്വപ്നങ്ങളുടെ ശ്മശാനഭൂമിയായ ഭുജ്,ബചാവോ,അന്‍ജാറ. അന്ന് വൈകിട്ട് കൊണ്ടുവന്ന സാധനങ്ങള്‍ സമാജത്തിന് കൈമാറി.
കാലം എല്ലാം മറക്കാന്‍ പഠിപ്പിക്കുന്നു. തകര്‍ന്നടിഞ്ഞ പ്രദേശങ്ങളിലെ മനുഷ്യര്‍ അവരുടെ നഷ്ടങ്ങളെ ഓര്‍ത്ത് വിലപിക്കുന്നത് അവസാനിപ്പിച്ച് കര്‍മ്മ നിരതരായിട്ടുണ്ടാകാം. നഷ്ടപ്പെട്ട മനുഷ്യജീവനൊഴികെ ബാക്കിയെല്ലാം തിരിച്ചു പിടിച്ചിട്ടുണ്ടാകാം. ആ ഒരു ത്വരയാണല്ലോ മനുഷ്യവര്‍ഗ്ഗത്തെ മുന്നോട്ട് നയിക്കുന്നതും. 

No comments: