Tuesday, March 25, 2014

Thodikkalam temple at kannur



തൊടീക്കളം ശിവക്ഷേത്രം.
കണ്ണൂരിലെ  കൂത്തുപറമ്പിന് സമീപമാണ് പുരാതനമായ തൊടീക്കളം ശിവക്ഷേത്രം. ആയിരം വര്‍ഷം പഴക്കമുണ്ടാകുമെന്ന് ക്ഷേത്രത്തിലെ ജീവനക്കാരന്‍ പറഞ്ഞു. വലിയ മാറ്റങ്ങളൊന്നുമില്ലാത്ത ക്ഷേത്രക്കുളവും ക്ഷേത്രവുമടങ്ങിയ  പറമ്പിലേക്ക് നമ്മളെ സ്വാഗതം ചെയ്യുന്ന ബോര്ഡില്‍ കേരള പുരാവസ്തു വകുപ്പ് സംരക്ഷിതം എന്നൊരു ബോര്‍ഡുണ്ട്. വളരെ പഴക്കമുള്ള ചുവര്‍ചിത്രങ്ങളാണ് ഇതിന്‍റെ ഭിത്തികളിലുള്ളത് എന്ന കണ്ടെത്തലോടെയാണ് ക്ഷേത്രത്തിലേക്ക് പുരാവസ്തു വകുപ്പിന്‍റെ ശ്രദ്ധ പതിഞ്ഞത്. അതിനെത്തുടര്‍ന്ന് അശ്രദ്ധമായി കിടന്ന,നശിച്ചുകൊണ്ടിരുന്ന ചുവര്‍ ചിത്രങ്ങള്‍ക്ക് ചില മിനുക്കുപണികളൊക്കെ നടത്തി. വികൃതികളായ കുട്ടികള്‍ നശിപ്പിച്ചതിന്‍റെ ബാക്കിയുണ്ടായിരുന്ന ഭാഗമാണ് സംരക്ഷണത്തിന് ശ്രമിച്ചത്. തുടര്‍ന്ന് സ്ഥിരമായ സംരക്ഷണത്തിന് ശ്രമമില്ലാത്തതിനാല്‍, മഴവെള്ളം വീഴാതിരിക്കാനായി പ്ലാസ്റ്റിക് ചാക്കുകൊണ്ട് ചായ്പ് ഉണ്ടാക്കിയിരിക്കയാണ്. മഴക്കാലത്ത് വെള്ളം കെട്ടി നിന്നിട്ട് അതിന്‍റെ ഈര്‍പ്പം കൊണ്ട് പായലും പിടിച്ചു തുടങ്ങിയിരിക്കുന്നു. പൈതൃക ടൂറിസം പദ്ധതി വഴി 40 ലക്ഷം രൂപ കിട്ടാനുള്ള സാദ്ധ്യത മുന്‍ സര്‍ക്കാരിന്‍റെ കാലത്തുണ്ടായിരുന്നെങ്കിലും പാര്‍ട്ടിക്കാര്‍  താത്പ്പര്യം കാട്ടിയില്ലെന്ന് ജീവനക്കാര്‍ പറയുന്നു. ചുറ്റുവട്ടത്തുള്ളവരെല്ലാം പാര്‍ട്ടിക്കാരാണെന്നും അവര്‍ക്ക് ക്ഷേത്രവിശ്വാസം കുറവാണെന്നും അവര്‍ തുടര്‍ന്ന് പറഞ്ഞു. ക്ഷേത്രക്കുളം നന്നാക്കാന്‍ പരിസ്ഥിതി സംരക്ഷണത്തിന്‍റെ പേരില്‍ 10 ലക്ഷം കിട്ടാനുള്ള ഒരു സാദ്ധ്യതയും പറഞ്ഞു കേട്ടിരുന്നു, പക്ഷെ പഞ്ചായത്ത് താത്പ്പര്യമെടുത്തില്ല എന്നാണ് കേള്‍ക്കുന്നത്.
ജനാധിപത്യത്തിന്‍റെ എല്ലാ നന്മകളും ഉള്‍ക്കൊണ്ടുകൊണ്ടു തന്നെ നമ്മള്‍ ഇതിനെ പരിശോധിക്കേണ്ടിയിരിക്കുന്നു, ഇവിടെ എന്താണ് വേണ്ടത്?

 എനിക്ക് തോന്നുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന് ക്ഷേത്രത്തോടും പരിസ്ഥിതിയോടും പുരാവസ്തു സംരക്ഷണത്തോടും താത്പ്പര്യമുള്ള ഒരു സമിതി പ്രാദേശികമായി ഉണ്ടാവണം. അവര്‍ വിദഗ്ധര്‍ക്കൊപ്പമിരുന്ന് ഒരു പദ്ധതി തയ്യാറാക്കണം, സര്‍ക്കാര്‍ സഹായത്തോടെ അത് നടപ്പിലാക്കണം. രണ്ട്- പുരാവസ്തു വകുപ്പിന് ഒരാളെ സ്ഥിരമായി അവിടെ നിയമിക്കാന് കഴിയില്ല എന്നതുകൊണ്ടുതന്നെ പ്രാദേശികമായി ഈ വിഷയത്തില്‍ താത്പ്പര്യമുള്ള ഒരാളെ കണ്ടെത്തി പരിശീലനം നല്കി സംരക്ഷണ ചുമതല നല്കുക. ഇയാള്‍ക്കുള്ള ശമ്പളം ദേവസ്വമോ പഞ്ചായത്തോ നല്കുക. ഒരു മാറ്റമുണ്ടാവുകയില്ലേ

No comments: