Tuesday, March 18, 2014

ഒരു ട്രെയിന്‍ യാത്രയുടെ ഓര്‍മ്മ

ട്രെയിനിലെ  ഒരു  ദിനം
2.45ന് തൃശ്ശൂര്‍ സ്റ്റേഷനില്‍ എത്തേണ്ട ഏറനാട് എക്സ്പ്രസ്സ് അന്ന് 3.15നാണെത്തിയത്. ട്രെയിന്‍ നീങ്ങാന്‍ തുടങ്ങിയപ്പോഴാണ് ഒരു സ്ത്രീ രണ്ട് പ്ലാസ്റ്റിക് കവറുകള്‍ നിറയെ സാധനങ്ങളും പുറമെ ഒരു ബാഗുമായി ബോഗിയിലേക്ക്ചാടിക്കയറിയത്. ഉടന്‍ ഒരു ചെറുപ്പക്കാരന്‍ പുറത്തേക്കിറങ്ങി ഒരു കുട്ടിയേയും സാഹസികമായി വണ്ടിക്കുള്ളിലാക്കി. അത് അവരുടെ മൂന്നു വയസ്സുള്ള മകളായിരുന്നു. യ്യോ ,അമ്മ എന്നവര്‍ പറയുകയും സംഭവിക്കാമായിരുന്ന അപകടമോര്‍ത്ത് ഒന്നു വല്ലാതാവുകയും ചെയ്തു. അവര്‍ക്ക് ഇരിക്കാന്‍ ഇടം കൊടുത്ത് ഒരു യാത്രക്കാരന്‍ കാര്യമാരാഞ്ഞു. അവരോടൊപ്പമുണ്ടായിരുന്ന ഭര്‍ത്താവിനും സുഖമില്ലാത്ത അമ്മയ്ക്കും വണ്ടിയില്‍ കയറാന്‍ കഴിഞ്ഞില്ല എന്നവര്‍ പറഞ്ഞു. ഇനി എന്തു ചെയ്യും, ഒന്നുകില്‍ അടുത്ത സ്റ്റോപ്പിലിറങ്ങാം അല്ലെങ്കില്‍ അവര്‍ അടുത്ത വണ്ടിയില്‍ വരട്ടെ എന്നു നിശ്ചയിക്കാം. ഏതായാലും വിളിച്ചു  നോക്കൂ എന്നയാള്‍ പറഞ്ഞു. അപ്പോഴാണ് അവര്‍ പറയുന്നത്, മൊബൈലും ടിക്കറ്റും എല്ലാം ഭര്‍ത്താവിന്‍റെ കൈയ്യിലാണ്. യാത്രക്കാരന്‍റെ മൊബൈല്‍ ഉപയോഗിച്ച് അവര്‍ ഭര്‍ത്താവിനെ വിളിച്ചു. എറണാകുളത്ത് ഇറങ്ങി ശതാബ്ദി വരുന്ന പ്ലാറ്റ്ഫോം ചോദിച്ച് അവിടെ നില്ക്കുക. ഞങ്ങള്‍ ശതാബ്ദിയില്‍ വരാം,അയാള്‍ പറഞ്ഞു. അവര്‍ക്ക് ആശ്വാസമായി. കുറച്ചു കഴിഞ്ഞപ്പോള്‍ മോള്‍ക്ക് ദാഹിക്കുന്നു എന്നു പറഞ്ഞു. :വെള്ളം അവരുടെ ബാഗിലാ മോളെ സ്റ്റേഷനെത്തട്ടെ എന്നായി അവര്‍. ഞാന്‍ വെള്ളം കൊടുത്തു. എറണാകുളം എത്തും മുന്‍പെ എന്‍റെ ഫോണില്‍ നിന്നും ഒരിക്കല്‍ കൂടി വിളിച്ച് അവര്‍ ശതാബ്ദിയില് കയറി എന്നുറപ്പാക്കി. എറണാകുളം ജംഗ്ഷനില്‍ ഇറങ്ങുകയും ചെയ്തു.

ഈ സംഭവത്തിന്‍റെ ചില മറുവശങ്ങള്‍ തുടര്‍ യാത്രയില്‍ ഞാന്‍ ചിന്തിക്കുകയായിരുന്നു. ഓടിത്തുടങ്ങിയ വണ്ടിയില്‍ കയറാന്‍ ശ്രമിക്കുമ്പോള്‍ കൈവിട്ടു പോയാലുണ്ടാകാവുന്ന അവസ്ഥ, അമ്മ കയറിയത് കണ്ട് കുട്ടി ഓടിക്കയറാന്‍ ശ്രമിച്ചാലുണ്ടാകാവുന്ന ദുരന്തം, അതല്ലെങ്കില്‍ ഇവര്‍ കയറിയ സ്ഥിതിക്ക് എന്തായാലും കയറണം എന്ന മട്ടില്‍ സുഖമില്ലാത്ത അമ്മയെ വണ്ടിയില്‍ കയറ്റാന്‍ ശ്രമിച്ചാലുണ്ടാകാവുന്ന പ്രശ്നങ്ങള്‍. ഇവിടെ ഈ പറഞ്ഞവര്‍ക്കെല്ലാം ഒരു ഭാഗ്യത്തിന്‍റെ അംശമുള്ളതിനാല് ചെറിയ ചില പ്രശ്നങ്ങളില്‍ ഒതുങ്ങി പ്രശ്നം അവസാനിച്ചു. അവര്‍ ശതാബ്ദിയില് കയറി സന്തോഷത്തോടെ കൊല്ലത്ത് ഇറങ്ങിയിട്ടുണ്ടാവും. ഇത് നമ്മെ ഓര്‍മ്മിപ്പിക്കുന്ന പാഠമിതാണ്. ഒരു വണ്ടി പോയാല്‍ മറ്റൊന്നു വരും. തിരക്കിട്ട് സമയത്തെ രക്ഷിക്കാന്‍ ശ്രമിച്ചാല് ജീവിതകാലം മുഴുക്കെയും സമയത്തെ ശപിച്ചുകൊണ്ട് ജീവിക്കേണ്ടി വരും. 

1 comment:

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

കുട്ടികളെ കാര്യം പറഞ്ഞു മനസിലാക്കേണ്ട അമ്മയാണ്.. കഷ്ടം തന്നെ.. വിവരമില്ലാത്ത ... ഇത്രയെങ്കിലും പറഞ്ഞാലേ സമാധാനം കിട്ടു