Friday, March 28, 2014

higher rate for electricity to small shops


ചെറുകിട കച്ചവടക്കാര്‍ അനുഭവിക്കുന്നത്.
തേയിലയും റേഡിയോ ബാറ്ററിയും വാങ്ങാനായാണ് പ്രൊവിഷണല്‍ സ്റ്റോറില്‍ കയറിയത്. ഉടമ മുറ്റത്ത് കസേരയിട്ട് ഇരിക്കയായിരുന്നു. കടയ്ക്കുള്ളില്‍ ഇരുട്ടും. അയാള്‍ കടയില്‍ കയറിയപ്പോള്‍ ഒരു ലോഹ്യം ചോദിപ്പാകട്ടെ എന്നു കരുതി ഞാന്‍.
എന്താ കറണ്ടില്ലെ
ഇല്ലാഞ്ഞിട്ടല്ല സാറെ.ലൈറ്റും ഫാനും ഇടാത്തതാ.എങ്ങിനെ ഇടും. യൂണിറ്റിന് ഏഴുരൂപ തൊണ്ണൂറു പൈസയല്ലെ വാങ്ങുന്നെ.വീട്ടാവശ്യത്തിന് യൂണിറ്റിന്  രണ്ടുരൂപ നാല്പ്പത് പൈസ വാങ്ങുമ്പോള്‍ ജീവിക്കാനായി സ്വയം തൊഴില്‍ കണ്ടെത്തുന്നവന്‍റെ നെഞ്ചിലാ കത്തിവയ്പ്പ്. ആരോട് പറയാനാ സാറെ ഇതൊക്കെ. ചിലപ്പോ തോന്നും ഇതൊക്കെ മതിയാക്കിയിട്ട് ഒരു മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ച് നമ്പരുമാറ്റി അതുമായിട്ടിറങ്ങി വഴിയെ പോകുന്ന പെണ്ണുങ്ങളുടെ സ്വര്‍ണ്ണമാല മോഷ്ടിക്കുന്നതാ ഇതിലും ഭേദമെന്ന്. പിടിച്ചാലും കഷ്ടപ്പാടൊന്നുമില്ലല്ലോ. ജയിലില് ചപ്പാത്തിയും ചിക്കന്‍ കറിയുമെല്ലാം കിട്ടുമല്ലൊ.

അദ്ദേഹത്തിന്‍റെ മുഴുവന്‍ പരിഭവവും ആ വാക്കുകളിലുണ്ടായിരുന്നു. പിന്നീട് അതുതന്നെ ഓര്‍ത്ത് നടക്കുമ്പോള്‍ വിഷമം തോന്നി. ശരിയല്ലെ അയാള്‍ പറയുന്നത്.ഇപ്പൊ മാളുകളുടെ സംസ്ക്കാരം വന്നതോടെ ഈ സ്വയം തൊഴിലുകാരുടെ നില പരുങ്ങലിലാണ്. കച്ചവടം നന്നെ കുറവാണ്.അതുകൊണ്ടു തന്നെ എയര്‍കണ്ടീഷന്‍ ചെയ്ത സ്ഥാപനങ്ങള്‍,മാളുകള്‍ തുടങ്ങിയവയ്ക്ക് കൂടിയ നിരക്ക് ഈടാക്കി , ഈ പാവങ്ങള്‍ക്ക് യൂണിറ്റിന് രണ്ട് രൂപ നാല്പ്പത് പൈസ നിരക്കില്‍ വൈദ്യൂതി നല്കിക്കൂടെ

Tuesday, March 25, 2014

Thodikkalam temple at kannur



തൊടീക്കളം ശിവക്ഷേത്രം.
കണ്ണൂരിലെ  കൂത്തുപറമ്പിന് സമീപമാണ് പുരാതനമായ തൊടീക്കളം ശിവക്ഷേത്രം. ആയിരം വര്‍ഷം പഴക്കമുണ്ടാകുമെന്ന് ക്ഷേത്രത്തിലെ ജീവനക്കാരന്‍ പറഞ്ഞു. വലിയ മാറ്റങ്ങളൊന്നുമില്ലാത്ത ക്ഷേത്രക്കുളവും ക്ഷേത്രവുമടങ്ങിയ  പറമ്പിലേക്ക് നമ്മളെ സ്വാഗതം ചെയ്യുന്ന ബോര്ഡില്‍ കേരള പുരാവസ്തു വകുപ്പ് സംരക്ഷിതം എന്നൊരു ബോര്‍ഡുണ്ട്. വളരെ പഴക്കമുള്ള ചുവര്‍ചിത്രങ്ങളാണ് ഇതിന്‍റെ ഭിത്തികളിലുള്ളത് എന്ന കണ്ടെത്തലോടെയാണ് ക്ഷേത്രത്തിലേക്ക് പുരാവസ്തു വകുപ്പിന്‍റെ ശ്രദ്ധ പതിഞ്ഞത്. അതിനെത്തുടര്‍ന്ന് അശ്രദ്ധമായി കിടന്ന,നശിച്ചുകൊണ്ടിരുന്ന ചുവര്‍ ചിത്രങ്ങള്‍ക്ക് ചില മിനുക്കുപണികളൊക്കെ നടത്തി. വികൃതികളായ കുട്ടികള്‍ നശിപ്പിച്ചതിന്‍റെ ബാക്കിയുണ്ടായിരുന്ന ഭാഗമാണ് സംരക്ഷണത്തിന് ശ്രമിച്ചത്. തുടര്‍ന്ന് സ്ഥിരമായ സംരക്ഷണത്തിന് ശ്രമമില്ലാത്തതിനാല്‍, മഴവെള്ളം വീഴാതിരിക്കാനായി പ്ലാസ്റ്റിക് ചാക്കുകൊണ്ട് ചായ്പ് ഉണ്ടാക്കിയിരിക്കയാണ്. മഴക്കാലത്ത് വെള്ളം കെട്ടി നിന്നിട്ട് അതിന്‍റെ ഈര്‍പ്പം കൊണ്ട് പായലും പിടിച്ചു തുടങ്ങിയിരിക്കുന്നു. പൈതൃക ടൂറിസം പദ്ധതി വഴി 40 ലക്ഷം രൂപ കിട്ടാനുള്ള സാദ്ധ്യത മുന്‍ സര്‍ക്കാരിന്‍റെ കാലത്തുണ്ടായിരുന്നെങ്കിലും പാര്‍ട്ടിക്കാര്‍  താത്പ്പര്യം കാട്ടിയില്ലെന്ന് ജീവനക്കാര്‍ പറയുന്നു. ചുറ്റുവട്ടത്തുള്ളവരെല്ലാം പാര്‍ട്ടിക്കാരാണെന്നും അവര്‍ക്ക് ക്ഷേത്രവിശ്വാസം കുറവാണെന്നും അവര്‍ തുടര്‍ന്ന് പറഞ്ഞു. ക്ഷേത്രക്കുളം നന്നാക്കാന്‍ പരിസ്ഥിതി സംരക്ഷണത്തിന്‍റെ പേരില്‍ 10 ലക്ഷം കിട്ടാനുള്ള ഒരു സാദ്ധ്യതയും പറഞ്ഞു കേട്ടിരുന്നു, പക്ഷെ പഞ്ചായത്ത് താത്പ്പര്യമെടുത്തില്ല എന്നാണ് കേള്‍ക്കുന്നത്.
ജനാധിപത്യത്തിന്‍റെ എല്ലാ നന്മകളും ഉള്‍ക്കൊണ്ടുകൊണ്ടു തന്നെ നമ്മള്‍ ഇതിനെ പരിശോധിക്കേണ്ടിയിരിക്കുന്നു, ഇവിടെ എന്താണ് വേണ്ടത്?

 എനിക്ക് തോന്നുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന് ക്ഷേത്രത്തോടും പരിസ്ഥിതിയോടും പുരാവസ്തു സംരക്ഷണത്തോടും താത്പ്പര്യമുള്ള ഒരു സമിതി പ്രാദേശികമായി ഉണ്ടാവണം. അവര്‍ വിദഗ്ധര്‍ക്കൊപ്പമിരുന്ന് ഒരു പദ്ധതി തയ്യാറാക്കണം, സര്‍ക്കാര്‍ സഹായത്തോടെ അത് നടപ്പിലാക്കണം. രണ്ട്- പുരാവസ്തു വകുപ്പിന് ഒരാളെ സ്ഥിരമായി അവിടെ നിയമിക്കാന് കഴിയില്ല എന്നതുകൊണ്ടുതന്നെ പ്രാദേശികമായി ഈ വിഷയത്തില്‍ താത്പ്പര്യമുള്ള ഒരാളെ കണ്ടെത്തി പരിശീലനം നല്കി സംരക്ഷണ ചുമതല നല്കുക. ഇയാള്‍ക്കുള്ള ശമ്പളം ദേവസ്വമോ പഞ്ചായത്തോ നല്കുക. ഒരു മാറ്റമുണ്ടാവുകയില്ലേ

Tuesday, March 18, 2014

ഒരു ട്രെയിന്‍ യാത്രയുടെ ഓര്‍മ്മ

ട്രെയിനിലെ  ഒരു  ദിനം
2.45ന് തൃശ്ശൂര്‍ സ്റ്റേഷനില്‍ എത്തേണ്ട ഏറനാട് എക്സ്പ്രസ്സ് അന്ന് 3.15നാണെത്തിയത്. ട്രെയിന്‍ നീങ്ങാന്‍ തുടങ്ങിയപ്പോഴാണ് ഒരു സ്ത്രീ രണ്ട് പ്ലാസ്റ്റിക് കവറുകള്‍ നിറയെ സാധനങ്ങളും പുറമെ ഒരു ബാഗുമായി ബോഗിയിലേക്ക്ചാടിക്കയറിയത്. ഉടന്‍ ഒരു ചെറുപ്പക്കാരന്‍ പുറത്തേക്കിറങ്ങി ഒരു കുട്ടിയേയും സാഹസികമായി വണ്ടിക്കുള്ളിലാക്കി. അത് അവരുടെ മൂന്നു വയസ്സുള്ള മകളായിരുന്നു. യ്യോ ,അമ്മ എന്നവര്‍ പറയുകയും സംഭവിക്കാമായിരുന്ന അപകടമോര്‍ത്ത് ഒന്നു വല്ലാതാവുകയും ചെയ്തു. അവര്‍ക്ക് ഇരിക്കാന്‍ ഇടം കൊടുത്ത് ഒരു യാത്രക്കാരന്‍ കാര്യമാരാഞ്ഞു. അവരോടൊപ്പമുണ്ടായിരുന്ന ഭര്‍ത്താവിനും സുഖമില്ലാത്ത അമ്മയ്ക്കും വണ്ടിയില്‍ കയറാന്‍ കഴിഞ്ഞില്ല എന്നവര്‍ പറഞ്ഞു. ഇനി എന്തു ചെയ്യും, ഒന്നുകില്‍ അടുത്ത സ്റ്റോപ്പിലിറങ്ങാം അല്ലെങ്കില്‍ അവര്‍ അടുത്ത വണ്ടിയില്‍ വരട്ടെ എന്നു നിശ്ചയിക്കാം. ഏതായാലും വിളിച്ചു  നോക്കൂ എന്നയാള്‍ പറഞ്ഞു. അപ്പോഴാണ് അവര്‍ പറയുന്നത്, മൊബൈലും ടിക്കറ്റും എല്ലാം ഭര്‍ത്താവിന്‍റെ കൈയ്യിലാണ്. യാത്രക്കാരന്‍റെ മൊബൈല്‍ ഉപയോഗിച്ച് അവര്‍ ഭര്‍ത്താവിനെ വിളിച്ചു. എറണാകുളത്ത് ഇറങ്ങി ശതാബ്ദി വരുന്ന പ്ലാറ്റ്ഫോം ചോദിച്ച് അവിടെ നില്ക്കുക. ഞങ്ങള്‍ ശതാബ്ദിയില്‍ വരാം,അയാള്‍ പറഞ്ഞു. അവര്‍ക്ക് ആശ്വാസമായി. കുറച്ചു കഴിഞ്ഞപ്പോള്‍ മോള്‍ക്ക് ദാഹിക്കുന്നു എന്നു പറഞ്ഞു. :വെള്ളം അവരുടെ ബാഗിലാ മോളെ സ്റ്റേഷനെത്തട്ടെ എന്നായി അവര്‍. ഞാന്‍ വെള്ളം കൊടുത്തു. എറണാകുളം എത്തും മുന്‍പെ എന്‍റെ ഫോണില്‍ നിന്നും ഒരിക്കല്‍ കൂടി വിളിച്ച് അവര്‍ ശതാബ്ദിയില് കയറി എന്നുറപ്പാക്കി. എറണാകുളം ജംഗ്ഷനില്‍ ഇറങ്ങുകയും ചെയ്തു.

ഈ സംഭവത്തിന്‍റെ ചില മറുവശങ്ങള്‍ തുടര്‍ യാത്രയില്‍ ഞാന്‍ ചിന്തിക്കുകയായിരുന്നു. ഓടിത്തുടങ്ങിയ വണ്ടിയില്‍ കയറാന്‍ ശ്രമിക്കുമ്പോള്‍ കൈവിട്ടു പോയാലുണ്ടാകാവുന്ന അവസ്ഥ, അമ്മ കയറിയത് കണ്ട് കുട്ടി ഓടിക്കയറാന്‍ ശ്രമിച്ചാലുണ്ടാകാവുന്ന ദുരന്തം, അതല്ലെങ്കില്‍ ഇവര്‍ കയറിയ സ്ഥിതിക്ക് എന്തായാലും കയറണം എന്ന മട്ടില്‍ സുഖമില്ലാത്ത അമ്മയെ വണ്ടിയില്‍ കയറ്റാന്‍ ശ്രമിച്ചാലുണ്ടാകാവുന്ന പ്രശ്നങ്ങള്‍. ഇവിടെ ഈ പറഞ്ഞവര്‍ക്കെല്ലാം ഒരു ഭാഗ്യത്തിന്‍റെ അംശമുള്ളതിനാല് ചെറിയ ചില പ്രശ്നങ്ങളില്‍ ഒതുങ്ങി പ്രശ്നം അവസാനിച്ചു. അവര്‍ ശതാബ്ദിയില് കയറി സന്തോഷത്തോടെ കൊല്ലത്ത് ഇറങ്ങിയിട്ടുണ്ടാവും. ഇത് നമ്മെ ഓര്‍മ്മിപ്പിക്കുന്ന പാഠമിതാണ്. ഒരു വണ്ടി പോയാല്‍ മറ്റൊന്നു വരും. തിരക്കിട്ട് സമയത്തെ രക്ഷിക്കാന്‍ ശ്രമിച്ചാല് ജീവിതകാലം മുഴുക്കെയും സമയത്തെ ശപിച്ചുകൊണ്ട് ജീവിക്കേണ്ടി വരും.