Sunday, October 13, 2013

മാവേലിക്കര യാത്ര

മാവേലിക്കര  യാത്ര, ഒരു തീര്‍ത്ഥാടനം പോലെ 




അവധി ദിവസം .തീര്‍ത്ഥാടനം പോലൊതു യാത്ര.രാവിലെ ഏഴുമണിക്ക് പുറപ്പെട്ടു. അവധിയായതിനാല്‍ തിരക്ക് തീരെക്കുറവ്. ആദ്യ ലക്ഷ്യം കുടുംബ ക്ഷേത്രമായ പന്മന ശ്രീ സുബ്രഹ്മണ്യ ക്ഷേത്രമായിരുന്നു. ഇപ്പോഴും വലിയ പരിഷ്ക്കാരങ്ങള്‍ വരാത്തതിനാല്‍ ഇഷ്ടം തോന്നുന്ന ക്ഷേത്രം. ക്ഷേത്രത്തിനു പിന്നിലായി കൂട്ടില്‍ മയിലുകള്‍. കൂട്ടത്തില്‍ ഇളയ മയില്‍ നല്ല വികൃതിയാണ്. നാലാളുകൂടിയാലുടന്‍ പീലിവിടര്‍ത്തി എന്‍റെ ചിത്രമെടുത്തുകൊള്ളൂ എന്ന നിലയില്‍ ഒരു നില്പ്പാണ്. കാരണവര്‍ മുകളിലെ  തണ്ടില്‍ ഇതൊന്നും ശ്രദ്ധിക്കാതെ ഒറ്റ ഇരുപ്പും. ക്ഷേത്രത്തിനു പുറത്ത് ആല്‍മരച്ചുവട്ടില്‍  ജയശ്രീ തയ്യാറാക്കിയ ഇഡ്ഡലി ചമ്മന്തിയുടെ സ്വാദിഷ്ടമായ പ്രാതല്‍. തുടര്‍ന്ന് കുറ്റിവട്ടത്ത് കൌമാരകാല സതീര്‍ത്ഥ്യനായ പ്രസന്നന്‍റെ വീട്ടില്‍ അല്പസമയം. മെഡിസിന് പഠിക്കുന്ന മക്കള്‍ രണ്ടുപേരും വീട്ടിലുണ്ടായിരുന്നു.വളരെ നാളുകള്‍ക്ക് ശേഷം പ്രസന്നന്‍റെ അച്ഛനേയും കണ്ടു.ജയയുണ്ടാക്കിയ ചായയും കുടിച്ചു.
തുടര്‍യാത്ര ഓച്ചിറ ക്ഷേത്രത്തിലേക്കായിരുന്നു. ദൈവസങ്കല്പ്പത്തിന് മറ്റൊരു മാനം നല്കിയ പരബ്രഹ്മ ക്ഷേത്രം. യാദൃശ്ചികമായാണെങ്കിലും ക്ഷേത്രത്തിലെ ഉത്സവ ദിവസമാണെന്ന് അപ്പോഴാണ് അറിഞ്ഞത്. കെട്ടുകാളകളുടെ  വലിയ ബിംബങ്ങള്‍ എഴുന്നള്ളിക്കുന്ന ദിവസം.നല്ല തിരക്കായിരുന്നു. വൈകിട്ട് കാളയെഴുന്നള്ളിപ്പ് സമയത്തെ മനുഷ്യ പ്രളയം നിയന്ത്രിക്കാന്‍ നൂറോളം പോലീസ്സുകാരും സന്നിഹിതരായിരുന്നു. ഓച്ചിറക്കാളകള്‍ക്ക് നേര്‍ച്ചയിടുന്നവര്‍,ശബരിമലയ്ക്ക് പോകാന്‍ മാലയിടുന്നവര്‍,ഭിക്ഷക്കാര്‍ തുടങ്ങി പല വിധ മനുഷ്യര്‍.
ഇരുപത്തിയെട്ടാം ഓണമാണിന്നെന്ന് അപ്പോള്‍ ഓര്‍ത്തു. കുട്ടിക്കാലത്ത്,ഞങ്ങള്‍ കരുനാഗപ്പള്ളിക്കാര്‍ക്ക് ഇത് പശുവിന്‍റെ ഓണമായിരുന്നു. ഇപ്പോള്‍ അങ്ങിനെയുണ്ടോ എന്നറിയില്ല. ഈ ദിവസം ഞങ്ങള്‍ പശുക്കളെ വിസ്തരിച്ച് കുളിപ്പിക്കും. മാലയിട്ട് ഒരുക്കും. വിശേഷപ്പെട്ട കറുകപ്പുല്ലും മറ്റും സംഘടിപ്പിച്ച് സദ്യ കൊടുക്കും. അതൊക്കെ ഒരു നിമിഷം ഓര്‍ത്തുപോയി. പിന്നെ ഉത്സവം കാണാനുള്ള വരവിനെക്കുറിച്ചും. വൈകിട്ട് ഈ വഴി വന്നാല്‍ തിരക്കില്‍ പെട്ടുപോകുമെന്നുറപ്പ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാനും അന്‍വറും സ്വാമിയും ഒക്കെകൂടി വന്ന് ദേശീയ പതയില്‍ മണിക്കൂറുകളോളം കാത്തു കിടന്ന കാര്യം ഓര്‍ത്തു. മടക്കം എംസി റോഡ് വഴി എന്നുറപ്പിച്ചു.
കൃഷ്ണപുരത്തു നിന്നു ഓലകെട്ടിയമ്പലം വഴി മാവേലിക്കരയ്ക്ക്. അവിടെ കാരാഴ്മ ക്ഷേത്രത്തിനു സമീപമാണ് ശാന്തകുമാരി ടീച്ചറുടെ വീട്. മോളുടെ പ്രിയപ്പെട്ട ടീച്ചര്‍. അതാണ് ശരിക്കുമുള്ള തീര്ത്ഥാടനം. മറക്കാനാവാത്ത അനുഭവങ്ങള്‍ നല്കിയ നന്മയുടെ പ്രതീകം. ഈശ്വരനില്‍ മനസ്സും ശരീരവുമര്‍പ്പിച്ച  ജീവിതം. അതിനനുസരിച്ച് ഒപ്പം നില്ക്കുന്ന നന്മ നിറഞ്ഞ ചേട്ടന്‍. അവിടെ കുറേസമയം ചിലവഴിച്ചു. നവരാത്രി പ്രമാണിച്ച് സംഗീത സഭ നടക്കുന്നു. ഉച്ചയ്ക്ക് ക്ഷേത്രത്തില്‍ നിന്നും കഞ്ഞിയും അസ്ത്രവും കടുമാങ്ങ അച്ചാറും പപ്പടവും കൂട്ടി രുചികരമായ ഉച്ചഭക്ഷണം.
തുടര്‍ന്ന് സൌഹൃദത്തിന്‍റെയും നന്മയുടേയും പ്രതീകമായ സൂസി ചേച്ചിയുടെ വീട്ടിലെത്തി. കല്ലുമലയില്‍. അവിടെ ആതിഥ്യം സ്വീകരിച്ച ശേഷം കാറ്റാനം അടൂര്‍ വഴി നിലമേലെത്തി. അമ്മയെ കണ്ടു. കപ്പ കഴിച്ചു. രാത്രി എട്ടുമണിയോടെ പട്ടത്ത് തിരിച്ചെത്തി. പൂജാ ദിനങ്ങളില്‍ പഠിക്കേണ്ട എന്നതിനാല്‍ കുട്ടികളുടെ ക്ലാസ്സ് നഷ്ടപ്പെട്ടു എന്ന തോന്നലില്ലാതെ ശുഭ പര്യവസായിയായി ഒരു യാത്ര.
 

No comments: