കാത്തിരിപ്പ്
ഞാന്‍ മുംബെയില്‍ നിന്നെത്തിയത് പനിയുമായിട്ടാണ്. നല്ല ചൂട്. സാധാരണയായി ഡോക്ടര്‍ സന്തോഷിന്‍റെ ഹോമിയോ മരുന്നാണ് കഴിക്കുക. ഇന്ന് മുരുകേശന്‍ ഡോക്ടറെ കണ്ട് അലോപ്പതി തന്നെ വാങ്ങാം എന്ന് തീരുമാനിച്ചു. ഡോക്ടറുടെ വീട്ടിലെത്തുമ്പോള്‍ മൂന്നുപേര്‍ കാത്തിരിക്കുന്നു. ആട്ടോറിക്ഷയില്‍ ഒരു മുസ്ലീം സ്ത്രീയും പര്‍ദയണിഞ്ഞ് ഇരുപ്പുണ്ട്. ഡോക്ടര്‍ അകത്തുണ്ടോ എന്ന ചോദ്യത്തിന് ഒരാള്‍ നല്കിയ മറുപടി അവ്യക്തമായിരുന്നു. മുകളിലെ മുറിയില്‍ ഉണ്ടെന്നോ പുറത്ത് പോയെന്നോ വ്യഖ്യാനിക്കാം. അയാള്‍ മറ്റുള്ളവരുമായി സംസാരിക്കുന്ന ഭാഷ എനിക്ക് മനസ്സിലായില്ല. മാലിക്കാരനാകാം. തിരുവനന്തപുരത്തെന്നുന്ന രോഗികളില്‍ ഭൂരിഭാഗവും ഇപ്പോള്‍ മാലിക്കാരാണ്. വെളുത്ത വസ്ത്രമണിഞ്ഞ ഒരാളും അവര്‍ക്കൊപ്പമുണ്ട്. അയാള്‍ മലയാളത്തിലാണ് സംസാരിക്കുന്നത്. ലോര്‍ഡ്സ് ആശുപത്രിയില്‍ എടുത്ത ഒരു എക്സ്റേ ചിത്രവും കൈയ്യിലുണ്ട്. സമയം നീങ്ങുന്നു. എനിക്ക് അസ്വസ്ഥത തോന്നി. ഡോക്ടറെ കാത്തിരിക്കുക, ആസ്പത്രിയില്‍ പോവുക എന്നതൊക്കെ പണ്ടേ എനിക്കലര്‍ജിയാണ്. കുറച്ച് കഴിഞ്ഞപ്പോള്‍ പുറത്തെ ഫാന്‍ ആരോ ഇട്ടു. ക്ഷേത്രത്തില്‍ മണിയടിക്കും പോലെ. ഇപ്പോള്‍ നട തുറക്കും എന്ന ആകാംഷ കുറച്ചു സമയം നിന്നു. ഒന്നും സംഭവിച്ചില്ല.
ഈ സമയം തടിച്ച് വെളുത്തൊരു പെണ്‍കുട്ടിയും അവള്‍ക്ക് അനുയോജ്യനായ ഒരു ചെറുപ്പക്കാരനും വന്നു. കൈയ്യില്‍ ഒരു ക്ലിനിക്കിലെ ഫിലിമുമുണ്ട്. സ്കാന്‍ റിസള്‍ട്ടാകാം. ഞനൊന്ന് പാളി നോക്കി. പ്രസന്നന്‍,31 വയസ്സ്. ശ്വാസസംബ്ബന്ധിയായ രോഗമാണെന്ന് തോന്നുന്നു. മോള്‍ക്ക് സൈനസ് കംപ്ളൈന്‍റുമായി ഒരു പ്രധാനപ്പെട്ട ഡോക്ടറെ കണ്ടത് ഞാന്‍ ഓര്‍ത്തു. നല്ല ഡോക്ടര്‍മാര്‍ രോഗിയെ ആശ്വസിപ്പിക്കുകയാണ്ചെയ്യാറുള്ളത്. എന്നാല്‍ ഈ മനുഷ്യന്‍ ഞങ്ങളെ വല്ലാതെ പേടിപ്പിക്കുകയും സ്കാന്‍ ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു. പ്രസന്നന്‍റെ കൈയ്യിലെ കവര്‍ എന്നെ അതൊക്കെ ഓര്‍മ്മപ്പെടുത്തി. അന്ന് സ്കാനിന് കാത്തിരിക്കെ ഒരാള്‍ പറഞ്ഞത് ഓര്‍ത്തു, 40 ശതമാനമാണ് ഡോക്ടര്‍ കമ്മീഷന്‍ ,അതുകൊണ്ടുതന്നെ വേണ്ടതും വേണ്ടാത്തതുമായ എല്ലാ രോഗികളോടും സ്കാനിന് ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നു. ഇത് സത്യമായിരുന്നെന്ന് തുടര്‍ന്നുവന്ന വാര്‍ത്തകള്‍ തെളിവ് നല്കി. ഇതൊക്കെ ഓര്‍ത്തിരിക്കെ ഡോക്ടര്‍ കാറില്‍ വന്നിറങ്ങി. വാതില്‍ തുറന്നതും ഒടുവില്‍ വന്ന പ്രസന്നന്‍ കയറിയതും ഒന്നിച്ചായിരുന്നു. വെളുത്ത ഷര്‍ട്ടിട്ടയാള്‍ പറഞ്ഞു, നോക്ക് അവര്‍ ഒടുവില്‍ വന്നതല്ലെ. എന്തുചെയ്യും ആളുകള്‍ ഇങ്ങനായാല്‍ എന്നു ഞാന്‍ മറുപടിയും കൊടുത്തു. അവര്‍ പുറത്തു വന്നപ്പോള്‍ ഞാന്‍ പറഞ്ഞു, സീനിയോറിറ്റി നോക്കാമായിരുന്നു.
അയ്യോ,ഞങ്ങള്‍ക്ക് ഈ റിസള്‍ട്ട് കാണിച്ചാല്‍ മാത്രം മതിയായിരുന്നു.
എന്നാല്‍ അതൊന്ന് പറഞ്ഞു കൂടെ.
സോറി,അവര്‍ പറഞ്ഞു.
ആട്ടോയിലുണ്ടായിരുന്ന മുസ്ലീം സ്ത്രീയും കയറി കഴിഞ്ഞപ്പോള്‍ മുന്‍കൂര്‍ അപ്പോയിന്‍മെന്‍റു വാങ്ങിയ മറ്റൊരുകൂട്ടര്‍ വന്നു. എനിക്ക് വല്ലാതെ ദേഷ്യം വന്നു. എങ്കിലും ക്ഷമയോടെ കാത്തിരുന്നു. ഒടുവില്‍ എന്‍റെ ഊഴം വന്നു. വിവരം പറഞ്ഞ് കുറിപ്പടി വാങ്ങി. രണ്ടു കടയില്‍ കയറിയിട്ടാണ് മരുന്ന് കിട്ടിയത്. മരുന്ന് കഴിച്ചു തുടങ്ങിയതോടെ പനി വിട്ടു തുടങ്ങി. ആവിയും കൊള്ളുന്നുണ്ട്. നാളെത്തേക്ക് രോഗം മാറുമായിരിക്കും. ഞാന്‍ സ്വയം ആശ്വസിപ്പിച്ച് ഉറങ്ങാന്‍ കിടന്നു.
No comments:
Post a Comment